•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മുന്‍വിധികളുടെ മണ്‍കൂനകള്‍

മുക്കെല്ലാമുണ്ട് മുന്‍വിധികള്‍! രക്തത്തില്‍ കലര്‍ന്ന മട്ടില്‍ പരമ്പരാഗതമായി ലഭിച്ച ഈ അബദ്ധചിന്തകള്‍ ഒരു ദുര്‍ഭൂതത്തെപ്പോലെ നമ്മെ പിന്‍തുടര്‍ന്നേക്കാം. ഒരുപക്ഷേ, അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ രൂപപ്പെട്ടുകൂടായ്കയില്ല ഇത്തരം വീക്ഷണങ്ങള്‍. ഇനി ഈ മുന്‍വിധികളുടെ ചില ഉദാഹരണങ്ങള്‍ നോക്കാം. ഇതില്‍ ഏറ്റവും സര്‍വസാധാരണമായ കാര്യമാണ് ഇതരമതസ്ഥരോടുള്ള സമീപനം. നസ്രാണികള്‍ മാത്രം വസിക്കുന്ന ഒരു കൊച്ചുഗ്രാമത്തില്‍നിന്ന് എന്റെ ഒരു ബന്ധുവിന് ജോലിതേടി പോകേണ്ടിവന്നത് തിരൂരിലേക്കായിരുന്നു. ഏറെ ഭയപ്പാടുകളോടെയാണ് അവള്‍ പെട്ടിയും കിടക്കയുമൊക്കെയായി ആ നാട്ടില്‍ കാലുകുത്തുന്നത്. ആ നാട്ടുകാര്‍ ഇതരമതസ്ഥരായിരുന്നുവെങ്കിലും അവരുടെ സ്‌നേഹത്തിന് ഒരു കുറവുമുണ്ടായില്ല. അവള്‍ക്കു താമസിക്കാന്‍ അവര്‍ ഒരു ഹോസ്റ്റല്‍ ഏര്‍പ്പാടുചെയ്തുകൊടുത്തു. അടുത്തൊരു വീട്ടിലെ സ്ത്രീ അവള്‍ക്കു മിതമായ നിരക്കില്‍ ഭക്ഷണം കൊണ്ടുചെന്നു കൊടുക്കാന്‍ തുടങ്ങി. എന്തിനേറെ പ്രതീക്ഷിച്ചതില്‍നിന്നേറെ വിഭിന്നമായി ഏറെ ആഹ്‌ളാദകരമായിരുന്നു ആ പെണ്‍കുട്ടിയുടെ തിരൂര്‍ജീവിതം.

തെക്കോട്ടു തലവച്ചുറങ്ങരുത്, കന്നിമൂലയില്‍ അഴുക്കു പാടില്ല, കടുക് തൂളിയാല്‍ കലഹമുണ്ടാകും, പൂച്ച വിലങ്ങനെ ചാടിയാല്‍ അശുഭകരം, പട്ടി മോങ്ങുന്നതു മരണത്തിന്റെ മുന്നോടിയാണ് എന്നിങ്ങനെയുള്ള അന്ധവിശ്വാസത്തില്‍ പൊതിഞ്ഞ മുന്‍വിധികള്‍ ഒരു തീരാശാപംപോലെ ആധുനികയുഗത്തിലും കൊണ്ടുനടക്കുന്നവരുണ്ട്. ചിലര്‍ പറയും: തെക്കോട്ടുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന്. മറ്റുചിലര്‍ അത് വടക്കോട്ടുള്ളവരെ എന്നു തിരുത്തും. ഇതിലൊന്നും കാര്യമില്ലെന്നു നമുക്കറിയാം. നല്ലവരും മോശമായവരും എല്ലാ ദിക്കിലും കാണും. ചിലര്‍ വിശ്വസിക്കുന്ന മറ്റൊരു കാര്യം കുള്ളന്മാരെ വിശ്വസിക്കരുത് എന്നാണ്. അപ്പോള്‍ പൊക്കക്കാരെ എല്ലാം നമുക്കു വിശ്വസിക്കാമോ? ഒന്ന് അപഗ്രഥിച്ചാല്‍ ഈ അബദ്ധചിന്തകളില്‍ ഒരു കഴമ്പുമില്ല എന്നു മനസ്സിലാകും. മുന്‍വിധികളില്‍ പലതും നമുക്ക് നമ്മുടെ കാരണവന്മാരില്‍നിന്നു കിട്ടിയതാണ്.
