•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

പതിനാലാമെടം

മണലാരണ്യങ്ങള്‍

യൂദയായുടെ നാലതിരുകളോളം കാട്ടുതീപോലെയാണ് ആ വാര്‍ത്ത പടര്‍ന്നത്. 
''യേശു ലാസറിനെ ഉയിര്‍പ്പിച്ചു.''
ആളുകള്‍ അവനെക്കുറിച്ച് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കാന്‍ തുടങ്ങി. അസംഖ്യമാളുകള്‍ അവനില്‍ വിശ്വസിച്ചു. അവന്‍ എത്തുന്നിടത്തെല്ലാം അവനെ കേള്‍ക്കാന്‍ വലിയ പുരുഷാരംതന്നെ കൂടുകയുണ്ടായി. അവനെ കേട്ടവരോ വിസ്മയഭരിതരായി.
അനനിയാദപ്പോള്‍ ബത്‌ലഹേമിലായിരുന്നു. യേശുവിനെ അന്വേഷിച്ചുള്ള യാത്രയില്‍ അവന്‍ ബത്‌ലഹേമിലെത്തിയതായിരുന്നു. അവിടെവച്ചാണ് യേശു ബേഥനിയായില്‍ ലാസറിനെ ഉയിര്‍പ്പിച്ച വിവരം അറിഞ്ഞത്.
അവന്‍ ബേഥനിയായിലേക്കു തിരിച്ചു. ബത്‌ലഹേമില്‍നിന്ന് ഏകദേശം ആറുമൈല്‍ ദൂരമുണ്ടായിരുന്നു ജറൂസലേമിലേക്ക്.
അനനിയാദ് ആവുന്നത്ര വേഗത്തില്‍ നടന്നു. ബേഥനിയായിലേക്കുള്ള യാത്രയ്ക്കിടയില്‍ അവന്‍ ലോകത്തിനു നേരേ കണ്ണുകളും കാതുകളും തുറന്നു പിടിച്ചു. എങ്ങും എവിടെയും യേശു തന്നെയാണ് സംസാരവിഷയമെന്ന് അവന്‍ കണ്ടു.
കാറ്റും വെയിലും യേശുവിനെക്കുറിച്ചു സംസാരിക്കുന്നു...
മരങ്ങളും പക്ഷികളും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്.
ആകാശവും ഭൂമിയും അവനെ പ്രഘോഷിക്കുന്നു...
ഈ ലോകം മുഴുവന്‍ അവനെക്കുറിച്ചു പറയുന്നു...
അന്വേഷിച്ചും കേട്ടും അനനിയാദ് ബേഥനിയായില്‍ ലാസറിന്റെ ഭവനത്തിലെത്തി. അവിടെ അവന്‍ മേരിയെക്കണ്ടു.
ശുദ്ധമായ ആകാശംപോലെ മേരി...
അവള്‍ കൂടുതല്‍ സൗമ്യവതി...
അവള്‍ ദൈവത്തിന്റെ ഉദ്യാനത്തിലെ മഴയണിഞ്ഞ സീദാര്‍ മരം...
''മഞ്ഞണിഞ്ഞ വെണ്ണക്കല്‍ ശില്പം...''
''മുഖത്ത് വിശുദ്ധിയുടെ ചന്ദ്രകാന്തി...''
ഇക്കുറി മേരിക്ക് അനനിയാദിനെ മനസ്സിലായി. അവള്‍ പറഞ്ഞു:
''മഗ്ദലേനയില്‍ ഞാന്‍ നിന്നോടു തെറ്റു ചെയ്തു.''
പക്ഷേ, അവന്‍ അവളുടെ പശ്ചാത്താപത്തിന്റെ സ്വരം കേട്ടില്ല. അവന്‍ ചോദിച്ചു:
''അവനെവിടെ യേശു...?''
''അവന്‍ ഇവിടെ വന്നിരുന്നു. മരിച്ചുപോയ എന്റെ സഹോദരനെ ഉയിര്‍പ്പിച്ചു.'' അവള്‍ പറഞ്ഞു.
