ഒന്നും പറയാതെ നിനക്കെങ്ങനെ പോകാന്‍ കഴിഞ്ഞു? നിന്റെ മനസ്സിലെന്തായിരുന്നു അപ്പോള്‍? നിനക്ക് എന്നെ കാണാന്‍ തോന്നിയില്ലേ.. നമ്മുടെ മക്കളെ കാണാന്‍ തോന്നിയില്ലേ?
വാടാത്ത പൂവുകള്‍ക്കിടയില്‍ വാടിയ പൂവുപോലെ ശവപ്പെട്ടിയില്‍ കിടക്കുന്ന സ്മിതയോട് സനല്‍ ചോദിച്ചു.
ഇതാണോ ജീവിതം? ഇത്രയുമേയുള്ളോ ജീവിതം? ഒന്നു കണ്ണടച്ചുതുറക്കുന്ന നിമിഷം കൊണ്ട് അതുവരെ കൂടെയുണ്ടായിരുന്ന ആള്‍ അപ്രത്യക്ഷമാകുന്നു. തിരിഞ്ഞുനോക്കുകയോ പേരുചൊല്ലി വിളിക്കുകയോ ചെയ്യുമ്പോള്‍ ഒരു മറുപടിയും കിട്ടാതെയാകുന്നു. എവിടേക്കാണു നീ പോയത്... മാനത്തേക്കോ... അതോ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളിലേക്കോ?
സനല്‍ കരം നീട്ടി അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ടിരുന്നു. അയാളുടെ ഇരുവശങ്ങളിലായി ദയയും ബെഞ്ചമിനും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.
ദയയ്ക്കു മനസ്സിലായിരുന്നു ഇനിമുതല്‍ അവളുടെ അമ്മയില്ലെന്ന്... വൈകുന്നേരം സ്‌കൂള്‍വിട്ടു വരുമ്പോള്‍ അവള്‍ക്കു കഴിക്കാന്‍ വേണ്ടുന്നതൊക്കെയും ഉണ്ടാക്കിക്കൊടുക്കുകയോ വാങ്ങിച്ചുകൊടുക്കുകയോ ചെയ്യുന്ന അമ്മയില്ലെന്ന്... അസുഖങ്ങളുടെ രാത്രികളില്‍ അവള്‍ക്കൊപ്പം ഉറക്കമിളച്ചിരുന്ന് ശുശ്രൂഷിക്കുന്ന അമ്മയില്ലെന്ന്. മിഠായികളുമായി എല്ലാ വൈകുന്നേരവും ജോലി കഴിഞ്ഞു വരാന്‍ ഇനി അമ്മയില്ലെന്ന്... പാഠപുസ്തകങ്ങളിലെ സംശയം തീര്‍ത്തുതരാനും പരീക്ഷകളുടെ ദിവസങ്ങളില്‍ ശാസിച്ചും ദേഷ്യപ്പെട്ടും കൂടെയിരുന്നു പഠിപ്പിക്കാനും ഇനി അമ്മയില്ലെന്ന്... അമ്മ പോയിരിക്കുന്നു. ഇനി അമ്മയില്ലാത്ത വീട്. അമ്മയില്ലാത്ത കുട്ടി. കരഞ്ഞുതോര്‍ന്നവളെപ്പോലെയായിരുന്നു ദയ. ഇടയ്ക്കിടെ ഏതോ ഓര്‍മയിലും ഏതോ സങ്കടത്തിലും അവള്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു.
റോഷ്നിയും സ്മിതയുടെ ബന്ധുക്കളുമൊക്കെ അവളെ സ്മിതയുടെ അരികില്‍നിന്ന് അടര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും സമ്മതിക്കാതെ അവള്‍ സ്മിതയ്ക്കരികില്‍ സനലിനോടു ചേര്‍ന്നിരുന്നു. അയാളുടെ തോളത്തു മുഖംചേര്‍ത്ത്... ഇനി പപ്പയും തനിക്ക് ഇല്ലാതാകുമോയെന്നു പേടിച്ച്... പപ്പയെയും മരണത്തിനു വിട്ടുകൊടുക്കാതിരിക്കാന്‍ സനലിനെ അവള്‍ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു...
