മേരിയുടെ ഭൃത്യന്‍ പറഞ്ഞുകൊണ്ടിരുന്നു. അനനിയാദ് കേട്ടുകൊണ്ടുമിരുന്നു. പറച്ചിലിനിടയില്‍ ഭൃത്യന്‍ അതിയായ വ്യസനത്തില്‍ വിങ്ങുകയും അലമുറയിടുകയും ചെയ്തു.
അനനിയാദ് മഗ്ദലേന വിട്ടതിനുശേഷം മേരി വല്ലാതെ ദുഃഖിതയായിത്തീര്‍ന്നു. അവള്‍ ആഹാരം കഴിക്കുകയോ ആഭരണങ്ങള്‍ അണിയുകയോ ചെയ്തില്ല. അവള്‍ സുഗന്ധതൈലം പൂശിയില്ല. കിന്നരംമീട്ടുകയോ നൃത്തമാടുകയോ ചെയ്തില്ല. അവള്‍ തന്നെ തേടിയെത്തിയ പണക്കാരായ അതിഥികളെ സ്വീകരിച്ചില്ല. വന്നവരാകട്ടെ, പ്രവേശനകവാടത്തില്‍വച്ചുതന്നെ തിരിച്ചയയ്ക്കപ്പെട്ടു.
വന്നവരില്‍ ചിലര്‍ അവളെ കാണാന്‍ സാധിക്കാത്തതില്‍ കുണ്ഠിതപ്പെട്ട് ശകാരം ചൊരിഞ്ഞു. സമ്മാനമായി കൊണ്ടുവന്ന വില കൂടിയ സുഗന്ധദ്രവ്യങ്ങള്‍ നിലത്തു തൂകിക്കളയുകയും ചെയ്തു. മറ്റുചിലരാകട്ടെ കൊടുക്കാറുള്ളതില്‍ വളരെ കൂടുതല്‍ വാഗ്ദാനം ചെയ്തു. പക്ഷേ, ഭൃത്യന്മാര്‍ ആരെയും അകത്തേക്കു വിട്ടില്ല. അവര്‍ പറഞ്ഞു:
''യജമാനസ്ത്രീ ആരെയും സ്വീകരിക്കുന്നില്ല.''
വന്നവരൊക്കെ നിരാശയോടെ മടങ്ങി. ചിലര്‍ കോപത്തോടെ പറഞ്ഞു: ''ഞങ്ങളെ അപമാനിച്ചതിന്റെ ഫലം അവളനുഭവിക്കും.''
രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രിയില്‍ ഫരിസേയപ്രമാണിമാരില്‍ ചിലരെത്തി. അവര്‍ ഭൃത്യന്മാരെ കടന്ന് മേരിയുടെ പക്കലെത്തി. അന്നു രാത്രി അവരോടൊപ്പം കഴയണമെന്നാവശ്യപ്പെട്ടു. അതിനു പ്രതിഫലമായി അവള്‍ ചോദിക്കുന്നതെന്തും കൊടുക്കാനും അവര്‍ തയ്യാറായിരുന്നു.
''ഇല്ല.'' മേരി പറഞ്ഞു.
''എന്തുകൊണ്ടാണ് നീ ഈ വിധത്തില്‍ ഞങ്ങളോടു പെരുമാറുന്നത്?''
''ഞാന്‍ ആ നശിച്ച തൊഴില്‍ നിറുത്തി.''
''എന്തിന്? നീ അര്‍ഹിക്കുന്നതിലധികം പണം നിനക്കു തരുന്നില്ലേ?''
''എനിക്കിനി ഒന്നും വേണ്ട.'' അവള്‍ പറഞ്ഞു. ''മഗ്ദലേനയിലിനി വ്യഭിചാരിണിയായ മേരിയില്ല...''
അവള്‍ തന്റെ ഭൃത്യന്മാരെ വിളിച്ച് അവരെ നിഷ്‌കരുണം പുറത്താക്കി വാതില്‍ ബന്ധിച്ചു. രാത്രിയുടെ അവസാനയാമങ്ങളിലെപ്പോഴോ ഒരു സംഘം ആളുകളെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നു. ഭൃത്യന്മാരെയും പരിചാരികകമാരെയും മര്‍ദിച്ച് അവശരാക്കി. മേരിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ഒപ്പം അവിടെയുണ്ടായിരുന്ന വിലപ്പിടിപ്പുള്ളതെല്ലാം കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു.