അനനിയാദ് ലാസറിനെ കണ്ടു. യേശു മരണത്തില്‍നിന്നുയിര്‍പ്പിച്ച ലാസറിനെ.
''നീ എത്ര ഭാഗ്യവാന്‍...'' അനനിയാദ് പറഞ്ഞു.
''അവന്റെ കരം മരണത്തില്‍പ്പോലും നിനക്കായി നീട്ടിത്തന്നു.''
''എന്നാല്‍, എത്ര കാലമായി ഞാന്‍ അവനെ തിരയുന്നു.''
''അവന്‍ നിന്നെയും നിന്റെ സഹോദരി മേരിയെയും അളവറ്റ് സ്‌നേഹിക്കുന്നു എന്നു ഞാനറിയുന്നു. ദയവായി എന്നെയും അവന്റെ ശിഷ്യനായി സ്വീകരിക്കാന്‍ പറയുമോ?''
''സഹോദരാ... ആകുലപ്പെടേണ്ടതില്ല,'' ലാസര്‍ പറഞ്ഞു: ''അവന്റെ കരം എല്ലാവരുടെയും ശിരസ്സിനു മുകളിലുണ്ടെന്നു വിശ്വസിക്കുക. നീ അവന്റെ ശിഷ്യനാകാന്‍ അര്‍ഹനെങ്കില്‍ അങ്ങനെതന്നെ സംഭവിക്കും. പൊയ്‌ക്കൊള്ളുക. പോയി അവനെ കാണുക.''
''അവനിപ്പോള്‍ എവിടെയാണ്?''
''നിശ്ചയമില്ല. ഒരുപക്ഷേ, ജറുസലേം വിട്ട് പോകാനിടയില്ല.''
അനനിയാദ് തിരിഞ്ഞുനടന്നു. മരണത്തില്‍നിന്നുയിര്‍ത്തവന്റെ ശബ്ദം ശൈത്യമുറഞ്ഞ കാറ്റുപോലെ അനനിയാദിന്റെ കര്‍ണപടങ്ങളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ, എവിടെയാണ് യേശുവിനെ അന്വേഷിക്കുക. അവന്‍ എല്ലായിടത്തുമുണ്ട്. യൂദയായിലെങ്ങും അവന്‍ പ്രവര്‍ത്തിച്ച അദ്ഭുതങ്ങളുടെ കഥകളാണ്. അവനെ കാണാത്ത ആളുകളാരുമില്ല. 
''പക്ഷേ, തനിക്കു മാത്രം... തന്റെ മുമ്പില്‍ മാത്രം അവന്‍ പ്രത്യക്ഷപ്പെടാത്തതെന്ത്?''
അവന്‍ തലയുയര്‍ത്തി ആകാശത്തേക്കു നോക്കി. ആകാശം കറുപ്പണിഞ്ഞു കിടക്കുന്നു. 
''കാലംതെറ്റി ഒരു മഴയ്ക്കുള്ള ഭാവമാണോ?''
അനനിയാദ് ജറൂസലേമിലാകെ അവനെ അന്വേഷിച്ചു. കണ്ടവരോടൊക്കെ ചോദിച്ചു:
''നസ്രായനായ യേശുവിനെ കണ്ടോ?''
എല്ലാവരും അവനെ കണ്ടവരായിരുന്നു. പക്ഷേ, അവന്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
ജറൂസലേം തെരുവിലൂടെയും ദേവാലയാങ്കണത്തിലൂടെയും ഒരാള്‍ യേശുവിനെ അന്വേഷിച്ചലയുന്നു എന്ന വിവരം മഹാപുരോഹിതനായ കയ്യഫാ അറിഞ്ഞു. അയാള്‍ ആളയച്ച് അനനിയാദിനെ വിളിപ്പിച്ചു. 
''നീ ആരെയാണ് അന്വേഷിക്കുന്നത്?'' കയ്യഫാ ചോദിച്ചു.
''നസ്രായനായ യേശുവിനെ...''
''എന്തിന്... എന്തിനാണ് ആ ദൈവദൂഷണം പറയുന്നവനെ അന്വേഷിക്കുന്നത്?''
