''കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി'' സര്‍ക്കാര്‍സംവിധാനത്തിലെ അഴിമതിയെയും ക്രമക്കേടുകളെയുംകുറിച്ചു പറയുമ്പോള്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു ചൊല്ലാണല്ലോ അത്. കാലാതിവര്‍ത്തിയായ ചൊല്ല്. ആ ചൊല്ലിന്, ഫെയ്‌സ്ബുക്ക്-ഇന്‍സ്റ്റഗ്രാം-വാട്‌സാപ്പാദികള്‍ കൊടികുത്തിവാഴുന്ന ഇക്കാലത്തും യാതൊരു ഊനവും തട്ടിയിട്ടില്ല എന്നു വ്യക്തം. അല്ലെങ്കില്‍ പ്രസ്തുത ചൊല്ലിന് ഊനംതട്ടാന്‍ കാലാകാലങ്ങളായി മാറി വരുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ അനുവദിക്കുന്നില്ല എന്നും പറയാം!
നിയമസഭയില്‍ സമര്‍പ്പിതമായ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) ഒടുവിലത്തെ റിപ്പോര്‍ട്ടാണു പ്രസ്തുത ചൊല്ലിന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തിയത്. പൊതുമരാമത്തുവകുപ്പ്, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എന്ന സപ്ലൈകോ തുടങ്ങി ഒന്ന് എഴുന്നേറ്റു നില്‍ക്കാന്‍പോലും ആവതില്ലെന്നു നാഴികയ്ക്കു നാല്പതു വട്ടം പരിതപിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. വരെയുണ്ട് റിപ്പോര്‍ട്ടിലെ പ്രതിപ്പട്ടികയില്‍. അഴിമതിയുടെയും ക്രമക്കേടിന്റെയും സ്വജനപക്ഷപാതത്തിന്റെയും മാറാല ഏറ്റവും കൂടുതല്‍ പേറുന്ന വകുപ്പാണ് പൊതുമരാമത്തുവകുപ്പ് എന്നതു യാഥാര്‍ത്ഥ്യം. നാലു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനിടെ അഴിമതിയുടെ ഒരുതുള്ളി കറ പുരളാത്ത ജി. സുധാകരന്‍ നാലരക്കൊല്ലം തലപ്പത്തിരുന്നിട്ടും പൊതുമരാമത്തു വകുപ്പിന്റെ സ്ഥായീഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായില്ല എന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍നിന്നു വായിച്ചെടുക്കാവുന്ന പ്രധാന കാര്യം. വകുപ്പു രൂപീകൃതമായ കാലംമുതല്‍ തുടര്‍ന്നുപോരുന്ന അഴിമതിമാര്‍ഗ്ഗങ്ങളും തന്ത്രവും ബന്ധപ്പെട്ടവര്‍ ഇപ്പോഴും സമര്‍ത്ഥമായിത്തന്നെ പയറ്റുന്നുണ്ട്. അക്കഥകള്‍ സി.എ.ജി. അക്കമിട്ടു നിരത്തുന്നു.
282 റോഡുകളുടെ രേഖകള്‍ പരിശോധിച്ചു. അതില്‍ രണ്ടു കോടിയിലേറെ ചെലവുള്ള 85 റോഡുകളാണ് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ള ഗുണനിലവാരപരിശോധനകള്‍ ഒന്നുംതന്നെ ശരിയാംവിധം നടത്തിയിട്ടില്ല എന്നു വ്യക്തമായി. വലിയ അടങ്കല്‍തുകയ്ക്കുള്ള റോഡുകളുടെ നിര്‍മ്മാണവേളയില്‍ ഗുണനിലവാരപരിശോധനയ്ക്കുള്ള ഫീല്‍ഡ് ലബോറട്ടറികള്‍ വേണമെന്നാണു ചട്ടം. അങ്ങനെയൊരു ഏര്‍പ്പാടേ ഇല്ലത്രേ. ഫലമോ? കരാറുകാര്‍ക്കു തോന്നുംപടി നിര്‍മ്മാണം നടത്തി കരാര്‍ത്തുക കൈപ്പറ്റാന്‍ അവസരം ലഭിച്ചു. അപ്രോച്ച് റോഡ് ഇല്ലാത്തതുമൂലം നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു പാലങ്ങള്‍ ഉപയോഗശൂന്യമായതായും റിപ്പോര്‍ട്ടിലുണ്ട്. വന്‍തുക ചെലവഴിച്ചു പാലം നിര്‍മ്മിച്ചതിനുശേഷം മാത്രം അതിലേക്കുള്ള റോഡിനെക്കുറിച്ചു ചിന്തിക്കുന്ന പ്ലാനിംഗ് മികവ് കേരളത്തിലേ കാണാന്‍ കിട്ടൂ!
