•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പതിനാലാമെടം

ഒരു കടല്‍ക്കാറ്റുപോലെ
നിസാന്‍ മാസമായിരുന്നു അത്. ഒലിവുമലയുടെ കിഴക്കേ ചെരുവില്‍ ബേഥനിയായ്ക്കു മുകളില്‍ പ്രഭാതത്തിന്റെ അങ്കുരം പൊട്ടുംമുമ്പേ മഞ്ഞു പെയ്യാന്‍ തുടങ്ങി. അപ്പോഴും അനനിയാദ് പാറപ്പുറത്തിരുന്നു കുഴല്‍ വായിക്കുകയായിരുന്നു. ഒരു തൂവല്‍മഴപോലെ മഞ്ഞു പൊഴിഞ്ഞുകൊണ്ടിരുന്നു. കെദ്രോണ്‍ കടന്ന് ശീതമുറഞ്ഞ കാറ്റ് വന്നു. ശൈത്യം അതിന്റെ കൂര്‍ത്ത നഖങ്ങളുപയോഗിച്ച് അനനിയാദിനെ ആക്രമിച്ചു.
പക്ഷേ, അനനിയാദ് അതൊന്നുമറിഞ്ഞില്ല. അവന്റെ ഉള്ളിലപ്പോള്‍ മേരി മാത്രമാണുണ്ടായിരുന്നത്. പാലസ്തീനായുടെ സര്‍വസൗന്ദര്യവും ചാലിച്ച് യഹോവ മെനഞ്ഞെടുത്ത മഗ്ദലേനയിലെ ലാവണ്യവതിയായ മേരി.
വെളിച്ചം ഭൂമിയിലേക്കു വീണിരുന്നില്ലെങ്കിലും ഇരുട്ട് സുതാര്യമായിക്കൊണ്ടിരുന്നു. ആ സുതാര്യതയിലൂടെ വഴിയറിഞ്ഞ് അവന്‍ താഴ്‌വരയിലേക്കു നടന്നു. അവന്റെ കുപ്പായമാകെ മഞ്ഞില്‍ നനഞ്ഞിരുന്നു. പിറകോട്ടു നീണ്ടിറങ്ങി ജടകെട്ടിത്തുടങ്ങിയ മുടിയിലൂടെ മഞ്ഞുതുള്ളികള്‍ ഇറ്റുകൊണ്ടിരുന്നു. വെട്ടം വീണപ്പോഴേക്കും അനനിയാദ് ഒലിവു മലയുടെ താഴ്‌വരയിലെത്തിയിരുന്നു.
പ്രഭാതക്കുളിരില്‍ അനനിയാദിന് എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും തോന്നി. മനസ്സിന്റെയും ശരീരത്തിന്റെയും ഭാരമൊഴിഞ്ഞതുപോലെ. എല്ലാ ബന്ധനങ്ങളും അറ്റുപോയതുപോലെ...
തലയ്ക്കു മുകളില്‍ പകല്‍ എത്തിയപ്പോഴേക്കും അനനിയാദ് കെദ്രോണ്‍ നദിക്കരയില്‍ എത്തിയിരുന്നു. വെയില്‍ കാഠിന്യമുള്ളതായിരുന്നു. മണല്‍വിരിപ്പില്‍ അവന്റെ നീരുകെട്ടിയ പാദങ്ങള്‍ ചുട്ടുപൊള്ളി.
കെദ്രോണ്‍ ശോഷിച്ചുപോയിരുന്നു. ദൂരെ വെള്ളിനാടപോലെ നീരൊഴുക്കു കാണായി. അവന്‍ അവിടേക്കു നടന്നു. അവന്റെ വസ്ത്രങ്ങളത്രയും അഴുക്കുപുരണ്ടതും ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. ദേഹമാസകലം വിയര്‍പ്പും ചെളിയും കട്ടപിടിച്ചിരുന്നു.
