ഒരുദിവസം റോസമ്മയെ കാണാതായി. എവിടെപ്പോയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. പൗലോസും അപ്പനും അവളുടെ പിഴകിലെ വീട്ടിലും അന്വേഷിച്ചു. അവിടെയും ചെന്നിട്ടില്ല. പിന്നെപ്പിന്നെ നാട്ടിലൂടെ അടക്കിപ്പിടിച്ച ഒരു വര്‍ത്തമാനം ഒരു ചെറുകാറ്റുപോലെ പടര്‍ന്നേറി.
റോസമ്മ ആരുടെയോകൂടെ ഒളിച്ചോടി.
''അവള് ആരാണ്ടടെകൂടെ ഒളിച്ചോടിപ്പോയി കുഞ്ഞച്ചാ...''
പൗലോസിന്റെ അപ്പനാണ് അതു പറഞ്ഞത്. കുഞ്ഞച്ചന്‍ നോക്കുമ്പോള്‍ പൗലോസിന്റെ കണ്ണുകള്‍ വിദൂരതയിലെവിടെയോ ആയിരുന്നു. അത് അപമാനവും സങ്കടവും പേറുന്നതുപോലെ കുഞ്ഞച്ചനു തോന്നി. കുഞ്ഞച്ചന്‍ പറഞ്ഞു:
''ആരു പറഞ്ഞു ഇതൊക്കെ. റോസമ്മ വാണിയപ്പുരയ്ക്കലെ വീട്ടിലുണ്ട്.''
അവിശ്വാസം മുറ്റിയ കണ്ണുകളോടെ പൗലോസ് കുഞ്ഞച്ചനെ നോക്കി. ഒരു നനഞ്ഞ കാറ്റ് പൗലോസിലൂടെ വീശിക്കടന്നുപോയി. ദൂരെയെവിടെയോ ഒരു മരുപ്പച്ച അവന്‍ കണ്ടു. ഇലഞ്ഞികള്‍ പൂത്തുനില്‍ക്കുന്ന ഒരു തുരുത്ത്. അവന്റെ മനസ്സിന്റെ ഭാരം ഒന്നയഞ്ഞു കിട്ടി.
''പൗലോസേ, നീ ഒന്നു കുളിച്ചിട്ട് ഉള്ളതില്‍ നല്ലതെടുത്തുടുക്ക്. നമുക്ക് വാണിയപ്പുരയ്ക്കലോളം പോകണം.'' കുഞ്ഞച്ചന്‍ പറഞ്ഞു.
പൗലോസ് കുളിച്ചുവന്നു. ഉള്ളതില്‍ നല്ലതെടുത്തുടുത്തു. കുഞ്ഞച്ചനോടൊപ്പം ഇറങ്ങി. വാണിയപ്പുരയ്ക്കലെ ഒറ്റമുറിവീട്ടിലെത്തുവോളം ആരും ഒന്നും സംസാരിച്ചില്ല. പൗലോസിനോട് എന്തൊക്കെയോ സംസാരിക്കണമെന്നു കുഞ്ഞച്ചനുണ്ടായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒന്നും കേള്‍ക്കാനും ഗ്രഹിക്കാനുമുള്ള മനസ്സ് പൗലോസിനുണ്ടാവില്ല എന്ന് കുഞ്ഞച്ചനറിയാമായിരുന്നു.
വാണിയപ്പുരയ്ക്കലെ ഒറ്റമുറിവീട് തുറന്ന് പൗലോസിനെയുംകൊണ്ട് കുഞ്ഞച്ചന്‍ അകത്തുകയറി. മുറിയുടെ മൂലയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു റോസമ്മ. അവള്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു.
വാതില്‍ തുറന്ന് അകത്തു വരുന്നതു കുഞ്ഞച്ചനായിരിക്കുമെന്ന് അവള്‍ ഉറപ്പിച്ചിരുന്നു. പക്ഷേ, കുഞ്ഞച്ചനോടൊപ്പം തന്റെ കെട്ടിയോനുമുണ്ടാകുമെന്ന് അവള്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. അവള്‍ ചെറുതായൊന്നു നടുങ്ങി.
