•  5 Dec 2024
  •  ദീപം 57
  •  നാളം 39
നോവല്‍

ഒരു കാറ്റുപോലെ

''ചേട്ടായി...'' കണ്ണാടിക്കു മുമ്പില്‍നിന്നു മുടി ചീകുകയായിരുന്നു റോയി. രോഷ്നിയുടെ വിവാഹത്തിന് ഇനി അധികം ദിവസങ്ങളില്ല. എല്ലാകാര്യങ്ങളും നോക്കിനടത്താന്‍ താന്‍തന്നെ വേണം. എന്തെല്ലാം കാര്യങ്ങളാണു ചെയ്യാന്‍ ബാക്കിയുള്ളത്. ഏറ്റവും അടുത്ത ബന്ധുക്കളെ നേരില്‍ ചെന്നു വിളിക്കണം. മറ്റുള്ളവരെയൊക്കെ ഫോണില്‍. എങ്കിലും തിരക്കിനു മാത്രം കുറവില്ല. വിളികേട്ട് റോയി  തിരിഞ്ഞുനോക്കി.
''എന്താ മോളേ?'' രോഷ്നിയോട് ഇപ്പോള്‍ പഴയതുപോലെ സംസാരിക്കാനും അടുക്കാനുമുള്ള സ്വാതന്ത്ര്യം റോയിക്ക് തിരികെക്കിട്ടിയിരുന്നു.
''ദയയ്ക്കും ബെച്ചുവിനും കല്യാണത്തിന് പുതിയ ഡ്രസെടുക്കണം.'' രോഷ്‌നി മടിച്ചുമടിച്ചു പറഞ്ഞു.
''പിന്നെ...'' രോഷ്‌നി പൂര്‍ത്തിയാക്കിയില്ല.
''പിന്നെ?'' റോയി ചോദിച്ചു.
''സനുച്ചേട്ടനും ജോസഫേട്ടനും ഓരോ ഷര്‍ട്ട്...'' രോഷ്‌നി മടിച്ചുമടിച്ചാണ് അതുപറഞ്ഞത്. പക്ഷേ, അവള്‍ ആശങ്കപ്പെട്ടതു പോലെയൊന്നുമായിരുന്നില്ല, റോയിയുടെ മുഖം ശാന്തമായിരുന്നു.
''അതൊന്നും കുഴപ്പമില്ല,'' റോയി പറഞ്ഞു. ആ സ്വരം കേട്ടപ്പോള്‍ രോഷ്‌നിക്ക് ഉള്ളില്‍ തണുപ്പുവീണു.
''പക്ഷേ, അവരെ കല്യാണം വിളിക്കില്ല.''
 രോഷ്‌നി നടുങ്ങി.
''ഇത്ര തൊട്ടയല്‍വക്കത്തുണ്ടായിരുന്നിട്ടും വിളിക്കാതിരുന്നാല്‍...'' രോഷ്‌നി തര്‍ക്കിച്ചു.
 ''നീ തര്‍ക്കത്തിനൊന്നും വരണ്ട. ഞാന്‍ പറഞ്ഞാ പറഞ്ഞതാ. ഇത്രയുമെങ്കിലും എനിക്ക് അവനോടു ചെയ്യണ്ടേ?'' റോയിയുടെ ശബ്ദം ഉയര്‍ന്നു. രോഷ്‌നി നിശ്ശബ്ദം പിന്‍വാങ്ങി. തര്‍ക്കിക്കാന്‍ പോയാല്‍ തന്റെ ഈ ആഗ്രഹം കൂടി സാധിച്ചുകിട്ടില്ലെന്ന് അവള്‍ക്കു തോന്നി.
 ചരക്കെടയുടെ ദിവസം രോഷ്‌നി സനലിനും കുടുംബത്തിനുമുള്ള ഡ്രസെടുത്തു. അതുമായി അവള്‍ അന്നുതന്നെ റോയിയുടെ അനുവാദം വാങ്ങി സനലിന്റെ വീട്ടിലേക്കു പോയി.
