ശുദ്ധജലം കേരളത്തിലെ ഏറ്റവും പ്രധാന ദാരിദ്ര്യവിഭവമായി മാറിക്കൊണ്ടിരിക്കുന്നു. വര്‍ഷം കഴിയുംതോറും കൂടുതല്‍ ശക്തമാകുന്ന വരള്‍ച്ച, അതിരൂക്ഷമായ കാലാവസ്ഥാമാറ്റത്തിന്റെ പിടിയില്‍ നമ്മുടെ നാട് ഞെരിഞ്ഞമരുന്നതിനെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, കേരളത്തിലെ ജലക്ഷാമത്തിനു കാരണം മഴയുടെ അഭാവമല്ല, നമ്മുടെ തെറ്റായ ജലവിനിയോഗരീതികളാണ്.
വര്‍ഷത്തില്‍ ആറുമാസമെങ്കിലും ജലനിര്‍ഭരമോ ജലനിമഗ്‌നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകള്‍ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീര്‍ത്തടം. അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വര്‍ഷത്തില്‍ കുറച്ചുകാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്. തണ്ണീര്‍ത്തടങ്ങളില്‍ ജലം ഉപരിതലത്തിലോ അല്ലെങ്കില്‍ ഉപരിതലത്തിനു തൊട്ടുതാഴെയോ കാണപ്പെടുന്നു. ഇത് കടല്‍ജലമോ ശുദ്ധജലമോ ഓരുവെള്ളമോ ആകാം. ജലസസ്യങ്ങള്‍ക്കും ജീവികള്‍ക്കും വസിക്കുവാന്‍ യോഗ്യമായ ഇത്തരം പ്രദേശങ്ങളില്‍ ചെളികലര്‍ന്നതും ജൈവാവശിഷ്ടങ്ങളാല്‍ സമ്പുഷ്ടമായതുമായ മണ്ണു കാണപ്പെടുന്നു.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീര്‍ത്തടങ്ങള്‍ നിലവിലുണ്ട്. ചെറുതും വലുതുമായ തടാകങ്ങള്‍, നദികള്‍, അരുവികള്‍. അഴിമുഖങ്ങള്‍, ഡെല്‍റ്റകള്‍, കണ്ടല്‍പ്രദേശങ്ങള്‍, പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍, താഴ്ന്ന നിരപ്പിലുള്ള നെല്‍വയലുകള്‍, അണക്കെട്ടുകള്‍, ജലസംഭരണികള്‍, ഋതുഭേദങ്ങള്‍മൂലം വെള്ളത്തിനടിയിലായ സമതലപ്രദേശങ്ങള്‍, വനഭൂമികള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടത്തിന്റെ നിര്‍വചനത്തില്‍പ്പെടും.
പരിസ്ഥിതിസംതുലനത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ നിരവധി ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതില്‍ പ്രധാനമാണ്.
തണ്ണീര്‍ത്തടങ്ങള്‍ മറ്റുള്ള ആവാസവ്യവസ്ഥകളെക്കാള്‍ ജൈവവൈവിധ്യംകൊണ്ടു സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീര്‍ത്തടങ്ങള്‍. ശാസ്ത്രജ്ഞര്‍ തണ്ണീര്‍ത്തടങ്ങളെ ഭൂമിയുടെ വൃക്കകള്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീര്‍ത്തടങ്ങള്‍ കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളുടെ കൂട്ടത്തില്‍ ആമസോണ്‍ നദീതടവും പടിഞ്ഞാറന്‍ സൈബീരിയന്‍ സമതലപ്രദേശവും ഉള്‍പ്പെടുന്നു. ആധുനികകാലത്തു തണ്ണീര്‍ത്തടങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസവ്യവസ്ഥയിലേതിനെക്കാളും വളരെക്കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ ആഴത്തില്‍ നീര്‍ത്തടമുളള ഒരു കായലാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തില്‍ വേമ്പനാട് കായലിന്റെ തൊട്ടുപുറകില്‍ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അര്‍ത്ഥം എട്ടു ശാഖകള്‍ എന്നാണ്. ഈ പേര് കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു; ബഹുശാഖകളുള്ള ഒരു കായല്‍. കേരളത്തിലെ ശുദ്ധജലത്തടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു.
വിസ്തൃതിയുള്ള പാടശേഖരമാണ് മെത്രാന്‍ കായല്‍ അഥവാ സെമിനാരി കായല്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന്, വൈദികന്മാരുടെ നേതൃത്വത്തില്‍ വേമ്പനാട്ടു കായല്‍ വളച്ചുകെട്ടി രൂപപ്പെടുത്തിയെടുത്ത പാടശേഖരമാണിത്. സമുദ്രനിരപ്പില്‍നിന്ന് താഴെസ്ഥിതി ചെയ്യുന്ന ഈ കുട്ടനാടന്‍ പാടശേഖരം നല്ലൊരു തണ്ണീര്‍ത്തടമാണ്.
