രണ്ടു പ്രളയങ്ങളവശേഷിപ്പിച്ച മുറിപ്പാടുകള്‍ ഹൃദയത്തില്‍ പേറിക്കൊണ്ട്, അതിജീവനത്തിന്റെ പാതയില്‍ മലയാളി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കൊവിഡെന്ന മഹാമാരി ലോകം മുഴുവന്‍ കരിനിഴല്‍ പരത്തിയിരിക്കുന്നത്. 'ഭയമല്ല, ജാഗ്രതയാണു വേണ്ട'തെന്ന പല്ലവി ശിരസ്സാവഹിച്ച് മുന്നോട്ടു നടക്കുമ്പോള്‍, മനസ്സു തളരാതിരിക്കാന്‍ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായി നില്ക്കുന്ന ഒരു വ്യക്തിത്വത്തെ ക്കുറിച്ച് അടുത്തറിയുന്നതു നല്ലതുതന്നെ.
വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ലായെങ്കില്‍ ചെറിയ കാര്യങ്ങള്‍ വലുതായി ചെയ്തുകൂടേ എന്നു സ്വയം ചോദിച്ച വ്യക്തിയാണ് ഫാഷന്‍ ഡിസൈനറും സാമൂഹികപ്രവര്‍ത്തകയുമായ ലക്ഷ്മി മേനോന്‍. സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ട്ട് ഗ്യാലറിയിലെ ജോലി ഉപേക്ഷിച്ച്, നാടിനോടുള്ള പ്രതിബദ്ധതയില്‍ തിരിച്ചെത്തിയ, ഈ വനിതയുടെ, ലോകം അംഗീകരിച്ച ചില ആശയങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് ഉള്‍ക്കാഴ്ച നല്‍കാതിരിക്കില്ല.
ഹിമയുഗം, ശിലായുഗം, ലോഹയുഗം കഴിഞ്ഞ് മനുഷ്യരാശി പുരോഗതി പ്രാപിച്ചത് മാലിന്യയുഗത്തിലേക്കാണല്ലോ എന്ന് തമാശകലര്‍ന്ന ഗൗരവത്തോടെ ചിന്തിച്ച ലക്ഷ്മി എന്ന പ്രതിഭാശാലി ഈ മാലിന്യക്കൂമ്പാരത്തില്‍നിന്നു നമ്മുടെ നാടിനെ രക്ഷിക്കാന്‍ മുന്നോട്ടുവച്ച ഉത്പന്നമാണ് 'പെന്‍ വിത്ത് ലൗ.' വെയിസ്റ്റ് അല്ലെങ്കില്‍ 'ആക്രി' എന്നു കരുതുന്നവയൊക്കെ പുനരുപയോഗം ചെയ്യാമെന്ന ബോധ്യത്തോടെ, ഈ പ്രശ്‌നത്തിന് ഇടക്കാലാശ്വാസംപോലെയാണ് ഈ പേന അവതരിപ്പിച്ചത്. പ്രസ്സുകളില്‍നിന്നു പുറന്തള്ളുന്ന പേപ്പറുകള്‍ ശേഖരിച്ച് 'റിഫില്‍' ഉള്‍ക്കൊള്ളത്തക്കവിധം ഉരുട്ടിപ്പൊതിഞ്ഞെടുത്ത് പേനയുടെ അറ്റത്തെ ഇത്തിരി ഇടത്തില്‍ 'അഗസ്ത്യമരവിത്തും' അടക്കം ചെയ്ത പേനയാണ് പെന്‍ വിത്ത് ലൗവ്. ഒരു ഔഷധവൃക്ഷമായ അഗസ്ത്യമരം ഓക്‌സിജന്‍ കലവറയാണ് എന്നു മാത്രമല്ല ഇതിന്റെ ഫലത്തിന് നല്ല മൂല്യവുമുണ്ട്. ഈ സംരംഭത്തിന്റെ മഹത്ത്വം മനസ്സിലാക്കി ഈ പേന വിപണിയിലവതരിപ്പിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്, തികച്ചും സൗജന്യമായി.
