യു.എസ്. പ്രസിഡന്റായി ജോ ബൈഡനും
വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു
അമേരിക്കയില്‍ ജനാധിപത്യം പ്രഭ ചൊരിയുന്നത് ആഹ്ലാദത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഒരു പുതുയുഗപ്പിറവിക്കു തുടക്കം കുറിച്ചുകൊണ്ട് യു.എസ്. പ്രസിഡന്റായി ജോസഫ് ആര്‍ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു.
''ഇത് ജനാധിപത്യത്തിന്റെയും അമേരിക്കന്‍ ജനതയുടെയും ദിവസമാണ്. ജനാധിപത്യത്തിനും അധികാരത്തിന്റെ വിശ്വാസ്യതയ്ക്കും ഏറ്റ മുറിവുകള്‍ ഉണക്കുകയെന്നതാണ് ഞങ്ങളുടെ ദൗത്യം. രാജ്യത്തിന്റെ ഐക്യവും ആത്മാവും വീണ്ടെടുക്കേണ്ടതുണ്ട്. വര്‍ണവിവേചനത്തിനും തീവ്രവാദത്തിനും ആഭ്യന്തരഭീകരതയ്ക്കുമെതിരേ ഒന്നിച്ചുനിന്നു പൊരുതണം. കഴിഞ്ഞുപോയ ഭരണകാലത്തെ വികലമായ നയങ്ങള്‍മൂലം കൈമോശം വന്ന ലോകനേതൃപദവി തിരിച്ചുപിടിക്കും.''
ഇക്കഴിഞ്ഞ 20-ാംതീയതി ബുധനാഴ്ച അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലെ ഏതാനും വരികളാണ് മേലുദ്ധരിച്ചത്.
ലോകം കാത്തിരുന്ന പുതുയുഗപ്പിറവിയിലേക്കുള്ള ഈ അധികാരക്കൈമാറ്റം അത്ര സുഗമമല്ലായിരുന്നു. പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫലം അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നത് അമേരിക്കയുടെ ജനാധിപത്യപാരമ്പര്യത്തിന് തീരാക്കളങ്കമായി. അമേരിക്കന്‍ തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ജനകീയവോട്ടുകള്‍ നേടിയാണ് ബൈഡന്‍ പ്രസിഡന്റുപദം ഉറപ്പിച്ചതെങ്കിലും വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപണമുയര്‍ത്തിയ ട്രംപ്, പ്രകോപനപരമായ പരാമര്‍ശങ്ങളും പ്രസംഗങ്ങളും നടത്തി റിപ്പബ്ലിക്കന്‍ അനുയായികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഈ മാസം 6-ാം തീയതി പാര്‍ലമെന്റുമന്ദിരമായ ക്യാപ്പിറ്റോളില്‍ സമ്മേളിക്കവേയായിരുന്നു ട്രംപനുകൂലികളുടെ കടന്നാക്രമണം. എന്നാല്‍, അമേരിക്കയുടെ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ പര്യാപ്തമായിരുന്നു.
ലോകത്തിനു മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ തുറക്കാന്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം ജോ ബൈഡനു കഴിഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തി ബൈഡന്‍ ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് ട്രംപ് പിന്‍മാറിയ പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരാനുള്ളതായിരുന്നു. നിയമങ്ങളില്‍ അധിഷ്ഠിതമായ രാജ്യാന്തരലോകക്രമങ്ങളോട് ഒട്ടും ആദരവില്ലാതെ പ്രസിഡന്റായി അധികാരമേറ്റ് അധികം വൈകാതെ 2015 ലെ പാരീസ് ഉടമ്പടിയില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. വ്യാവസായിക വിപ്ലവകാലഘട്ടംമുതല്‍ പരിസ്ഥിതിയുടെമേലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ അത്യന്തം ആപത്കരമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ വര്‍ഷങ്ങളുടെ പര്യാലോചനകളിലൂടെ രൂപപ്പെടുത്തിയതായിരുന്നു പാരീസ് ഉടമ്പടി. ഹരിതഗ്രഹവാതകങ്ങളുടെ അനിയന്ത്രിതമായ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് അന്തരീക്ഷോഷ്മാവു നിലവിലുള്ളതില്‍നിന്ന് ഒന്നര ഡിഗ്രി സെല്‍ഷ്യസ് കൂടാതെ നിലനിറുത്താന്‍ ഉടമ്പടിയിലേര്‍പ്പെട്ട രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ 10 എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും അന്തര്‍സംസ്ഥാനയാത്രകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. തിരഞ്ഞെടുപ്പുവിജയം ഉറപ്പായശേഷം ബൈഡന്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഒരു 'കൊവിഡ് ടാസ്‌ക് ഫോഴ്‌സി'ന് രൂപം കൊടുക്കുകയായിരുന്നു. 100 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള ചുമതലയാണ് ടാസ്‌ക്‌ഫോഴ്‌സിനു നല്‍കിയത്. ഇതിനു പുറമേ പ്രതിരോധവാക്‌സിന്‍ ദരിദ്രരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിന് യുഎസ് പങ്കാളിയാകുമെന്നും ബൈഡന്റെ മുഖ്യആരോഗ്യഉപദേഷ്ടാവായി നിയമിതനായ ഡോ. ആന്റണി ഫൗച്ചി വെളിപ്പെടുത്തി. പൊതുവേദികളില്‍പ്പോലും മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതിരുന്ന ഡൊണാള്‍ഡ് ട്രംപും ഓഫീസിനുള്ളിലും പൊതുസ്ഥലങ്ങളിലും മുഖാവരണം അണിഞ്ഞു നില്ക്കുന്ന ജോ ബൈഡനും കൗതുകക്കാഴ്ചയായി. വ്യാപനതീവ്രതയിലും മരണനിരക്കിനും യുഎസിനെ ഒന്നാംസ്ഥാനത്തെത്തിച്ച കൊവിഡ് 19 രാജ്യത്തെ 2.50 കോടി ജനങ്ങളെ പിടികൂടുകയും നാലുലക്ഷം പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു.
