•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഒരു കാറ്റുപോലെ

സ്മിത  ബാത്ത്‌റൂമില്‍നിന്നു തിരികെയെത്തിയപ്പോള്‍ അടുക്കള ശൂന്യമായിരുന്നു. വെറുതെയെങ്കിലും അവള്‍ ആഗ്രഹിച്ചിരുന്നു സനല്‍ ബെഡ് കോഫി റെഡിയാക്കുമെന്ന്. അവള്‍ക്ക് തെല്ലു നിരാശ തോന്നി. കൂട്ടുകാരുടെ ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ സഹായിക്കുന്നതിന്റെയും മറ്റും വിവരണങ്ങള്‍ അവളുടെ ഓര്‍മയിലെത്തി. തനിക്കു മാത്രം... സ്മിത കാപ്പിക്കുള്ള വെള്ളം അടുപ്പില്‍ വച്ചു.
അപ്പോഴേക്കും അന്നാമ്മയുടെ വിളി രണ്ടാമതും എത്തി:
''മോളേ സ്മിതേ... ചാച്ചന് കാപ്പികിട്ടിയില്ല...''
 തള്ളേടെ കാപ്പി. സ്മിത പല്ലിറുമ്മി.
 ഒരു കാപ്പിയൊക്കെ അനത്താന്‍ ഈ പ്രായത്തിലും  കഴിയും. പക്ഷേ,  ചെയ്യില്ല. വേലക്കാരിയുണ്ടല്ലോ... സ്മിത പിറുപിറുത്തു.
''മോളേ...'' വീണ്ടും അന്നാമ്മയുടെ വിളിയെത്തി.
''ദാ വരുന്നു അമ്മച്ചീ...'' സ്മിത ദേഷ്യം അടക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു. അവള്‍ പൊടിയിട്ടു വാങ്ങി ഗ്ലാസുകളിലേക്കു കാപ്പി പകര്‍ന്നു.  ഒരു ട്രേയില്‍ കാപ്പിഗ്ലാസുകളെടുത്തുവച്ചു നിവര്‍ന്നപ്പോള്‍ പിറകില്‍ ദയ നില്ക്കുന്നു.
''ങാ മോളെണീറ്റോ... എന്നാ പപ്പയ്ക്കും അപ്പച്ചനും അമ്മച്ചിക്കും ഈ കാപ്പികൊണ്ടുപോയി കൊടുക്കാമോ...''
''എനിക്ക് വയറുവേദനയെടുക്കുന്നു അമ്മാ...'' വയര്‍ പൊത്തിപിടിച്ചു ദയ പറഞ്ഞു.
സ്മിതയ്ക്ക് അമ്പരപ്പായി. പ്രായത്തില്‍ കൂടുതല്‍ വളര്‍ച്ചയുണ്ട് ദയയ്ക്ക്. ഇനി...? അവളുടെ മനസ്സില്‍ മാതൃസഹജമായ ആശങ്കയേറി.
''അമ്മ ഈ കാപ്പി കൊണ്ടുപോയി കൊടുക്കട്ടെ.. മോള് ടോയ്‌ലറ്റിലേക്കു പൊയ്ക്കോ...''
സ്മിത കാപ്പിയുമായി ജോസഫിന്റെയും അന്നമ്മയുടെയും മുറിയിലേക്കു ചെന്നു. രണ്ടുപേരും ഉണര്‍ന്നിരിപ്പുണ്ട്. അന്നാമ്മയുടെ കൈയില്‍ കൊന്ത ഉരുളുന്നുണ്ട്. പരിശുദ്ധ മറിയമേ ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ് സ്മിത കയറിച്ചെന്നത്. നേരം വെളുത്തു വരുമ്പോഴും രാത്രിയില്‍ കിടക്കാന്‍ പോകുന്നതിനുമുമ്പും ഇരുവരും ഒരുമിച്ചുളള ജപമാല പതിവാണ്. മൂന്നുമണിക്ക് രണ്ടാളുംകൂടി കരുണക്കൊന്തയും ചൊല്ലും.