പിന്നീട് ലക്ഷ്മിയുടെ ചിന്തകള്‍ക്കു ചിറകുനല്‍കിയത് അവരുടെ അമ്മൂമ്മയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകള്‍കൊണ്ട് ക്ലേശിച്ചിരുന്ന ആ അമ്മൂമ്മയ്ക്ക് കൃത്യമായി ചെയ്യാന്‍ പറ്റുന്ന ഒരു പ്രവൃത്തി 'വിളക്കുതിരി'യുണ്ടാക്കുക എന്നതായിരുന്നു. രണ്ടു കൈകള്‍കൊണ്ട് ലളിതമായി നിര്‍വ്വഹിക്കാവുന്ന കര്‍മ്മം. അമ്മൂമ്മയെ കൂടുതല്‍ വിളക്കുതിരികള്‍ നിര്‍മ്മിക്കാനേല്പിച്ചപ്പോള്‍ അതവരെ മാനസികസന്തോഷത്തിലേക്കു നയിക്കുന്നുവെന്നു മനസ്സിലാക്കിയ ലക്ഷ്മി, ഈ തിരിനിര്‍മ്മാണത്തെ അടുത്ത വീടുകളിലെയും വൃദ്ധസദനത്തിലെയും അമ്മമാരെയും അമ്മൂമ്മമാരെയും പരിചയപ്പെടുത്തി. തങ്ങള്‍ക്കൊരു വരുമാനമാകുന്ന, ശാരീരിക മാനസികസമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ അവരെ സഹായിക്കുന്ന ഈ സംരംഭത്തെ അമ്മമാരും അമ്മൂമ്മമാരും, അരയ്ക്കുതാഴോട്ട് ചലനശേഷിയില്ലാതെ വീല്‍ചെയറിലായിരിക്കുന്ന വ്യക്തികളും ഏറ്റെടുത്തു. കൗതുകകരമായ ബ്രാന്‍ഡ്‌നെയിമാണ് അമ്മൂമ്മത്തിരിയുടേത്.
ചുമ്മാതിരിക്കാതെ,
'ചുമ്മാ' 'തിരിച്ച'
അമ്മൂമ്മത്തിരി.
'പെന്‍ വിത്ത് ലൗ' സമുദ്രങ്ങള്‍ കടന്ന് ഗൂഗിള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വരെ എത്തിയെങ്കില്‍ അമ്മൂമ്മത്തിരിയുടെ ഖ്യാതി ലക്ഷ്മിയെ ബിബിസിയുടെ സാമൂഹികമാറ്റത്തിനു കാരണമായ 60 വ്യക്തികളുടെ പട്ടികയിലെ മുന്‍നിരക്കാരിയാക്കി മാറ്റി. രാജ്യതലസ്ഥാനത്തു നടന്ന പരിപാടിയില്‍ അമ്മൂമ്മത്തിരിയെ സദസ്സിലവതരിപ്പിച്ചത് സാക്ഷാല്‍ അമിതാഭ്ബച്ചനായിരുന്നു... അമ്മൂമ്മത്തിരിയുടെ ബ്രാന്‍ഡ് അംബാസിഡറോ, പദ്മശ്രീ മോഹന്‍ലാല്‍, തികച്ചും സൗജന്യമായിത്തന്നെ.
ഏറ്റവും അതിശയിപ്പിക്കുന്നത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചേന്ദമംഗലത്തെ നെയ്ത്തുതൊഴിലാളികളുടെ ജീവിതവര മാറ്റി വരയ്ക്കാന്‍ കാരണമായ ചേക്കുട്ടിപ്പാവകളുടെ പിറവിയായിരുന്നു അത്. 2018 ലെ പ്രളയം ചേറുവാരിയെറിഞ്ഞ, ഓണവിപണിയെ ലക്ഷ്യമാക്കി നെയ്‌തെടുത്ത 21 ലക്ഷം രൂപയുടെ കൈത്തറിവസ്ത്രങ്ങളുടെ പുനര്‍വിനിയോഗത്തിലേക്കു നയിച്ച അദ്ഭുതസൃഷ്ടിയായിരുന്ന ചേക്കുട്ടിപ്പാവകള്‍. ചേക്കുട്ടി - ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേന്ദമംഗലത്തെ കുട്ടി എന്നാണ് ലക്ഷ്മിമേനോനും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഗോപിനാഥ് പാറയിലും നല്‍കിയ നിര്‍വചനം.
