•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നൂറിന്റെ നിറശോഭയില്‍ രാജശ്രീ ഭാസ്‌കരന്‍ കര്‍ത്താ

പരന്റെ സ്വരം സംഗീതംപോലെ ആസ്വദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്നു കാലം മാറി. അപരന്റെ സ്വരം അപസ്വരമായി തോന്നാന്‍ തുടങ്ങിയിരിക്കുന്നു. ഐതിഹ്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുത്തന്‍ഭാഷ്യം നല്കി ശാസ്ത്രീയതയുടെ കുപ്പായമണിയിച്ച് പുത്തന്‍ പുറംചട്ടയുമായി വില്പനയ്ക്കു വച്ചിരിക്കുന്ന കെട്ട കാലം. ഇക്കാലത്തുതന്നെയാണ് ഏറെ കൊട്ടിഘോഷിക്കാതെ, അഭിമുഖങ്ങളും ആരവങ്ങളുമില്ലാതെ ഒരു മഹാനുഭാവന്റെ നൂറാം പിറന്നാള്‍ കടന്നുപോയത്. 
മീനച്ചില്‍ ഞാവക്കാട്ട് കൊച്ചുമഠം ദാമോദരസിംഹര്‍ രാജശ്രീ ഭാസ്‌കരന്‍ കര്‍ത്താ. പുതിയ തലമുറയ്ക്ക് അദ്ദേഹം ഒരു മുന്‍ പഞ്ചായത്തു പ്രസിഡന്റുമാത്രം. മുത്തോലി പഞ്ചായത്തില്‍ 16 വര്‍ഷം പ്രസിഡന്റായിരുന്ന വ്യക്തി. രാഷ്ട്രീയക്കാരനല്ലാത്ത ഒരു സാദാ പ്രസിഡന്റ്. പാലാ കത്തീഡ്രല്‍ പള്ളി പുതുക്കിപ്പണിതപ്പോള്‍ അവിടെ സ്ഥാപിക്കുന്ന കൊടിമരത്തിനുള്ള തേക്കുതടി പ്രദക്ഷിണമായി പള്ളിമുറ്റത്തേക്കു കൊണ്ടുവന്നപ്പോള്‍ അതിന്റെ തലയ്ക്കല്‍പ്പിടിച്ച് തേക്കുമരത്തെ തോല്പിക്കുന്ന ദൃഢതയോടെ കൂടെ നടന്ന ഭാസ്‌കരന്‍ കര്‍ത്തായെ പാലാപ്പള്ളിയുടെ പത്തു നൂറ്റാണ്ടു പൂര്‍ത്തിയായ ആഘോഷങ്ങളില്‍ മുഖ്യസ്ഥാനം നല്‍കി ആദരിച്ചു. 
നൂറു വയസ്സു തികഞ്ഞ ഈ മനുഷ്യനെ ആദരിക്കാന്‍ ക്രിസ്ത്യാനികള്‍ മുന്‍കൈയെടുക്കുന്നു. ഇതിന്റെ കാരണം അറിയണമെങ്കില്‍ ആയിരത്തിയിരുപത്തഞ്ചാണ്ടുകള്‍ പിന്നോട്ടു പോകണം. അന്നു മീനച്ചിലാറിന്റെ തെക്കേക്കരയില്‍ പൊളിച്ചിട്ടിരിക്കുന്ന കല്‍ക്കൂമ്പാരത്തിനുമുമ്പില്‍ നിസ്സഹായരായി നില്‍ക്കുന്ന ഏതാനും മനുഷ്യരുടെ മനസ്സിലുയര്‍ന്ന ഒരു പേര്: ദാമോദരസിംഹര്‍... അടുത്തെങ്ങും പള്ളിയില്ലാത്തതിനാല്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെട്ടിരുന്ന നാലു കുടുംബങ്ങളിലെ കാരണവന്മാരായിരുന്നു അവര്‍. പാലായുടെ പൂര്‍വ്വപിതാക്കന്മാരായിരുന്ന തറയില്‍, കൂട്ടുങ്കല്‍, വയലക്കൊമ്പ്, എറകോന്നി കുടുംബങ്ങളിലെ ഗൃഹനാഥന്മാര്‍. ദാമോദരസിംഹരെന്ന മീനച്ചില്‍ കര്‍ത്താ പള്ളി പണിയാന്‍ അനുവദിച്ചുതന്ന സ്ഥലത്തു കെട്ടിയ തറയാണ് ഏതോ കുബുദ്ധികള്‍ പൊളിച്ചുനീക്കിയത്. ഒരു തവണയല്ല, പല തവണ ആവര്‍ത്തിച്ചിരിക്കുന്നു. ആള്‍ബലമോ മറ്റു പിന്തുണയോ ഇല്ലാത്തതിനാല്‍ അവര്‍ നാടുവാഴിയെത്തന്നെ ശരണം പ്രാപിച്ചു. നിജസ്ഥിതി ബോധ്യപ്പെട്ട നാടുവാഴി ഒരു ശ്രാമ്പി (കാവല്‍പ്പുര) കെട്ടി സ്ഥിരമായി കാവല്‍ക്കാരെ നിയമിച്ച് പള്ളിപണി തുടരാന്‍ അവസരമൊരുക്കി. (പില്‍ക്കാലത്ത് ശ്രാമ്പില്‍ എന്ന കുടുംബപ്പേരുമുണ്ടായി.)
