കള്ളിമുള്‍ച്ചെടികള്‍
പെസഹക്കുഞ്ഞാടിനെ യാഗം കഴിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസമായിരുന്നു.
രാത്രിയായപ്പോള്‍ അനനിയാദ് നഗരത്തിനു പുറത്തുള്ള ഒരു യഹൂദന്റെ ഭവനത്തിനോടു ചേര്‍ന്നുള്ള ചാര്‍ത്തില്‍ അഭയം തേടി. ദൂരസ്ഥലങ്ങളില്‍നിന്നു തിരുനാളിനെത്തിയവരില്‍ ചിലരും അവിടെയുണ്ടായിരുന്നു.
അത്താഴസമയത്ത് ഗൃഹനാഥന്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ പുളിപ്പില്ലാത്ത അപ്പവും കുടിക്കാന്‍ വീഞ്ഞും കൊടുത്തു.
പക്ഷേ, അനനിയാദ് ഭക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നിട്ടും അവന്‍ അങ്ങനെ ചെയ്തു. അവന്റെ വിശപ്പ് ആത്മാവിലായിരുന്നു. അപ്പത്തെക്കൊണ്ട് ആത്മാവിലെ വിശപ്പ് ശമിപ്പിക്കാനാകുമായിരുന്നില്ല.
അവന്‍ അവിടെനിന്നെഴുന്നേറ്റ് അവരുടെ കാലിത്തൊഴുത്തില്‍ അഭയംതേടി. രാത്രി അതിന്റെ മധ്യയാമങ്ങളോടടുക്കുകയായിരുന്നു. പതിവില്ലാത്തവിധം അനനിയാദ് വിവശനും അസ്വസ്ഥനുമാകാന്‍ തുടങ്ങി. അവന്റെ ആത്മാവ് പ്രാണവേദനയോടടുത്ത ദുഃഖം അനുഭവിച്ചു. തന്റെ ജീവിതം അസ്തമിക്കാറായിരിക്കുന്നു എന്ന് ഒരു വെളിപാടുപോലെ അനനിയാദിനു തോന്നി. അവന്‍ അനന്തതയിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു.
''നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പ് എന്റെ ജീവന്‍ എന്നില്‍നിന്ന് നീ എടുക്കരുതേ...''
അനനിയാദ് വല്ലാതെ വിയര്‍ത്തിരുന്നു. രോമകൂപങ്ങളില്‍നിന്ന് രക്തമാണ് വിയര്‍പ്പിനൊപ്പം പുറത്തുവന്നതെന്ന് അനനിയാദ് അറിഞ്ഞു. അവനപ്പോള്‍ യേശുവിനെ ചിന്തിച്ചു.
യേശു അപ്പോള്‍ ഗദ്‌സെമനിയിലായിരുന്നു. അവന്‍ ദുഃഖിതനും അസ്വസ്ഥനുമാകാന്‍ തുടങ്ങി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.
''തീവ്രദുഃഖത്തില്‍ ഞാന്‍ മരണത്തോടടുത്തിരിക്കുന്നു. നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക...''
അവന്‍ അവരെ വിട്ട് ഒരു കല്ലേറുദൂരം ചെന്ന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു:
''പിതാവേ, ഈ പാനപാത്രം എന്നില്‍നിന്നകറ്റേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ.''
കഠിനവേദനയിലായിരുന്ന അവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. വിയര്‍പ്പ് രക്തത്തുള്ളികള്‍പോലെ നിലത്തുവീണു. പ്രാര്‍ത്ഥനകഴിഞ്ഞ് അവന്‍ വന്നപ്പോള്‍ ശിഷ്യന്മാര്‍ ഉറങ്ങുന്നതാണു കണ്ടത്. യേശു അവരെ ഉണര്‍ത്തി.
അവര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ജനക്കൂട്ടം വന്നെത്തി. ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ആണ് അവരെ നയിച്ചിരുന്നത്. യൂദാസ് വന്ന് അവനെ ചുംബിച്ചു:
''ഗുരോ സ്വസ്തി.''
യൂദാസ് ഒരു ചുംബനംകൊണ്ട് അവനെ കാട്ടിക്കൊടുത്തു. ഭടന്മാരും അവരുടെ തലവനും സേവകന്മാരും ചേര്‍ന്ന് യേശുവിനെ പിടിച്ചുകെട്ടി.
