മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുമ്പോള്‍ ബ്രിട്ടീഷുകാരുടെ സാമന്തരാജാവായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ് പറഞ്ഞു: ഇത് എന്റെ ഹൃദയരക്തംകൊണ്ടാണ് ഒപ്പിടുന്നത്. ഇന്നു നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തേ മനസ്സിലാക്കിയിരുന്നുവെന്നു വ്യക്തം. നമ്മുടെ മണ്ണില്‍ കയറിനിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്നു തമിഴ്‌നാടാണ്. ഇന്ത്യയുടെ ഫെഡറല്‍സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ കയറിനിന്ന് തമിഴ്‌നാട് ഭരണം നടത്തുന്നു. ഇന്ത്യയിലെവിടെയും കാണാത്ത ഒരു പ്രതിഭാസമാണിത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഡാം തുറക്കാം, ഇഷ്ടമുള്ളപ്പോള്‍ അടയ്ക്കാം. 2018 ല്‍ ഡാം തുറന്നപ്പോള്‍ നൂറുകണക്കിനു മനുഷ്യന്‍ മരിച്ചു. പതിനായിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. കേരളത്തിന്റെ പ്രകൃതി നശിച്ചു. നമുക്ക് ആരും ചോദിക്കാനും പറയാനുമില്ല. മുല്ലപ്പെരിയാര്‍ കരാറിലൂടെ ബ്രിട്ടീഷുകാര്‍ പതിനായിരം ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ വെട്ടിക്കൊണ്ടുപോയി. രത്‌നങ്ങളും ധാതുക്കളും കവര്‍ന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളെയും ആദിവാസികളെയും അടിമകളാക്കി. തിന്നും കുടിച്ചും ഉല്ലസിച്ചും ജീവിച്ചു. അതു സംബന്ധിച്ച് നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുകയും ചെയ്തു. അല്ലാതെ, ഈ കരാര്‍ തമിഴനെ വെള്ളം കുടിപ്പിക്കാനൊന്നും ഉണ്ടാക്കിയതല്ല.
1947 ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കിയതായി തിരുവിതാംകൂറിലുടനീളം പെരുമ്പറകൊട്ടി അറിയിച്ചു. എന്നാല്‍, അതിനുശേഷം അധികാരത്തില്‍ വന്ന ദുര മൂത്ത, അഴിമതി നിറഞ്ഞ, ജനാധിപത്യസര്‍ക്കാരുകള്‍ ഇതു കണ്ടതായിപ്പോലും ഭാവിച്ചില്ല. നയാപൈസപോലും വാങ്ങാതെ തമിഴരുടെ കൃഷിയും കുടിവെള്ളവും മുടങ്ങരുതെന്ന ദീനാനുകമ്പയാല്‍ അവര്‍ കരാര്‍ തുടരാന്‍ അനുവദിച്ചു. എന്നാല്‍, എല്ലും തോലുമായി അധികാരത്തിലേറിയ ഇവര്‍ പുഷ്ടിപ്രാപിച്ചു. പഴയ കുടിലുകളുടെ സ്ഥാനത്ത് രമ്യഹര്‍മ്മ്യങ്ങള്‍ ഉയര്‍ന്നുവന്നത് അലാവുദ്ദീന്റെ അദ്ഭുതവിളക്ക് കയ്യിലുണ്ടായതുകൊണ്ടാണെന്ന് വെറുതേ വിശ്വസിച്ച കേരളജനത ഉത്തമര്‍ണ്ണര്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ ഓടിനടന്നു. രാജഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് എറിഞ്ഞുകൊടുത്ത 40,000 രൂപ എന്ന പാട്ടത്തുക 1970 ആയപ്പോള്‍ ജനാധിപത്യസര്‍ക്കാര്‍ 10 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച് കേരളത്തിലെ ജനങ്ങളെ സന്തോഷഭരിതരാക്കി. ആനന്ദലബ്ധിക്കിനിയെന്തു വേണം! കേരളജനത സന്തോഷംകൊണ്ട് മതിമറന്ന് തുള്ളിച്ചാടി. പാര്‍ട്ടിയണികള്‍ ആനന്ദനൃത്തം ചെയ്തു. 