•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഒരു കാറ്റുപോലെ

രാത്രി.
രോഷ്നിയുടെ മുറിയില്‍ മാത്രം വെളിച്ചം തെളിഞ്ഞില്ല. അവള്‍ കട്ടിലില്‍ക്കിടന്ന് കണ്ണീരൊഴുക്കുകയായിരുന്നു. ആരും ആരെയും മനസ്സിലാക്കുന്നില്ലെന്ന് അവള്‍ക്കു തോന്നി. മനസ്സിലാക്കുന്നതിനെക്കാള്‍ എളുപ്പം തെറ്റിദ്ധരിക്കുകയാണ്. ഒരാള്‍ക്കു നേരേ കരം നീട്ടുന്നതിനെക്കാള്‍  എളുപ്പം കൈയൊഴിയുന്നതാണ്. കരം നീട്ടിയാല്‍ മറ്റേയാളുടെ ഭാരം മുഴുവന്‍ നാം ഏറ്റെടുക്കേണ്ടതായി വരും. കൈയൊഴിയുകയാണെങ്കില്‍ നാം സ്വതന്ത്രരാകും. ഇത്തിരി നേരത്തെ കുറ്റബോധത്തിനപ്പുറം അതുമൂലം യാതൊരു ബുദ്ധിമുട്ടും ജീവിതത്തിലുണ്ടാകുന്നില്ല. പക്ഷേ, കരം നീട്ടിയാലോ ജീവിതകാലം മുഴുവന്‍ അതൊരു ബാധ്യതയായി മാറുന്നു. തനിക്കു സംഭവിച്ചത് അതല്ലേ? ചെറുപ്പത്തിലേ ഭാര്യ നഷ്ടപ്പെട്ട ഒരു അയല്‍വാസിയോടും അയാളുടെ പറക്കമുറ്റാത്ത മക്കളോടും തോന്നിയ അലിവ്... അനുകമ്പ... സഹതാപം... ആ കുടുംബത്തില്‍നിന്നു താന്‍ കൈപ്പറ്റിയ നന്മകളോടുള്ള കടപ്പാട്... അതൊക്കെ കാരണമാണ് താന്‍ ഇപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. വേണമെങ്കില്‍ മറ്റാരെയും പോലെ തനിക്കും ആ കുടുംബത്തിനു നേരേ കണ്ണടയ്ക്കാമായിരുന്നു. മരിച്ചടക്കില്‍ പങ്കെടുത്ത് പിരിയുന്ന മറ്റനേകം പേരിലൊരാളായിത്തീരാന്‍ ആര്‍ക്കാണു സാധിക്കാത്തത്? അതാര്‍ക്കാണു ബുദ്ധിമുട്ടുണ്ടാക്കുന്നത്? ഒരു മൈല്‍ ദൂരം നടക്കാന്‍ ആരും സന്നദ്ധരാകും. പക്ഷേ, രണ്ടുമൈല്‍ ദൂരം നടക്കുക എന്നതാണ് ദുഷ്‌കരം. അധികമായിട്ടുള്ളതെന്തും ബുദ്ധിമുട്ടാണ്. എന്നാല്‍, അധികമായി ചെയ്യുന്നതിലല്ലേ സ്‌നേഹമുള്ളത്? ആ സ്നേഹത്തിനു നേരേ കല്ലെറിയുമ്പോഴോ? സ്നേഹിക്കാന്‍തന്നെ ഭയമാകും. സഹായിക്കാന്‍തന്നെ മടിയാകും. വിശ്വസിക്കാന്‍ കഴിയാത്തവിധം സംശയാലുവാകും.
ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ സമൂഹത്തിനുമുമ്പില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഏറെ സാധ്യതയുണ്ടെന്ന് രോഷ്നിക്കറിയാമായിരുന്നു. അവള്‍ തെറ്റു ചെയ്യാതെ ക്രൂശിക്കപ്പെടും. അവളുടെ ചെയ്തികളെ മൈക്രോസ്‌കോപ്പിലൂടെയെന്നവണ്ണം സമൂഹം വിലയിരുത്തും. തീരെ ചെറിയൊരു കുറവുപോലും പര്‍വതീകരിക്കപ്പെടും. എന്നാല്‍, അതൊക്കെ ഭാര്യ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനും അനുഭവിക്കേണ്ടിവരുമെന്ന കാര്യം അവള്‍ക്ക് അജ്ഞാതമായിരുന്നു. സനല്‍ തന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നത് അത്തരം അനുഭവങ്ങളിലൂടെയാണ്. ചില സാഹചര്യങ്ങള്‍ മാത്രം സ്ത്രീയെയും പുരുഷനെയും സമന്മാരാക്കും.
