വലിയ പ്രതിഷേധങ്ങളും നടപടിക്രമങ്ങളും വകവയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ടു പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷികബില്ലുകള്‍ വൈകാതെ നിയമമാകും. കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യ ബില്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ബില്‍ 2020,
കര്‍ഷക (ശക്തീകരണ, സംരക്ഷണ) ബില്‍, ദി ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020, അവശ്യ സാധന നിയമ ഭേദഗതി (ദി എസെന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്‍ഡ്‌മെന്റ് ബില്‍ 2020) എന്നിവയാണു വിവാദം.
മൂന്നു ബില്ലുകളില്‍ ആദ്യത്തെ കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യ ബില്‍ ഫലത്തില്‍ കര്‍ഷകനു ഗുണകരമാകും. എന്നാല്‍, പഞ്ചാബിലെയും ഹരിയാനയിലെയും മറ്റും സര്‍ക്കാരുകള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും കരാര്‍ കൃഷിക്കായുള്ള രണ്ടാമത്തെ കര്‍ഷക (ശക്തീകരണ, സംരക്ഷണ) ബില്‍ ഒറ്റനോട്ടത്തില്‍ നല്ലതെന്നു തോന്നിക്കാവുന്ന മധുരം പുരട്ടിയ ഗുളികയാണ്. പ്രായോഗികമായി കര്‍ഷകനു ദോഷകരമാകാനും കര്‍ഷകനുമായി കരാറിലേര്‍പ്പെടുന്ന കുത്തക കള്‍ക്ക് അനുകൂലമാകാനും സാധ്യതകളേറെയാണ്.
അവശ്യസാധന ഭേദഗതി നിയമമാകട്ടെ, രാജ്യത്തു വിലക്കയറ്റത്തിനു കാരണമാകുന്നതും കൊള്ളലാഭക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും സഹായകമാകുന്നതുമാകും. കര്‍ഷകനും സാധാരണക്കാരനും കാര്യമായ ക്ഷതമേല്പിക്കാനും ജീവിതഭാരം കൂട്ടാനും സഹായിക്കുന്നതാണ് രാഷ്ട്രീയക്കാര്‍ അധികം ചര്‍ച്ച ചെയ്യാത്ത ഈ നിയമ ഭേദഗതി.
രാജ്യത്തെങ്ങും പ്രതിഷേധാഗ്നിയും ആശങ്കകളും വളര്‍ത്തിയ മൂന്നു കാര്‍ഷികബന്ധ ബില്ലുകളും വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇതിലെ ഗുണദോഷങ്ങള്‍ മനസ്സിലാകൂ. പക്ഷേ,ദേശീയ,പ്രാദേശികമുഖ്യധാരാമാധ്യമങ്ങളിലൊന്നും ബില്ലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ദീപികയില്‍ മാത്രമാണ് ഇതേക്കുറിച്ചു കൃത്യമായ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബില്ലിന്റെ പേരിലുള്ള പ്രതിഷേധങ്ങളും പിന്നിലും മുന്നിലുമുള്ള രാഷ്ട്രീയവുമെല്ലാമാണ് പ്രമുഖരെന്നു സ്വയം ചമയുന്ന പത്രമാധ്യമങ്ങളിലെ ചര്‍ച്ച.
അവശ്യസാധന ഭേദഗതിനിയമം
ഭക്ഷ്യധാന്യങ്ങള്‍, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, സവോള, ഉരുളക്കിഴങ്ങ്, ഭക്ഷ്യയെണ്ണകള്‍, എണ്ണക്കുരുക്കള്‍ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നു നീക്കിയെന്നതാണ് പുതിയ നിയമഭേദഗതിയിലെ ഞെട്ടിക്കുന്ന സംഭവം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ബോധപൂര്‍വമുള്ള വിലക്കയറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി അനിയന്ത്രിതമായി ആര്‍ക്കും എന്തും സ്റ്റോക്കു ചെയ്യാനും
ഈ ഭേദഗതിയിലൂടെ അനുവദിക്കുന്നു. വ്യാപാരികള്‍, കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍, മില്ലുകള്‍, സംസ്‌ക രണഫാക്ടറികള്‍ തുടങ്ങിയവയ്ക്ക് ഇനി മുതല്‍ ഏതു കാര്‍ഷികോത്പന്നവും എത്ര വേണമെങ്കിലും സ്‌റ്റോക്കു ചെയ്യുന്നതിനു തടസമില്ല.