മേരിയെ എവിടേക്കാണു കൊണ്ടുപോയതെന്നോ എന്താണു ചെയ്തതെന്നോ ഭൃത്യന്മാര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. ഭൃത്യന്‍ പറയുന്നതുകേട്ട് അനനിയാദ് ഉപ്പുതൂണ്‍പോലെ ചലനമറ്റു.
ചുറ്റും ഇരമ്പുന്ന കടലാണ്. ആകാശംമുട്ടെ ആര്‍ത്തിരമ്പി വന്ന തിരമാലകള്‍ വലിയ ഹുങ്കാരത്തോടെ പാഞ്ഞുവന്ന് അവനെ തെറിപ്പിച്ചുകളഞ്ഞു. തിരകളില്‍ മുങ്ങിയും പൊങ്ങിയും അവന്‍ എവിടേക്കെന്നില്ലാതെ പൊയ്‌ക്കൊണ്ടിരുന്നു.
എവിടെയാണ് തീരം? എന്നാണ് താന്‍ ഒരിടത്ത് എത്തപ്പെടുക? നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോയ ഒരുവന്റെ പ്രാണവേദന അവന്‍ അനുഭവിച്ചു. മരണത്തോടടുത്തുള്ള വേദന.
അവന്‍ മേരിയുടെ ഭവനത്തില്‍നിന്ന് ഇറങ്ങിനടന്നു. പിന്നില്‍ മേരിയുടെ ഭൃത്യന്‍ എന്തോ പറഞ്ഞത് അവന്‍ കേട്ടില്ല.
രാത്രി അവസാനിക്കാറായിരുന്നു. വിളറിയ നിലാവില്‍ മഞ്ഞ് നൂല്‍മഴപോലെ പെയ്യാന്‍ തുടങ്ങിയിരുന്നു. തണുപ്പ് അവനെ ഒരു ശത്രുവിനെപ്പോലെ ആക്രമിക്കാന്‍ തുടങ്ങി. അവന്‍ വിറയ്ക്കാനും ഞരമ്പുകള്‍ കോച്ചിവലിക്കാനും തുടങ്ങി. എങ്കിലും അവന്‍ ആയാസത്തോടെ നടന്നുകൊണ്ടിരുന്നു. അവന്‍ സമരിയായിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു. മേരിയുടെ ഭവനത്തില്‍നിന്നു യാത്ര തിരിച്ചിട്ട് എത്ര ദിവസങ്ങളായി എന്ന് അനനിയാദിനു നിശ്ചയമുണ്ടായിരുന്നില്ല.
മേരിയെ കാണുക എന്ന പ്രതീക്ഷ അവനില്‍ അസ്തമിച്ചിരുന്നു. അവന്റെ ചിന്തകള്‍ വീണ്ടും യേശുവിലേക്കുതന്നെ തിരിഞ്ഞിരുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്നതൊന്ന്; യഹോവ നിശ്ചയിക്കുന്നതൊന്ന്. അനനിയാദ് അങ്ങനെ ചിന്തിച്ചു.
യേശു യൂദയായിലെവിടെയെങ്കിലും കാണുമെന്ന് കാരണമൊന്നുമില്ലാതെ അവന്‍ വിശ്വസിച്ചു. ആ വിശ്വാസത്തിലായിരുന്നു അവന്റെ പീഡിതമായ യാത്ര.
ഇരുട്ടായിരുന്നു... നിലാവ് അസ്തമിക്കുകയും മഞ്ഞ് കഠിനമാകുകയും ചെയ്തിരുന്നു. എങ്കിലും നേര്‍ത്ത വെളിച്ചം തങ്ങിനിന്നിരുന്നതുകൊണ്ട് അവന്‍ മുന്വോട്ടുതന്നെ നടന്നു. കുറേ നടന്നു കഴിഞ്ഞപ്പോള്‍ വഴിയരുകില്‍ കുറച്ചുപേര്‍ ആഴികൂട്ടി തീകായുന്നതു കണ്ടു. തണുപ്പ് അസഹ്യമായതിനാല്‍ അവനും അവരോടൊപ്പം തീകായാനിരുന്നു.
