വൈകുന്നേരം.
അടുക്കളയില്‍ എന്തോ പലഹാരം തപ്പിച്ചെന്നതായിരുന്നു ദയയും ബെഞ്ചമിനും. അടുക്കളയിലെ ടൈലില്‍ കിടന്നിരുന്ന വെള്ളത്തില്‍ തെന്നി ബെഞ്ചമിന്‍ വീണത് അപ്രതീക്ഷിതമായിട്ടായിരുന്നു. പപ്പാ എന്ന ദയയുടെ വിളി ബെഞ്ചമിന്റെ കരച്ചിലിനൊപ്പം സനലിന്റെ കാതുകളിലെത്തി. സനല്‍ ഏതോ പുസ്തകം വായിച്ചുകിടന്ന് മയങ്ങിപ്പോയിരുന്നു. കരച്ചില്‍ കേട്ട് അയാള്‍ ഓടിച്ചെന്നു. അപ്പോഴേക്കും ദയ ബെഞ്ചമിനെ പിടിച്ചെണീല്പിച്ചിരുന്നു.
എന്നതാ പറ്റിയെ എന്നു ചോദിച്ച് സനല്‍ ബെഞ്ചമിനെ തന്നോടു ചേര്‍ത്തു. തലയടിച്ചു വീണു എന്നു തോന്നിയതുകൊണ്ട് അയാള്‍ അവന്റെ തല തിരുമ്മുകയും ചെയ്തു.
''സൂക്ഷിച്ചു നടക്കണ്ടേ മോനേ.'' അയാള്‍ സ്നേഹപൂര്‍വ്വം ശാസിക്കുകയും ചെയ്തു.
''സനൂ, എന്നതാടാ കൊച്ച് കരയുന്നെ...'' ജോസഫിന്റെ ശബ്ദം അടുക്കളയിലെത്തി.
''ഓ, ഒന്നുമില്ല. മോന്‍ ഒന്നു വീണതാ.''
''എന്നിട്ട് വല്ലതും പറ്റിയോ...''
''ഇല്ല.''
സനല്‍ അടുക്കളയിലെ ക്ലോക്കിലേക്കു നോക്കി. സ്മിത വരേണ്ട സമയം കഴിഞ്ഞുവെന്ന് അയാള്‍ക്കു മനസ്സിലായി. അയാളുടെ നോട്ടം സിങ്കില്‍ നിറഞ്ഞുകിടക്കുന്ന പാത്രങ്ങളിലേക്കെത്തി. രാവിലെത്തെയും ഉച്ചയ്ക്കത്തെയും അഴുക്കുപാത്രങ്ങള്‍.
ഇനി സ്മിത വന്നിട്ടുവേണം അതെല്ലാം കഴുകി അടുക്കിവയ്ക്കാന്‍. പിന്നെയും എന്തെല്ലാം പണികള്‍ കിടക്കുന്നു! വൈകുന്നേരത്തേക്കുള്ള കാപ്പി... അത്താഴത്തിനുള്ള കഞ്ഞിവയ്ക്കല്‍... അവള്‍ വരാന്‍ നോക്കിയിരിക്കുകയാണ് ജോസഫും അന്നാമ്മയും ചായകുടിക്കാന്‍. ഡ്രസ് ഊരിയെറിഞ്ഞിട്ട് നേരേ അടുക്കളയിലേക്കു പോകുന്നതാണ് സ്മിതയുടെ പതിവ്. എന്തുകൊണ്ടോ സനലിന്റെ മനസ്സ് അവളെയോര്‍ത്ത് അപ്പോള്‍ ആര്‍ദ്രമായി. രാവിലെമുതല്‍ വൈകുന്നേരംവരെ ജോലി കഴിഞ്ഞെത്തുന്നതല്ലേ അവള്‍? അവള്‍ക്കുമുണ്ടാവില്ലേ മടുപ്പും ക്ഷീണവും? ഉദ്യോഗസ്ഥരായ എല്ലാ വീട്ടമ്മമാരുടെയും അവസ്ഥ ഇങ്ങനെതന്നെ. ഓഫീസിലും ജോലി, വീട്ടിലും ജോലി. എന്നാല്‍, ഭര്‍ത്താക്കന്മാര്‍ ഉദ്യോസ്ഥരാണെങ്കില്‍ അവര്‍ക്ക് ഓഫീസിലെ മാത്രം ജോലി ചെയ്താല്‍ മതി. വീട്ടിലെത്തുമ്പോള്‍ അവര്‍ സ്വതന്ത്രരാകും. പക്ഷേ, ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് അതു സാധിക്കാറില്ല. ആ വീട്ടമ്മമാര്‍ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്, വീടിനും തന്റെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി. എന്നാല്‍, അതൊന്നും പല കുടുംബങ്ങളിലും വിലപ്പോകുന്നില്ല.