''ആന്റീ...'' ദയയും ബെഞ്ചമിനും രോഷ്‌നിയെക്കണ്ട് സന്തോഷത്തോടെ ഓടിവന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തങ്ങളുടെ രണ്ടു വീടുകള്‍ തമ്മില്‍ രണ്ടു ഭൂഖണ്ഡങ്ങളുടെ അകലം പോലെയാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ച് അവര്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. റോയി അങ്കിള്‍ പപ്പയെ അടിക്കുന്നു. എന്തൊക്കെയോ പുലമ്പുന്നു. രോഷ്‌നി ആന്റി നിന്നു കരയുന്നു. അതിനപ്പുറം എന്താണു നടന്നത്. അറിയില്ല. എന്തു സ്നേഹത്തോടെയായിരുന്നു കഴിഞ്ഞ കാലമത്രയും കഴിഞ്ഞത്. രോഷ്നി ആന്റിയെ കണ്ടില്ലെങ്കില്‍ അവിടേക്ക് ഓടിച്ചെല്ലും. തങ്ങളെ കണ്ടില്ലെങ്കില്‍ ആന്റി ഇങ്ങോട്ടു വരും. ഇപ്പോള്‍ അതെല്ലാം വെറും ഓര്‍മയായിരിക്കുന്നു.
''എത്ര നാളായി ആന്റി ഇവിടേക്കു വന്നിട്ട്... ഞങ്ങളോടു ആന്റിക്കു പിണക്കമാണോ...'' അവളെ കെട്ടിപ്പിടിച്ചുകൊണ്ട്  ബെഞ്ചമിന്‍ ചോദിച്ചു.
''ആന്റിക്ക് പിണക്കമോ? സ്‌നേഹം മാത്രമേയുള്ളൂ നിങ്ങളോട്...''  രോഷ്‌നിയുടെ തൊണ്ട ഇടറി.
''ആന്റീടെ കല്യാണമാ അല്ലേ?'' പപ്പ പറഞ്ഞായിരുന്നു.'' ദയ പറഞ്ഞു.
''ഉം.'' രോഷ്നി ശബ്ദം താഴ്ത്തി മൂളി. ''എന്നിട്ട് പപ്പയെവിടെ?''
''പപ്പ സാധനം വാങ്ങാന്‍ പോയതാ, ഇപ്പം വരും.''
''ആന്റീടെ കല്യാണത്തിനുള്ള സമ്മാനോംകൊണ്ടാ ആന്റി വന്നേക്കുന്നെ.'' രോഷ്നി അറിയിച്ചു.
''ആന്റീടെ കല്യാണത്തിന് ഞങ്ങളല്ലേ സമ്മാനം തരണ്ടെ? ആന്റി ഞങ്ങള്‍ക്കാണോ തരുന്നെ? ഇത് നല്ല തമാശയാണല്ലോ.'' ദയ ചിരിച്ചു.
''ഇത് ഇട്ടോണ്ടുവാ. ആന്റിയൊന്നു കാണട്ടെ.'' കുട്ടികളുടെ കൈയിലേക്കു ഡ്രസ് എടുത്തുകൊടുത്തിട്ട് രോഷ്‌നി ജോസഫിന്റെ മുറിയിലേക്ക് ചെന്നു.
''ജോസഫേട്ടാ,'' രോഷ്നി അയാളെ വിളിച്ചുകൊണ്ട് മുറിയിലേക്കു ചെന്നു.
 ''മോളേ നീയും ഞങ്ങളെ ഉപേക്ഷിച്ചോടീ?''  അവളെ കണ്ടതും അയാള്‍ ഉറക്കെ ചോദിച്ചു. അതു ചോദിക്കുമ്പോള്‍ ജോസഫ് കരഞ്ഞു.
''നീയേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളെ അന്വേഷിക്കാന്‍.ഇപ്പോ നിനക്കും ഞങ്ങള് ബാധ്യതയായി അല്ലേ?''
''അങ്ങനെ പറയല്ലേ. അടുപ്പിച്ചടുപ്പിച്ച് കുറെ എക്‌സാമുണ്ടായിരുന്നു. അതിന്റെ പ്രിപ്പറേഷന്‍...''  രോഷ്‌നി വേഗം ഒരു നുണ പറഞ്ഞു.