ഒരു അത്തിമരത്തിന്റെ തണല്‍ വീണ നദിയുടെ നീരൊഴുക്കില്‍ അനനിയാദ് കുളിച്ചു. തന്റെ നെടുനാളത്തെ അലച്ചിലിന്റെ അഴുക്കുകളത്രയും കെദ്രോണിലെ നീരൊഴുക്കില്‍ കഴുകിക്കളഞ്ഞു. വസ്ത്രങ്ങള്‍ നനച്ചുണക്കി. അലക്കിയുണങ്ങിയ വസ്ത്രങ്ങളണിഞ്ഞ് അനനിയാദ് വെടിപ്പുള്ളവനായി.
അവന്‍ പടിഞ്ഞാറേ ദിക്ക് ലക്ഷ്യമാക്കി നടന്നു. ഗദ്‌സെമന്‍ ഹരിതാഭമായിരുന്നു. താഴ്‌വരയിലാകെ വിളഞ്ഞു പാകമായ ഗോതമ്പുവയലുകള്‍. കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു...
ഗദ്‌സെമനു താഴെ സമൃദ്ധിയായ മുന്തിരിത്തോട്ടങ്ങള്‍ക്കു സമീപത്തുള്ള കാവല്‍പ്പുരയിലേക്ക് അനനിയാദ് നടന്നു. അപരിചിതനെക്കണ്ട് കാവല്‍പ്പുരയിലെ വേലക്കാരന്‍ ചോദിച്ചു:
''നീ ആര്?''
''ഞാന്‍ ഹെര്‍മ്മോണിലെ യാവോക്കിമിന്റെ പുത്രന്‍, അനനിയാദ്...''
ധനാഢ്യനായ യാവോക്കിമിനെക്കുറിച്ച് വേലക്കാരില്‍ ചിലര്‍ക്കു കേട്ടറിവുണ്ടായിരുന്നു. അവര്‍ അവനെ സ്വീകരിച്ചിരുത്തി. ഭക്ഷണവും പാനീയവും കൊടുത്തു. കാവല്‍പ്പുരയില്‍ വിശ്രമിക്കാനിടമൊരുക്കി. പക്ഷേ, അനനിയാദ് യാത്ര തുടരുകയാണെന്നറിയിച്ചു. പുറപ്പെടാനൊരുങ്ങവേ അവര്‍ അവന് കുറെ ആപ്പിളും വീഞ്ഞും നല്കി. അനനിയാദ് അവയൊക്കെയും സ്വീകരിച്ച് അവരോടു വിട പറഞ്ഞു. താന്‍ യേശുവിനെ അന്വേഷിച്ചുള്ള യാത്രയിലാണെന്നാണ് അവരോടു പറഞ്ഞത്. എല്ലാ അന്വേഷണവുമവസാനിപ്പിച്ച് മഗ്ദലേനയിലേക്ക് മേരിയുടെ അടുത്തേക്ക് മടങ്ങുകയാണെന്നു പറഞ്ഞില്ല.
മടക്കയാത്ര കഠിനവും യാതനാപൂര്‍ണവുമായിരുന്നു. വിശ്രമരഹിതമായ യാത്രയില്‍ മേരിയെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമായിരുന്നു ആശ്വാസം.
മേരി പാലസ്തീനയിലെ സമസ്തസൗന്ദര്യങ്ങളുടെയും മൂര്‍ത്തഭാവംപോലെ അവനില്‍ നിറഞ്ഞുനിന്നു.
ഒരു സ്വപ്നംപോലെ...
പ്രണയത്തിന്റെ കാരാമണിപ്പാടങ്ങള്‍പോലെ...
ഇസ്രായേലിന്റെ സൗന്ദര്യംപോലെ...
ഇലവംഗസൗരഭ്യംപോലെ, മഗ്ദലേനയിലെ മോഹിനിയായ മേരി...
അവളാകുന്നു സര്‍വവും...
അവള്‍ക്കപ്പുറത്തേക്ക് ഒന്നുമില്ല.
ആകാശം വിമൂകവും വര്‍ണരഹിതവുമാകുന്നു...
കൊടുമുടികള്‍ നിര്‍ജീവങ്ങളാകുന്നു...
കാറ്റ് അതിന്റെ ഗുഹകളില്‍ മയങ്ങിക്കിടക്കുന്നു...
എല്ലാം നിശ്ചലം...