യു.എസ്. ഉള്‍പ്പെടെയുള്ള ആറു വന്‍ശക്തിരാഷ്ട്രങ്ങള്‍ ഇറാനുമായി ഒപ്പുവച്ച 2015 ലെ ആണവനിര്‍വ്യാപനകരാറില്‍നിന്ന് ട്രംപ് പിന്‍മാറുകയും ഇറാന്റെമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത് മധ്യേഷ്യയില്‍ വലിയ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. കരാറില്‍നിന്നു പിന്‍വാങ്ങി ആറുമാസം തികയുംമുമ്പ് ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സിന്റെ തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാം തീയതി ബാഗ്ദാദ് വിമാനത്താവളത്തിനു പുറത്തുവച്ച് മിസൈലാക്രമണത്തില്‍ വധിച്ചത് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവുപ്രകാരമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തങ്ങളുടെ സേനാതലവന്റെ മരണത്തിനുത്തരവാദിയായ ട്രംപിനെ വധിക്കാന്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലിഖമനെയ് ഉത്തരവിട്ടതായാണ് ഏറ്റവും പുതിയ വാര്‍ത്ത. അത്തരം പ്രതികാരനടപടികളില്‍നിന്ന് പിന്തിരിയാനും ആണവകരാറില്‍ പങ്കാളിയാകാനുമുള്ള തയ്യാറെടുപ്പുകളില്‍ ബൈഡന്‍ വ്യാപൃതനാണ്.
അമേരിക്കയുടെ മുഖ്യഎതിരാളിയായി ചൈന മാറിയത് അടുത്ത നാളുകളിലാണ്. സാമ്പത്തിക/ വ്യാവസായിക/ വ്യാപാര/ സൈനികമേഖലകളിലെ ചൈനയുടെ മുന്നേറ്റം തടയുകയെന്നത് ട്രംപിന്റെ പ്രധാന നയമായിരുന്നു. ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ചതിലും ചൈന വിരോധമുണ്ട്. കൊവിഡ് 19 ന്റെ ഉറവിടം തന്റെ രാജ്യത്താണെന്നറിഞ്ഞിട്ടും ഒരു മാസത്തോളം രോഗവിവരം മറച്ചുവച്ച ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംഗിന്റെ നടപടിയോട് മൃദുസമീപനം പുലര്‍ത്തിയതാണ് സംഘടനയില്‍നിന്നു പിന്മാറാന്‍ ട്രംപ് ഉന്നയിച്ച പ്രധാന കാരണം. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ ശക്തിയെയും സ്വാധീനത്തെയും ചെറുക്കാന്‍ സുഹൃത്‌രാജ്യങ്ങളായ ജപ്പാന്‍, ഓസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം നമ്മുടെ രാജ്യത്തില്‍ സഹകരണവും അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. കര്‍ക്കശമായ നിലപാടുകളിലൂടെ ചൈനയെ നിലയ്ക്കുനിറുത്താനുള്ള ട്രംപിന്റെ നടപടികളില്‍നിന്നു വിഭിന്നമായി അല്പം കൂടി മൃദുവും തന്ത്രപരവുമായ സമീപനങ്ങളാണ് ബൈഡന്റെ മനസ്സിലുള്ളത്. ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെട്ട പ്രതിരോധകരാറുകള്‍ ബൈഡനും തുടരുന്നത് നമ്മുടെ രാജ്യത്തിന് ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുകയോ യുദ്ധത്തിനു മുതിരുകയോ ചെയ്താല്‍ യഥാസമയം ഇടപെടാന്‍ ഈ പ്രതിരോധകരാറുകള്‍ ഉപകാരപ്പെടും.