''ഉം.. അതൊന്നുമല്ല എനിക്കറിയാം. എന്തൊക്കെയോ ഇവിടെ ചീഞ്ഞുനാറുന്നുണ്ട്. ഇവിടെ ഇങ്ങനെ വയ്യാണ്ടു കിടക്കുന്നതോണ്ട് ഞാനൊന്നും അറിയുന്നില്ലെന്നാ എല്ലാവരുടേം വിചാരം. പക്ഷേ, ഞാന്‍ എല്ലാം അറിയുന്നുണ്ട്. എന്റെ മോന്‍ നിന്നോട് മോശമായിട്ടെന്തെങ്കിലും...''
ജോസഫേട്ടനെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ രോഷ്‌നി അയാളുടെ ചുണ്ടുകള്‍ക്കു മീതെ തന്റെ കരം ചേര്‍ത്തു. അരുതെന്ന് അവള്‍ തലയാട്ടുകയും ചെയ്തു.
''അവനുവേണ്ടി ഞാന്‍ നിന്നോട്...'' ജോസഫേട്ടന്‍ അവളുടെ കരം കവര്‍ന്നു.
രോഷ്‌നിക്ക് കരച്ചില്‍ വന്നു. പാവം സനുച്ചേട്ടന്‍. സനുച്ചേട്ടനെ സ്വന്തം ചാച്ചന്‍പോലും സംശയിക്കുന്നു.
''അവന്‍ പാവാ.. അവനോടു നിനക്ക് ദേഷ്യമൊന്നും തോന്നല്ലേ മോളേ...'' ജോസഫേട്ടന്‍ അപേക്ഷിച്ചു.
''സനുച്ചേട്ടനെ എനിക്കറിയാം ജോസഫേട്ടാ. സനുച്ചേട്ടന്‍ ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല. ചെയ്യുകേം ഇല്ല. ഇങ്ങനെയൊരു പാവത്താന്‍...''  രോഷ്നി ദീര്‍ഘമായി നിശ്വസിച്ചു.
''ഞാനൊരു വിശേഷം പറയാനാ വന്നെ. എന്റെ കല്യാണമായി.''
''ഉവ്വോ?'' ജോസഫിനു സന്തോഷമായി.
''എവിടെയാ ചെറുക്കന്‍?''
രോഷ്നി കാര്യങ്ങളെല്ലാം വിശദീകരിച്ചു.
''ഒരേ സമയം എനിക്ക് സന്തോഷവും സങ്കടവും തോന്നുന്നുണ്ട്.  കല്യാണമായതോര്‍ത്ത് സന്തോഷം. നീ ഇവിടുന്ന് പോകുവാണല്ലോയെന്നോര്‍ത്ത് സങ്കടം. എന്നാ പറയാനാ. ഞാന്‍ പ്രാര്‍ത്ഥിക്കാം എന്റെ മോള്‍ക്കുവേണ്ടി. സനലിന്റെ കൂടെപ്പിറപ്പായിട്ടേ, എന്റെ മോളായിട്ടേ നിന്നെ ഞങ്ങള് കണ്ടിട്ടുള്ളൂ.'' ജോസഫേട്ടന്‍ വിങ്ങിപ്പൊട്ടി.
 രോഷ്നി കരച്ചിലടക്കാന്‍ പാടുപെട്ടു. അവള്‍ വേഗം  ഒരു പായ്ക്കറ്റ് അയാള്‍ക്കു നേരേ നീട്ടി. ''ഇതൊരു ഷര്‍ട്ടാ ജോസഫേട്ടന്...''
''എനിക്കെന്നാത്തിനാ മോളേ ഷര്‍ട്ട്? ഞാനിവിടം വിട്ട് എവിടെപ്പോകാനാ?''
''വരാന്‍ കഴിയില്ലെന്നറിയാം. എന്നാലും എന്റെ ഒരു സന്തോഷത്തിന്. കല്യാണദിവസം ഈ ഷര്‍ട്ട് ഇട്ടോണ്ടുവേണം ഇവിടെ കിടക്കാന്‍...''