പക്ഷേ, ബെഞ്ചമിന് മരണത്തെക്കുറിച്ച് കൃത്യമായ ബോധ്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്തോ ഇഷ്ടമില്ലാത്തതു സംഭവിച്ചിരിക്കുന്നുവെന്ന് അവനു മനസ്സിലായി. പപ്പയെ സങ്കടപ്പെടുത്തുന്ന എന്തോ ഒന്ന്... ചേച്ചിയെ സങ്കടപ്പെടുത്തുന്ന എന്തോ ഒന്ന്... താന്‍ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ കഴിയാത്തവിധത്തില്‍ അമ്മയ്‌ക്കെന്തോ സംഭവിച്ചിരിക്കുന്നുവെന്നും അവനറിയാമായിരുന്നു. അതുകൊണ്ടാണ് അവന്‍ ഇടയ്ക്കിടെ ചെന്ന് സ്മിതയെ വിളിച്ചതും പൂവും കുരിശും പിടിച്ചുകിടക്കുന്ന അവളുടെ കരങ്ങളില്‍ സ്പര്‍ശിച്ചതും.
''അമ്മാ... അമ്മാ... എണീക്കമ്മാ...''
കണ്ടുനിന്നിരുന്നവരൊക്കെ അപ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു. പാവം കുഞ്ഞ്! അവന് മരണത്തിന്റെ അര്‍ത്ഥമെന്തറിയാം? മരണം ഏല്പിക്കുന്ന മുറിവുകളെക്കുറിച്ച് എന്തറിയാം?
അന്നാമ്മയും ജോസഫും അകത്ത് കരഞ്ഞുതളര്‍ന്നു കിടക്കുകയായിരുന്നു. ഈ പ്രായത്തില്‍ ഇങ്ങനെയൊരു ആഘാതം അവര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. ഇന്നലെയോ നാളെയോ എന്ന മട്ടില്‍ തങ്ങളിലാരെങ്കിലും ഒരാള്‍ കടന്നുപോയേക്കാമെന്ന് അവര്‍ കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ജീവിച്ച് പാതിപോലും എത്തുന്നതിനുമുമ്പേ സ്മിത...
ഹോ ദൈവമേ, ഒരു കുടുംബം ആടിയുലയുന്നത് ഇങ്ങനെയൊക്കെയാണ്. കുടുംബത്തെ മുഴുവന്‍ താങ്ങിനിര്‍ത്തിയിരുന്ന ഒരാളുടെ അപ്രതീക്ഷിതമായ വിയോഗം... എന്തെങ്കിലും സൂചനകളോടുകൂടിയ മരണമായിരുന്നുവെങ്കില്‍ അതിനെ നേരിടാന്‍ മാനസികമായി ഒരുക്കങ്ങള്‍ നടത്താമായിരുന്നു. പക്ഷേ, ഇത്... രാവിലെ ജോലിക്കുപോയ ആള്‍ തിരികെ വരുന്നത് ജീവനറ്റ്... ഇതാണ് വിശുദ്ധഗ്രന്ഥം പറയുന്നത് മനുഷ്യന്‍ ഒരു പുല്‍ക്കൊടിക്കു തുല്യമാണെന്ന്... ചുടുകാറ്റടിക്കുമ്പോള്‍ അത് വാടിപ്പോകുന്നു. നിന്നിരുന്ന സ്ഥലംപോലും അതോടെ അജ്ഞാതമാകുന്നു. അതേ, ഒരു കാറ്റു കടന്നുപോകുമ്പോള്‍ ജീവിതം മറ്റെന്തൊക്കെയോ ആയി മാറുന്നു.
