നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര - 10
അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം ആരംഭിക്കുന്നത് ''ഞാന്‍ വിശ്വസിക്കുന്നു'' എന്നും നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പോള്‍ വിശ്വാസപ്രമാണം ആരംഭിക്കുന്നത് ''ഞങ്ങള്‍ വിശ്വസിക്കുന്നു'' എന്നുമാണ്. മിശിഹായിലുള്ള വിശ്വാസത്തിന്റെ പരസ്പരപൂരകങ്ങളായ രണ്ടു മാനങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്. വിശ്വാസം എന്നത്, മനുഷ്യന് ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പമാണ്. ദൈവത്തിന്റെ വ്യക്തിപരമായ സ്‌നേഹക്ഷണത്തിനു മനുഷ്യനു നല്‍കാവുന്ന ഏറ്റവും നല്ല മറുപടിയാണ് ''ഞാന്‍ വിശ്വസിക്കുന്നു'' എന്നത്. വിശ്വസിക്കുക എന്നത് വ്യക്തിപരമായ ഒരു പ്രവൃത്തിയാണെങ്കിലും അത് ഒറ്റപ്പെട്ട ഒരു പ്രവൃത്തിയല്ല. വ്യക്തിപരമായി വിശ്വസിക്കുന്നതോടൊപ്പം അപരന്റെ വിശ്വാസത്തെയും നമ്മള്‍ വളര്‍ത്തുന്നു. 'ഞാന്‍ വിശ്വസിക്കുന്നു' എന്ന് ഏറ്റുപറഞ്ഞ് സഭയില്‍ അംഗമാകുന്ന ഒരാള്‍ സഭയോടൊത്തു വളരുന്നത് 'ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നു പറഞ്ഞുകൊണ്ടാണ്. 'ഞാന്‍ വിശ്വസിക്കുന്നു' എന്ന പ്രഖ്യാപനം ഓരോ വിശ്വാസിയും വ്യക്തിപരമായി, പ്രത്യേകിച്ച് മാമ്മോദീസാ വേളയില്‍, ഏറ്റുപറയുന്ന സഭയുടെ വിശ്വാസമാണ്. ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം സൂനഹദോസില്‍ ഒരുമിച്ചുകൂടുന്ന മെത്രാന്മാരും വിശ്വാസികളുടെ പൊതുവായ ആരാധനാസമ്മേളനവും ഏറ്റുപറയുന്ന സഭയുടെ വിശ്വാസമാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, പി.ഒ.സി. 2011 പേജ് 167).
പ്രാര്‍ഥനയുടെ നിയമമാണ് വിശ്വാസത്തിന്റെ നിയമം (lex orandi lex credendi) എന്ന ദൈവശാസ്ത്ര ആപ്തവാക്യം രൂപപ്പെട്ടത് എ.ഡി. 5-ാം നൂറ്റാണ്ടിലാണ്. ആദിമകാലങ്ങളില്‍ 'ഞാന്‍ വിശ്വസിക്കുന്നു' എന്നത് വിശ്വാസപ്രഘോഷണത്തോടൊപ്പം ഒരു പ്രാര്‍ഥനയുമായിരുന്നു. ഇത് ആദിമസഭയുടെ ജീവിതശൈലിയായിരുന്നു. ഹൃദയത്തില്‍ വിശ്വസിക്കുന്നതാണ് ഒരുവന്റെ പ്രാര്‍ഥനയായിത്തീരുന്നത്. വിശ്വാസപ്രമാണത്തിന്റെ ഓരോ ഉരുവിടലും ഹൃദയത്തിന്റെ നിറവില്‍നിന്നുയരുന്ന പ്രാര്‍ഥനയാണ്.