ഒരാഴ്ചക്കാലം ഇറങ്ങാതെ നിന്ന വെള്ളം ചേന്ദമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും തറികളെയും ഉത്പന്നങ്ങളെയും നശിപ്പിച്ചു. കത്തിച്ചുകളയാനൊരുങ്ങിയ ആ തുണികള്‍ ക്ലോറിനേറ്റ് ചെയ്‌തെടുത്ത് ലക്ഷ്മിയും കൂട്ടരും ചെറുപാവകളാക്കി മാറ്റിയെടുത്തപ്പോള്‍ പ്രളയത്തിന്റെ മുറിപ്പാടുകള്‍ ഹൃദയത്തിലേറ്റിയ മലയാളി അവയെ കൈനീട്ടി സ്വീകരിച്ചു. 1200 രൂപയുടെ സാരിയില്‍നിന്ന് ഏകദേശം 360 ചേക്കുട്ടികളെ മെനഞ്ഞെടുത്തു. ഓരോന്നും 25 രൂപയ്ക്കു വിറ്റു. വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ഈ നിര്‍മ്മാണം ഏറ്റെടുത്തു. 9 രാജ്യങ്ങളില്‍നിന്ന് 50,000 സന്നദ്ധപ്രവര്‍ത്തകര്‍ ചേക്കുട്ടിയെ മെനഞ്ഞെടുത്തു. ലാഭം മുഴുവന്‍ നെയ്ത്തുകാരുടെ സൊസൈറ്റിയിലേക്കു നല്‍കി. ആദ്യഘട്ടത്തില്‍ത്തന്നെ 12 ലക്ഷം രൂപ സമാഹരിക്കാനായി. അങ്ങനെ മലയാളികളുടെ അതിജീവനത്തിന്റെ അടയാളമായും അലങ്കാരമായും അഹങ്കാരമായും ചേക്കുട്ടി മാറി. ജനീവയിലെ യു.എന്‍. റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫെറന്‍സില്‍ പ്രതിനിധികളെ ചേക്കുട്ടി നല്‍കിയാണ് സ്വീകരിച്ചത്.
കൊവിഡ്കാലത്തും ലക്ഷ്മിയുടെ മാന്ത്രികവിരലുകള്‍ മെനഞ്ഞത് അതിനൂതനമായ 'വെയിസ്റ്റ് മാനേജ്‌മെന്റ്' തന്ത്രംതന്നെയാണ്. ഗൗണും പി.പി.ഇ.കിറ്റുകളും നിര്‍മ്മിച്ചതിനുശേഷം പുറന്തള്ളുന്ന ഉപയോഗശൂന്യമെന്നു കരുതിയ ഭാഗങ്ങളുപയോഗിച്ച് കൊവിഡ് സെന്ററുകളിലുപയോഗിക്കാവുന്ന മെത്തകള്‍ നിര്‍മ്മിച്ചു. - പേര് 'ശയ്യ' വസ്ത്രാവശിഷ്ടങ്ങള്‍ പിന്നിയെടുത്തു മെത്തയാക്കുന്ന ഈ പരിപാടിക്ക് തയ്യലോ പ്രത്യേക തൊഴില്‍പ്രാവീണ്യമോ ആവശ്യമില്ല. അത് തൊഴിലവസരമായി, അനേകര്‍ക്കു സഹായകമായി മുന്നോട്ടു നീങ്ങുന്നു. കുഞ്ഞുസഹായങ്ങളുമായി മുന്നോട്ടുവരാന്‍ 'കോ'വീടെന്ന കുഞ്ഞന്‍ വീടും ചോറ്റുപാത്രങ്ങളും ബാഗുകളും കുടകളുമൊക്കെ 5 വര്‍ഷം ഉപയോഗിക്കാനുള്ള കുട്ടികള്‍ക്കായുള്ള ഗ്രേറ്റാചലഞ്ചും (പരിസ്ഥിതി പ്രവര്‍ത്തകയായ സ്‌കൂള്‍കുട്ടിയാണ് ഗ്രേറ്റാ തന്‍ ബര്‍ഗ്) ലക്ഷ്മിയുടെ ആശയങ്ങള്‍തന്നെ.
ചേരിയിലെ വീടുകളില്‍ വാട്ടര്‍ബള്‍ബ്, പ്രളയകാലത്ത് നമ്മെ സഹായിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള നന്ദിസൂചകമായി അവര്‍ക്കായി ഇന്‍ഷുറന്‍സ് തുടങ്ങി ലക്ഷ്മിയുടെ പരസഹായത്തിന്റെ ആവനാഴിയിലെ അമ്പുകള്‍ അവസാനിക്കുന്നില്ല...