''ദയക്കുട്ടീ...'' സനല്‍ വിളിച്ചു.
''നമുക്ക് ഇന്ന് അമ്മയ്ക്കൊരു സര്‍പ്രൈസ് കൊടുത്താലോ...''
''എന്നതാ പപ്പാ?''
''നമുക്ക് ഇന്ന് ഡിഷെല്ലാം വാഷ് ചെയ്തുവയ്ക്കാം. മോനൂട്ടനും ഹെല്‍പ്പ് ചെയ്യണം. ഓക്കെ റെഡിയല്ലേ? അമ്മ വരുമ്പോ വലിയ സര്‍പ്രൈസ് ആയിരിക്കും.''
''ഉഗ്രന്‍ ഐഡിയ.''
ദയ കൈകള്‍ കൊട്ടി. ബെഞ്ചമിനും സന്തോഷിച്ചു. അവന്റെ കരച്ചിലും നിന്നു. സനല്‍ ഓരോ പാത്രങ്ങളെടുത്ത് ആദ്യം കഴുകാന്‍ തുടങ്ങി. പിന്നെ അതിനു മീതെ സോപ്പു പുരട്ടി. സോപ്പുപുരട്ടിയ പാത്രങ്ങളെടുത്ത് വീണ്ടും ടാപ്പിനു ചുവടെ വച്ചു. കഴുകിയ പാത്രങ്ങള്‍ ദയയും ബെഞ്ചമിനും ചേര്‍ന്ന് അലമാരയില്‍ അടുക്കിവച്ചുതുടങ്ങി.
''അമ്മേ കാണുന്നില്ലല്ലോ അപ്പേ...'' ദയ ഇടയ്ക്കു പറഞ്ഞു. സനലിന്റെ മനസ്സിലും അത്തരമൊരു ചിന്തയുണ്ടായിരുന്നു. കടകളില്‍ കയറുന്നതുകൊണ്ടുള്ള താമസമായിരിക്കാമെന്ന് അയാള്‍ അയാളോടുതന്നെ പറഞ്ഞു. എങ്കിലും ദയയോടു പറഞ്ഞത് മറ്റൊന്നാണ്, ''നമുക്ക് ഫോണ്‍ ചെയ്തു നോക്കാം.'' ആ സമയം തന്നെ സനലിന്റെ ഫോണ്‍ റിങ് ചെയ്തുതുടങ്ങി.
''അമ്മയായിരിക്കും.'' ബെഞ്ചമിനാണ് ഫോണ്‍ എടുക്കാനോടിയത്. അവനത് സന്തോഷത്തോടെ സനലിനു കൈമാറി.
അപരിചിതമായ ഒരു നമ്പര്‍ ആണെന്നു മനസ്സിലാക്കിക്കൊണ്ട് സനല്‍ ഹലോ വച്ചു.
''ഹലോ.''
''ഹലോ സനല്‍ അല്ലേ?''
''അതെ.''
