ചരിത്രത്തില്‍ കുറെയധികം മനുഷ്യരുണ്ട്, ക്രിസ്തു സത്യമായും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അടിയുറച്ചു വിശ്വസിച്ചവരായി. പകല്‍വെളിച്ചത്തിലെ കാഴ്ചപോലെ ഒരു സന്ദേഹവും അവര്‍ക്ക് അതിനെപ്പറ്റി ഉണ്ടായില്ല. ജീവന്‍ അപായപ്പെടുത്തിപ്പോലും അവര്‍ അത് ഏറ്റുപറഞ്ഞു. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അധികം വിദ്യാഭ്യാസമില്ലാത്ത മീന്‍പിടിത്തക്കാരും ധീരയോദ്ധാക്കളും അതീവപാണ്ഡിത്യമുള്ള ശാസ്ത്രജ്ഞന്മാരും അതില്‍പ്പെടുന്നു. കഴിഞ്ഞ രണ്ടായിരം വര്‍ഷത്തില്‍ വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ചവരും വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ കഴിഞ്ഞവരും ക്രിസ്തുവിനെ ആദ്യം എതിര്‍ത്തവരും വെറുത്തവരും അതിലുണ്ട്. ഏതോ ഒരു ദിവ്യാനുഭവം തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചപ്പോള്‍ മടികൂടാതെ അവര്‍ ഏറ്റുപറഞ്ഞു:'''അവര്‍ ക്രൂശിച്ച ക്രിസ്തു, ഉത്ഥാനം ചെയ്തിരിക്കുന്നു. അവനെ ഞാന്‍ കണ്ടു! എന്റെ കൈകള്‍കൊണ്ട് അവനെ തൊട്ടു! അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു!''
യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന അനുഭവം ചരിത്രത്തില്‍ ഏറ്റവും ആദ്യമുണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത് ഒരു സ്ത്രീക്കാണ്. അതു സംഭവിച്ചതാകട്ടെ, വളരെ ആകസ്മികമായി, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്. കാല്‍വരിമലമുകളില്‍ യേശു പിടഞ്ഞുമരിക്കുന്ന ദുരന്തരംഗം, കടുത്ത വേദനയോടെ വീക്ഷിച്ച ചുരുക്കം ചിലരില്‍ ഒരാള്‍, യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പംനിന്ന മഗ്ദലനായിലെ മറിയമായിരുന്നു. അത്രയും വലിയൊരു നൊമ്പരവും റിസ്‌കും ഏറ്റെടുക്കാന്‍ പ്രത്യേകമായ ഒരു കാരണമുണ്ടായിരുന്നു. അവളുടെ ജീവിതത്തില്‍ സ്‌നേഹലാളനവും റൊമാന്‍സും പല പുരുഷന്മാരും നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയും ആത്മസ്‌നേഹവും ആശ്വാസവും നല്‍കിയ മറ്റൊരുവനുണ്ടായിരുന്നില്ല. ഈ ബന്ധം അവളെ വല്ലാതെ പിടിച്ചുകുലുക്കി, ഏറെ സ്വാധീനിച്ചു. കുരിശില്‍ അവന്‍ മരിച്ചപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ നിധി അവള്‍ക്കു നഷ്ടപ്പെടുകയായിരുന്നു. ആകെയുണ്ടായിരുന്ന അഭയം അവള്‍ക്കില്ലാതായി.
കുരിശില്‍നിന്ന് ശരീരം ഇറക്കി സംസ്‌കരിച്ചതിനുശേഷമുള്ള സാബത്ത് ഒന്നു തീരാന്‍ അവള്‍ കാത്തിരുന്നു. ഒരാള്‍ മരിച്ചശേഷം ആത്മാവ് ശരീരത്തെ വിട്ടുപോവുക മൂന്നു ദിവസത്തിനുശേഷമാണെന്ന ഒരു വിശ്വാസപാരമ്പര്യം യഹൂദരുടെ ഇടയിലുണ്ടായിരുന്നു. അതുകൊണ്ടാണ്, പുലരിയാകാന്‍ കാത്തിരിക്കാതെ'ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ അവള്‍ യേശുവിനെ സംസ്‌കരിച്ച തോട്ടത്തിലേക്ക്, കല്ലറയിലേക്ക് ഓടിവന്നത്. അവളുടെ ആകെയുള്ള ആഗ്രഹം അല്പനേരം കരഞ്ഞുതീര്‍ക്കുക, ആ അന്തരീക്ഷത്തില്‍ അല്പം ആശ്വാസം ഉള്ളിലുണ്ടാക്കിയെടുക്കുക എന്നതായിരുന്നു.
