കള്ളിമുള്‍ച്ചെടികള്‍
മരണത്തില്‍നിന്നെന്നതുപോലെയാണ് അനനിയാദ് നിലാവിലേക്കു കണ്ണുമിഴിച്ചത്. അവനപ്പോള്‍ മഴയുടെ ഈര്‍പ്പമൊഴിയാത്ത ഭൂമിയില്‍ കിടക്കുകയായിരുന്നു. അവന്റെ നഗ്നതയ്ക്കുമേലേ പിഞ്ചിത്തുടങ്ങിയ ഒരു തുണിക്കഷണം കിടന്നിരുന്നു. അവന്റെ ഇരുകൈത്തലങ്ങള്‍ക്കുള്ളിലും നെഞ്ചിലും കാല്‍പ്പാദങ്ങളിലും നീറ്റലുയരുന്ന മുറിവുകളുണ്ടായിരുന്നു. മുള്‍മുടി തറഞ്ഞ തലയില്‍ രക്തം മുടിയോടുകൂടി കട്ടപിടിച്ചിരിക്കുന്നു.
തനിക്ക് എന്താണു സംഭവിച്ചതെന്നോ, താന്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്നോ അവനു നിശ്ചയമുണ്ടായിരുന്നില്ല. ഇരുള്‍നിറഞ്ഞ ഒരു ഗുഹയില്‍നിന്ന് ആദ്യമായി വെളിച്ചത്തിലേക്കു വന്നതുപോലെയായിരുന്നു അവന്‍.
പക്ഷേ, അബോധാവസ്ഥയില്‍ കണ്ട സ്വപ്നം ഒരു കൊടുങ്കാറ്റായി അവന്റെയുള്ളില്‍ വീശിയടിച്ചു. ലോകത്തിന്റെ രക്ഷകനായ മിശിഹാ കുരിശിന്മേല്‍ മൂന്നാണികളില്‍ പിടയുന്നു. ഭയാനകമായൊരു ദുരന്തത്തിന്റെ നിഴല്‍ ലോകത്തിനുമേല്‍ പതിക്കാന്‍ പോകുന്നുവെന്ന് അവന്‍ ഉള്‍ക്കിടിലംകൊണ്ടു. അവന്‍ പ്രാര്‍ത്ഥിച്ചു:
''അപ്രകാരം ഒന്നും സംഭവിക്കരുതേ...''
ഇല്ല. അങ്ങനെയൊന്നും സംഭവിക്കില്ല. വെള്ളം വീഞ്ഞാക്കുകയും കുരുടനു കാഴ്ച നല്കുകയും ബധിരനു കേള്‍വിയും മരിച്ചവന് ഉയിരും കൊടുക്കുകയും ചെയ്ത ദൈവത്തിന്റെ പുത്രന് കുരിശുമരണമോ? അങ്ങനെ സംഭവിക്കില്ല. അവന്‍ ആശ്വസിച്ചു.
എന്നാലും ഒരു ഭീതി കാര്‍മേഘപടലംപോലെ അവനില്‍ നിഴല്‍ വിരിച്ചു കിടന്നു. യേശു ഇപ്പോള്‍ എവിടെയായിരിക്കും? ശത്രുക്കള്‍ പിടികൂടിയിരിക്കുമോ?''
അനനിയാദ് എഴുന്നേറ്റിരുന്നു. ശിരസ്സില്‍നിന്ന് ഞെരിഞ്ഞില്‍ മുടി ഇളക്കിമാറ്റി. മുള്‍മുടിമുറിവുകളില്‍നിന്ന് രക്തം കിനിഞ്ഞ് കണ്ണുകളിലൂടെ ഒഴുകി. ദേഹമാകെ വേദനിക്കുന്നു. നെഞ്ചിലെ മുറിവില്‍നിന്ന് ഇപ്പോഴും രക്തവും വെള്ളവുമൊലിക്കുന്നുണ്ട്. ഈ മുറിവുകളും മുള്‍മുടിയും ആരു തന്നു എന്ന് അനനിയാദിനു നിശ്ചയമുണ്ടായിരുന്നില്ല. തന്റെ നഗ്നതയ്ക്കു മേലേ കിടക്കുന്ന ഒരു കീറത്തുണിയും...
