"There are only two industries that call their customers USERS : Illegal drugs and Software"
- Edward Tufte
മൊബൈല്‍ഫോണിലെ സെറ്റിങ്‌സ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അതിലെ ഡിജിറ്റല്‍ വെല്‍ബീയിങ് ഓപ്പണ്‍ ചെയ്യുക. നമ്മള്‍ മൊബൈല്‍ സ്‌ക്രീനിനുമുമ്പില്‍ ഒരു ദിവസം ചെലവാക്കിയ സമയം എത്രയെന്ന് അവിടെ തെളിയും. തീര്‍ച്ചയായും അതു വിചാരിച്ച സമയത്തെക്കാള്‍ കൂടുതലായിരിക്കും. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. കാരണം, അങ്ങനെയാണ് ഇന്റര്‍നെറ്റ്ശൃംഖല പ്രവര്‍ത്തിക്കുന്നത്, അനുദിനം അതിശയകരമാംവിധം വളരുന്നത്.
നമ്മള്‍ വിചാരിക്കുന്നു നമ്മുടെ കൈയിലിരിക്കുന്ന മൊബൈല്‍ഫോണിനെ നമ്മളാണു നിയന്ത്രിക്കുന്നതെന്ന്. നമുക്കിഷ്ടമുള്ളപ്പോള്‍ ഫേസ്ബുക്കില്‍ കയറുന്നു, ഇന്‍സ്റ്റഗ്രാമിലെത്തുന്നു, യൂ ട്യൂബിലേക്കു പോകുന്നു എന്നെല്ലാം നമ്മള്‍ കരുതുന്നു. എന്നാല്‍, വേദനാജനകമായ സത്യം എന്തെന്നാല്‍, നമ്മെക്കാള്‍ ആയിരം മടങ്ങു ബുദ്ധിയുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍ അവയുടെ അല്‍ഗോരിതങ്ങളുപയോഗിച്ച് നമ്മുടെ തലച്ചോറിനെ അവരുടെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള 21 പാഠങ്ങളില്‍ യുവാല്‍ നോവ ഹരാരി ഇതു വിശദമാക്കുന്നുണ്ട്:"The algorithms are watching you right now. They are watching where you go, what you buy, whom you meet. Soon they will monitor all your steps, all your heartbeats.They are relying on big data and machine learning to get to know you better and better. And once this algorithms know you better than you know yourself, they can control and manipulate you and you won't be able to do much about it!"
ഒരു ദിവസം ഒരു മണിക്കൂര്‍ നേരമെങ്കിലും (ഉറങ്ങുന്ന സമയമൊഴികെ) മൊബൈല്‍ഫോണ്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്? ഒരു പത്തു മിനിറ്റുനേരം ഫോണ്‍ മാറ്റിവച്ചാല്‍ ഉടനൊരു നോട്ടിഫിക്കേഷന്‍ മുട്ടിവിളിക്കുകയായി. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി നാലുപേര്‍കൂടി പുതുതായി ലൈക്ക് ചെയ്തിരിക്കുന്നു. ആരൊക്കെ എന്നറിയേണ്ടേ? അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറില്‍ സുഹൃത്തു നല്‍കിയിരിക്കുന്ന കമന്റ് എന്ത് എന്നു വായിക്കാനാഗ്രഹമില്ലേ? അതുമല്ലെങ്കില്‍ യൂട്യൂബില്‍ റിലീസായ സൂപ്പര്‍ താരത്തിന്റെ പാന്‍ ഇന്ത്യന്‍ സിനിമയുടെ ട്രെയ്‌ലര്‍ നിങ്ങള്‍ ഇനിയും കണ്ടില്ലേ? ഇതില്‍ ഏതെങ്കിലുമൊരു പ്രലോഭനത്തില്‍ നമ്മള്‍ വീണുപോകുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറി ലൈക്ക് ചെയ്തവര്‍ ആരെന്നറിയാന്‍ അവിടേക്കെത്തുന്ന നമ്മള്‍ പിന്നെ ഒരു മണിക്കൂര്‍ റീലുകള്‍ കണ്ടശേഷമാണ് ഫോണ്‍ താഴെവയ്ക്കാന്‍ ഓര്‍ക്കുന്നത്. ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ചറിനു സുഹൃത്തു നല്‍കിയ കമന്റു വായിച്ചശേഷം ലോഗ് ഔട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇന്നത്തെ വൈറല്‍ പോസ്റ്റുകള്‍ ഒന്നൊന്നായി ന്യൂസ് ഫീഡില്‍ തെളിയുകയും അവയൊക്കെയും ലൈക്കിയും ഷെയറിയും കമന്റിയും അനേകനേരം അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്യുന്നു. യൂ ട്യൂബില്‍ സൂപ്പര്‍താരചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടുകഴിയുമ്പോഴാകും അയാളുടെതന്നെ ഏറ്റവും പുതിയ ഇന്റര്‍വ്യൂ തൊട്ടുതാഴെ പ്രത്യക്ഷപ്പെടുന്നത്. അതോടെ ട്രെയ്‌ലറില്‍നിന്നു നമ്മള്‍ ഇന്റര്‍വ്യൂവിലെത്തുന്നു. ഇന്റര്‍വ്യൂവില്‍ താരം കണ്ട ഏറ്റവും പുതിയ വിദേശ വെബ്‌സീരീസ് ഗംഭീരമാണെന്ന അഭിപ്രായം കേള്‍ക്കുന്നതോടെ അതിന്റെ ലിങ്ക് തിരഞ്ഞ് ടെലിഗ്രാമിലേക്കെത്തുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഇന്റര്‍നെറ്റിലെ കണ്ണികളാല്‍ ബന്ധിതമാണ് നമ്മുടെ മസ്തിഷ്‌കം എന്നര്‍ഥം. എന്നാല്‍, അതു മനസ്സിലാക്കാന്‍ ഒരു കാലത്തും നമ്മെ അനുവദിക്കാതിരിക്കുക എന്നിടത്താണ് ടെക്‌നോളജിയുടെ വിജയം.
അപ്പോള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നല്ലതൊന്നുമില്ലേ? തീര്‍ച്ചയായുമുണ്ട്. നല്ല കാര്യങ്ങള്‍ ലക്ഷ്യംവച്ചുതന്നെയാണ് കൂടുതല്‍ ആളുകളും സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ ക്രിയേറ്റു ചെയ്യുന്നതും കൈയിലിരിക്കുന്ന മൊബൈല്‍ഫോണില്‍ പുതിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമെല്ലാം. വര്‍ഷങ്ങള്‍ക്കുമുമ്പേ നമ്മള്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് എടുത്തത് ദൂരെയുള്ള നമ്മുടെ സുഹൃത്തുക്കളുമായി കണക്ടഡ് ആയിരിക്കുന്നതിനും അവരുടെ വിശേഷങ്ങള്‍ അറിയുന്നതിനുമൊക്കെ ആയിരുന്നിരിക്കാം. പക്ഷേ, ഇന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മേശയ്ക്കുചുറ്റും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും ഫേസ്ബുക്കിലാണ് നമ്മുടെ കണ്ണെങ്കില്‍, ലൈക്കിലും ഷെയറിലുമാണ് ശ്രദ്ധയെങ്കില്‍ നമ്മള്‍ ഹോമോസാപ്പിയന്‍സിന്റെ ഇ-വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നുവേണം മനസ്സിലാക്കാന്‍. കാരണം, പൊതുവിടത്തെക്കാളും ചുറ്റുമുള്ള മജ്ജയും മാംസവുമുള്ള മനുഷ്യരെക്കാളും നാം ഇഷ്ടപ്പെടുന്നത്, ഇടപഴകാന്‍ ആഗ്രഹിക്കുന്നത് വെര്‍ച്വല്‍ ലോകത്തോടും അവിടെയുള്ള മനുഷ്യരോടുമാണ്. ഇപ്രകാരം നാമറിയാതെതന്നെ നമ്മുടെ ജീവിതത്തെ, വികാരവിചാരങ്ങളെ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നു എന്ന യാഥാര്‍ഥ്യം ഒട്ടും സുഖകരമായ ഒന്നല്ല.
ഇന്റര്‍നെറ്റിന്റെ അഥവാ മൊബൈല്‍ഫോണിന്റെ നിയന്ത്രണത്തിലാണോ നമ്മുടെ ജീവിതമെന്നതു തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
1. മൊബൈല്‍ഫോണ്‍ അല്പനേരത്തേക്കെന്നു വിചാരിച്ച് എടുക്കുകയും പിന്നീട് സമയത്തെക്കുറിച്ചോര്‍ക്കാതെ ഏറെനേരം ഉപയോഗിക്കുകയും ചെയ്യുന്നതു പതിവാണോ? ഈ ശീലം പലപ്പോഴും ദൈനംദിനപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാറുണ്ടോ?