അനനിയാദ് വന്യവും ഭീതിജനകവുമായ ഒരു ദര്‍ശനത്തില്‍നിന്നു ഞെട്ടി.
അവന്റെ കൈകാലുകള്‍ ആരോ ബന്ധിച്ചിരിക്കുന്നതുപോലെ അവനു തോന്നി. ഹൃദയത്തില്‍ ഒരഗ്നികുണ്ഠം എരിഞ്ഞു കത്തുന്നു.
കിരാതമായ ദര്‍ശനത്തിന്റെ ഭാരം താങ്ങാനാവാതെ അനനിയാദ് പിടഞ്ഞു. നിലാവും നക്ഷത്രങ്ങളുമില്ലാതെ രാത്രി ഒരു കറുത്ത ശവത്തുണിപോലെ അവനെ മൂടി.
അവന്റെ ആത്മാവ് അനന്തതയില്‍നിന്ന് ഭീതിജനകമായ മുഴക്കങ്ങള്‍ കേട്ടു. ശരീരത്തിലെ മുറിവുകള്‍ പതിവിലേറെ വേദനിക്കുകയും രക്തം പുറപ്പെടുവിക്കുകയും ചെയ്തു.
തനിക്ക് എന്താണു സംഭവിക്കാന്‍ പോകുന്നത്...? മരണം തന്റെ സമീപത്തെവിടെയോ പതുങ്ങിനില്‍ക്കുന്നുവെന്ന് അവനു തോന്നി. അവന്റെ ഹൃദയം വല്ലാത്തൊരു പിടച്ചിലോടെ യേശുവിനെ വിളിച്ചു.
''ലാസറിനെ ഉയിര്‍പ്പിച്ചവനേ, എന്റെ പ്രാണന്‍ കെട്ടുപോകും മുമ്പ് ഒരു മാത്രയെങ്കിലും നിന്നെയെനിക്ക് കാട്ടിത്തരേണമേ...''
യേശുവപ്പോള്‍ മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയിലായിരുന്നു. അവന്‍ ബന്ധിതനായിരുന്നു. അവിടെ വേദജ്ഞരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു.
മുഖ്യപുരോഹിതന്മാരും സംഘം മുഴുവനും യേശുവിനു മരണശിക്ഷ വിധിക്കാന്‍ അവനെതിരേ കള്ളത്തെളിവുകള്‍ കിട്ടുമോ എന്നു നോക്കി.
പലരും കള്ളസാക്ഷി പറഞ്ഞെങ്കിലും അതൊന്നും മതിയായ തെളിവുകളായിരുന്നില്ല. അപ്പോള്‍ രണ്ടുപേര്‍ മുന്നോട്ടു വന്നു പറഞ്ഞു:
''ദൈവത്തിന്റെ ആലയം നശിപ്പിക്കാനും മൂന്നുദിവസംകൊണ്ട് നിര്‍മിക്കാനും എനിക്കു കഴിയും എന്ന് ഈ മനുഷ്യന്‍ പറഞ്ഞു...''
മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്നു ചോദിച്ചു:
''നിനക്കു സമാധാനമെന്നും ബോധിപ്പിക്കാനില്ലേ?''
പക്ഷേ, യേശു മിണ്ടടക്കം പാലിച്ചതേയുള്ളൂ. പുരോഹിതന്‍ വീണ്ടും അവനോടു ചോദിച്ചു:
''ജീവനുള്ള ദൈവത്തിന്റെ നാമത്തില്‍ സത്യം ചെയ്തു ഞാന്‍ ചോദിക്കുന്നു, ദൈവപുത്രനായ ക്രിസ്തുവോ നീ...''
''താങ്കള്‍ അങ്ങനെ പറഞ്ഞു.'' യേശു അയാളോടു പറഞ്ഞു: ''എന്നാല്‍, ഞാനും നിങ്ങളോടു പറയുന്നു ഇനി മനുഷ്യപുത്രനെ ശക്തിയുടെ വലതുഭാഗത്തിരിക്കുന്നവനായും നിങ്ങള്‍ കാണും.''
ഉടനെ മഹാപുരോഹിതന്‍ തന്റെ മേലങ്കി സ്വയം വലിച്ചുകീറിക്കൊണ്ട് ആക്രോശിച്ചു: ''ഇയാള്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. നിങ്ങള്‍ കേട്ടുവല്ലോ. ഇനി എന്താണ് നിങ്ങളുടെ തീരുമാനം?''