പെട്ടെന്നു നശിക്കാവുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് (പെരീഷബിള്‍ ഗുഡ്‌സ്) ശരാശരി 50 ശതമാനവും ഹോര്‍ട്ടികള്‍ച്ചര്‍ ഉള്‍പ്പെടെ അല്ലാത്തവയ്ക്ക് (നോണ്‍ പെരീഷബിള്‍ ഐറ്റംസ്) നൂറു ശതമാനവും വില കൂടിയാല്‍ മാത്രം സംഭരണ നിയന്ത്രണം അടക്കം സര്‍ക്കാര്‍ ഇടപെട്ടാല്‍ മതിയെന്നു വ്യവസ്ഥ ചെയ്യുന്നതാണ് അവശ്യസാധന ഭേദഗതി നിയമം.
ഒരു വര്‍ഷത്തെയോ അഞ്ചു വര്‍ഷത്തെയോ ശരാശരി (ഇതില്‍ ഏതാണോ കുറവ്) വിലയാകും കണക്കാക്കുക. തൊട്ടുമുമ്പുള്ള വര്‍ഷമോ വര്‍ഷങ്ങളിലോ ന്യായമായ വിലയെക്കാള്‍ വളരെ കൂടുതല്‍ വില ഇടയ്‌ക്കെല്ലാം കൂടിയിട്ടുള്ളവയുടെ ശരാശരി വില കണക്കാക്കുമ്പോള്‍ ശരാശരി വില കൂടുതലായേക്കും. ഫലത്തില്‍, വില വളരെക്കൂടിയാലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവില്ല.
ഭക്ഷ്യോത്പന്നങ്ങളുടെ വില കുത്തനെ കൂടുമ്പോഴും പുതിയ ഭേദഗതിയനുസരിച്ച് അത്യപൂര്‍വ അവസരങ്ങളില്‍ മാത്രമാകും സര്‍ക്കാര്‍ ഇടപെടുക. യുദ്ധം, വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പ്രകൃതിദുരന്തം, കൊടുംപട്ടിണി, അസാധാരണ വിലക്കയറ്റം തുടങ്ങിയവയാണ് ഈ അത്യപൂര്‍വ അവസരങ്ങള്‍.
കര്‍ഷക ശക്തീകരണ, സംരക്ഷണ ബില്‍
കേട്ടാല്‍ സുഖമുള്ള പേരുനല്‍കിയ, കര്‍ഷക ശക്തീകരണ, സംരക്ഷണ ബില്‍ കരാര്‍ കൃഷിക്കു നിയമപ്രാബല്യം നല്‍കുന്നതാണ്. കര്‍ഷകനും അവന്റെ വിളകള്‍ വാങ്ങുന്നവനുംതമ്മില്‍ കൃഷിക്കു മുമ്പേ കരാറിലേര്‍പ്പെടാനാകും. വന്‍കിടക്കാര്‍ക്ക് ആവശ്യമായ കാര്‍ഷികോത്പന്നം അവര്‍ക്കുവേണ്ടി അവര്‍ പറയുന്ന രീതിയിലും അളവിലും കര്‍ഷകന്‍ ഉത്പാദിപ്പിച്ചു നല്‍കാമെന്നതാണു കരാര്‍.