എന്തോ ഗൗരവമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവര്‍ക്ക് യാചകരൂപത്തിലുള്ള അനനിയാദിന്റെ ആഗമനം തീരെ ഇഷ്ടമായില്ല. എങ്കിലും, അവര്‍ ഒതുങ്ങിയിരുന്ന് അവനു തീ കായാനിടമുണ്ടാക്കിക്കൊടുത്തു. ആഴിയില്‍ വിറകുകമ്പുകള്‍ പൊട്ടിത്തെറിച്ച് എരിഞ്ഞുകത്തുകയായിരുന്നു. അനനിയാദിനെ വിറയ്ക്കുകയും തണുപ്പിന്റെ ആധിക്യത്താല്‍ പല്ലുകള്‍ കൂട്ടിത്തല്ലുകയും ചെയ്തുകൊണ്ടിരുന്നു. അവന്‍ ആഴിയോടു കൂടുതല്‍ ചേര്‍ന്നിരുന്നു.
തീ കായാനിരുന്നവര്‍ അനനിയാദിനെ അവഗണിച്ച് അവരുടെ സംസാരത്തിലേക്കു തിരിച്ചുപോയി. അനനിയാദാകട്ടെ അവര്‍ക്കു ചെവികൊടുത്തില്ല. അവന്‍ അവനിലേക്കുതന്നെ ചുരുങ്ങി അഗ്നികുണ്ഠത്തിനരികെ കൂനിക്കൂടി.
എവിടെനിന്നോ പുലര്‍ച്ചക്കോഴി കൂവുന്നത് തീകായുന്നവരുടെ വര്‍ത്തമാനത്തിനു മീതെ അവന്‍ കേട്ടു. നേരം വെളുക്കാന്‍ ഇനി അധികമുണ്ടാവില്ലെന്ന് അവന്‍ ആശ്വസിച്ചു. അപ്പോഴാണ് അവരുടെ സംസാരം യേശുവിനെക്കുറിച്ചാണെന്ന് അവന്‍ അറിഞ്ഞത്. അവന്‍ ശ്രദ്ധിച്ചു. കൂട്ടത്തില്‍ വെളുത്ത് കിളിരം കൂടിയ സ്ത്രീ പറഞ്ഞു:
''എനിക്കു തീര്‍ച്ചയുണ്ട്. നമ്മള്‍ കാത്തിരുന്ന മിശിഹാ അവന്‍തന്നെ. കാരണം, എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അവന്‍ പറയുകയും എന്റെ സാക്ഷ്യത്താല്‍ ഒരുപാട് പേര്‍ വിശ്വസിക്കുകയും ചെയ്തല്ലോ...''
അപ്പോള്‍ മറ്റൊരാള്‍ അവളോടു പറഞ്ഞു:
''സ്ത്രീയേ, നിന്റെ സാക്ഷ്യം കൊണ്ടല്ല അവന്‍ രണ്ടുനാള്‍ ഞങ്ങളോടൊപ്പം കഴിയുകയും ഞങ്ങള്‍ അവനെ കേള്‍ക്കുകയും നിശ്ചയമായും അവന്‍ ലോകരക്ഷകനാണെന്നു മനസ്സിലാക്കുകയും ചെയ്തതുകൊണ്ടാണ് ഞങ്ങള്‍ വിശ്വസിച്ചത്...''
''നിങ്ങള്‍ ആരെക്കുറിച്ചാണു പറയുന്നത്?'' അനനിയാദ് തിരക്കി.
''നസ്രായനായ യേശുവിനെക്കുറിച്ച്..'' സ്ത്രീ പറഞ്ഞു.
''അവനെ നിങ്ങള്‍ കണ്ടുവോ?''
''ഞാനാണ് ആദ്യം കണ്ടത്...'' സ്ത്രീ പറഞ്ഞു. ''സുവാര്‍ നഗരത്തിനരികെ യാക്കോബിന്റെ കിണറ്റുകരയില്‍ രണ്ടുനാള്‍മുമ്പ് വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍. അവന്‍ അവിടെ ഇരിക്കുന്നതു കണ്ടു. അവന്‍ എന്നോടു പറഞ്ഞു:
''എനിക്കു കുടിക്കാന്‍ തരിക.''
