•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

ഒരു കാറ്റുപോലെ

''ഇനി നീ  എന്റെ അനുവാദമില്ലാതെ ഈ മുറ്റം കടന്നാലുണ്ടല്ലോ.''
റോയി രോഷ്‌നിയെ അവളുടെ കട്ടിലിലേക്കു പിടിച്ചുതള്ളി.
''പെങ്ങളാണെന്നൊന്നും വിചാരിക്കുകേലാ, കാലു രണ്ടും തല്ലിയൊടിച്ചിടും.''
അയാള്‍ ദേഷ്യം തീരാത്ത മട്ടിലായിരുന്നു.
''എന്നതാ.'' എന്നതാ ഇവിടെ പ്രശ്നം? റോയിയുടെ ഭാര്യ സീന  അവിടേക്ക് ഓടിവന്നു.
''എന്നതാ പ്രശ്നമെന്നോ. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. നീയിവിടെയുണ്ടായിട്ടാണോടീ ഇവളെ ഇങ്ങനെ കെട്ടഴിച്ചുവിട്ടേക്കുന്നത്.''
അപ്രതീക്ഷിതമായ ആ ആരോപണത്തിനു മുമ്പില്‍ സീന അന്തിച്ചുനിന്നു. രോഷ്നിയുടെ യാതൊരു കാര്യത്തിലും പ്രത്യക്ഷത്തില്‍ സീന ഇടപെടാറുണ്ടായിരുന്നില്ല. തനിക്ക് രോഷ്‌നിയോടു തോന്നുന്ന ദേഷ്യവും അസഹിഷ്ണുതയും മറ്റും തലയണമന്ത്രമായി അവള്‍ റോയിയുടെ കാതുകളില്‍ ഓതിക്കൊടുക്കാറുണ്ടായിരുന്നുവെന്നു മാത്രം. അപ്പോഴൊക്കെ അതിനെ ഗൗരവത്തിലെടുക്കാതെ റോയി പറയും:
''അപ്പനും അമ്മേം ഇല്ലാതെ വളര്‍ന്ന കൊച്ചല്ലേ. അവള്‍ക്ക് ചിലപ്പോ ചില നേരങ്ങളില്‍ നിന്റേതുപോലെ ബോധോം വകതിരിവും കാണുകേലായിരിക്കും. പിന്നെ, ഇന്നോ നാളെയോ വേറൊരു വീട്ടിലേക്കു പോകാനുളളതല്ലേ അവള്. അതുവരെ നീയും അവളും കൂടി ചേര്‍ന്ന് ഇവിടെയൊരു വഴക്കുണ്ടാക്കരുത്. എനിക്കു സ്വസ്ഥത വേണം. അതുകൊണ്ട് അവളുടെ കുറ്റോം കുറവും പറഞ്ഞ് എന്റെ അടുക്കലേക്കു വന്നേക്കരുത്.''
പലതവണ ഇതേ മറുപടി കിട്ടിയപ്പോള്‍  സീന പിന്നീട് രോഷ്നിയുടെ കുറ്റം പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ തനിക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ സീന അദ്ഭുതപ്പെട്ടത്.
''കെട്ടഴിച്ചുവിടാനും കെട്ടിപ്പൂട്ടിവയ്ക്കാനും എന്നോടു ചോദിച്ചിട്ടാണോ ഇവള് ഇവള്‍ടെ എല്ലാ കാര്യവും ചെയ്യുന്നത്? കാര്യമെന്നതാന്നുവച്ചാ പറ...'' സീനയ്ക്ക് ദേഷ്യം വന്നു.