പക്ഷേ, അവള്‍ അവിടെ ഓടിയെത്തിയപ്പോള്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയാണു കണ്ടത്. കല്ലറ തുറന്നുകിടക്കുന്നു! കവാടത്തിലെ വലിയ പാറക്കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നു! സ്‌നേഹംമാത്രം ഉള്ളില്‍ സൂക്ഷിച്ചെത്തിയ ആ സ്ത്രീ ആകെ പരിഭ്രമിച്ചുപോയി. പുലരിവെട്ടം വീഴുന്നതിനു മുമ്പുതന്നെ അവള്‍ തിരികെ ഓടിപ്പോയി ശിഷ്യന്മാരോടു പറഞ്ഞു: ''നമ്മുടെ കര്‍ത്താവിനെ ആരോ മോഷ്ടിച്ചിരിക്കുന്നു!'' (യോഹ 20:2).
ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത കേട്ട ശിഷ്യന്മാരിരുവരും, പത്രോസും യോഹന്നാനും, കല്ലറയിങ്കലേക്ക് ഓടി. അവരോടൊപ്പം അവളും. കല്ലറയില്‍ കുനിഞ്ഞുനോക്കിയപ്പോള്‍ ശരീരം പൊതിഞ്ഞ കച്ച മാറിക്കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. മരണത്തിനുശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ക്രിസ്തു പറഞ്ഞിരുന്നതൊന്നും അതുവരെ അവര്‍ മനസ്സിലാക്കിയിരുന്നില്ല. അവര്‍ ഇരുവരും തിരികെപ്പോയി.
എന്നാല്‍, അവിടെനിന്നു പിരിഞ്ഞുപോകാന്‍ അവള്‍ക്കു മനസ്സുവന്നില്ല. കാരണം, താന്‍ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു പുരുഷന്‍ ലോകത്തിലുണ്ടായിരുന്നില്ല എന്നതുതന്നെ. പാപിനിയെന്നു പരക്കെ അവളെപ്പറ്റി പറയപ്പെട്ടിരുന്നുവെങ്കിലും നഷ്ടപ്പെട്ട ഈ കുഞ്ഞാടിനെ തേടിക്കണ്ടെത്തി മാറോടണച്ച ഇടയനായിരുന്നു അവന്‍. അവള്‍ ആ തോട്ടത്തില്‍ വിട്ടുപോവാനാകാതെ തനിച്ചുനിന്നു, സ്‌നേഹത്തിന്റെ ഒരു നിര്‍മലശാഠ്യം ഉള്ളിലൊതുക്കിക്കൊണ്ട്.
അപ്പോഴാണ്, ആരോ പിന്നില്‍നിന്ന് അവളെ പേരുചൊല്ലി വിളിച്ചത്: ''മറിയം!'' കരഞ്ഞുകരഞ്ഞ് കണ്ണുനീര്‍ നിറഞ്ഞ ആ കണ്ണുകള്‍ക്ക് ആളെ ആദ്യം തിരിച്ചറിയാനായില്ല. എന്നാല്‍, തരളിതസ്‌നേഹം തുളുമ്പിനില്‍ക്കുന്ന ആ സുന്ദരശബ്ദം കാതിനും കരളിനും പണ്ടേ പിടിച്ചുപോയതും എന്നും തിരിച്ചറിയുന്നതുമായിരുന്നു. അതൊന്നു കേള്‍ക്കാന്‍ എത്രയോവട്ടം അവള്‍ വെമ്പല്‍പൂണ്ടിരുന്നു. അവളുടെ പ്രതിസ്പന്ദനം:'''റബോനി''- എന്റെ ഗുരോ! പിന്നീടുള്ള എല്ലാ പ്രഭാതത്തിനും മാറ്റുകൂട്ടിയ ഉദയക്കണിയായിരുന്നു ആ പുണ്യദര്‍ശനം.
