•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സൈക്കോസൊമാറ്റിക് രോഗങ്ങള്‍ കുട്ടികളില്‍

പരീക്ഷക്കാലം - 5

പരീക്ഷക്കാലത്തു കുട്ടികളെ ശക്തമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് സൈക്കോസൊമാറ്റിക് രോഗങ്ങള്‍.  മാനസികസമ്മര്‍ദങ്ങളാ
ണ് ഇവയുടെ പ്രധാനകാരണം.  കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും സൈക്കോസൊമാറ്റിക് രോഗങ്ങള്‍ വരാം. കുട്ടികള്‍ പൊതുവെ മാനസികബലം കുറഞ്ഞവരാണ്. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ മുതിര്‍ന്നവരെപ്പോലെ ശക്തരല്ല. അതിനാല്‍, മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനെക്കാള്‍ മാനസികസമ്മര്‍ദം കുട്ടികളില്‍ ഏറിനില്‍ക്കുന്നു.
രക്ഷപ്പെടല്‍ തന്ത്രങ്ങള്‍
മുതിര്‍ന്നവര്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ തീരെ മനസ്സിലാക്കുന്നില്ല എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെവരുന്നതിനാല്‍ അവര്‍ പലവിധത്തിലുള്ള രക്ഷപ്പെടല്‍തന്ത്രങ്ങളിലേക്കു വഴുതിമാറുന്നു. 
താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ ഇതിനു തെളിവുകളാണ്:
- കുട്ടികള്‍ മുഴുവന്‍ സമയവും മൊബൈലിലാണ്.
- കുട്ടികള്‍ക്കിടയില്‍ മദ്യവും മയക്കുമരുന്നും ഏറിവരുന്നു.
- ഇന്നത്തെ കുട്ടികള്‍ക്ക് ദൈവവിശ്വാസം കുറഞ്ഞുവരുന്നു.
- കുട്ടികള്‍ക്കിടയില്‍ അക്രമവാസന വര്‍ധിക്കുന്നു.
- പരീക്ഷയായാല്‍പ്പോലും പഠിക്കണമെന്ന ചിന്ത കുട്ടികള്‍ക്കു തീരെയില്ല.
- ആഡംബരഭ്രമവും അലസതയും ഇന്നത്തെ കുട്ടികളുടെ പ്രത്യേകതയാണ്.
ഇങ്ങനെ കുട്ടികളെ നമ്മള്‍ നിരീക്ഷിക്കുമ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍ ചില രക്ഷപ്പെടല്‍തന്ത്രങ്ങളാണെന്നു മനസ്സിലാകും.  ഇത്തരം രക്ഷപ്പെടല്‍തന്ത്രങ്ങള്‍ ശരീരത്തിലും പ്രകടമായി വരാറുണ്ട്. ശാരീരികരോഗങ്ങളായിട്ടാണ് ഇവ പ്രത്യക്ഷപ്പെടുക.  പരീക്ഷക്കാലത്ത് ഇത് ഏറിവരുകയും ചെയ്യും. ശാരീരികരോഗങ്ങളാണെന്നു നാം കരുതും.  വിദഗ്ധമായ ചികിത്സകള്‍ക്കു വിധേയമാക്കും.  വലിയ വലിയ ടെസ്റ്റുകള്‍ നടത്തും. ഒരു കുഴപ്പവുമില്ല എന്നു തെളിയുമ്പോള്‍ ഒരു സൈക്കോളജിസ്റ്റിനെക്കൂടി കാണിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും.  അല്ലെങ്കില്‍ ചില വിറ്റാമിന്‍ ഗുളികകള്‍ നല്‍കും.  മരുന്നു കിട്ടിക്കഴിയുമ്പോള്‍ രോഗം ഏറെക്കുറെ മാറിക്കിട്ടും. ഇതുമല്ലെങ്കില്‍ രണ്ടുദിവസം ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി ഇടും. എല്ലാവരും ചുറ്റുംകൂടി കുറെ പരിചരണവും പരിഗണനയും കിട്ടിക്കഴിയുമ്പോള്‍ മാനസികസമ്മര്‍ദം കുറയും.  സ്‌നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സ് ടെന്‍ഷന്‍ ഫ്രീ ആകും. രോഗം മാറും.  ഇത്തരം രോഗാവസ്ഥകളെ  മനോജന്യശാരീരികരോഗങ്ങള്‍  എന്നു വിളിക്കുന്നു.