പൈനാപ്പിള്‍, നെല്ല്, റബര്‍ അടക്കമുള്ളവയ്ക്ക് കേരളത്തില്‍ ചെറിയ തോതില്‍ കരാര്‍ കൃഷി നിലവിലുണെ്ടങ്കിലും ഇവയൊന്നും കര്‍ഷകനു ദോഷകരമാകാറില്ല. എന്നാല്‍, കുത്തകക്കമ്പനികളും ലാഭക്കൊതിയന്മാരായ മൊത്തക്കച്ചവടക്കാരും ഇടനിലക്കാരുമെല്ലാം കരാര്‍ കൃഷിയുടെ പേരില്‍ പാവപ്പെട്ട കര്‍ഷകനെ ചതിയിലും കുരുക്കിലുമാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
ചുരുങ്ങിയത് ഒരു കൃഷിസീസണിലേക്കോ വളര്‍ത്തുമൃഗങ്ങളുടെ ഒരു ഉത്പാദനകാലയളവിലേക്കെങ്കിലുമോ കര്‍ഷകന്‍ കരാര്‍ ഒപ്പിടണം. അഞ്ചു വര്‍ഷത്തിലേറെ ഉത്പാദനകാലയളവില്ലാത്തവയുടെ കാര്യത്തില്‍ പരമാവധി അഞ്ചു വര്‍ഷത്തേക്കാകും കരാര്‍ കാലാവധിയെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കാര്‍ഷികോത്പന്നത്തിന്റെ വില കരാറില്‍ നിജപ്പെടുത്തണം. വിലവ്യതിയാനം വരുന്നവയുടെ കാര്യത്തില്‍ ചുരുങ്ങിയ വിലയാകും രേഖപ്പെടുത്തുക. ഇത്തരം കേസുകളില്‍ ഉറപ്പു നല്‍കിയ വിലയുടെ ഉപരിയായ തുകയെക്കുറിച്ചും കൃത്യമായ റഫറന്‍സ് ഉണ്ടാകണം. വില നിശ്ചയിക്കുന്നതിന്റെ രീതിയും പ്രക്രിയയും കരാറില്‍ രേഖപ്പെടുത്തണം.
മൊത്തക്കച്ചവടക്കാര്‍, റിലയന്‍സ്, അദാനി, ബിര്‍ള പോലെ രാജ്യമാകെ ശൃംഖലകളുള്ള വന്‍കിട ചില്ലറ വില്പനക്കാര്‍, ഫാക്ടറികള്‍ അടക്കം വന്‍ സംസ്‌കരണക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്കെല്ലാം സാധാരണ കര്‍ഷകരുമായി കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാന്‍ നിയമം സഹായിക്കും.
പരാതിപരിഹാരത്തിനു ത്രിതല സംവിധാനമാണു നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സമവായ സമിതി (കണ്‍സിലീയേഷന്‍ ബോര്‍ഡ്), സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അപ്പലേറ്റ് അതോറിറ്റി എന്നിവ. പരാതിപരിഹാരത്തിനുള്ള സമവായ ബോര്‍ഡില്‍ ന്യായവും സന്തുലിതവുമായ പ്രാതിനിധ്യം ഉണ്ടാകണമെന്നു പറയുന്നുണെ്ടങ്കിലും ചില അവ്യക്തതകളുണ്ട്. 30 ദിവസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ കരാറിലെ രണ്ടു പാര്‍ട്ടികള്‍ക്കും സമീപിക്കാം.
എസ്ഡിഎമ്മിന്റെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍ ജില്ലാ കളക്ടറോ അഡീഷണല്‍ കളക്ടറോ അധ്യക്ഷനായ അപ്പലേററ്റ് അതോറിറ്റിയെ സമീപിക്കാം. എസ്ഡിഎം, കളക്ടര്‍ എന്നിവര്‍ അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അന്തിമതീരുമാനമെടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കരാര്‍ ലംഘിച്ചതായി കണെ്ടത്തിയാല്‍ ലംഘനം നടത്തിയ പാര്‍ട്ടിക്കെതിരേ പിഴ ഏര്‍പ്പെടുത്താനും എസ്ഡിഎമ്മിനും കളക്ടറുടെ അപ്പലേറ്റ് അതോറിറ്റിക്കും അധികാരമുണ്ട്. എന്നാല്‍, ഇത് എത്ര ശതമാനമെന്നു കൃത്യമായി പറയുന്നില്ല. ഏതു കാരണത്താലും കുടിശ്ശിക ഈടാക്കാനായി കര്‍ഷകന്റെ ഭൂമിക്കെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു.
കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യബില്‍
കാര്‍ഷികോത്പന്ന വിപണനസമിതികളുടെ (എപിഎംസി) കുത്തക ഇല്ലാതാക്കുന്ന കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യ ബില്‍ കേരളത്തിലെ കര്‍ഷകനു കാര്യമായ പ്രശ്‌നമാകില്ല. വിളകളുടെ താങ്ങുവില ഇല്ലാതാക്കുമെന്നു നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും ഇതേ ചൊല്ലിന്റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിലെ വന്‍കിടക്കാരും ഭൂപ്രഭുക്കളുമടക്കമുള്ളവരുടെ നിയന്ത്രണത്തിലാണ് മിക്ക എംപിഎംസികളും.
സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ക്കു (ഹിന്ദിയില്‍ മണ്ഡികള്‍) പുറത്ത് ഉത്പന്നം വില്‍ക്കാന്‍ ഈ നിയമം അനുസരിച്ച് കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം കിട്ടും. പതിവു ചന്തകള്‍ക്കും എപിഎംസികള്‍ക്കും പുറമേ കൃഷിഭൂമിയുടെ പരിസരം (ഫാം ഗേറ്റ്‌സ്), ഫാക്ടറിപരിസരങ്ങള്‍, വെയര്‍ഹൗസുകള്‍, സൈലോകള്‍ പോലുള്ള മറ്റു സംഭരണകേന്ദ്രങ്ങള്‍, ചെറുതും വലുതുമായ കോള്‍ഡ് സ്‌റ്റോറേജുകള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ഷകര്‍ക്ക് ഉത്പന്നം വില്‍ക്കാനും ഇടപാടുകള്‍ നടത്താനും നിയമപരിരക്ഷയുണ്ടാകും.
ഓരോ സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാന വ്യാപാരത്തിനും നിയമം പ്രോത്സാഹനം നല്‍കുന്നു. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ വ്യാപാരം സുഗമമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കമ്പനികള്‍, പാര്‍ട്ണര്‍ഷിപ് ഫേമുകള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍, കര്‍ഷക ഉത്പാദനസംഘടനകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇ-വ്യാപാരത്തിനു അനുമതിയുണ്ട്.
കാര്‍ഷികവ്യാപാരങ്ങള്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയോ ഫീസോ ചുമത്തുന്നതിനു നിരോധനമുണ്ടാകും. മാര്‍ക്കറ്റ് ഫീ, സെസ്, കര്‍ഷകരുടെയോ വ്യാപാരികളുടെയോ ഇ-വ്യാപാര പ്ലാറ്റ്‌ഫോമുകളുടെയോമേലുള്ള ലെവി, വ്യാപാരമേഖലയ്ക്കുപുറത്തുള്ള കര്‍ഷകരുടെ വ്യാപാരം തുടങ്ങിയവയുടെമേല്‍ സംസ്ഥാനങ്ങള്‍ തുക ഈടാക്കുന്നതു ബില്ലില്‍ നിരോധിച്ചു.
അവസരം പ്രയോജനപ്പെടുത്തുക
വൈകാതെ നിയമമാകുന്ന മൂന്നു ബില്ലുകളും വസ്തുനിഷ്ഠമായി വിലയിരുത്തി എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും കര്‍ഷകനു ഗുണകരമാകാവുന്ന വ്യവസ്ഥകളെ പ്രയോജനപ്പെടുത്തുകയുമാണ് കാര്‍ഷികകേരളം ചെയ്യേണ്ടത്. ഗ്രാമീണചന്തകളും കര്‍ഷകകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുകയുമാകട്ടെ ലക്ഷ്യം. ഇടനിലക്കാരുടെയും ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കുത്തകകളുടെയും ചൂഷണങ്ങളില്‍നിന്ന് കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കാനും സര്‍ക്കാരിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്.
കാര്‍ഷികമേഖലയുടെ വൈവിധ്യവത്കരണത്തിനും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനും ഉത്പാദനക്ഷമത കൂട്ടുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാനാകും. ഒപ്പം ഭൂപരിഷ്‌കരണനിയമത്തില്‍ കാലാനുസൃത പരിഷ്‌കാരങ്ങളിലൂടെ നഷ്ടത്തിലായ ചെറുകിട, ഇടത്തരം തോട്ടം ഉടമകളായ കര്‍ഷകരെ രക്ഷിക്കാന്‍ കേരള സര്‍ക്കാരിനുമേലും കൂട്ടായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.