•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രേഷിതതീക്ഷ്ണതയില്‍ തിളങ്ങിയ കര്‍മ്മയോഗി

   മലനാടും ഇടനാടും കുട്ടനാടും തീരദേശവും തമിഴ്‌നാടുമുള്‍പ്പെട്ടിരുന്ന വിസ്തൃതമായ ചങ്ങനാശേരി അതിരൂപതയില്‍ പതിനഞ്ചുവര്‍ഷത്തെ തന്റെ മേലധ്യക്ഷശുശ്രൂഷയില്‍ വേറിട്ടതും ആകര്‍ഷകവുമായ അജപാലനനേതൃശൈലി പുലര്‍ത്തിയിരുന്ന മേല്‍പ്പട്ടശുശ്രൂഷകനായിരുന്നു അഭിവന്ദ്യ മാര്‍ ആന്റണി പടിയറപിതാവ്. ബഹുമുഖതിരക്കുകള്‍ക്കിടയില്‍ ഇടവകകളും സ്ഥാപനങ്ങളും ആവുന്നത്ര തവണ സന്ദര്‍ശിച്ച് സമയം ചെലവഴിച്ച് സഭാമക്കളെ അടുത്തറിയാനും നേതൃത്വത്തിലും ശുശ്രൂഷകളിലും മറ്റുള്ളവരെ അറിഞ്ഞു പ്രോത്സാഹിപ്പിക്കാനും പിതാവ് പുലര്‍ത്തിയ ഔത്സുക്യം ഹൃദയസ്പര്‍ശിയായിരുന്നു. പുത്തന്‍ അജപാലനശുശ്രൂഷാവേദികള്‍ തുറക്കാനും സഭാപ്രവര്‍ത്തമേഖല വിപുലീകരിക്കാനും സഭാപൈതൃകസംരക്ഷണത്തിനുള്ള ചില അടിസ്ഥാനങ്ങള്‍ക്കായി പ്രേരണയും നേതൃത്വവും നല്‍കാനും ഈ പുണ്യാത്മാവ് പുലര്‍ത്തിയ ശ്രദ്ധയും നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്.

   1981 ഡിസംബര്‍ 13-ാം തീയതി അഭിവന്ദ്യപിതാവ് ഞങ്ങളുടെ ഇടവകയില്‍ ഒരു മുഴുദിനസാന്നിധ്യം നല്‍കി അനുഗ്രഹിച്ചത് ഇന്നെന്നപോലെ ഓര്‍ക്കുന്നു. ബഹു. ജെയിംസ് കാട്ടുപറമ്പിലച്ചന്റെ നേതൃത്വത്തില്‍ പു തുക്കിപ്പണിത ഇത്തിത്താനം ഇടവകദൈവാലയത്തിന്റെ കൂദാശാകര്‍മത്തിനായിട്ടാണ് പിതാവ് എത്തിയത്. രാവിലെ നടന്ന കൂദാശാകര്‍മത്തിനും വിശുദ്ധകുര്‍ബാനയ്ക്കുംശേഷം ഉച്ചകഴിഞ്ഞ് ആഘോഷമായ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നു. മെത്രാനടുത്ത ശുശ്രൂഷകള്‍ക്കുശേഷം പോകാമായിരുന്ന അഭിവന്ദ്യപിതാവ് ദിവ്യകാരുണ്യപ്രദക്ഷിണത്തിലും കാര്‍മികത്വം വഹിച്ച് ഇടവകജനത്തോടൊപ്പം ആയിരിക്കാന്‍ ശ്രദ്ധിച്ചു. വിരിപ്പന്തലിലൂടെ, വിരിപ്പ് തെളിച്ച പാതയിലൂടെ അരുളിക്കയും വഹിച്ച് പള്ളിക്കുചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു. അതു ലേഖകന് കൂടുതല്‍ ഹൃദയസ്പര്‍ശിയായിരിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. മുന്നോട്ടുനീങ്ങുന്ന ദിവ്യകാരുണ്യത്തിന് കുട്ടികള്‍ ഇടവിട്ടു പുഷ്പവൃഷ്ടി നടത്തിക്കഴിയുമ്പോള്‍, ഇടവിട്ട് മുന്നോട്ടുവന്ന് മുട്ടിന്മേല്‍നിന്ന് ധൂപം അര്‍പ്പിച്ചിരുന്നത് ഞാനും എന്റെ സുഹൃത്ത് സി.സി. ജോണിയുമായിരുന്നു.