ക്രിസ്തുവിന്റെ ആരവങ്ങളില്ലാത്ത ഉയിര്‍പ്പ് ആദ്യം അങ്ങനെ അനുഭവിച്ചത് ഈ സാധുസ്ത്രീ. പരിത്യക്തരെയും പതിതരെയും തേടിവന്ന ക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷമുള്ള ഉത്ഥാനം ആദ്യം അനുഭവിച്ചത്, പണ്ട് പാപിനിയായിരുന്ന ഒരു പാവം സ്ത്രീ. എന്നാല്‍, അവളുടെ ഈ അനുഭവത്തിന്റെ ശക്തമായ സാക്ഷ്യം അവള്‍ ഒരിക്കല്‍ തുറന്ന നാര്‍ദീന്‍ സുഗന്ധക്കുപ്പിയിലെ പരിമളംപോലെ ചരിത്രത്തില്‍ പടര്‍ന്നു. പിന്നെയും ഇതുപോലുള്ള എത്രയോ അനുഭവസാക്ഷ്യങ്ങള്‍!
യേശുവിനെ ഏറെ വെറുത്തിരുന്ന, ആ നാമം ഉന്മൂലനം ചെയ്യാന്‍ സര്‍വശക്തിയുമുപയോഗിച്ചു പടപൊരുതിയ ഒരു സൈനികോദ്യോഗസ്ഥനാണ് ചരിത്രത്തില്‍ പിന്നീട് ഏറ്റവും കൂടുതല്‍ കരുത്തോടെ ക്രിസ്തുവിനെ പ്രഘോഷിച്ചതും ഉത്ഥാനത്തിനു സാക്ഷ്യം വഹിച്ചതും. അതിനായി ഞെരുക്കങ്ങളും പീഡനങ്ങളും അവഹേളനങ്ങളും ഏറെ ഏറ്റുവാങ്ങി സാവൂള്‍ എന്ന പൗലോസ്.
സംശയത്തിന്റെ ചെറുനിഴല്‍പോലുമില്ലാതെ, എന്നാല്‍, തികഞ്ഞ ബോധ്യത്തോടെ പൗലോസ് പറഞ്ഞു: ''നിദ്ര പ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി. വെല്ലുവിളിയുടെ സ്വരത്തില്‍ തുടര്‍ന്ന് ഉദ്‌ഘോഷിച്ചു: ഞങ്ങള്‍തന്നെയും എന്തിന് സദാസമയവും അപകടങ്ങള്‍ അനുഭവിക്കണം? എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി, ഞാന്‍ പറയുന്നു. ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു'' (കൊറി. 15: 20, 21; 31). അനുദിനജീവിതത്തില്‍ എല്ലാ ദുരിതങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടുതന്നെ, അദ്ദേഹം വ്യക്തമാക്കി: ''ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും, നശിപ്പിക്കപ്പെടുന്നില്ല(കൊറി. 4: 89).
ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഫലമായി തന്റെ ഉള്ളിന്റെയുള്ളില്‍ അനുഭവിച്ച കൃപയുടെ കരുത്ത് എല്ലാ പ്രതിസന്ധികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കാന്‍ ശക്തിയായി എന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു: ''വലിയ സഹനത്തില്‍, പീഡകളില്‍, അത്യാഹിതങ്ങളില്‍, മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, വിശപ്പില്‍, ഞങ്ങള്‍ അഭിമാനിക്കുന്നു… സദാ സന്തോഷിക്കുന്നു. മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ ഞങ്ങള്‍ ജീവിക്കുന്നു. ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു''(കൊറി. 6: 4-10).