അവന്‍ കണ്ണുകളിലെ രക്തത്തില്‍ ഇരുട്ട് തുടച്ചുനീക്കി. ഒരു കീറ് തുണിയാല്‍ നാണം മറച്ചു.
യഹൂദരുടെ പെസഹാ അടുത്തിരുന്നു. അതുകൊണ്ട് യേശു ജറുസലേമിലുണ്ടാകുമെന്ന് അനനിയാദ് കരുതി. അവന്‍ ജറുസലേം ലക്ഷ്യമാക്കി ഒരു ഊന്നുവടിയുടെ സഹായത്തോടെ യാത്ര തിരിച്ചു.
പെസഹാക്കാലമായിരുന്നതുകൊണ്ട് ദൂരെ നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും യഹൂദര്‍ ജറുസലേമിലേക്കെത്തിയിരുന്നു. അവനാകട്ടെ അവിടമാകെ യേശുവിനെ അന്വേഷിച്ചു. പക്ഷേ, കണ്ടുകിട്ടിയില്ല.
യേശു ബേഥനിയായില്‍ താനുയിര്‍പ്പിച്ച ലാസറിന്റെ ഭവനത്തിലായിരുന്നു. അവിടെയപ്പോള്‍ യേശുവിനും ശിഷ്യന്മാര്‍ക്കുംവേണ്ടി ഒരത്താഴവിരുന്ന് ഒരുക്കിയിരുന്നു. ലാസറിന്റെയും മേരിയുടെയും സഹോദരി മാര്‍ത്ത അവന് ശുശ്രൂഷ ചെയ്തു. യേശുവിനോടൊപ്പം ഭക്ഷണത്തിനു വന്നവരില്‍ മരിച്ചുയിര്‍ക്കപ്പെട്ട ലാസറുണ്ടായിരുന്നു.
മേരിയാകട്ടെ, കലര്‍പ്പില്ലാത്തതും വില കൂടിയതുമായ ഒരു കുപ്പി നാര്‍ദീന്‍ തൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശി. തന്റെ സമൃദ്ധമായ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടച്ചു. നാര്‍ദീന്‍ തൈലത്തിന്റെ പരിമളം അവിടമാകെ പ്രസരിച്ചു.
അപ്പോള്‍ യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായ യൂദാസ് ഇസ്‌കറിയോത്ത പറഞ്ഞു:
''മുന്നൂറ് ദനാറയ്ക്ക് ഈ തൈലം വിറ്റ് പണം എന്തുകൊണ്ട് ദരിദ്രര്‍ക്കു കൊടുത്തില്ല.''
അവന്‍ അങ്ങനെ ചോദിച്ചത്. ദരിദ്രരോടുള്ള സ്‌നേഹമോ സഹതാപമോകൊണ്ടായിരുന്നില്ല. മറിച്ച്, അവന്‍ ഹൃദയത്തില്‍ വ്യാജം നിറഞ്ഞവനും കള്ളനുമായിരുന്നതുകൊണ്ടായിരുന്നു.
യേശു പറഞ്ഞു:
''ആരും അവളെ തടയേണ്ട. എന്റെ ശവസംസ്‌കാരത്തിനുവേണ്ടി അവളതു ചെയ്തു എന്നു കരുതിക്കൊള്ളട്ടെ. ദരിദ്രര്‍ എപ്പോഴും നിങ്ങളുടെകൂടെയുണ്ട്. ഞാനോ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല.''
അനനിയാദ് ജറുസലേമിലെത്തിയപ്പോള്‍ യേശു അവിടെ ഉണ്ടായിരുന്നില്ല. അവന്‍ ബേഥനിയായിലാണെന്നറിഞ്ഞു. അനനിയാദ് അവിടേക്കു പോയി. അവിടെ ബേഥനിയായിലോ ലാസറിന്റെ ഭവനത്തിലോ അവനെ കണ്ടില്ല. അനനിയാദ് വീണ്ടും ജറുസലേമിലേക്കു തിരിച്ചു. അനനിയാദ് ബേഥനിയായിലെത്തുംമുമ്പേ യേശു ജറുസലേമിലേക്കു പുറപ്പെട്ടിരുന്നു. തിരുനാളായിരുന്നതുകൊണ്ട് വലിയൊരു ജനക്കൂട്ടം അവിടെയുണ്ടായിരുന്നു. യേശു വരുന്നുണ്ട് എന്നവര്‍ കേട്ടിരുന്നു.