സര്‍വചരാചരങ്ങളും നിശ്ചേതനം... ചലിക്കുന്നതോ മേരി മാത്രം..
അവള്‍ ശാരോണിലെ പനിനീര്‍പ്പൂവ്...
രത്‌നം പതിച്ച ഗോപുരം...
 ഗിലയാദിലെ ആട്ടിന്‍പറ്റം...
കേദാറിലെ കൂടാരം...
അവള്‍ക്ക് ശ്രേഷ്ഠതരമായ വീഞ്ഞിനേക്കാള്‍ ലഹരി...
തേനടയേക്കാള്‍ മധുരം...
അവള്‍ അകിലും ചന്ദനവും വമിക്കുന്ന സുഗന്ധം...
ദേവദാരുവില്‍ കൊത്തിയ ശില്പം...
അവള്‍ ദാവീദിന്റെ പടക്കുതിര...
ശലമോന്റെ പ്രേമഗീതം...
അവള്‍ ഗലീലിയാക്കടലിലെ തിരമാലകള്‍...
മരുഭൂമിയിലെ മരുപ്പച്ച...
അവള്‍ തഴുതിട്ടിരിക്കുന്ന ഉദ്യാനം...
ഒരു ഉദ്യാനജലധാര...
മാറാ നീരുറവ...
അവള്‍ ജീവജലമുള്ള ഒരു കിണര്‍...
ലെബനോണില്‍നിന്നൊഴുകുന്ന അരുവി...
പൂന്തേനരുവി...
അനനിയാദ് മേരിയെക്കുറിച്ചുള്ള ഓര്‍മകളില്‍ പ്രേമഗായകനായി. കുന്നും സമതലങ്ങളും താണ്ടി, കുഴല്‍പ്പാട്ടുതിര്‍ത്തുകൊണ്ട് അവന്‍ മഗ്ദലേന ലക്ഷ്യമാക്കി നടന്നു. അവന്റെ കുഴല്‍പ്പാട്ട് ലോകത്തിനുമീതെ ഒരു വിരഹഗാനം പോലെ പരന്നൊഴുകി.
മരുഭൂമിയിലെത്തിയപ്പോഴേക്കും അനനിയാദ് തളര്‍ന്നിരുന്നു. ഒരു കാതംപോലും മുമ്പോട്ടു വയ്യ. അവന്‍ മണല്‍പ്പരപ്പില്‍ തണല്‍ വിരിച്ചു നില്ക്കുന്ന ഒരു കരുവേലമരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നു.
മരത്തണലില്‍ കിടന്നിരുന്ന ഒരു കാട്ടുകഴുത ശിരസ്സുയര്‍ത്തി അവനെ ദയനീയമായി നോക്കി. അത് മരണം കാത്തുകിടക്കുകയാണെന്നേ തോന്നൂ. അനനിയാദ് അതിന്റെ മൂര്‍ദ്ധാവില്‍ അരുമയോടെ തലോടി. അത് അപരിചിതമായ ഒരു ശബ്ദം പുറപ്പെടുവിച്ച് അനനിയാദിനു നേരേ കണ്ണുകളടച്ചു.
ക്ഷീണംകൊണ്ട് അനനിയാദ് മയങ്ങിപ്പോയി. പിന്നെയെപ്പോഴോ മയക്കം തെളിയുമ്പോള്‍ തനിക്കുമുമ്പില്‍ കുതിരപ്പുറത്തു നിന്നിറങ്ങുന്ന അപരിചിതനെയാണ് അനനിയാദ് കണ്ടത്. ഒരു ധനാഢ്യന്റെ പ്രൗഢിക്കൊത്തവണ്ണം വസ്ത്രം ധരിച്ചിരുന്ന അയാള്‍ സ്വയം പരിചയപ്പെടുത്തി:
''എന്റെ പേര് യോറ. ഡമാസ്‌കസിലേക്കുള്ള യാത്രയിലാണ്.''
രത്‌നവ്യാപാരിയായിരുന്ന യോറയോടൊപ്പമായിരുന്നു അനനിയാദിന്റെ പിന്നീടുള്ള യാത്ര.
