കുളിരണിഞ്ഞ പ്രഭാതവും ചുട്ടുപൊള്ളുന്ന മധ്യാഹ്നവും താണ്ടി പ്രശാന്തതയിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്ന അസ്തമയസൂര്യനെപ്പോലെയാണ്, ബാല്യവും യൗവനവും പിന്നിട്ട് വാര്‍ദ്ധക്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും പരിണാമങ്ങള്‍. ജനിക്കുന്നു, വളരുന്നു, ക്ഷയിക്കുന്നു, ഈ മൂന്നവസ്ഥകളും മനുഷ്യാസ്തിത്വത്തിന്റെ മേലുള്ള പ്രകൃതിനിയമമാണ്. ശരീരത്തിനു വിശ്രമം, മനസ്സിനു ശാന്തത, ആത്മാവിനു സാഫല്യം, വികാരങ്ങള്‍ക്കു പക്വത, വിവേകത്തിനു വ്യാപ്തി, തൃഷ്ണയ്ക്കു തൃപ്തി ഇവയൊക്കെ വാര്‍ദ്ധക്യത്തിന്റെ സവിശേഷതകളാണ്.
കേരളത്തിലെ ജനസംഖ്യാനിരക്ക് മൂന്നരക്കോടിയോടടുക്കുന്നു. അതില്‍ 40 ലക്ഷത്തിലധികം വയോധികരുണ്ട്. ഇന്ത്യയിലെ ജനസംഖ്യാനിരക്ക് 138 കോടിയോളമുണ്ട്. ഇതില്‍ പത്തു ശതമാനത്തോളം ആളുകള്‍, അതായത് 13.8 കോടി ജനങ്ങള്‍ വൃദ്ധരാണ്. ലോകജനസംഖ്യയില്‍ 38 ശതമാനത്തോളംപേര്‍ വയോധികരാണെന്നുള്ളതു ശ്രദ്ധേയംതന്നെ.
1990 ലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ വൃദ്ധര്‍ക്കായി ഒരു ദിനം മാറ്റിവച്ച് അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്നു തീരുമാനമെടുത്തത്.1991 മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ ഒന്ന് വയോജനദിനമായി ആചരിക്കുന്നു.
ജീവിതാനുഭവങ്ങളുടെ കലവറയാണ് വാര്‍ദ്ധക്യം. അതുകൊണ്ടുതന്നെ ചരിത്രസംഭവങ്ങളുടെയും പൈതൃകപാരമ്പര്യങ്ങളുടെയും മാനുഷികമൂല്യങ്ങളുടെയുമൊക്കെ മുകളില്‍നിന്നു ചിന്തിക്കുന്നവരാണ് വയോധികര്‍. ഒന്നോര്‍ത്താല്‍ ഈ പ്രശ്‌നസങ്കീര്‍ണമായ ലോകത്തെ താങ്ങിനിര്‍ത്തുന്ന നെടുംതുണുകളാണ് വയോജനങ്ങള്‍. കുടുംബത്തില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക, മതരംഗങ്ങളിലെല്ലാം വൃദ്ധരുടെ സാമീപ്യവും സാന്നിധ്യവും ഒരു ചാലകശക്തിയായി നിലകൊള്ളുന്നു.
വാര്‍ദ്ധക്യം ജീവിതത്തിന്റെ അവസാനഘട്ടമായതിനാല്‍ ആത്മബജറ്റിന്റെ ഒരു കാലംകൂടിയാണ്. ജീവിതയാത്രയില്‍ വന്നുഭവിച്ച സുഖദുഃഖങ്ങള്‍ നന്മതിന്മകള്‍, ലാഭനഷ്ടങ്ങള്‍, വിജയപരാജയങ്ങള്‍ തുടങ്ങി ഓരോന്നുമെടുത്ത് ഇഴ പരിശോധിക്കുന്ന കാലം. നന്മയില്‍ അഭിമാനിക്കുവാനും തിന്മയില്‍ അനുതപിക്കുവാനുമുള്ള കാലഘട്ടം. ദീര്‍ഘായുസ്സ് ദൈവത്തിന്റെ ദാനമാണ്. മനുഷ്യായുസ്സ് എഴുപത്, ഏറിയാല്‍ എണ്‍പത് വര്‍ഷമെന്നു സങ്കീര്‍ത്തകന്‍ ഓര്‍മ്മപ്പെടുത്തുന്നു. യുക്തമായ ആഹാരവിഹാരാദികളും ദൈവോന്മുഖമായ പ്രസാദചിന്തകളും മനസ്സിന്റെ തിരയിളക്കത്തെ കുറയ്ക്കുകയും വാര്‍ദ്ധക്യത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, പ്രായമേറുന്നതനുസരിച്ച് വയോധികരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പലവിധ മാറ്റങ്ങള്‍ കാണപ്പെടാറുണ്ട്. അവര്‍ കൂടുതല്‍ പരാതിക്കാരും മുന്‍കോപികളും ദുശാഠ്യക്കാരുമായി മാറുന്നു. മറവിരോഗം, വിഷാദരോഗം, ഉറക്കക്കുറവ്, തലച്ചോറിന്റെ ശോഷണം, സന്ധിവേദന, പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിങ്ങനെ പലവിധ ശാരീരികരോഗങ്ങളും ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരുന്നു. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ചര്‍മ്മവരള്‍ച്ച, ജരാനരകള്‍ തുടങ്ങിയ വാര്‍ദ്ധക്യരോഗങ്ങള്‍ക്ക് ഒരു പരിധിവരെയുള്ള പ്രതിവിധികള്‍ വൈദ്യശാസ്ത്രം ഇന്നു കണെ്ടത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് ലോകമെങ്ങും പ്രചുരപ്രചാരം നേടിയിരിക്കുന്ന ജെറിയാട്രിക്‌സ് ചികിത്സാരീതി. നമ്മുടെ കേരളത്തിലും ഇമ്മാതിരി ക്ലിനിക്കുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുവെന്നത് ഏറെ ശ്ലാഘനീയം തന്നെ.
ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി ചരിത്രത്താളുകളില്‍ ജീവിക്കുന്ന അനേകം ബഹുമുഖപ്രതിഭകള്‍ തങ്ങളുടെ പ്രദോഷസന്ധ്യാവേളകളിലാണ് ഔന്നത്യത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്. ഗെയ്‌ഥെ തന്റെ 82-ാം വയസ്സിലാണ് 'ഫൗസ്റ്റ്' എന്ന കൃതി എഴുതിത്തുടങ്ങിയത്. മൈക്കലാഞ്ചലോ തന്റെ 88-ാം വയസ്സിലാണ് സാന്റോ മരിയദൈവാലയത്തിന് രൂപകല്പന ചെയ്തത്. 90-ാം വയസ്സിലും പിക്കാസോ നിരവധി വിശ്വപ്രസിദ്ധചിത്രങ്ങള്‍ വിരച്ചിരുന്നു. ബര്‍ണാര്‍ഡ് ഷാ തന്റെ വിശ്വോത്തരനാടകങ്ങള്‍ രചിച്ചത് വാര്‍ദ്ധക്യത്തിലായിരുന്നു. ടാഗോര്‍, ടോള്‍സ്റ്റോയി, തകഴി, വള്ളത്തോള്‍, സി. മേരി ബനീഞ്ഞാ തുടങ്ങി നിരവധി സാഹിത്യപ്രതിഭകള്‍ വാര്‍ദ്ധക്യത്തിലും തങ്ങളുടെ സര്‍ഗ്ഗശേഷി തെളിയിച്ചവരാണ്. വാര്‍ദ്ധക്യത്തിന്റെ പിടിയിലായിരുന്നപ്പോഴും വി. മദര്‍ തെരേസയുടെ ആതുരസേവനം എത്രയോ സ്തുത്യര്‍ഹമായിരുന്നു. ലോകം നമിക്കുന്ന ഫ്രാന്‍സീസ് പാപ്പായുടെ വൃദ്ധകരങ്ങളില്‍ കത്തോലിക്കാസഭ എത്രയോ ഭദ്രം!!
ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനൊരു മറുവശം കൂടിയുണ്ട്. ഒരായുസ്സ് മുഴുവന്‍ കുടുംബത്തിനുവേണ്ടി ചോര നീരാക്കി അഹോരാത്രം കഷ്ടപ്പെട്ട് അവസാനനാളുകളില്‍ വൃദ്ധമന്ദിരങ്ങളിലും വഴിയോരങ്ങളിലും ജീവിതം തീര്‍ക്കുന്ന വയോധികരുടെ അവസ്ഥ ഏറെ ശോചനീയമാണ്. മൂല്യങ്ങളും ബന്ധങ്ങളും കാറ്റില്‍പ്പറത്തുന്ന എത്രയെത്ര കഥകളാണ് കാലഘട്ടത്തിനു പറയാനുള്ളത്.
സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ചൂടുള്ളതുമായ വാര്‍ത്തയാണ് വണ്‍ ഇന്ത്യാ, വണ്‍ പെന്‍ഷന്‍ 10000 രൂപയെന്നത്.വയോധികരുടെ ജീവിതപ്രശ്‌നങ്ങള്‍ പതിനായിരം രൂപയില്‍ മാത്രം തീര്‍ക്കാവുന്നതല്ല എന്ന തിരിച്ചറിവുകൂടി ഉണ്ടാവണം. അവര്‍ക്കു വേണ്ടത് ശുശ്രൂഷയും പരിഗണനയും കാരുണ്യവുമാണ്. ഗവണ്‍മെന്റു ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വയോധികര്‍ക്കു മാന്യമായി ജീവിക്കാനുള്ള ക്ഷേമപെന്‍ഷന്‍ നല്‍കി നീതി പുലര്‍ത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കട്ടെ.