യേശു ഒരു കഴുതക്കുട്ടിയുടെ പുറത്താണ് ജറുസലേമിലേക്കു വന്നത്. യേശു വരുന്നതു കണ്ട് ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. ചിലര്‍ മരച്ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി.
ഈന്തപ്പനയുടെ കുരുത്തോലകള്‍ എടുത്ത് അവര്‍ അവനെ എതിരേറ്റു. അവര്‍ ഇപ്രകാരം ആര്‍ത്തുവിളിച്ചു:
''ദാവീദിന്റെ പുത്രന് ഓശാനാ... കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവര്‍ അനുഗൃഹീതന്‍. അത്യുന്നതങ്ങളില്‍ ഓശാനാ...''
യേശു ജറുസലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകി. ജനക്കൂട്ടം മുഴുവന്‍ അവന്റെ പിന്നാലെ കൂടിയിരിക്കുന്നതു കണ്ട് ഫരിസേയര്‍ പരസ്പരം പറഞ്ഞു:
''ഇതാ, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. നോക്കൂ, ലോകം അവന്റെ പിന്നാലെ പോയിരിക്കുന്നു.''
മുഖ്യപുരോഹിതന്മാരും ജനങ്ങളുടെ മൂപ്പന്‍മാരും മഹാപുരോഹിതനായ കയ്യഫായുടെ കൊട്ടാരത്തില്‍ സമ്മേളിച്ചു. അവര്‍ യേശുവിനെ ചതിവില്‍ പിടിച്ച് വധിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിച്ചു.
''തിരുനാള്‍ദിനങ്ങളില്‍ വേണ്ട. ജനങ്ങള്‍ ക്ഷുഭിതരാകും.'' അവര്‍ പറഞ്ഞു.
നേരം വൈകിയതിനാല്‍ യേശുവും കൂട്ടരും നഗരം വിട്ടുപോയി. അനനിയാദ് അപ്പോള്‍ നഗരത്തില്‍ എത്തിയിരുന്നു. നഗരം ജനനിബിഡമായിരുന്നു. ഇളകി മറിയുന്ന സമുദ്രംപോലെയായിരുന്നു ജറുസലേം. നഗരം ജനങ്ങളെക്കൊണ്ട് തിളച്ചുമറിഞ്ഞു.
എല്ലാവരും യേശുവിനെക്കുറിച്ചാണു പറയുന്നത്. അവന്റെ വിജ്ഞാനത്തെക്കുറിച്ച് അവര്‍ അതിശയിക്കുന്നു. ദേവാലയത്തില്‍നിന്ന് കച്ചവടക്കാരെ പുറത്താക്കിയതിനെക്കുറിച്ചു പറയുന്നു.
എല്ലാവരും യേശുവിനെക്കണ്ടു. അവനെ കേട്ടു. അവനെ അറിഞ്ഞു. അവരാകട്ടെ അവനെ അന്വേഷിച്ചില്ല. എന്നിട്ടും അവര്‍ ഭാഗ്യവാന്മാരായിത്തീര്‍ന്നിരിക്കുന്നു. ഞാനോ എത്ര നാളുകളായി അവനെ അന്വേഷിക്കുന്നു. എങ്കിലും അവനെ കാണാന്‍ കഴിഞ്ഞില്ല. അവനെ കേള്‍ക്കാന്‍ കഴിഞ്ഞില്ല... ഞാന്‍ എത്രയോ ഭാഗ്യഹീനന്‍.