''അവന്‍ ദൈവദൂഷണം പറയുന്നില്ല. അവന്‍ ദൈവത്തില്‍ നിന്നുള്ള മിശിഹായാണെന്നു ഞാനറിയുന്നു. ഞാനവനെ കണ്ടിട്ടില്ല. പക്ഷേ, അവനിലെ ശക്തി സൗഖ്യമാക്കിയ പലരെയും ഞാന്‍ കണ്ടു.''
''നീ അവനില്‍ വിശ്വസിക്കുന്നോ... അവനെ ഒരിക്കല്‍പ്പോലും കാണാന്‍ കഴിയാതിരുന്നിട്ടും...''
''തീര്‍ച്ചയായും. കാരണം, ഇസ്രായേല്‍ജനം കാത്തിരുന്ന രക്ഷകന്‍ അവന്‍തന്നെയാണ്. വിശുദ്ധ ലിഖിതങ്ങള്‍ ആയതിന് സാക്ഷ്യം നല്കുന്നുണ്ടല്ലോ.''
കയ്യഫാ ചുറ്റും നിന്നിരുന്ന ഫരിസേയരെ നോക്കി. എന്നിട്ട് എല്ലാവര്‍ക്കുംവേണ്ടിയെന്നപോലെ പറഞ്ഞു: 
''അതേ, വിശുദ്ധ ലിഖിതങ്ങള്‍ സാക്ഷ്യം നല്കുന്നു. ഞങ്ങളും അവനില്‍ വിശ്വസിക്കുന്നു. ആയതുകൊണ്ട് അവനെ എവിടെക്കണ്ടാലും രഹസ്യമായി ഞങ്ങളെ വിവരമറിയിക്കണം. ഞങ്ങള്‍ മുപ്പതു വെള്ളിനാണയങ്ങള്‍ നിനക്കു പ്രതിഫലമായി ത്തരും.''
കയ്യഫാ അവനെ പറഞ്ഞയച്ചു. അനനിയാദ് കയ്യഫായുടെ അരമനയില്‍നിന്നു പുറത്തിറങ്ങി.
മുഖ്യപുരോഹിതന്മാരും ഫരിസേയരും കൂട്ടം ചേര്‍ന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി.
''നാം എന്താണു ചെയ്യേണ്ടത്. ആ മനുഷ്യന്‍ വളരെയേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ. അവനെ ഇങ്ങനെ വിട്ടാല്‍ ജനങ്ങളെല്ലാം അവനില്‍ വിശ്വസിക്കുകയും റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധസ്ഥലത്തെയും ജനങ്ങളെയും നശിപ്പിക്കുകയും ചെയ്യുമല്ലോ...''
അപ്പോള്‍ കയ്യഫാ പറഞ്ഞു.
''നിങ്ങള്‍ക്കെന്തറിയാം. ജനത  ഒന്നടങ്കം നശിക്കാതിരിക്കാന്‍ ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നതാണ് നല്ലത്. അത് നിങ്ങള്‍ മനസ്സിലാക്കാത്തതെന്ത്?''
അയാള്‍ അതു സ്വയം പറഞ്ഞതല്ല. ജനതയ്ക്കുവേണ്ടി, ജനതയ്ക്കുവേണ്ടി മാത്രമല്ല ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചുകൂട്ടാന്‍വേണ്ടി യേശു മരിക്കണം എന്ന് ആ വര്‍ഷത്തെ മഹാപുരോഹിതന്‍ എന്ന നിലയില്‍ അയാള്‍ പ്രവചിക്കുകയായിരുന്നു.
അന്നുമുതല്‍ യേശുവിനെ എങ്ങനെയെങ്കിലും വധിക്കാനുള്ള വഴികളെക്കുറിച്ച് അവര്‍ ആലോചിച്ചുകൊണ്ടിരുന്നു. അവനെ കണ്ടാല്‍ രഹസ്യമായി വിവരം ധരിപ്പിക്കാന്‍ അവര്‍ പലരെയും ചട്ടംകെട്ടിയിരുന്നു. ഇപ്പോള്‍ അനനിയാദിനെയും.