1970 ല്‍ കരാര്‍ പുതുക്കിക്കൊടുത്തപ്പോള്‍ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള അധികാരവും തമിഴ്‌നാടിനു കൊടുത്ത് നമ്മുടെ ജനാധിപത്യസര്‍ക്കാര്‍ ദീനദയാലുത്വത്തിനു കേന്ദ്രമാതൃകയായി. പാര്‍ട്ടിയണികള്‍ തങ്ങളുടെ സര്‍ക്കാരിന്റെ മഹാമനസ്‌കതയ്ക്കു മുമ്പില്‍ എന്തു ചെയ്യണമെന്നറിയാതെ സന്തോഷാശ്രുക്കളുമായിനിന്നു. 1970 ലെ കരാറിലൂടെ നമുക്ക് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാസ്വാതന്ത്ര്യം ലഭിച്ചു. ഈ മഹാസ്വാതന്ത്ര്യത്തില്‍ മീനുകള്‍പോലും പുളകിതഗാത്രരായി. പക്ഷേ, ദോഷം പറയരുതല്ലോ, നമ്മുടെ പാട്ടത്തുക 10 ലക്ഷമായിട്ടാണു വര്‍ദ്ധിപ്പിച്ചത്. കരാര്‍ ഉണ്ടായ കാലത്ത് ഒരു തിരുവിതാംകൂര്‍രൂപയ്ക്ക് 139 അമേരിക്കന്‍ ഡോളര്‍ വിലയുണ്ടായിരുന്നത് സന്തോഷാധിക്യത്താല്‍ ജനാധിപത്യസര്‍ക്കാരുകള്‍ ജനങ്ങളോടു പറയാന്‍ മറന്നുപോയി. 30 വര്‍ഷം പിന്നിട്ടപ്പോള്‍ പാട്ടത്തുക വര്‍ദ്ധിപ്പിക്കണമെന്നുള്ള കരാര്‍ വ്യവസ്ഥ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞതുകൊണ്ട് ജനാധിപത്യസര്‍ക്കാര്‍ കണ്ടില്ല. കുറ്റം പറയരുത്, ഇതിനിടെ സര്‍ക്കാര്‍ മക്കള്‍ ഇന്ത്യയിലെ ദാസിത്തെരുവുകള്‍ പിന്നിട്ട് ലണ്ടനിലും ന്യൂയോര്‍ക്കിലും ചെക്കോസ്ലോവാക്കിയയിലും കഷ്ടപ്പെട്ട് എത്തിയിരുന്നു. അവര്‍ അവിടെ എങ്ങനെയാണ് വിദേശികള്‍ ഡാമുകള്‍ നിര്‍മ്മിക്കുന്നതെന്നു വളരെ വിദഗ്ധമായി പഠിച്ചു. മുല്ലപ്പെരിയാര്‍ ഡാമിനുശേഷം കേരളത്തിന്റെ വനങ്ങള്‍ 80 ശതമാനവും നശിപ്പിച്ച് ഇവര്‍ 79 ഡാമുകള്‍കൂടി പണിതു. ഈ ഡാമുകള്‍ പണിതതില്‍ അഴിമതിയുണേ്ടാ എന്ന് ചോദിച്ചവരെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റാക്കി. മുല്ലപ്പെരിയാര്‍ഡാം പണിതുകഴിഞ്ഞപ്പോള്‍ തമിഴ്‌നാട് പെരിയാറിലേക്ക് ഒരുതുള്ളി വെള്ളംപോലും കടത്തിവിടാന്‍ തയ്യാറായില്ല. അതുകൊണ്ട് ആയിരക്കണക്കിനു ഹെക്ടര്‍ വനമാണ് വെള്ളമില്ലാതെ നശിച്ചത്. പ്രകൃതിയും വന്യമൃഗങ്ങളും, കാണുന്നതും കാണാത്തതുമായ ആയിരക്കണക്കിനു ജീവിവര്‍ഗ്ഗങ്ങളും സസ്യങ്ങളുമാണു നശിച്ചത്. പെരിയാറില്‍ ജലം കുറഞ്ഞപ്പോള്‍ പെരിയാറിന്റെ ആയിരക്കണക്കിനു കൈവഴികളും ചെറുനദികളും ഇല്ലാതായി. ചെറുതോടുകളില്‍ക്കൂടി പുരാതനകാലംമുതല്‍ ഉണ്ടായിരുന്ന ജലഗതാഗതം അസ്തമിച്ചു. ഉണങ്ങിവരണ്ട കൈവഴികള്‍ ജനങ്ങള്‍ കൃഷിസ്ഥലങ്ങളാക്കി. കൃഷിക്കു ജലം ലഭിക്കാതെ വന്നപ്പോള്‍ വീണ്ടും ഹെക്ടര്‍ കണക്കിനു വനം നശിപ്പിച്ച് ജനാധിപത്യസര്‍ക്കാരുകള്‍ കനാലുകള്‍ നിര്‍മ്മിച്ചു ലോകത്തിനുതന്നെ മാതൃകയായി. അഭിമാനവിജൃംഭിതരായ അണികളില്‍ ചിലര്‍ ഇതില്‍ അഴിമതിയുണേ്ടാ എന്നു ചോദിച്ചപ്പോള്‍ അവരെ ജില്ലാ സെക്രട്ടറിമാരായി ഉയര്‍ത്തി ജനാധിപത്യം സംരക്ഷിച്ചു. അങ്ങനെ, കേരളത്തിന്റെ ഗംഗയായിരുന്ന പെരിയാര്‍, 43 നദികളുടെയും (ഒരു നദി കിഴക്കോട്ടാണ് ഒഴുകുന്നത്) ജലസ്രോതസായിരുന്ന പെരിയാര്‍, മരിച്ചു. ഇപ്പോള്‍ ഒഴുകുന്നത് പെരിയാറിന്റെ ശോഷിച്ച അവശേഷിപ്പാണ്. ഒരു നദിയുടെ കണ്ണുനീരാണ്.