''എന്റെ വിലാപം നഗരത്തിന്റെ നാലതിര്‍ത്തികളോളം ചെന്ന് പാഴായിപ്പോകുന്നു. എന്റെ കണ്ണീര്‍ വരണ്ട ഭൂമിയില്‍വീണ് ശൂന്യമായിപ്പോകുന്നു. എന്റെ കരച്ചില്‍ കാറ്റലകള്‍ കൊണ്ടുചെന്ന് സമുദ്രത്തില്‍ മുക്കിക്കളയുന്നു... എന്റെ കണ്ണുകള്‍ മേഘപടലങ്ങള്‍ക്കപ്പുറത്തേക്കു നീളുന്നില്ല... എന്റെ ഹൃദയം ചുട്ടുപഴുത്ത മരുഭൂമിപോലെ തപിച്ചു കിടന്നു. അവന്‍ വിരല്‍നീട്ടി ഹൃദയത്തില്‍ തൊട്ടില്ലെങ്കില്‍ എന്റെ താപമണയുകയില്ല.''
അനനിയാദ് ശിരസ്സുയര്‍ത്തി ആകാശത്തിലേക്കു നോക്കി. രക്തവര്‍ണമായിരുന്നു ആകാശം. അത് ആഗതമാകുന്ന ഏതോ വിപത്തിനെക്കുറിച്ച് ആധികൊണ്ടു കിടക്കുന്നതുപോലെ തോന്നിച്ചു.
യേശു എവിടേക്കാണു പോയത്? ആര്‍ക്കുമറിഞ്ഞുകൂടാ... നഗരത്തിലെങ്ങും അവനെ കണ്ടതുമില്ല.
നഗരത്തിനു പുറത്ത് അനനിയാദ് രാത്രി കഴിച്ചു.
പിറ്റേന്ന് യഹൂദരുടെ പെസഹാ ആയിരുന്നു. ആയതിനാല്‍, യേശു ദേവാലയത്തില്‍ വരാതിരിക്കില്ലെന്ന് അനനിയാദ് കണക്കുകൂട്ടി.
നേരം പുലര്‍ന്നതേ അനനിയാദ് യേശുവിനെ അന്വേഷിക്കാന്‍ തുടങ്ങി. നഗരകവാടത്തിനടുത്തുള്ള വ്യാപാരശാലയ്ക്കടുത്ത് അനനിയാദ് യേശുവിനെ തേടുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അനനിയാദിനോടു പറഞ്ഞു: ''അവനെക്കണ്ടാല്‍ അവന്‍ നിന്നെ സുഖപ്പെടുത്തും. അവന്‍ ദൈവപുത്രന്‍തന്നെയാണ്. തര്‍ക്കമില്ല.''
''അവന്‍ ദൈവപുത്രന്‍തന്നെ. ഞാനും അങ്ങനെ വിശ്വസിക്കുന്നു. അവന്റെ വിജ്ഞാനം കേട്ടതുകൊണ്ടോ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ടതുകൊണ്ടോ അല്ലത്. ഈ ആകാശം എന്നോടു പറയുന്നു. ഈ ഭൂമിയും അതിന്റെ അതിരുകളും അതിലെ ജീവജാലങ്ങളും എന്നോടു മന്ത്രിക്കുന്നു. അവന്‍ ദൈവപുത്രന്‍തന്നെയാണ്. പക്ഷേ, നാളിതുവരെ ഞാനവനെ കണ്ടില്ല. ഒരു മാത്രപോലും...''
അപ്പോഴാണ് അയാളോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീ ആള്‍ത്തിരക്കിനിടയില്‍ ഒരാളെ ചൂണ്ടി അനനിയാദിനോടു പറഞ്ഞത്: ''നോക്കൂ ആ നില്ക്കുന്ന മനുഷ്യന്‍ നസ്രായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നു.''
അത് ശെമയോന്‍ പത്രോസായിരുന്നു. പെസഹാവിരുന്ന് ഒരുക്കുന്നതിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തിലേക്കു വന്നതായിരുന്നു അയാള്‍.
അനനിയാദ് ശെമയോനു സമീപം ചെന്നു ചോദിച്ചു:
''നിങ്ങള്‍ ആ നസ്രായന്റെ കൂടെയുണ്ടായിരുന്നവനല്ലേ...''
