മലയാളഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ ഭാഷാപണ്ഡിതനായിരുന്നു റവ. ജോര്‍ജ് മാത്തന്‍. 1819 സെപ്റ്റംബര്‍ 25 ന് ചെങ്ങന്നൂരിലെ പുത്തന്‍കാവില്‍ കിഴക്കേത്തലയ്ക്കല്‍ മാത്തന്‍ തരകന്റെയും കിഴക്കേ പുത്തന്‍കാവില്‍ പുത്തന്‍വീട്ടില്‍ അന്നമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം ആംഗ്ലിക്കന്‍ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനുമായിരുന്നു.
ജോര്‍ജ് മാത്തന്‍ ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. പിതൃസഹോദരനായ കിഴക്കേവീട്ടില്‍ കുര്യന്‍ കത്തനാരാണ് രക്ഷാകര്‍ത്താവായത്. കുര്യന്‍ കത്തനാര്‍ അവിഭക്ത മലങ്കരസഭയിലെ വൈദികനായിരുന്നു. സഹോദരപുത്രനെയും പൗരോഹിത്യത്തിലേക്ക് ആനയിക്കുവാന്‍ ആഗ്രഹിച്ച കത്തനാര്‍ കുട്ടിയെ സുറിയാനി പഠിപ്പിച്ചു. അധികം കഴിയുംമുമ്പ് ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസില്‍നിന്ന് കാറോയ എന്ന പ്രാഥമികവൈദികപട്ടം നേടി. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന് ഇംഗ്‌ളീഷ്, ഗ്രീക്ക്, സംസ്‌കൃതം എന്നിവ പഠിച്ചു. അക്കാലത്ത് ബെയ്‌ലി, ഫെന്‍, ബേകാര്‍ തുടങ്ങിയ വിദേശീയ മിഷണറിമാരുമായി പരിചയപ്പെട്ടു. 1837 ല്‍ ഒരു സുഹൃത്തിനൊപ്പം മദിരാശിയില്‍ ഉപരിപഠനത്തിനു പോയി. മദിരാശിയില്‍ ബിഷപ് കോറീസ് ഗ്രാമര്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ ലാറ്റിന്‍ പഠിച്ചു. ഒപ്പം, ഗണിതവും തത്ത്വശാസ്ത്രവും. മദിരാശി സര്‍ക്കാര്‍ നടത്തിയ ഒരു ഗണിതപരീക്ഷയില്‍ പ്രശംസനീയമാംവിധം ജയിച്ചു. തത്ഫലമായി ഗവണ്‍മെന്റ് ട്രാന്‍സ്‌ലേറ്റര്‍ എന്ന ഉദ്യോഗം ലഭിക്കുമായിരുന്നു. എന്നാല്‍, ജോലി സ്വീകരിച്ചില്ല. വൈദികവൃത്തിയില്‍ ആകൃഷ്ടനായ ജോര്‍ജ് മാത്തന്‍ 1844 ജൂണില്‍ വൈദികനായി. മാവേലിക്കരയിലാണ് വൈദികവൃത്തി തുടങ്ങിയത്.
ഭാഷാപണ്ഡിതര്‍ നിരവധി വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. ആദ്യ മലയാളഭാഷാവ്യാകരണകര്‍ത്താവും, ആദ്യ മലയാളിപത്രാധിപരും, സാമൂഹികപരിഷ്‌കരണയജ്ഞങ്ങളില്‍ സജീവപങ്കാളിയുമായിരുന്ന അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ''ജ്ഞാനനിക്ഷേപ''മാണ് ലക്ഷണമൊത്ത ആദ്യ മലയാളപത്രം. ജ്യോതിശാസ്ത്രം, അദൈ്വതം എന്നീ വിഷയങ്ങളെക്കുറിച്ച് ജ്ഞാനനിക്ഷേപത്തില്‍ ലേഖനങ്ങള്‍ ഉണ്ടായിരുന്നു. മറ്റു ഭാഷകളിലെ നവയുക്തികളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്ത അദ്ദേഹം, മലയാളഭാഷയ്ക്കു നല്‍കിയ പ്രഥമ വ്യാകരണഗ്രന്ഥമാണ് ''മലയാഴ്മയുടെ വ്യാകരണം''. 1851 ല്‍ ഗുട്ടന്‍ബര്‍ഗിന്റെ 'മലയാളഭാഷാവ്യാകരണം'' പ്രസിദ്ധീകരിക്കുന്നതിനുമുന്‍പുതന്നെ'' മലയാഴ്മയുടെ വ്യാകരണം' തയ്യാറായിരുന്നുവെങ്കിലും 1863 ല്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പറ്റിയുള്ളൂ.