''ഇന്ന് മോള് എണീല്ക്കാന്‍ താമസിച്ചോ.'' ജോസഫ് ചോദിച്ചു.
''ഉം.'' സ്മിത ചിരിച്ചുകൊണ്ട് തലയാട്ടി.
''എനിക്കു തോന്നി.  വന്നുവിളിച്ചാലോയെന്ന് ഞാനാദ്യം ആലോചിച്ചു. പിന്നെ ഞാനും ഉറങ്ങിപ്പോയി...'' അന്നാമ്മ പറഞ്ഞു. അതിനിടയില്‍ അവര്‍ കാപ്പിഗ്ലാസെടുത്ത് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് പരിശുദ്ധ മറിയമേ പൂര്‍ത്തിയാക്കുകയും ചെയ്തു.
സ്മിത വരാന്തയിലേക്കു ചെന്നു. സനല്‍ പത്രവായനയിലാണ്. അവള്‍ ഒന്നും മിണ്ടാതെ  അയാളുടെ അരികില്‍ ഗ്ലാസെടുത്തുവച്ചു. അവള്‍ പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ സനല്‍  പിറകില്‍ നിന്ന് അവളുടെ കൈത്തണ്ടയില്‍ പിടിച്ചു.
''പിണക്കമാണോ നിനക്ക്...?''
''കയ്യേന്നു വിട്.'' വേദനിക്കുന്ന മട്ടില്‍ സ്മിത പറഞ്ഞു.
 ''നീ ഇട്ടുതരുന്ന കാപ്പിക്ക് നല്ല ടേസ്റ്റാ. അതുകൊണ്ടല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്.''
സനലിന്റെ ആ വാക്കുകള്‍ സ്മിതയുടെ ദേഷ്യം തണുപ്പിച്ചു. അല്ലെങ്കിലും സ്നേഹമുള്ള ഭര്‍ത്താവിന്റെ കോംപ്ലിമെന്റ് കേള്‍ക്കാന്‍ ഏതു ഭാര്യയാണ് ആഗ്രഹിക്കാത്തത്?
അയാള്‍ തുടര്‍ന്നു:
''എനിക്ക് വായ്ക്കു രുചിയോടെ ഒരു ഗ്ലാസ് കാപ്പിയിടാന്‍ പോലും അറിയില്ലെന്ന് നിനക്കറിയില്ലേ... പിന്നെയെന്നാത്തിനാ നീയെന്നോട് ഓരോന്നും ആവശ്യപ്പെടുന്നത്?''
''ആരും എല്ലാം പഠിച്ചിട്ടൊന്നുമല്ലല്ലോ ഈ ലോകത്തില്‍ വന്നു പിറക്കുന്നത്. ആവശ്യമുണ്ടോ, ആഗ്രഹമുണ്ടോ...'' എല്ലാം നടക്കും. അവള്‍ സനലിന്റെ കരം വേര്‍പെടുത്തി.
അടുക്കളയില്‍ പണി തീര്‍ന്നിട്ടില്ല. തിരികെ അടുക്കളയിലേക്കു നടക്കുമ്പോള്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന് അവള്‍ പറഞ്ഞു:
''മോള്‍ക്കൊരു വയറ്റുവേദന.. എന്താണോ ആവോ...''
''എന്താവാന്‍...'' സനല്‍ അതിനെ നിസ്സാരമായെടുത്തു.
''വയര്‍ അറിയാതെ തിന്നുന്നത് അവളുടെ ശീലമല്ലേ... ടോയ്‌ലറ്റില്‍ രണ്ടുതവണ പോയിക്കഴിയുമ്പോള്‍ അതു ശരിയായിക്കോളും.''
''അതല്ല എന്റെ ടെന്‍ഷന്‍...''
''പിന്നെ?''