2. കുറച്ചുസമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍, കൈയെത്തുംദൂരത്ത് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ മനസ്സ് അസ്വസ്ഥമാകാറുണ്ടോ? മൊബൈല്‍ റിങ് ചെയ്യുന്നതായും നോട്ടിഫിക്കേഷന്‍ വന്നതായും ഒക്കെയുമുള്ള വ്യാജതോന്നലുകള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ?
3. മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുകയും ഉപയോഗസമയം വര്‍ദ്ധിച്ചുവരികയുമാണോ ചെയ്യുന്നത്?
4. രാവിലെ ഉറക്കമുണരുമ്പോള്‍ത്തന്നെ മൊബൈല്‍ എടുത്ത് മെസേജുകളും നോട്ടിഫിക്കേഷനുകളും പരിശോധിക്കുക പതിവാണോ? അതിനു കഴിയാതെവന്നാല്‍ കാരണമറിയാത്തവിധമുള്ള പരിഭ്രമമോ വെപ്രാളമോ അനുഭവപ്പെടാറുണ്ടോ?
5. രാത്രി കിടക്കുന്നതിനുമുമ്പ് മൊബൈല്‍ ഫോണ്‍സ്‌ക്രീന്‍ ഓഫാക്കി വച്ചശേഷവും ഉറക്കംവരാതെ വീണ്ടും അതെടുത്ത് സ്‌ക്രോള്‍ ചെയ്യുന്ന രീതിയുണ്ടാ?
ഈ ലക്ഷണങ്ങളില്‍ ഒന്നോ അതിലധികമോ നിങ്ങള്‍ക്കുണ്ടെങ്കില്‍ സാരമാംവിധം മൊബൈല്‍ഫോണ്‍ ജീവിതത്തെ ബാധിച്ചുതുടങ്ങിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഈ മനസ്സിലാക്കല്‍ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, ഒരു കാര്യം തെറ്റെന്ന്, തിരുത്തേണ്ടതെന്നു സ്വയം മനസ്സിലാക്കുകയാണ് അതില്‍നിന്നു പുറത്തുകടക്കാനുള്ള ആദ്യപടി. മൊബൈല്‍ ഉപയോഗം അമിതമെന്നു തിരിച്ചറിഞ്ഞാല്‍ ആദ്യമായി ചെയ്യേണ്ടത് എപ്രകാരമാണ് നമ്മുടെ ഈ ഉപയോഗം അമിതമാകുന്നതെന്നു വ്യക്തമായി മനസ്സിലാക്കുകയാണ്.
ഏതു സമയമാണ് ഞാന്‍ കൂടുതലായി ഫോണില്‍ ചെലവഴിക്കുന്നത്? ഏത് ആപ്ലിക്കേഷനാണ്, ഏതേതു വെബ്‌സൈറ്റുകളാണ് ഏറ്റവുമധികം സമയം ഉപയോഗിക്കുന്നത്? ഈ ആപ്ലിക്കേഷന്‍ അഥവാ വെബ്‌സൈറ്റ് ഏതെങ്കിലുംവിധത്തില്‍ എന്റെ വ്യക്തിത്വവികാസത്തിനുപകരിക്കുന്നുണ്ടോ? അതോ നേരംകൊല്ലിമാത്രമാണോ? ഇത്തരം കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു മനസ്സിലാക്കുക. തുടര്‍ന്നു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താം.
ഒരു ഉദാഹരണം നോക്കാം: ദിവസേന രാവിലെ ഒന്‍പതു മണിക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്ന ഒരാളാണു നിങ്ങള്‍. ആറു മണി കഴിയുമ്പോള്‍ നിങ്ങള്‍ ഉറക്കം തെളിയുന്നു. കണ്ണു തിരുമ്മി കൈയെത്തിച്ചു കിടക്കയ്ക്ക് അപ്പുറത്തുനിന്നു മൊബൈല്‍ എടുക്കുന്നു. ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യുന്നു. ഗ്രൂപ്പ് മെസേജുകളും സ്റ്റാറ്റസ് റിപ്ലൈകളും രാത്രി കാണാത്ത ഗുഡ്‌നൈറ്റുകളും അതിരാവിലെ എത്തിയ ഗുഡ് മോണിങ്ങുകളും ഒക്കെയായി നിരവധി മെസേജുകള്‍ ഉണ്ടാവും വാട്‌സാപ്പില്‍. അതിനൊക്കെയും മറുപടികളയച്ച് സ്റ്റിക്കറും സ്‌മൈലികളും യഥാവിധം വാരിവിതറിയശേഷം ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ തുറക്കുകയായി. ഫോണ്‍ എടുത്തിട്ട് പത്തു മിനിറ്റായതേയുള്ളൂ എന്നാവും നിങ്ങള്‍ക്കു തോന്നുക. പക്ഷേ, അപ്പോള്‍ രാത്രി സെറ്റുചെയ്തു വച്ച എട്ടുമണിയുടെ അലാറം മുഴങ്ങുന്നതു കേള്‍ക്കാം. രണ്ടു മണിക്കൂര്‍ മിന്നല്‍വേഗത്തില്‍ പാഞ്ഞുപോയിരിക്കുന്നു. സമയംപോയതു മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. ഉറക്കം എണീല്‍ക്കുമ്പോഴും ഉറങ്ങുന്നതിനു തൊട്ടുമുമ്പും നാം കാണുന്നതും കേള്‍ക്കുന്നതും ആലോചിക്കുന്നതുമായ കാര്യങ്ങള്‍ക്ക് നമ്മുടെ ഉപബോധമനസ്സില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്നത് മനഃശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള കാര്യമാണ്.