''രോഷ്‌നീ...''
 അപ്പോള്‍ വാതില്ക്കല്‍ റോയിയുടെ ശബ്ദം കേട്ടു.
''നീ വാതില്‍ തുറക്ക്... വന്ന് അത്താഴം കഴിക്ക്...'' അയാളുടെ സ്വരം ശാന്തമായിരുന്നു. താന്‍ ചെയ്തതിലെ തെറ്റ് അയാള്‍ക്കു മനസ്സിലായതുപോലെ... കുറ്റബോധം അയാളെ വേട്ടയാടിയതുപോലെ.
രോഷ്നി വിളി കേട്ടില്ല.  റോയിയുടെ നെഞ്ചില്‍ ആശങ്ക നിറഞ്ഞു. വല്ലാത്തൊരു പേടി. ഇന്നത്തെക്കാലത്ത് ആരോടും എതിര്‍ത്തു പറയാന്‍ കഴിയാത്ത സാഹചര്യമാണ്. ഒന്നു പറഞ്ഞ് രണ്ടാമത് ആത്മഹത്യ ചെയ്യുന്നത് ഫാഷനായി കൊണ്ടുനടക്കുന്നവര്‍. പ്രത്യേകിച്ച് തന്റെ ഭാഗത്ത് തെറ്റില്ലാതിരുന്നിട്ടും ക്രൂശിക്കപ്പെടുമ്പോള്‍.
''മോളേ.'' റോയിയുടെ ശബ്ദം ഉയര്‍ന്നു.
 ''നീ വാതില്‍ തുറക്ക്. ചേട്ടായിയോട് വെറുതേ പിണങ്ങിയിരിക്കാതെ.''
റോയി മനോവ്യഥയില്‍ നെഞ്ച് തിരുമ്മി.
''നിങ്ങള് വന്നു കഴിക്കുന്നുണ്ടോ. കുറെനേരമായി പെങ്ങളെ പുന്നാരിച്ചുകൊണ്ടുനില്ക്കുന്നു. എനിക്കു വിശക്കുന്നുണ്ട്.''
സീനയുടെ ക്ഷമ നശിച്ച സ്വരവും രോഷ്‌നി കേട്ടു. ഭാര്യയ്ക്കും പെങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു പുരുഷനാണ് റോയി എന്ന് രോഷ്നിക്കറിയാമാ യിരുന്നു. പരസ്യമായി തന്നോടു ചേര്‍ന്നുനില്ക്കാന്‍ പലപ്പോഴും റോയി ബുദ്ധിമുട്ടുന്നുണ്ടെന്നും.
''എനിക്കു വേണ്ട. ചേട്ടായി പോയി കഴിച്ചോ.'' റോഷ്‌നി പറഞ്ഞു. വേദനിപ്പിച്ച ഒരാളോട് തിരികെ അതേ രീതിയില്‍ വേദനിപ്പിക്കുന്നത് മാന്യതയല്ലല്ലോ?
അവളുടെ സ്വരം കേട്ടപ്പോള്‍ റോയിക്ക് ആശ്വാസം തോന്നി.
''വാടീ,'' സ്നേഹപുരസ്സരം റോയി വീണ്ടും ക്ഷണിച്ചു.
''എനിക്കു വേണ്ട ചേട്ടായീ...'' ആ സ്നേഹം ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ രോഷ്നിയും അതേ സ്നേഹത്തോടെ പറഞ്ഞു.
എന്നിട്ടും റോയി പിന്നെയും അവളെ കാത്തെന്നോണം നിന്നു.
''ഇനിയും നിങ്ങള് വരുന്നില്ലേ... അതോ അവള് വാരിത്തന്നാലേ നിങ്ങള് കഴിക്കൂ എന്നുണ്ടോ?''