സനലിന് അപ്പോഴും കാര്യം മനസ്സിലായില്ല.
''ഒന്നുമില്ല.'' സ്മിതയ്ക്ക് വീണ്ടും ദേഷ്യം വന്നു. പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അപ്പനാണെന്ന വിചാരം പോലും സനലിന് ഇല്ലേ? അവള്‍ നേരേ ബാത്ത് റൂമിന്റെ സമീപത്തേക്കാണു പോയത്.. ബാത്ത്റൂമിന്റെ വെളിയില്‍ നിന്ന് അവള്‍ വിളിച്ചു:
''മോളേ...''
''യെസ് അമ്മാ.'' സാധാരണപോലെയുള്ള ദയയുടെ സ്വരം കേട്ടപ്പോള്‍ സ്മിതയ്ക്ക് ആശ്വാസമായി.
''നിനക്ക് വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.''
''നോ അമ്മാ.''
 സ്മിത ആശ്വാസത്തോടെ അടുക്കളയിലേക്കു മടങ്ങി. അപ്പോഴേക്കും പുറകില്‍ ബെഞ്ചമിന്റെ സ്വരം കേട്ടു.
''ഗുഡ് മോണിങ് അമ്മാ.''
''വെരി ഗുഡ്‌മോണിങ് മോനൂ... വിളിച്ചെണീല്പിക്കാതെ ഇങ്ങ് പോന്നല്ലോ. ഗുഡ് ബോയി.''
തിരക്കിനിടയിലും സ്മിത കുനിഞ്ഞ് അവനെ ഉമ്മ വച്ചു.  അവന്‍ വീട്ടിലെ രാജകുമാരനാണ്. അവന്റെ കൈയില്‍ കാലിയായ രണ്ടു കാപ്പി ഗ്ലാസുകളുണ്ടായിരുന്നു. ജോസഫും അന്നാമ്മയും അത് അവന്റെ കൈയില്‍ കൊടുത്തുവിട്ടതാണെന്ന് സ്മിതയ്ക്കു മനസ്സിലായി. ബെഞ്ചമിന്‍ ഗ്ലാസ് പതിവുപോലെ സിങ്കിലേക്കു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സ്മിത പറഞ്ഞു.
''മോന്‍ അത് കഴുകിവച്ചോ.. അമ്മയ്‌ക്കേ ഇത്തിരി തിരക്കുണ്ട്.''
''നീയെന്നാ പറച്ചിലാ സ്മിതേ ഇപ്പറയുന്നെ... അവന്‍ കൊച്ചല്ലേ...''
തന്റെ കാപ്പിഗ്ലാസുമായി വരികയായിരുന്ന സനല്‍ നീരസപ്പെട്ടു.
''എന്റെ മോന്‍ ഇപ്പോത്തന്നെ അവന്റെ പ്രായത്തിനനുസരിച്ച് അടുക്കളജോലി ചെയ്തുപഠിക്കട്ടെ... അങ്ങനെ പഠിക്കാത്തതിന്റെയും പഠിപ്പിക്കാത്തതിന്റെയും ദോഷം പത്തിരുപതു വര്‍ഷം കഴിയുമ്പോള്‍ എന്നെപ്പോലെ വേറൊരു പെണ്ണ് അനുഭവിക്കരുത്. അതിന് ഈ പരിശീലനം നല്ലതാ...''
 ''ഓ... നീയെന്നാ ഇനി മുതല്‍ അവനെ കഞ്ഞീം കറീം കൂടി വയ്ക്കാന്‍ പഠിപ്പിക്ക്... അല്ല പിന്നെ...'' സനല്‍ തന്റെ ഗ്ലാസ് സിങ്കിലേക്ക് വച്ചിട്ട് വീണ്ടും തിരികെപ്പോയി.
