•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അന്നവും അക്ഷരവും

ജൂണ്‍ 19 : ഒരു വായനദിനംകൂടി കടന്നുപോയി

ന്നവും അക്ഷരവും വിശുദ്ധമാണ്. രണ്ടും ജീവന്റെ അടിസ്ഥാനമാണ്. ഒന്ന് ശരീരത്തിനും മറ്റൊന്ന് മനസ്സിനും. അതുകൊണ്ട് വായിക്കുക എന്നത് വിശുദ്ധമായ ഒരു പ്രക്രിയായി കരുതപ്പെടുന്നു. എന്നാല്‍, വായനയാണോ കേള്‍വിയാണോ കാഴ്ചയാണോ ആദ്യം രൂപപ്പെട്ടത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസമാണ്. അയ്യായിരം വര്‍ഷം മുമ്പുള്ള ഗ്രീക്കുകാരുടെ ഹോളോഗ്രിഫിക്‌സ് ഒരുതരം എഴുത്തായിരുന്നു--ചിത്രാക്ഷരങ്ങള്‍. ഫിനിഷ്യക്കാരുടെ അക്ഷരമാലയും ഇന്ത്യയിലെ ബ്രാഹ്മിലിപിയുമൊക്കെ വലിയ കഥകളാണ് നമ്മോടു പറയുന്നത്. പ്രത്യേകമായ പരിശീലനം ഉള്ളവര്‍ക്കുമാത്രമേ വായന സാധ്യമാവുകയുള്ളൂ. അല്ലാത്തവര്‍ വായിച്ചുകേള്‍ക്കുകയാണ്. വേദങ്ങളും ഉപനിഷത്തുക്കളുമൊക്കെ വായിച്ചുകേള്‍ക്കുകയാണ്. അതുകൊണ്ടാണ് അവയൊക്കെ ശ്രുതി എന്ന് അറിയപ്പെടുന്നത്. ബൈബിളും ഖുറാനുമൊക്കെ അങ്ങനെതന്നെയായിരുന്നു. ഉന്നതവര്‍ഗ്ഗത്തിനു മാത്രമേ അക്കാലത്ത് അക്ഷരം പഠിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
അച്ചടി കണ്ടുപിടിച്ചതിനുശേഷം പുസ്തകങ്ങള്‍ വന്നു. എന്നിട്ടും എത്രയോ കാലങ്ങള്‍ക്കുശേഷമാണ് ആളുകള്‍ക്കു പുസ്തകം ലഭ്യമാകുന്നത്. പുസ്തകങ്ങളും ദിനപത്രങ്ങളുമൊക്കെ സാമാന്യജനങ്ങള്‍ക്കു ലഭ്യമായത് ആധുനികകാലത്താണ്. വായന ചരിത്രത്തിന്റെ ഭാഗമൊന്നുമല്ല, തികച്ചും പുതിയ കാര്യമാണ്.
ലിപികളും അക്ഷരങ്ങളും പുസ്തകങ്ങളുമൊക്ക കണ്ടുപിടിക്കുന്നതിനുംമുമ്പ് മനുഷ്യര്‍ വായിച്ചിരുന്നു. വായിച്ചിരുന്നത് പ്രകൃതിയെ ആയിരുന്നു എന്നുമാത്രം. എന്നുപറഞ്ഞാല്‍ പ്രകൃതിയുടെ അടയാളങ്ങളെ തിരിച്ചറിയുക, അതിനെ വ്യാഖ്യാനിക്കുക എന്നതൊക്കെയാണ്. ടിവിയും കമ്പ്യൂട്ടറും മൊബൈല്‍ഫോണുമൊക്കെ വന്നുകഴിഞ്ഞപ്പോള്‍ വായനയുടെ പ്രാധാന്യം കുറഞ്ഞുപോയിരിക്കുന്നു. പുസ്തകം വായിക്കുന്നതിന് കുറച്ച് ആയാസം ആവശ്യമാണ്. ടിവി കാണുമ്പോള്‍ അത്രയും ആയാസമില്ല. കാണുന്നതും കേള്‍ക്കുന്നതും വായനയോളം ആയാസമല്ല.
വായന മരിക്കുന്നു എന്ന് ആവലാതിപ്പെടുമ്പോഴും കേരളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ ഉടമ പറഞ്ഞ്, അച്ചടി നടക്കുന്നില്ലെങ്കിലും പുസ്തകങ്ങള്‍ ധാരാളം വിറ്റുപോകുന്നുണ്ട് എന്നാണ്. പത്രങ്ങള്‍ക്കും പ്രചാരം കുറയുന്നില്ല. ഇതില്‍നിന്നൊക്കെ വായന മരിച്ചിട്ടില്ലെന്നു മനസ്സിലാക്കാം. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് വായനയെക്കാള്‍ പ്രധാനം കാഴ്ചയും കേള്‍വിയുമാണ്. കാഴ്ചയും വായനയും തമ്മിലുള്ള വ്യത്യാസം, കാഴ്ച പെട്ടെന്നു കടന്നുപോകുന്നതാണ്. അതേസമയം, വായിക്കുന്ന കാര്യങ്ങള്‍ നാം മനനം ചെയ്യുന്നു. മനനം ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ ചിന്തയില്‍ തങ്ങിനില്‍ക്കുന്നു.