സമ്പന്നതയുടെ നടുവില്‍നിന്നു വന്ന അനനിയാദിനെ യഹൂദന്മാരുടെ മുപ്പതു വെള്ളിനാണയങ്ങള്‍ പ്രലോഭിപ്പിച്ചില്ല. പുരോഹിതന്മാരുടെയും ഫരിസേയന്മാരുടെയും മനസ്സിലിരുപ്പ് അവന് മനസ്സിലായിരുന്നതുമില്ല. അവന്റെ ചിന്ത യേശുവിനെ കാണുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്യുക എന്നതിലുപരി ഒന്നിലേക്കും വ്യാപരിച്ചിരുന്നുമില്ല. 
യേശുവാകട്ടെ, യഹൂദന്മാരുടെ ഗൂഢാലോചന മനസ്സിലാക്കിയതുകൊണ്ട് അവരുടെ ഇടയില്‍  പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ അവിടെനിന്ന് മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തിലേക്കു പോയി. ശിഷ്യന്മാരോടൊത്ത് അവിടെ പാര്‍ത്തു.
അനനിയാദാകട്ടെ യേശുവിനെ തേടി യഹൂദിയായിലെങ്ങും കറങ്ങി.
മരുഭൂമിയില്‍ അവന്‍ യേശുവിനെ അന്വേഷിച്ചു, കണ്ടില്ല.
മൃഗതൃഷ്ണകള്‍ പൂക്കുന്ന മരുഭൂമിയിലെ കാറ്റിനോടവന്‍ ചോദിച്ചു:
''ആ നസ്രായനെ കണ്ടോ...?''
കാറ്റ് അവിടവിടെ മണല്‍ക്കൂനകള്‍ സൃഷ്ടിച്ചു കടന്നുപോയതല്ലാതെ പ്രതികരിച്ചില്ല. പാലസ്തീനായുടെ തെക്കേയറ്റം ചാവുകടല്‍ത്തീരംവരെ അവനെ തേടി. കണ്ടില്ല. തിരമാലകളോടവന്‍ ചോദിച്ചു: 
''കാലിത്തൊഴുത്തില്‍ പിറന്ന ഇസ്രായേലിന്റെ രാജാവിനെ കണ്ടോ?''
അവ ഇളകിത്തുള്ളി തീരത്തേക്കു വന്നതല്ലാതെ മറുപടി പറഞ്ഞില്ല. യോര്‍ദാന്‍ നദിക്കരയിലെ പക്ഷികളോടവന്‍ തിരക്കി:
''ആ തച്ചന്റെ മകനെ കണ്ടോ?''
അവ നദിപ്പരപ്പില്‍നിന്ന് എന്തോ കൊത്തിപ്പെറുക്കി പറന്നതല്ലാതെ ശബ്ദിച്ചില്ല.
ഗലീലിയാക്കടലിലെ മുക്കുവനോടവന്‍ തിരക്കി:
''ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടിനെ കണ്ടോ?'' അവരും കൈമലര്‍ത്തി.
ശാരോണ്‍ താഴ്‌വരയിലെ ആപ്പിള്‍മരങ്ങളോടും ഒലിവുമലയുടെ താഴ്‌വാരത്തിലെ മാതളനാരകങ്ങളോടും അവന്‍ തിരക്കി:
''ലോകത്തിന്റെ രക്ഷകനായ മിശിഹായെ കണ്ടോ?'' അവ ശാഖികള്‍ താഴ്ത്തിപ്പിടിച്ച് അവനു നേരേ മിണ്ടടക്കം പാലിച്ചു.
അനനിയാദിന്റെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു. സൂര്യന്‍ ഇരുണ്ടു പോയതാണോ...?''
എവിടെനിന്നോ ഭീതിദങ്ങളായ മുഴക്കങ്ങള്‍ അവന്‍ കേട്ടു. അഗ്നിപര്‍വതങ്ങള്‍ പൊട്ടിച്ചിതറുകയാണോ? ഭൂമി കുലുങ്ങുന്നതുപോലെ അവനു തോന്നി. കാറ്റ് അതിന്റെ എല്ലാ രൗദ്രഭാവത്തോടുംകൂടി ചൂളംകുത്തിപ്പായുകയാണ്. കടല്‍ ആകാശം മുട്ടെ തിരമാലകളുയര്‍ത്തി ഇളകിമറിയുകയാണ്. ലോകം അവസാനിക്കുകയാണോ? അവന്‍ ഭൂമിയില്‍ മുട്ടുകുത്തി ആകാശത്തോട് കണ്ണുകളും കരങ്ങളുമുയര്‍ത്തി വിലപിച്ചു.