1964 ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ പരിശോധനയില്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ചയിലാണെന്നറിഞ്ഞപ്പോള്‍ കേരളം ഞെട്ടി. കുട്ടികള്‍ ഭീതിനിറഞ്ഞ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. 1978 ല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അതേ കപ്പാസിറ്റിയുള്ള ചൈനയിലെ ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിലെ ജസ്വന്ത് സാഗര്‍ അണക്കെട്ടും, മോര്‍വി അണക്കെട്ടുംകൂടി തകര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി, സര്‍ക്കാരുകള്‍ ജനങ്ങളെ രക്ഷിക്കില്ല.
മുല്ലപ്പെരിയാര്‍ കേസില്‍ ബഹു. സുപ്രീം കോടതി ചോദിച്ച ചോദ്യം പ്രസക്തമാണ്: Why not a new Dam?'പഴയ ഡാമിന്റെ സ്ഥാനത്ത് ഒരു പുതിയ ഡാം. എന്താണു തെറ്റ്? ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് സുപ്രീം കോടതിയില്‍ തോല്‍ക്കാം എന്നതിന്റെ ഒരു ഗവേഷണപ്രബന്ധമാണ് കേരളവും തമിഴ്‌നാടും സുപ്രീം കോടതിയില്‍ നടത്തിയ കേസിന്റെ വിധി. കേരളവും തമിഴ്‌നാടും മറ്റൊന്നുകൂടി ഉണ്ടാക്കി ബഹു. സുപ്രീം കോടതിയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്, ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട്. ഇതെങ്ങനെ സാധിക്കും? ഇന്ത്യയില്‍ ഡാം എന്‍ജിനീയറിംഗ് പഠിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ ഉള്ളതായി അറിവില്ല. അന്താരാഷ്ട്രവിദഗ്ധര്‍ ഡാം പരിശോധിച്ചതായും അറിയില്ല. അതുകൊണ്ട് എന്റെ കേസില്‍ ഞാന്‍ ഡാമിന്റെ സുരക്ഷ എന്ന കാര്യത്തിലേക്കു കടന്നില്ല. മറിച്ച്, ഞാന്‍ ഒരു ചോദ്യം മാത്രം ചോദിച്ചു: എന്നുവരെ? എന്നുവരെ ഡാം സുരക്ഷിതമാണ്? ഡാമുകളുടെ മാഗ്നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ ഫെഡറല്‍ ഗൈഡ് ലൈന്‍സ് ഫോര്‍ ദ സേഫ്റ്റി ഓഫ് ഡാംസ് പറയുന്നു, ഒരു ഡാമിന്റെ ആയുസ്സ് തീരുമ്പോള്‍ വിദഗ്ധര്‍ പരിശോധിച്ച് അതിന്റെ ഡീകമ്മീഷന്‍ തീയതി നിശ്ചയിക്കണം. അതുകൊണ്ട് ഞാന്‍ ആദ്യത്തെ പ്രെയര്‍ ആയി വച്ചത് Fix the date of decommissioning of Mullapperiyar Dam എന്നാണ്. രണ്ടാമത്തെ പ്രെയര്‍ ആയി പറഞ്ഞത്, ഡാം തകര്‍ന്നാല്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്ന കേരളത്തിലെ ആളുകളുടെ അവകാശികള്‍ ജീവിച്ചിരുന്നാല്‍ അവര്‍ക്കു നഷ്ടപരിഹാരം കൊടുക്കണമെന്നാണ്. കൂടാതെ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി നശിച്ചാല്‍ കേരളസര്‍ക്കാരിനും നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ബെനഫിഷറി സ്റ്റേറ്റ് ആയ തമിഴ്‌നാട് കൊടുക്കണം. തമിഴ്‌നാട് വിറ്റാല്‍ കിട്ടാത്തത്ര തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടിവരും. ഞാന്‍ അങ്ങനെ ആവശ്യപ്പെട്ടത് അത്തരം സാഹചര്യത്തില്‍ തമിഴ്‌നാട് ധാര്‍ഷ്ട്യം വെടിഞ്ഞ് ഒരു ഒത്തുതീര്‍പ്പിനു