ഇതരസംസ്‌കാരങ്ങളുള്ളവരെക്കുറിച്ചും നമുക്കു മുന്‍വിധികള്‍ ഉണ്ടാകും. ആഫ്രിക്കക്കാര്‍ തെമ്മാടികളാണ്, യൂറോപ്യന്മാര്‍ക്കു സന്മാര്‍ഗ്ഗമില്ല, ചൈനക്കാര്‍ ക്രൂരന്മാരാണ് അങ്ങനെ നീളുന്നു മുന്‍ വിധികള്‍.
സൂസന്‍ സൊന്‍ടാഗ് എന്ന എഴുത്തുകാരി പറയുക മനുഷ്യര്‍ക്കു നാം പല തരത്തിലുള്ള റ്റാഗുകള്‍ നല്‍കുമെന്നാണ്. മടിയന്മാര്‍, കുടിക്കാനും നൃത്തംചെയ്യാനും പാടാനും വഴക്കു കൂടാനും മാത്രം സമയമുള്ളവര്‍, അവിശ്വസ്തഭാര്യമാരെ വക വരുത്തുന്നവര്‍, വലിയ അംഗചേഷ്ടക്കാര്‍, കാമക്കണ്ണുള്ളവര്‍, വര്‍ണം നിറഞ്ഞ കുപ്പായക്കാര്‍, അലങ്കരിച്ച വാഹനങ്ങളില്‍ നടക്കുന്നവര്‍, ലക്ഷ്യബോധമില്ലാത്തവര്‍, അറിവില്ലാത്തവര്‍, അന്ധവിശ്വാസികള്‍, സമയം പാലിക്കാത്തവര്‍, ദരിദ്രവാസികള്‍, മേശപ്പുറത്തു കയറി നൃത്തം ചെയ്യുന്നവര്‍, ഔചിത്യബോധം നശിച്ചവര്‍, എവിടെയുംനിന്ന് പ്രണയചേഷ്ടകള്‍ കാണിക്കുന്നവര്‍ - എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഇതിലൊക്കെ വല്ല സത്യവുമുണേ്ടാ എന്ന് അവരോടൊപ്പം ജീവിച്ചാലല്ലേ അറിയൂ? അല്ലെങ്കില്‍ ആ സംസ്‌കാരങ്ങളെക്കുറിച്ചു വിശദമായി പഠിക്കണം.
മനഃശാസ്ത്രത്തിന്റെ കണെ്ടത്തലുകള്‍
ജെയിന്‍ എയര്‍ തന്റെ ഒരു പുസ്തകത്തില്‍ മുന്‍വിധിയെക്കുറിച്ചു പറയുന്നതിങ്ങനെ: മണ്ണിളക്കി വിദ്യാഭ്യാസത്തിന്റെ വളമിടാത്ത മനസ്സുകളില്‍നിന്ന് മുന്‍വിധി നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധ്യമല്ല. കല്ലുകള്‍ക്കിടയില്‍ തഴച്ചുവളരുന്ന കളകള്‍പോലെ അതവിടെ വേരുപിടിച്ചുനില്‍ക്കും.
