•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

     
ചാത്തംകഴിഞ്ഞ് കുഞ്ഞച്ചനും കൂട്ടരും മടങ്ങുമ്പോഴേക്കും വെയില്‍ ചായാനൊരുങ്ങുകയായിരുന്നു. കപ്യാരും കുഞ്ഞച്ചനും പാടവരമ്പിലൂടെ തെങ്ങിന്‍തോപ്പിലേക്കു കയറി. തെങ്ങിന്‍തോപ്പിലെ ഒറ്റയടിപ്പാതയിലൂടെ കതിരന്റെ വീട്ടിലേക്കു നടന്നു. 
ഇത് എത്രാമത്തെ തവണയാണു കതിരന്റെ വീട്ടിലേക്കെത്തുന്നതെന്നു കുഞ്ഞച്ചന്‍ ചിന്തിച്ചു. നിശ്ചയമില്ല. എട്ടോ പത്തോ... ഒരുപക്ഷേ, അതിലുമേറെയായിക്കാണും.
പലപ്പോഴും കൂരയിലെത്തിയാല്‍ കതിരനെയും കുടുംബത്തെയും കാണാറില്ല. ഒന്നുകില്‍ അവര്‍ ജോലിസ്ഥലത്തായിരിക്കും. അല്ലെങ്കില്‍ കുഞ്ഞച്ചനെ അകലെനിന്നു കാണുമ്പഴേ കുടിലില്‍നിന്ന് ഇറങ്ങിമാറും. 
ഇന്ന് ഏതായാലും കതിരനെയും കുടുംബത്തെയും കണ്ടിട്ടുതന്നെ കാര്യമെന്ന് കുഞ്ഞച്ചന്‍ തീരുമാനിച്ചു. എത്ര മിനക്കെട്ടാലും ശരി അവരെ കാണാതെ മടക്കമില്ല.
പക്ഷേ, തെങ്ങിന്‍പുരയിടത്തിലൂടെ നടന്നുവരുന്ന കുഞ്ഞച്ചനെയും കപ്യാരെയും കതിരന്‍ അകലെനിന്നേ കണ്ടു. അയാള്‍ ഭാര്യയോടു പറഞ്ഞു:
''എടീയേ, ദേ ആ കത്തനാര് പിന്നേം വരുന്നുണ്ട്.'' 
വാതില്‍പ്പഴുതിലൂടെ കതിരന്റെ ഭാര്യ എത്തിനോക്കി. എന്നിട്ടു ചോദിച്ചു: 
''ഇനീപ്പോ എന്നാ ചെയ്യും...''
''വഴീണ്ട്. നീ വാ...''
അവര്‍ കൂരയുടെ പിന്‍വാതിലിലൂടെ പുറത്തേക്കിറങ്ങി. അതായിരുന്നു അവരുടെ പതിവ്. കുഞ്ഞച്ചനെ കാണുമ്പഴേ പിന്‍വാതിലിലൂടെ എവിടേക്കെങ്കിലും രക്ഷപ്പെടും.
പക്ഷേ, ഇത്തവണ അവര്‍ക്കു രക്ഷപ്പെടാന്‍ പറ്റിയില്ല. വീടിന്റെ പിന്‍പുറത്ത് ഉപദേശിയെക്കണ്ട് അവര്‍ ഞെട്ടിപ്പോയി. ഉപദേശിയുടെ മുഖം അത്ര പ്രസന്നമല്ലെന്നു കതിരന്‍ കണ്ടു.
രക്ഷപ്പെടാന്‍ പറ്റാത്തതിലുള്ള ജാള്യത്തോടെ അവര്‍ കൂരയിലേക്കു തിരിച്ചുകയറി.
അപ്പോഴേക്കും കുഞ്ഞച്ചനും കപ്യാരും കുടിലിനു മുന്‍പിലെത്തിക്കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ കതിരന്‍ ഇറങ്ങിവന്നു. കുഞ്ഞച്ചന്‍ എന്തെങ്കിലും ചോദിക്കുന്നതിനുമുന്‍പേ കതിരന്‍ പറഞ്ഞു: ''ഈ കുഞ്ഞച്ചനെക്കൊണ്ട് ഏങ്കള് മടുത്തല്ലോ. ഏങ്കള് നാളെ പള്ളീ വന്നേക്കാവേ...''