എന്തെല്ലാം ഓര്‍മകളാണ് മനസ്സിലേക്കു കടന്നുവരുന്നത്. കരഞ്ഞുവറ്റിയ കണ്ണുകളുമായി ഇരിക്കുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ സനല്‍ ഓര്‍മിച്ചു. സ്മിതയെ കണ്ടുമുട്ടിയ ദിനങ്ങളായിരുന്നു അയാളുടെ ഓര്‍മകളില്‍ അപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്. അന്നാമ്മയെയുംകൊണ്ടുള്ള പതിവ് ആശുപത്രിയാത്രകളിലായിരുന്നു ആദ്യമായി സ്മിതയെ കണ്ടുമുട്ടിയത്. ഫാര്‍മസിയുടെ ഇരുവശങ്ങളില്‍ വച്ചുള്ള സാധാരണമായ ഒരു കണ്ടുമുട്ടല്‍... മരുന്നു കഴിക്കേണ്ട വിധം പറഞ്ഞുകൊടുത്തുള്ള പതിവു പരിചയപ്പെടല്‍. പക്ഷേ, ആ പരിചയപ്പെടലില്‍ത്തന്നെ നെഞ്ചിനുള്ളില്‍ ഒരു കൊത്തിവലിപ്പ് അനുഭവപ്പെട്ടു. ഇവള്‍ നിനക്കുള്ളതാണെന്ന് ആരോ പറയുന്നതുപോലെ... അതുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു ഇഷ്ടം... അടുപ്പം... ജീവിക്കുന്നെങ്കില്‍ അത് ഇവളോടൊപ്പമായിരിക്കണമെന്ന ആഗ്രഹം. പതുക്കെ പ്പതുക്കെ മനസ്സുകള്‍ തമ്മില്‍ അടുത്തു. വിവാഹക്കാര്യം ധൈര്യം സംഭരിച്ച് ഒരു നാള്‍ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമാണ്, പക്ഷേ, വീട്ടില്‍ വന്ന് ആലോചിക്കണം എന്നായിരുന്നു സ്മിതയുടെ മറുപടി. സ്മിതയുടെ വീടിന്റെ സാമ്പത്തികസ്ഥിതി അത്ര ഭദ്രമൊന്നും ആയിരുന്നില്ല. എങ്കിലും തങ്ങളെക്കാള്‍ ഉയര്‍ന്ന ഒരു കുടുംബത്തിലേക്കായിരിക്കണം മകളെ വിവാഹം ചെയ്തയയ്‌ക്കേണ്ടതെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരുവനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുമില്ല.
സര്‍ക്കാര്‍ ജോലി കിട്ടാനുള്ളതാണെങ്കില്‍ കിട്ടും. പിന്നെ സര്‍ക്കാരുദ്യോഗത്തെക്കാള്‍ ഞാന്‍ നോക്കുന്നത് ആളുടെ സ്വഭാവത്തിനാ... സനല്‍സാറിന്റെ സ്വഭാവത്തിന് നൂറുശതമാനം ഉറപ്പുണ്ടെനിക്ക് എന്ന സ്മിതയുടെ ധീരപ്രഖ്യാപനമാണ് മടിച്ചുനിന്ന വിവാഹാലോചനയെ മുന്നോട്ടുകൊണ്ടുപോയതും വിവാഹത്തിലെത്തിച്ചതും. സനലിന് സഹജമായിട്ടുള്ള അലസതയെയും ഉത്സാഹക്കുറവിനെയും ഇല്ലാതാക്കി സര്‍ക്കാരുദ്യോഗസ്ഥനാക്കാന്‍വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പ്രോത്സാഹനങ്ങളും സ്മിത നടത്തിയിരുന്നു. പക്ഷേ,എന്തുകൊണ്ടോ അതൊന്നും വിജയിച്ചില്ലെന്നു മാത്രം. അതിന്റെ ഇച്ഛാഭംഗം സ്മിതയ്ക്ക് ആവോളമുണ്ടായിരുന്നു. കിട്ടുന്ന ശമ്പളത്തിന്റെ കുറവിന്റെ പേരിലല്ല, അന്തസ്സുള്ള ഒരു ശമ്പളം കൈപ്പറ്റുന്ന ഒരുവനാണ് എന്റെ ഭര്‍ത്താവ് എന്ന് വീട്ടുകാരുടെയും കൂട്ടുകാരുടെയും മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ചുനില്ക്കാനുള്ള അവസരം നഷ്ടപ്പെട്ടുപോയതോര്‍ത്തായിരുന്നു അത്.