നാം നിസ്സാരവത്കരിച്ചേക്കാവുന്ന മനസ്സിന്റെ ഇത്തരം വൈകല്യചിന്തകള്‍ കാലക്രമത്തില്‍ ഹൃദയാഘാതത്തിലേക്കും ക്യാന്‍സര്‍പോലുള്ള രോഗങ്ങളിലേക്കും നയിച്ചേക്കാമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ശരീരത്തിലെ സ്വയംകൃതമായ പ്രതിരോധശേഷിയെ - സ്വന്തം സെല്ലുകളെ -നശിപ്പിക്കുന്ന 'ഓട്ടോ ഇമ്മ്യൂണ്‍' രോഗങ്ങള്‍ക്കും ഇതു വഴിതെളിക്കും. വൈകാരികമായി ശക്തി പ്രാപിക്കുകയും കാര്യങ്ങള്‍ ബുദ്ധിക്കു നിരക്കുന്ന രീതിയില്‍ വീക്ഷിക്കുകയും ചെയ്യാത്ത പ്രകൃതക്കാരാണ് കുടുംബത്തില്‍ ഏറെയെങ്കില്‍ ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ ഏറിനില്‍ക്കും.
ബാല്യകാലത്തു കേട്ട യക്ഷിക്കഥകള്‍ക്കു നിറം പിടിക്കുന്നതുകൊണ്ടാവാം, പ്രായപൂര്‍ത്തിയായിട്ടും മൂങ്ങയെയും കടവാവലിനെയുമൊക്കെ ഭീതിയോടെ കാണുന്നവരുണ്ട്. ചില നിറങ്ങളും ഓര്‍മകളും അനുഭവങ്ങളും ശബ്ദങ്ങളുമൊക്ക ബാല്യത്തില്‍ത്തന്നെ മനസ്സില്‍ കയറിക്കൂടി ജീവിതകാലം മുഴുവന്‍ അതു വേരുപിടിച്ചുനില്‍ക്കുന്ന കാഴ്ച നമുക്കു കാണാം. അതില്‍ ചിലതൊക്കെ ഗര്‍ഭാവസ്ഥയില്‍ത്തന്നെ അമ്മമാരുടെ മനോസംഘര്‍ഷത്തില്‍നിന്നു പകര്‍ന്നുകിട്ടുന്നതാണ്. നാമനുഭവിക്കുന്ന വികാരങ്ങള്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍, സെല്ലുകളില്‍ ഓര്‍മകളായും മാതൃകകളായും പതിയുന്നു. വരുംതലമുറകളിലേക്ക് അതു വീണ്ടും വീണ്ടും പകര്‍ത്തപ്പെടുന്നു.
അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ അവര്‍ക്ക് എന്തെങ്കിലും മനോദണ്ഡനം അനുഭവിക്കേണ്ടിവന്നു എന്നിരിക്കട്ടെ. അല്ലെങ്കില്‍ എന്തെങ്കിലും കാരണത്താല്‍ ഭീതിജനകമായ വലിയ മനോസംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണെ്ടന്നിരിക്കട്ടെ. ആ അമ്മയുടെ ഉദരത്തിലെ ശിശുവിലേക്കും പൊക്കിള്‍ക്കൊടിയിലൂടെ ആ മാനസികാവസ്ഥയുടെ ശകലങ്ങള്‍ കടന്നു ചെന്നേക്കാം എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഹൈ ബ്ലഡ്പ്രഷര്‍, മതഭ്രാന്തിനും തന്മൂലമുള്ള അക്രമത്തിനുമുള്ള പ്രവണത, എല്ലാത്തിലും ദോഷം മാത്രം കാണുന്ന സ്വഭാവം ഇതെല്ലാം അതേ പൊക്കിള്‍ക്കൊടിയിലൂടെ ലഭിക്കാം. കടന്നുവരുന്നതെല്ലാം മോശം കാര്യമാകണമെന്നില്ല. ഉദാഹരണത്തിന്, കാര്‍ത്യായനിയമ്മയ്ക്ക് വേദപുരാണങ്ങളില്‍ വലിയ കമ്പമായിരുന്നു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ധാരാളം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു, പ്രാര്‍ത്ഥിച്ചു. പ്രസവം അടുത്തപ്പോള്‍ നിത്യേന രാമായണം വായിച്ചു. അവള്‍ക്കു ജനിച്ചത് ഒരു പെണ്‍കുട്ടിയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അവളില്‍ അഗാധമായ ഈശ്വരഭക്തി ദൃശ്യമായി. സംഗീതം തുടര്‍ച്ചയായി കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന മറ്റൊരമ്മയ്ക്കു ജനിച്ച കുട്ടി പാട്ടുകാരിയായി. ഒടുവില്‍, പ്രസിദ്ധയായ ഒരു ഗായികയായി. സംഗീതത്തോടുള്ള അഭിനിവേശം അവള്‍ക്കങ്ങിനെ അമ്മയില്‍നിന്നു പകര്‍ന്നുകിട്ടി.
