കിഴക്കുദിച്ച ഒരു വെള്ളിനക്ഷത്രം ഇന്ന് നമ്മുടെ മധ്യേയുണ്ട്: ഫാ. തോമസ് ഓലിക്കല്‍. വരുംതലമുറയ്ക്കു സത്കര്‍മത്തിനു പ്രേരണ നല്‍കുന്ന മാര്‍ഗദര്‍ശകമായ ചരിത്രപാഠമാണ് ഓലിക്കലച്ചന്റെ കര്‍മനിരതമായ ഇടയശുശ്രൂഷ എന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എടുത്തുപറഞ്ഞിട്ടുണ്ട്. ബഹുമുഖമായ കര്‍മപാതകളാണ് ഓലിക്കലച്ചന്റെ പൗരോഹിത്യശുശ്രൂഷയെ ചേതോഹരമാക്കിയത്.
ലോകപ്രശസ്തമായ അരുവിത്തുറ വല്യച്ചന്‍മല, അറക്കുളം തുമ്പച്ചി കുരിശുമല, തുടങ്ങനാട് കുഞ്ഞച്ചന്‍മല, കൊഴുവനാല്‍ നെപുംകുരിശുമല, പ്ലാശനാല്‍ അന്തോണി കത്തനാര്‍ മാര്‍ഗ്ഗ് തുടങ്ങിയ കുരിശുമലകള്‍ക്കു രൂപം നല്‍കി ഈശോയുടെ പീഡാനുഭവസ്മരണകളില്‍ പങ്കാളികളാകുവാന്‍ ഓലിക്കലച്ചന്‍ നമുക്ക് അവസരം ഒരുക്കിത്തന്നു.
ആത്മീയചൈതന്യം നിറഞ്ഞുനില്‍ക്കുന്ന, പറഞ്ഞറിയിക്കാനാവാത്ത ഒരു 'ആത്മീയവൈബാണ്' ഓലിക്കലച്ചന്റെ നേതൃത്വത്തില്‍ നിര്‍മിച്ച കുരിശുമലകള്‍! അച്ചന്‍ ശുശ്രൂഷ ചെയ്തിട്ടുള്ള ഇടവകകളില്‍ ആധ്യാത്മികമായ ആവശ്യങ്ങള്‍ മാത്രമല്ല, ഇടവകാംഗങ്ങളുടെ മാനുഷികമായ ആവശ്യങ്ങളും പരമാവധി നിറവേറ്റുവാന്‍ അച്ചന്‍ ശ്രമിച്ചിട്ടുണ്ട്. രോഗികളോടും ദരിദ്രരോടുമുള്ള അനുകമ്പ ഓലിക്കലച്ചന്റെ മുഖമുദ്രയാണ്. അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന ഇടവകകളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭവനം പണിയുന്നതിനായുള്ള അച്ചന്റെ കഠിനാധ്വാനവും പരിശ്രമവും സമാനതകളില്ലാത്തതാണ്. സമ്പന്നനോ ദരിദ്രനോ ഒരു വ്യത്യാസവുമില്ല - ഓലിക്കലച്ചന്റെ മുമ്പില്‍ എല്ലാവരും ഒരുപോലെ സ്വീകാര്യരാണ്. പാവപ്പെട്ടവരോട് അതിരുകളില്ലാത്ത കാരുണ്യപ്രവാഹം. അതേ! ഒരിക്കലും വറ്റാത്ത സ്‌നേഹത്തിന്റെ ഉറവ ആ ഹൃദയത്തിലുണ്ട്.
ഓലിക്കലച്ചന്‍ വികാരിയായ ആദ്യത്തെ ഇടവകയായ ഉരുളികുന്നത്തുണ്ടായ രസകരമായ ഒരു അനുഭവം ആ ഇടവകയിലെ എന്റെ ഒരു ബന്ധു പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കല്‍ വികാരിയച്ചനെ കാണുവാന്‍ ഒരാള്‍ ഇടവകയില്‍ എത്തുന്നു. പള്ളിവക സ്ഥലത്തേക്കു പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ ഒരു ജോലിക്കാരന്‍ അവിടെനിന്നു കയ്യാല കെട്ടുന്നുണ്ട്. വന്നയാള്‍ ആ ജോലിക്കാരനോടു ചോദിച്ചു: ''വികാരിയച്ചനെ കാണണം, പള്ളിമുറിയില്‍ ഉണ്ടോ?'' ജോലിക്കാരന്റെ മറുപടി: ''ഇപ്പച്ചെന്നാല്‍ അച്ചനെ കാണാം, അവിടെ പള്ളിമുറിയില്‍ കാണും.'' സന്ദര്‍ശകന്‍ പള്ളിമുറിയില്‍ എത്തി.