സ്മിത അടുക്കളജോലി വല്ലവിധേനയും തീര്‍ത്തിട്ട് ഡ്രസിങ് റൂമിലേക്കോടി. വേഗം ചുരിദാര്‍ എടുത്തു ധരിച്ചു. അതിനിടയിലും അവള്‍ സനലിനോട് ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
''സനൂ, മോരുകറി ഫ്രിഡ്ജിലുണ്ട്. ഞാന്‍ അത് കൊണ്ടുപോകുന്നില്ല. ഊണുകഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പുറത്തെടുത്ത് വയ്ക്കണം. തണുപ്പുപോയിക്കഴിഞ്ഞിട്ട് ചൂടാക്കിയാല്‍മതി. പിള്ളേര്‍ക്ക് മുട്ട പൊരിച്ച് കാസറോളില്‍ എടുത്തുവച്ചിട്ടുണ്ട്.  മോന്‍ ചീര കഴിക്കാന്‍ മടിപറഞ്ഞാലും വഴക്കുപറഞ്ഞ് കഴിപ്പിച്ചോളണം. ബ്രേക്ക് ഫാസ്റ്റും ഡൈനിങ് ടേബിളില്‍ എടുത്തുവച്ചിട്ടുണ്ട്. ചാച്ചനുള്ള ഗോതമ്പുദോശ ആ ചെറിയ കാസറോളിലാ... അയ്യോ അമ്മച്ചിക്കുള്ള ചൂടുവെള്ളം ഫ്‌ളാസ്‌കിലൊഴിച്ചുവയ്ക്കാന്‍ മറന്നുപോയി.. അതൊന്ന് എടുത്തുകൊടുക്കണം കേട്ടോ...''
അവസാനിക്കാത്ത വിധത്തിലുള്ള പത്രവായനയ്ക്കിടയിലും സനല്‍ വെറുതെ മൂളി.
അതിനിടയില്‍ ചോദിച്ചു: ''നീ കഴിക്കുന്നില്ലേ...''
''ഇല്ല, കഴിക്കാന്‍ നിന്നാല്‍ ഇനീം ലേയ്റ്റാകും. എച്ച്ആറിന്റെ വായിലിരിക്കുന്നതു കേള്‍ക്കാന്‍ വയ്യ.''
''എന്നു പറഞ്ഞാലെങ്ങനെയാ. ഇനി ഉച്ചയാവണ്ടേ?'' സനലിന് വിഷമം തോന്നി.
അതൊന്നും സാരമില്ല. നിങ്ങളെല്ലാവരും വയറുനിറച്ചു കഴിച്ചാ മതി. എന്റെ വയറ് നിറഞ്ഞോളൂം. 
സ്മിത രൂപക്കൂടിന്റെ മുമ്പിലെത്തി കൈകള്‍ കൂപ്പി. ജോസഫിനോടും അന്നാമ്മയോടും യാത്ര പറഞ്ഞു.
''അമ്മേ, കീ...'' ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന സ്‌കൂട്ടര്‍ കീയുമായി അപ്പോള്‍ ബെഞ്ചമിന്‍ ഓടിവന്നു.
''താങ്ക്‌സ്ഡാ കുട്ടാ... അമ്മയതും മറന്നു.''
സ്മിത വീണ്ടും ബെഞ്ചമിന് ഉമ്മ നല്കി.