താന്‍ കണ്ടത് അതേപോലെ പറയുമ്പോള്‍ രോഷ്‌നിയും തെറ്റുകാരിയായി ചിത്രീകരിക്കപ്പെടുമെന്ന് റോയിക്കു തോന്നി. പെങ്ങളെ ഒരു മോശക്കാരിയായി ചിത്രീകരിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. അത് സ്വന്തം ഭാര്യയ്ക്കു മുമ്പിലാണെങ്കില്‍പ്പോലും. സ്ത്രീസഹജമായ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ലായ്മ സീനയ്ക്കു കൂടുതലാണെന്നും അയാള്‍ക്കറിയാമായിരുന്നു. സീനയ്ക്ക് റോഷ്‌നിയോടുള്ളത് അസൂയകലര്‍ന്ന വികാരമാണെന്ന് റോയിയുടെ മനസ്സ് പറഞ്ഞിരുന്നു. വിദ്യാഭ്യാസംകൊണ്ടും സൗന്ദര്യംകൊണ്ടും രോഷ്‌നിയായിരുന്നു മുകളില്‍. നാട്ടില്‍ അവള്‍ സര്‍വസമ്മതയുമായിരുന്നു. അതുകൊണ്ടൊക്കെയാണ് സീനയ്ക്ക് രോഷ്നിയോടു ദേഷ്യം തോന്നുന്നതെന്നും അതിനു പിന്നില്‍  സീനയുടെ അസൂയമാത്രമാണെന്നും മനസ്സിലാക്കാനുള്ള വിവേകം റോയിക്കുണ്ടായിരുന്നു. താന്‍ തന്റെ പെങ്ങളെക്കുറിച്ചു മോശമായി സംസാരിച്ചാല്‍ നാളെ അത് സീന തന്നെ നാടുമുഴുവന്‍ പരത്തുമെന്നും അയാള്‍ക്കറിയാമായിരുന്നു.
''എന്നോടു പറയാന്‍ പറ്റുന്നതല്ലേ?'' സീനയുടെ സ്വരമുയര്‍ന്നു.
''അവന്‍. ആ സനല് ഇവളെ...'' റോയ് തലകുനിച്ചുനിന്ന് സ്വരം താഴ്ത്തിയാണ് അതു പറഞ്ഞത്.
''എന്റെ മാതാവേ,'' അഹിതകരമായതെന്തോ  കേട്ട മട്ടില്‍ സീന ഉറക്കെ വിളിച്ചു.
''അയാള് ഇവളെ കേറിപ്പിടിച്ചോ?''
''പതുക്കെപ്പറയെടീ.'' റോയി പല്ലിറുമ്മി.
''അയാള് ഇവളെ കേറിപ്പിടിച്ചോ.'' സീന സംശയനിവാരണം എന്ന മട്ടില്‍ ആവര്‍ത്തിച്ചു.
റോയ് തല ചലിപ്പിച്ചു.
''അവള്‍ക്കിതു തന്നെ വേണം. നിങ്ങള്‍ക്കും.'' സീനയുടെ സ്വരം വീണ്ടും ഉയര്‍ന്നു.
''ആ വീട്ടിലോട്ടുള്ള ഇവള്‍ടെ ഓട്ടോം ചാട്ടോം കണ്ടപ്പോത്തന്നെ എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെയേ അവസാനിക്കൂ എന്ന്. ഈ വീട്ടിലെ ചോറും കറീം പൊതിഞ്ഞുകെട്ടാന്‍ തുടങ്ങിയപ്പോത്തന്നെ അതു നിര്‍ത്താന്‍ പറഞ്ഞതാ. അപ്പോ നിങ്ങളും സമ്മതിച്ചില്ല. ഇവള്‍ക്കു സപ്പോര്‍ട്ട് നിന്നു. സനല്‍ സാറിന്  അടുക്കളപ്പണി അറിയാത്തതോണ്ടല്ലേ എന്ന്. എന്നിട്ടിപ്പോഴോ? അടുക്കളപ്പണി അറിയില്ലെങ്കിലും വേണ്ടാതീനത്തിനുള്ള അറിവ് നല്ലതുപോലെയുണ്ടല്ലോ. ഓരോ അവന്മാരുടെയും തനിനിറം പുറത്തായല്ലോ. ആ സ്മിതയുടെ ആത്മാവ് ഇതെങ്ങനെ സഹിക്കുമോ ആവോ?''
കട്ടിലില്‍ കമിഴ്ന്നുവീണു കിടന്നു കരയുകയായിരുന്ന രോഷ്‌നി ചാടിയെണീറ്റു.
അനാവശ്യം പറയരുത്.'' അവള്‍ റോയിയോടും സീനയോടുമായി പറഞ്ഞു.
''അവിടെയെന്നതാ നടന്നതെന്ന് എനിക്കറിയാം. സനുച്ചേട്ടനുമറിയാം. അതിന്  നിങ്ങള് വേറെ കളര്‍ കൊടുക്കുകയൊന്നും വേണ്ട.''