തന്റെ ജീവിതത്തിന് എന്നും പ്രകാശവും സുഗന്ധവുമായിരുന്നു സ്മിതയെന്ന് സനലോര്‍മിച്ചു. തനിക്കുവേണ്ടി, ചാച്ചനും അമ്മച്ചിക്കുംവേണ്ടി, മക്കള്‍ക്കുവേണ്ടി... അങ്ങനെ ഉരുകിത്തീര്‍ന്ന ജീവിതം. ചില വിയോജിപ്പുകളും എതിര്‍പ്പുകളുമെല്ലാം സ്മിത ഉറക്കെ രേഖപ്പെടുത്തിത്തുടങ്ങിയതുപോലും അടുത്തയിടെയാണെന്ന് സനല്‍ ഓര്‍മിച്ചു. അതിനു മുമ്പുവരെ ഒരു വാക്കുകൊണ്ടുപോലും അവള്‍ തന്നെ എതിര്‍ത്തിരുന്നില്ല. തനിക്ക് ഏറ്റവും അനുയോജ്യയായ ഭാര്യയായിരുന്നു സ്മിത. ഇന്നലെ രാവിലെ സ്മിത പറഞ്ഞ വാക്കുകള്‍ സനലിന്റെ ഉള്ളിലേക്കു തികട്ടിയെത്തി:
''ഞാനില്ലാതാകുമ്പോ അറിയാം അതിന്റെ വില...''
ദൈവമേ അവള്‍ എന്തേ അങ്ങനെ പറഞ്ഞു? എന്തെങ്കിലും സൂചനകള്‍ അവള്‍ക്കു തോന്നിയിരുന്നോ? അനാവശ്യമായി ഇന്നലെ രാവിലെ താന്‍ സ്മിതയോടു ദേഷ്യപ്പെട്ടതോര്‍ത്ത് സനലിനു കുറ്റബോധമുണ്ടായി. ഒരിക്കലും അകന്നുപോകില്ല എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാവാം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അകാരണമായിട്ടും വഴക്കുകൂടുന്നത്. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവുന്നത്. തെറ്റാണെന്നു തോന്നിയിട്ടും മാപ്പുപറയാന്‍ സന്നദ്ധമാകാത്തത്.
''എന്റെ കുഞ്ഞ് ഇതൊക്കെ എങ്ങനെ സഹിക്കുമെന്റെ കര്‍ത്താവേ...'' അന്നാമ്മയുടെ പതംപറച്ചിലുകള്‍ പുറത്തേക്കു വന്നുകൊണ്ടിരുന്നു. സ്മിത മരിച്ചുവെന്നതിനെക്കാളേറെ അവരെ തളര്‍ത്തിയത് തന്റെ മകന് ഭാര്യയില്ലാതായിരിക്കുന്നുവെന്നതായിരുന്നു. അവന്‍ ഇനി എങ്ങനെ ഒറ്റയ്ക്ക് രണ്ടു മക്കളെ വളര്‍ത്തും എന്നതായിരുന്നു. തങ്ങളുടെ സംരക്ഷണവും പരിചരണവും എങ്ങനെ സനല്‍ നിര്‍വഹിക്കും എന്നോര്‍ത്തായിരുന്നു.