''നിന്റെയൊരു മറവി... കഴിഞ്ഞ ദിവസം ഞാന്‍ നോക്കുമ്പോള്‍ വെള്ളം തിളച്ചുവീണ് സ്റ്റൗ ഓഫായി കിടക്കുവാ... ഞാന്‍ കറക്ട് സമയത്ത് വന്നതുകൊണ്ട് അപകടം ഉണ്ടായില്ല. എല്ലാറ്റിനും കാരണം നിന്റെ ആവശ്യമില്ലാത്ത ടെന്‍ഷനാ...  ഇങ്ങനെ ടെന്‍ഷനടിക്കല്ലേ സ്മിതാ... ആള്‍ക്കാരുടെ ജീവന്‍ വച്ചുകൊണ്ടുള്ള കളിയാ നിന്റേത്. അതുപോലെ നീ വണ്ടിയോടിച്ചുപോകുന്നതുമാ... എന്തിനാ നിനക്ക് ഇങ്ങനെ ടെന്‍ഷന്‍... താമസിച്ചുപോയതിന് ചിലപ്പോള്‍  രണ്ടുചീത്ത കേള്‍ക്കേണ്ടിവന്നേക്കാം. അത്രയല്ലേയുള്ളൂ. അല്ലാതെ നിന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുവൊന്നും ഇല്ലല്ലോ. മാത്രോല്ല നീ സ്ഥിരമായി ലേയ്റ്റാകുന്ന ആളുമല്ല, പിന്നെയെന്നാത്തിനാ...''
''സനു പറയുന്നതൊക്കെ ശരിയാ. എന്തോ എന്റെ സ്വഭാവം ഇങ്ങനെയായിപ്പോയി.'' സ്മിത കീഴടങ്ങുംപോലെ പറഞ്ഞു. ജോലിക്കു പോകുന്ന തിരക്കിലായതുകൊണ്ട് കൂടുതല്‍ തര്‍ക്കിക്കാനോ ദേഷ്യപ്പെടാനോ അവള്‍ തയ്യാറായില്ല.
സ്മിത സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചേച്ചീ എന്ന വിളി അവിടെ മുഴങ്ങി. തൊട്ടയല്‍വക്കത്തുള്ള റോഷ്നിയാണ്. ഇരുപത്തിയാറു വയസുള്ള അവള്‍  ഗവണ്‍മെന്റ് ജോലി ലക്ഷ്യം വച്ചുകൊണ്ട് പിഎസ് സി കോച്ചിങ്ങിന് ചേര്‍ന്നിരിക്കുകയാണ്.
''എനിക്കൊരു ലിഫ്റ്റ് വേണം.''
''നിനക്കിന്ന് ക്ലാസുണ്ടല്ലേ... ശ്ശോ, ഞാന്‍ നിന്നെ ഒരു കാര്യം ഏല്പിച്ചിട്ടുപോകാമെന്നു കരുതിയിരിക്കുവായിരുന്നു...'' സ്മിത പറഞ്ഞു.
''എന്നതാ ചേച്ചീ...'' തന്റെ കോമ്പൗണ്ട് കടന്ന് രോഷ്‌നി  സനലിന്റെ ഗെയ്റ്റിങ്കലെത്തി.
''അതൊക്കെയുണ്ട്...'' സ്മിത അതെന്താണെന്നു പറഞ്ഞില്ല
രോഷ്‌നി സ്‌കൂട്ടറിന്റെ പിന്നില്‍ കയറി. സ്മിത സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. പെട്ടെന്ന് രോഷ്നി മുഖംതിരിച്ചു സനലിനെ നോക്കി മൂക്കത്തു വിരല്‍വച്ചു. അവള്‍ തന്നെ കളിയാക്കുകയാണെന്നു മനസ്സിലാക്കിയ സനല്‍ ദേഷ്യപ്പെടും പോലെ മുഖംവെട്ടിച്ചു. ''പോടീ...'' അത്രയ്ക്ക് അടുപ്പമുണ്ട് സനലും രോഷ്നിയും തമ്മില്‍. തനിക്ക് ഇല്ലാതെ പോയ പെങ്ങളായിട്ടാണ് അയാള്‍ അവളെ കാണുന്നത്. എത്രയോ തവണ താന്‍ എടുത്തുകൊണ്ട് നടന്നിട്ടുള്ള കുട്ടികൂടിയാണ് അവള്‍. അതുകണ്ടപ്പോള്‍ രോഷ്‌നിക്കു ചിരിപൊട്ടി.
