വൈകുന്നേരം
ദേവാലയം.
അള്‍ത്താരയില്‍ ദീപങ്ങള്‍ മിഴി തുറന്നു. പൂവുകള്‍ പരസ്പരം തലയാട്ടിച്ചിരിച്ചു. അവിടെ അള്‍ത്താരയ്ക്ക് അഭിമുഖമായി ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. ബലിവേദിയില്‍ തിരുവസ്ത്രങ്ങളണിഞ്ഞ കാര്‍മികന്‍ എത്തി.
''ജോസഫ്, ഈ നില്ക്കുന്ന മേരിയെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്കു സമ്മതമാണോ?''
''സമ്മതം.'' ചെറുപ്പക്കാരന്റെ ഉറച്ച മറുപടി. അവന്‍ ഒളികണ്ണിട്ട് തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ നോക്കി. അവ
ളുടെ മുഖത്ത് നാണവും സന്തോഷവും അവന്‍ കണ്ടു. അതേ നിമിഷം വൈദികന്‍ അവളോടു ചോദിച്ചു:
''മേരീ, ഈ നില്ക്കുന്ന ജോസഫിനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ?''
''സമ്മതം.'' അവളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നത് അവന്‍ കണ്ടു. അവന്റെ ഉള്ളില്‍ സന്തോഷം... അഭിമാനം.
ഇതാ നിനക്കൊരു ഇണയുണ്ടാകാന്‍ പോകുന്നു. ഇണയായും തുണയായും ഒരുവള്‍...
മറ്റൊരു ദേവാലയം, മറ്റൊരു വൈദികന്‍.. പക്ഷേ, അള്‍ത്താരയ്ക്കു മുമ്പില്‍ നില്ക്കുന്ന ചെറുപ്പക്കാര്‍ അവര്‍തന്നെ. എന്നാല്‍, വിവാഹവേഷത്തിലാണെന്നു മാത്രം. ഗായകസംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈരടികള്‍ അന്തരീക്ഷത്തില്‍...
ഇന്നുമുതല്‍ മരണംവരെ... വൈദികന്‍ നീട്ടിക്കൊടുത്ത ബൈബിളില്‍ കൈകള്‍ വച്ച് നവവധൂവരന്മാര്‍ ഏറ്റുചൊല്ലുന്നു.. ആരോഗ്യത്തിലും അനാരോഗ്യത്തിലും.. സമ്പത്തിലും ദാരിദ്ര്യത്തിലും..
വധുവരന്മാരുടെ ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു. സംഗീതോപകരണങ്ങള്‍ അതിവേഗം ചലിച്ചു തുടങ്ങി. ദേവാലയത്തിന്റെ മേല്‍ക്കൂരയിലിരുന്ന് പ്രാവുകള്‍ കുറുകി. എന്റെ പ്രിയേ നീ തീര്‍സാനഗരംപോലെ മനോഹരിയാണ്. ജറുസലേംപോലെ സുന്ദരിയും. വരന്‍ വധുവിനെ നോക്കി ഹൃദയത്തില്‍ മന്ത്രിച്ചു. അനന്തരം, അവര്‍ കൈകള്‍ കോര്‍ത്ത് ദേവാലയകവാടത്തിലേക്കു നടന്നു. വധൂവരന്മാര്‍ സനലും സ്മിതയുമായിരുന്നു...
സനല്‍ ആ കാഴ്ചയുടെ നിര്‍വൃതിയിലായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ... അടുത്തനിമിഷം സനലിന്റെ കാഴ്ചയില്‍ മറ്റൊരു ദൃശ്യം തെളിഞ്ഞുവന്നു. കുറച്ചു മുമ്പു കണ്ട ആ നവവധു ഇപ്പോള്‍ ശവപ്പെട്ടിക്കുള്ളിലാണ്. വാടാത്ത പൂക്കള്‍ക്കിടയില്‍ വാടിയ പൂവുപോലെ..
സ്മിതാ... സനലിന്റെ ഹൃദയം തേങ്ങി. അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു.