''കണ്ടോ അവളുടെ അഹമ്മതി. അപ്പോ ഇവളും കൂടി സമ്മതിച്ചോണ്ടാ നടന്നതെല്ലാം.'' സീന വിധിയെഴുതി.
''എനിക്ക് നേരത്തേതന്നെ ഒരു സംശയമുണ്ടായിരുന്നു. ഒരു സനുച്ചേട്ടന്‍. നാവീന്ന് തേന്‍ ഒഴുകുവല്ലേ.'' സീന പരിഹസിച്ചു.
''ങ് അതെ, എന്റെ സമ്മതത്തോടും അനുവാദത്തോടും ഇഷ്ടത്തോടുംകൂടിത്തന്നെയാ സനുച്ചേട്ടന്‍ എന്റെ ദേഹത്തു സ്പര്‍ശിച്ചത്. അതിനിപ്പോ ചേച്ചിക്കെന്നതാ നഷ്ടം?''
രോഷ്‌നി ചോദിച്ചു.
രോഷ്‌നിയുടെ ആ ധിക്കാരം റോയിക്ക് സഹിക്കാനായില്ല. സനലിനെ മാത്രം തെറ്റുകാരനാക്കിയാണ് താന്‍ അയാളോടു പ്രതികരിച്ചത്. പക്ഷേ, രോഷ്നിയുടെ സമ്മതം സനലിന്റെ  ചെയ്തിക്കു പിന്നിലുണ്ടായിരുന്നുവെന്ന് റോയിക്കു സംശയമുണ്ടായിരുന്നു. ആ സംശയത്തെ ന്യായീകരിക്കുംവിധത്തിലാണ് ഇപ്പോള്‍ രോഷ്‌നിയുടെ സംസാരം. തെറ്റിനെ ശരിയാക്കുന്ന മട്ടില്‍.  സാഹോദര്യമല്ല  പരമ്പരാഗതമായ ആണ്‍കോയ്മ തന്നെയാണ് റോയിയെ ഭരിച്ചത്. പുരുഷന്മാര്‍ ചെളി കാണുമ്പോള്‍ ചിലപ്പോള്‍ ചവിട്ടിയെന്നിരിക്കും. പക്ഷേ, വെള്ളം കാണുമ്പോള്‍ അവര്‍ കഴുകുകയും ചെയ്യും. എന്നുവച്ച് ഒരു പെണ്ണ് ചെളിയില്‍ ചവിട്ടാമോ? വെള്ളം കാണുമ്പോള്‍ കഴുകിയാലും അവളുടെ ചെയ്തി ന്യായീകരിക്കപ്പെടുമോ?
''എടീ...'' റോയി ദേഷ്യം മൂത്ത് രോഷ്‌നിയുടെ കവിളത്ത് ആഞ്ഞടിച്ചു. സനലിന്റെ വീട്ടില്‍ വച്ചാണ് അയാള്‍ ആദ്യമായി രോഷ്നിയെ അടിച്ചത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്. അതിന്റെ വേദനയും സങ്കടവും റോയിയുടെ ഉള്ളിലുണ്ടായിരുന്നു. എന്നിട്ടും വീണ്ടും അവളെ അടിക്കേണ്ടതായി വന്നിരിക്കുന്നു. നാവു ശരിയല്ലെങ്കില്‍ എന്താണു ചെയ്യുക?
''തോന്ന്യാസം കാണിച്ചിട്ട് ന്യായീകരിക്കുന്നോടീ?''
''തോന്ന്യാസം ചെയ്യുന്നതു മുഴുവന്‍ ചേട്ടായിയാ.'' രോഷ്നി വീറോടെ വാദിച്ചു.
''ചേട്ടായി എന്തുകണ്ടിട്ടാ ഇങ്ങനെയൊക്കെ പറയുന്നെ? ആര് തെറ്റു ചെയ്തെന്നാ ചേട്ടായി പറയുന്നെ. ഒന്നുമില്ല ചേട്ടായി. ചേട്ടായി വിചാരിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍.''
''പിന്നെ ഞാന്‍ കണ്ടതോടീ?'' റോയി പുകഞ്ഞു.