കുഞ്ഞച്ചന്‍ പിന്നീടൊരക്ഷരം മിണ്ടിയില്ല. തിരിച്ചുനടന്നു. ഒപ്പം കപ്യാരും ഉപദേശിയും. ഉപദേശിക്ക് അപ്പോഴും സംശയമുണ്ടായിരുന്നു. കതിരനും കുടുംബവും നാളെ പള്ളിയില്‍ വരുമോ? ഇതിനു മുന്‍പും കതിരന്‍ അങ്ങനെ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, പള്ളിയില്‍ വന്നില്ല. ഇക്കുറിയും അവന്‍ വാക്കുപാലിക്കാനിടയില്ല. 
''കതിരന്‍ നാളെ പള്ളിയില്‍ വരുമെന്ന് എനിക്കു വിശ്വാസമില്ലച്ചോ...'' ഉപദേശി പറഞ്ഞു.
''എനിക്ക് വിശ്വാസമുണ്ട്.'' കുഞ്ഞച്ചന്‍ പറഞ്ഞു.
അവര്‍ തെങ്ങിന്‍പുരയിടവും പാടവും കടന്ന് പ്രധാനനിരത്തിലെത്തിയപ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ കുഞ്ഞച്ചന്റെ സമീപത്തേക്ക് ഓടിവന്നത്.
''കുഞ്ഞച്ചനെ കാണാന്‍ ഞങ്ങള് പള്ളീലേക്കു വരികയായിരുന്നു. ഇടയ്ക്കുവച്ച് കണ്ടതു ഭാഗ്യമായി.''
''എന്താ കാര്യം...?''
''ഞങ്ങളൊരു മൂരിയെ വാങ്ങീതാ കുഞ്ഞച്ചാ. ഇടയ്ക്കു വച്ച് അവനൊരു വെകിളി. കൊണ്ടുപോരാന്‍ പറ്റുന്നില്ല. എടഞ്ഞുനില്ക്കുവാ...''
ചെറുപ്പക്കാര്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്കു കുഞ്ഞച്ചന്‍ നോക്കി. നിരത്തിന്റെ അങ്ങേത്തലയ്ക്കല്‍ മൂരി നില്പുണ്ട്. രണ്ടുമൂന്നു ചെറുപ്പക്കാരും.
''അതിനിപ്പോ ഞാനെന്തു ചെയ്യാനാ...''
''കുഞ്ഞച്ചന്‍ വിചാരിച്ചാലവനടങ്ങും. അല്ലേല് ഞങ്ങള് വിഷമിക്കും. വെല്യ വില കൊടുത്തു വാങ്ങീതാ കുഞ്ഞച്ചാ...''
കുഞ്ഞച്ചന്‍ മൂരിയുടെ അടുത്തേക്കു ചെന്നു. ഒരു കെടാകെണ്ടന്‍ മൂരി. ഒരു കാട്ടുപോത്തിന്റെ വലിപ്പമുണ്ട്. അവന്‍ ഇടച്ചിലോടെ മുക്രയിട്ട് വഴിയോരത്തെ പൊന്തയുടെ അടുത്തു നില്പുണ്ട്. അതിന്റെ കഴുത്തില്‍ കെട്ടിയ കയറിന്‍തുമ്പില്‍ പിടിച്ച് രണ്ടുമൂന്നു ചെറുപ്പക്കാരും...
ഒരുനിമിഷം കുഞ്ഞച്ചന്‍ ശങ്കിച്ചുനിന്നു. അവന്റെ കാറ്റടിച്ചാല്‍ മതി ആരും തെറിച്ചുപോകും. അത്രയ്ക്കു കരുത്തനാണവന്‍.
ചെറുപ്പക്കാര്‍ നിസ്സഹായതയോടെ കുഞ്ഞച്ചനെ നോക്കി. എന്തു ചെയ്യും? കുഞ്ഞച്ചന്‍ ചിന്തിച്ചു. ഈ കാളക്കൂറ്റനെ എങ്ങനെ മെരുക്കും...?
കുഞ്ഞച്ചന്റെ മുന്‍പില്‍ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. അത് അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും വഴിയായിരുന്നു.