''ഇയാള്‍ വധശിക്ഷ അര്‍ഹിക്കുന്നു...'' അവര്‍ ഉത്തരം പറഞ്ഞു. അവര്‍ അവനെ മുഷ്ടി ചുരട്ടി ഇടിക്കുകയും പ്രഹരിക്കുകയും ചെയ്തു. പുലര്‍കാലെ അവര്‍ ബന്ധനസ്ഥനായ യേശുവിനെ പീലാത്തോസിന്റെ അടുത്തേക്കു കൊണ്ടുപോയി.
പ്രഭാതമായപ്പോഴേക്കും ആ വാര്‍ത്തകേട്ട് നഗരം നടുങ്ങി. ''യേശു പിടിക്കപ്പെട്ടിരിക്കുന്നു.'' ഗദ്‌സെമനിയില്‍ പ്രാര്‍ത്ഥിച്ചു:കൊണ്ടിരുന്ന യേശുവിനെ പിടിച്ചുകെട്ടി മുഖ്യപുരോഹിതനായ കയ്യഫായുടെ അരമനയിലേക്കു കൊണ്ടുപോയിരിക്കുന്നു.
നഗരത്തിനുമീതെ ഒരു മ്ലാനതപരന്നു. ഒരു പിശറന്‍ കാറ്റ് നഗരത്തിനു മുകളിലൂടെ പിടഞ്ഞോടിക്കൊണ്ടിരുന്നു.
പക്ഷികള്‍ പ്രഭാതമാഘോഷിച്ചില്ല. അല ചിലയ്ക്കുകയോ കൂടുവിട്ട് പറക്കുകയോ ചെയ്തില്ല. വൃക്ഷങ്ങളാകട്ടെ അതിന്റെ ചില്ലകളനക്കാതെ നിശ്ചലം നിന്നു. പ്രഭാതത്തിന് പതിവ് സ്‌നിഗ്ധതയുണ്ടായിരുന്നില്ല. സൂര്യനാകട്ടെ അഗ്നിനേത്രങ്ങള്‍ ഭൂമിക്കു നേരേ തുറന്നുപിടിച്ചു.
യേശു പിടിക്കപ്പെട്ട വാര്‍ത്തകേട്ട് അനനിയാദ് നടുങ്ങി. ഒരു വിറയല്‍ അവനെ ബാധിച്ചു. മഴ നനഞ്ഞതുപോലെ അവന്‍ വിയര്‍പ്പില്‍ കുളിച്ചു. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. അത് ഇടറിപ്പോകുന്നു.
അനനിയാദ് കാറ്റിലുലയുന്ന ഞാങ്ങണപോലെ ആയിത്തീര്‍ന്നു. എങ്കിലും അവന്‍ സര്‍വ്വശക്തിയും സംഭരിച്ച് നടക്കാന്‍ തുടങ്ങി. കയ്യഫായുടെ അരമനയിലേക്ക്.
കയ്യഫായുടെ അരമനയ്ക്കു മുമ്പില്‍ മറ്റൊരറിവില്‍ അനനിയാദ് വീണ്ടും നടുങ്ങി.
യേശുവിനെ ഗവര്‍ണരായ പീലാത്തോസിന്റെ മുമ്പിലേക്കു കൊണ്ടുപോയിരിക്കുന്നു.
അനനിയാദില്‍ ശേഷിച്ചിരുന്ന ശക്തിയും ചോര്‍ന്നുപോയി. അവന്‍ നിലത്തുവീണു. നടുവ് തളര്‍ന്ന സര്‍പ്പത്തെപ്പോലെ ആയിരുന്നു അവള്‍. അവന്‍ നിലത്തുകിടന്ന് യേശുവിനെപ്രതി വിലപിച്ചു.
അവന്റെ വിലാപം കേട്ട കയ്യഫായുടെ കാവലാളുകള്‍ അവനെ കവാടത്തിനു പുറത്തേക്കു വലിച്ചിഴച്ചു. അവനെ ശക്തിയായി പ്രഹരിക്കുകയും ചെയ്തു. അവര്‍ അവനോടു പരിഹാസത്തോടെ പറഞ്ഞു:
''നസ്രായനെ വിളിച്ചു കരയുക. അവന്‍ നിന്നെ രക്ഷിക്കാതിരിക്കില്ല.''