തിരുപ്പിറവിയുടെ മഹാജൂബിലിവര്‍ഷത്തില്‍ (2000) തന്റെ 79-ാമത്തെ വയസ്സില്‍, മാര്‍ച്ച് 23 ന് അഭിവന്ദ്യപിതാവ് കാലം ചെയ്തു. മനുഷ്യന്റെ ചിന്തയ്ക്കതീതമായ ദൈവപരിപാലനയുടെ ദീപ്തമായ അനുഭവമായിരുന്നു അഭിവന്ദ്യ പടിയറപ്പിതാവിന്റെ ജീവിതം. 1921 ഫെബ്രുവരി 11 ന് മണിമല പടിയറ കുരുവിള അന്തോണി - അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി ജനിച്ച, കുഞ്ഞച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന ആന്റണി 1945 ഡിസംബര്‍ 19 ന് കോയമ്പത്തൂര്‍ ലത്തീന്‍രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. കേവലം 34 വയസ്സുള്ളപ്പോള്‍, 1955 ഒക്‌ടോബര്‍ 16 ന്, പുതുതായി രൂപംകൊണ്ട ഊട്ടിരൂപതയുടെ പ്രഥമമെത്രാനായി അഭിഷിക്തനായി. പുരോഹിതനായും മെത്രാനായും കോയമ്പത്തൂര്‍, മൈസൂര്‍, ഊട്ടി രൂപതകളില്‍ ചെയ്ത അജപാലനശുശ്രൂഷയ്ക്കുശേഷമാണ്, ഒരു ചരിത്രനിയോഗമെന്നപോലെ മാതൃസഭയിലേക്കും അതിരൂപതയിലേക്കും മേലധ്യക്ഷനായി നിയമിതനായത്. 1970 ജൂണ്‍ 13-ാം തീയതി ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായി, ബിഷപ് മാര്‍ ആന്റണി പടിയറയെ പരിശുദ്ധ സിംഹാസനം നിയമിച്ചു. നീണ്ട 15 വര്‍ഷത്തെ ചങ്ങനാശേരി അതിരൂപതാമെത്രാപ്പോലീത്ത എന്ന നിലയിലുള്ള ഏറെ ഫലവത്തായ ശുശ്രൂഷയ്ക്കുശേഷം 1985 ജൂലൈ 3 ന് അഭിവന്ദ്യ പിതാവ് എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തായായി ചുമതലയേറ്റു. 
ചരിത്രനിയോഗം
    ശതാബ്ദങ്ങള്‍ക്കുമുമ്പ് കേരള സുറിയാനിസഭയ്ക്കു നഷ്ടപ്പെട്ട സ്വയംഭരണാവകാശം പുനഃസ്ഥാപിച്ചുകിട്ടാനുള്ള അനേകം ത്യാഗമയികളുടെയും വ്യാകുലങ്ങളുടെയും പുണ്യാ ത്മാക്കളുടെയും പ്രാര്‍ഥനയും പരിശ്രമവും ഫലം കണ്ടു. 1992 ഡിസംബര്‍ 16 ന് സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സ്വയാധികാരസഭയായി പരിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഉയര്‍ത്തി. അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ്പായും നിയമിക്കപ്പെട്ടു. അദ്ദേഹം സഭയുടെ പിതാവും തലവനുമായി. കര്‍ദിനാള്‍പദവിയിലേക്ക് അഭിവന്ദ്യ പിതാവ് ഉയര്‍ത്തപ്പെട്ടത് മേജര്‍ ആര്‍ച്ചുബിഷപ് ആകുന്നതിനുമുമ്പായിരുന്നു. 1988 ജൂണ്‍ 28 ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ സഭയുടെ രാജകുമാരനാക്കി കര്‍ദിനാള്‍സംഘത്തിലേക്ക് ഉള്‍ച്ചേര്‍ത്തു. അദ്ദേഹം ഇന്ത്യയുടെ അഞ്ചാമത്തെയും കേരളത്തിന്റെ രണ്ടാമത്തെയും ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ടവരില്‍നിന്നുള്ള ആദ്യത്തെയും കര്‍ദിനാളായി.