പൗലോസിന്റെ കണ്ണുകളുടെ ആഴങ്ങളിലെ വ്യസനം അവള്‍ അറിഞ്ഞു. അവള്‍ അവനും കുഞ്ഞച്ചനും നേരേ മുഖം കുനിച്ചു.
''നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ വിവാഹം കഴിച്ചവരാണ്. മരണംവരെ സൗഖ്യത്തിലും സങ്കടങ്ങളിലും ഒരുമിച്ചു ജീവിക്കേണ്ടവര്‍. മരണശേഷം സ്വര്‍ഗ്ഗത്തിലും. അതുകൊണ്ട് ഇനിയുള്ള കാലം എല്ലാം മറന്നും പൊറുത്തും ഒരുമിച്ചു ജീവിക്കാമെന്നു തോന്നുംവരെ ഇവിടെ താമസിക്ക്.'' കുഞ്ഞച്ചന്‍ അവരോടു പറഞ്ഞു.
പിന്നെ പുറത്തിറങ്ങി വാതില്‍ പൂട്ടി. കുഞ്ഞച്ചനും കൂട്ടരും തിരിച്ചുനടന്നു. നടക്കുമ്പോള്‍ കുഞ്ഞച്ചന്‍ ഉപദേശിയോടു പറഞ്ഞു:
''ഇവര്‍ക്കുള്ള ഭക്ഷണം നേരാനേരങ്ങളില്‍ എത്തിച്ചുകൊടുക്കണം.''
''കൊടുക്കാം കുഞ്ഞച്ചാ. എന്തുവേണേലും കൊടുക്കാം. പക്ഷേ, ഇവിടെ ഇങ്ങനെ അടച്ചിട്ടിരുന്നാല്‍ എന്താകും?''
''രണ്ടുമൂന്നു ദിവസം അതിനകത്തു കഴിയട്ടെ. ഉപദേശി നോക്കിക്കോ എല്ലാം ശരിയാകും...'' കുഞ്ഞച്ചന്‍ പറഞ്ഞു.
ഉപദേശിയപ്പോള്‍ റോസമ്മയെക്കുറിച്ചാണു ചിന്തിച്ചത്. ഒരുമ്പെട്ടവള്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയവള്‍. പരപുരുഷന്മാരുടെകൂടെ കഴിഞ്ഞവള്‍.
മാദകത്വവും സൗന്ദര്യവമുള്ള അവളുടെ ശരീരത്തിനകത്ത് ചീഞ്ഞഴുകിയ, നാറ്റം വമിക്കുന്ന ഒരു മനസ്സാണെന്ന് ഉപദേശി കണ്ടു. കുഞ്ഞച്ചന്‍ പറഞ്ഞതുപോലെ എല്ലാം ശരിയാകുമെന്ന് ഉപദേശിക്കു വിശ്വസിക്കാനായില്ല. എല്ലാം മറന്ന്, മനസ്താപംകൊണ്ട് തന്റെ തെറ്റുകള്‍ കഴുകിക്കളഞ്ഞ് റോസമ്മ ഇനിയൊരു കുടുംബജീവിതത്തിലേക്കു മടങ്ങിവരുമോ? പൗലോസിനെ ഉള്ളുതുറന്നു സ്‌നേഹിക്കാനാകുമോ റോസമ്മയ്ക്ക്?
റോസമ്മ മരയഴികളിട്ട ജാലകത്തിലൂടെ പുറത്തെ മാവിന്‍കൂട്ടങ്ങള്‍ക്കിടയിലെ ആകാശം നോക്കിനിന്നു. അവള്‍ പൗലോസിനോടു ശബ്ദിച്ചില്ല. അതിനവള്‍ക്ക് ആകുമായിരുന്നില്ല. ഒരു കാരാഗൃഹത്തിന്റെ കനത്ത ചുവരുകള്‍ക്കിടയില്‍പ്പെട്ടുപോയ ഒരുവളുടെ മനസ്സായിരുന്നു അവള്‍ക്കപ്പോള്‍.
നിരാശാഭരിതവും വികലവുമായ ഒരു മനസ്സ്.