''ദൈവപുത്രാ നീ എവിടെ?''
അവനപ്പോള്‍ എന്തായിരുന്നു എന്നോ എവിടെയായിരുന്നു എന്നോ അവനുതന്നെ നിശ്ചയമില്ലായിരുന്നു. അവന്റെ കാഴ്ചയും അവന്റെ മനസ്സും അവനില്‍നിന്ന് എടുക്കപ്പെട്ടിരുന്നു. അവന്‍ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അലറിക്കരഞ്ഞു. ഒരു പിശാചുബാധിതനെപ്പോലെ അവന്‍ പ്രവര്‍ത്തിച്ചു.
എട്ടുദിക്കും പൊട്ടുമാറ് ആകാശത്തില്‍ ഇടിമുഴങ്ങി. മിന്നല്‍പ്പിണറുകള്‍ അഗ്നിനാളംപോലെ ഭൂമിയിലേക്കിറങ്ങി വന്നു. മേഘപാളികള്‍ അടര്‍ന്നു പതിക്കുന്നതുപോലെ മഴ ഭൂമിയില്‍ വീണു. മഴയില്‍ അലറിവിളിച്ചുകൊണ്ട് അനനിയാദ് ഓടി. അവനും ആകാശത്തിനുമിടയില്‍ മഴ കാരുണ്യമില്ലാതെ 
മഴയിലൂടെ എന്തോ വിളിച്ചുകൂവിക്കൊണ്ട് ഓടുന്ന വികൃതനായ മനുഷ്യനെ കണ്ട് ജനങ്ങള്‍ ആര്‍ത്തു ചിരിച്ചു. അവര്‍ വിളിച്ചു പറഞ്ഞു:
''ഭ്രാന്തന്‍...''
അനനിയാദ് അവരോടു പൊട്ടിച്ചിരിച്ചു. അവര്‍ക്കുനേരേ അവന്‍ വിളിച്ചു ചോദിച്ചു:
''അവനെ കണ്ടോ? വചനം മാംസമായവനെ?'' 
അവന്‍ പരിഹാസത്തോടെ പറഞ്ഞു:
''ഭ്രാന്തന്‍... മുഴുഭ്രാന്തന്‍...''
കുട്ടികള്‍ അവനു പിന്നാലേ മഴയിലേക്കിറങ്ങി. അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് അവനെ ആട്ടിപ്പായിച്ചു. അവന്‍ കാലുതട്ടി ഭൂമിയില്‍ വീണു. വ്രണം ബാധിച്ച അവന്റെ പാദങ്ങള്‍ കല്ലുതട്ടി മുറിഞ്ഞു. മുറിവില്‍നിന്ന് രക്തം ഒഴുകി. അവനു വേദനിച്ചില്ല. അവന്‍ വീണ്ടും എഴുന്നേറ്റ് ഓടാന്‍ തുടങ്ങി. പിന്നാലെ കൂടിയ കുട്ടികള്‍ നിരത്തില്‍നിന്ന് കല്ലുകള്‍ പെറുക്കി അവനെ എറിഞ്ഞു. ഏറിന്റെ ശക്തിയാല്‍ അവന്‍ രണ്ടാംവട്ടവും ഭൂമിയില്‍ കമിഴ്ന്നു വീണു. അവന്റെ കൈപ്പത്തികള്‍ വഴിയില്‍ തറഞ്ഞുനിന്നിരുന്ന കല്ലില്‍ തട്ടിക്കീറി. അവിടെനിന്നു രക്തമൊലിച്ചു. നിലത്തുവീണു കിടന്ന അവന്റെ കുപ്പായം അവര്‍ വലിച്ചുകീറി. അവനെ ചമ്മട്ടികൊണ്ട് അടിച്ചു. അവന്റെ ദേഹത്തെ തോലു മുറിഞ്ഞുപോയി. അവന്റെ ശരീരമാകെ നീറി. അവന്‍ വേദനയോടെ പുളഞ്ഞു. കരഞ്ഞു.