കുഞ്ഞച്ചന്‍ അകലെനിന്ന് ആ കാളക്കൂറ്റനെ ആശീര്‍വദിച്ചു. എന്നിട്ട് ചെറുപ്പക്കാരോടു പറഞ്ഞു: ''പേടിക്കേണ്ട. അവനെന്റെ പിന്നാലെ പോരട്ടെ.''
കുഞ്ഞച്ചന്‍ തിരിഞ്ഞുനടന്നു. കാള ഒന്നടങ്ങിയതുപോലെ തോന്നി. അവന്‍ തലകുലുക്കി വാലൊന്നു വീശി അനങ്ങിനിന്നു.
ഛ്...ഛ്... ചെറുപ്പക്കാര്‍ അവന്റെ പിന്നില്‍നിന്നു ശബ്ദം വച്ചു. കാള അനുസരണയുള്ള കുട്ടിയെപ്പോലെ കുഞ്ഞച്ചനെ അനുഗമിച്ചു. 
രാമപുരത്ത് എത്തുമ്പോഴേക്കും പടിഞ്ഞാറ്റിയില്‍ ചെമ്മാനം പൂത്തിരുന്നു. ഉപദേശി രാവിലെ എത്തിക്കോളാമെന്നു പിരിഞ്ഞു. കപ്യാരും കുഞ്ഞച്ചനും പള്ളിയിലേക്കു നടന്നു.
പള്ളിമുറ്റത്ത് എത്തുമ്പോഴുണ്ട് രണ്ടുമൂന്നു പേര്‍ കാത്തുനില്ക്കുന്നു. എല്ലാവരും പരിചയമുള്ളവര്‍. എന്തോ പ്രശ്‌നമുണെ്ടന്നു കുഞ്ഞച്ചനു മനസ്സിലായി. ആരുടെയെങ്കിലും മരണമോ ആര്‍ക്കെങ്കിലും അസുഖമോ എന്നു കണക്കുകൂട്ടി കുഞ്ഞച്ചന്‍.
പക്ഷേ, അതൊന്നുമായിരുന്നില്ല. റോസമ്മ എന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നു. അമ്പരപ്പുളവാക്കുന്നതായിരുന്നു ആ വാര്‍ത്ത.
പിഴകുകാരിയായിരുന്നു റോസ. ഹരിജന്‍സമുദായത്തില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവള്‍. ഭര്‍ത്താവ് പൗലോസ് രാമപുരത്തുകാരന്‍. അവനും പരിവര്‍ത്തിതന്‍.
പക്ഷേ, എന്താണ്, എങ്ങനെയാണ് ഇതു സംഭവിച്ചതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അത് അന്വേഷിച്ചറിയുന്നതിനായി കുഞ്ഞച്ചനും സംഘവും ഒരുമ്പെട്ടിറങ്ങി.
അപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലായത്. കല്യാണംകഴിഞ്ഞ നാളുകള്‍മുതല്‍ത്തന്നെ റോസമ്മയും പൗലോസും ഇഷ്ടക്കേടിലായിരുന്നു. അത് മണത്തറിഞ്ഞ ഒരു ചെറുപ്പക്കാരന്‍ അവളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. അവളെ പറഞ്ഞുമയക്കി കൂട്ടുകാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഏറ്റുമാനൂര് ഒരു സ്ഥലത്തു പാര്‍പ്പിച്ചിരിക്കുന്നു.
കാര്യങ്ങളറിഞ്ഞപ്പോള്‍ കുഞ്ഞച്ചനു വിഷമമായി. കര്‍ത്താവിന്റെ നാമത്തില്‍ ഒന്നായവരാണ്. ശാശ്വതമായ, സ്‌നേഹനിബദ്ധമായ ഒരു കുടുംബജീവിതത്തിന് അടിത്തറ പണിയേണ്ടവര്‍. അത് ലോകത്തിന്റെ ചതിക്കുഴികളില്‍പ്പെട്ടു തകര്‍ന്നുകൂടാ. തകരുന്നത് ദൈവസഭയുടെ അസ്തിവാരംകൂടിയാണ്.
റോസമ്മ സുന്ദരിയായിരുന്നു. എണ്ണക്കറുമ്പി. മദാലസ. അവളുടെ വടിവൊത്ത ശരീരം യൗവനത്തുടിപ്പുകളാല്‍ സമൃദ്ധമായിരുന്നു. അവളുടെ നീണ്ടിടംപെട്ട മിഴികളില്‍ അഭിലാഷങ്ങളുടെ ഒരു കടല്‍ കിടന്നിളകിയിരുന്നു.