''ഒരു യഹൂദനായ നീ ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നതെന്ത്?'' ഞാന്‍ ചോദിച്ചു. അപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞു:
''എനിക്കു ദാഹജലം തരിക എന്നു ചോദിക്കുന്നവനെയും ദൈവദാനത്തെയുംകുറിച്ച് അറിഞ്ഞിരുന്നെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരികയും ചെയ്യുമായിരുന്നു.''
''അവന്‍ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. എങ്കിലും ഞാന്‍ അവനോടു ജീവജലം തരാനാവശ്യപ്പെട്ടു. കാരണം, അവന്‍ പറഞ്ഞതിന്‍പ്രകാരം എനിക്ക് ഒരിക്കലും ദാഹിക്കുമായിരുന്നില്ലല്ലോ...''
പക്ഷേ, അവന്റെ എന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. എനിക്കു ഭര്‍ത്താവില്ല എന്നുപറഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തതൊക്കെയും അവന്‍ എന്നോടു പറഞ്ഞു...''
''ഞാന്‍ നഗരത്തില്‍ചെന്ന് സംഭവിച്ചതൊക്കെയും എല്ലാവരെയും അറിയിച്ചു. അവര്‍ നഗരത്തില്‍നിന്ന് ഇറങ്ങിവന്ന് അവനെ കാണുകയും കേള്‍ക്കുകയും ചെയ്തു. അവരുടെ ആഗ്രഹപ്രകാരം അവന്‍ രണ്ടുദിവസം ഞങ്ങളോടൊപ്പം പാര്‍ക്കുകയും ചെയ്തു.''
''എന്നിട്ട് അവനെവിടെ?''
''അവന്‍ ഗലീലിയിലേക്കു പോയി...'' അവര്‍ പറഞ്ഞു.
അനനിയാദ് ആഴിക്കരികെ നിന്നെഴുന്നേറ്റ് തിരിഞ്ഞു മുടന്തി.
''നീ എവിടേക്കാണ്?'' അവര്‍ ചോദിച്ചു.
''ഗലീലിയിലേക്ക്... എനിക്ക് യേശുവിനെ കാണണം.''
കിഴക്ക് വെള്ളപൊട്ടിയിരിക്കുന്നു. കുളിരുനിറഞ്ഞ പുലരിക്കാറ്റില്‍ കുന്തിരിക്കവും മീറയും മണക്കുന്നു എന്നവനു തോന്നി. എന്തെന്നില്ലാത്ത ഒരുന്മേഷം അവനില്‍ നിറയുന്നു. മനസ്സ് കാറു നീങ്ങി തെളിഞ്ഞ ആകാശംപോലെ ശുഭ്രമായിത്തോന്നുന്നു.
അവന്‍ യാത്രയ്ക്കിടയില്‍ കണ്ട നീരൊഴുക്കില്‍ കുളിച്ചു. അഴുക്കു പുരണ്ട ഇത്തിരി വസ്ത്രം കഴുകിയെടുത്തു. വയറു നിറയെ വെള്ളം കുടിച്ചു. പകല്‍ തെളിഞ്ഞതും പ്രകാശമാനവുമായിരുന്നു. സൗമ്യനായ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ കിഴക്കേ ആകാശത്തില്‍ സൂര്യന്‍ ചിരിക്കുന്നു.