ഉറക്കമുണര്‍ന്ന ഉടന്‍തന്നെ സോഷ്യല്‍ മീഡിയ കവര്‍ന്ന രണ്ടു മണിക്കൂര്‍ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ തലച്ചോറിലേക്കു കുടഞ്ഞിട്ടത്! അതില്‍ വലിയൊരു പങ്ക് നെഗറ്റീവ് വാര്‍ത്തകളും വിശേഷങ്ങളും ആയിരിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
നെഗറ്റിവിറ്റിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിനെ കീഴടക്കുന്നതെന്നും നാമെല്ലാവരും അറിഞ്ഞോ അറിയാതെയോ അതില്‍ പങ്കുകാരാവുന്നു എന്നും ടെക്‌നോ ഫിലോസഫറായ ജാരോണ്‍ ലാനിയര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നമ്മുടെ സര്‍ഗാത്മകതയും ശുഭാപ്തിവിശ്വാസവുമൊക്കെ തകര്‍ക്കുന്ന ഈ ദുശ്ശീലത്തില്‍നിന്നു പുറത്തുകടന്നേ തീരൂ.
ഒരു ദുശ്ശീലം മാറ്റണമെങ്കില്‍ ആ സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കാനുതകുന്ന ഒരു സുശീലത്തെ നാം പകരം കൊണ്ടുവരേണ്ടതുണ്ട്.
രാവിലത്തെ മൊബൈല്‍സമയം അല്പം വ്യായാമമോ പ്രഭാതനടത്തമോ ഒക്കെയാവാം. ധ്യാനം, യോഗ മുതലായവ പരിശീലിക്കുന്നതും ശാരീരികമാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായകരമാകും. കാലങ്ങളായി തുടര്‍ന്നുവന്ന ഒരു ശീലം പെട്ടെന്നൊഴിവാക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകാതിരിക്കില്ല. 'ഇന്നുകൂടി ഇങ്ങനെ പോട്ടെ, നാളെമുതല്‍ നന്നാവാം' എന്ന കുപ്രസിദ്ധമന്ത്രം കാതില്‍ മുഴങ്ങും. ആ ദുര്‍മന്ത്രവാദത്തില്‍ വീഴാതിരിക്കുക. വെറുതെ കളഞ്ഞിരുന്ന സമയം ക്രിയാത്മകമായി വിനിയോഗിച്ചുതുടങ്ങാന്‍ സാധിച്ചാല്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. വില്യം ജെയിംസ് ഇപ്രകാരം എഴുതുന്നുണ്ട്: ''അനന്തമായ സാധ്യതകള്‍ക്കു മധ്യത്തില്‍ വളരെ പരിമിതമായ ഒരു വൃത്തത്തില്‍മാത്രമാണ് മിക്കവരുടെയും ജീവിതം. ശാരീരികമായും ബൗദ്ധികമായും ധാര്‍മികമായും അങ്ങനെതന്നെ. നാം ഓരോരുത്തര്‍ക്കും നാം സ്വപ്നംകാണുകപോലും ചെയ്യാത്തത്ര ആഴത്തിലുള്ള ജീവനസംഭരണികളാണുള്ളത്.'' ഇന്റര്‍നെറ്റിന്റെ ഇട്ടാവട്ടത്തില്‍മാത്രമാകാതെ കൂടുതല്‍ ആഴമുള്ളതും അര്‍ഥപൂര്‍ണവുമാകട്ടെ നമ്മുടെ ജീവിതം.