വണ്ടിയില്‍നിന്നു പുറത്തേക്കിറങ്ങിയത് ഫാ. സെബാസ്റ്റ്യനും ഫാ. മാത്യുവും അലോഷ്യസുമായിരുന്നു. സനല്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലാണ് ഫാ. സെബാസ്റ്റ്യന്‍. മാനേജരാണ് ഫാ. മാത്യു. അലോഷ്യസ് സനലിന്റെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമാണ്.
പാത്രത്തിലേക്കിട്ട കരം സനല്‍ പിന്‍വലിച്ചു. പാത്രം അയാള്‍ രോഷ്‌നിക്കു നേരേ നീട്ടി. രോഷ്‌നി ഒരു ദീര്‍ഘനിശ്വാസത്തോടെ അതു വാങ്ങി അടുക്കളയിലേക്കു പോയി. സനല്‍ എണീറ്റു ചെന്ന് അതിഥികളെ സ്വീകരിച്ചു.
''ഗുഡ് ഈവനിങ്'' ദയ അച്ചന്മാര്‍ക്കും അലോഷ്യസിനും നേരേ കൈകള്‍ കൂപ്പി
''ഗുഡ് ഈവനിങ് ദയ.'' ഫാ. സെബാസ്റ്റ്യന്‍ ദയയുടെ ശിരസ്സില്‍ തലോടി.
ബെഞ്ചമിനും അവരെ അഭിവാദ്യം ചെയ്തു.
''ഗുഡ് ഈവനിങ്ങ്.''
കൈയിലിരുന്ന മിഠായി ബോക്സ് ഫാ. മാത്യു ബെഞ്ചമിനു നേരേ നീട്ടി. ബെഞ്ചമിന്‍ അല്പം പരുങ്ങലോടെയാണ് അതു വാങ്ങിയത്.
''താങ്ക്സ് പറയ്.'' ദയ ഓര്‍മിപ്പിച്ചു.
''താങ്ക്സ്.'' ബെഞ്ചമിന്‍ ആവര്‍ത്തിച്ചു.
''മിടുക്കന്‍.'' അഭിലാഷും വൈദികരും സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.
''വാ, ചോദിക്കട്ടെ.'' ഫാ. മാത്യു കുട്ടികളെ തന്റെ അടുക്കലേക്കു വിളിച്ചു.
''പഠിക്കണ്ടേ നിങ്ങള്‍ക്ക്. എന്തുമാത്രം കാര്യങ്ങളാ ടീച്ചേഴ്സ് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. അല്ലേ സാറേ?''
പിന്തുണയ്ക്കാനായി ഫാ. മാത്യു അലോഷ്യസിനെ നോക്കി.
''പിന്നേയ്. ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. നിങ്ങടെ ഫ്രണ്ട്‌സും നിങ്ങളെ തിരക്കുന്നുണ്ട്. വേഗം സ്‌കൂളിലേക്കു വന്നേക്കണം. പപ്പയോടു പറയണം സ്‌കൂളില്‍ പോകണമെന്ന്. അതു പറയാനാ ഞങ്ങളെല്ലാവരുംകൂടി വന്നെ.'' അലോഷ്യസ് പറഞ്ഞു.
സംസാരം കേട്ടുനില്ക്കുകയായിരുന്ന സനല്‍ നെടുവീര്‍പ്പിട്ടു. അച്ചന്മാരെയും അലോഷ്യസിനെയും കണ്ടപ്പോള്‍തന്നെ അയാള്‍ അക്കാര്യം ഗ്രഹിച്ചിരുന്നു. ആരെയും കാണാതെ ആരുടെയും നോട്ടമെത്താതെ എവിടെയെങ്കിലും ഒളിച്ചിരിക്കാനാണ് സനല്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോഴിതാ അതു സാധിക്കാതെ വന്നിരിക്കുന്നു. തന്നെ പിടികൂടാന്‍ വന്നിരിക്കുന്ന ഏതോ ഭടന്മാരെപ്പോലെയാണ് അയാള്‍ക്ക് അവരെ തോന്നിയത്.
വൈദികര്‍ വന്നതറിഞ്ഞ് ജോസഫും അന്നാമ്മയുംകൂടി മുറിയിലേക്കു വല്ലവിധേനയും വന്നു.
''യ്യോ, അപ്പച്ചനും അമ്മച്ചീം കൂടി എന്തിനാ എണീറ്റ് വന്നെ. ഞങ്ങള് മുറീലോട്ടു വരുമായിരുന്നല്ലോ.'' ഫാ. സെബാസ്റ്റ്യന്‍ ചെന്ന് ഇരുവരുടെയും കൈയ്ക്കു പിടിച്ചു.
