മലയാളികള്‍ പൊതുവെ ക്യൂ പാലിക്കാന്‍ മടിയുള്ളവരാണ്. കല്യാണപ്പന്തലിലായാലും സിനിമക്കൊട്ടകയിലായാലും ഇടിച്ചുകയറി കാര്യം സാധിക്കുമ്പോഴാണ് നമുക്കൊരു സംതൃപ്തി. കയ്യൂക്കുള്ളവനാണ് ഇവിടെ കാര്യക്കാരന്‍. കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ആവശ്യക്കാരന് ഔചിത്യം വേണെ്ടന്ന് ചൊല്ലുണ്ടല്ലോ. ബസ്സിലൊന്നു കയറിപ്പറ്റാന്‍ അല്പം അടിമുറയൊക്കെ പഠിച്ചേ മതിയാവൂ. കതിര്‍മണ്ഡപത്തില്‍ താലികെട്ടു കഴിയുംമുമ്പേ ഊട്ടുപുരയുടെ ഷട്ടര്‍ തുറക്കുന്നതും കാത്ത് ഭിക്ഷാംദേഹികള്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ടാവും. പിന്നെയൊരു തള്ളാണ്. തള്ളെന്നു പറഞ്ഞാല്‍, എന്തൊരു തള്ളാ. മകന് അച്ഛനെ നോട്ടമില്ല. അച്ഛന് മകനെ നോട്ടമില്ല. പരമാവധി ആഞ്ഞുതള്ളി മാമാങ്കത്തിന് ചേകവന്മാര്‍ തിരുനാവായിലെ സാമൂതിരിയുടെ നിലപാടു തറയിലേക്കു കുതിക്കുന്നതുപോലെ ഒരു കുതിപ്പാണ്. സോമാലിയയിലെ പട്ടിണിക്യാമ്പില്‍പോലും ഇത്രയും വലിയ ആക്രാന്തം കാണില്ല.
ഇങ്ങനെ നാനായിടത്തും ഉന്തും തള്ളും കളരിയഭ്യാസവും വേണ്ടിവരുമ്പോള്‍ ഇതൊന്നുമില്ലാതെ വളരെ മര്യാദക്കാരായി, മാന്യന്മാരായി ക്യൂ പാലിക്കുന്ന ഒരിടമെങ്കിലുമുണ്ട്. ഓണത്തിനും ക്രിസ്മസിനും വിഷുവിനും ദീപാവലിക്കും ഒന്നും അവിടെ ഉന്തുംതള്ളുമില്ല. ക്യൂവിന്റെ നീളം എത്രയായാലും ഒരു പ്രശ്‌നവുമില്ല. ക്ഷമയോടെ ക്യൂ നില്‍ക്കും. എവിടെയാണെന്നല്ലേ? 'ആഋഢഇഛ' എന്ന സര്‍ക്കാര്‍ മദ്യശാലയുടെ ചില്ലറവില്പനകേന്ദ്രങ്ങളില്‍.
വേറേയും ചില സാഹചര്യങ്ങള്‍ നാം കാണാറുണ്ട്. അവിടെ വലിയ വലിയ വി.ഐ.പി.കള്‍ കൈയില്‍ ഒരു പാത്രവുമായി 'വല്ലതും തരണേ' എന്ന് അഭ്യര്‍ത്ഥിക്കുന്ന പിച്ചക്കാരെപ്പോലെ ക്യൂ നില്‍ക്കുന്നു. വലിയ സ്റ്റാര്‍ ഹോട്ടലാണ് വേദി. അവിടെ 'ബുഫേ ലഞ്ച്' എന്നൊരു ഏര്‍പ്പാടാണ്. അവിടെ ഒരുത്തനും വിളമ്പിത്തരില്ല. നാം വിളമ്പിയെടുത്തുകൊള്ളണം. ക്യൂവില്‍ നിരനിരയായി നീങ്ങിനീങ്ങി കൈയിലെ പാത്രത്തില്‍ അവിടെ ചൂടാക്കി നിരത്തിയിട്ടുള്ള വിഭവങ്ങള്‍ ഏറ്റുവാങ്ങി ഏതെങ്കിലും മൂലയില്‍ പോയി നിന്നോ ഇരുന്നോ കഴിച്ചുകൊള്ളണം. എത്രയും കുറച്ച് ഭക്ഷണം എടുക്കുന്നുവോ അതാണ് സ്റ്റാറ്റസ്. എല്ലാം ഒരൊറ്റ പാത്രത്തില്‍ സ്വീകരിച്ച് നിന്നുകൊണ്ടുള്ള ഈ തീറ്റയില്‍ ഒരു സ്റ്റാറ്റസാണ്. ഇതാണ് സ്വാശ്രയ ലഞ്ച്. ഒന്നുകൂടി അമാന്യവത്കരിച്ചു പറഞ്ഞാല്‍ പിച്ച ലഞ്ച്. മാന്യന്മാരെ പിച്ചക്കാരാക്കുന്ന ഈ ഏര്‍പ്പാടാണിത്. ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടി വരികയാണ്. പട്ടിണിക്യാമ്പുകളില്‍ ഒരു കഷണം റൊട്ടിക്ക് ക്യൂ നില്ക്കുന്നതുപോലെ ഇവിടെ ക്യൂ നില്പാണ്. ഒരു ചപ്പാത്തി, രണ്ട് സ്പൂണ്‍ ഫ്രൈഡ് റൈസ്, ഒരു പീസ് ചിക്കന്‍, ഒരു സ്പൂണ്‍ സാലഡ്, ഒരു പപ്പടം തുടങ്ങിയതാണ് ഈ പിച്ച ലഞ്ചിലെ സാധാരണ വിഭവങ്ങള്‍. റോട്ടറി ക്ലബുകളിലും മറ്റും ആവശ്യക്കാര്‍ക്ക് അകത്തുപോയി ഒന്നു വീശിയിട്ട് വരാം. ക്യൂ നില്ക്കാന്‍ ഒരു ഉഷാറുണ്ടാകും. ചോദിക്കാന്‍ തോന്നിയിട്ടുണ്ട് ഈ മാന്യന്മാര്‍ എന്തിനാണ് കല്യാണപ്പന്തലിലെ ഊട്ടുപുരയില്‍ ഈ ആക്രാന്തമൊക്കെ കാണിക്കുന്നതെന്ന്.