പ്രേഷിതചൈതന്യം നിറഞ്ഞ മേലധ്യക്ഷന്‍
    അഭിവന്ദ്യപിതാവിന്റെ ജീവിതത്തിലുടനീളം തന്റെ പ്രേഷിതതീക്ഷ്ണതയുടെ പ്രവര്‍ത്തനങ്ങളും ഫലങ്ങളും ഒട്ടനവധി പ്രകടമായിത്തന്നെ ദൃശ്യമായിരുന്നു. ഒരു മിഷനറിവൈദികന്‍, മെത്രാന്‍ എന്നീ നിലകളില്‍ ആര്‍ജിച്ചെടുത്ത പ്രേഷിതചൈതന്യം തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മേലധ്യക്ഷശുശ്രൂഷകളില്‍ കൂടുതല്‍ ഫലംകണ്ടു. കന്യാകുമാരിമിഷനില്‍ സ്വന്തം മക്കളോടെന്നപോലെ തമിഴ്മക്കളോട് അവരുടെ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനും മറ്റാരേക്കാളും തങ്ങളുടെ സ്വന്തം ബിഷപ് എന്ന അനുഭവത്തിലേക്ക് അവരെ ഏറെ വളര്‍ത്താനും അഭിവന്ദ്യപിതാവിനു കഴിഞ്ഞു.
   വടക്കേയിന്ത്യയില്‍ സീറോമലബാറുകാരായ ഒട്ടേറെ വൈദികരും സന്ന്യസ്തരും കര്‍മവേദിയില്‍ വ്യാപൃതരായിരുന്നെങ്കിലും അതിരൂപതയുടെ സ്വന്തമായി ഒരു കര്‍മരംഗം സ്ഥാപിച്ചെടുക്കാന്‍ പിതാവു നടത്തിയ പരിശ്രമങ്ങള്‍ ആഗ്രാ-ഇറ്റാവ മിഷനിലൂടെ 1975 ല്‍ വിജയം കണ്ടു.
വൈവിധ്യമാര്‍ന്ന അജപാലനപരിശ്രമങ്ങള്‍
  അതിരൂപതയുടെ അജപാലനവളര്‍ച്ചയില്‍ സമയോചിതമായ ഒട്ടനവധി പുത്തന്‍നീക്കങ്ങളും  പരിശ്രമങ്ങളും നടത്തുന്നതിലും പ്രേരണ നല്‍കുന്നതിലും അഭി. പിതാവ് ബദ്ധശ്രദ്ധനായിരുന്നു. മതബോധനരംഗത്തെ ശക്തിപ്പെടുത്താനുള്ള സിഎല്‍ടി പോലുള്ള മതാധ്യാപകപരിശീലനപരിപാടികള്‍, സമൂഹത്തിന്റെ പാര്‍ശ്വവത്കരണത്തിനു വിധേയരായിരുന്ന തൊഴിലാളികള്‍, ദളിത് സഹോദരര്‍ എന്നിവരുടെ ശക്തീകരണത്തിനുള്ള സിഡബ്‌ളിയുഎം, ഡിസിഎംഎസ് പോലുള്ള പ്രസ്ഥാനങ്ങളുടെ രൂപീകരണവും വ്യാപനവും ഇന്നു കൂടുതല്‍ ഫലം കാണുന്നു. അശരണരുടെയും ആലംബഹീനരുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും പരിപാലനത്തിനുമായി ആരംഭിച്ച മേഴ്‌സി ഹോം, ആശാഭവന്‍ തുടങ്ങിയ ജീവകാരുണ്യപദ്ധതികള്‍ സമൂഹത്തിന് ആശാകേന്ദ്രങ്ങളായി നിലകൊള്ളുന്നു. വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. യുവജനശക്തിയുടെ സഭാത്മകരൂപീകരണത്തിനുവേണ്ടി