ഇനിയുള്ള കാലത്ത് കാഴ്ചയും കേള്‍വിയും വായനയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുപോകണം. ഇപ്പോള്‍ത്തന്നെ പല പ്രസിദ്ധീകരണങ്ങളും വാര്‍ത്തയോടൊപ്പം ക്യുആര്‍ കോഡും നല്കുന്നുണ്ട്. അത് സ്‌കാന്‍ ചെയ്താല്‍ കവിയുടെ ശബ്ദത്തില്‍ത്തന്നെ കവിത കേള്‍ക്കാം എന്ന രീതി വന്നു. ഇത് ഒരു വലിയ മാറ്റമാണ്.
വായന പൂര്‍ണ്ണമായും മരിക്കില്ല എന്നാണ് എന്റെ അഭിപ്രായം. എങ്കിലും വായനയുടെ പ്രാധാന്യം കുറയാനാണ് സാധ്യത. കോവിഡ്-19 ന്റെ ഇക്കാലത്ത് നാം കുറേ കാര്യങ്ങളിലെങ്കിലും പുറകോട്ടു പോയിട്ടുണ്ട്. വാഹനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയിലെല്ലാം നാം തിരക്കു കുറച്ചെങ്കില്‍ മാത്രമേ നമ്മുടെ ജീവനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതുപോലെ, തിരക്കു കുറച്ചെങ്കില്‍ മാത്രമേ വായനയെയും നമുക്ക് തിരികെക്കൊണ്ടുവരാനാവൂ. വായിക്കാനും വായിച്ചതു മനനം ചെയ്യാനും സാധിക്കണമെങ്കില്‍ നല്ല ഒരു അന്തരീക്ഷം വേണം.
വായിച്ച വസ്തുതയെക്കുറിച്ച് നാം മനനം ചെയ്യാറുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. പ്രകൃതിയെ വായിക്കുന്നതിനും മനനത്തിനു വളരെയധികം പങ്കുണ്ട്. കാരണം, പ്രകൃതിക്ക് ഒരുതരം നിശ്ചലാവസ്ഥയുണ്ട്. പ്രകൃതിയുടെ ചലനംപോലും ഒരു നിശ്ചലാവസ്ഥയെ ഉണ്ടാക്കുന്നതാണ്. പ്രകൃതിയെ വായിക്കുന്നവരില്‍ പ്രമുഖര്‍ കവികളാണ്. പ്രകൃതിയെ വായിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെയും നാം പഠിപ്പിക്കണം. പുസ്തകമായാലും പ്രകൃതിയായാലും അതിനെ വായിച്ചിട്ട് മനനം ചെയ്യാന്‍ കുട്ടികളെ നാം ശീലിപ്പിക്കണം. ആധുനിക വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന പ്രശ്‌നം അതാണ്. കുട്ടികളെ പാഠങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ നിര്‍ബന്ധിക്കും. ചുറ്റുപാടുകളെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരിക്കുകയില്ല. പുസ്തകങ്ങളും കമ്പ്യൂട്ടറും മൊബൈല്‍ഫോണും മാത്രം കണ്ടു വളരുന്ന കുട്ടികള്‍ക്ക് പ്രകൃതിയും അതിന്റെ വായനയും അന്യമാവുന്നു.
കവിതകള്‍ കാണാതെ പഠിക്കണം. നിരന്തരം വായിച്ചെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂ. കാണാതെ പഠിക്കുകയെന്നത് ചിത്തസംസ്‌കാരത്തിന്റെ ഭാഗമാണ്. പുസ്തകങ്ങള്‍ വായിക്കുക, കവിതകള്‍ മനഃപാഠമാക്കുക, സൂക്തങ്ങളും മഹദ്വചനങ്ങളും ഓര്‍മ്മയില്‍ സൂക്ഷിക്കുക ഇതൊക്കെ നല്ല കാര്യങ്ങളാണ്.
വായനയ്ക്കു പല മാനങ്ങളുണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കുക. അത് നല്ലതുപോലെ വായിക്കുക. പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. സാമൂഹികമാധ്യമങ്ങള്‍പോലെതന്നെ ഇവിടെയും നല്ലതും ചീത്തയുമുണ്ട്. തിരഞ്ഞെടുപ്പ് കൃത്യമായിരിക്കണം. മുതിര്‍ന്നവര്‍ കുട്ടികളെ അതിനു സഹായിക്കുകയും വേണം.
ചുരുക്കത്തില്‍, പുസ്തകം വായിക്കുന്നത്, പ്രകൃതിയെ വായിക്കുന്നത്, മനനം ചെയ്യുന്നത് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വായന. അറിവിന്റെ അടിസ്ഥാനം പുസ്തകമാണ്. അതുകൊണ്ടാണ് അക്ഷരത്തിനു ദിവ്യത്വം കല്പിക്കുന്നത്. അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത്-നാശമില്ലാത്തത് എന്നാണ്. ഓരോ അക്ഷരവും ഉച്ചരിക്കുന്നതിനും എഴുതുന്നതിനും ഒരു രീതിയുണ്ട്. അത് അങ്ങനെതന്നെ ശീലിക്കുക. വ്യക്തമായി എഴുതുന്നതും, വ്യക്തമായി ഉച്ചരിക്കുന്നതും വായനയുടെ ഭാഗമായി വരുന്നതുതന്നെയാണ്. നന്നായി അക്ഷരം ഉച്ചരിക്കുന്ന ഒരാള്‍ തന്റെ ജീവിതത്തെയും സ്ഫുടമായി ഉച്ചരിക്കുമെന്നാണ് സങ്കല്പം.
അതുകൊണ്ടാണ്, തുടക്കത്തില്‍ അന്നവും അക്ഷരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞത്. രണ്ടും വിശുദ്ധമാണ്, രണ്ടും നമ്മുടെ ജീവനെ പരിപോഷിപ്പിക്കുന്നതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)