പ്രധാനമായും ഇവ അഞ്ചു വിധത്തില്‍ കാണപ്പെടുന്നു. 
1. തലയുമായി ബന്ധപ്പെട്ടവ
കുട്ടികള്‍ക്കു തലവേദന ഉണ്ടാകുന്നത് സാധാരണമാണ്.  സ്‌കൂളില്‍ പോകാന്‍ മടിയുള്ളവരിലാണ് ഇതു കാണപ്പെടുന്നത്.  സ്‌കൂളില്‍ പോകുന്ന സമയം കഴിയുമ്പോള്‍ ഇത് അപ്രത്യക്ഷമാകും. പരീക്ഷയുടെ തലേദിവസം ശക്തമായ തലവേദന ഉണ്ടാകാം.  അല്പസമയം റെസ്റ്റ് എടുക്കാന്‍ പറഞ്ഞാല്‍ തലവേദന കുറയുന്നു.  അല്ലെങ്കില്‍ അല്പസമയം ഒന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തലവേദന മാറുന്നു. പക്ഷേ, തല വെട്ടിപ്പിളര്‍ക്കുന്ന വേദന എന്നു കുട്ടി പറയുമ്പോള്‍ വിദഗ്ധമായ പരിശോധന വേണമല്ലോ. ഹോസ്പിറ്റലില്‍ കൊണ്ടുചെന്നാല്‍ വിദഗ്ധമായ ടെസ്റ്റിനു വിധേയമാക്കാതെ പറ്റില്ല.  ഉറപ്പില്ലാതെ മരുന്നുകള്‍ എഴുതാന്‍ കഴിയില്ല. സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് ചില പച്ചമരുന്നുകള്‍ ഒറ്റമൂലിയായി കഴിക്കുമ്പോള്‍ അതിശക്തമായ മൈഗ്രയിന്‍ മാറാറുണ്ട്. 
2. ഹൃദയവുമായി ബന്ധപ്പെട്ടവ
മനസ്സ് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമോ എന്നു സംശയിച്ചേക്കാം. മനസ്സിന്റെ പ്രവര്‍ത്തനം നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്.  ഹൃദയസ്തംഭനം എന്ന രോഗാവസ്ഥ കുട്ടികള്‍ക്കും ഉണ്ടാകാം. ശക്തമായ നെഞ്ചുവേദന ഉണ്ടാകുന്നു. രോഗിയെ ഐ.സി.യുവില്‍ ആക്കുന്നു. ഹോസ്പിറ്റലില്‍ വിദഗ്ധമായ പരിശോധന നടത്തുന്നു. ഒരു കുഴപ്പവും കാണുന്നില്ല. പക്ഷേ, നെഞ്ചുവേദന കൂടക്കൂടെ ഉണ്ടാകുന്നു. രോഗകാരണം ഇല്ലെങ്കില്‍ പിന്നെ രോഗം എങ്ങനെ ഉണ്ടാകുന്നു?  മാനസികസമ്മര്‍ദമാകാം. ചിലര്‍ക്ക് ശരീരം മുഴുവന്‍ ഇടിച്ചുനുറുക്കുന്ന വേദന. കണ്ണു മഞ്ചുന്നു. തലചുറ്റുന്നു. ബോധംകെട്ടുവീഴുന്നു. അസംബ്ലിക്കിടയില്‍ തലചുറ്റിവീഴുന്നു.    