അനനിയാദ് മുടന്തിക്കൊണ്ടേയിരുന്നു. വൈകുന്നേരമായപ്പോഴേക്കും അവന്‍ തളര്‍ന്നു. വിശപ്പ് അവനെ ആക്രമിക്കുകയും വ്രണം ബാധിച്ച കാലുകള്‍ കൂടുതല്‍ നീരുകെട്ടുകയും ചെയ്തു. എങ്കിലും, അവന്‍ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
അപ്പോഴാണ് തനിക്കു പിന്നിലൂടെ കുതിരപ്പുറത്തൊരാള്‍ വരുന്നത് അവന്‍ കണ്ടത്. കുതിരപ്പുറത്തിരുന്ന ആളെ അനനിയാദ് തിരിച്ചറിഞ്ഞു: യോറ. തന്നോടൊപ്പം മരുഭൂമിയിലൂടെ സഹയാത്രികനായിരുന്ന, രത്‌നവ്യാപാരിയായ യോറ. തന്റെ മുമ്പില്‍ നില്ക്കുന്ന അര്‍ദ്ധനഗ്നനായ മനുഷ്യനെ അത്ര പെട്ടെന്നൊന്നും യോറയ്ക്കു മനസ്സിലായില്ല. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം അനനിയാദ് പറഞ്ഞു:
''ഞാന്‍ അനനിയാദ്. ഒരിക്കല്‍ നമ്മളൊരുമിച്ച്...''
''ഓ... മനസ്സിലായി...'' യോറ ഓര്‍മ കിട്ടിയതുപോലെ പറഞ്ഞു.
അനനിയാദിന്റെ മാറ്റം യോറയെ അദ്ഭുതപ്പെടുത്തി. അനനിയാദ് വൃദ്ധനായിപ്പോയിരിക്കുന്നു. അല്പവസ്ത്രധാരിയായ ഒരു യാചകന്റെ ഭാവമായിരുന്നവന്.
''നിനക്ക് എന്താണു സംഭവിച്ചത്?'' യോറ തിരക്കി. അനനിയാദ് മറുപടി പറഞ്ഞില്ല. പകരം വെറുതെ ലുബ്ധിച്ചു ചിരിക്കുകമാത്രം ചെയ്തു. യോറ കുതിരപ്പുറത്തുനിന്നിറങ്ങി. കുതിരയെ അടുത്തുള്ള വൃക്ഷത്തില്‍ കെട്ടി. ഭാണ്ഡത്തിലുണ്ടായിരുന്ന ഭക്ഷണം അവര്‍ ഒരുമിച്ചു കഴിച്ചു. പിന്നെ അവന് ഒരു നല്ല കുപ്പായവും കൊടുത്തു.
''്‌നീ എവിടേക്കാണ്...?'' യോറ തിരക്കി.
''ഞാന്‍ ഗലീലിയിലേക്കാണ്. എനിക്കവനെ കാണണം. യേശുവിനെ. എനിക്കവന്റെ ശിഷ്യനാകണം...''
''അവന്‍ ദൈവപുത്രന്‍ തന്നെ...'' യോറ പറഞ്ഞു. ''ഞാന്‍ അവനെ കണ്ടു''
യോറയെ കേട്ടപ്പോള്‍ അനനിയാദിന്റെ കണ്ണുകള്‍ ആശ്ചര്യംകൊണ്ട് വിടര്‍ന്നു. അവന്‍ ആകാംക്ഷയോടെ തിരക്കി:
''നീ അവനെ കണ്ടെന്നോ... എവിടെ വച്ച്..?''
''അന്നത്തെ യാത്രയുടെ മടക്കത്തില്‍. അവന്‍ വെള്ളം വീഞ്ഞാക്കി അദ്ഭുതം കാട്ടിയ കാനായില്‍ വച്ച്. അവന്‍ വീണ്ടും അവിടെ വന്നിരുന്നു. അവിടെവച്ച് കഫര്‍ണാമിലെ ഒരുശതാധിപന്റെ ആസന്നമരണനായ ഭൃത്യനെ അവന്‍ സൗഖ്യനാക്കി. ഞാനതു നേരില്‍ കണ്ടു. സത്യമായും അവന്‍ ദൈവപുത്രന്‍തന്നെ.''
''ഞാന്‍ യാത്ര തുടരുകയാണ്. ഗലീലിയിലേക്ക്. എനിക്കവനെ കാണണം.'' അനനിയാദ് തിടുക്കപ്പെട്ടു.
''പക്ഷേ, അവനിപ്പോള്‍ ഗലീലിയിലില്ല. യഹൂദന്മാരുടെ തിരുനാളിനുവേണ്ടി അവനും ശിക്ഷ്യന്മാരും ജറുസലേമിലേക്കുപോയി...''