''അച്ചോ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.''
അച്ചന്‍ ഇരുവരെയും കൈപിടിച്ച് സോഫയിലേക്കിരുത്തി.
''ഞങ്ങളുടെ കുടുംബം ഇല്ലാതായച്ചോ.'' അന്നാമ്മ പെട്ടെന്ന് കരഞ്ഞുതുടങ്ങി.
''എന്റെ കുഞ്ഞ് ഇതെങ്ങനെ സഹിക്കുമെന്റെ അച്ചോ. കര്‍ത്താവ് ഇത്ര കണ്ണീച്ചോരയില്ലാത്തോനായി പോയല്ലോ.. കുഴീലോട്ടു കാലുംനീട്ടി ഇന്നോ നാളെയോ എന്നു പറഞ്ഞിരിക്കുന്ന ഞങ്ങളെ ആരെയെങ്കിലും വിളിക്കാന്‍ മേലായിരുന്നോ കര്‍ത്താവിന്.'' അന്നാമ്മ സങ്കടത്തോടെ ചോദിച്ചു.
ശരിയാണ്, മനുഷ്യന്റെ യുക്തികൊണ്ടു ചിന്തിച്ചാല്‍ അങ്ങനെയൊക്കെ തോന്നും. പക്ഷേ, ദൈവത്തിന്റെ തീരുമാനമെന്താണെന്ന്, അവിടുത്തെ മനസ്സിലെന്താണെന്ന് ആരറിയുന്നു?
ജീവിതചക്രം പൂര്‍ത്തിയാക്കിയവരാണ് ജോസഫും അന്നാമ്മയും. ഇനി അവരില്‍നിന്ന് ഈ സമൂഹത്തിനോ കുടുംബത്തിനോ പ്രത്യേകമായി ഒരു സംഭാവനയും പ്രതീക്ഷിക്കാനില്ല. അതുകൊണ്ടുതന്നെ അവരുടെ മരണം വലിയൊരു ആഘാതമോ വിടവോ സൃഷ്ടിക്കുകയില്ല. ഏറ്റവും അടുത്തുനില്ക്കുന്നവരുടെ മനസ്സില്‍ മാത്രം വേദന സൃഷ്ടിക്കാവുന്ന മരണങ്ങള്‍.
പക്ഷേ, അതുപോലെയല്ല സ്മിതയുടെ മരണം. അവളുടെ ജീവിതം പാതിപോലും എത്തിയിരുന്നില്ല. അവള്‍ കുടുംബത്തിന്റെ നാഥയായിരുന്നു. അവള്‍ക്കൊരു ഭര്‍ത്താവുണ്ടായിരുന്നു.ചിറകുമുളയ്ക്കാത്ത മക്കളുണ്ടായിരുന്നു. ഭാവിയെക്കുറിച്ച് അവള്‍ക്കൊരുപാടു സ്വപ്‌നങ്ങളുണ്ടായിരുന്നു. അവളില്‍നിന്ന് ഈ സമൂഹത്തിനും കുടുംബത്തിനും ഏറെ സംഭാവനകള്‍ ലഭിക്കാനുണ്ടായിരുന്നു. അതെല്ലാം പാതിവഴിയില്‍ അവസാനിപ്പിച്ചുകൊണ്ടാണ് സ്മിത വിടവാങ്ങിയിരിക്കുന്നത്. ആ മരണത്തെ ഉള്‍ക്കൊള്ളുക അത്ര എളുപ്പമല്ല. ദൈവത്തിന്റെ ചില തീരുമാനങ്ങള്‍ മനുഷ്യനു മനസ്സിലാവുന്ന വിധത്തിലുള്ളവയല്ല. പ്രായക്കൂടുതലുളളവര്‍ വീട്ടിലിരിക്കെ ഏറ്റവും പ്രായം കുറഞ്ഞവരെ ദൈവം മരണത്തിലൂടെ തിരികെ വിളിക്കുന്നു. രാവും പകലും അദ്ധ്വാനിച്ചിട്ടും ചിലരൊക്കെ എന്നും ദാരിദ്ര്യത്തില്‍ ജീവിക്കുമ്പോള്‍ എളുപ്പവഴിയിലൂടെ പണം സമ്പാദിച്ച ചിലര്‍ സന്തോഷത്തോടെ ജീവിക്കുന്നു. മറ്റുള്ളവരെ ചൂഷണം ചെയ്ത് അവരുടെ അദ്ധ്വാനത്തിന്റെ ഫലം കൈപ്പറ്റി ജീവിച്ചിട്ടും ചിലരുടെ ജീവിതത്തില്‍ അപകടങ്ങളൊന്നും ഉണ്ടാകുന്നില്ല. സാധാരണക്കാര്‍ അപ്പോഴൊക്കെ ചോദിക്കും, ഇതൊന്നും ദൈവം കാണുന്നില്ലേ. ദൈവം അറിയാതെയാണോ ഇതെല്ലാം?
