•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഒരു കാറ്റുപോലെ

''സനല്‍സാറേ...'' സുമന്‍ വിളിച്ചു.
 ''വീട്ടിലേക്കല്ലേ... എന്നാ കേറിക്കോ...''
ഒരു നിമിഷം സനല്‍ സംശയിച്ചു. അയാള്‍ ഇരുകൈകളിലെയും സാധനങ്ങളിലേക്കു നോക്കി. അടുപ്പമില്ലാത്തവരുടെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുന്നത് സനലിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. അടുപ്പമുള്ളവരാകുമ്പോള്‍ അവരോടു ചേര്‍ന്നിരുന്നായിരുന്നു യാത്രകള്‍. സ്പര്‍ശനം അസ്വസ്ഥതയുണ്ടാക്കിയിരുന്നില്ല. പക്ഷേ, അപരിചിതരാകുമ്പോള്‍ അത്രയ്ക്കു ചേര്‍ന്നിരിക്കാന്‍ കഴിയാറില്ല. എന്തോ അവര്‍ക്കും തനിക്കും ഇടയില്‍ ഒരു മതില്‍ ഉള്ളതുപോലെ സനലിനു തോന്നിയിരുന്നു. അയല്‍ക്കാരനാണെങ്കിലും സുമനോടു മാനസികമായ അടുപ്പം തോന്നിയിരുന്നില്ല. സുമന്റെ  കുടുംബവുമായിട്ടുള്ള അതിര്‍ത്തിത്തര്‍ക്കം തന്നെയാണു പ്രധാന പ്രശ്നം. അതിരുമാന്തി വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുന്ന സ്വഭാവമാണ് സുമന്റെ പിതാവിന്റേത്. സനലിന്റെ തൊടിയിലെ കയ്യാല പൊളിഞ്ഞാണു കിടക്കുന്നത്. അത് എത്ര തവണ കെട്ടിപ്പൊക്കിയാലും ഒരു മഴ വരുമ്പോള്‍ പൊളിഞ്ഞുവീഴും. സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല അതെന്ന് എല്ലാവര്‍ക്കും അറിയാം. ഓരോ തവണയും കയ്യാല പണിയുമ്പോള്‍ സനലിന്റെ സ്ഥലം കുറഞ്ഞുകുറഞ്ഞുവരും. പലതവണ അത് ആവര്‍ത്തിച്ചപ്പോള്‍ കേസു കൊടുക്കാതെ നിവൃത്തിയില്ലാതെയായി. സനല്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുകയോ വേണ്ടത്ര ഗൗരവം കൊടുക്കുകയോ ചെയ്യാതായപ്പോള്‍ സ്മിത അത് ആങ്ങളമാരോടു പറയുകയും അവര്‍ കേസ് കൊടുക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ മാനസികമായ അകല്‍ച്ച കൂടുതലാകുകയും ചെയ്തു. അങ്ങനെയുള്ള സുമനാണ് ഇപ്പോള്‍ തന്നെ ക്ഷണിക്കുന്നത്. സനല്‍ സംശയിച്ചുനിന്നപ്പോള്‍ സുമന്‍ ബലമായി അയാളുടെ  ഒരു കൈയില്‍നിന്ന് സാധനം വാങ്ങി തന്റെ മുമ്പിലേക്കു വച്ചു.
''കയറിക്കോ. ഒന്ന് സാറ് കൈയില്‍ പിടിച്ചോ.''
സനല്‍ മടിച്ചുമടിച്ചു ബൈക്കിനു പിന്നിലേക്കു കയറി. കൈയിലുണ്ടായിരുന്ന സാധനങ്ങളടങ്ങിയ കവര്‍ ഇരുവര്‍ക്കുമിടയില്‍ വച്ചു. സുമന്‍ ബൈക്ക് മുന്നോട്ടെടുത്തു. സനല്‍ പെട്ടെന്ന് പിറകിലേക്ക് ആഞ്ഞുപോയി.