3. ശ്വാസകോശവുമായി ബന്ധപ്പെട്ടവ
കുട്ടികള്‍ക്കു ശ്വാസംമുട്ടല്‍ സാധാരണമാണ്.  ഇത്തരം സാഹചര്യത്തില്‍ മരണവെപ്രാളമാ യിരിക്കും. ആശ്വാസത്തിന് ഇന്‍ഹെയിലര്‍ നല്‍കും. ഇത്തരം ഇന്‍ഹെയിലറുകള്‍ വളരെക്കാലം ഉപയോഗിക്കേണ്ടിവന്നേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ അലര്‍ജിയുടെ രൂപത്തിലും വരാറുണ്ട്.
മിക്ക കുട്ടികള്‍ക്കും പലതരം അലര്‍ജികളുണ്ട്. മഴ, മഞ്ഞ്, തണുപ്പ്, വെയില്‍, ചൂട്, മണ്ണ്, പൊടി, പുക, ചന്ദനത്തിരിയുടെ മണം, പഴയ പുസ്തകങ്ങള്‍, പഴയ വസ്ത്രങ്ങള്‍, ഫംഗസുകള്‍ മുതല്‍ വിവിധതരം ഇറച്ചികള്‍, ചിലതരം മീനുകള്‍, വിഷം തളിച്ച ചില പഴങ്ങള്‍, പാല്‍, തൈര്, മോര്, മുട്ട വരെ നീളുന്ന അനവധി അലര്‍ജികള്‍. ചിലര്‍ക്ക് കൊതുക്, ഈച്ച വഴിയുള്ള ഇന്‍സെക്റ്റ്‌സ് അലര്‍ജിയായി വരാറുണ്ട്. ഇത്തരം ചില അലര്‍ജിവസ്തുക്കള്‍ ശ്വാസകോശവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റു ചിലത് വയറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില അലര്‍ജികള്‍ ത്വക്കുമായി ബന്ധമുള്ളവയാണ്. അലര്‍ജി എന്താണെന്നും അതിന്റെ കാരണം എന്താണെന്നും കണ്ടെത്തി അതിനെ മനസ്സില്‍നിന്നു മാറ്റിയാല്‍ പ്രശ്‌നം മാറിക്കിട്ടും.  
4. വയറുമായി ബന്ധപ്പെട്ടവ
ദഹനവ്യവസ്ഥ ക്രമമല്ലെങ്കില്‍ അനവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മിക്ക വ്യക്തികളും ഗ്യാസിന്റെ പ്രശ്‌നം നേരിടുന്നു. വയറിനകത്ത് വലിയ ശബ്ദവും പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും സാധാരണമായിരിക്കും.  മോഷന്‍ കറക്റ്റ് ആയിരിക്കില്ല.  ചിലര്‍ക്ക് ലൂസ് മോഷനും മലബന്ധവും ഉണ്ടാകുന്നു. കുട്ടികള്‍ക്ക് ഇതു സാധാരണമാണ്. വൃത്തിയില്ലാതെ ആഹാരം കഴിക്കുന്നതാണ് പ്രധാന കാരണം.  അനവധി മരുന്നുകള്‍ കഴിച്ചാലും രോഗസൗഖ്യം ലഭിക്കണമെന്നില്ല. ഇത്തരം പ്രശ്‌നത്തെ മനഃശാസ്ത്രപരമായി പരിഹരിക്കാവുന്നതാണ്.  
കുട്ടികള്‍ എല്ലാവിധ ആഹാരസാധനങ്ങളും ഇഷ്ടപ്പെടു
ന്നു. എന്തും തിന്നാനും കുടിക്കാനും അവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, ചിലതു കഴിക്കാന്‍ പറ്റുന്നില്ല. കഴിച്ചാല്‍ ഛര്‍ദിക്കും. ശരീരം ചൊറിഞ്ഞുതടിക്കും.  അതിനാല്‍ ഇഷ്ടമില്ലെന്നു പറഞ്ഞൊഴിയും.  ഇത്തരം സാഹചര്യത്തെ മനഃശാസ്ത്രസമീപനത്തിലൂടെ പരിഹരിക്കാവുന്നതാണ്.  
