2019 ഏപ്രില്‍ മാസം 15-ാം തീയതി പാരീസിലെ നോത്ര്-ദാം (ഛൗൃ ഹമറ്യ)കത്തീഡ്രല്‍ കത്തിയമരുന്നതു നേരില്‍ക്കണ്ട പാരിസ് നിവാസികളും സോഷ്യല്‍മീഡിയായിലൂടെ ദര്‍ശിച്ച ഫ്രഞ്ചുകാരും ഫ്രാന്‍സിനെ അറിയുന്ന ലോകമെമ്പാടുമുള്ള ആളുകളും ചങ്കുപൊട്ടി നിലവിളിച്ചുപോയി. നോത്ര്-ദാം ഒരു വികാരമാണ്. 1970 ല്‍ വന്ദ്യവയോധികനായ ഒരു ഫ്രഞ്ചുവൈദികന്‍ എന്നോടു പറഞ്ഞ കാര്യം ഞാനോര്‍ക്കുന്നു, പാരീസില്‍നിന്ന് ഏറെ ദൂരമുള്ള ബ്രത്താഞ്ഞ് പ്രവിശ്യക്കാരനായ അദ്ദേഹം വൈദികനായ ശേഷമാണ് ആദ്യമായി പാരിസിനു വരുന്നത്. ''നോത്ര്-ദാം ദൂരെനിന്നു കണ്ടപ്പോള്‍ത്തന്നെ എന്റെ കണ്ണുകള്‍ നിറഞ്ഞു.'' നോത്ര്-ദാമിന്റെ മുഖവാരത്തിലെ ഇരട്ട ഗോപുരങ്ങളുടെ രൂപഭംഗിയും പൊരുത്തവും ദര്‍ശിച്ചപ്പോഴുണ്ടായ ആനന്ദാശ്രുക്കളായിരുന്നു ആ കണ്ണുനീര്‍ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
2019 ലെ അഗ്നിബാധയില്‍ കത്തീഡ്രലിന്റെ ഭാഗമായ 315 അടി ഉയരമുള്ള കൂര്‍ത്ത സ്തൂപിക (spire) കത്തിവീണപ്പോള്‍ ആ ഭാഗത്തെ മേല്‍ക്കൂടിന്റെ ഉത്തരങ്ങള്‍ക്കും കഴുക്കോലുകള്‍ക്കുമെല്ലാം തീ പിടിച്ചു. അമ്പത് അഗ്നിശമനയന്ത്രങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 500 സേനാംഗങ്ങള്‍ പതിനഞ്ചു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. വടക്കുവശത്തെ മണിമാളികയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. മുഖവാരത്തിലെ ഗോപുരങ്ങള്‍ക്കും അതിനോടു ചേര്‍ന്നുള്ള മേല്ക്കൂടിനും നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. കര്‍ത്താവിന്റെ മുള്‍മുടി ഉള്‍പ്പെടെയുള്ള തിരുശ്ശേഷിപ്പുകളും റോസ് ജനാലകളും മൂന്ന് ഓര്‍ഗനുകളും പ്രധാനപ്പെട്ട കലാരൂപങ്ങളും അഗ്നിക്ക് ഇരയായില്ല.
പാരിസിലെ അഗ്നിശമനസേനയുടെ ചാപ്ലെയിനായ ഫാദര്‍ ഷാന്‍ മാര്‍ക്ക് ഫുര്‍ണിയേയുടെ നേതൃത്വത്തിലുള്ള പത്തു സേനാംഗങ്ങളാണ് തിരുശ്ശേഷിപ്പുകള്‍ സാഹസികമായി പുറത്തെത്തിച്ചത്. അദ്ദേഹംതന്നെ സക്രാരി തുറന്ന് വിശുദ്ധകുര്‍ബാന അടങ്ങുന്ന സിബോറിയം എടുത്ത് സുരക്ഷിതമായി പുറത്തെത്തിച്ചു. ചില പുനരുദ്ധാരണജോലികള്‍ക്കായി താത്കാലികമായി ഇട്ട വൈദ്യുതിവയറുകളില്‍ നിന്നോ പണിക്കാര്‍ വലിച്ചിട്ട് ഇട്ട സിഗരറ്റുകുറ്റിയില്‍നിന്നോ ആകാം തീ പടര്‍ന്നതെന്നു കരുതപ്പെടുന്നു. മറ്റു പല അഭ്യൂഹങ്ങളും ഉയര്‍ന്നു വരികയുണ്ടായി.