അവന്‍ വീണ്ടും എഴുന്നേറ്റോടി. വിണ്ടുകീറിയ പാദങ്ങള്‍ നിലത്തുകുത്തി രക്തം കിനിയുന്ന ദേഹവുമായി അവരില്‍നിന്നു രക്ഷപ്പെടാനായി അവന്‍ ഓടി. പക്ഷേ, അധികദൂരം അവനു കഴിഞ്ഞില്ല. മൂന്നാംവട്ടവും അവന്‍ ഭൂമിയില്‍ വീണു.  നിലത്തുവീണു കിടക്കുന്ന അവനു ചുറ്റും അവര്‍ നൃത്തം ചവിട്ടി. അവനു മുകളില്‍ മഴ നിര്‍ദയം പെയ്തുകൊണ്ടിരുന്നു. അവനപ്പോള്‍ നഗ്നനായിരുന്നു. ശരീരത്തിലെ മുറിവുകളില്‍നിന്ന് രക്തം മഴയിലേക്കു വാര്‍ന്നുകൊണ്ടിരുന്നു.
അവര്‍ ഞെരിഞ്ഞില്‍മുള്ളുകള്‍ വളച്ചുകെട്ടിയ ഒരു മുടി അവന്റെ ശിരസ്സില്‍ അമര്‍ത്തിയുറപ്പിച്ചു. അവന്‍ വേദനകൊണ്ടു പുളഞ്ഞു.
''ദൈവമേ... എന്റെ ദൈവമേ...'' അവന്റെ അന്തരംഗം അബോധത്തിലും അങ്ങനെ മന്ത്രിച്ചു.
അവന്‍ നിലത്തു മലര്‍ന്നു കിടക്കുകയായിരുന്നു. അവന്റെ പിളര്‍ന്ന ചുണ്ടുകളില്‍ മഴ പെയ്തുകൊണ്ടിരുന്നു. നിലത്തു മഴയില്‍ നിശ്ചലനായിക്കിടക്കുന്ന അവനെ അവര്‍ സന്ദേഹിച്ചു. അവന്‍ സ്‌നേഹിച്ചു: 
''മരിച്ചുവോ...?''
അവരില്‍ ഒരാള്‍ അവന്റെ നെഞ്ചില്‍ കൂര്‍ത്ത കമ്പുകൊണ്ട് കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. പക്ഷേ, അവന് അനക്കമില്ലെന്നു കണ്ട് അവനെ അവിടെ ഉപേക്ഷിച്ച് അവര്‍ ഓടിപ്പോയി.
അതുവഴി നടന്നുപോയ യാത്രക്കാര്‍ അവനെ കണ്ട് ഒതുങ്ങിക്കടന്നുപോയി. ഒരു സമേറിയക്കാരന്‍ അതുവഴി വന്നു. അയാള്‍ അനനിയാദിന്റെ നഗ്നതയ്ക്കു മേലേ പഴകി പിഞ്ചിത്തുടങ്ങിയ ഒരു ഉത്തരീയമിട്ടു കൊടുത്തു.
ഏതാണ്ട് അഞ്ചാംമണിക്കൂര്‍വരെ മഴ പെയ്തു. പിന്നെ തോര്‍ന്നു. സന്ധ്യവരെ മരങ്ങള്‍ പെയ്തുകൊണ്ടിരുന്നു. കാറ്റില്‍, കാലം തെറ്റിചെയ്ത മഴയില്‍ നനഞ്ഞ ഭൂമിയും മരങ്ങളും തോര്‍ന്നു.
ആകാശത്തിന്റെ കിഴക്കേ കമാനത്തില്‍ നിലാവ് ഉദയംകൊണ്ടു. നക്ഷത്രങ്ങള്‍ തെളിഞ്ഞുനിന്നു. നിലാവ് അവനെ പുതപ്പിച്ചു. കാറ്റ് അവനെ തോര്‍ത്തിക്കൊണ്ടേയിരുന്നു.