വരുമെന്നു കരുതിയതുകൊണ്ടാണ്. ഏതായാലും, കേരളസര്‍ക്കാര്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്ത് എന്റെ ആവശ്യങ്ങളെ പിന്തുണച്ചില്ല. ബഹു. സുപ്രീം കോടതി ചോദിച്ചത്, നിങ്ങള്‍ 125 വര്‍ഷം പഴക്കമുള്ള ഈ ഡാമിന്റെ അടിയില്‍ ഉറങ്ങിക്കിടക്കുകയാണോ എന്നാണ്. ഈ ചോദ്യം ദി ഹിന്ദു, ദി ടൈംസ് ഓഫ് ഇന്ത്യ, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ ദേശീയപത്രങ്ങളിലും എന്‍.ഡി.റ്റി.വി. മുതലായ ചാനലുകളിലും ഹിന്ദിമേഖലകളിലെ പത്രങ്ങളിലും തമിഴ്‌നാട്ടിലെ എല്ലാ പത്രങ്ങളിലും ചാനലുകളിലും അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കേസിന്റെ വാദവേളയില്‍ തുടര്‍ന്ന് ബഹു. സുപ്രീം കോടതി, എന്തുകൊണ്ടാണ് നിങ്ങള്‍ മൂവരും (കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും കേരള സര്‍ക്കാരും) അവസരത്തിനൊത്ത് ഉയരാത്തത് (Why didn’t you rise to the occasion) എന്നു ചോദിച്ചിരുന്നു. ഇതും ദേശീയമാധ്യമങ്ങളും തമിഴ്മാധ്യമങ്ങളും ഒരു വലിയ ആഘോഷമാക്കിത്തീര്‍ത്തു. സഹികെട്ട സുപ്രീം കോടതി മൂന്നു സര്‍ക്കാരുകളും മൂന്ന് വെവ്വേറേ ദുരന്തനിവാരണസമിതികള്‍ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞു. ഇത് 2018 ജനുവരി 11 നുണ്ടായ ഉത്തരവാണ്. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഇത്തരം സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നതായോ അതിനെക്കുറിച്ച് നാളിതുവരെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതായോ എനിക്കറിവില്ല. അത്തരം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. വീണ്ടും പ്രളയത്തിന്റെ തീവ്രത കൂടിയപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയോട് നമ്മുടെ നാട് പ്രളയത്തിലാണെന്നും മഴ കനത്ത തോതിലാണെന്നും എല്ലാ ഡാമുകളും നിറഞ്ഞിരിക്കുന്നുവെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും ഞങ്ങളെ രക്ഷിക്കണമെന്നും പറഞ്ഞുകൊണ്ടും മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍നിന്ന് 3 അടിയെങ്കിലും താഴ്ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും ഒരു കത്തെഴുതിയിരുന്നു.
ആ കത്തിന് കേരള മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് 142 അടിയില്‍നിന്ന് ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുകയാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു മറുപടിക്കത്താണ് തമിഴ്‌നാട് മുഖ്യമന്ത്രി എഴുതിയത്.
ഇതില്‍ മനംനൊന്ത ഞാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചുകൊണ്ട് ജലനിരപ്പ് 142 അടിയില്‍നിന്ന് 139 അടിയിലേക്ക് കുറയ്ക്കാനുള്ള ഉത്തരവു സമ്പാദിച്ചു. ഇത് തമിഴ്‌നാടിന്റെ മുഖത്തേറ്റ രണ്ടാമത്തെ വലിയ പ്രഹരമായിരുന്നു. അന്താരാഷ്ട്രവിദഗ്ധര്‍ ഡാം പരിശോധിക്കുകതന്നെ വേണം.