പുറത്ത് വെയില്‍ കത്തുന്നു. അവളുടെ ഹൃദയവും അങ്ങനെതന്നെ. തൊട്ടടുത്ത് തന്റെ കഴുത്തില്‍ മിന്നുകെട്ടിയ മനുഷ്യന്‍ നില്പുണ്ട്. പക്ഷേ, അയാളുടെ കണ്ണുകളിലേക്ക് ഒന്നു നോക്കുവാന്‍പോലുമുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ക്കു തല ചുറ്റുന്നതുപോലെയും മനംപിരട്ടുന്നതുപോലെയും തോന്നി. തൊണ്ട വരളുന്നു.
അവള്‍ വെട്ടുകല്‍ച്ചുവരും ചാരി നിലത്തു കുന്തിച്ചിരുന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുമുമ്പ് താന്‍ എന്താണു ചെയ്തതെന്ന് റോസമ്മ ചിന്തിച്ചു. താന്‍ സുഖവും സന്തോഷവും തേടിപ്പോയതാണ്. ഉള്ളില്‍ ആഗ്രഹങ്ങളുടെ ഒരു അഗ്നിപര്‍വ്വതം തിളച്ചുമറിയുന്നുണ്ടായിരുന്നു. നല്ല ഭക്ഷണം... നല്ല വസ്ത്രം... ശരീരത്തിന്റെ അടക്കാനാവാത്ത അഭിലാഷങ്ങള്‍...
ഒരു ചെറുപ്പക്കാരന്‍. സവര്‍ണകുലജാതന്‍. അതൊക്കെ ഒരു പ്രലോഭനമായി കൈക്കുടന്നയില്‍ വച്ചുനീട്ടിയപ്പോള്‍ താന്‍ വീണുപോയി. താന്‍ ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു. പുതിയ മോഹങ്ങള്‍ പൂക്കുകയായിരുന്നു.
പക്ഷേ, സംഭവിച്ചതു മറ്റൊന്നാണ്. അവനോടൊപ്പം ആരുമറിയാതെ പുറപ്പെടുമ്പോള്‍ മനസ്സിന്റെ വിദൂരതയില്‍ ഒരു നക്ഷത്രം പൂത്തുനില്പുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതുപോലെ മദനഭരിതമായ ഒരു ജീവിതം. അല്ലലും അലച്ചിലുമില്ലാത്ത ഒരു കാലം...
അതൊക്കെ വെറും മോഹങ്ങള്‍ മാത്രമായിരുന്നു. കാലം കരുതിവച്ചതുപോലെ പൊട്ടിക്കാനാവാത്ത ഒരു ചിലന്തിവലയ്ക്കുള്ളിലാണ് താന്‍ ചെന്നുപെട്ടത്.
ഏറ്റുമാനൂരെ രഹസ്യസ്ഥലത്തെത്തിയപ്പോള്‍ അവനോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു. അവന്റെ സഹായികളെന്ന് ആദ്യം കരുതി. പക്ഷേ, അവര്‍ക്കും വേണ്ടിയിരുന്നത് തന്റെ ശരീരമായിരുന്നു. അതും അവന്റെ സമ്മതപ്രകാരം.
അതറിഞ്ഞപ്പോഴാണ് റോസമ്മയുടെ മനസ്സ് ഛിന്നഭിന്നമായിപ്പോയത്. എങ്കിലും വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
തന്റെ ശരീരത്തിലെ അവയവങ്ങള്‍ ഛേദിക്കപ്പെടുന്നതുപോലെ അവള്‍ക്കു തോന്നി. അട്ടയും വിഷപ്പാമ്പുകളും ശരീരത്തിലൂടെ ഇഴഞ്ഞുനടക്കുന്നു. വരിഞ്ഞുമുറുക്കുന്നു. ഇനി തന്റെ മുന്‍പില്‍ മരണം മാത്രമാണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. അവള്‍ അങ്ങനെതന്നെ തീരുമാനിച്ചുറച്ചു.
രാത്രി. അതു തന്റെ അവസാനത്തേതാണെന്ന് അവള്‍ നിശ്ചയിച്ചു. കനത്ത, പതഞ്ഞുപൊന്തുന്ന ഇരുട്ടിന്റെ പാളികളില്‍ കാലം തന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നു. മരച്ചില്ലകളില്‍ ആകാശം കണ്ണീര്‍ വീഴ്ത്തുന്നു.