പള്ളി പണിയാനുള്ള അനുമതി മാത്രമല്ല അതു നടത്തിക്കൊണ്ടുപോകാനുള്ള സൗകര്യംകൂടി ചെയ്തുകൊടുത്ത ഭരണാധികാരിയായിരുന്നു ദാമോദരസിംഹര്‍. പള്ളിയുടെ അടുത്ത് വാണിഭയിടംകൂടി കരം ഒഴിവാക്കിക്കൊടുത്തു. വാണിയിടവും പിന്നീട് കുടുംബപ്പേരായി. ഒരു പ്രത്യേക സമുദായത്തിന്റെ കൈപ്പിടിയിലായിരുന്ന 'പാലാത്ത് അങ്ങാടി' പാലാ ആയി വളരുവാന്‍ മീനച്ചില്‍ കര്‍ത്താക്കന്മാര്‍ നല്കിയ പിന്തുണ മറക്കാനാവാത്തതാണ്.
1100 ല്‍ ഭരണങ്ങാനത്ത് ആലുങ്കല്‍പള്ളിയും 1101 ല്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാപ്പള്ളിയും സ്ഥാപിക്കപ്പെട്ടതിലും മീനച്ചില്‍ കര്‍ത്താക്കന്മാരുടെ ആശീര്‍വാദവും അനുഗ്രഹവുമുണ്ടായിരുന്നു. സൗകര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ച് വീണ്ടും ദൈവാലയത്തിന്റെ ആവശ്യകത ഉടലെടുത്തു. അങ്ങനെ 1627 ല്‍ പെങ്ങുളത്തും 1683 ല്‍ ളാലത്തും പള്ളികള്‍ ഉണ്ടായി. മാര്‍ത്താണ്ഡവര്‍മ്മ മീനച്ചില്‍ കര്‍ത്താവിനെ ചതിയില്‍പ്പെടുത്തി വധിക്കുന്നതുവരെ മീനച്ചിലിലെ ക്രിസ്ത്യാനികള്‍ക്ക് സര്‍വതോമുഖമായ പുരോഗതിക്കു മാര്‍ഗ്ഗദര്‍ശിയായിരുന്നത് കര്‍ത്താക്കന്മാരായിരുന്നു.
ഈ തലമുറയിലെ ഏറ്റവും മുതിര്‍ന്നയാളാണ് ഈയിടെ നൂറു തികഞ്ഞ ഭാസ്‌കരന്‍ കര്‍ത്താ. 1921 സെപ്റ്റംബര്‍ 12 ന് പരമേശ്വരന്‍ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായി ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്തില്‍ ജനിച്ചു. ഒരു കാലത്ത് പേരുകേട്ട സംസ്‌കൃതപാഠശാലയായിരുന്നു കൊച്ചുമഠം. കട്ടക്കയം ചെറിയാന്‍ മാപ്പിളയുള്‍പ്പെടെയുള്ള മഹാരഥന്മാര്‍ പഠിച്ച ഇടം. മഹാകവി വള്ളത്തോളും ഉള്ളൂരുമൊക്കെ ഉണ്ടുറങ്ങി, കവിത ചൊല്ലിയ ഇടം. തിരുവല്ല തലവടി ചെറുശേരിമഠത്തിലെ പരേതയായ ശാരദക്കുഞ്ഞമ്മയാണ് ഭാര്യ. സി.എസ്. രാധാമണി, എസ്. ഇന്ദിര, സി.എസ്. ഗീത, എസ്. ശ്രീദേവി എന്നിവര്‍ മക്കള്‍. അഡ്വ. എസ്. ശങ്കരക്കൈമള്‍, ടി. രതീശന്‍ നായര്‍, കെ. വേണുഗോപാല്‍, ടി. ഗോവിന്ദന്‍കുട്ടി എന്നിവര്‍ മരുമക്കള്‍. നൂറ്റാണെ്ടത്തിയ അറിവും പരിചയവുമായി എപ്പോഴും ഉമ്മറത്തു പുഞ്ചിരിയോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഭാസ്‌കരന്‍ കര്‍ത്ത. 
കടല്‍ കടന്നൊരു പെരുമയും ഞാവക്കാട്ടു മഠത്തിന് അവകാശപ്പെടാനുണ്ട്. പൈതൃകമായി കിട്ടിയ എതിരന്‍ കതിരവന്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്തുന്ന എഴുത്തുകാരനും യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ ജനറ്റിക് ഗവേഷകനും മുന്‍ ഫാക്കല്‍റ്റിയുമായിരുന്ന എതിരന്‍ കതിരവന്‍. 
ദീപനാളത്തിന്റെ സുഹൃത്തായ, മതസൗഹാര്‍ദ്ദത്തിന്റെ മഹനീയമാതൃകയായ ദാമോദരസിംഹര്‍ രാജശ്രീ ഭാസ്‌കരന്‍ കര്‍ത്തായ്ക്ക് ദീപനാളത്തിന്റെ ആശംസകള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)