''ചേര്‍ന്നിരിക്കു സാറേ. എങ്കിലേ ബാലന്‍സ് കിട്ടൂ. സാറ് പെണ്ണൊന്നുമല്ലല്ലോ.'' സുമന്‍ ചിരിച്ചു. സനല്‍ സുമനോടു ചേര്‍ന്നിരുന്നു.
''സാറിന് ബൈക്കിലിരുന്ന് അധികം ശീലമില്ലാത്തതുകൊണ്ടാ.''
സനല്‍ ഒന്നും മിണ്ടിയില്ല. തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്നു പരിചയമുളളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.
 ''സാറെന്നതാ ഒന്നും മിണ്ടാത്തത്, എന്തെങ്കിലുമൊക്കെ പറയ് സാറേ.'' സുമന്‍ ആവശ്യപ്പെട്ടു.
''ഓ എന്നാ പറയാന്‍...'' സനല്‍ പിറുപിറുത്തു.
''അതു ശരിയാ. മനസ്സിന് വിഷമം തോന്നുമ്പോ ഒന്നും മിണ്ടാന്‍ തോന്നുകേലാ. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ സാറ് തെറ്റിദ്ധരിക്കുമോ.''
''പറഞ്ഞാലല്ലേ അറിയൂ...'' സനല്‍ പ്രതികരിച്ചു.
''ഇങ്ങനെയൊന്നും വിഷമിച്ചിരുന്നിട്ടു കാര്യമില്ല സാറേ.. പോകാനുളളവര് പോയി. പക്ഷേ, നമുക്ക് ജീവിച്ചിരുന്നാലല്ലേ പറ്റൂ.. നമുക്ക് സന്തോഷിക്കണം. സന്തോഷിക്കാനുള്ള കാരണം കണ്ടെത്തണം. സാറിന്റെ ഈ വിഷമമെല്ലാം മാറാന്‍ ഞാനൊരു മാര്‍ഗം പറഞ്ഞുതരട്ടെ?''
''എന്തു മാര്‍ഗം?'' ആകാംക്ഷയൊന്നുമില്ലാതെ സനല്‍ ആരാഞ്ഞു.
''അതൊക്കെയുണ്ട്.'' സുമന്‍ ചിരിച്ചു.
എന്താണെന്ന് സനല്‍ വീണ്ടും തിരക്കുമെന്ന് സുമന്‍ കരുതി. പക്ഷേ, അതുണ്ടാകാതിരുന്നപ്പോള്‍ അവന് ഇച്ഛാഭംഗം തോന്നി.
''സാറിന്  സങ്കടപ്പെട്ടിരിക്കുന്നതാ സന്തോഷം അല്ലേ.'' സുമന്‍ വീണ്ടും ഒരു കുരുക്കെറിഞ്ഞു.
''സങ്കടവും സന്തോഷവും തമ്മില്‍ അധികം ദൂരമൊന്നുമില്ലെടോ. രണ്ടിനും വലിയ ആയുസുമില്ല. ഞാനിപ്പോ മനസ്സിലാക്കിയ സത്യമാ അത്.'' സനല്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
''ഈ മലയാളം ടീച്ചേഴ്സ് പറയുന്നതു മുഴുവന്‍ സാഹിത്യമാ. സാധാരണക്കാര്‍ക്ക് അതൊന്നും മനസ്സിലാവുകേലാ.''
''നല്ല സാഹിത്യം പിറവിയെടുക്കുന്നത് ജീവിതത്തില്‍നിന്നാ... അതിന് എഴുത്തിന്റെ ചില അലങ്കാരങ്ങളും ഭാഷയും ഒക്കെ ചേര്‍ക്കുന്നുവെന്നേയുള്ളൂ.'' സനല്‍ വിശദീകരിച്ചു.
''ആ... എന്നതാണോ...'' സുമന്‍ ആ സംഭാഷണം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിച്ചില്ല. സനലിന്റെ വീടിനു മുമ്പിലായി ബൈക്ക് നിന്നു.