അന്നാമ്മയുടെ വാക്കുകളുടെ മുഴക്കം ഫാ. സെബാസ്റ്റ്യന്റെ ചിന്തയില്‍ അലകളുണര്‍ത്തി. ജീവിതനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ക്കു മുമ്പില്‍ എല്ലാവരും ദൈവത്തെ ചോദ്യം ചെയ്യും. എന്തുെകാണ്ട് ഇങ്ങനെ സംഭവിക്കുന്നു. അതിനുമാത്രം താനെന്താണു പാപം ചെയ്തിരിക്കുന്നത്? എന്നാല്‍, ജീവിതനേട്ടങ്ങളുടെ മുമ്പില്‍ അവരില്‍ പലരും ദൈവത്തെക്കുറിച്ച് ആലോചിക്കുന്നതേയില്ല. നേട്ടങ്ങളെല്ലാം സ്വന്തമാക്കി അവര്‍ അഭിമാനിക്കുന്നു. നഷ്ടത്തിന്റെ പേരില്‍ ദൈവത്തെ കുറ്റം വിധിക്കുന്നവര്‍ ലാഭങ്ങളുടെ പേരില്‍ ദൈവത്തോടു കൂടുതല്‍ നന്ദിയുള്ളവരാകേണ്ടതല്ലേ. പക്ഷേ, അങ്ങനെയൊന്നു സംഭവിക്കുന്നില്ല.
''ദൈവത്തിന്റെ തീരുമാനം അതാണെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും അമ്മച്ചീ?'' ഫാ. സെബാസ്റ്റ്യന്‍ ചോദിച്ചു.
''പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളെ അംഗീകരിച്ചല്ലേ പറ്റൂ. മരണം അങ്ങനെയൊരു വിഷയമാ അമ്മച്ചി.''
പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നം. സനല്‍ ദീര്‍ഘമായി നിശ്വസിച്ചു.
''സനല്‍,'' ഫാ. മാത്യു സനലിന്റെ തോളത്ത് കൈകള്‍ വച്ചു ''ഞങ്ങളു വന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യംകൂടിയുണ്ട്. സനലിനെ സ്‌കൂള്‍ മിസ് ചെയ്യുന്നുണ്ട്.''
''എത്ര ദിവസമാ ഇങ്ങനെ ഇവിടെത്തന്നെ... പിള്ളേരേം സ്‌കൂളില്‍ വിടാതെ... സനല്‍ സ്‌കൂളിലേക്കു വാ... അവിടെ സ്റ്റുഡന്റ്‌സുമായി കഴിയുമ്പോ ഈ സങ്കടങ്ങള്‍ക്കൊക്കെ ഒരു ആശ്വാസം കിട്ടും. നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത പലതുമുണ്ട് ഈ ലോകത്തില്‍. ഇഷ്ടമുള്ളതു മാത്രമല്ല ഇഷ്ടമില്ലാത്ത പലതും ജീവിതത്തില്‍ സംഭവിക്കും. അതിനെയെല്ലാം ഫേയ്‌സ് ചെയ്യാന്‍ കഴിയണം. അവിടെയാ നമ്മുടെ കഴിവ്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും പറ്റും. എന്നാല്‍, നേരിടാന്‍ കരുത്തുളളവര്‍ക്കേ കഴിയൂ.''
അച്ചന്‍ പറഞ്ഞതൊക്കെയും സനല്‍ തലകുനിച്ചു നിന്നു കേട്ടു.
ഒരു ടീച്ചര്‍ എന്ന നിലയില്‍ സനലിന് സ്റ്റുഡന്റ്‌സിനോടും ഒരു കമ്മിറ്റ്‌മെന്റ് ഉണ്ട്. ഫാ. സെബാസ്റ്റ്യന്‍ ഓര്‍മിപ്പിച്ചു.