വൈക്കം മധുവിന്റെ 'ഇടയാളം' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:
''റവ. ജോര്‍ജ് മാത്തന്‍ രചിച്ച്, 1863 ല്‍ പ്രസിദ്ധപ്പെടുത്തിയ 'മലയാഴ്മയുടെ വ്യാകരണം' ആണ് ഒരു മലയാളി മലയാളത്തില്‍ എഴുതിയ ആദ്യ വ്യാകരണഗ്രന്ഥം. ഇതില്‍ ചിഹ്നം സ്വീകരിച്ചു തുടങ്ങിയതായി കാണുന്നുണ്ട്. മലയാളത്തില്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ജോര്‍ജ് മാത്തന്‍ ആണെങ്കിലും അതിനുള്ള അംഗീകാരം അദ്ദേഹത്തിനു ലഭിക്കാതെപോയത് മലയാളികളുടെ ദൗര്‍ഭാഗ്യംതന്നെ. കാരണം, ഗുട്ടന്‍ബര്‍ഗിന്റെ വ്യാകരണഗ്രന്ഥത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ജോര്‍ജ് മാത്തന്‍ 'മലയാഴ്മയുടെ വ്യാകരണം' എഴുതി പൂര്‍ത്തിയാക്കി 'സ്‌കൂള്‍ ബുക്ക് സൊസൈറ്റി'ക്ക് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിക്കുകയും ചെയ്തിരുന്നതായി ഡോ. ബി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തി പ്രസ്താവിക്കുന്നുണ്ട്. ഇതേ വസ്തുത ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ കേരളപാണിനീയവിമര്‍ശനത്തിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, വലിപ്പക്കൂടുതല്‍ കാരണം അവര്‍ പ്രസിദ്ധീകരിക്കാതെ വരികയും സാമ്പത്തികഞെരുക്കത്തില്‍ ഒരു പതിറ്റാണ്ടിനുശേഷംമാത്രം (19-06-1863) അദ്ദേഹത്തിന് സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കേണ്ടി വരികയും ചെയ്തു. അപ്പോഴേക്കും ഗുട്ടന്‍ബര്‍ഗ് നിഘണ്ടു പുറത്തിറങ്ങി ജനസമ്മിതി നേടിക്കഴിഞ്ഞിരുന്നു. അതോടെ മലയാളത്തില്‍ ചിഹ്നങ്ങളുപയോഗിച്ചുതുടങ്ങിയ ആദ്യത്തെ വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ് എന്ന പദവി ഒരു മലയാളിക്കു നഷ്ടപ്പെടുകയും ചെയ്തു എന്നത് ദുഃഖകരമായ ചരിത്രം.''
അക്ഷരലക്ഷണം, പദലക്ഷണം എന്നു രണ്ടു കാണ്ഡങ്ങളിലായി മലയാഴ്മയുടെ വ്യാകരണം തിരിച്ചിരിക്കുന്നു. ആദ്യത്തെ കാണ്ഡത്തില്‍ സംജ്ഞ, സന്ധി എന്നീ രണ്ട് അധ്യായങ്ങളും രണ്ടാം കാണ്ഡത്തില്‍ നാമം, വചനം, അവ്യയം എന്നിങ്ങനെ മൂന്നു ഭാഗങ്ങളും ഉണ്ട്. മലയാഴ്മയുടെ വ്യാകരണം കൂടാതെ, 'സത്യവാദഖേടം' എന്നൊരു ഗ്രന്ഥംകൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറില്‍ നടന്ന ഗ്രന്ഥരചനാമത്സരത്തില്‍ 'സത്യവാദഖേടം 'എന്ന ഗ്രന്ഥം സമ്മാനാര്‍ഹമായി. സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധം ആണിത്.