കേരളത്തിലെ ഏറ്റവും വലിയ കായലും ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട്ടു കായല്‍. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്ന ഇതിന്റെ വിസ്തീര്‍ണം 1500 ച.കി.മി. ആണ്. 15 കി.മി. ആണ് ഏറ്റവും കൂടിയ വീതി. അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, പമ്പാനദി, പെരിയാര്‍ തുടങ്ങിയ നദികള്‍ ഈ കായലില്‍ ഒഴുകിയെത്തുന്നു. പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകള്‍ വേമ്പനാട്ടുകായലിലാണ്. വേമ്പനാട്ടുകായല്‍ കൊച്ചി തുറമുഖത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലക്കായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലുള്ള ശാസ്താംകോട്ട കായല്‍. ഹരിതമനോഹരമായ കുന്നിന്‍പ്രദേശങ്ങളും കുന്നുകള്‍ക്കിടയിലെ നെല്‍പ്പാടങ്ങളും ഈ ശുദ്ധജലത്തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതിരമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധര്‍മശാസ്താവിന്റെ ക്ഷേത്രം ഇവിടെയുള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനുചുറ്റും വളഞ്ഞുപുളഞ്ഞുനില്‍ക്കുന്ന കുന്നുകളാല്‍ സുഖവാസകേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്രമൈല്‍ വിസ്തീര്‍ണമുണ്ട്.
കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള പഞ്ചായത്തുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തില്‍നിന്നാണ്.
നെല്‍വയലുകള്‍ എന്നു പറയുമെങ്കിലും വിശാലമായ അര്‍ഥത്തില്‍ അവയും തണ്ണീര്‍ത്തടങ്ങള്‍ തന്നെ. ഈ തണ്ണീര്‍ത്തടങ്ങളിലേക്കാണ് കുത്തിയൊലിച്ചുവരുന്ന മഴവെള്ളം ആദ്യം ശേഖരിക്കപ്പെടുക.
വെറും ചതുപ്പ് എന്നു പറഞ്ഞ് നമ്മള്‍ അവഗണിക്കുന്ന സ്ഥലങ്ങള്‍ പോലും ഭൂമിയെ സംബന്ധിച്ചു മാത്രമല്ല, മനുഷ്യരാശിയുടെ നിലനില്പിനെ സംബന്ധിച്ചും അതിപ്രധാനമാണ്. ഈ തണ്ണീര്‍ത്തടങ്ങള്‍ എത്രയോ ജീവികളുടെ ആവാസകേന്ദ്രമാണ്. ആ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവയുടെ ആവാസവ്യവസ്ഥയും നഷ്ടമാകുന്നു. അവ ഉണ്ടാക്കുക വന്‍ നഷ്ടമാണ്.
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായുള്ള ജലവിതരണത്തിന്റെ പ്രധാന സ്രോതസ്സുകളില്‍ ഉപരിതലജലംപോലെതന്നെ പ്രധാനമായ ഒന്നാണ് ഭൂഗര്‍ഭജലവും. തുറന്ന കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയിലൂടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭജലത്തെ ചൂഷണം ചെയ്യുന്നു. ജനസംഖ്യയിലുള്ള വര്‍ദ്ധന, നഗരവത്ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ മൂലം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദശകങ്ങളായി ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥ, ഭൂമിയുടെ ഉപരിതല ഭൂഗര്‍ഭ സാഹചര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനുള്ളില്‍ത്തന്നെ വിവിധ സ്ഥലങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ ലഭ്യത വ്യത്യാസപ്പെട്ടിരിക്കുന്നു.
നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ളവിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപഭോഗസംസ്‌കാരം രൂപപ്പെടുത്തണം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കണം.
ജലസംരക്ഷണത്തിന്റെ ഒരു മാര്‍ഗ്ഗം മഴവെള്ളസംഭരണമാണ്.കുളങ്ങള്‍, തടാകങ്ങള്‍, കനാലുകള്‍ എന്നിവ നിര്‍മിക്കല്‍, ജലസംഭരണികളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, മഴക്കുഴികള്‍, വീടുകളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കല്‍ എന്നിവ മഴവെള്ളം സംഭരിക്കാനുള്ള വ്യത്യസ്ത രീതികളാണ്. ഇങ്ങനെ ശേഖരിക്കുന്ന ജലം പൂന്തോട്ടപരിപാലനം, പുല്‍ത്തകിടിനനയ്ക്കല്‍, ചെറിയ തോതിലുള്ള കൃഷിയാവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.
ജലസംരക്ഷണത്തിന്റെ മറ്റൊരു മാര്‍ഗമാണ് ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെ സംരക്ഷണം. മഴ, മഞ്ഞുവീഴ്ച എന്നിവ സംഭവിക്കുമ്പോള്‍ ഭൂമിയില്‍ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്നു. ഇത് ഭൂഗര്‍ഭജലം എന്നാണ് അറിയപ്പെടുന്നത്..
പാഴാക്കിക്കളയുന്ന ഓരോ തുള്ളി വെള്ളവും ദൈവത്തിന്റെ വരദാനമാണ് എന്നും അടുത്ത തലമുറകള്‍ക്കായി അത് കാത്തുസൂക്ഷിച്ചുവയ്‌ക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്നും ഇന്നത്തെ ലോകമെങ്ങുമുള്ള ജനത മറക്കാതിരിക്കുക എന്നതാണ് ജലസംരക്ഷണത്തിനുളള ഏറ്റവും നല്ല മാര്‍ഗം.