മരുഭൂമിയിലെ യാത്രയുടെ രണ്ടാം ദിനാന്ത്യത്തിലായിരുന്നു അവരുടെ പക്കല്‍ ആ വാര്‍ത്ത എത്തിയത്.
''സ്‌നാപകയോഹന്നാനെ കാരാഗൃഹത്തിലടച്ചു...''
ഒരു കൊടുങ്കാറ്റുപോലെ ആ വാര്‍ത്ത അനനിയാദിന്റെ ഹൃദയത്തില്‍ വന്നു പതിച്ചു. സ്‌നാപകയോഹന്നാന്‍, ''പശ്ചാത്തപിക്കുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍.''
ഒരിക്കലേ അനനിയാദ് യോഹന്നാനെ കണ്ടിട്ടുള്ളൂ. യോര്‍ദാനു കുറച്ചകലെ ഒരു ഗുഹയില്‍ വച്ച്. അഗ്നികുണ്ഡത്തിനരികെ ആകാശത്തേക്കു കരങ്ങളും കണ്ണുകളുമുയര്‍ത്തി ഒരു ദിവ്യരൂപംപോലെ നില്ക്കുന്ന, ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തോല്‍വാറുമണിഞ്ഞവന്‍.
യോറയും യോഹന്നാനെക്കുറിച്ചു കേട്ടിരുന്നു. അയാള്‍ ഒരു വഴിപോക്കനോടു ചോദിച്ചു:
''യോഹന്നാനെ കാരാഗൃഹത്തിലടയ്ക്കാന്‍ കാരണമെന്ത്?''
വഴിപോക്കന്‍ ചുറ്റും നോക്കി. മരുഭൂമി വിജനമായിരുന്നു. എങ്കിലും അയാളുടെ കണ്ണുകളില്‍ ഒരു ഭയം നിറയുന്നത് അവര്‍ കണ്ടു.
''എന്തിനാണ് നിങ്ങള്‍ ഇത്ര ഭയപ്പെടുന്നത്...?''
''ജീവനില്‍ പേടിച്ചിട്ട്. നിങ്ങള്‍ക്കറിയുമോ, ഇവിടുത്തെ കാറ്റിനുപോലും ചെവിയുണ്ട്. ഏതു നേരത്താ തുറുങ്കിലാകുന്നതെന്നു നിശ്ചയമില്ല. കണ്ടില്ലേ ആ പ്രവാചകന്റെ ഗതി.''
''നിങ്ങള്‍ കാര്യം പറയൂ...'' യോറ പറഞ്ഞു.
''ഗലീലിയിലെ സാമന്തരാജാവായിരുന്ന ഹെറോദോസ് ഇത്തൂറിയ, ത്രിവോത്തിനി എന്നീ പ്രദേശങ്ങളിലെ ഭരണാധികാരിയായ അയാളുടെ സഹോദരന്‍ ഫിലിപ്പിന്റെ ഭാര്യയെ സ്വന്തമാക്കി. അതു തെറ്റാണെന്നു പ്രവാചകന്‍ പറഞ്ഞു. അതുതന്നെ കാര്യം.'' അത്രയും പറഞ്ഞുതീര്‍ത്തിട്ട് വഴിപോക്കന്‍ ധൃതിപ്പെട്ടു നടന്നുപോയി.
''ഹെറോദോസിന്റെ ദുഷ്‌ചെയ്തികളില്‍ ഒരെണ്ണംകൂടി...'' യോറ പറഞ്ഞു.
അനനിയാദ് പ്രതികരിച്ചില്ല. മരുഭൂമിയുടെ അവസാനം യോറ യാത്ര പറഞ്ഞു. അനനിയാദിന്റെ മനസ്സില്‍ യോഹന്നാനെക്കുറിച്ചുള്ള ചിന്ത ഒരു കടല്‍ക്ഷോഭംപോലെ കിടന്നലയടിക്കാന്‍ തുടങ്ങി. കണ്ണുകളില്‍ അഗ്നിയും വാക്കുകളില്‍ കടലിരമ്പവും സൂക്ഷിക്കുന്ന യോഹന്നാന്‍. പാപങ്ങള്‍ക്കും പാപികള്‍ക്കുമെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റ്. 