''സനല്‍,'' ഏതോ ഓര്‍മകളില്‍ നഷ്ടപ്പെട്ടുനില്ക്കുകയായിരുന്ന സനലിനെ നോക്കി അലോഷ്യസ് വിളിച്ചു.
രണ്ടാമത്തെ വിളിയിലാണ് സനല്‍ ഉണര്‍ന്നത്. ചീറിപ്പാഞ്ഞുപോകുന്ന വണ്ടികള്‍. കൈയില്‍ തണുത്തുതുടങ്ങിയ ചായ. മുമ്പില്‍ അലോഷ്യസ്.. അവിടെയും ഇവിടെയുമായി ചില അപരിചിതര്‍.
സനല്‍ സ്ഥലകാലബോധത്തിലേക്കു തിരികെവന്നു.
''ഞാന്‍ പറഞ്ഞത് തനിക്കു മനസ്സിലായോ?'' അലോഷ്യസ് വീണ്ടും ചോദിച്ചു.
''തനിക്കൊരു ജീവിതം വേണം. തന്റെ മക്കള്‍ക്കൊരു അമ്മ വേണം. തന്റെ കുടുംബത്തിനൊരു നാഥ വേണം. അതിനു താന്‍ ഒരു രണ്ടാം വിവാഹം ചെയ്‌തേ തീരൂ. സ്ത്രീകള്‍ വിധവകളാകുമ്പോള്‍ രണ്ടാമത് വിവാഹം കഴിക്കുന്നവര്‍ വളരെ കുറവായിരിക്കും. കാരണം, ഏകാന്തതയെ മറികടക്കാന്‍ പുരുഷനെക്കാള്‍ ഏറെ സാമര്‍ത്ഥ്യമുണ്ട് അവര്‍ക്ക്. താന്‍ ആലോചിച്ചുനോക്കിക്കേ, ആദം എന്ന പുരുഷന്റെ ഏകാന്തതയ്ക്ക് ദൈവം കണ്ടെത്തിയ പോംവഴിയും പരിഹാരവുമായിരുന്നു ഹവ്വ എന്ന സ്ത്രീ. ഹവ്വയ്ക്കു വേണ്ടിയല്ല ദൈവം പുരുഷനെ സൃഷ്ടിച്ചത,് ആദത്തിനുവേണ്ടി ഹവ്വയെ സൃഷ്ടിക്കുകയായിരുന്നു. അതിന്റെ അര്‍ത്ഥം പുരുഷനും സ്ത്രീയും ഏകാന്തത നേരിടുന്നതും അതിജീവിക്കുന്നതും വ്യത്യസ്തമായ രീതിയിലാണെന്നാണ്. പുരുഷന്മാര്‍ രണ്ടാമത് വിവാഹം ചെയ്യുന്നത് ആദ്യഭാര്യയെ സ്‌നേഹമില്ലാഞ്ഞിട്ടോ അവരെ മറന്നുകളയാമെന്നു തീരുമാനിക്കുന്നതുകൊണ്ടോ അല്ല. പുരുഷന് ഒറ്റയ്ക്കു കുടുംബം നയിക്കുക, മക്കളെ വളര്‍ത്തുക ഇതെല്ലാം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഭര്‍ത്താവ് മരിച്ച എത്രയോ സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതിനെ ക്രിയാത്മകമായി നേരിട്ടുകൊണ്ട് സന്തോഷപൂര്‍വം ജീവിക്കുന്നുണ്ട്. പക്ഷേ, താരതമ്യേന അത്തരം പുരുഷന്മാരുടെ എണ്ണം കുറവല്ലേ? എന്താണു കാരണം? പുരുഷന്‍ കായികമായി കരുത്തനാണെങ്കിലും വൈകാരികമായി ദുര്‍ബലനാണ്. അവനൊരു തുണ വേണം, പിന്തുണ വേണം... ഏതോ സിനിമയില്‍ നായകന്‍ പറയുന്നതുപോലെ, വീട്ടില്‍ താമസിച്ചു വച്ചുവിളമ്പാനും മക്കളെ പെറ്റുപോറ്റാനും രാത്രിയില്‍ സ്നേഹകാമങ്ങള്‍ക്കു കീഴ്‌പ്പെടാനും ഇത്തിരി കള്ളടിച്ചു വന്ന് വച്ചുതരുന്ന വീക്കുകള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങാനും പിന്നെ വടിയായി തെക്കേലെ മാവുവെട്ടി കത്തിക്കുമ്പോള്‍ വാവിട്ടു നിലവിളിക്കാനൊന്നുമല്ല ഒരു പെണ്ണിനെ വേണ്ടത്. പെണ്ണ് എന്ന് പറയുന്നത് യഥാര്‍ത്ഥ ത്തില്‍ ഒരു കൂട്ടാണ്, ഒരു സുഹൃത്താണ്. സ്‌ത്രൈണനന്മകളാണ് അതിന്റെ മൂല്യം. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന, കുമ്പസാരക്കൂടുപോലെ എല്ലാം തുറന്നുപറയാന്‍ കഴിയുന്ന, ഒരുപാട്ട് ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന, ഗാലറിയിലിരുന്ന് ഒരേ മനസ്സോടെ കളികാണുന്ന ഒരാള്‍... അതാണ് ഭാര്യയും സുഹൃത്തും... ഭൂരിപക്ഷം പുരുഷന്മാര്‍ ആഗ്രഹിക്കുന്നതും അത്തരമൊരു സ്ത്രീയെ ഭാര്യയായി കിട്ടാനാണ്. എല്ലാ കരുതലും സ്‌നേഹവും സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നു കരുതുന്ന ഇക്കാലത്ത് ഒട്ടുമിക്ക പുരുഷന്മാരും കൊടുക്കാന്‍ മാത്രം വിധിക്കപ്പെടുന്നവരും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നവരുമാണ്. സ്മിത തനിക്ക് എന്തായിരുന്നുവെന്നും എങ്ങനെയുള്ള ഭാര്യയായിരുന്നുവെന്നും അറിയാവുന്നതുകൊണ്ടാണ് ഞാന്‍ പറയുന്നത്, തനിക്ക് ആ കുറവു നികത്താന്‍ ഒരു കൂട്ടുവേണമെന്ന്.''
''സ്മിതയ്ക്കു പകരം വേറൊരാള്‍ അല്ലേ?'' സനല്‍ ഇടയ്ക്ക് കയറി. ''എന്നിട്ട് സ്മിതയുടെ കുറവു പരിഹരിച്ച് ഞാന്‍ ഇനിയുള്ള കാലം സുഖമായി ജീവിക്കും! എല്ലാ കഥകളും അവസാനിപ്പിക്കുന്നതുപോലെ പിന്നീട് വിവാഹം കഴിച്ച് അവര്‍ സുഖമായി ജീവിച്ചു എന്ന രീതിയില്‍? സ്മിതയെപ്പോലെ അവള്‍ എന്റെ കുഞ്ഞുങ്ങളെയും സ്നേഹിക്കും അല്ലേ?'' സനല്‍ ആത്മനിന്ദയോടെ ചിരിച്ചു.
''രണ്ടു മക്കളേ ഉള്ളൂവെങ്കില്‍ പോലും രണ്ടു മക്കളെയും ഒരുപോലെ കാണാന്‍ കഴിയാത്ത അമ്മമാരുള്ള ലോകമാ ഇത്. അപ്പോഴാണ് തന്റേതല്ലാത്ത മക്കളെ ഒരമ്മയെപോലെ സ്നേഹിക്കാന്‍ ഒരുവള്‍ക്കു കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നത്, അല്ലേ?''