''എന്നതാടീ ചിരിക്കുന്നെ...'' സ്മിത ചോദിച്ചു. ''ഞാന്‍ നമ്മുടെ സാറിനെ കളിയാക്കിയതാ...''
''നീയെന്നല്ല ആരെല്ലാം കളിയാക്കിയാലും ങ്‌ഹേ... സനു സ്‌കൂട്ടറോടിക്കില്ല. അതു കട്ടായം.''
''അല്ലാ, ചേച്ചിയെന്നതാ പറയാനുണ്ടെന്നു പറഞ്ഞെ?''
''പ്രത്യേകിച്ചൊന്നുമില്ല... ദയയ്ക്ക് രാവിലെ ചെറിയൊരു വയറുവേദന... അവള്‍ക്കിനി പീര്യഡ്സിന്റെ വല്ലതും ആണോന്നാ... അവളെ ഒന്നുനോക്കാന്‍ നിന്നെ പറഞ്ഞേല്പിക്കാമെന്നായിരുന്നു...''
''ഏയ്, അവള് കൊച്ചല്ലേ ചേച്ചീ...''
''അതൊക്കെ പണ്ടായിരുന്നെടീ...'' സ്മിത സ്‌കൂട്ടറിന്റെ വേഗം വര്‍ദ്ധിപ്പിച്ചു.
''ഒരു മനസ്സമാധാനവുമില്ല.''
 ''ചേച്ചിക്കോ...'' രോഷ്നി ചിരിച്ചു.
''സനലുചേട്ടായിയെപ്പോലെയുള്ള സല്‍സ്വഭാവിയായ ഒരു കെട്ട്യോനെ കിട്ടിയിട്ടും മനസ്സമാധാനക്കേടോ... ഇന്നത്തെകാലത്ത് ഇതുപോലൊരു പാവത്താനെ ആര്‍ക്കെങ്കിലും കിട്ടുമോ ചേച്ചീ...''
''ഇത്രേം പാവം വേണ്ടായിരുന്നെടീ.. ഇത്രേം സല്‍സ്വഭാവോം എനിക്കു വേണ്ട...'' സ്മിത ചിരിച്ചു.
''ചിലപ്പോ തോന്നും നീ പറഞ്ഞതുപോലെ...വേറെ ചിലപ്പോ എനിക്കു നല്ല കലി വരും. എനിക്കൊരു ഉപകാരോം ഇല്ല. എന്നാലും ആളെയെനിക്കു ജീവനാടീ.''
''അതുപിന്നെ എനിക്കറിഞ്ഞുകൂടെ?'' രോഷ്നി സ്മിതയുടെ ചെവിയില്‍ നുള്ളി.
കണ്‍വെട്ടത്തുനിന്ന് സ്മിത മറഞ്ഞുകഴിഞ്ഞപ്പോഴാണ് സനല്‍ അറിയാതെ തന്റെ കവിള്‍ തലോടിയത്. സ്മിത ഇന്ന് തനിക്ക് ഉമ്മ തന്നില്ലല്ലോ? നാലുപേരുംകൂടി രാവിലെ സ്‌കൂളിലേക്കും ആശുപത്രിയിലേക്കുമായി പോകുന്ന അവസരങ്ങളില്‍ ആ കുടുംബത്തിന്റെ പതിവു ശീലമാണ് അത്. രൂപക്കൂടിനു മുമ്പില്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന. പിന്നെ പരസ്പരമുള്ള ഉമ്മ കൊടുക്കല്‍. കുട്ടികളും സനലും ജോസഫിനും അന്നാമ്മയ്ക്കും ഉമ്മ കൊടുക്കും. സ്മിത തിരക്കിനിടയില്‍ ഉമ്മ നല്കാന്‍ മറന്നുപോയതാണെങ്കിലും സനലിന് നഷ്ടബോധം തോന്നി. താന്‍ ഇന്ന് അവളെ അറിയാതെയാണെങ്കിലും വേദനിപ്പിച്ചോ? അവള്‍ പിണങ്ങിയാണോ പോയത്? തന്റെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന അവളോട് താന്‍ ഇടയ്‌ക്കെങ്കിലും പുരുഷാധിപത്യസ്വഭാവം പ്രകടിപ്പിക്കാറുണ്ടോ? അവളെപ്പോലെയുള്ള ഒരു ഭാര്യയെ കിട്ടിയതാണ് തന്റെ ഭാഗ്യം. പക്ഷേ അങ്ങനെയൊരു വിചാരം തനിക്കുണ്ടെന്ന് താന്‍ ഇതുവരെയും പുറത്തുകാണിച്ചിട്ടില്ല. വിവാഹത്തിനുമുമ്പ് ചാച്ചന്‍ തന്ന ഉപദേശംതന്നെയാണ് അതിനുകാരണം. സിമന്റ് കുഴയ്ക്കുന്നതുപോലെയാണ് പെണ്ണുങ്ങള്‍. എങ്ങനെ കുഴച്ചോ അങ്ങനെതന്നെ ജീവിതകാലം മുഴുവനുമിരിക്കും. അതുകൊണ്ട് സൂക്ഷിച്ചു കുഴയ്ക്കണം. കുഴയ്ക്കുന്ന ഷേപ്പ് പിന്നെ മാറ്റിയെടുക്കാനാവില്ല. പുതുമോടിക്ക് തലയിലെടുത്തുവച്ച് വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിച്ചും ചെയ്തും കൊടുത്തുകഴിയുമ്പോള്‍ അത് അവര്‍ക്കൊരു ശീലമാകും. നമ്മുടെ വിശ്വാസമനുസരിച്ച് ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം. അല്ലാതെ പെണ്ണുമ്പിള്ളേടെ വാക്കുകേട്ട്  ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരാകരുത്. ആ ഉപദേശമാണ് താന്‍ ഇന്നും പാലിക്കുന്നത്.
പ്രഭാതഭക്ഷണത്തിനായി ഡൈനിങ് ടേബിളിലെത്തിയപ്പോഴാണ് സ്മിതയുടെ ടിഫിന്‍ ബോക്‌സ് അവിടെയിരിക്കുന്നത് സനല്‍ കണ്ടത്. അവന്‍ അതെടുത്തുനോക്കി. ഭാരമുണ്ട്. തിരക്കിനിടയില്‍ ബാഗില്‍ വയ്ക്കാന്‍ മറന്നതാണ്. 
ഇനി ഉച്ചയ്ക്ക് ചോറുകഴിക്കാനായി ബാഗ് തുറക്കുമ്പോഴായിരിക്കും അവള്‍ ഇക്കാര്യം അറിയുന്നതുതന്നെ. അപ്പോഴേക്കും കാന്റീനിലെ ഭക്ഷണം കഴിഞ്ഞിട്ടുമുണ്ടാവും. ഇനി ഉച്ചഭക്ഷണം തീര്‍ന്നിട്ടില്ലെങ്കിലും സ്മിത കാന്റീനില്‍ പോകുന്ന കാര്യം സംശയമാണ്. അവള്‍ സ്വന്തം കാര്യം അത്ര ഗൗരവത്തിലെടുക്കാറില്ല. രാവിലെ അവള്‍ പറഞ്ഞതുപോലെ തങ്ങളുടെ വയര്‍ നിറയുന്നതാണ് അവളുടെ സന്തോഷവും സംതൃപ്തിയും. എന്തായാലും ഹോസ്പിറ്റലില്‍ സ്മിത എത്തിക്കഴിയുമ്പോള്‍ ഉച്ചഭക്ഷണം എടുത്തിട്ടില്ലെന്ന കാര്യം വിളിച്ചോര്‍മിപ്പിക്കാമെന്ന് സനല്‍തീരുമാനിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സനലിന്റെ ഫോണ്‍ ശബ്ദിച്ചു.