നോത്ര്-ദാം കത്തീഡ്രലിന്റെ ചരിത്രം
ഫ്രാന്‍സിന്റെ വടക്കുകിഴക്കുഭാഗത്ത് ഉദ്ഭവിച്ച് പാരിസിലൂടെ കടന്ന് ഹാവ്ര് (Le Havre) നഗരത്തില്‍ എത്തി ബ്രിട്ടീഷ് ചാനലില്‍ പതിക്കുന്ന സേന്‍ (La Seine) നദിക്ക് 777 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പാരിസില്‍, ഈ നദിയുടെ നടുവില്‍ ലസിത്തേ(La Cite) എന്ന ദ്വീപിലാണ് ഈ ഗോഥിക് ദൈവാലയം സ്ഥിതിചെയ്യുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച പാരിസ് രൂപതയുടെ കത്തീഡ്രലാണ് നോത്ര്-ദാം. ബിഷപ് മോറീസ് ദ് സ്യൂലി(Maurice de Sully) 1163 ല്‍ ഇപ്പോഴുള്ള കത്തീഡ്രലിനു തറക്കല്ലിട്ടു.
182 വര്‍ഷങ്ങള്‍ക്കുശേഷം 1345 ലാണ് പണികള്‍ പൂര്‍ത്തിയായത്. 420 അടി നീളവും 157 അടി വീതിയും ഉള്‍വശത്ത് 115 അടി ഉയരവുമുണ്ട്. ഇരട്ട ഗോപുരങ്ങളുടെ ഉയരം 226 അടിയാണ്. ഇവയ്ക്കു പിന്നിലുള്ള 315 അടി ഉയരമുള്ള സ്തൂപിക 1859 ല്‍ പുനര്‍നിര്‍മിച്ചതാണ്. ഓക്കുമരങ്ങളുടെ തടിയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്.
മണികള്‍
പത്തു പള്ളിമണികളാണ് നോത്ര്-ദാമിന്റെ രണ്ടു മണിമാളികകളിലായിയുള്ളത്. അതില്‍ ഏറ്റവും വലുതിന് ഇമ്മാനുവല്‍ എന്നാണു പേര്. അതിന് 13,000 കിലോ ഭാരമുണ്ട്.
ചരിത്രസംഭവങ്ങള്‍
ഫ്രഞ്ചുരാജാക്കന്മാര്‍ ഈ കത്തീഡ്രലില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ലൂയി പതിമ്മൂന്നാമന്‍ രാജാവ് പ്രധാന അള്‍ത്താര പുതുതായി നിര്‍മിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതു പൂര്‍ത്തിയാക്കിയത് ലൂയി പതിന്നാലാമനാണ്. അള്‍ത്താരയ്ക്ക് ഇരുവശങ്ങളിലുമായി ഇവര്‍ മുട്ടുകുത്തി നില്ക്കുന്ന പ്രതിമകള്‍ കത്തീഡ്രലിലുണ്ട്.
ഫ്രഞ്ചുവിപ്ലവകാലത്ത് (1789-1799) നോത്ര്-ദാം കത്തീഡ്രല്‍ പിടിച്ചെടുക്കുകയും തിരുസ്വരൂപങ്ങള്‍ തകര്‍ത്ത് ഒരു സ്ത്രീയെ 'ബുദ്ധിദേവത'യായി പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീടത് ഒരു ഗോഡൗണായി ഉപയോഗിക്കുകയും ചെയ്തു. 1801 ല്‍ കത്തോലിക്കാസഭയുമായി ഒപ്പിട്ട ഉടമ്പടിപ്രകാരം നെപ്പോളിയന്‍ നോത്ര്-ദാം കത്തീഡ്രല്‍ പാരീസ് അതിരൂപതയ്ക്കു തിരികെയേല്പിച്ചു. അവിടെവച്ച് 1804 ല്‍ നെപ്പോളിയന്‍ തന്റെ കിരീടധാരണം നടത്തി. പീയൂസ് ഏഴാമന്‍ മാര്‍പാപ്പായെ കൊണ്ടുവന്നെങ്കിലും മാര്‍പാപ്പാ എടുത്തുകൊടുത്ത കിരീടം നെപ്പോളിയന്‍ സ്വയം അണിയുകയും ഭാര്യ ജോസഫൈനെ ചക്രവര്‍ത്തിനിയായി കിരീടം ധരിപ്പിക്കുകയും ചെയ്തു. സിവില്‍ വിവാഹം മാത്രമേ അവര്‍ നടത്തിയിരുന്നുള്ളൂ എന്നറിഞ്ഞ മാര്‍പാപ്പാ തലേദിവസം രഹസ്യമായി അവരുടെ കൂദാശാപരമായ വിവാഹം നടത്തിച്ചിരുന്നു.