''അതുതന്നെയാ ഞാന്‍ ചേട്ടായിയോടും ചോദിക്കുന്നെ. ചേട്ടായി എന്നതാ കണ്ടത്. ഞാന്‍ ചേട്ടായിയോട് ഒന്നു ചോദിച്ചോട്ടെ. ഞാന്‍ ചേട്ടായിയെ ഒന്ന് കെട്ടിപ്പിടിച്ചാല്‍. ചേട്ടായി എന്നെ ഒന്നു കെട്ടിപ്പിടിച്ചാല്‍ അതിനെന്നതാ ചേട്ടായി അര്‍ത്ഥം?''
റോയിക്ക് ഉത്തരം മുട്ടി.
 അത് എങ്ങനെയുള്ള ബന്ധമാണോ അതേ ബന്ധംതന്നെയേ സനുച്ചേട്ടന്‍ എന്നെ കെട്ടിപിടിച്ചതിലും ഉള്ളൂ. ആണും പെണ്ണും തമ്മില്‍ ഒരേയൊരു ബന്ധമൊന്നുമല്ല ചേട്ടായീ ഈ ലോകത്തുള്ളത്. മഞ്ഞക്കണ്ണുള്ളവര്‍ക്ക് എല്ലാം മഞ്ഞയായിട്ടേ തോന്നൂ. ചേട്ടായീം രാജുച്ചേട്ടായീം എനിക്കെങ്ങനെയാണോ അതുപോലെയാ സനുച്ചേട്ടനും. ഒരുപക്ഷേ, നിങ്ങള് രണ്ടാളെക്കാളും ഇത്തിരി കൂടുതല്‍ സ്നേഹം എനിക്ക് സനുച്ചേട്ടനോടുണ്ടാവാം. അതൊരിക്കലും നിങ്ങളു വിചാരിക്കുന്നതുപോലെത്തെ ഇഷ്ടമല്ല ചേട്ടായീ. സനുച്ചേട്ടനും  അങ്ങനെ തന്നെയാ.''
രോഷ്‌നി പുറംതിരിഞ്ഞു ചെന്ന് മേശപ്പുറത്തുനിന്ന് ബൈബിളെടുത്തുകൊണ്ടുവന്നു. അതിന്റെ മുകളില്‍ തന്റെ കൈപ്പടം ചേര്‍ത്തുവച്ചിട്ട് അവള്‍ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു?
 ''സത്യം. എന്നെ ചേട്ടായി വിശ്വസിക്കണം. ഇതിനപ്പുറം എനിക്കൊന്നും പറയാനില്ല.''
ബൈബിള്‍ രോഷ്‌നിയെ സംബന്ധിച്ച് എത്രത്തോളം വിലപ്പിടിപ്പുള്ളതാണെന്നും അവള്‍ അതിന് എത്രത്തോളം വിലയാണു കല്പിച്ചിരിക്കുന്നതെന്നും റോയിക്ക് അറിയാമായിരുന്നു. അതിനപ്പുറം അവള്‍ക്കൊരു സത്യമില്ലെന്നും.
റോയി വല്ലാത്തൊരു നിസ്സഹായതയിലായി. തന്റെ ചെയ്തികള്‍ ധൃതിപിടിച്ചുള്ളതായിരുന്നുവെന്നും തെറ്റുധാരണയില്‍നിന്ന് ഉടലെടുത്തവയായിരുന്നുവെന്നും അവനു തോന്നി. സനലിന്റെ വീട്ടിലേക്കു വേണ്ട കുറെ സാധനങ്ങളുടെ ലിസ്റ്റ് റോഷ്‌നി റോയിക്ക് വാട്ട്സാപ്പ് ചെയ്തിരുന്നു. പതിവിലും നേരത്തേ ഓട്ടം കഴിഞ്ഞപ്പോള്‍ ആ സാധനങ്ങളുമായി സനലിന്റെ വീട്ടിലേക്കു വന്നതായിരുന്നു റോയി. അപ്പോഴാണ് താന്‍ പ്രതീക്ഷിക്കാത്ത രംഗങ്ങള്‍ക്ക് അയാള്‍ സാക്ഷിയായത്.
രോഷ്നി തന്റെ മുറിയുടെ വാതിലുകള്‍ റോയിക്കു മുമ്പില്‍ വലിച്ചടച്ചു. അവള്‍ വാതിലില്‍ ചാരിനിന്ന്  ഇളംമുള കീറുംപോലെ കരഞ്ഞു. ആ കരച്ചിലുകള്‍ ചങ്കു പിടയുന്ന വേദനയോടെ റോയി കേട്ടുനിന്നു.


(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)