അവള്‍ വെടിപ്പായി വസ്ത്രം ധരിക്കുന്നവളും വൃത്തിയുള്ളവളും ആയിരുന്നു. അവള്‍ നടക്കുമ്പോള്‍ സുഗന്ധം പ്രസരിക്കും. വാസനസോപ്പും ചാന്തും പൗഡറും അവളുടെ ശരീരത്തിനു സുഗന്ധം ചേര്‍ത്തു. കരിമഷിയെഴുതിയ കണ്ണുകളില്‍ കാമത്തിന്റെ ഒരു കൊടി പാറിയിരുന്നു സദാനേരവും. അവള്‍ അവളുടെ ശരീരത്തെയും അവളുടെ കാമനകളെയും സ്‌നേഹിച്ചു. ലോകത്തിന്റെ പ്രലോഭിതസ്വപ്നങ്ങളില്‍ അവളുടെ മനസ്സ് പാറിനടന്നു.
ഭര്‍ത്താവ് പൗലോസ് നേരേ വിപരീതവും. മുതലാളന്റെ പണിയിടങ്ങളില്‍ വല്ലപ്പോഴും വേലയ്ക്കുപോകും. കിട്ടുന്ന നാമമാത്രമായ കാശിന് കള്ളുകുടിക്കും. അലക്കും കുളിയും വല്ലപ്പോഴും മാത്രം. അവന്‍ ചിരിക്കുമ്പോള്‍ മുറുക്കാന്‍കറ വീണ പല്ലുകള്‍ കാണാനാവും. പൗലോസ് അടുത്തുവരുമ്പോള്‍ കള്ളിന്റെയും വിയര്‍പ്പിന്റെയും പുകയിലയുടെയും നാറ്റമുണ്ടാകും. റോസമ്മയ്ക്ക് അതൊന്നും ഇഷ്ടമായിരുന്നില്ല. 
റോസമ്മയെ കൊണ്ടുപോയി പാര്‍പ്പിച്ചിരുന്ന സ്ഥലം ഇഞ്ചുതെറ്റാതെ ഒന്നുകൂടി അന്വേഷിച്ചറിഞ്ഞ കുഞ്ഞച്ചന്‍ ഒരു പകല്‍കൂടി കാത്തു. രാത്രി എന്തിനും പോന്ന നാലഞ്ചു ചെറുപ്പക്കാരോടൊപ്പം ഏറ്റുമാനൂര്‍ക്കു തിരിച്ചു.
ഉദ്വേഗജനകമായിരുന്നു ആ നിമിഷങ്ങള്‍. വണ്ടി ഏറ്റുമാനൂര് അടുക്കുംതോറും ചെറുപ്പക്കാരില്‍ ഭയം കൂടുകെട്ടാന്‍ തുടങ്ങിയിരുന്നു.
പക്ഷേ, ഇത്തിരിപ്പോന്ന കുഞ്ഞച്ചന് ഒരു കുലുക്കവുമില്ല. ഒരു വിനോദയാത്രയിലെന്നവണ്ണം പുറത്തെ ഇരുള്‍ക്കാഴ്ചയില്‍നോക്കി ജീപ്പിന്റെ പിന്‍സീറ്റിലിരുന്നു.
ഏറ്റുമാനൂരെത്തിയപ്പോള്‍ ചെറുപ്പക്കാരിലൊരാള്‍ ചോദിച്ചു:
''കുഞ്ഞച്ചാ, കാര്യങ്ങള്‍ കുഴപ്പമാകുമോ...''
''ധൈര്യമായിട്ടിരിക്ക്. നിങ്ങളായിട്ട് കുഴപ്പങ്ങളൊന്നുമുണ്ടാക്കാതിരുന്നാല്‍ മതി!''
റോസമ്മയെ പാര്‍പ്പിച്ചിരുന്ന വീടിനല്പമകലെ ജീപ്പ് നിറുത്തി കുഞ്ഞച്ചന്‍ ചെറുപ്പക്കാരോടു പറഞ്ഞു: ''റോസമ്മയെയുംകൊണേ്ട നമ്മള്‍ മടങ്ങൂ. അതിനുവേണ്ടി ഒരു കയ്യാങ്കളി വേണ്ടി വന്നാലും കുഴപ്പമില്ല. നിങ്ങള് വാ!''