1831 ല്‍ വിക്ടര്‍ യൂഗോ രചിച്ച 'നോത്ര്-ദാമിലെ കൂനന്‍' എന്ന നോവലിലെ കത്തീഡ്രലിന്റെ ഗോഥിക്ക് ശില്പകലയുടെ വര്‍ണനകള്‍ അവ സംരക്ഷിക്കപ്പെടണമെന്ന ബോധ്യം വായനക്കാര്‍ക്കു നല്‍കി.
ഫാ. ഹെന്‍ട്രി ലക്കോര്‍ദേര്‍ 1835 ല്‍ വലിയനോമ്പുകാലത്ത് ആരംഭിച്ച പ്രഭാഷണപരമ്പര ഏറെ പ്രശസ്തമാണ്. ശരാശരി 6000 പേര്‍ ലകോര്‍ദേറിനെ ശ്രവിക്കാന്‍ കത്തീഡ്രലില്‍ എത്തിയിരുന്നു. ഇപ്പോഴും തുടരുന്ന ഒരു പാരമ്പര്യമാണ് ഈ പ്രഭാഷണണങ്ങള്‍.
1871 ല്‍ കൊമ്മ്യൂണ്‍ ഓഫ് പാരിസ് എന്നറിയപ്പെടുന്ന രണ്ടുമാസം നീണ്ടുനിന്ന തൊഴിലാളി വിപ്ലവത്തില്‍ കത്തീഡ്രല്‍ തീയിട്ടു നശിപ്പിക്കാന്‍ അവര്‍ ആലോചിച്ചെങ്കിലും, അടുത്തുള്ള ആശുപത്രിയിലേക്കും മറ്റും തീ പടരുമെന്നതുകൊണ്ട് തീവയ്പ് വേണ്ടെന്നുവച്ചു!
1886 ല്‍ ക്രിസ്മസിനു തലേദിവസം ഈ കത്തീഡ്രലില്‍ പരിശുദ്ധ കന്യകയുടെ രൂപത്തിനുമുമ്പില്‍ മുട്ടുകുത്തിനിന്ന് സന്ധ്യാപ്രാര്‍ഥനയില്‍ പങ്കെടുത്ത പോള്‍ ക്ലൊദേല്‍ എന്ന പതിനെട്ടുകാരനു വലിയ മാനസാന്തരമുണ്ടായി. പിന്നീട് പ്രശസ്ത കവിയും എഴുത്തുകാരനും ജപ്പാനിലെ അമ്പാസിഡറുമൊക്കെ ആയിത്തീര്‍ന്ന അദ്ദേഹം മുട്ടുകുത്തിനിന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ഫ്രാന്‍സ് കീഴടക്കി. യുദ്ധം തോല്ക്കുന്നു എന്നു കണ്ടപ്പോള്‍ പാരിസിലെ എല്ലാ പ്രശസ്ത സൗധങ്ങളും സ്‌ഫോടകവസ്തുക്കള്‍വച്ചു നശിപ്പിക്കാന്‍ കല്പിച്ചെങ്കിലും ദീത്രിച്ച് ഫോണ്‍ ഷോള്‍റ്റിറ്റ്‌സ് എന്ന പട്ടാളമേധാവി ആ കല്പന നടപ്പാക്കിയില്ല.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഫ്രഞ്ചുപട്ടാളവും വിമോചനസേനയും ഡിഗോളിന്റെ നേതൃത്വത്തില്‍ പാരിസിലെത്തിയ ഉടനെ നോത്ര്-ദാം കത്തീഡ്രലില്‍ പ്രവേശിച്ച് സ്‌തോത്രഗീതം ആലപിച്ചു. അന്ന് പാരിസിലെ ആര്‍ച്ചുബിഷപ്പായിരുന്ന കാര്‍ഡിനല്‍ സ്യുഹാര്‍നെ അതില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല എന്ന സങ്കടകരമായ സംഭവവും അന്നുണ്ടായി.