''ഒരാളെപ്പോലെ അയാള്‍ മാത്രേയുള്ളൂ. അതെനിക്കറിയാം. ഒരിക്കലും ഒരാളുടെ സ്നേഹത്തിന് തുല്യമല്ല മറ്റൊരാളുടെ സ്‌നേഹം. ഒരാളുടെ നഷ്ടം നമ്മെ വല്ലാതെ അഫക്റ്റ് ചെയ്യുന്നത് അയാളെപ്പോലെ അയാള്‍ മാത്രമേ ഉള്ളൂ എന്നതുകൊണ്ടാ. എന്നിട്ടും അയാള്‍ക്കു പകരം നമ്മള്‍ വേറൊരാളെ അവിടെ പ്ലേയ്സ് ചെയ്യുന്നുണ്ടെങ്കില്‍ അതിനു കാരണം ഒന്നേയുള്ളൂ, നമുക്ക് മുന്നോട്ടു പോകാതിരിക്കാനാവില്ല. ഒരു യാത്രയ്ക്കിടയില്‍ കാറിന്റെ ടയര്‍ പൊട്ടിപ്പോയാല്‍ സ്‌റ്റെപ്പിനി ഉപയോഗിച്ചു യാത്ര തുടരുന്നതുപോലെയേ ഉള്ളൂ ഇതും.''
അലോഷ്യസ് വാദിച്ചു.
''പ്രാക്ടിക്കലാകുക. അല്ലേ?'' സനല്‍ സംശയിച്ചു.
''യെസ്, അതിനെന്താണ് ഇത്ര തെറ്റ്?''
''തെറ്റും ശരിയും,'' സനല്‍ ചിരിച്ചു.
''നേരത്തേ ഞാന്‍ അങ്ങനെ ചില നിഗമനങ്ങള്‍ നടത്തിയിരുന്നു. ഇന്നവരുടെ ഇന്ന പ്രവൃത്തി ശരി. ഇന്നവരുടെ ഇന്ന പ്രവൃത്തി തെറ്റ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ ഒന്നിനെയും അങ്ങനെ വിധിക്കുന്നില്ല. എല്ലാവര്‍ക്കും ശരികളുണ്ടാവും, തെറ്റുകളും. പക്ഷേ, എന്റെ ശരി ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.''
''ഏത്? ഇങ്ങനെ സ്മിതയെയോര്‍ത്ത് കണ്ണീരൊഴുക്കി ജീവിക്കുന്നതോ? ഇതാണോ തന്റെ ശരി? ഈ ശരികൊണ്ട് തനിക്ക് ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നുണ്ടോ? തന്റെ മക്കള്‍ക്കു ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നും നമ്മുടെ ശരികളല്ല, തെറ്റുകള്‍ മാത്രമാണ്.''
''തര്‍ക്കിക്കാന്‍ ഞാനില്ല അലോഷി.'' സനല്‍ കീഴടങ്ങുന്ന മട്ടിലായിരുന്നു.
''പക്ഷേ, എല്ലാം എല്ലാവര്‍ക്കും ബാധകമല്ല. എല്ലാവരും ഒരുപോലെയാണെന്നു ധരിക്കുന്നതാണ് നമ്മുടെ പ്രശ്നം. എന്നാലും... തനിക്ക് തനിക്കെങ്ങനെ തോന്നിയെടോ എന്നോട്.''
പെട്ടെന്ന് സനല്‍ വിങ്ങിപ്പൊട്ടി. അത്തരമൊരു പ്രതികരണം അലോഷ്യസ് പ്രതീക്ഷിച്ചിരുന്നതേയില്ല. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ സനല്‍ എതിര്‍പ്പു പ്രകടിപ്പിക്കുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. കാരണം, സനലിനെ അത്രത്തോളം അലോഷ്യസ് മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതുതന്നെയായിരുന്നു സനലിന്റെ വേദനയും. എല്ലാവരോടും എല്ലാക്കാര്യങ്ങളും പറയാനാവില്ല. ആരോടും പറയാത്തത് ചിലരോടു മാത്രം പറയുമ്പോള്‍ നാം വിശ്വസിക്കുന്നത് അയാള്‍ക്കു നമ്മെ മനസ്സിലാവും എന്നാണ്. അത്രയും സുതാര്യത യോടെ സ്വയം അനാവരണം ചെയ്യാത്തതുകൊണ്ടാണ് അത്. മറ്റാര്‍ക്കുമുമ്പിലും അനാവരണം ചെയ്യുന്നതുകൊണ്ടും. അങ്ങനെയുള്ളവര്‍ പ്രതീക്ഷിക്കാത്തതുപോലെ പ്രതികരിച്ചു കഴിയുമ്പോള്‍ തകര്‍ന്നുപോകും. മനുഷ്യരിലുള്ള വിശ്വാസം നഷ്ടമാകും. സനല്‍ അത്തരമൊരു ആഘാതത്തിലായിരുന്നു. ഇതിനകം പലരും രണ്ടാം വിവാഹത്തെക്കുറിച്ച് നേരിട്ടോ അവ്യക്തമായോ ഒക്കെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പലചരക്കുകച്ചവടക്കാരന്‍ മുതല്‍ അടുത്ത ചില ബന്ധുക്കള്‍വരെ. പക്ഷേ, അതിനെയെല്ലാം അവഗണിക്കാന്‍ സാധിച്ചിരുന്നു. അതൊന്നും തെല്ലുനേരത്തേക്കല്ലാതെ അലോസരപ്പെടുത്തിയിരുന്നുമില്ല. പക്ഷേ, അതുപോലെയല്ല അലോഷ്യസ്. സ്വന്തം ഹൃദയത്തിന്റെ ഒരു അറയിലായിരുന്നു അവനെ പ്രതിഷ്ഠിച്ചിരുന്നത്. ആ ആള്‍തന്നെയാണ് മറ്റെല്ലാവരെയുംപോലെ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതുപോലെ സനലിനു തോന്നി. ആരോടെങ്കിലും എല്ലാം തുറന്നുപറയുമ്പോള്‍ ആശ്വാസം കിട്ടുമെന്നത് തെറ്റാണ്. ആരോടെങ്കിലും എല്ലാം തുറന്നുപറയുമ്പോള്‍ ഒന്നുകില്‍ തെറ്റിദ്ധരിക്കപ്പെടും അല്ലെങ്കില്‍ അപമാനിക്കപ്പെടും. ആരോടും പറയാതിരിക്കുക. ഇനി ചങ്കുപൊട്ടുകയാണെങ്കില്‍ ക്രൂശിതന്റെ മുമ്പില്‍ മാത്രം പറയുക. മറ്റൊരിടത്തേക്കും പകരപ്പെടുകയില്ലാത്ത ഒരേയൊരു വിശ്വസനീയകേന്ദ്രം അതുമാത്രമാണ്.
''സനല്‍,'' അലോഷ്യസ് സനലിന്റെ തോളത്തു കൈവച്ചു.
''തന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല തന്റെ ഈ വിഷമം കാണാന്‍ വയ്യാത്തോണ്ട് പറഞ്ഞതാ.''
''മറ്റൊരു പെണ്ണും ഇക്കഴിഞ്ഞ ആയുസ്സിനിടയില്‍ എന്റെ മനസ്സില്‍ കടന്നുകൂടിയിട്ടില്ല. മറ്റൊരു പെണ്ണിനോടും എനിക്ക് സ്നേഹമോ ഭ്രമമോ തോന്നിയിട്ടില്ല. സ്വപ്‌നത്തില്‍പോലും ഒരു പെണ്ണ് എന്റെ അരികിലേക്കു കടന്നുവന്നിട്ടില്ല, സ്മിതയല്ലാതെ...അന്നും ഇന്നും എന്നും സ്മിത മാത്രമേ എന്റെ ജീവിതത്തിലുണ്ടാവൂ. അതിന്റെ പേരില്‍ എനിക്കെന്തു നഷ്ടം വന്നാലും...''
കുടിച്ചുതീര്‍ക്കാത്ത ഗ്ലാസ് കടക്കാരന്റെ മുമ്പില്‍ കൊണ്ടു പോയി വച്ച് പണവും കൊടുത്തിട്ട് സനല്‍ തിരിഞ്ഞുനടന്നു.
''സനല്‍ നില്ക്ക്... ഞാന്‍ കൊണ്ടുപോയി വിടാം.. വണ്ടിയില്‍ കയറ്.'' അലോഷ്യസ് വിളിച്ചുപറഞ്ഞു. പക്ഷേ, സനല്‍ ആ വിളിക്കു നിന്നില്ല. അയാള്‍ പുറംതിരിഞ്ഞു നടന്നുപോകുന്നത് വിഷമത്തോടെ അലോഷ്യസ് നോക്കിനിന്നു. (തുടരും)