ചെറുപ്പക്കാര്‍ ധൈര്യം സംഭരിച്ചു. കുഞ്ഞച്ചന്‍ തങ്ങളോടൊപ്പമുണെ്ടന്നുള്ളത് ഒരു ഊര്‍ജ്ജവര്‍ദ്ധക ഔഷധംപോലെയായിരുന്നു. അവര്‍ ഇരുട്ടിന്റെ മറവില്‍ വീടു വളഞ്ഞു. അകത്ത് വെളിച്ചവും ആളനക്കവുമുണെ്ടന്നു ജാലകപ്പഴുതിലൂടെ അവര്‍ കണ്ടു. 
കുഞ്ഞച്ചന്‍ വീടിന്റെ മുന്‍വാതിലില്‍ മുട്ടി. ഒന്നല്ല പലതവണ.
പൊടുന്നനേ അകത്ത് വെളിച്ചമണഞ്ഞു. അകത്തുള്ളവര്‍ കാതുകൂര്‍പ്പിച്ചു. പുറത്ത് പതുങ്ങിയ പാദപതനശബ്ദങ്ങള്‍. അടക്കിപ്പിടിച്ച സംസാരം. അവര്‍ അപകടം മണത്തു. പൊടുന്നനേ പിന്‍വാതില്‍ തുറന്ന് അവര്‍ ഇരുട്ടിന്റെ മറവിലേക്ക് ഓടിമറഞ്ഞു.
കുഞ്ഞച്ചന്റെ യോദ്ധാക്കള്‍ അകത്തു കയറി. ടോര്‍ച്ചുവെളിച്ചത്തില്‍ അവര്‍ കണ്ടു. വിറച്ചു വിറങ്ങലിച്ച് വിളറിയ മുഖവമായി റോസമ്മ നില്ക്കുന്നു. അവള്‍ മരണത്തെ മുഖാമുഖം നോക്കിക്കാണുന്നതുപോലെ തോന്നി. അവര്‍ മുന്‍വാതിലിന്റെ ഓടാമ്പല്‍ നീക്കി. കുഞ്ഞച്ചന്‍ അകത്തുകടന്നു.
''വന്നു വണ്ടിയില്‍ കേറ്.'' കുഞ്ഞച്ചന്‍ അത്രമാത്രം റോസമ്മയോടു പറഞ്ഞു.
റോസമ്മ ശബ്ദിച്ചില്ല. വിസമ്മതിച്ചില്ല. അനുസരണയോടെ ജീപ്പില്‍ കയറി.
മടക്കയാത്രയില്‍ ആരും ഒന്നും സംസാരിച്ചില്ല. വണ്ടിയുടെ മുരള്‍ച്ചയും റോസമ്മയുടെ തേങ്ങലുകളും മാത്രം ഉയര്‍ന്നുതാണു.
രാത്രി സാന്ദ്രമായിരുന്നു. ആകാശം മേഘാവൃതമായിരുന്നു. അത് ഉഷ്ണം പെയ്തുകൊണ്ടിരുന്നു. ഒരു കാറ്റുപോലും എവിടെനിന്നും വീശിയില്ല.
റോസമ്മ ആകെ കലങ്ങിമറിഞ്ഞിരുന്നു. കൊലമരത്തിലേക്ക് എന്നപോലെയായിരുന്നു അവള്‍ക്ക് ആ യാത്ര. തന്നെ എവിടേക്കാണു കൊണ്ടുപോകുന്നതെന്നോ എന്താണ് കുഞ്ഞച്ചനും കൂട്ടരും തന്നോടു ചെയ്യുകയെന്നോ റോസമ്മയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല.
ഭയം ഒരു നിശാവസ്ത്രംപോലെ അവളെ ഗ്രസിച്ചിരുന്നു. അവള്‍ വിറങ്ങലിച്ച ശരീരത്തോടും ആശങ്കകള്‍ തിരമറിയുന്ന മനസ്സോടും ജീപ്പില്‍ നിശ്ശബ്ദം ഇരുന്നു.
എവിടെയോ വണ്ടി നിന്നു. അത് എവിടെയാണെന്നു നിശ്ചയമുണ്ടായിരുന്നില്ല.