പല ഫ്രഞ്ചുപ്രസിഡന്റുമാരുടെയും ഉന്നതവ്യക്തികളുടെയും മൃതസംസ്‌കാരശുശ്രൂഷകള്‍ക്കും അനുസ്മരണപ്രാര്‍ഥനകള്‍ക്കും നോത്ര്-ദാം വേദിയായിട്ടുണ്ട്.
പുനരുദ്ധാരണം
2019 ഏപ്രില്‍ 15 ന്റെ അഗ്നിബാധ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തിയ ഫ്രഞ്ചു പ്രസിഡന്റ് അഞ്ചുവര്‍ഷത്തിനുള്ളില്‍ നോത്ര്-ദാം പുനര്‍നിര്‍മിക്കുമെന്നു പ്രസ്താവിച്ചു. ഇന്നതു നിറവേറിയിരിക്കുന്നു. ഇതിനായി ഗവണ്‍മെന്റ് ആരംഭിച്ച നിധിയിലേക്ക് ആദ്യദിവസങ്ങളില്‍ത്തന്നെ വലിയ വാഗ്ദാനങ്ങളെത്തി. ഒരു യൂറോ മുതല്‍ 20 കോടി വരെയുള്ള തുകകള്‍ സംഭാവനയായി വന്നുചേര്‍ന്നു. ഫ്രാന്‍സിലും വിദേശത്തുംനിന്നായി മൂന്നുലക്ഷത്തിനാല്പതിനായിരം പേരില്‍നിന്ന് 84 കോടി മുപ്പതുലക്ഷം യൂറോ ലഭിച്ചതില്‍ ഇതുവരെ 70 കോടി യൂറോ ചെലവായി. ബാക്കിയുള്ള പതിന്നാലുകോടി മുപ്പതുലക്ഷം രൂപ ഇനിയുമുള്ള പണികള്‍ക്കായി വിനിയോഗിക്കും.
ഡിസംബര്‍ ഏഴാം തീയതി പൂമുഖത്തുവച്ചു നടത്താനിരുന്ന ചടങ്ങുകള്‍ കാറ്റുംമഴയുംമൂലം കത്തീഡ്രലിനകത്താണു നടത്തിയത്. പ്രസിഡന്റ് മക്രോണ്‍ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. അപ്പസ്‌തോലിക് നുണ്‍ഷ്യോ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ സന്ദേശം വായിച്ചു. തുടര്‍ന്ന്, പാരിസിന്റെ ആര്‍ച്ചുബിഷപ് ലൊറാന്‍ യുള്‍റിഷ് പ്രധാനകവാടത്തില്‍ ഓശാന ഞായറിലെന്നപോലെ മുട്ടുകയും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ദൈവാലയത്തില്‍ പ്രവേശിച്ച് സ്‌തോത്രഗീതം((TE DEUM) ആലപിക്കുകയും ചെയ്തു. ഡിസംബര്‍ എട്ടിന് ഞായറാഴ്ച പുതിയ അള്‍ത്താര കൂദാശ ചെയ്ത് ആദ്യ വി. കുര്‍ബാന അര്‍പ്പിച്ചതും ആര്‍ച്ചുബിഷപ് യുള്‍റിഷ് ആണ്. അദ്ദേഹവും അദ്ദേഹത്തിന്റെ മുന്‍ഗാമി മിഷേല്‍ ഓപെത്തിയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നോത്ര്-ദാം ഒരു ആരാധനാലയമാണെന്ന കാര്യത്തിനു മുന്‍തൂക്കം നല്കിയിരുന്നു. 'നോത്ര്-ദാം ഒരു സാംസ്‌കാരികസ്മാരകവും അതേസമയം ഒരു ആരാധനാകേന്ദ്രവുമാണെന്ന്' കത്തീഡ്രലിന്റെ ആര്‍ച്ചുപ്രീസ്റ്റ് കഴിഞ്ഞദിവസം പ്രസ്താവിക്കുകയുണ്ടായി.