ശെമയോന്‍ അനനിയാദിനെ സൂക്ഷിച്ചു നോക്കി. പ്രാകൃതനായ ഒരു മനുഷ്യന്‍. ജടപിടിച്ച തലമുടി. കുഴിഞ്ഞിറങ്ങിയ കണ്ണുകള്‍. മാംസം വറ്റിയ ശരീരമാകെ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍. കണ്ടിട്ട് രോഗിയായ ഒരു ഭിക്ഷക്കാരന്റെ ലക്ഷണങ്ങള്‍.
എങ്കിലും ശെമയോന്‍ ഒന്നും പറഞ്ഞില്ല. യഹൂദന്മാര്‍ ഗുരുവിനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാന്‍ ആലോചിച്ചിരിക്കുന്നു എന്ന് ശെമയോനറിയാമായിരുന്നു. പക്ഷേ, മുമ്പില്‍ നില്ക്കുന്ന മനുഷ്യന്‍ അവരില്‍പ്പെട്ടവനാണെന്നു വിശ്വസിക്കാനും ശെമയോനു കഴിഞ്ഞില്ല.
''എന്താണ് നിങ്ങള്‍ അവന്റെ കൂടെയുള്ളവനാണെന്ന് എന്നോടു പറയാത്തത്...?''
''ഞാന്‍ ആ മനുഷ്യനെ അറിയില്ല.'' ശെമയോന്‍ പറഞ്ഞു. പിന്നെ തിരക്കിലേക്കു നടന്നു മറഞ്ഞു.
അതിനല്ലാതെ ശെമയോന് ഒന്നും കഴിയുമായിരുന്നില്ല. ഗുരുവിന് ദോഷം വരുത്തുന്നതൊന്നും പ്രവര്‍ത്തിക്കാന്‍ ശെമയോന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, അത്രമേല്‍ അയാള്‍ യേശുവിനെ സ്‌നേഹിച്ചിരുന്നു.
അനനിയാദ് ശെമയോനെ കേട്ട് തളര്‍ന്നുപോയി. നിരാശ ഒരു ശവക്കച്ചപോലെ അവനെ മൂടി. താന്‍ ഭൂമിയില്‍ വീണുപോകുമെന്നോ, ഒരു ചെറുകാറ്റില്‍ പറന്നുപോകുമെന്നോ അവന്‍ പേടിച്ചു.
നഗരത്തിരക്ക് കാണക്കാണെ കൂടി വന്നു. വെയില്‍ അതിന്റെ കൂടാരത്തില്‍നിന്ന് സര്‍വശക്തിയോടുംകൂടി പുറത്തു വന്നു. ജറുസലേം ദേവാലയത്തിനു മുകളില്‍ സൂര്യന്‍ അഗ്നിഗോളംപോലെ ജ്വലിച്ചു. ജറുസലേമിനു പൊള്ളി.
അനനിയാദിനും പൊള്ളി. അവന് തലചുറ്റുകയും കണ്ണുകളില്‍ ഇരുട്ടുമൂടുകയും ചെയ്തു. ചുണ്ടും തൊണ്ടയും വരണ്ടു. വയറിനുള്ളില്‍ വിശപ്പിന്റെ സര്‍പ്പങ്ങള്‍ ശീല്‍ക്കാരമുയര്‍ത്തിപ്പിണഞ്ഞു. എങ്കിലും ജറുസലേമിലൂടെ അവന്‍ യേശുവിനെ തേടി അലഞ്ഞുകൊണ്ടിരുന്നു.
അപ്പോഴാണ് യേശുവിന്റെ ശിഷ്യന്മാരിലൊരുവനായ യൂദാസ് ഇസ്‌കറിയോത്ത യഹൂദരുടെ പുരോഹിതമുഖ്യന്മാരുടെ അരമനയിലേക്കു ചെന്നത്. അവന്‍ അവരുടെ മുമ്പാകെ ചെന്നു നിന്നു ചോദിച്ചു:
''ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നാല്‍ നിങ്ങള്‍ എനിക്കെന്തു തരും...?''