''ഹോ, എന്റെ പൊന്നു
മോളേ,'' ഷര്‍ട്ട് മുഖത്തോടു ചേര്‍ത്തുവച്ച് ജോസഫ് കരഞ്ഞു.  നിനക്ക് നല്ലതുവരും. നല്ലതേ വരൂ.'' അയാള്‍ കരമുയര്‍ത്തി രോഷ്‌നിയുടെ ശിരസ്സില്‍ വച്ചു.
''എന്റെ കണക്ക് കര്‍ത്താവ് നോക്കിക്കോണ്ടിരിക്കുവാ. നോക്കിക്കഴിയുമ്പോ  മോളീന്ന് വിളി വരും. അപ്പോ ഞാന്‍ അങ്ങ് പോകും. എന്റെ അന്നാമ്മേടെ അടുത്തേക്ക്. നീയപ്പോ എവിടെയാണെങ്കിലും വരണം. എന്നെ യാത്രയാക്കണം. പിന്നെ നിന്റെ സനുച്ചേട്ടന് ധൈര്യം കൊടുക്കണം. അവനു നീയേ ഇനിയുള്ളൂ...''
 രോഷ്നിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പോള്‍ മുറിയുടെ വെളിയില്‍ കുട്ടികളുടെ ശബ്ദം കേട്ടു.
''ആന്റീ... ഇങ്ങ് നോക്കിക്കേ.'' രോഷ്‌നി  കണ്ണുതുടച്ചു
വാതില്ക്കലേക്കു നോക്കി. പുത്തനുടുപ്പിട്ട് ദയയും  ബെഞ്ചമിനും.
''സൂപ്പറായിട്ടുണ്ട്...'' രോഷ്‌നി അവരുടെ അടുക്കലേക്കു ചെന്നു. അവരുടെ മുമ്പില്‍ മുട്ടുകുത്തിനിന്ന്  അവള്‍ അവരെ ആശ്ലേഷിച്ചു.
''ഇനി കല്യാണത്തിന് ഇട്ടോളാം. ഇപ്പോ ഇത് ഊരിവച്ചോട്ടെ?'' ബെഞ്ചമിന്‍ ചോദിച്ചപ്പോള്‍ അറിയാതെ ശിരസ്സു ചലിപ്പിക്കാനേ രോഷ്‌നിക്കു കഴിഞ്ഞുള്ളൂ.
''ദയക്കൂട്ടീ...'' അപ്പോള്‍ സനലിന്റെ സ്വരം കേട്ടു. ഇരുകൈയിലും സാധനവും തൂക്കിപ്പിടിച്ച് വാതില്‍ക്കലെത്തിയ സനല്‍ അകത്ത് രോഷ്നിയെ കണ്ടപ്പോള്‍ അമ്പരന്നു.
രോഷ്നി അയാളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുമ്പില്‍ നില്ക്കാന്‍ സനലിനു ജാള്യം തോന്നി. തന്നെക്കുറിച്ച് എന്താവും ഇപ്പോള്‍ രോഷ്‌നി വിചാരിക്കുന്നുണ്ടാവുക? പക്ഷേ, പഴയതുപോലെയുള്ള അവളുടെ ചിരി കണ്ടപ്പോള്‍ സനലിന് ആശ്വാസം തോന്നി.
''രോഷ്‌നി,'' അയാള്‍ പതുക്കെ വിളിച്ചു.
''ഞാന്‍...'' അയാള്‍ക്ക് അവളോട് എന്തോ പറയണമെന്നുണ്ടായിരുന്നു.
''ഞാന്‍ അനുഗ്രഹം വാ
ങ്ങാന്‍ വന്നതാണ്.'' രോഷ്നി പെട്ടെന്ന് സനലിന്റെ മുമ്പില്‍ മുട്ടുകുത്തി. സനല്‍ അമ്പരന്നുപോയി.
 ''എന്റെ വിവാഹമാണ്.'' രോഷ്‌നി അറിയിച്ചു.
അവളെ പിടിച്ചെണീല്പിക്കാനായി സനല്‍ കരം നീട്ടിയതും മറ്റൊരു ചിന്തയില്‍ അയാള്‍ കരം പിന്‍വലിച്ചു.