ചില പ്രത്യേകതരം ദോഷചിന്തകള്‍ വരുമ്പോള്‍ ബ്രെയിന്‍ സ്‌കാനിങ്ങിലൂടെ സിരാകേന്ദ്രങ്ങളില്‍ ചില നക്ഷത്രത്തിളക്കങ്ങള്‍ കാണാനാവുന്നു. ജനിതകമായി അല്ലെങ്കില്‍ ബാല്യകാലത്തു നാം സ്വരുക്കൂട്ടുന്ന ഭീതികള്‍, ആകുലതകള്‍, വിഹ്വലതകള്‍, രോഷം, അരക്ഷിതബോധം എന്നിവ സിരകളില്‍ കുമിഞ്ഞുകൂടി അതങ്ങനെ പലേ ആവൃത്തി ചര്‍വണം ചെയ്തു നാം സ്വയം രോഗികളായിത്തീരുന്നു.
ഓര്‍മകളുടെ അടിത്തട്ടില്‍ കിടക്കുന്ന സംഭവങ്ങളോ വ്യക്തികളോ ഒന്നും സ്മൃതിപഥത്തില്‍ ഉണ്ടാവില്ല. എങ്കിലും ഇതെല്ലം ഒരു വില്ലന്റെ പരിവേഷമിടുന്നതാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശാപം. 
ഇതിനൊരു മരുന്നുണേ്ടാ? 
ഇവിടെ നമുക്കു ചെയ്യാവുന്നത് ഒന്നുമാത്രം: അറിവു വര്‍ധിപ്പിക്കുക. ധാരാളം വായിക്കുക. പലതരം സംസ്‌കാരങ്ങളെക്കുറിച്ചും പഠിച്ചു സമ്പന്നരാവുക. സിരാകേന്ദ്രങ്ങളില്‍ അപ്പോള്‍ പോസിറ്റീവ് ആയ ചിന്തകള്‍ ചലനങ്ങള്‍ സൃഷ്ടിക്കും. കൂടുതല്‍ വസ്തുനിഷ്ഠമായി സത്യങ്ങള്‍ തിരിച്ചറിഞ്ഞ് ഈ ലോകത്തെ നോക്കിക്കാണാന്‍ നാം പഠിക്കും.
ഈ ലോകത്ത് ഒരു വ്യക്തിയെയും നമുക്ക് മുന്‍വിധിയോടെ എഴുതിത്തള്ളാനാവില്ല. ഒരാള്‍ക്കു മാത്രമാണ് ജീസസ് സ്വര്‍ഗത്തില്‍ സ്ഥാനം വാഗ്ദാനം ചെയ്തത്. അതു തന്നോട് ഏറ്റവും അടുത്തുനിന്ന പത്രോസിനോ പൗലോസിനോ ഒന്നും ആയിരുന്നില്ല. ക്രൂശിതനായ ഒരു കൊടുംകള്ളനു മാത്രമായിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)