''നീ എന്നോടൊപ്പം കുതിരപ്പുറത്തു കയറുക. ഞാന്‍ ജറീക്കോയിലേക്കു പോകുകയാണ്. യാത്രാമധ്യേ നിന്നെ അരിമത്യായിലോ ജറീക്കോയിലേക്കുള്ള വഴിയില്‍നിന്ന് ജറുസലേമിലേക്ക് ഏറ്റവും ദൂരം കുറഞ്ഞയിടത്തോ ഇറക്കാം.''
അനിയാദിന് യോറയുടെ നിര്‍ദേശം സന്തോഷകരമായിരുന്നു. അവന്‍ യോറയോടൊപ്പം കുതിരപ്പുറത്തു കയറി. യാത്രയ്ക്കിടയില്‍ അവര്‍ സത്രങ്ങളില്‍ രാത്രി കഴിച്ചു. വിശ്രമിച്ചു. ഭക്ഷണം കഴിച്ചു.
ധനാഢ്യനായ യോറ അനനിയാദിനുവേണ്ടി പണം ചെലവാക്കുന്നതില്‍ സന്തോഷമനുഭവിച്ചു. അനനിയാദാകട്ടെ തനിക്കുവേണ്ടി യോറ ചെയ്തതൊക്കെ മനസ്സാ സ്വീകരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിലാണ് യോറ സ്‌നാപകയോഹന്നാനെ ക്കുറിച്ചു പറഞ്ഞത്.
''സ്‌നാപകന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു...''
യോറയുടെ വാക്കുകള്‍ അനനിയാദില്‍ ഒരു കൊടുങ്കാറ്റായി വന്നു പതിച്ചു. യോര്‍ദാന്‍ നദിക്കരയിലെ ഗുഹയില്‍വച്ച് താന്‍ സ്‌നാപകനെ കണ്ടത് അനനിയാദ് ഓര്‍മിച്ചു. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും തോല്‍വാറും ധരിച്ച് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം...
സഹോദരഭാര്യയെ സ്വന്തമാക്കിയതിന് ഹെറോദോസിനെ വിമര്‍ശിച്ച യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഹെറോദ്യയ്ക്ക് യോഹന്നോട് പക മൂത്തിരുന്നു.
ഹെറോദോസ് തന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഹെറോദ്യയുടെ പുത്രി രാജസദസ്സില്‍ നൃത്തം ചെയ്ത് ഏവരെയും സന്തോഷിപ്പിച്ചു. രാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു:
''നിന്റെ നൃത്തത്തിനു സമ്മാനമായി എന്തു വേണമെങ്കിലും ചോദിക്കാം. അര്‍ദ്ധരാജ്യമാണെങ്കില്‍ക്കൂടി...''
അവള്‍ അമ്മ ഹെറോദ്യയുടെ നിര്‍ദേശപ്രകാരം രാജാവിനോട്, ഒരു തളികയില്‍ യോഹന്നാന്റെ തല സമ്മാനമായി ചോദിച്ചു.
രാജസദസ്യര്‍ക്കും ഗലീലിയിലെ പൗരമുഖ്യര്‍ക്കും മുമ്പാകെ സലോമിക്കു കൊടുത്ത വാക്ക് തെറ്റിക്കുക വാഗ്ദാനലംഘനമാണെന്നറിഞ്ഞ ഹെറോദോസ് ഭടന്മാരെ അയച്ച് യോഹന്നാന്റെ ശിരസ്സ് ഛേദിച്ചു കൊണ്ടുവന്ന് സലോമിക്കു കൊടുത്തു.
അങ്ങനെ ഹെറോദ്യയുടെ പ്രതികാരം യോഹന്നാനോടു പ്രവര്‍ത്തിച്ചു.
യോറയെ കേട്ടിരുന്നതല്ലാതെ അനനിയാദ് പ്രതിവചിച്ചില്ല. അവന്റെ ഹൃദയം വ്യസനത്താല്‍ നിറയുകയുണ്ടായി.
യോറാ ജറീക്കോയിലേക്കുള്ള വഴിയില്‍ ഒലിവുമലയ്ക്ക് കുറേ ദൂരെ അനനിയാദിനെ ഇറക്കി വിടപറഞ്ഞു.
(തുടരും)