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിച്ചുകൊണ്ട് പൗലോസ് പുരാതനഗ്രീസിലെത്തി. യവനദൈവങ്ങളുടെയും തത്ത്വജ്ഞാനികളുടെയും നാടായ ഏതന്‍സില്‍, 'അജ്ഞാതദേവന്‍' എന്ന ലിഖിതം കണ്ടു. നിങ്ങള്‍ക്ക് അജ്ഞാതനായ ഈ ദേവനാണ് ഉത്ഥിതനായ ക്രിസ്തുവെന്ന് ഉറച്ചബോധ്യത്തോടെ ഉറക്കെ പ്രഖ്യാപിച്ചു. അതുപോലെ, അന്ത്യോക്യായിലും ജറുസലേമിലും കുരിശുമരണത്തിനുശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ പ്രഘോഷിച്ചു. അയാള്‍ പ്രകീര്‍ത്തിച്ച അതേ ക്രിസ്തുതന്നെ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''ധൈര്യമായിരിക്കുക. ജറുസലേമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യം നല്കിയതുപോലെതന്നെ, നീ റോമായിലും സാക്ഷ്യം നല്‌കേണ്ടിയിരിക്കുന്നു (നടപടി 23:11).
ഡമാസ്‌കസിലേക്കുള്ള യാത്രാമധ്യേ കുതിരപ്പുറത്തുനിന്നു വീഴുകയും ആ വീഴ്ചയില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും ചെയ്ത ആ അപ്പസ്‌തോലന്‍ ഉത്ഥിതനായ ക്രിസ്തുവുമായി ഏറെ അടുത്തു. ആ ജീവിതവുമായി താദാത്മ്യം പ്രാപിച്ചു. ഒരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ചു: ''ഇനി ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്'' (ഗലാ. 2:20).
ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്വാധീനം ഏറ്റവും ശക്തമായി അനുഭവിച്ച മറ്റൊരു വ്യക്തി ശിഷ്യപ്രമുഖനായ പത്രോസായിരുന്നു. മുമ്പേകൂട്ടി പറഞ്ഞിരുന്നെങ്കില്‍പ്പോലും മൂന്നു പ്രാവശ്യം തന്റെ ഗുരുവിനെ ഉപേക്ഷിച്ച ചരിത്രമൊക്കെ ഉണ്ടെങ്കില്‍പ്പോലും, യേശുവിന്റെ ഉയിര്‍പ്പ് ആ മനുഷ്യനെ ആകെ മാറ്റിക്കളഞ്ഞു. പിന്നീട് എന്തൊരു കരുത്താണ് ആ മനസ്സിന്! എന്തൊരു ശക്തിയാണ് ആ വാക്കുകള്‍ക്ക്! സംശയമെന്യേ പത്രോസ് പറഞ്ഞു: ''നിങ്ങള്‍ മരത്തില്‍ തറച്ചുകൊന്ന ക്രിസ്തുവിനെ ഇതാ ദൈവം പുനര്‍ജീവിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ അതിനു സാക്ഷികളാണ്'' (നടപടി 2: 22-31). ഒരു സന്ദേഹവുമില്ലാത്ത സാക്ഷ്യം.
വിശ്വാസത്തിന്റെ ഈ കരുത്തുറ്റ സാക്ഷ്യം അടയാളങ്ങളും അദ്ഭുതങ്ങളുംകൊണ്ടു സമ്പന്നമായി. ഭിക്ഷ യാചിച്ചെത്തിയ തളര്‍വാതരോഗിയോട്, 'സ്വര്‍ണമോ വെള്ളിയോ എന്റെ പക്കലില്ല. ക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക' എന്നു പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ സൗഖ്യംപ്രാപിച്ചു. പത്രോസിന്റെയും അനുചരന്മാരുടെയും ഈ പ്രഘോഷണവും പ്രവര്‍ത്തനവും കണ്ട് അസൂയ തോന്നിയ അധികാരവൃന്ദം അവരെ കാരാഗൃഹത്തിലടച്ചു. പാറാവുനിന്ന കാവല്‍ക്കാരെപ്പോലും അതിശയിപ്പിച്ച്, ജയില്‍വാതിലുകള്‍ തുറക്കപ്പെടുകയും അവര്‍ സ്വതന്ത്രരാക്കപ്പെടുകയും ചെയ്തു. അങ്ങനെ, ചരിത്രത്തില്‍ ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സജീവസാക്ഷിയായി പത്രോസ്.