വികാരിയച്ചന്റെ റൂമില്‍ കോളിങ് ബെല്ലടിച്ചു. അച്ചന്‍ കതകു തുറന്ന് പുറത്തുവന്നു. വന്നയാള്‍ നോക്കുമ്പോള്‍ ദേ താഴെക്കണ്ട അതേ ജോലിക്കാരന്‍ വികാരിയച്ചനായി മുന്നില്‍ വന്നുനില്‍ക്കുന്നു. അതാണ് ഓലിക്കലച്ചന്‍! ഇടവകസമൂഹത്തിന്റെ കാര്‍ഷികസംസ്‌കാരത്തിനോടു ചേര്‍ന്നുനില്‍ക്കുന്ന വികാരിയച്ചന്‍! പള്ളിയുടെയും പരിസരങ്ങളുടെയും നാടിന്റെതന്നെയും മുഖം മാറ്റുന്ന അച്ചന്റെ മാജിക് ജാതിമതഭേദമെന്യേ അംഗീകരിക്കപ്പെടുന്നതാണ്.
ഓലിക്കലച്ചന്‍ ശുശ്രൂഷ ചെയ്ത ഇടവകകളിലെല്ലാം അനേകവര്‍ഷങ്ങള്‍ വേണ്ടിവരുന്ന കാര്യങ്ങള്‍, കേവലം അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് ചെയ്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓലിക്കലച്ചന്റെകൂടെ ശുശ്രൂഷ ചെയ്യുന്ന കൊച്ചച്ചന്മാരെ പരിശീലിപ്പിക്കുവാന്‍, ഈശോയുടെ വഴിയിലൂടെ നടത്തുവാന്‍ അച്ചന്‍ പ്രത്യേകം ജാഗ്രതപുലര്‍ത്തി.
ഇടവകാംഗങ്ങളുടെ ഓരോ നേട്ടങ്ങളെയും വിജയങ്ങളെയും ദൈവാലയത്തില്‍ ഇടവകസമൂഹത്തോടു പങ്കുവച്ച്, അവര്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കി, ജീവിതത്തില്‍ അവര്‍ക്കു കത്തിപ്പടരുവാന്‍ - ആളിക്കത്തുവാന്‍ - ഒരു തീപ്പൊരിയായി മാറുന്ന ഓലിക്കലച്ചനെ പലപ്പോഴും കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. അച്ചന്‍ കൊളുത്തി നല്‍കിയ കൈത്തിരിയുടെ വെളിച്ചത്തില്‍ എത്രയോ പേര്‍ അവരുടെ ജീവിതപ്പാതയില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഒരു വൈദികന്റെ ജീവിതം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുകളിലുമെല്ലാം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയകാലത്ത്, തങ്ങള്‍ ആയിരിക്കുന്ന വ്യവസ്ഥിതിക്കകത്തുനിന്നുതന്നെ ഇത്തരം വിചാരണകള്‍ നേരിടേണ്ടി വരുന്നു എന്നത് അവരെ കൂടുതല്‍ നിസ്സഹായരും ദുഃഖിതരും ഒറ്റപ്പെട്ടവരുമാക്കുന്നു. തങ്ങള്‍ക്കു ബോധ്യമുള്ള പൗരോഹിത്യത്തിന്റെ കടമകള്‍ സ്വതന്ത്രമായി ചെയ്യാന്‍ സാധിക്കാത്തവണ്ണം അതവരെ നിസ്സഹായരാക്കുന്നു. അതിനെ സുവിശേഷാത്മകമായി മറികടക്കുക എന്നതാണ് ഇന്നത്തെ വൈദികര്‍ - പ്രത്യേകിച്ച് ഇടവകവൈദികര്‍ - നേരിടുന്ന വലിയ പ്രതിസന്ധി. പ്രതിസന്ധികള്‍ ഉണ്ടായപ്പോഴൊക്കെ ഓലിക്കലച്ചന്‍ ആത്മീയമായി വലിയ ധീരത പ്രകടിപ്പിച്ചിട്ടുണ്ട്. ദൈവഹിതപ്രകാരം ഏറ്റെടുക്കുന്ന സഹനങ്ങളൊന്നും പാഴാകില്ല എന്ന സുവിശേഷസന്ദേശമാണ് അച്ചനെ മുന്നോട്ടുനയിച്ചത്.