സീനയുടെ ദേഷ്യം പിടിപ്പിക്കുന്ന വര്‍ത്തമാനം. ഭാര്യയുമായി ഒരു ശണ്ഠകൂടാന്‍ റോയിക്കു കരുത്തില്ലായിരുന്നു. അതുകൊണ്ട് ഒന്നും പറയാതെ അയാള്‍ ഭക്ഷണമേശയ്ക്കലേക്കു ചെന്നു. പക്ഷേ, അത്താഴപ്പാത്രത്തില്‍ കൈയിട്ടിരുന്നതല്ലാതെ അയാള്‍ക്കു കഴിക്കാന്‍ തോന്നിയില്ല.
''ഓ! പെങ്ങള്‍ക്കിട്ടൊന്നു പൊട്ടിച്ചതിന്റെ വിഷമമായിരിക്കും.'' സീന അയാളെ ചൊടിപ്പിക്കാനായി പറഞ്ഞു.
''നിനക്കൊന്ന് മിണ്ടാതിരിക്കാമോ.'' റോയ് പാത്രം  മുമ്പില്‍ നിന്നു തള്ളിമാറ്റി എണീറ്റുപോയി. സീന അയാളെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് പാത്രത്തിലേക്കു കൈയിട്ടു. കിടപ്പുമുറിയിലെത്തിയ സീന വാതില്‍ ചേര്‍ത്തടച്ചിട്ട് റോയിക്കു പുറംതിരിഞ്ഞുകിടന്നു.
''നിന്നോടൊരു കാര്യം പറയാനുണ്ടെനിക്ക്.''
''എനിക്കൊന്നും കേള്‍ക്കണ്ട...'' മുഖം കൊടുക്കാതെ സീന പറഞ്ഞു.
''കേള്‍ക്കണം.'' റോയിയുടെ സ്വരം ഉയര്‍ന്നു.
''ഇവിടെ നടന്നതൊന്നും നീ ആരോടും പറഞ്ഞേക്കരുത്.''
''പിന്നേ. അതല്ലേ എന്റെ പണി.'' സീന പുച്ഛിച്ചു.
''നിന്റെ പണി അതായതുകൊണ്ടുതന്നെയാ അക്കാര്യം ഓര്‍മിപ്പിച്ചെ. എന്റെ പെങ്ങളെക്കുറിച്ച് വേണ്ടാതീനം വല്ലതും നിന്റെ നാവീന്നു പുറത്തുപോയാ.'' റോയി അവളുടെ ചെവിയിലേക്കു ചുണ്ടടുപ്പിച്ചിട്ട് അടക്കിനിര്‍ത്തിയ സ്വരത്തില്‍ പറഞ്ഞു:
''റോയി ആരാണെന്ന് നീ ശരിക്കുമറിയും.''
 ആ വാക്കുകളുടെ ചൂട് സീനയുടെ മുഖത്തു തട്ടി. വിവാഹം കഴിഞ്ഞ് വര്‍ഷമിത്രയായിട്ടും അയാളുടെ ഇങ്ങനെയൊരു മുഖം അവള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. സീന ശരിക്കും ഭയന്നുപോയി.
   ****  *** ***
രോഷ്‌നിയുടെ മുറി.
അവള്‍ പിഎസ്‌സിയുടെ നോട്‌സുകള്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് റോയി മുറിയിലേക്കു ചെന്നത്. ദിവസങ്ങള്‍ കഴിഞ്ഞുപോയിട്ടും റോഷ്നിയോട് പഴയതുപോലെ മിണ്ടാനും അടുക്കാനും റോയിക്കു കഴിയുന്നുണ്ടായിരുന്നില്ല. അദൃശ്യമായ ഒരു മതില്‍ക്കെട്ട് തങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നതുപോലെ. അതു തകര്‍ക്കാന്‍ എത്ര ശ്രമിച്ചിട്ടും തനിക്കു കഴിയുന്നില്ലെന്നും റോയിക്കു മനസ്സിലാകുന്നുണ്ടായിരുന്നു.
''മോള് പഠിക്കുവാണോ?''
പിന്നില്‍നിന്ന് രോഷ്നിയുടെ ശിരസ്സ് തലോടിക്കൊണ്ട് റോയി ചോദിച്ചു.
''ഉം.'' ശിരസ്സ് തിരിച്ച് അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രോഷ്‌നി പറഞ്ഞു.
''മോള്‍ക്ക് ചേട്ടായിയോടു പിണക്കമുണ്ടോ?''