''എന്റെ മാതാവേ... എന്റെ മാതാവേ...'' അന്നാമ്മ കട്ടിലില്‍ കമിഴ്ന്നു കിടന്നു വിങ്ങിപ്പൊട്ടി. സ്മിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനായി പലരും വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. സനല്‍ ആരെയും കാണുന്നുണ്ടായിരുന്നില്ല. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഒടുവില്‍, 'അച്ചന്‍ എത്തി' എന്ന് ആരോ ചെവിയില്‍ അടക്കം പറഞ്ഞപ്പോള്‍ സനല്‍ ഞെട്ടിവിറയ്ക്കുകതന്നെ ചെയ്തു. കണ്ണീരുമറച്ച കാഴ്ചയ്ക്കപ്പുറം വികാരിയച്ചന്റെ മങ്ങിയ രൂപം അയാള്‍കണ്ടു. ശവസംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു. വീട്ടുമുറ്റത്തു നിന്ന് മരണഗീതങ്ങള്‍ ഉയര്‍ന്നു. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം... സ്മിത ഈ വീട്ടുമുറ്റത്തുനിന്ന് എടുക്കപ്പെടും.
സ്മിത വിവാഹിതയായി ഈ വീട്ടിലേക്കു കടന്നുവന്ന നിമിഷം സനലിന്റെ ഓര്‍മയിലെത്തി. ഇന്നിതാ അതേ വേഷത്തില്‍ തന്നെ അവള്‍ ഈ വീട്ടില്‍നിന്നു യാത്രയാകുന്നു. മുപ്പത്തിയഞ്ചു വയസ്സിനുള്ളില്‍ തന്റെ ജീവിതനിയോഗം പൂര്‍ത്തിയാക്കി സ്മിത മടങ്ങുന്നു.
''അമ്മയ്ക്ക് ഉമ്മ കൊടുക്ക് മക്കളേ...'' സനല്‍ ദയയെയും ബെഞ്ചമിനെയും ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു.
ഉമ്മ... ദയ സ്മിതയുടെ ഇരുകവിളിലും മാറിമാറി ചുംബിച്ചു.
''അമ്മേ...'' സ്മിതയെ വിളിച്ചുകൊണ്ട് ബെഞ്ചമിന്‍ അവളുടെ മുഖത്ത് ഉമ്മവച്ചു. സ്മിതയുടെ തണുപ്പ് ബെഞ്ചമിന്റെ ചുണ്ടുകളെ മരവിപ്പിച്ചുകളഞ്ഞു.
അവന്‍ വേഗം ചുണ്ടുതുടച്ചു.
അമ്മയ്ക്ക് എന്താണ് ഇത്ര തണുപ്പെന്ന് അവനാലോചിച്ചു. താന്‍ വിളിച്ചിട്ടും ഉമ്മ കൊടുത്തിട്ടും വികാരിയച്ചന്‍ വന്നിട്ടും ആളുകളൊക്കെ വന്നിട്ടും അമ്മയെന്താണ് എണീക്കാത്തത് എന്ന ചിന്ത അവനെ അപ്പോഴും വി്ട്ടുപോയിരുന്നില്ല.
വിട വാങ്ങുന്നേന്‍ നശ്വരമുലകില്‍ ജഡികാശകളും...
കന്യാസ്ത്രീമാരുടെ ഇടറിയ ശബ്ദത്തില്‍ വിലാപഗീതം മുഴങ്ങി. സ്മിതയുടെ ശവപേടകം ആംബുലന്‍സിലേക്കു കയറ്റി.