''താങ്ക്സ്'' സുമന്‍ എടുത്തുകൊടുത്ത സാധനങ്ങളും കൈയില്‍ പിടിച്ച് സനല്‍ അവനെ നോക്കി ചിരിച്ചു. അപ്പോള്‍ സുമന്‍ ഒരു പൊതിയെടുത്ത് അഴിച്ച് സനലിനു നേരേ നീട്ടി.
 ''കണ്ടോ, ഇതാ ഞാന്‍ പറഞ്ഞ സന്തോഷത്തിന്റെ കാരണം.'' മദ്യക്കുപ്പിയായിരുന്നു അത്.
''ചാച്ചന് എല്ലാ ദിവസവും വേണം. ഞാന്‍ കമ്പനികൊടുക്കും. സാറിന് താത്പര്യമുണ്ടെങ്കില്‍ വീട്ടിലേക്കു വന്നാ മതി. നമുക്ക് മൂന്നാള്‍ക്കൂംകൂടി പൊളിക്കാം.''
 ''നോ താങ്ക്സ്... എനിക്കത് ആവശ്യമില്ല.''
സനല്‍ തീര്‍ത്തു പറഞ്ഞു.
''വേണ്ടെങ്കില്‍ വേണ്ട.. നിര്‍ബന്ധിക്കുന്നില്ല. സാറിന് ഒരു ഓഫര്‍ കിടപ്പുണ്ട്. എപ്പോഴാണെങ്കിലും തോന്നുവാണെങ്കീ  മടിവിചാരിക്കാതെ കേറിവന്നാല്‍ മതി.''
ആ വാക്കുകളോട് ഒരുതരത്തിലും സനല്‍ പ്രതികരിച്ചില്ല.
''എന്നാ ശരി സാറേ, ബൈ.'' സുമന്‍ കൈ ഉയര്‍ത്തിക്കാണിച്ചു.
മുറ്റത്തേക്ക് എന്തോ ആവശ്യത്തിനു വന്ന രോഷ്‌നി ആ കാഴ്ച കണ്ടു. സുമന്റെ ബൈക്കില്‍ വന്നിറങ്ങുന്ന സനല്‍. എന്തോ സനലിനു നേരേ വച്ചുനീട്ടുന്ന സുമന്‍. സ്വാഭാവികമല്ലാത്ത രംഗം പോലെ രോഷ്‌നിക്ക് അത് അനുഭവപ്പെട്ടു. ഈ സുമന്‍ എന്തു ഭാവിച്ചാണ്? അവനെ സൂക്ഷിക്കണമെന്ന് സനലിനോടു പറയണമെന്ന് അവള്‍ തീരുമാനിച്ചു.
     *** *** ***
 സനല്‍ പൊതിയഴിച്ച് ചൂടു ദോശ ബെഞ്ചമിന്റെ പാത്രത്തിലേക്കിട്ടുകൊടുത്തു.
''എനിക്ക് ദോശ വേണ്ടായിരുന്നു. പൊറോട്ട മതിയായിരുന്നു.''
പാത്രത്തില്‍ കിട്ടിയതിനെ നോക്കി ബെഞ്ചമിന്‍ പരിഭവം പറഞ്ഞു.
''ഇന്നലെ പൊറോട്ടയല്ലേ കഴിച്ചത്. എല്ലാ ദിവസവും പൊറോട്ട കഴിച്ചാ വയറ് കംപ്ലയ്ന്റാകും.''
''എനിക്ക് ദോശ ഇഷ്ടമില്ല.'' ബെഞ്ചമിന്‍ ദേഷ്യത്തോടെ പാത്രം ഒരൊറ്റത്തള്ളു വച്ചുകൊടുത്തു.
സനലിന് ദേഷ്യം വന്നു.
''ബെച്ചൂ...'' സനല്‍ വിളിച്ചു.