മനസ്സിന്റെ തോന്നല്‍ മാറുകയും ധൈര്യം കിട്ടുകയും ചെയ്യുമ്പോള്‍ പല അലര്‍ജികളും മാറുന്നതായി കാണുന്നു.  
5. ത്വക്കുമായി ബന്ധപ്പെട്ടവ
ശരീരത്തിലെ ഏറ്റവും വലിയ പ്രതിരോധസംവിധാനമാണ് ത്വക്ക്.  മണ്ണ്, ചെളി, വായു തുടങ്ങിയവയെല്ലാമായി ശരീരം പ്രതിരോധത്തില്‍ നില്‍ക്കുന്നത് തൊലിപ്പുറം ഉപയോഗിച്ചാണ്.  കുട്ടികള്‍ക്കു പലവിധത്തിലുള്ള ത്വഗ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്.  തൊലിപ്പുറത്തെ അലര്‍ജിയും സാധാരണം. 
ചില കുട്ടികള്‍ക്ക് ചില വസ്ത്രങ്ങള്‍ അലര്‍ജിയാണ്.  തൊലിപ്പുറം ചൊറിഞ്ഞുപൊട്ടുകയോ തടിച്ചുവീര്‍ക്കുകയോ ചെയ്‌തേക്കാം. അടിവസ്ത്രങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.  ഇന്‍സെക്ടുകള്‍ അലര്‍ജിയായി വരാറുണ്ട്. ചില കുട്ടികളുടെ കൈകാലുകളും ശരീരവും അകാരണമായി വിയര്‍ക്കും.   പേന കൈയില്‍ പിടിക്കാന്‍ കഴിയില്ല. എഴുതാന്‍ പറ്റില്ല. കാല്‍വെള്ള വിയര്‍ക്കുന്നതുകൊണ്ട് ചെരുപ്പില്‍ കാല്‍ തെന്നും. വിയര്‍പ്പുനാറ്റം മൂലം കൂട്ടുകാരുമായി ഇടപഴകാന്‍ കഴിയില്ല. തൊലിപ്പുറം ചൊറിഞ്ഞുപൊട്ടുന്നതിനാല്‍ വല്ലാത്ത ദുര്‍ഗ്ഗന്ധം. ക്ലാസില്‍ ഒറ്റപ്പെടല്‍ ഉണ്ടാകും.  മരുന്നുകള്‍ കഴിച്ചാലും രോഗം മാറണമെന്നില്ല. അലര്‍ജിയുമായി ബന്ധപ്പെട്ടവയാണെങ്കില്‍ മനഃശാസ്ത്രപരിചരണത്തിലൂടെ പരിഹാരമുണ്ട്.
ഒ.സി.ഡി. (Obsessive Compulsive Disorder)  
കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന ഒരു മാനസികപ്രശ്‌നമാണ് ഒ.സി.ഡി.   ആവര്‍ത്തനമാണ് പ്രധാന പ്രത്യേകത. ചിന്തിക്കുന്നതുതന്നെ ചിന്തിക്കുന്നു. ചെയ്തതുതന്നെ ചെയ്യുന്നു.  നിയന്ത്രിക്കാന്‍ കഴിയാത്ത ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ഈ രോഗാവസ്ഥയുടെ ലക്ഷണം.  ഇതു നിസ്സാരമാണെന്നു തോന്നാം.  എന്നാല്‍ ഇതിന്റെ ഗൗരവം ഇതു അനുഭവിക്കുന്നവര്‍ക്കുമാത്രമേ അറിയൂ.   ഈ രോഗാവസ്ഥ രണ്ടു തരത്തില്‍ ഉണ്ടാകുന്നു.