''മുപ്പത് വെള്ളിനാണയങ്ങള്‍.'' അവര്‍ പറഞ്ഞു.
അവര്‍ക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മുപ്പതല്ല മുന്നൂറ് കൊടുക്കേണ്ടിവന്നാലും യേശുവിനെ പിടികൂടി നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ ഒരു പണക്കിഴി യൂദാസിന്റെ കൈകളിലേക്കിട്ടു. മുപ്പതു വെള്ളിനാണയങ്ങള്‍. നാണയങ്ങള്‍ അവനു നേരേ ചിരിച്ചു. അതിന്റെ കിലുക്കത്തില്‍ യൂദാസ് ഭ്രമിച്ചുപോയി.
പക്ഷേ, അവന്‍ ചെയ്തതെന്തെന്ന് അവന്‍ അറിഞ്ഞിരുന്നില്ല.
അവന്‍ പുരോഹിതന്മാരുമായി വാക്കുറപ്പിച്ച് അവരുടെ അരമനയ്ക്കു പുറത്തുകടന്നു. തന്റെ ഗുരുവിന്റെ ജീവന്റെ വിലയായി ലഭിച്ച നാണയക്കിഴി അവന്‍ കുപ്പായക്കീശയില്‍ ഒളിപ്പിച്ചു വച്ചിരുന്നു.
യൂദാസ് നഗരത്തിലെത്തിയപ്പോഴാണ് തിരക്കിനിടയിലൂടെ യേശുവിനെ വിളിച്ചന്വേഷിച്ചു നടക്കുന്ന അര്‍ദ്ധനഗ്നനായ അനനിയാദിനെ കണ്ടത്. യൂദാസ് അവന്റെ പക്കല്‍ ചെന്നു ചോദിച്ചു: ''നീ ആരെയാണ് ഈ ജനക്കൂട്ടങ്ങള്‍ക്കിടയില്‍ തിരയുന്നത്?''
''നസ്രായനായ യേശുവിനെ...'' അനനിയാദ് പറഞ്ഞു.
യൂദാസ് ഇസ്‌കറിയോത്തയെ കണ്ടപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ അവനെ തിരിച്ചറിഞ്ഞു. അവന്‍ ചോദിച്ചു:
''നീ ആ നസ്രായന്റെ ശിഷ്യന്മാരിലൊരാളല്ലേ?''
''അതെ.'' യൂദാസ് അഹങ്കാരത്തോടെ ശിരസ്സുയര്‍ത്തി പറഞ്ഞു.
അനനിയാദിന്റെ ഹൃദയത്തില്‍ തണുത്തുറഞ്ഞ ഒരു മഞ്ഞുകട്ട വന്നു വീണു. അവന്റെ മേല്‍ ആശ്വാസത്തിന്റെ ഒരു കുളിര്‍മഴ പെയ്തിറങ്ങുന്നതുപോലെ അവനു തോന്നി.
''നീ അവനെ അന്വേഷിക്കുന്നതെന്തിന്?'' അതു ചോദിക്കുമ്പോള്‍ യൂദാസിന്റെ കണ്ണുകളില്‍ അദമ്യമായൊരു കൗശലം തിളങ്ങിയിരുന്നു.
''എനിക്കവനെ കാണണം. എനിക്കവന്റെ ശിഷ്യകനാകണം.''
''അവന് ഞങ്ങള്‍ പന്ത്രണ്ടുപേര്‍ ശിഷ്യന്മാര്‍ ഉണ്ടല്ലൊ. ഇനിയും ഒരാളെക്കൂടി... ഗുരു സമ്മതിക്കുമെന്നു തോന്നുന്നില്ല.''
യൂദാസിനെ കേട്ടാറെ അനനിയാദ് വിഷമിച്ചു. അവന്റെ ഹൃദയം നുറുങ്ങുന്നതുപോലെ അവനു തോന്നി. വല്ലാത്തൊരു ഭാരം അവന്‍ അനുഭവിച്ചു.
''എങ്കില്‍ എനിക്കവനെ ഒന്നു കാണുകയെങ്കിലും വേണം. അവന്‍ എവിടെയുണ്ടെന്ന് എന്നോടു പറയുക.''