ക്രൈസ്തവജീവിതം ക്രിസ്തുവിലുള്ള ജീവിതമാണ്; ഈശോയോടു ചേര്‍ന്നുള്ള ജീവിതമാണ്. ഇത് ഒരു ആത്മീയബന്ധമാണ്. എങ്കില്‍ ആത്മീയവളര്‍ച്ച യഥാര്‍ഥ ക്രൈസ്തവജീവിതം ലക്ഷ്യംവയ്ക്കുന്നു. ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ് ഇതിന് ആധാരം. യോഹന്നാന്‍ 14:1 ല്‍ നാം കാണുന്നു: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍.'' ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ 11-ാം അധ്യായത്തില്‍ പൂര്‍വികരുടെ വിശ്വാസത്തെപ്പറ്റി പറയുന്നു: ''വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്...'' (ഹെബ്രാ. 11:1). തുടര്‍ന്നു നാം വായിക്കുന്നു, ആബേല്‍ നീതിമാനായി അംഗീകരിക്കപ്പെട്ടതിന്റെ കാരണം വിശ്വാസമാണ് എന്ന്. വിശ്വാസംമൂലം ആബേല്‍ ഏറ്റവും ശ്രേഷ്ഠമായ ബലി ദൈവത്തിനര്‍പ്പിച്ചു. അവന്റെ ബലിയെക്കുറിച്ച് ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്നു. അവന്‍ മരിച്ചെങ്കിലും വിശ്വാസത്തിലൂടെ ഇന്നും നമ്മോടു സംസാരിക്കുന്നു.
ഒന്നൊന്നായി ഹേനോക്ക് മരണം കൂടാതെ സംവഹിക്കപ്പെട്ടത് വിശ്വാസംമൂലമാണ്. ദൈവത്തെ തന്റെ വിശ്വാസംവഴി പ്രസാദിപ്പിച്ചതാണ് ഇതിനു കാരണം. അതിനാല്‍, ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മാര്‍ഗമാണ് വിശ്വാസം. വിശ്വാസംമൂലമാണ് നോഹിന് ലോകത്തെ കുറ്റം വിധിക്കാനും വിശ്വാസത്തില്‍നിന്നുളവാകുന്ന നീതിയുടെ അവകാശിയാകാനും സാധിച്ചത്. അനുസരണത്തിലേക്കു നയിക്കുന്ന അബ്രാഹത്തിന്റെ വിശ്വാസം തുടര്‍ന്നു നാം കാണുന്നു. മൂശയുടെ വിശ്വാസവും ഏറ്റവും ശ്ലാഘനീയമാണ്. വിശ്വാസംമൂലം ഇവരെല്ലാം ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവരായിത്തീര്‍ന്നു.
വിശ്വാസം പ്രവൃത്തികളിലൂടെയാണു പ്രകടമാകുന്നത്. നമ്മുടെ അനുഷ്ഠാനങ്ങളും ആചാര
ങ്ങളുമെല്ലാം നമ്മെ അതിനു സഹായിക്കുന്നവയാണ്. എന്നാല്‍, പലപ്പോഴും നാം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കേണ്ട മാര്‍ഗങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുകയാണ്; ലക്ഷ്യത്തില്‍ എത്താതെ നാം വഴികളില്‍ത്തന്നെ കഴിയുന്നു. ക്രൈസ്തവജീവിതം ചിലപ്പോഴെല്ലാം അനുഷ്ഠാനങ്ങളായിമാത്രം അധഃപതിക്കാറുണ്ട്; ഭക്തിവര്‍ധകമാര്‍ഗങ്ങളായി ചുരുങ്ങാറുണ്ട്. എന്നാല്‍, വിശ്വാസത്തിലാണ് നാം വളരേണ്ടത്; അതിലാണ് നാം ഉത്തരോത്തരം പുരോഗതി പ്രാപിക്കേണ്ടത്. കൂദാശാസ്വീകരണവും മറ്റ് ഭക്ത്യഭ്യാസങ്ങളും പലപ്പോഴും യാന്ത്രികമായി നാം നടത്തുന്നു. എന്നാല്‍, ഇവിടെയെല്ലാം അടിസ്ഥാനമാകേണ്ട ദൈവവിശ്വാസത്തില്‍ നാം