അവനപ്പോള്‍ ആജന്മസുകൃതംപോലെ ഒരു സ്വപ്നത്തിലായിരുന്നു. സ്വപ്നത്തില്‍ അവന്‍ യേശുവിനെ കണ്ടു. യേശു അവന് ഒരു ദൂരക്കാഴ്ചയായിരുന്നു. അതുകൊണ്ട് മുഖം വ്യക്തമായിരുന്നില്ല.
എങ്കിലും പീലാത്തോസിന്റെ അരമനയില്‍ പുരോഹിതപ്രമാണിമാര്‍ക്കും പടയാളികള്‍ക്കും മദ്ധ്യേ അവന്‍ സൗമ്യനും ശക്തനുമായ ഒരാട്ടിന്‍കുട്ടിയെപ്പോലെയായിരുന്നു എന്നവന്‍ കണ്ടു. 
പീലാത്തോസ് എല്ലാവര്‍ക്കും മുമ്പാകെ കൈ കഴുകിക്കൊണ്ട് തന്റെ ഉത്തരവാദിത്വത്തില്‍നിന്ന്  ഒഴിഞ്ഞുമാറുകയും അവനെ യഹൂദന്മാര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്തു.
അവനെ അവര്‍ മലയിലേക്കു കൊണ്ടുപോയി. അവന്‍ തോളില്‍ ഭാരമുള്ള ഒരു കുരിശുവഹിച്ചിരുന്നു. ശിരസ്സില്‍ മുള്‍മുടിയും. അവര്‍ അവനെ ചമ്മട്ടിക്കൊണ്ടു പ്രഹരിക്കുന്നുണ്ടായിരുന്നു. കുരിശിന്റെ ഭാരം താങ്ങാനാവാതെ അവന്‍ രണ്ടുമൂന്നു വട്ടമെങ്കിലും നിലത്തുവീണു.
പിന്നില്‍ അലമുറയിടുന്ന സ്ത്രീകളോടവന്‍ എന്തോ പറഞ്ഞു. അതെന്താണെന്ന് അനനിയാദ് കേട്ടില്ല. പിന്നെയും അവന്‍ കുരിശ് ചുമക്കുകയാണ്. ചാട്ടവാറുകള്‍ അന്തരീക്ഷത്തില്‍ ശീല്‍ക്കാരം മുഴുക്കുന്നുണ്ട്. ആരോ ഒരാള്‍ അവനെ കുരിശു ചുമക്കുവാന്‍ സഹായിക്കുന്നുമുണ്ട്.
മലയുടെ മുകളില്‍ അവര്‍ അവനെ കുരിശില്‍ കിടത്തി. കൈകാലുകള്‍ ആണികളാല്‍ കുരിശില്‍ തറച്ചു. അവര്‍ കുരിശുയര്‍ത്തി നാട്ടി. 
അവന്‍ കുരിശില്‍ക്കിടന്നു പിടയുന്നത് അനനിയാദ് കണ്ടു. മലയില്‍ വലിയൊരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. അവര്‍ അവനെ പരിഹസിച്ചുകൊണ്ടിരുന്നു. 
ജനക്കൂട്ടത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ യേശുവിന്റെ ശബ്ദം അനനിയാദിനായി കാറ്റെടുത്തുകൊണ്ടുവന്നു:
''അനനിയാദ്... നീ നിന്റെ കുരിശുമായി മലകയറി എന്റെ അടുത്തേക്കു വരിക...''
മഞ്ഞുപോലെ ശീതളവും കടല്‍പ്പെരുക്കംപോലെ മുഴക്കവുമുള്ള ആ ശബ്ദം വന്ന് അനനിയാദിനെ തൊട്ടുവിളിച്ചു.
ആ വിളി കേട്ടാറെ അനനിയാദ് മയക്കം ഞെട്ടി. നിലാവിലേക്കു കണ്ണുമിഴിച്ചു.

(തുടരും)

Login log record inserted successfully!