ഒരു ശാസ്ത്രലേഖകന്‍കൂടിയായിരുന്നു റവ. ജോര്‍ജ് മാത്തന്‍. ആയില്യം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്ത് പാഠപുസ്തകരചനയിലും അദ്ദേഹം സംഭാവനകള്‍ നല്‍കി. മലയാളിയുടെ വ്യാകരണത്തില്‍ 51 അക്ഷരങ്ങള്‍ ഉള്ള മലയാളം അക്ഷരമാലയെ പത്തച്ചും (സ്വരങ്ങള്‍) 38 ഹല്ലും (വ്യഞ്ജനം) കൂടി 48 അക്ഷരമാലയായി അവതരിപ്പിക്കുന്നു. 'കള്‍', 'മാര്‍', 'ആര്‍' തുടങ്ങി ബഹുസംഖ്യാപ്രത്യയങ്ങളും മറ്റും ഭാഷയിലേക്കു വന്നത് ഈ ഗ്രന്ഥംവഴിയാണ്. 214 പേജുകളുള്ള ഈ പുസ്തകത്തില്‍ 47 വകുപ്പുകളുണ്ട്.
പില്‍ക്കാലത്ത് മലയാളവ്യാകരണം എഴുതിയവര്‍ക്കൊന്നും ജോര്‍ജു മാത്തന്റെ വ്യാകരണത്തെപ്പറ്റി പറയാതിരിക്കാനായില്ല. എ.ആര്‍. രാജരാജവര്‍മ പില്‍ക്കാലത്ത് കേരളപാണിനീയം രചിച്ചപ്പോഴും അദ്ദേഹത്തിനു സഹായകമായിത്തീര്‍ന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ 'മലയാഴ്മയുടെ വ്യാകരണ'ത്തെ ശ്ലാഘിച്ചിട്ടുണ്ട്.
സംവൃതോകാരത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. അതു സൂചിപ്പിക്കാന്‍ പ്രത്യേക ചിഹ്നം ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. പക്ഷേ, അച്ചില്ലാഞ്ഞതിനാല്‍ തമിഴ് രീതിയില്‍ 'ഉ' കാരം ഉപയോഗിച്ചിരുന്നു. അതിനെ അദ്ദേഹം അര്‍ധാചു എന്ന് പേരിട്ടു വിളിച്ചു.
'ബാലാഭ്യസനം ' എന്ന വിദ്യാഭ്യാസഗ്രന്ഥത്തില്‍ മാതൃഭാഷ മഹത്തരമാണെന്നും അധ്യയനം അതിലേക്കു മാറണമെന്നും ഇത് ഭരണഭാഷയാകണമെന്നും അന്നേ അദ്ദേഹം വാദിച്ചിരുന്നു. കുട്ടികളെ ഏതു സാഹചര്യങ്ങളിലാണ് ശിക്ഷിക്കേണ്ടതെന്നും ഇതില്‍ ഉപദേശിക്കുന്നുണ്ട്.
തച്ചുശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. പിന്നാക്കസമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1845 ല്‍ മല്ലപ്പള്ളി പന്നിക്കുഴി ഈപ്പന്‍ തരകന്റെ മകള്‍ മറിയാമ്മയെ വിവാഹം ചെയ്തു. തുടര്‍ന്ന്, പതിനാറുകൊല്ലം മല്ലപ്പള്ളിയില്‍ ജോലി ചെയ്തു. അതിനാല്‍ ജോര്‍ജ്ജ് മാത്തന്‍ മല്ലപ്പള്ളീലച്ചന്‍ എന്നറിയപ്പെട്ടിരുന്നു. മാത്രമല്ല ഗീവര്‍ഗ്ഗീസ് പാതിരി, ചല്ലപ്പ ഇലയന്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിനു കേരളത്തിലെ നവോത്ഥാനചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനമുണ്ട്.
1862 ല്‍ രോഗബാധിതനായി 1870 മാര്‍ച്ച് നാലിന് ജീവിതയാത്ര അവസാനിച്ചു. അന്ത്യവിശ്രമം കൊള്ളുന്നത് തലവടി സിഎസ്‌ഐ പള്ളിയില്‍. അദ്ദേഹം ഭാഷയ്ക്കു നല്‍കിയ സംഭാവനകളുടെ ഓര്‍മയ്ക്കായി മാവേലിക്കര കോളജില്‍ ഒരു പഠനവേദി രൂപീകരിച്ചിട്ടുണ്ട്.