''എക്സാം അടുത്തുവരികയല്ലേ. പോര്‍ഷന്‍സ് കവര്‍ ചെയ്യണ്ടേ? മണ്‍ഡേമുതല്‍ സനല്‍ സ്‌കൂളിലെത്തണം. കുട്ടികളെയും കൊണ്ടുവരണം. മരിച്ചുപോയവരാരും തിരിച്ചുവരില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിക്കാതിരിക്കാനുമാവില്ല. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നവയാണ്. ഇന്നല്ലെങ്കില്‍ നാളെ. സനലിന്റെ ജീവിതത്തില്‍ അത് ഇത്തിരി നേരത്തെയായെന്നേയുള്ളൂ. സനല്‍ ഇങ്ങനെ തളര്‍ന്നിരുന്നാല്‍ ഈ കുട്ടികളുടെ കാര്യമെന്താവും. പ്രായം ചെന്ന പേരന്റ്‌സിന്റെ അവസ്ഥ എന്താകും? സനല്‍ വേണ്ടേ ഇവര്‍ക്കെല്ലാം ധൈര്യം കൊടുക്കാന്‍?''
ഫാ. മാത്യു ചോദിച്ചു.
അപ്പോഴേക്കും രോഷ്നി ചായയും മധുരപലഹാരങ്ങളുമായി എത്തി.
''ആരാ മനസ്സിലായില്ലല്ലോ...'' മാത്യു അച്ചന്‍ സംശയിച്ചു.
''തൊട്ടയല്‍വക്കത്തെ കൊച്ചാ... ഇവളാ ഇപ്പോ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നെ...''
അന്നാമ്മ അറിയിച്ചു.
''അതു നല്ല കാര്യമായി. നല്ല ചായ.'' ചായ ഊതിക്കുടിക്കവേ സെബാസ്റ്റ്യന്‍ അച്ചന്‍ അഭിനന്ദിച്ചു.
''അച്ചന്മാര് വന്നത് നന്നായി.. സനല്‍ മാഷിനോടു പറഞ്ഞുപറഞ്ഞു ഞാന്‍ മടുത്തു, വീടിന് പുറത്തേക്കും ഇറങ്ങില്ല, ആരോടും വര്‍ത്തമാനവും ഇല്ല. ഇപ്പോ ഈ വിഷയംതന്നെയാ ഞാന്‍ പറഞ്ഞോണ്ടിരുന്നെ.'' രോഷ്‌നി പറഞ്ഞു.
''നമ്മളെല്ലാവരുംകൂടി ഒരുമിച്ചുനിന്നാല്‍ സനല്‍സാറിനെ നമുക്ക് പഴയതുപോലെയാക്കാമെന്നേ.'' അച്ചന്‍ ഉറപ്പുപറഞ്ഞു.
''സനല്‍ സാറെന്താ ഒന്നും മിണ്ടാത്തത്. എന്തെങ്കിലുമൊക്കെ പറയ്.'' അലോഷ്യസ് സനലിന്റെ കൈവിരലുകള്‍ക്കിടയിലൂടെ തന്റെ വിരലുകള്‍ കോര്‍ത്തു.
''എനിക്ക്... എനിക്ക്...'' സനല്‍ തൊണ്ട തടവി. വാക്കുകള്‍ തൊണ്ടയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതുപോലെ സനലിനു തോന്നി.
''ഒക്കെ ശരിയാകും സാറേ... പതുക്കെപ്പതുക്കെ എല്ലാം നോര്‍മലാകും.''
അലോഷ്യസ് പറഞ്ഞു. അച്ചന്മാര്‍ കുറച്ചുസമയം കൂടി ചെലവഴിച്ചതിനു ശേഷമാണ് അവിടെനിന്നു യാത്രയായത്. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ സനല്‍ രോഷ്‌നിയോടു ചോദിച്ചു.
''ഇന്നേതാ ദിവസം?''
''ഇന്ന് വെളളി.''
തിങ്കളാഴ്ചയിലേക്ക് ഇനി അധികദൂരമില്ലെന്ന് സനലിനു മനസ്സിലായി. തനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുമോ.. പഴയതുപോലെ ക്ലാസെടുക്കാന്‍ കഴിയുമോ... കുട്ടികളെ എങ്ങനെ സ്‌കൂളില്‍ അയ്ക്കും? അടുക്കള ജോലികള്‍ ചെയ്യാന്‍ തനിക്ക് അറിയില്ലല്ലോ.
സനലിന്റെ മനസ്സില്‍ പലവിധ അസ്വസ്ഥചിന്തകള്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു
(തുടരും)