സ്മിതയായിരുന്നു മറുതലയ്ക്കല്‍.
''ഞാന്‍ നിന്നെ വിളിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. എന്തൊരു തിടുക്കവും മറവിയുമാ നിനക്ക്... നീയിന്ന് ചോറെടുത്തിട്ടില്ല. ബ്രേക്ക് ഫാസ്റ്റും കഴിച്ചിട്ടില്ലെന്നോര്‍മ്മ വേണം. അതുകൊണ്ട് മര്യാദയ്ക്കു പോയി കാന്റീനില്‍നിന്ന് ലഞ്ച് കഴിച്ചോണം.''
''അയ്യോ ടിഫിന്റെ കാര്യം ഞാനിപ്പഴാ ഓര്‍ത്തതു തന്നെ.''  
''ഇതാ നിന്റെ കുഴപ്പം. ഒരു ശ്രദ്ധയുമില്ല.'' സനല്‍ കുറ്റപ്പെടുത്തി.
''ഈയിടെയായി നിനക്കു ദേഷ്യോം കൂടുന്നുണ്ട്. സൗകര്യംപോലെ നീ തൈറോയ്ഡിന്റെ ടെസ്റ്റ് നടത്തണം കേട്ടോ... എന്റെ ബലമായ സംശയം നിനക്കു തൈറോയ്ഡ് ഉണ്ടെന്നാ...''
മറുതലയ്ക്കല്‍ സ്മിതയുടെ ചിരി സനല്‍ കേട്ടു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ രാവിലെ താന്‍ കണ്ട സ്വപ്നത്തെക്കുറിച്ചുള്ള ചിന്ത ആകസ്മികമായി സ്മിതയുടെ മനസ്സിലേക്ക് ഓടിയെത്തി. ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ആ  സ്വപ്‌നം ഇപ്പോള്‍ അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തെളിഞ്ഞുവന്നു. ഒരു മണ്ണിടിച്ചില്‍പോലെയാണ് അവള്‍ക്കത് ആദ്യം അനുഭവപ്പെട്ടത്.  പിന്നെ മനസ്സിലായി  പച്ചമണ്ണ് താഴേക്ക് ഊര്‍ന്നിറങ്ങുന്നതാണ്. ആറടി വലുപ്പമുള്ള ഒരു കുഴിയിലേക്കാണ് ആ മണ്ണ് ഊര്‍ന്നൂവീണുകൊണ്ടിരിക്കുന്നത്. കുഴിയില്‍ ഒരു പെട്ടിയുണ്ട്. ആ പെട്ടിയുടെ മീതേക്കാണ് മണ്ണ് വന്നുവീഴുന്നത്.  സ്മിതയുടെ ഉള്ളില്‍ ഒരു ആന്തല്‍ ഉണ്ടായി. രാവിലെ കണ്ട സ്വപ്നം ഇപ്പോള്‍ ഈ യാത്രയ്ക്കിടയില്‍ കണ്ണുതുറന്നിരിക്കുമ്പോള്‍ ഒരു ചലച്ചിത്രത്തിലെന്നോണം കാണുന്നത് എങ്ങനെയാണ്. എന്തുകൊണ്ടാണ് അത്? അവള്‍ റോഡിന്റെ വളവു തിരിഞ്ഞതും എതിരേ അതിവേഗത്തില്‍ വന്ന ഒരു ടിപ്പര്‍ അവളുടെ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. വഴിയോരത്തായി  ഫൈവ് സ്റ്റാറും ലെയ്സും ബോംബെ മിഠായിയും ചിതറിക്കിടന്നു. അവയ്ക്കു നടുവിലേക്ക് ആകാശത്തേക്കു മുഖമുയര്‍ത്തി ആകാശത്തുനിന്നെന്നോണം സ്മിത ഭൂമിയിലേക്ക് മലര്‍ന്നടിച്ചുവീണു.
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)