''റോസമ്മ ഇറങ്ങ്.'' കുഞ്ഞച്ചന്‍ പറഞ്ഞു.
ചെറുപ്പക്കാര്‍ക്കു പിന്നാലെ റോസമ്മ ഇറങ്ങി. കുഞ്ഞച്ചന്‍ ടോര്‍ച്ച് മിന്നിച്ച് മുന്‍പില്‍ നടന്നു. കുഞ്ഞച്ചനു പിന്നാലെ റോസമ്മയും ചെറുപ്പക്കാരും.
താമസംവിനാ ഒരു ഒറ്റമുറിവീടിന്റെ വാതില്‍ തുറന്ന് കുഞ്ഞച്ചന്‍ അകത്തുകയറി വെട്ടം തെളിച്ചു.
''ഇന്ന് റോസമ്മ ഇവിടെ കെടന്നുറങ്ങ്....'' കുഞ്ഞച്ചന്‍ പറഞ്ഞു. റോസമ്മ അമ്പരന്നു. അവളുടെ ഭയം ഇരട്ടിച്ചു. അവള്‍ വിളറി. വിറച്ചു.
''പേടിക്കണ്ട. വെളുക്കുംവരെ ഇവര്‍ പുറത്തു കാവലുണ്ടാകും.''പിന്നെ പുറത്തുനിന്നു വാതില്‍പൂട്ടി ചെറുപ്പക്കാരില്‍ രണ്ടു പേരോട് കുഞ്ഞച്ചന്‍ പറഞ്ഞു:
''പുറത്ത് നിങ്ങള്‍ കാവലുണ്ടാകണം. നാളെ ഞങ്ങളു വരുന്നതു വരെ.''
അവര്‍ സമ്മതിച്ചു. ബാക്കി രണ്ടുപേരെയും കൂട്ടി കുഞ്ഞച്ചന്‍ പള്ളിയിലേക്കു തിരിച്ചു. രാമപുരത്ത് പള്ളിമൈതാനത്തിനു താഴെ ജീപ്പ് നിറുത്തി.
''രാവിലെ നിങ്ങള്‍ പള്ളിയിലേക്കു വരണം കാര്യമുണ്ട്.'' ചെറുപ്പക്കാര്‍ എന്തിനും തയ്യാറായിരുന്നു. അവര്‍ പറഞ്ഞു: ''ഞങ്ങള് വരാം കുഞ്ഞച്ചാ.'' പിന്നെ അവര്‍ ഇരുട്ടു നീന്തി. അവരവരുടെ വീടുകളിലേക്ക്.
കുഞ്ഞച്ചന്‍ പള്ളിമുറിയിലെത്തി. ചെറുതായൊന്നു കുളിച്ചു. ശരീരത്തിന് ഒരു തണുപ്പ്. ഒരു കുളിര്‍മ്മ. ഒരു ഗ്ലാസ് കാപ്പിയുണ്ടാക്കിക്കുടിച്ചു. നേരിയൊരു ഉന്മേഷം. 
ഇനി ഉറങ്ങാനുള്ള നേരമില്ല. ശരീരത്തിന്റെ സന്ധിബന്ധങ്ങളില്‍ നൊമ്പരമനുഭവപ്പെടുന്നു. ജീപ്പിലിരുന്ന് കുണ്ടുംകുഴിയും ചാടി യാത്ര ചെയ്തതുകൊണ്ടാവാം. നേരിയ തലവേദന തോന്നുന്നു.
എങ്കിലും കുഞ്ഞച്ചന്‍ ഇത്തിരിനേരം കിടക്കാമെന്നു കരുതിയില്ല. ജപമാലയെത്തിക്കാനാരംഭിച്ചു. ഒരു വട്ടമല്ല. രണ്ടുമൂന്നുവട്ടം. അപ്പോഴേക്കും കിഴക്കന്‍ചക്രവാളത്തില്‍ പുലരി പൂത്തു.
കുഞ്ഞച്ചന്‍ പള്ളിയിലേക്കു നടന്നു. കുമ്പസാരവും കുര്‍ബാനയും കഴിഞ്ഞിറങ്ങുമ്പോഴേക്കും ചെറുപ്പക്കാര്‍ രണ്ടുപേരും പള്ളിമുറ്റത്തെത്തിയിരുന്നു. അവരോടു കുഞ്ഞച്ചന്‍ പറഞ്ഞു: 
''നമുക്ക് പൗലോസിന്റെ മാടം വരെ ഒന്നു പോകണം.''
ചെറുപ്പക്കാരോടൊപ്പം ഉപദേശിയും ചേര്‍ന്നു. അവര്‍ പൗലോസിന്റെ കൂരയ്ക്കു മുന്‍പിലെത്തി വിളിച്ചു:
''പൗലോസേ...''
ഭാഗ്യം, പൗലോസ് അവിടെയുണ്ടായിരുന്നു. അയാള്‍ ഇറങ്ങിവന്നു. പിന്നാലെ അയാളുടെ അപ്പനും അമ്മയും.
പൗലോസ് ആകെ മുഷിഞ്ഞിരുന്നു. അശരണനായ ഒരാത്മാവായിരുന്നു അവനപ്പോള്‍. ചിറകുകള്‍ തളര്‍ന്നുപോയ, ആകാശം നഷ്ടപ്പെട്ട ഒരു പക്ഷി. അവന്‍ വല്ലാതെ വ്യഥിതനാണെന്ന് കുഞ്ഞച്ചന്‍ കണ്ടു. എങ്കിലും കുഞ്ഞച്ചന്‍ ചോദിച്ചു: ''എവിടെ നിന്റെ കെട്ടിയോള്...?''
ഒരു വാള്‍ വന്ന് അവന്റെ ഹൃദയത്തെ പിളര്‍ന്നുകളഞ്ഞു. അമര്‍ത്തിപ്പിടിച്ച ഒരു തേങ്ങല്‍ ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്കു തൂവിപ്പോയി. എങ്കിലും അതടക്കിപ്പിടിക്കാന്‍ അവന്‍ വൃഥാ പണിപ്പെട്ടു.
പൗലോസിന് റോസമ്മയെ ഇഷ്ടമായിരുന്നു. ആദ്യമായി കണ്ടപ്പോള്‍ത്തന്നെ അയാള്‍ക്ക് അവളെ ഇഷ്ടമായി. പൗലോസിനു മാത്രമല്ല ആര്‍ക്കും റോസമ്മയെ ഇഷ്ടമാകും. അത്രയ്ക്കുണ്ടായിരുന്നു അവളുടെ ചന്തം.
കല്യാണം കഴിഞ്ഞ് ഓരോ ദിവസം കഴിയുംതോറും അവനു ബോധ്യം വന്നുകൊണ്ടിരുന്നു. താന്‍ റോസമ്മയ്ക്കു ചേര്‍ന്നവനല്ലെന്ന്. റോസമ്മയുടെ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു ഭര്‍ത്താവാകാന്‍ തനിക്കു കഴിയുകയില്ലെന്ന്.
മേടയിലെ കൊച്ചുതമ്പ്രാട്ടിയുടെ മട്ടും ഭാവവുമായിരുന്നു റോസമ്മയ്ക്ക്. അവള്‍ വേലയ്ക്കു പോകാറില്ല. ദേഹത്തു മണ്ണുപുരളുന്നത് റോസമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.
ദിവസവും രണ്ടുനേരം റോസമ്മ കുളിക്കും. തോട്ടിറമ്പിലെ കൈതോലക്കടവില്‍ അരമുണ്ട് മാത്രം ചുറ്റി അവള്‍ മുങ്ങിനിവരും. കുളിക്കുമ്പോഴും കുളികഴിഞ്ഞും റോസമ്മയില്‍നിന്നു വാസനസോപ്പിന്റെ സുഗന്ധം പ്രസരിക്കും. ചാന്ത്കുത്തി, കണ്ണെഴുതി, സുഗന്ധം വിതറി റോസമ്മ പകല്‍നേരങ്ങളില്‍ കുന്നിന്‍ചെരുവിലെ ഇടവഴികളിലൂടെ നടക്കും.
അവളുടെ സുഗന്ധത്തില്‍, അവളുടെ മെയ്യഴകില്‍, അവളുടെ കണ്ണേറില്‍ താഴ്‌വര മയങ്ങി. താഴ്‌വരയിലെ ചെറുപ്പക്കാരും.

 

Login log record inserted successfully!