ആദിമനൂറ്റാണ്ടില്‍ത്തന്നെ എത്രയോപേര്‍ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം ധീരതയോടെ സമൂഹമധ്യേ പ്രഖ്യാപിച്ചു; പ്രഥമ രക്തസാക്ഷിയായ സ്റ്റീഫന്‍, വിശ്വാസദീപവുമായി ഭാരതത്തിലെത്തി രക്തസാക്ഷിമകുടം ചൂടിയ തോമസ്, മറ്റ് അപ്പസ്‌തോലന്മാരും രക്തസാക്ഷികളും. പിന്നീടുള്ള നൂറ്റാണ്ടുകളിലും ഈ സജീവസാക്ഷ്യത്തിന്റെ വീരചരിത്രം തുടരുന്നു.
എന്നാല്‍, ഈ സാക്ഷ്യങ്ങള്‍ക്ക് ഒരു മറുവശമുണ്ട്. വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള ഒന്നാണ് യേശുവിന്റെ ഉത്ഥാനം എന്ന സംഭവം. പ്രത്യേകിച്ച്, വിമര്‍ശനാത്മകമായി ഈ യാഥാര്‍ഥ്യത്തെ നോക്കിക്കാണുന്ന ഒരു വ്യക്തിക്ക്. അസംഭവ്യമായ ഒരു അദ്ഭുതമായി ശിഷ്യന്മാര്‍ രൂപപ്പെടുത്തിയെടുത്ത ഒരു കെട്ടുകഥയായി, സംശയങ്ങളും സന്ദേഹങ്ങളും നിറഞ്ഞ ഒരു വിശ്വാസപ്രമാണത്തിന്റെ ബാക്കിപത്രമായി ഉയിര്‍പ്പിനെ കാണുന്ന അനേകം പേരും ചരിത്രംത്തിലുണ്ട്.
'ദൈവം മരിച്ചു. ദൈവം മരിച്ചുതന്നെയിരിക്കുന്നു'(God is dead. God remains dead) എന്നു പ്രഖ്യാപിച്ച ജര്‍മന്‍ ഫിലോസഫര്‍ ഫ്രെഡറിക് നീറ്റ്‌ഷെ ഒരു കാര്യംകൂടി ചേര്‍ത്തുപറഞ്ഞു: ''ക്രിസ്ത്യാനികളിലെ ജീവിതപരിവര്‍ത്തനം എനിക്കു കാണാനായാല്‍ ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കാം.''
(I shall believe in the resurrection of Christ, when I see the transformation in Christians).
ഇംഗ്ലീഷ് സാഹിത്യകാരനും ചിന്തകനുമായ ബര്‍ട്രാന്റ് റസ്സലും ക്രിസ്ത്യാനികളെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞതിതാണ്: ''ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ട ഒരു ജനതയായി നിങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍, വീണ്ടെടുപ്പിന്റെ ചൈതന്യം നിങ്ങളില്‍ കാണാനാവുന്നില്ല'' (You claim to be redeemed people, but you do not look redeemed!)”
പ്രസിദ്ധ കത്തോലിക്കാദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് എഴുതി: ''ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും'' (Proof and witness).
ഫ്രാന്‍സിലെ പത്തേമാരികളില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക് അത്താണിയായ വിശുദ്ധ വിന്‍സെന്റ് ഡി പോളിനെപ്പോലെ, മോളോക്കൊ ദ്വീപിലെ കുഷ്ഠരോഗികളെ പരിചരിച്ചു കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയനെപ്പോലെ, കല്‍ക്കത്താത്തെരുവിലെ അനാഥക്കുഞ്ഞുങ്ങളെ മാറോടുചേര്‍ത്തു പരിപാലിച്ച മദര്‍ തെരേസയെപ്പോലെ, ജീവിതത്തില്‍ കാരുണ്യത്തിന്റെ കിനിവും ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഊഷ്മളതയും ത്യാഗവും നിറഞ്ഞുനില്‍ക്കുമ്പോള്‍ കാല്‍വരിയിലെ മഹാത്യാഗത്തിലൂടെ ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കും. ഈ സാക്ഷ്യമാണ് ഇന്ന് ഓരോ ക്രൈസ്തവനും ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും വെല്ലുവിളിയും.