ഉടുത്തു മുഷിഞ്ഞ മുണ്ട് ചുരുട്ടി കുടുക്കിട്ട് ആരും കാണാതെ ഒളിപ്പിച്ചുവച്ചു. മുകളിലെ ഉത്തരത്തില്‍ അവള്‍ മരണത്തിന്റെ സ്ഥാനം കണ്ടു.
പക്ഷേ, അപ്പോഴാണ് നിനച്ചിരിക്കാതെ മരണത്തെയും ഇരുട്ടിനെയും നെടുകെപ്പിളര്‍ന്ന് കുഞ്ഞച്ചനും കൂട്ടരും അവളിലേക്കു വന്നത്, ദൈവദൂതന്മാരെപ്പോലെ...
അതൊരു സന്ദിഗ്ധഘട്ടം തന്നെയായിരുന്നു.
തന്റെ ഇത്രയും കാലത്തെ വൈദികജീവിതത്തിനിടയില്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്തവണ്ണം വിഷമം പിടിച്ച ഒന്ന്. എങ്ങനെ ഈ പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും കുഞ്ഞച്ചനു നിശ്ചയം കിട്ടിയില്ല.
ഇത് ദളിത്‌ക്രൈസ്തവരുടെ അഭിമാനപ്രശ്‌നമാണ്. അവരുടെ ആത്മാഭിമാനത്തിനു മുറിവേറ്റുകൂടാ. അതവരെ നിരാശരാക്കും. അവരുടെ വിശ്വാസങ്ങളെ തളര്‍ത്തിക്കളയും.
ജനിച്ചുവീണ മതവും രൂഢമൂലമായ അന്ധവിശ്വാസങ്ങളും ഒരു ഭാണ്ഡത്തില്‍ മുറുക്കി ഗതകാലത്തിന്റെ പിമ്പാമ്പുറങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞ്, പരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രൈസ്തവരായിത്തീര്‍ന്നവരാണവര്‍. ഇനിയും ദുരാചാരങ്ങളുടെ ഇരകളായിത്തീരുക എന്നുവച്ചാല്‍ അവര്‍ക്കത് സഹിക്കാവുന്നതിലപ്പുറമായിരിക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍ വന്നിടത്തേക്കുതന്നെ മടങ്ങിപ്പോകാനും അവര്‍ മടിച്ചേക്കില്ല. അങ്ങനെ സംഭവിച്ചുകൂടാ.
ആലോചനയില്ലാതെ, വിവേകപൂര്‍വ്വമല്ലാതെ എന്തെങ്കിലും ചെയ്തുകൂട്ടിയാല്‍ അതൊരു ജാതിപ്പോരായി പരിണമിക്കാനും മതി. ഒരു മതസ്പര്‍ദ്ധയുടെ തീപ്പൊരി വീണുകിട്ടാന്‍ കാത്തിരിക്കുന്ന സവര്‍ണ്ണഹിന്ദുക്കളുണ്ട് രാമപുരത്ത്. അവരത് ഊതിപ്പെരുപ്പിക്കും. ഈ നാട്ടില്‍ വര്‍ഗ്ഗീയതയുടെ തീപ്പൊരി ചിതറും.
അതുകൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കണം. കുഞ്ഞച്ചന്‍ ആലോചനയിലാണ്ടു.
രാമപുരത്തുനിന്ന് രണ്ടുമൂന്നു കിലോമീറ്റര്‍ അകലെ ഒരു ദളിത്‌ക്രൈസ്തവന്‍ മരണപ്പെട്ടിരിക്കുന്നു. അയാളുടെ മൃതശരീരം പള്ളിയിലേക്ക് എടുക്കുക നമ്പൂരിമാരുടെ പുരയിടത്തിലൂടെയാണ്. അത് നമ്പൂരിമാര്‍ക്കു സമ്മതമല്ല. ഒരു പുലയന്റെ ശവം അവരുടെ പുരയിടം തീണ്ടിക്കൂടാ. അശുദ്ധമാകും. എന്തു വന്നാലും ശവം തടയുകതന്നെ. അവര്‍ തീരുമാനിച്ചു.