''എന്തിന്.'' രോഷ്നി ചോദിച്ചു.
''സങ്കടമുണ്ടായിരുന്നു. പക്ഷേ, അതും മാറി.'' രോഷ്നിയുടെ വാക്കുകള്‍ സത്യസന്ധമാണെന്ന് റോയിക്കു മനസ്സിലായി. ഒരു നിമിഷം അവളോടു തുടര്‍ന്ന് എന്തു സംസാരിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. പിന്നെ പറഞ്ഞു:
''കുറച്ചുനാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു കാര്യമാ. ഇപ്പഴാ അതു നിന്നോട് പറയാന്‍  തീരുമാനമായെ.''
എന്തുകാര്യമാണെന്ന മട്ടില്‍ രോഷ്നി അയാളെ നോക്കി.
''ഞാന്‍ രാജുച്ചേട്ടനോടാ ആദ്യം പറഞ്ഞെ. കുടുംബത്തിലെ മൂത്ത ആളല്ലേ. നമുക്ക് വലിയ ഉപകാരമൊന്നുമില്ലെങ്കിലും. ചേട്ടന് സമ്മതക്കുറവൊന്നുമില്ല. അതോണ്ടാ നിന്നോടു പറയാമെന്നു വച്ചെ.''
രോഷ്‌നി ആകാംക്ഷയോടെ റോയിയെ നോക്കിയതല്ലാതെ മറ്റൊന്നും ചോദിച്ചില്ല.
''നിന്നെ കെട്ടിച്ചുവിടാന്‍ പ്രായമൊക്കെയായി. മനസ്സില്‍ കുറെനാളായി അങ്ങനെയൊരു ആലോചന നടക്കുന്നുണ്ടായിരുന്നു. സീനയുടെ സ്വര്‍ണോം ഒന്നു രണ്ട് ചിട്ടീം പിന്നെ കുറച്ചു കൈവായ്പയും ഒക്കെയായിട്ട് അതങ്ങ് വലിയ ബുദ്ധിമുട്ടില്ലാതെ നടത്താവുന്നതേയുള്ളൂ. ജോലി കിട്ടിയിട്ടു മതി കല്യാണം എന്ന നിന്റെ തീരുമാനം കൊണ്ടാ ഞാനത് സ്പീഡാക്കാതിരുന്നെ.. മാത്രവുമല്ല നിന്നെ വലിയ ദൂരത്തോട്ടൊന്നും പറഞ്ഞുവിടാന്‍ എനിക്ക് സമ്മതവുമില്ലായിരുന്നു.''
''എന്നിട്ട് ഇപ്പോഴെന്നതാ സംഭവിച്ചെ. അല്ലെങ്കില്‍ ചേട്ടായിക്കെന്നാ മനം മാറ്റമുണ്ടായെ?''
രോഷ്നി കസേരയില്‍ നിന്നെണീറ്റു.
''എനിക്കു ജോലിയൊന്നും ആയിട്ടില്ലല്ലോ. ഇനി അതല്ല വീട്ടുമുറ്റത്തുനിന്നെങ്ങാനും നല്ല ആലോചന വല്ലതും വന്നിട്ടുണ്ടോ?''
രോഷ്‌നി പാതി കളിയായും കാര്യമായും ചോദിച്ചു.
''ഉം വന്നിട്ടുണ്ട്. അതോണ്ടല്ലേ നിന്നോടു പറഞ്ഞെ.''
രോഷ്നിയുടെ മുഖം കനത്തു.
 ''പരസ്പരം നമുക്ക് അറിയാവുന്നവരാ. നിന്നെ ജോലിക്കു വിടാന്‍ അവന് മനസ്സുമുണ്ട്. ദൂരേക്കൊന്നും നിന്നെ കെട്ടിച്ചുവിടുന്നുമില്ല. കണ്‍വെട്ടത്തു തന്നെ...''
റോയി ചിരിച്ചു.
''സുമന്റെ കാര്യമാണോ ചേട്ടായി പറഞ്ഞുവരുന്നത്?'' രോഷ്‌നി ചോദിച്ചു
''ഉം. അപ്പോ നിനക്ക് അവനെയും ഇഷ്ടമാണോ. അവന്‍ എന്നോട് നിന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു.''
റോയി അറിയിച്ചു.


(തുടരും)

 

 

Login log record inserted successfully!