വളരുന്നുണ്ടോ എന്നാണു ശ്രദ്ധിക്കേണ്ടത്. ഇവിടെയാണ് വിശ്വാസപ്രമാണത്തിന്റെ പ്രാധാന്യം. നാം വിശ്വസിക്കേണ്ടതും വിശ്വസിക്കേണ്ടവിധവും അതിന്റെ ആവശ്യകതയും വിശ്വാസപ്രമാണത്തില്‍ കാണാം. വി. അഗസ്റ്റിന്‍ പറയുന്നു: നിന്റെ വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടിപോലെ ആയിരിക്കട്ടെ. നീ വിശ്വസിക്കുന്നു എന്ന് നീ ഏറ്റുപറയുന്ന എല്ലാം നീ വിശ്വസിക്കുന്നുണ്ടോ എന്നു കാണാന്‍ നീ നിന്നെത്തന്നെ അതില്‍ നോക്കിക്കാണുക. ഓരോ ദിവസവും നിന്റെ വിശ്വാസത്തില്‍ നീ സന്തോഷിക്കുകയും ചെയ്യുക (St. Augustine, Sermo LVIII, PL XXXVIII, 399).
വിശ്വാസപ്രമാണം:
ആരിയൂസിന് കൗണ്‍സില്‍ കൊടുത്ത മറുപടി
കൗണ്‍സിലില്‍ വന്ന ആരിയൂസ് തന്റെ പഠനങ്ങളില്‍ ഉറച്ചുനിന്നു. പതിനേഴുപേര്‍ അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. അവരില്‍ പ്രമുഖന്‍ നിക്കോമേദിയായിലെ മെത്രാനായിരുന്ന എവുസേബിയൂസ് ആയിരുന്നു. വളരെ നീണ്ട ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നു. ആരിയൂസിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍ അന്‍സീറാ (ഇപ്പോഴത്തെ അങ്കാറ)യിലെ മാര്‍സേലൂസ് മെത്രാനായിരുന്നു. അദ്ദേഹത്തെ എതിര്‍ത്ത മറ്റുള്ളവര്‍ അന്ത്യോക്യയിലെ മെത്രാന്‍ എവുത്താത്തിയൂസ്, അലക്‌സാണ്ട്രിയായിലെ ഡീക്കന്‍ അത്തനേഷ്യസ്, ചെസറിയായിലെ എവുസേബിയൂസ് എന്നിവരായിരുന്നു. ചെസറിയായിലെ എവുസേബിയൂസാണ് ആരിയൂസിനുള്ള ഉത്തരം കൃത്യമായി വിശ്വാസപ്രമാണത്തിന്റെ രീതിയില്‍ എഴുതി ഉണ്ടാക്കി അവതരിപ്പിച്ചത്. 'പുത്രന്‍ പിതാവിനെക്കാള്‍ താഴെയല്ല' എന്ന് അതില്‍ കൃത്യമായി അദ്ദേഹം സ്ഥാപിച്ചു. പുത്രന് പിതാവിന്റെതന്നെ 'സത്ത'യാണെന്നും സ്ഥാപിച്ചു. അവിടുന്ന് ദൈവത്തില്‍നിന്നുള്ള ദൈവവും, പ്രകാശത്തിന്റെ പ്രകാശവും, യഥാര്‍ത്ഥ ദൈവവും ജനിച്ചവനും എന്നാല്‍, സൃഷ്ടിക്കപ്പെടാത്തവനുമാണെന്ന് എവുസേബിയൂസ് വാദിച്ചു. പിതാവിന്റെ സത്തതന്നെയാണ് പുത്രന് (homo ousios) എന്ന് സംശയലേശമെന്യേ സ്ഥാപിച്ചു. തുടര്‍ന്ന് ആരിയൂസിന്റെ പഠനങ്ങളെ ശപിച്ചു പുറംതള്ളി. നിഖ്യാവിശ്വാസപ്രമാണം എന്നു വിളിക്കുന്ന സഭയുടെ ഔദ്യോഗികപഠനം 325 ജൂണ്‍ 19 നാണ് അംഗീകരിച്ചത്. കൗണ്‍സിലില്‍ പങ്കെടുത്ത രണ്ടുപേര്‍മാത്രമാണ് ഇത് അംഗീകരിക്കാതിരുന്നത്. അവരെയും ആരിയൂസിനോടൊപ്പം പുറത്താക്കി; ആരിയൂസിന്റെ പഠനങ്ങള്‍ കത്തിച്ചുകളഞ്ഞു. തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിഖ്യാവിശ്വാസപ്രമാണത്തെ രാജ്യത്തിന്റെ ഔദ്യോഗികനിയമമായി പ്രഖ്യാപിച്ചു നടപ്പാക്കി.