അവര്‍ അനനിയാദിന്റെ മുഖത്തേക്കു കവാടം വലിച്ചടച്ചു. അനനിയാദ് നിലത്തുതന്നെ കിടന്നു. എഴുന്നേല്ക്കാന്‍ ശ്രമിച്ച് വീണ്ടും വീണു. അവന്‍ പൂഴിയില്‍ കിടന്നുകൊണ്ട് വിളിച്ചു കരഞ്ഞു:
''മനുഷ്യപുത്രാ, യേശുവേ...''
പക്ഷേ, അനനിയാദിന്റെ ശബ്ദം പുറത്തേക്കുവന്നില്ല. അത് തൊണ്ടയിലെവിടെയോ കുരുങ്ങിപ്പോയി. അനനിയാദിന്റെ ശബ്ദമില്ലാത്ത വിലാപം കേട്ടിട്ടെന്നവണ്ണം രണ്ടു കരങ്ങള്‍ പൂഴിയില്‍നിന്ന് അവനെ എഴുന്നേല്പിച്ചിരുത്തി.
അത് യോറ ആയിരുന്നു. പെസഹാത്തിരുനാളിനായി ജറുസലേമിലേക്കു വന്നതായിരുന്നു യോറ. തിരിച്ച് സമേറിയായിലേക്ക് അത്യാവശ്യമായി മടങ്ങേണ്ടതുണ്ടായിരുന്നു. പക്ഷേ, വഴിയരുകില്‍ രക്തത്തില്‍ കുളിച്ച് അര്‍ദ്ധനഗ്നനായി കിടക്കുന്ന ഒരു മനുഷ്യനെ കണ്ടപ്പോള്‍ അയാള്‍ കുതിരയെ നിര്‍ത്തി.
''എന്താണു സംഭവിച്ചത്?'' യോറ ചോദിച്ചു.
മറുപടിയായി അനനിയാദ് മുഖത്താകെ പടര്‍ന്ന രക്തത്തിലൂടെ ഒരര്‍ദ്ധമന്ദഹാസം പൊഴിച്ചതല്ലാതെ ശബ്ദിച്ചില്ല. യോറയാകട്ടെ ഒരു ഞെട്ടലോടെ അനനിയാദിനെ തിരിച്ചറിഞ്ഞു. അയാള്‍ വിളിച്ചു.
''അനനിയാദ്...''
അപ്പോഴും അനനിയാദിന്റെ ചുണ്ടില്‍ രക്താഭിഷിക്തമായ ചിരിമാത്രം തങ്ങിനിന്നു.
കാവല്‍ഭടന്മാരുടെ പ്രഹരത്താല്‍ അനനിയാദിന്റെ പല്ലുകളടര്‍ന്നു പോയിരുന്നു. അവന്‍ തുപ്പിയപ്പോള്‍ രക്തത്തോടൊപ്പം പല്ലുകളും നിലത്തുവീണു. അനനിയാദിന്റെ മുഖത്തും ചുണ്ടുകളിലും ഒഴുകിപ്പടര്‍ന്ന രക്തം തുടച്ചുകളയാന്‍ യോറ തുനിഞ്ഞപ്പോള്‍ അനിയാദ് തടഞ്ഞു. യോറ കൊടുത്ത കുപ്പായമോ ഭക്ഷണപാനീയമോ അവന്‍ സ്വീകരിച്ചില്ല. അനനിയാദ് യോറയോടു ശബ്ദിച്ചില്ല. അവന്‍ മൗനംകൊണ്ടും ആംഗ്യംകൊണ്ടും യോറയോടു പറഞ്ഞു:
''എനിക്കിനി ഒന്നും ആവശ്യമില്ല. നിങ്ങള്‍ യാത്ര തുടരുക...''
ഗത്യന്തരമില്ലാതെ യോറ പിന്‍വാങ്ങി. പോകുംമുമ്പ് തന്റെ ഭാണ്ഡത്തില്‍നിന്ന് ഒരു കുഴലെടുത്ത് അനനിയാദിനു കൊടുത്തു. അനനിയാദിന്റെ അരുമയായ കുഴല്‍. അത് മരുഭൂമിയില്‍നിന്നു കളഞ്ഞുകിട്ടിയതാണ്.
