1947 മുതല്‍ ഇങ്ങോട്ടുള്ള സ്വതന്ത്രേന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍, കേന്ദ്രവും സംസ്ഥാനങ്ങളും തോളോടു തോള്‍ ചേര്‍ന്ന ആ ഫെഡറല്‍വ്യവസ്ഥയുടെ മഹത്ത്വം നമുക്കു ബോധ്യമാകും. രാഷ്ട്രീയമായ എതിര്‍പ്പും ചേരിപ്പോരുമൊക്കെ സ്വാഭാവികമാണെങ്കിലും അതൊക്കെ സജീവമായിരിക്കുന്നതു തിരഞ്ഞെടുപ്പു വരെ മാത്രം. അതിനുശേഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ളതു ജനായത്തസര്‍ക്കാരുകള്‍ മാത്രം.
എന്നാല്‍ കുറച്ചുനാളുകളായി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. പ്രത്യേകിച്ചും സാമ്പത്തികസംബന്ധിയായുള്ള നയപരമായ കാര്യങ്ങളില്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണു മാസങ്ങളായി കീറാമുട്ടിയായിത്തുടരുന്ന ജി.എസ്.ടി. നഷ്ടപരിഹാരസമസ്യ. രാജ്യത്തെ നികുതിസംവിധാനം 2017 ജൂലൈ ഒന്നുമുതല്‍ വാറ്റില്‍നിന്ന് ജിഎസ്ടി യിലേക്കു മാറിയിരുന്നല്ലോ. സംസ്ഥാനങ്ങള്‍ക്കു നികുതിവരുമാനത്തില്‍ വര്‍ഷം 14 ശതമാനം വര്‍ദ്ധന വിഭാവനം ചെയ്തുകൊണ്ടുള്ളതായിരുന്നു അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജിഎസ്ടി. 14 ശതമാനം വാര്‍ഷികവരുമാനവര്‍ദ്ധന ഉണ്ടാവാത്തപക്ഷം അതിനു തുല്യമായ തുക നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്കുമെന്നും നിയമനിര്‍മ്മാണത്തിലൂടെത്തന്നെ വ്യവസ്ഥ ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിച്ചുപോന്നു. ഇനി രണ്ടു വര്‍ഷംകൂടി ജിഎസ്ടി നഷ്ടപരിഹാരം തുടരേണ്ടതുണ്ട്. അത് അസാധ്യമെന്നാണ് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്കുമുന്നില്‍ ഒരു നിര്‍ദ്ദേശവും കേന്ദ്രം വയ്ക്കുന്നു. കടമെടുക്കുക. ജിഎസ്ടി നഷ്ടപരിഹാര സെസ് പഴയപടി ഉയരുമ്പോള്‍ അതില്‍നിന്നു കടം വീട്ടാം.
കഴിഞ്ഞ ഏഴു മാസമായി രാജ്യത്തിന്റെ സമ്പദ്‌രംഗം മന്ദഗതിയിലാണ്. അതില്‍ത്തന്നെ 68 ദിവസം ലോക്ഡൗണിനെത്തുടര്‍ന്നു പൂര്‍ണമായും നിശ്ചലമായിരുന്നു. വ്യാപാര-വാണിജ്യ-സര്‍വ്വീസ് മേഖലകളെല്ലാം ഇപ്പോഴും പ്രതിസന്ധിയില്‍ത്തന്നയാണ്. സാധാരണക്കാരന്‍ മുതല്‍ ശതകോടീശ്വരന്മാരായ സംരംഭകര്‍വരെ പിടിച്ചുനില്ക്കാന്‍ പെടാപ്പാടുപെടുന്നു. ആ സാഹചര്യത്തിലാണ് കടമെടുപ്പ് എന്ന നിര്‍ദ്ദേശത്തെ സംസ്ഥാനങ്ങള്‍ പൊതുവില്‍ എതിര്‍ക്കുന്നത്. മൂന്നുലക്ഷം കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്കു ജി.എസ്.ടി. നഷ്ടപരിഹാരമായി വിതരണം ചെയ്യേണ്ടത്. ജി.എസ്.ടി. നഷ്ടപരിഹാരസെസായി പിരിഞ്ഞുകിട്ടാവുന്നതു പരമാവധി 65000 കോടിയും. കണെ്ടത്തേണ്ട ബാക്കി തുക 2.35 ലക്ഷം കോടി. അതിഭീമമായ ഒരു തുക തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അത്.