സംസ്ഥാനത്തെ ജനങ്ങളുടെ പട്ടിണി ദൂരീകരിക്കുക, ന്യായവിലയ്ക്കു ഭക്ഷ്യധാന്യങ്ങള്‍ എല്ലായ്‌പോഴും ലഭ്യമാക്കുക, പൂഴ്ത്തിവയ്പു തടയുക എന്നീ മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാപിതമായ സപ്ലൈകോയെക്കുറിച്ച് സി.എ.ജി. റിപ്പോര്‍ട്ടില്‍ ഗുരുതരകണെ്ടത്തലുകളുണ്ട്. കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വാങ്ങുന്നതില്‍, ഗുണനിലവാരം ഉറപ്പാക്കുന്നതില്‍, കൃത്യസമയത്തു സംഭരിക്കുന്നതില്‍ ഒക്കെത്തന്നെ സപ്ലൈകോ കഴിഞ്ഞ ഏതാനും മാസങ്ങളായി രൂക്ഷമായ ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പത്രമാധ്യമങ്ങള്‍ കുറെയേറെ ക്രമക്കേടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തെളിവുസഹിതം പൊതുജനമധ്യത്തില്‍ കൊണ്ടുവന്നിരുന്നു. അതൊക്കെ അക്ഷരംപ്രതി ശരിയാണ് എന്ന തീര്‍പ്പുകല്പിക്കലാണ് സി.എ.ജി. നടത്തിക്കൊണ്ടിരിക്കുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തെ പര്‍ച്ചേസുകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്. 1108 പര്‍ച്ചേസുകളില്‍ കുറഞ്ഞ തുകയ്ക്കു ലേലം വിളിച്ചയാളെ ഒഴിവാക്കി മറ്റു വിതരണക്കാരില്‍നിന്നു വളരെ ഉയര്‍ന്ന തുകയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങിയത്രേ. കോടിക്കണക്കിനു രൂപയുടെ അധികച്ചെലവാണ് അതുമൂലം ഉണ്ടായത്. അതില്‍ നല്ലൊരു വിഹിതം കമ്മീഷനായി കൈമറിഞ്ഞിരിക്കും, തീര്‍ച്ച.
നഷ്ടക്കയത്തില്‍ കിടന്നു കൈകാലിട്ടടിക്കുമ്പോഴും കെ.എസ്.ആര്‍.ടി.സി. പലര്‍ക്കും നല്ലൊരു കറവപ്പശുവാണ് എന്ന വസ്തുതയും സി.എ.ജി. വെളിവാക്കുന്നു. സ്വകാര്യനിക്ഷേപംകൂടി ഉപയോഗപ്പെടുത്താനുള്ള, നിര്‍മ്മിച്ച്-പ്രവര്‍ത്തിപ്പിച്ച്-കൈമാറല്‍ (ബി.ഒ.ടി.) വ്യവസ്ഥയിലുള്ള പ്രൊജക്റ്റുകളില്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ അലംഭാവംമൂലം കോടികളുടെ നഷ്ടമാണത്രേ സ്ഥാപനത്തിനുണ്ടായത്. കെ.എസ്.ആര്‍.ടി.സി. യുടെ നിലവിലെ പരിതാപാവസ്ഥയ്ക്കു പ്രധാന കാരണം മിസ്മാനേജുമെന്റുതന്നെയാണെന്ന് അരക്കിട്ടുറപ്പിക്കുന്നു ഈ കണെ്ടത്തല്‍. സംസ്ഥാനസര്‍ക്കാരിനു കീഴിലെ പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ചും ആശങ്കാജനകമായ വിവരങ്ങളാണ് സി.എ.ജി. റിപ്പോര്‍ട്ടിലുള്ളത്. 118 പൊതുമേഖലാസ്ഥാപനങ്ങളില്‍ ലാഭത്തിലുള്ളത് 45 എണ്ണം മാത്രം. 2018 മാര്‍ച്ചുവരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുപ്രകാരം അവയെല്ലാംകൂടി നേടിക്കൊടുത്ത ലാഭം 383.91 കോടി. 64 പൊതുമേഖലാസ്ഥാപനങ്ങള്‍ ചേര്‍ന്ന് വരുത്തിവച്ച നഷ്ടം 1973.42 കോടി. എട്ടു സ്ഥാപനങ്ങളുടെ കണക്കുകള്‍ അപൂര്‍ണ്ണം. ഒരെണ്ണമാകട്ടെ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. സി.എ.ജി. റിപ്പോര്‍ട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും ഉയര്‍ന്നതാണ്. പാര്‍ലമെന്റിലും സംസ്ഥാനനിയമസഭയിലും വയ്ക്കുന്ന ആ റിപ്പോര്‍ട്ട് വസ്തുനിഷ്ഠമെന്നു പുകള്‍പെറ്റതുമാണ്. അതുകൊണ്ടുതന്നെ അതിലെ കണെ്ടത്തലുകളെ ആധാരമാക്കി ഒരു കാര്യം ഉറപ്പിച്ചുപറയണം. ഭരണതലത്തിലും ഭരണനിര്‍വ്വഹണതലത്തിലും കെടുകാര്യസ്ഥതയും സാമ്പത്തികലാഭേച്ഛയും കൊടികുത്തി വാഴുന്നു. ഖജനാവിലെ പണം ആരൊക്കെയോ സംഘടിതമായും അനധികൃതമായും മുതല്‍ക്കൂട്ടുന്നു.
ഏഴുമാസം പിന്നിട്ടും ശമനമില്ലാതെ തുടരുന്ന കൊവിഡ് ഭീതിയില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന ആടിയുലയുകയാണ്. ജി.എസ്.ടി. ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ സാരമായ കുറവ് ഉണ്ടായിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സാലറികട്ട് ആറു മാസംകൂടി തുടരാനുള്ള തീരുമാനം അതിന് അനുബന്ധമായി ഉള്ളതാണ്. സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവുകള്‍ അടിയന്തരമായി പരിഹരിച്ചാല്‍പോലും സാമ്പത്തികസുരക്ഷിതത്വം വീണെ്ടടുക്കാം എന്നിരിക്കേ, സാലറി കട്ട് ഉള്‍പ്പെടെയുള്ള ചെപ്പടിവിദ്യകൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യത്തെ സി.എ.ജി. റിപ്പോര്‍ട്ട് കൂടുതല്‍ പ്രസക്തമാക്കുന്നു.