1. നിയന്ത്രിക്കാന്‍ കഴിയാത്ത ചിന്തകള്‍
അധ്യാപകര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ മറ്റൊരു ലോകത്തായിരിക്കുന്നതു കാണാം. മനോരാജ്യത്തിലാണെന്നു നമുക്കു തോന്നും. അങ്ങനെ ആയിരിക്കണമെന്നില്ല. ചിന്തിക്കുന്നതുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ കാര്യങ്ങളായിരിക്കും. പക്ഷേ, ചിന്ത അതില്‍നിന്നു വിട്ടുപോരുകയില്ല. ചിന്തിക്കുന്നത് അനാവശ്യമാണെന്നു കുട്ടിക്കറിയാം. പക്ഷേ, നിയന്ത്രിക്കാന്‍ കഴിയുന്നില്ല.  മനസ്സ് പിടിവിട്ടുപോകുന്ന അവസ്ഥ.  മനസ്സൊരു മാന്ത്രികക്കുതിരയായി പായുന്നു എന്ന് കാവ്യാത്മകമായി പറയാം. പഠിക്കുമ്പോള്‍ മാത്രമല്ല, പരീക്ഷ എഴുതുമ്പോഴും ഇതേ അവസ്ഥയായിരിക്കും.  ഒരു ഉത്തരമെങ്ങാനും തെറ്റിപ്പോയാല്‍ പിന്നെ അതുമാത്രമായിരിക്കും ചിന്ത. മറ്റുത്തരങ്ങള്‍ എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. വീട്ടില്‍ ചെന്നാല്‍ വല്ലാത്ത കരച്ചിലും ബഹളവും. സമാശ്വാസവാക്കുകള്‍ ഒന്നും വിലപ്പോകില്ല.  സൈക്കോളജിസ്റ്റിന്റെ പരിചരണം ഇത്തരക്കാര്‍ക്ക് ആവശ്യമുണ്ട്.
2. നിയന്ത്രിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍
ചില കുട്ടികള്‍ തുടര്‍ച്ചയായി കൈ കഴുകുന്നതു കാണാറില്ലേ?  പൈപ്പിലെ വെള്ളം തീരുന്നതാണു കണക്ക്. കുളിക്കാന്‍ കയറിയാലും ഇതുതന്നെ അവസ്ഥ.  അരമണിക്കൂറും ഒരു മണിക്കൂറും കഴിഞ്ഞാലും കുളി തീരില്ല.  ഏതു കാര്യത്തിനും ഈ പ്രത്യേകതകള്‍ കാണും.  ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടിരിക്കുക.  മറ്റൊരു പ്രത്യേകതകൂടി സര്‍വസാധാരണമാണ്. ചെയ്യുന്ന പ്രവൃത്തി എന്തുമാകട്ടെ, അതിന് ഒരു നമ്പര്‍ കാണും. ഏഴു തവണ, ഒന്‍പതു തവണ, പതിനൊന്നു തവണ എന്നിങ്ങനെ. സാധാരണമായി ഒറ്റസംഖ്യകളാണ് ഇതിനുള്ളത്. അല്ലാതെ തൃപ്തി വരില്ല.  ഉദാഹരണമായി തുപ്പുക. ചിലര്‍ക്കു പതിമ്മൂന്നു തവണ തുപ്പിയാലേ തൃപ്തി വരൂ. എണ്ണം എങ്ങാനും ഒന്നു തെറ്റിയാലോ! വീണ്ടും ഒന്നില്‍ത്തന്നെ തുടങ്ങണം. രോഗത്തിന്റെ തുടക്കത്തില്‍ത്തന്നെ സൈക്കോളജിസ്റ്റിന്റെ പരിചരണം ആവശ്യമുണ്ട്.
ശാരീരികരോഗങ്ങള്‍ നമുക്കു മനസ്സിലാകും. എന്നാല്‍, മാനസികപ്രശ്‌നങ്ങള്‍ അത്രതന്നെ മനസ്സിലാകണമെന്നില്ല. മനസ്സിലായാലും അതിനുള്ള ചികിത്സകള്‍ക്ക് സാധാരണ ആളുകള്‍ തയ്യാറല്ലതാനും. ഇത് കുട്ടികളുടെ ഭാവിജീവിതം പ്രശ്‌നകലുഷിതമാക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)