''കൂടുതല്‍ വിളച്ചില്‍ എടുക്കാതെ അതെടുത്തു കഴിക്കാന്‍ നോക്ക്.''
''എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ.'' ബെഞ്ചമിന്‍ അനുസരിക്കാന്‍ തയ്യാറായില്ല.
''നിന്നോടാ പറഞ്ഞത് എടുത്തുകഴിക്കാന്‍.'' സനലിന്റെ ശബ്ദം ഉയര്‍ന്നു.
''എന്നതാ മോനേ ഇവിടെ ബഹളം.'' അന്നാമ്മ അപ്പോള്‍ ഡൈനിങ് മുറിയിലേക്കു വന്നു. ദയ പാഠപുസ്തകവുമായി  മുറിയിലേക്ക് എത്തിനോക്കി.
 ''എല്ലാ ദിവസവും ഇങ്ങനെ പലഹാരം മേടിച്ചുകഴിക്കാന്‍ പറ്റുമോ മോനേ നമുക്ക്. ഇവിടെ നമുക്ക് വല്ലതും ഉണ്ടാക്കാം. നീ ചെറുതായിട്ടൊക്കെ ഒന്നു സഹായിച്ചുതന്നാ മതിയെന്ന് ഞാനെന്നും പറയുന്നതല്ലേ.''
അന്നാമ്മ സനലിനോടു ചോദിച്ചു.
''അമ്മച്ചിയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ.'' സനല്‍ അന്നാമ്മയോടു ദേഷ്യപ്പെട്ടു.
''ഒരു ഉപദേശവുമായി വന്നേക്കുന്നു. അവിടെയെങ്ങാനും പോയിരിക്കുന്നുണ്ടോ?''
അന്നാമ്മ പകച്ചുപോയി. ഇത്രയും കാലത്തിനിടയില്‍ സനല്‍ അമ്മയോട് ചെറുതായിപ്പോലും ദേഷ്യപ്പെട്ടിട്ടില്ല. തികഞ്ഞ ആദരവോടും സ്‌നേഹത്തോടുംകൂടി മാത്രമേ പെരുമാറുകയും ചെയ്തിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍..
സനല്‍ വീണ്ടും ബെഞ്ചമിനു നേരേ തിരിഞ്ഞു.
''കഴിക്കെടാ. മര്യാദയ്ക്ക് അതെടുത്ത് കഴിക്ക്. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കൊണ്ടുവന്ന് മുമ്പിലോട്ടു വച്ചുകൊടുക്കുമ്പോള്‍ അവന്റെ അഹങ്കാരം കണ്ടില്ലേ. പിന്നെ വേറെയാര് നിനക്ക് വച്ചുവിളമ്പിത്തരുമെന്നാടാ നീ വിചാരിക്കുന്നെ? നാളെമുതല്‍ ഇതും വാങ്ങിക്കൊണ്ടുവരുന്നില്ല. നാലുനേരോം ചോറും അച്ചാറും. നിന്നെ മര്യാദ പഠിപ്പിക്കാമോയെന്ന് ഞാനൊന്ന് നോക്കട്ടെ.'' സനല്‍ വേഗം ചെന്ന് ഒരു ചൂരല്‍വടിയെടുത്തുകൊണ്ടുവന്നു. ബെഞ്ചമിന്റെ കണ്ണുകളില്‍ ഭയം നിറഞ്ഞു. പപ്പ അവനെ അടിച്ചതായി ഓര്‍മയില്‍ പോലും ഇല്ല. വല്ലപ്പോഴുമെങ്കിലും സ്മിതയായിരുന്നു കുട്ടികളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നത്. അപ്പോഴെല്ലാം ഇടയില്‍ കയറിനിന്ന് കുട്ടികളെ രക്ഷിച്ചെടുക്കുകയായിരുന്നു സനല്‍. അങ്ങനെയുള്ള പപ്പയാണ് ഇപ്പോള്‍ ദേഷ്യപ്പെടുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ആദ്യത്തെ സംഭവമായിരുന്നു.