സാമ്പത്തികമേഖലയ്ക്ക് പുത്തനുണര്‍വു നല്‍കുകയെന്നത് ബൈഡന്റെ മുന്‍പിലുള്ള മറ്റൊരു വെല്ലുവിളിയാണ്. 1.90 ലക്ഷം കോടി യുഎസ് ഡോളറിന്റെ ഉത്തേജകപാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതില്‍ ഒരു ലക്ഷം കോടി ജനങ്ങള്‍ക്കു നേരിട്ടു നല്കുകയും ബാക്കുള്ള തുക തകര്‍ന്നുകിടക്കുന്ന വ്യവസാമേഖലയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാകും വിനിയോഗിക്കുക.
യു.എസ്.- മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള മതില്‍നിര്‍മാണത്തിന്റെ ഫണ്ടു മരവിപ്പിച്ചതും, ഏഴു മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ വിലക്കു നീക്കിയതും, പരിസ്ഥിതിക്ക് ആഘാതമാകുമെന്നു വിലയിരുത്തിയ കാനഡയില്‍ നിന്നുള്ള 'കീസ്റ്റോണ്‍ തഘ പൈപ്പുലൈന്‍ പദ്ധതി' വേണ്ടെന്നു വച്ചതും ബൈഡന്റെ ആദ്യദിവസത്തെ ഉത്തരവുകളില്‍പ്പെടും. മതിയായ രേഖകളില്ലാതെ യു.എസില്‍ കഴിയുന്ന അനധികൃതകുടിയേറ്റക്കാര്‍ക്കു പൗരത്വം നല്കുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്.
തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ 49-ാമത്തെ വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റാകുന്ന ആദ്യവനിതയും ആദ്യ ഏഷ്യന്‍ അമേരിക്കക്കാരിയുമാണ്. 2017 മുതല്‍ സെനറ്ററായി സേവനം ചെയ്യുന്ന കമല, ആറുവര്‍ഷകാലാവധി പൂര്‍ത്തിയാക്കും മുമ്പാണ് വൈസ് പ്രസിഡന്റാകുന്നത്. എക്‌സിക്യൂട്ടീവ്, ലെജിസ്‌ളേറ്റീവ് എന്നീ രണ്ടു സ്ഥാനങ്ങളിലും ഇടപെടാവുന്ന അധികാരപദവിയാണ് യു.എസ്. വൈസ് പ്രസിഡന്റിന്റേതെന്ന് കമല ചൂണ്ടിക്കാട്ടി. സെനറ്റ് അദ്ധ്യക്ഷകൂടിയായ വൈസ് പ്രസിഡന്റിന് ടൈബ്രേക്കിംഗ് വോട്ടിനുള്ള സവിശേഷ അധികാരവുമുണ്ട്.
യു.എസ്. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലയെ ക്ഷണിക്കാന്‍ പല കാരണങ്ങളുണ്ട്. ക്ലേശകരമായ ഭരണനിര്‍വഹണത്തിനിടയിലെ പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തുള്ള ഒരു വൈസ് പ്രസിഡന്റ് കൂടെയുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികമായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ വിവാദങ്ങളെ നേരിട്ടപ്പോഴും പ്രണയം ഉള്‍പ്പെടെയുള്ള വ്യക്തിജീവിതത്തിലെ വഴിത്തിരിവുകള്‍ സംസാരവിഷയമായപ്പോഴും കമലയുടെ പുഞ്ചിരിക്ക് കല്‍വിളക്കിന്റെ കരുത്തും സൗന്ദര്യവും ഉണ്ടായിരുന്നു.
യു.എസിലെ 33 കോടി ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള ഇന്ത്യന്‍സമൂഹത്തിന് ജോ ബൈഡന്റെ ഭരണകൂടത്തില്‍ അഭിമാനാര്‍ഹമായ പ്രാതിനിധ്യമുണ്ട്. വിവിധ തസ്തികകളില്‍ നിയമിക്കപ്പെട്ട 20 ഇന്ത്യന്‍ വംശജരില്‍ 17 പേരും വൈറ്റ് ഹൗസിലെ പ്രധാന വകുപ്പുകളിലെ ഉന്നതപദവികളിലാണ് സേവനം ചെയ്യുന്നത്. ഇവരില്‍ 13 പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.
വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ ദിവ്യബലിയില്‍ പങ്കെടുത്തശേഷമാണ് ജോബൈഡനും പ്രഥമ വനിത ജില്‍ ജേക്കബ്‌സും, കമലാഹാരിസും ഭര്‍ത്താവ് ഡഗ്‌ളസ് എം. ഹോഫും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയതെന്നതു ശ്രദ്ധേയമായി.