'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും' നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് ആദ്യകാലങ്ങളില്‍ സഭയില്‍ അംഗങ്ങളായിക്കൊണ്ടിരുന്നത്. ഈ സഭയുടെ നാഥന്‍ (kyrios) ക്രിസ്തു എന്ന ചരിത്രവ്യക്തിയാണെന്നും, എന്നാല്‍ അതേസമയം, ദൈവത്തിന്റെ അടുത്ത് ആയിരിക്കുന്നവനാണെന്നും (set by the side of God) ആദിമക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, രണ്ടാം നൂറ്റാണ്ടുമുതല്‍ ഈ ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പ്രസംഗിക്കാനും തുടങ്ങി.
ഈ ക്രിസ്തു ആരാണ്? പിതാവിന്റെതന്നെ ഭാഗമാണോ? പിതാവില്‍നിന്നു വ്യത്യസ്തനാണോ? ത്രിത്വത്തിലെ മൂന്നുപേര്‍ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു? അവരെ വ്യത്യസ്തരാക്കുന്നത് എന്താണ്? ക്രിസ്തുവിന് ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുണ്ടോ? ദൈവസ്വഭാവവും മനുഷ്യസ്വഭാവവുമുണ്ടെങ്കില്‍ അവയ്ക്കു തുല്യമായ വ്യക്തിത്വങ്ങളുണ്ടോ? ഗ്രീക്ക് തത്ത്വചിന്ത പഠിപ്പിക്കുന്ന വചന (Logos))െത്തിന് ലോകത്തിന്റെ സ്രഷ്ടാവില്‍നിന്നുള്ള വ്യത്യാസമെന്താണ്? ക്രിസ്തുവിന്റെ സ്ഥാനം ദൈവത്തോടു ചേര്‍ന്നാണോ? ഇതിന് ഉത്തരമായി സബേല്ലിയൂസ് പറഞ്ഞു: 'പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്നു രൂപങ്ങളാണ്' (modes, manifestations).. ആരിയൂസ് എന്ന വൈദികന്‍, ഈ കാലത്ത് തന്റെ ഗുരുവായ അന്ത്യോക്യായിലെ ലൂഷ്യന്റെ ആശയത്തോടു യോജിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് വ്യക്തമാക്കി. അതാണ് പിന്നീട് ആര്യനിസം എന്ന പേരില്‍ അറിയപ്പെട്ട് പാഷണ്ഡത ആയിത്തീര്‍ന്നത്. ഇങ്ങനെയുള്ള ചിന്തകളും അവയ്ക്കു നല്‍കപ്പെട്ട ഉത്തരങ്ങളും ആദ്യകാലസഭയില്‍ ദൈവശാസ്ത്രത്തിനു തുടക്കമിട്ടു. ഇത്തരം ദൈവശാസ്ത്രചിന്തകളാണ് വിശ്വാസപ്രമാണമായി കാലക്രമത്തില്‍ രൂപപ്പെടുന്നത്.