''പപ്പാ.'' ദയ അവിടേക്കു വന്നു.
''പപ്പയെന്നാത്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ. ഞാന്‍ അവനെ ഭക്ഷണം കഴിപ്പിച്ചോളാം.''
''നിനക്കു പഠിക്കാനൊന്നുമില്ലേ. ആറേഴു വയസായി. എന്നിട്ടും സ്വന്തമായി വാരിത്തിന്നാന്‍ അറിയേല. ഇന്നുമുതല്‍ നീ സ്വന്തമായി ഭക്ഷണം വാരിക്കഴിച്ചോളണം. എന്നിട്ട് പാത്രോം കഴുകിവച്ചോണം.''
''അവന്‍ കൊച്ചല്ലേടാ. പാത്രമൊക്കെ കഴുകിവയ്ക്കാന്‍ അവനറിയോ.''
അന്നാമ്മ ചോദിച്ചു.
''അമ്മച്ചി ഇതിലിടപെടരുത്.'' സനല്‍ അന്നാമ്മയ്ക്കു നേരേ ചൂണ്ടുവിരലുയര്‍ത്തി.
''ഒരു കൊച്ച്. ഈ കൊച്ചാ നാളെ വളരുന്നെ. കൊഞ്ചിച്ചും ലാളിച്ചും വളര്‍ത്തി അവസാനം മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്തവനാക്കും എല്ലാരുംകൂടി. എന്റെ വിധി  നാളെ എന്റെ മകനുണ്ടാകരുത്. ആരില്ലെങ്കിലും ആരെയും ആശ്രയിക്കാതെ അവന്‍ ജീവിക്കാന്‍ പഠിക്കണം. അല്ലാതെ.''
സനലിന്റെ വാക്കുകളെ ഇടര്‍ച്ച ബാധിച്ചു.  അയാള്‍ ചൂരല്‍ നിലത്തേക്കു വലിച്ചെറിഞ്ഞ്, കണ്ണുനിറഞ്ഞു കിടപ്പുമുറിയിലേക്കു നടന്നു. അന്നാമ്മ പുതിയൊരാളെ കാണുന്നതുപോലെ  സനലിനെ നോക്കിനിന്നു.
ബെഞ്ചമിന്‍ ശബ്ദമില്ലാതെ കരയുകയായിരുന്നു അപ്പോള്‍. ഉറക്കെ കരയാന്‍ അവനു പേടിയായിരുന്നു. പുതിയൊരു പപ്പയാണു മുമ്പില്‍. അവന്‍ ഏങ്ങലടിച്ചുകൊണ്ട് ഭക്ഷണപാത്രം മുമ്പിലേക്ക് എടുത്തുവച്ചു. ദയയ്ക്കു സഹിക്കാനായില്ല. അവള്‍ ഓടിച്ചെന്ന് അവനെ കെട്ടിപ്പുണര്‍ന്നു.
''എന്റെ മോന്‍ കരയാതെ. കരയാതെ.'' അങ്ങനെ പറയുമ്പോള്‍ ദയയും കരയുന്നുണ്ടായിരുന്നു.
''അമ്മയില്ലാത്തോണ്ടല്ലേ. നമ്മുക്ക് അമ്മയില്ലാത്തോണ്ടല്ലേ.'' ബെഞ്ചമിന്‍ കരഞ്ഞു.  കരഞ്ഞുകൊണ്ട്  അവന്‍ ദയയോടു ചോദിച്ചു.
''നമ്മുടെ അമ്മ എന്നാത്തിനാ ചേച്ചി മരിച്ചുപോയെ? അമ്മ മരിച്ചുപോകണ്ടായിരുന്നു. അമ്മ മരിച്ചുപോകണ്ടായിരുന്നു. അല്ലേ ചേച്ചി...അമ്മേ...'' ബെഞ്ചമിന്‍ ഉറക്കെക്കരഞ്ഞു
(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)