എങ്കിലും യോറ അതെടുത്തു സൂക്ഷിച്ചു. അനനിയാദിന്റെത് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. എന്നെങ്കിലും കണ്ടുമുട്ടിയാല്‍ കൊടുക്കണമെന്നു കരുതി. പക്ഷേ, കാലം പോകപ്പോകെ അനനിയാദ് മരിച്ചുപോയിട്ടുണ്ടാകുമെന്ന് യോറ കണക്കുകൂട്ടി. എങ്കിലും ആ കുഴല്‍ ദൂരത്തെറിയുവാന്‍ യോറ കൂട്ടാക്കിയില്ല.
അനനിയാദ് കുഴല്‍ സ്വീകരിച്ചു. യോറ വിടപറഞ്ഞു. യോറയുടെ കുതിരക്കുളമ്പടികള്‍ അകന്നുപോയി.
അനനിയാദ് കുഴല്‍ ചോരപുരണ്ട ചുണ്ടോടുചേര്‍ത്തുവച്ച് ഊതാന്‍ തുടങ്ങി. പക്ഷേ, ശബ്ദം പുറത്തുവന്നില്ല. അതിനുള്ള ത്രാണി അവന് ഉണ്ടായിരുന്നില്ല.
ആ കുഴല്‍ വെണ്‍പ്രാവുകളുടെ ചിറകടിപോലെ ഗതകാലസംഭവങ്ങളെ അവനിലേക്കു കൊണ്ടുവന്നു.
ഹെര്‍മോണ്‍കുന്നിറക്കത്തിലെ തന്റെ ഭവനം...
കൃഷിയിടങ്ങളിലെ ഭൃത്യന്മാരോടൊത്തുള്ള ജീവിതം.
ശീതമുറയുന്ന രാത്രികളിലെ കുഴല്‍വായന...
അനനിയാദിന്റെ ശരീരത്തില്‍ ഒരു ചമ്മട്ടിയുടെ പ്രഹരം ശക്തിയായി വന്നുപതിച്ചു. മാംസം ചിതറിവീണു. അവന്‍ ഒരു പിടച്ചിലോടെ ഓടി. സര്‍വതും മറന്നുള്ള ഓട്ടത്തില്‍ അവന്‍ യേശുവിനെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു.
അങ്ങുദൂരെ തലയോട്ടിമല അവനുകാണായി. തന്റെ തോളില്‍ വല്ലാത്തൊരു ഭാരം അമരുന്നു. വീണ്ടും ചമ്മട്ടികള്‍ അവനില്‍ പതിക്കുന്നു. രക്തവും മാംസവും ചിതറുന്നു...
അവന്‍ കാലുതട്ടി നിലത്തു വീണു. കല്ലില്‍ത്തട്ടി അവന്റെ കാല്‍മുട്ടുകള്‍ പൊട്ടി. അവന്‍ കൈകള്‍ കുത്തി ഒരുവിധം എഴുന്നേറ്റു. പക്ഷേ, കാലുകള്‍ നീട്ടിക്കുത്താന്‍ കഴിയുന്നില്ല. തോളില്‍ ഭാരം വര്‍ദ്ധിക്കുകയാണ്. എങ്കിലും അവന്‍ ക്ലേശിച്ച് മുന്നോട്ടു നീങ്ങി. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അല്പദൂരം. അവന്‍ രണ്ടാമതും കമിഴ്ന്നു വീണു.
വീഴ്ചയുടെ ആഘാതത്തില്‍ എഴുന്നേല്ക്കാനാവാതെ അവന്‍ കിടന്നു. പുറത്ത് ചമ്മട്ടിയടികള്‍ വീഴുകയാണ്... രക്തം ചിതറുന്നു. അസഹ്യമായ വേദനയാല്‍ അനനിയാദ് പുളഞ്ഞു.
എങ്കിലും അവന്‍ എഴുന്നേറ്റ് പിന്നെയും നടക്കാന്‍ തുടങ്ങി. തോളിലെ ഭാരം താങ്ങാനാവാത്തവിധം വര്‍ധിച്ചിരിക്കുന്നു. ദേഹമാസകലം ചമ്മട്ടിപ്പാടുകളില്‍നിന്ന് രക്തം കിനിയുന്നു.
ദൂരെ തലയോട്ടിമല... താഴ്‌വാരത്തിലൂടെ എറുമ്പിന്‍ സൈന്യംപോലെ ജനക്കൂട്ടം മലകയറുന്നത് അവന്‍ കണ്ടു...