മക്കളുടെ കൈവിടാതെ സനല്‍ അതിന്റെ അകത്തേക്കു കയറി. ഇത് സ്മിതയുമൊത്തുള്ള അവസാനയാത്രയാണ്. ഇനി തങ്ങള്‍ ഒരുമിച്ചൊരു യാത്രയില്ല. താന്‍ ഓടിക്കുന്ന ബൈക്കിനു പിന്നിലിരുന്ന് തന്നെ ചുറ്റിപ്പിടിച്ചു യാത്ര ചെയ്യണമെന്നത് സ്മിതയുടെ വലിയൊരാഗ്രഹമായിരുന്നുവല്ലോയെന്ന് സനല്‍ ഓര്‍മിച്ചു. മക്കള്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ ആ ബൈക്ക് യാത്ര, നാലുചക്രവാഹനത്തിന്റെ രൂപത്തിലേക്കു മാറി. യാത്രകള്‍ ഒരുപാട് ആഗ്രഹിക്കുന്ന മനസ്സായിരുന്നു സ്മിതയുടേത്. എന്നാല്‍, ദീര്‍ഘമായൊരു യാത്ര ഒരിടത്തേക്കും നടത്തിയിട്ടില്ല. അമ്മയുംചാച്ചനും അസുഖക്കാരായതുകൊണ്ടും അവരെ തനിച്ചാക്കി പോകാന്‍ മനസ്സില്ലാത്തതുകൊണ്ടും യാത്രകളെല്ലാം പരിമിതമായിരുന്നു. ഇപ്പോഴിതാ എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി സ്മിത യാത്രപറയുന്നു.
ശവഘോഷയാത്ര പള്ളിയിലെത്തി. പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം മൃതദേഹം ബന്ധുക്കളുടെ ചുമലിലായി സെമിത്തേരിയിലെത്തിച്ചു.
അവസാനത്തെ ചുംബനത്തിനായി അടുത്ത ബന്ധുക്കള്‍ക്കു മാത്രമായി വീണ്ടുമൊരു അവസരം. സ്മിതയുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും കരഞ്ഞുകൊണ്ട് അവളെ ചുംബിച്ചു. ഇന്നലെ തനിക്ക് ഉമ്മ നല്കാതെയാണല്ലോ സ്മിത പോയതെന്ന് സനല്‍ അപ്പോഴാണ് ഓര്‍രിച്ചത്.
നീ നല്കാതെപോയതിന്റെയും നിനക്കിനി നല്കാനുള്ളതിന്റെയും എല്ലാ സ്‌നേഹങ്ങളും ചേര്‍ത്തുവച്ച് നിന്നെ ഞാനിതാ ചുംബിക്കുന്നു.
സനല്‍ സുബോധം നശിച്ചവനെപ്പോലെ സ്മിതയുടെ മുഖത്തും നെറ്റിയിലും ഉമ്മ വച്ചുതുടങ്ങി. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് സ്മിതയുടെ ദേഹത്തേക്കു വീണ് അവളെ കെട്ടിപ്പുണര്‍ന്നെന്നവിധം കിടന്നു. ആരൊക്കെയോ ബലം പിടിച്ചാണ് സനലിനെ അടര്‍ത്തിമാറ്റിയത്.
''എന്റെ സ്മിത... എന്റെ സ്മിത...'' ശവപേടകം കല്ലറയുടെ നേരേ കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ കരം നീട്ടി സനല്‍ വിലപിച്ചു. അനേകം ആത്മാക്കള്‍ അന്തിയുറങ്ങുന്ന മറ്റു കല്ലറകള്‍ക്ക് മീതെ സനലിനെ താങ്ങിപ്പിടിച്ച് അയാളുടെ സുഹൃത്തുക്കള്‍ സ്മിതയ്ക്കായി ഒരുക്കിയ ശവക്കുഴിയുടെ അരികിലേക്കു കൊണ്ടുവന്നു. നനവാര്‍ന്ന മണ്ണിന്റെ മടിത്തട്ടിലേക്ക് സ്മിതയുടെ ശവപേടകം ഇറക്കിവച്ചപ്പോള്‍ എന്റെ സ്മിതേ എന്ന് ആകാശവും ഭൂമിയും നടുങ്ങത്തക്കവിധത്തില്‍ ഉറക്കെ കരഞ്ഞുകൊണ്ട് സനല്‍ ബോധരഹിതനായി നിലംപതിച്ചു.
(തുടരും)