''നിങ്ങള്‍ വിഷമിക്കേണ്ടതില്ല,'' യൂദാസ് പറഞ്ഞു: ''നിശ്ചയമായും ഞാന്‍ നിന്നെ അവന്റെ പക്കല്‍ കൊണ്ടുപോകാം. ഗുരുവിനോടു പറഞ്ഞു നിന്നെ അവന്റെ ശിഷ്യനാക്കാം. പതിമ്മൂന്നാമത്തെ ശിഷ്യന്‍.... ഞാന്‍ പറഞ്ഞാല്‍ ഗുരു അനുസരിക്കാതിരിക്കില്ല.''
യൂദാസിന്റെ വഞ്ചനയാണ് തന്നോടു സംസാരിക്കുന്നതെന്ന് അനനിയാദറിഞ്ഞില്ല. യൂദാസിന്റെ വാക്കുകള്‍കേട്ട് അനനിയാദിന്റെ ഹൃദയം വല്ലാത്തൊരു ആശ്വാസത്തിലേക്കു തിരിച്ചുവന്നു. അവന്‍ തിടുക്കപ്പെട്ടു:
''എങ്കില്‍ നമുക്ക് അവന്റെ പക്കലേക്കു പോകാം.''
യൂദാസ് അവനെ നഗരത്തിനു പുറത്ത് ആള്‍ത്തിരക്ക് കുറഞ്ഞ ഒരിടത്തേക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ടു പറഞ്ഞു:
''ഞാന്‍ നിന്നെ ഗുരുവിന്റെ പക്കല്‍ കൊണ്ടുപോകുകയും അവന്റെ ശിക്ഷ്യനാക്കുകയും ചെയ്താല്‍ എനിക്കെന്തുതരും?''
''എന്റെ പിതാവിന്റെ പക്കല്‍നിന്ന് എനിക്കു ഭാഗമായി കിട്ടുന്നതെന്തും ഞാന്‍ നിനക്കു തരും.''
''പിതാവിന്റെ പക്കല്‍നിന്നോ?''
''അതെ. ഹെര്‍മോണിലെ ധനാഢ്യനായ യാവോക്കിമിന്റെ പുത്രനാണ് ഞാന്‍.''
''ആരു വിശ്വസിക്കും. നീയൊരു ധനികപുത്രനാണെന്ന്. ഞാന്‍ വിശ്വസിക്കുകയില്ല. നീയൊരു ഭിക്ഷക്കാരനാണ്. പെരുന്നാളിനു നഗരത്തില്‍ ഭിക്ഷയാചിക്കാന്‍ വന്നവന്‍.''
അനനിയാദ് ശബ്ദിച്ചില്ല. നാവുറഞ്ഞുപോയ ഒരുവന്റെ നിസ്സഹായതയോടെ അനനിയാദ് നിന്നു. അവന്‍ ദീനമായി യൂദാസിനെ നോക്കി. യൂദാസ് പറഞ്ഞു:
''ഇപ്പോള്‍ നിന്റെ കൈയിലെന്തുണ്ടെന്നു പറയുക. മുപ്പതു വെള്ളിനാണയങ്ങള്‍. നീ ധനാഢ്യനായ യാവോക്കിമിന്റെ പുത്രനല്ലേ... വെറും മുപ്പതു വെള്ളിനാണയങ്ങള്‍?''
''എന്റെ പക്കല്‍ ഒരു ദനാറപോലുമില്ല...''
അനനിയാദിന്റെ വായില്‍നിന്ന് ആ വാക്കുകളും കണ്ണുകളില്‍നിന്ന് കണ്ണീരും ഒരുമിച്ചാണ് പുറത്തേക്കു വന്നത്.
അനനിയാദിന്റെ പക്കല്‍ പണമില്ലെന്നുകണ്ട് യൂദാസ് നഗരത്തിനു പുറത്ത് അവനെ ഉപേക്ഷിച്ചിട്ട് ജനക്കൂട്ടത്തിനിടയില്‍ മറഞ്ഞു. (തുടരും)