ആ കൊടുങ്കാറ്റ് ഹെറോദോസിന്റെ കൊട്ടാരക്കെട്ടുകളെപ്പോലും ഉലച്ചുകളഞ്ഞിരുന്നു.
''എന്നെക്കാള്‍ ശക്തനായവന്‍ എനിക്കു പിന്നാലെ വരുന്നു. അവന്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്‌നാപനം ചെയ്യും. അവന്റെ കൈയില്‍ വീശുമുറം ഉണ്ട്. അവന്‍ ഗോതമ്പുകളം വെടിപ്പാക്കി, ഗോതമ്പ് എടുത്ത് അറപ്പുരകളില്‍ ശേഖരിക്കും. പതിര്‍ കെടാതെ തീയില്‍ എറിഞ്ഞു കളയും.''
യോഹന്നാന്റെ വാക്കുകളോര്‍മിക്കവേ അനനിയാദ് വീണ്ടും വീണ്ടും നടുങ്ങി. ഹെറോദോസിന്റെ അരമനയെപ്പോലും വാക്കുകളുടെ അഗ്നിശരം പായിച്ച് വിറപ്പിച്ച യോഹന്നാനെക്കാള്‍ ശക്തനായവന്‍ അവന്റെ പിന്നാലെയുണ്ട്. പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഇസ്രായേല്‍ജനം കാത്തിരിക്കുന്ന രക്ഷകന്‍.
സഹോദരഭാര്യയെ സ്വന്തമാക്കി വച്ചിരിക്കുന്ന ഹെറോദോസിന്റെ കൊട്ടാരക്കെട്ടുകള്‍ കടന്നുചെന്ന് യോഹന്നാന്‍ വിളിച്ചു പറഞ്ഞിരിക്കണം:
''ഹെറോദോസ് നീ പാപം ചെയ്തിക്കുന്നു. അണലിസന്തതികളേ, പശ്ചാത്തപിക്കുവിന്‍.'' 
ആ വാക്കുകളുടെ ഉഷ്ണത്തില്‍ ഹെറോദോസ് നടുങ്ങിയിരിക്കണം. കൊട്ടാരം മുഴുവന്‍ നടുങ്ങിയിരിക്കണം. 
ഹെറോദോസ് ഹെറോദ്യയെ സ്വന്തമാക്കിയതു തെറ്റാണെങ്കില്‍ മേരിയുടെ പക്കലേക്കുള്ള യാത്രയും തെറ്റുതന്നെയാണെന്ന് അനനിയാദ് ഒരു വിറയലോടെ അറിഞ്ഞു. ആ അറിവ് ഒരഗ്നിവലയംപോലെ അനനിയാദിനെ ചുറ്റി. കാലുകള്‍ വിറകൊള്ളാന്‍ തുടങ്ങി. ഹൃദയം ഇരമ്പിത്തുടങ്ങി. കണ്ണുകളില്‍ ഇരുള്‍ നിറഞ്ഞു. ആ ഇരുളില്‍ മഗ്ദലേന മാഞ്ഞുപോകുന്നു. മേരി അവനില്‍നിന്നു മറഞ്ഞുപോകുന്നു.
വഴി തെറ്റിയ യാത്രക്കാരന്റെ നിസ്സഹായതയോടെ അനനിയാദ് നടന്നു. അവനപ്പോള്‍ ലക്ഷ്യമില്ലായിരുന്നു. എവിടെയെങ്കിലും ചെന്നെത്താനും എവിടെയും ചെന്നെത്താതിരിക്കാനും അവന്‍ ശ്രമിച്ചില്ല. ഭ്രാന്തവും ഗൂഢവുമായ ഒരാത്മവ്യഥയുമായി അവന്‍ ലക്ഷ്യമില്ലാതെ നടന്നുകൊണ്ടേയിരുന്നു.
പകലും രാത്രിയും അവനോട് ദയാരാഹിത്യത്തോടെ പെരുമാറി. മഞ്ഞും മഴയും വെയിലും അവനെ ശത്രുവിനെയെന്നവണ്ണം ആക്രമിച്ചു. ഗദ്‌സമനിയിലെ മുന്തിരിത്തോട്ടത്തില്‍നിന്നു ലഭിച്ച വീഞ്ഞും ആപ്പിളും തീര്‍ന്നുപോയിരുന്നു.