മറ്റൊരു മാര്‍ഗ്ഗവും ദളിത്‌സഹോദരന്മാരുടെ മുന്‍പിലുണ്ടായിരുന്നില്ല. അവര്‍ കുഞ്ഞച്ചനെ ശരണം പ്രാപിച്ചു. എല്ലാറ്റിനും കുഞ്ഞച്ചനാണ് അവരുടെ അവസാനത്തെ ആശ്രയം. അവരുടെ വഴികാട്ടി. മറ്റൊരു സങ്കേതവും അവര്‍ക്കെവിടെയുമില്ല.
ഹീനജാതിയില്‍ ജനിച്ചുപോയതാണ് ഇവരുടെ തെറ്റ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ വേലികെട്ടി വേര്‍തിരിക്കുന്ന ഒരു സമൂഹം ഈ ലോകത്തില്‍ എവിടെയാണുള്ളത്? അവര്‍ണസമുദായം ഇങ്ങനെ നിരന്തരം നിന്ദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്...?
സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്കിയ, ശൈശവവിവാഹവും സതിയും നിരോധിച്ച ഒരു രാജ്യമാണ് നമ്മുടേത്. ഓരോ അനാചാരങ്ങളും ഉച്ചാടനം ചെയ്യപ്പെടുന്ന ഇക്കാലത്ത് ദേവഭാഷയും ബ്രഹ്മജ്ഞാനവും കൈമുതലായുള്ള ശ്രേഷ്ഠവര്‍ഗ്ഗം ഇപ്പോഴും അന്ധകാരത്തില്‍ത്തന്നെ. തീണ്ടലും തൊടീലുമൊന്നും അവരെ വിട്ടൊഴിയുന്നില്ല. അല്ലെങ്കില്‍ അതുപേക്ഷിക്കാന്‍ അവരുടെ ശുഷ്‌കമനസ്സുകള്‍ തയ്യാറാകുന്നില്ല. എന്നിട്ടും അവരാണത്രേ ഭാരതസംസ്‌കാരത്തിന്റെ കാവലാളുകള്‍.
അതൊക്കെ ഓര്‍മ്മിച്ചപ്പോള്‍ കുഞ്ഞച്ചനു ചിരിപൊട്ടി. ഇവരുടെ ദുരാചാരത്തിന്റെയും ദുരഭിമാനത്തിന്റെയും മണ്ടയ്ക്കിട്ട് ഒരടികൊടുക്കുകതന്നെ. കുഞ്ഞച്ചന്‍ പറഞ്ഞു:
''നിങ്ങള്‍ മൃതശരീരം ധൈര്യപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോരൂ. നമ്പൂരിമാര്‍ തടഞ്ഞാല്‍ ശവം അവിടെ വച്ചിട്ട് നിങ്ങള്‍ ഓടി രക്ഷപ്പെടുക. അവര്‍തന്നെ അത് ഇവിടെ കൊണ്ടുവന്നുകൊള്ളും.''
കുഞ്ഞച്ചനെ കേട്ടപ്പോള്‍ അവരുടെയുള്ളിലൂടെ ഒരു ഇടിമിന്നല്‍ കടന്നുപോയി. അവര്‍ ആശങ്കകളോടെ കുഞ്ഞച്ചനെ നോക്കി.
''പേടിക്കണ്ട. നമ്പൂരിമാര്‍ മാത്രമല്ല മനുഷ്യര്‍. നമ്മളും മനുഷ്യരാണ്. ചോരയും നീരുമുള്ള മനുഷ്യര്‍. ചിന്താശക്തിയുള്ളവര്‍. അവര്‍ അജ്ഞതയെ ധരിക്കുമ്പോള്‍ നമ്മള്‍ ജ്ഞാനത്തെ ധരിക്കുന്നു. കര്‍ത്താവ് നമ്മോടൊപ്പമാണ്. നിങ്ങള്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്യുക.''
അവര്‍ മടങ്ങി. ഒരു ധൈര്യം. വിശ്വാസത്തിന്റെ ഒരു ഉള്‍ക്കരുത്ത് അവര്‍ ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്തു. വരുന്നതു വരുന്നിടത്തു വച്ചു കാണുക തന്നെ. പേടിച്ചാല്‍ തങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ മാത്രം കുണ്ടും കുഴിയും എവിടെ?