എത്രദൂരം അങ്ങനെ നടന്നു എന്നവനറിയില്ല. അവന്‍ മൂന്നാമതും നിലത്തുവീണു. കുറച്ചുനേരം അവന്‍ അങ്ങനെ കിടന്നു. എത്ര ശ്രമിച്ചിട്ടും അവന് എഴുന്നേല്ക്കാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ മുറിഞ്ഞുപോകുന്നു. ദേഹം പിളരുന്നതുപോലെ... രോമകൂപങ്ങളിലൂടെ രക്തം ഒഴുകുന്നു.
മലയുടെ മുകള്‍പ്പരപ്പില്‍നിന്ന് രണ്ടോ മൂന്നോ കല്ലേറ് ദൂരത്തായിരുന്നു അവന്‍ കിടന്നിരുന്നത്. പൂഴിയില്‍ കിടന്നുകൊണ്ടുതന്നെ അവന്‍ മലമുകളിലേക്കു നോക്കി.
ഇരുമ്പാണികളില്‍ ചുറ്റിക വീഴുന്ന ശബ്ദം അവന്‍ നിസ്സഹായതയോടെ കേട്ടു. അവിടെ യേശുവിനെ കുരിശില്‍ തറയ്ക്കുകയാണ് എന്ന് വിങ്ങുന്ന സങ്കടത്തോടെ അവന്‍ അറിഞ്ഞു.
ഇടറിപ്പോയ, കെട്ടഴിഞ്ഞ മനസ്സോടെ അവന്‍ നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു.
''യൂദന്മാരുടെ രാജാവായ നസ്രായനേ, നീ അനുഭവിക്കുന്ന വേദന എനിക്കുംകൂടി പങ്കുവയ്‌ക്കേണമേ...'
പെട്ടെന്ന് അവന്റെ കൈകാലുകളില്‍ ആണികളിറങ്ങുന്നതിന്റെ വേദന...
അവന്‍ കണ്ണുകളുയര്‍ത്തി, മലമുകളിലെ കുരിശില്‍ മൂന്നാണികളില്‍ മിശിഹായെ കണ്ടു.
അപ്പോള്‍ ഏതാണ്ട് ആറാം മണിക്കൂറായിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും ഇരുട്ടു പരന്നു. സൂര്യന്റെ പ്രകാശം മങ്ങി. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. അപ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു:
''പിതാവേ, നിന്റെ കൈകളില്‍ ഞാന്‍ എന്റെ ആത്മാവിനെ ഏല്പിക്കുന്നു.'' ഇതു പറഞ്ഞശേഷം അവന്‍ അന്ത്യശ്വാസം വലിച്ചു.
പടയാളികള്‍ ഒരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
കാറ്റ് വീശി... അനനിയാദ് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
''ദാവീദിന്റെ പുത്രാ, എന്റെ ജീവനെ ഞാന്‍ നിന്റെ കാല്ച്ചുവട്ടില്‍ വയ്ക്കുന്നു. നിന്റെ രക്തത്താല്‍ എന്നെ പവിത്രീകരിക്കേണമേ.''
കാറ്റിനു ശക്തികൂടി. മലയിറങ്ങി വന്ന കാറ്റ് യേശുവിന്റെ തിരുവിലാവില്‍നിന്ന് ഒരു തുള്ളി രക്തം പറത്തിക്കൊണ്ടുവന്ന് അനനിയാദിന്റെ ശിരസ്സില്‍ വീഴ്ത്തി. ആ രക്തം അവനോടു മന്ത്രിച്ചു:
''അനനിയാദ്, നീ ഇന്ന് എന്നോടൊപ്പം പറുദീസയിലായിരിക്കും.''
അവന്‍ കണ്ണുകളടച്ചു. അന്ത്യശ്വാസം വലിച്ചു.
സ്വര്‍ഗം തുറക്കപ്പെട്ടു. മേഘമാലകള്‍ക്കിടയിലൂടെ ഒരു പറ്റം ദൈവദൂതന്മാര്‍ ഭൂമിയിലേക്കിറങ്ങിവന്നു. അവര്‍ കാഹളം മുഴക്കുന്നുണ്ടായിരുന്നു. അവര്‍ അനനിയാദിനു സമീപം വന്നു നിന്നു. അനന്തരം അവന്റെ ആത്മാവിനെ സ്വര്‍ഗത്തിലേക്കെടുത്തു.
(തുടരും)