വിശപ്പും ക്ഷീണവും കൊണ്ട് അനനിയാദ് പാതയോരത്ത് വൃക്ഷത്തണലില്‍ വീണുറങ്ങി. ഗാഢമായ ഉറക്കത്തില്‍ അനനിയാദിന് ഒരു സ്വപ്നം ദൃശ്യമായി. ഒരിക്കല്‍ മേരിയുടെ ഭവനത്തില്‍വച്ച് കണ്ട അതേ സ്വപ്നം. കുന്നിന്‍മുകളില്‍ അഗ്നിജ്വാലകള്‍ പടരുന്നതും അതിനകത്ത് ജറുസലേം ദേവാലയം മുങ്ങിപ്പോകുന്നതും കാണായി. അഗ്നിജ്വാലകള്‍ക്കുള്ളില്‍നിന്ന് മുഴക്കമുള്ള ശബ്ദമുണ്ടായി.
''അനനിയാദ്.... നീ കണ്ടെത്തിയതൊന്നും നീ അന്വേഷിച്ചതല്ല. അന്വേഷിക്കുക. കണ്ടെത്തും...''
ആ ശബ്ദം ഒരിടിമുഴക്കംപോലെ അനനിയാദില്‍ വന്നു പതിച്ചു. അതിന്റെ ആഘാതത്തിലാണ് അനനിയാദ് കണ്ണു തുറന്നത്. എന്തെന്നില്ലാത്ത ഒരദ്ഭുതവും, അതിലുപരി ഒരുതരം ഭയവും അവനെ ഗ്രസിച്ചുകളഞ്ഞു. അനനിയാദ് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കടല്‍ക്കരയിലെത്തിയപ്പോള്‍ നേരം ചാഞ്ഞു തുടങ്ങിയിരുന്നു.
മുന്നില്‍ ഏതോ അന്തഃക്ഷോഭം കൊണ്ടെന്നപോലെ ഇളകിമറിയുന്ന കടല്‍. പുറംകടലിലേക്ക് വലവീശാന്‍ പോകുന്ന മുക്കുവരുടെ വഞ്ചികള്‍, സന്ധ്യാകാശത്തിനു താഴെ ചെറിയ കടല്‍പ്പക്ഷികളെപ്പോലെ തോന്നി.
കാണക്കാണെ തീരത്തേക്കലച്ചു കയറി വരുന്ന തിരകള്‍ക്ക് സ്വര്‍ണനിറം ചേര്‍ന്നു.
കടലിനു മുകളില്‍ സ്വര്‍ണം പൂശിയ മേലാപ്പുപോലെ ആകാശം. രക്തഗോളംപോലെ അസ്തമയസൂര്യന്‍. പ്രകൃതിക്കു മുഴുവന്‍ ചോപ്പുനിറം പടര്‍ന്നിരുന്നു.
അനനിയാദ് തീരത്തേക്കലച്ചു വരുന്ന തിരകളില്‍ പാദം നനയുന്ന വിധം കാലുകള്‍ നീട്ടിയിരുന്നു. ഉപ്പുവെള്ളം വ്രണങ്ങളില്‍ നീറ്റലുയര്‍ത്തി. നീറ്റല്‍ അവന് സാരമായി അനുഭവപ്പെട്ടില്ല. അവന്റെ മനസ്സപ്പോള്‍ മുമ്പില്‍ കിടന്നലയ്ക്കുന്ന കടല്‍പോലെ അശാന്തമായിരുന്നു. ഉറക്കത്തില്‍ കണ്ട സ്വപ്നം അവനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ആ സ്വപ്നത്തിന്റെ പൊരുളെന്ത്? ഒരു വട്ടംകൂടി ആ സ്വപ്നം ദൃശ്യമാകാന്‍ കാരണമെന്ത്?