''എന്റെ ദൈവമേ...'' അയാള്‍ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചു വിലപിച്ചു. പിടിച്ചെണീല്പിച്ച് ആ മൂര്‍ദ്ധാവില്‍  സഹോദരസ്‌നേഹത്തോടെ ഒന്ന് ചുംബിക്കാന്‍, തലയില്‍ കൈകള്‍ വച്ച് അനുഗ്രഹിക്കാന്‍ ഒന്നും, ഒന്നും കഴിയുന്നില്ലല്ലോ.
''വരണമെന്നു പറയാന്‍ എനിക്കവകാശമില്ല. പക്ഷേ, മനസ്സുകൊണ്ട് ആ നിമിഷം സനുച്ചേട്ടന്‍ അവിടെയുണ്ടാവുമെന്ന് എനിക്കറിയാം. അതുമതിയെനിക്ക്.''
രോഷ്‌നി തൊണ്ടയിടറി
ക്കൊണ്ടു പറഞ്ഞു.
സനലിന്റെ കാല്‍ച്ചുവട്ടിലേക്ക് അയാള്‍ക്കുള്ള സമ്മാനം നല്കിയതിനുശേഷം രോഷ്‌നി കണ്ണുതുടച്ച് എണീറ്റു. ദയയെയും ബെഞ്ചമിനെയും ഒരിക്കല്‍ക്കൂടി അവള്‍ കെട്ടിപ്പിടിച്ചു ചുംബിച്ചു. ജോസഫിന്റെ കാല്ക്കല്‍ തൊട്ടുവന്ദിച്ചു. പിന്നെ മറ്റൊന്നും പറയാതെ അവള്‍ പുറത്തേക്കു നടന്നു.
സനലിന് അവളോട് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു. എന്നാല്‍, ഒരു വാക്കുപോലും അയാളുടെ നാവില്‍നിന്നു ഉയര്‍ന്നില്ല.
രോഷ്നിയുടെ വിവാഹദിവസം. കല്യാണവീട്ടില്‍ ആളും ബഹളവും. പള്ളിയിലേക്കു വാഹനങ്ങള്‍ ഓരോന്നായി പോയിത്തുടങ്ങി.
 തങ്ങളുടെ വീട്ടുമുറ്റത്ത് രോഷ്നി നല്കിയ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സനലും മക്കളും നിന്നു. അകത്ത് ജോസഫേട്ടന്‍ പുതിയ ഷര്‍ട്ടു ധരിച്ച് രോഷ്നിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു.
''പപ്പാ നമുക്കും കല്യാണത്തിനു പോകാം.  ഇല്ലെങ്കില്‍ ആന്റി പിണങ്ങും.''
ബെഞ്ചമിന്‍ വാശിപിടിച്ചു കരഞ്ഞു. ദയ പക്ഷേ, ഒരു വാക്കുകൊണ്ടുപോലും അങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചില്ല. അവള്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നതുപോലെ...
തങ്ങള്‍ക്കു മുമ്പിലൂടെ അലങ്കരിച്ച കാര്‍ കടന്നുപോയപ്പോള്‍ ദയയും ബെഞ്ചമിനും അതിനു നേര്‍ക്ക് കരം വീശിക്കൊണ്ട് ഓടിച്ചെന്നു. കാറിനുള്ളില്‍നിന്ന് രോഷ്നിയുടെ കരം ഉയര്‍ന്നത് സനല്‍ കണ്ടു. അറിയാതെ സനലും അവളുടെ നേരേ കരം വീശി.
ജനിക്കാതെപോയ കൂടെപ്പിറപ്പേ നിനക്ക് മംഗളം... നിനക്കു നല്ലതുമാത്രം സംഭവിക്കട്ടെ. സനല്‍ ആശംസിച്ചു.
താന്‍ സ്‌നേഹിച്ച, തന്നെ
സ്നേഹിച്ച ഒരാള്‍കൂടി തനിക്കു നഷ്ടമായിരിക്കുന്നു, ഒരു തണല്‍കൂടി തനിക്കു നഷ്ടമായിരിക്കുന്നു.
സനല്‍ മന്ത്രിച്ചു.
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)