കടമെടുക്കാമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അസ്വീകാര്യം എന്നു വ്യക്തമായെങ്കിലും ആ തീരുമാനത്തിലേക്കുതന്നെ കാര്യങ്ങള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും പരിശ്രമം തുടരുകയാണ്. കടമെടുപ്പിനു രണ്ട് ഓപ്ഷനുകളാണു കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. അതിപ്രകാരമാണ്: ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന ജി.എസ്.ടി. നഷ്ടപരിഹാരസെസ് ഒഴിച്ചുള്ള നഷ്ടപരിഹാരത്തുക 2.35 ലക്ഷം കോടി. അതില്‍ 97000 കോടി രൂപയാണത്രേ സംസ്ഥാനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ നഷ്ടപരിഹാരം. ബാക്കി കൊവിഡ് അനുബന്ധ സാമ്പത്തികത്തകര്‍ച്ചമൂലം ഉണ്ടായതാണത്രേ. 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതെങ്കില്‍ അതിന്റെ മുതല്‍, നഷ്ടപരിഹാരസെസ് ഫണ്ടില്‍നിന്നു വീട്ടാം. അതല്ല 97000 കോടി രൂപ മാത്രമാണു കടമെടുക്കുന്നതെങ്കില്‍ മുതലും പലിശയും സഹിതം കേന്ദ്രം നല്കും. വിയോജിപ്പിനിടയിലും കേന്ദ്രസംസ്ഥാനചര്‍ച്ച മുന്നേറുന്നത് ഈ ഗ്രൗണ്ടിലാണ്. കേന്ദ്രസര്‍ക്കാരിനു നിരത്താന്‍ അവരുടേതായ ന്യായവാദങ്ങള്‍ ഉണ്ടാവും. അതിനു സാധൂകരണവും ലഭിച്ചേക്കാം. അതേപോലെ സംസ്ഥാനങ്ങള്‍ക്കും ന്യായവാദങ്ങളുണ്ട്. അതിനും അതിന്റെതായ അടിസ്ഥാനമുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ദൈനംദിനചെലവുകള്‍മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം വരെ ജി.എസ്.ടി. നഷ്ടപരിഹാരത്തെക്കൂടി ആശ്രയിച്ചാണു നടന്നുപോകുന്നത്.
താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിന്റെ പോലും ജി.എസ്.ടി. നഷ്ടപരിഹാരത്തുക വര്‍ഷം 12000 കോടി രൂപയോളം വരും. ആ വരുമാനം നിലയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തിന്റെ ദൈനംദിനച്ചെലവുകള്‍തന്നെ പരുങ്ങലിലാവും. അടിസ്ഥാനസൗകര്യവികസനം, പൊതുജനാരോഗ്യമേഖല തുടങ്ങി പരമപ്രധാനതലങ്ങളിലടക്കം ചെലവഴിച്ചുവരുന്ന തുകയില്‍ വലിയ കുറവുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ബന്ധിതമാവും. അതു സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തികസുസ്ഥിതിയെ പുറകോട്ടടിക്കും. ജി.എസ്.ടി. നഷ്ടപരിഹാരവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം നീതിയുക്തമല്ല എന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. ഇതുവരെ ജി.എസ്.ടി. നഷ്ടപരിഹാരസെസ് പിരിച്ചതില്‍ ഒന്നരലക്ഷം കോടി രൂപയോളം കേന്ദ്രസര്‍ക്കാരിന്റെ കൈവശം മിച്ചമുണ്ട് എന്നതാണ്. അത് അവര്‍ വകമാറ്റി എന്നാണ് ബിജെപി ഇതരസംസ്ഥാനസര്‍ക്കാരുകള്‍ ആരോപിക്കുന്നത്. ആ തുക സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നത്രേ.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി വാചാലരാവുന്ന ധനമന്ത്രിയും കൂട്ടരും പക്ഷേ, സംസ്ഥാനങ്ങളുടെ പ്രസ്തുത ആരോപണം കേട്ടില്ലെന്നു നടിക്കുന്നു. ജി.എസ്.ടി. നഷ്ടപരിഹാരതര്‍ക്കം മോദി സര്‍ക്കാരിന്റെ ഇമേജില്‍ നിഴല്‍ വീഴ്ത്തി എന്നതു യാഥാര്‍ത്ഥ്യം.