അറിഞ്ഞുകൂടാ... അനനിയാദിനപ്പോള്‍ ഒന്നും അറിഞ്ഞുകൂടായിരുന്നു. അജ്ഞതയുടെ കൂടാരമായിരുന്നു അവന്റെ മനസ്സ്. ഇരുള്‍ മൂടിയ ഒരു കൂടാരം. അവന്‍ തീരത്തെ മണല്‍വിരിപ്പില്‍ മലര്‍ന്നുകിടന്നു. സ്വര്‍ണ്ണമേഘങ്ങള്‍ മേയുന്ന ആകാശത്തിനപ്പുറത്ത് ദൈവത്തിന്റെ ഉദ്യാനത്തിലേക്കു മനസ്സുനീട്ടി. 
''ദൈവമേ, എന്റെ ദൈവമേ,'' അനനിയാദ് കേണു.
''നിന്റെ പുത്രന്‍ എന്നില്‍നിന്ന്  മറഞ്ഞുപോകുന്നതെന്ത്?''
''പകല്‍ മുഴുവന്‍ ഞാനവനെ അന്വേഷിക്കുന്നു.''
''രാത്രിയിലും അന്വേഷിക്കുന്നു.''
''എന്നാല്‍, കണ്ടുകിട്ടുന്നില്ല.''
''എന്റെ സന്ധിബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു.''
''എന്റെ ഹൃദയം മെഴുകുപോലെയായി.''
''അത് ഉരുകിക്കൊണ്ടിരുന്നു.''
''മരണത്തിന്റെ നിഴല്‍ പതിച്ച മരുഭൂമിയിലൂടെ ഞാന്‍ നടക്കുന്നു.''
''എവിടെയാണ് എനിക്കായുള്ള മരുപ്പച്ച.''
''എവിടെ എനിക്കുള്ള നീര്‍ച്ചാല്‍...''
സൂര്യന്‍ കടലിലേക്കിറങ്ങുകയായിരുന്നു. കിഴക്കേ ആകാശത്തില്‍ ഇരുള്‍ച്ചിറകുകള്‍ നിവര്‍ന്നു തുടങ്ങുന്നു. അപ്പോഴാണ് കുറച്ചകലെനിന്ന് കടലിരമ്പത്തിനു മുകളിലൂടെ ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. കണ്ണുതുറന്നു നോക്കിയപ്പോള്‍ കുറച്ചുപേര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് നടന്നടുക്കുന്നതു കണ്ടു. ഒറ്റനോട്ടത്തില്‍ അവര്‍ മീന്‍പിടിത്തക്കാരാണെന്ന് അനനിയാദിനു മനസ്സിലായി. അവര്‍ എന്തോ ഗൗരവമായി സംസാരിക്കുകയാണ്. ഏതോ ഒരദ്ഭുതം സംഭവിച്ചമാതിരി. അനനിയാദ് അവരെ സാകൂതം ശ്രദ്ധിച്ചു. പക്ഷേ, ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ അടുത്തു വന്നപ്പോള്‍ അവന്‍ തിരക്കി. 
''എന്താ... എന്താ സംഭവിച്ചത്...?''
''അദ്ഭുതം അല്ലാതെന്താ...'' ഒരാള്‍ ആശ്ചര്യമടക്കാനാവാതെ പറഞ്ഞു.
 ''നിങ്ങള്‍ പറയുന്നതെന്ത്...?''
''എന്താണെന്നു നീ ചെന്നു കാണുക. അവിടെ ഗെന്നസറേ തടാകക്കരയില്‍ യേശു എന്നു വിളിക്കുന്ന നസ്രായന്റെ അദ്ഭുതം.''
യേശു എന്നു കേട്ടതും അനനിയാദിന്റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ കടന്നുപോയി.
പിന്നെ അവനോടു സംസാരിച്ച മീന്‍പിടിത്തക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് അനനിയാദ് തിടുക്കത്തില്‍ ചാടിയെണീറ്റതും ഓടാന്‍ തുടങ്ങിയതും. കടിഞ്ഞാണ്‍ മുറുക്കിയ ഒരു ഭ്രാന്തന്‍ കുതിരയെപ്പോലെ തീരത്തെ അസ്തമയനിഴലിലൂടെ അനനിയാദ് ഓടിക്കൊണ്ടിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)