കേരളീയനു മാനേഴ്‌സ് പാലിക്കാന്‍ അറിയില്ലെന്നു പറയാറുണ്ട്. കേരളീയന് പൊതുവഴിയില്‍ മൂത്രമൊഴിക്കാന്‍ വലിയ താത്പര്യമാണ്. 'ഇവിടെ മൂത്രമൊഴിക്കരുത്' എന്ന ബോര്‍ഡ് കണ്ടാല്‍ അവിടെയാണ് മൂത്രമൊഴിക്കേണ്ടത് എന്ന് അയാള്‍ എളുപ്പം മനസ്സിലാക്കും. വഴിയില്‍ തുപ്പാനും നമുക്കു വലിയ ഹരമാണ്. ചപ്പുചവറുകള്‍ വഴിയില്‍ വലിച്ചെറിഞ്ഞുകഴിയുമ്പോള്‍ നമ്മുടെ ജോലി തീര്‍ന്നു. അതവിടെ ക്കിടന്ന് നാറിയാലോ പട്ടികള്‍ കടിച്ചുവലിച്ചാലോ നമുക്കൊന്നുമില്ല. അതാണ് നമ്മുടെ വൃത്തിബോധം. ചവറു നിക്ഷേപിക്കാന്‍ ഭൂമിയിലല്ലാതെ മറ്റൊരിടം നമുക്കു കണെ്ടത്താനാവില്ലല്ലോ. ഇത്തരം കേന്ദ്രങ്ങള്‍ക്കടുത്തുപോയി താമസിച്ചിട്ട് പിറ്റേന്നു മുതല്‍ ജനം പ്രക്ഷോഭം തുടങ്ങുകയും ചവര്‍വണ്ടി തടയുകയും ചെയ്യും. ഇതാണ് കേരളീയന്റെ പൗരബോധം.
തമിഴന്‍ രണ്ടുനാള്‍ വഴി അടച്ചിട്ടാല്‍ നമ്മുടെ ഊണു മുടങ്ങും. പച്ചക്കറിയും വാഴയിലയുമൊക്കെ അവിടെനിന്നു വരണം. പൊരിക്കാനും വറുക്കാനുമുള്ള ബ്രോയിലര്‍ ചിക്കന്‍ അവിടെനിന്നു വരണം. പൂജയ്ക്കായാലും റീത്തു വയ്ക്കാനായാലും പൂവ് അവിടെനിന്നു വരണം. കെട്ടിടം പണിയാന്‍ മണലു വേണോ അതിനും തമിഴ്‌നാടാണ് ആശ്രയം. പക്ഷേ, നമുക്ക് തമിഴനെ പരമപുച്ഛമാണ്. നിറം പോരാ. വെറും പാണ്ടി. പക്ഷേ, കെട്ടിടം പണിക്കും നട്ടുനനയ്ക്കാനുമൊക്കെ മാടുപോലെ പണിയുന്ന അവനെ വേണം. നമുക്കു മെയ്യനക്കാന്‍ വയ്യല്ലോ. അവന്റെ ചാനലിലെ പരിപാടികള്‍ അതേപോലെ കോപ്പിയടിക്കലാണ് നമ്മുടെ പരിപാടി. മലയാളിക്കു സാമര്‍ത്ഥ്യമില്ലെന്ന് ആരു പറഞ്ഞു? ഈ കഥകൂടി പറഞ്ഞുനിര്‍ത്താം.
കുറെ മലയാളിപ്പയ്യന്മാര്‍ ഒരു ഹോട്ടലില്‍ കാപ്പി കുടിക്കാന്‍ കയറി. കാപ്പികുടി കഴിഞ്ഞ് കൗണ്ടറില്‍ ബില്ല് പേ ചെയ്യുന്നിടത്തു വന്നപ്പോള്‍ മര്യാദക്കാരനായ കൗണ്ടര്‍ബോയി പറഞ്ഞു:
''സാറമ്മാരേ, അല്പംമുമ്പ് ചിലരിവിടെ കാപ്പി കുടിക്കാന്‍ കയറി. നിങ്ങടെ നാട്ടുകാരാണെന്നു തോന്നുന്നു. പൈസ ചോദിച്ചപ്പോള്‍ മുന്‍കൂര്‍ പൈസ തന്നിട്ടല്ലേടാ ഞങ്ങള്‍ കാപ്പി കുടിച്ചത് എന്നു പറഞ്ഞിട്ട് ഇറങ്ങിപ്പൊയ്ക്കളഞ്ഞു. എന്റെ പണി പോകുന്ന ഏര്‍പ്പാടാണ്. ദയവായി അങ്ങനെയൊന്നും പെരുമാറരുതേ.''
ഇതു കേട്ടതും പയ്യന്മാരുടെ നേതാവ്, ചൂടായിട്ടു പറയുകയാണ്: ''ചെലയ്ക്കാതെ ബാക്കി താടാ.''