''ഹോസ്പിറ്റലില്‍ നിന്നാ, സ്മിതയ്ക്ക് ഒരു ആക്സിഡ്... വേഗം ഹോസ്പിറ്റലിലെത്തണം.''
കൈയില്‍നിന്നു ഫോണ്‍ താഴെ വീഴുമോയെന്ന് സനല്‍ ഭയന്നു. അയാളെ ദേഹമാസകലം വിറച്ചുതുടങ്ങി.
സ്മിതയ്ക്ക് ആക്സിഡന്റ്.
എന്തു ചെയ്യണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.
''അപ്പേ, അമ്മയാണോ വിളിച്ചത്?'' ബെഞ്ചമിന്‍ ചോദിച്ചു. സനല്‍ അല്ല എന്ന് ശിരസ്സാട്ടി.
''അപ്പേടെ മുഖമെന്താ വല്ലാതെ...'' ദയ അസ്വസ്ഥയായി.
''അമ്മയ്ക്ക്... അമ്മയ്ക്ക് ഒരു ആക്‌സിഡന്റ്...''
സനല്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
''അയ്യോ എന്റെ അമ്മ...'' ദയ പെട്ടെന്ന് കരഞ്ഞുതുടങ്ങി.
''കരയല്ലേ മോളേ... കരയല്ലേ മോനൂട്ടനും വിഷമമാവും.'' സനല്‍ മക്കളെ തന്നോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു.
''പപ്പാ ഹോസ്പിറ്റലില്‍ വരെ പോയിട്ടുവരാം.''
''എന്നതാ മോനേ...'' അടുക്കളയില്‍ പറഞ്ഞതിന്റെ പൊട്ടും പൊടിയും കാതുകളിലെത്തിയപ്പോള്‍ അന്നാമ്മ ചോദിച്ചു.
അവര്‍ അടുക്കളയിലേക്കു വടിയൂന്നി വന്നു.
''സ്മിതയ്ക്ക് ഒരു ആക്സിഡന്റ്... ഞാന്‍ ഹോസ്പിറ്റലില്‍ പോയിട്ടുവരാം.''
''എന്റെ മാതാവേ...'' അന്നാമ്മ നെഞ്ചില്‍ കൈവച്ചുപോയി.
അപ്പോള്‍ത്തന്നെ സനല്‍ സാറേ എന്ന വിളി മുറ്റത്തുനിന്നുകേട്ടു. മുറ്റത്തേക്കു നോക്കിയപ്പോള്‍ റോയിയെയാണ് സനല്‍ കണ്ടത്. അയല്‍വാസി. റോഷ്നിയുടെ മൂത്ത സഹോദരന്‍. സനലിന് ആശ്വാസം തോന്നി.
റോയിക്ക് കാറും ബൈക്കുമുണ്ട്. കാറില്‍ത്തന്നെ ആശുപത്രിയില്‍ പോകാം.
''എന്നതാ റോയീ.''
''നമുക്ക് ഹോസ്പിറ്റലില്‍ വരെയൊന്നുപോകാം. സ്മിതച്ചേച്ചിക്ക് ഒരു ആക്സിഡന്റ്.''
ഇപ്പോള്‍ സംഭവത്തിന്റെ ഗൗരവം കുറെക്കൂടി സനലിന്റെ മനസ്സിലേക്കു കടന്നുവന്നു. റോയി അപകടത്തെക്കുറിച്ചറിയണമെങ്കില്‍.., ദൈവമേ.
സനല്‍ വേഗംതന്നെ ചെന്ന് ഡ്രസ് മാറി. നിമിഷമാത്രയില്‍ അയാള്‍ ഗെയ്റ്റിങ്കലെത്തി. റോഷ്‌നി അപ്പോള്‍ തന്റെ വീട്ടിലേക്കു വരുന്നത് സനല്‍ കണ്ടു. അയാള്‍ക്കാശ്വാസമായി. വീട്ടുകാര്യം ഇനി റോഷ്‌നി നോക്കിക്കോളുമല്ലോ. റോയിയുടെ കാറിലേക്കു കയറുമ്പോള്‍ സനല്‍ വരാന്തയിലേക്കു നോക്കി. ആശങ്കപ്പെട്ടും കരഞ്ഞും നില്ക്കുന്ന മുഖങ്ങള്‍.