നിഖ്യായില്‍ സത്യവിശ്വാസത്തിന്റെ രത്‌നച്ചുരുക്കം രൂപീകൃതമായി. സത്യവിശ്വാസത്തിനെതിരേ ആഞ്ഞടിക്കുന്ന ഏതു കൊടുങ്കാറ്റിനെതിരേയും നിതാന്തജാഗ്രതപുലര്‍ത്തേണ്ടത് സഭാധികാരികളുടെ ഉത്തരവാദിത്വമാണ്. 'സത്യവിശ്വാസത്തിനു ഭംഗം ഉണ്ടാകാന്‍ പാടില്ല' എന്നും 'സത്യവിശ്വാസത്തില്‍ മായം ചേര്‍ക്കാന്‍ അനുവദിക്കരുത്' എന്നുമുള്ള ചിന്ത പിതാക്കന്മാരെ ഭരിച്ചിരുന്നതിനാല്‍ അവര്‍ ഒത്തുതീര്‍പ്പുകള്‍ക്കൊന്നും സന്നദ്ധരായിരുന്നില്ല. ഇന്നു നാം പ്രാര്‍ഥിക്കുന്ന നിഖ്യാവിശ്വാസ
പ്രമാണം സഭയുടെ അടിസ്ഥാനവിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ഥനതന്നെയാണ്. അതിന്റെ ദൈവശാസ്ത്രപരമായ ആഴങ്ങളിലേക്കു നാം പലപ്പോഴും കടന്നുചെല്ലാറില്ല, ചിന്തിക്കാറുമില്ല. ആദ്യനൂറ്റാണ്ടുകളില്‍ ഒരാള്‍ മാമ്മോദീസാ സ്വീകരിക്കുന്നതിനുമുമ്പ് സഭയുടെ വിശ്വാസം ഏറ്റുപറയണമായിരുന്നു. തുടര്‍ന്ന് അതനുസരിച്ചുള്ള ജീവിതവും. ഈ വിശ്വാസപ്രമാണത്തിലെ പല കാര്യങ്ങളുമായിരുന്നു അന്ന് അവര്‍ ഏറ്റുപറഞ്ഞിരുന്നത്; ഇന്നത്തെ രൂപത്തിലും ഭാവത്തിലും അല്ലായിരുന്നുവെന്നുമാത്രം. സര്‍വശക്തനായ ദൈവപിതാവിലും രക്ഷിക്കുന്നവനായ പുത്രന്‍തമ്പുരാനിലും സംരക്ഷിക്കുന്നവനായ പരിശുദ്ധാരൂപിയിലുമുള്ള വിശ്വാസമായിരുന്നു അന്നവര്‍ ഏറ്റുപറഞ്ഞിരുന്നത്. പിന്നീട് പല കാലഘട്ടങ്ങളിലൂടെ കടന്നുവന്നതാണ് ഇന്നത്തെ രൂപത്തിലുള്ള വിശ്വാസപ്രമാണം.
ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ആരിയൂസിനു സഭ കൊടുത്ത മറുപടിയാണ്. ആരിയൂസിന്റെ തെറ്റായ ആശയങ്ങളെ ഇവിടെ തിരുത്തി സഭയുടെ ഔദ്യോഗികപഠനം വ്യക്തമാക്കുന്നു. സഭയുടെ വിശ്വാസസംബന്ധമായ എല്ലാ അടിസ്ഥാനകാര്യങ്ങളും ഇതില്‍ കാണില്ല; കാരണം, നാലാം നൂറ്റാണ്ടിന്റെ, മതപീഡനം കഴിഞ്ഞുള്ള തൊട്ടടുത്ത കാലത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. ദൈവശാസ്ത്രവിശകലനം, വളര്‍ച്ച എല്ലാം പിന്നീടാണ് ഉണ്ടാകുന്നത്.