കേരളസഭയില്‍ നടാടെ രൂപംകൊണ്ട യുവദീപ്തിപ്രസ്ഥാനം 1972 ഡിസംബറില്‍ അഭി. ജോസഫ് പവ്വത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍ അഭിവന്ദ്യ പടിയറപിതാവ് നല്‍കിയ പിന്തുണയും പ്രോത്സാഹനവും കണ്ടറിഞ്ഞിട്ടുള്ളതാണ്. കുടുംബങ്ങളുടെ വിശുദ്ധീകരണവും  ശക്തീകരണവും മാതാപിതാക്കളെ രൂപീകരിക്കുന്നതിലൂടെയാണ് സാധിതമാകേണ്ടതെന്ന പ്രായോഗികകണ്ടെത്തലിന്റെ ഫലമായിരുന്നു അഭിവന്ദ്യ പിതാവ് അതിരൂപതയില്‍ ആരംഭിച്ച ഫാമിലി അപ്പോസ്തലേറ്റ്.
സാര്‍വത്രികസഭാശുശ്രൂഷകള്‍
കാനന്‍നിയമപരിഷ്‌കരണസമിതിയംഗം, അപ്പസ്‌തോലികവിസിറ്റര്‍, കര്‍ദിനാള്‍ എന്ന പദവിക്കടുത്ത സാര്‍വത്രികസഭാതലശുശ്രൂഷകള്‍ എല്ലാം പിതാവിനെ അന്തര്‍ദേശീയനാക്കി.
ആകര്‍ഷണീയവ്യക്തിത്വം
അഭിവന്ദ്യ പിതാവില്‍ വിളങ്ങിയിരുന്ന സമയനിഷ്ഠ, ആതിഥ്യമര്യാദ, വൈദികരോടുള്ള പ്രത്യേക കരുതല്‍, അശരണരോടുള്ള അനുകമ്പയും സ്‌നേഹവും മറ്റും അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി.
എത്തേണ്ടിടത്ത് കൃത്യസമയത്ത് എത്തുകയെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. ഒരിക്കലും അദ്ദേഹം താമസിച്ച് എത്തിയിരുന്നില്ല. എവിടെയെങ്കിലും നേരത്തേ എത്താന്‍ ഇടയാകുമെങ്കില്‍, വഴിയില്‍ വാഹനം അത്രമാത്രം നിര്‍ത്തിയിട്ട്, സമയം കൃത്യം നോക്കി വരാന്‍ അഭിവന്ദ്യപിതാവ് നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. കാഴ്ചയില്‍ ഋഷിതുല്യനും നിഷ്ഠയില്‍ ആധുനികനും പ്രഭാഷണത്തില്‍ നര്‍മരസികനുമായിരുന്ന ഈ പുണ്യാത്മാവ് മേലധ്യക്ഷന്മാര്‍ക്ക് പലവിധത്തില്‍ തികഞ്ഞ മാതൃകയായി നിലകൊള്ളുന്നു.
തന്റെ സ്വര്‍ഗീയയാത്രയുടെ രജതജൂബിലിവര്‍ഷമായ 2025 ല്‍ കൂപ്പുകൈകളോടെ ഈ പുണ്യാത്മാവിന്റെ സ്മരണയ്ക്കുമുമ്പില്‍ സഭ പ്രണാമം അര്‍പ്പിക്കുന്നു. കാലഘട്ടത്തിന്റേതായ വെല്ലുവിളികളെ അതിജീവിക്കാന്‍ അഭിവന്ദ്യപിതാവിന്റെ സ്വര്‍ഗീയമാധ്യസ്ഥ്യം സഭാമക്കള്‍ക്കു തുണയാകട്ടേയെന്നു പ്രാര്‍ഥിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)