കാര്‍ മുന്നോട്ടുപാഞ്ഞു. അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടവും ടിപ്പറും സനല്‍ കണ്ടു. ചിതറിത്തെറിച്ചുകിടക്കുന്ന ബോംബെ മിഠായി കണ്ടപ്പോള്‍ സനലിന് നെഞ്ച് രണ്ടായി പിളരുന്നതുപോലെ തോന്നി
''റോയീ എന്റെ സ്മിത.''
''സാറേ...'' എന്ന് പാതി വിളി്ച്ച് റോയി നിശ്ശബ്ദനായി.
ആശുപത്രിയുടെ പോര്‍ച്ചില്‍ കാര്‍ നിന്നതും സനല്‍ ചാടിയിറങ്ങുകയായിരുന്നു.
''എന്റെ സ്മിത എവിടെ...'' കൂടിനില്ക്കുന്ന ആളുകളോട് സനല്‍ തിരക്കി. പലരെയും സനലിനു പരിചയമുണ്ടായിരുന്നു. ചിലരൊക്കെ കണ്ണുതുടയ്ക്കുന്നതു കണ്ടപ്പോള്‍ ഏതോ അത്യാഹിതം ഒരു മണ്ണിടിച്ചില്‍ പോലെ തന്റെ ദേഹത്തേക്കു വന്നു വീഴുന്നതായി സനല്‍ അറിഞ്ഞു.
''വാ...'' ആരോ ഒരാള്‍ സനലിന്റെ കൈയ്ക്കു പിടിച്ചു. അയാള്‍ സനലിനെയും കൊണ്ടു ചെന്നു കയറിയത് ഐസിയുവിലേക്കായിരുന്നു. ഒരു യന്ത്രം കണക്കെയാണ് അയാള്‍ മുന്നോട്ടു ചുവടുകള്‍ വച്ചത്. നടക്കുന്നതുപോലും അയാള്‍ അറിയുന്നുണ്ടായിരുന്നില്ല.
പച്ചനിറത്തിലുളള സ്‌ക്രീനിനപ്പുറം ഡോക്ടേഴ്സും സിസ്റ്റേഴ്സുമായി നാലഞ്ചുപേര്‍ നില്ക്കുന്നുണ്ടായിരുന്നു.
സനല്‍ അവിടേക്കു ചെന്നപ്പോള്‍ ഒരു പച്ചവസ്ത്രധാരി കിടക്കയില്‍ മുഖം മറച്ചുകിടക്കുകയായിരുന്ന ആ മുഖത്തു നിന്ന് പച്ചപ്പുതപ്പ് വലിച്ചുനീക്കി. തലമുഴുവന്‍ പൊതിഞ്ഞുകെട്ടി മുഖത്ത് പാടുകളുമായി കിടക്കുന്നത് ആരെന്ന് ആദ്യനിമിഷം സനലിനു മനസ്സിലായതേയില്ല.
സ്മിത എവിടെയെന്ന് അയാള്‍ ചുറ്റിനും പരതി.
''എന്റെ സ്മിത എവിടെ?'' സനലിന്റെ തൊണ്ട ഇടറി.
അപ്പോള്‍ ഒരു കരം അയാളുടെ തോളത്തു പതിഞ്ഞു. പതിഞ്ഞ ശബ്ദം കാതുകളിലെത്തി.
''രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവിടെയെത്തുമ്പോഴേക്കും...''
സനല്‍ ആ നിമിഷം കട്ടിലില്‍ കിടന്ന രൂപത്തെ നോക്കി അലറിവിളിച്ചുകരഞ്ഞു.
''സ്മിതേ എന്റെ സ്മിതേ.''
(തുടരും)