നാം നിസ്സഹായരായ ഒരു ജനമാണ്. നമ്മുടെ തലയ്ക്കു മേലേ പ്രകൃതിയും വനവും നശിപ്പിച്ചുകൊണ്ട് 79 ഡാമുകളാണുള്ളത്. ഈ ഡാമുകളെല്ലാം ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നത് നമുക്കാവശ്യമുള്ളതിന്റെ 20% വൈദ്യുതി മാത്രമാണ്. ബാക്കി 80% വൈദ്യുതിയും നാം പുറത്തുനിന്നാണു വാങ്ങുന്നത്. മുല്ലപ്പെരിയാര്‍ ഡാം മാത്രം നശിപ്പിച്ചത് 640 Sq.Km വനമാണ് (ഇടുക്കി - 650 Sq.Km). മുല്ലപ്പെരിയാര്‍ നദിയെ പുറകോട്ടൊഴുക്കിയത് അന്താരാഷ്ട്രചട്ടങ്ങളുടെ ലംഘനമാണെന്നു പറഞ്ഞുകൊണ്ട് ഇത്തരമൊരു കേസ് കൊടുക്കാന്‍ എന്നെ നിര്‍ബ്ബന്ധിച്ചത് എന്റെ ഗുരുനാഥനായ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍സാറാണ്. ഭൂകമ്പങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ മൂന്നാമതാണ്. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 6.5-ല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാവാം. മഹാരാഷ്ട്രയിലെ ലാത്തൂര്‍ റിക്ടര്‍ സ്‌കെയിലില്‍ നാലുവരെ മാത്രം ഭൂകമ്പസാദ്ധ്യതയുള്ള ഒന്നാം മേഖലയിലാണ്. അവിടെ ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ട് റിക്ടര്‍ സ്‌കെയിലില്‍ 6.3 വന്ന ഭൂകമ്പമാണ് ഉണ്ടായത്. അപ്പോള്‍ കേരളത്തിന്റെ അവസ്ഥ എന്താവും!
കഴിഞ്ഞ 2011 ജൂലൈ 26 മുതല്‍ 2018 നവംബര്‍ 26 വരെ ഇരുപത്തഞ്ചിലധികം ഭൂചലനങ്ങളാണ് ഇടുക്കിമേഖലയില്‍ രേഖപ്പെടുത്തിയത്. റുര്‍ക്കി ഐ.ഐ.ടി.യുടെ ഒരു പഠനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 15 കി.മീ. ചുറ്റളവിനുള്ളില്‍ ഒരു ഭൂചലനമുണ്ടായാല്‍ ഡാം നശിക്കുമെന്നും ആറു ജില്ലകളിലെ 50 ലക്ഷം ജനങ്ങള്‍ ദാരുണമായി കൊല്ലപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച് ഭൂകമ്പസാധ്യതയുള്ള ലോകത്തിലെ പ്രധാന 9 അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. ഡാമുകളിലെ ജലസമ്മര്‍ദ്ദം ഹൈറേഞ്ചില്‍ ഭൂകമ്പസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പ്രമുഖ സീസ്‌മോളജിസ്റ്റ് ഹര്‍ജ് കെ. ഗുപ്ത ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ 300 കി.മീ. ചുറ്റളവില്‍ വന്‍പ്രഹരശേഷിയുള്ള 22 പ്രധാന ഭ്രംശമേഖലകള്‍ ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കമ്പത്തുനിന്ന് മുല്ലപ്പെരിയാര്‍വഴി മറ്റൊരു ഭൂഗര്‍ഭവിള്ളലുമുണ്ട്. ഈ ഭ്രംശമേഖലകളില്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ക്കു സാധ്യതയുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ ഭൂചലനത്തിനു സാധ്യതയുള്ള തേക്കടി, കൊടൈക്കനാല്‍ ഭ്രംശമേഖല മുല്ലപ്പെരിയാറില്‍നിന്ന് 16 കി.മീ. മാത്രം അകലെയാണ്. മുല്ലപ്പെരിയാര്‍ മേഖലയില്‍ത്തന്നെ റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിനു സാധ്യതയുണെ്ടന്ന് ഐ.ഐ.ടി. റിപ്പോര്‍ട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണത്തില്‍ ഭൂചലനത്തെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അന്ന് അത്തരത്തിലുള്ള ഒരു സാങ്കേതികജ്ഞാനം ഉണ്ടായിരുന്നില്ല. ഇടുക്കിയിലും മുല്ലപ്പെരിയാറിലുംകൂടി 85 ടി.എം.സി. വെള്ളമുണ്ട്. താഴെയുള്ള ചെറുഡാമുകള്‍ കണക്കിലെടുത്താല്‍ ഏകദേശം 100 ടി.എം.സി.യില്‍ കൂടുതല്‍ വെള്ളമുണ്ട്. 100 ടിഎം.സി. വെള്ളം എന്നാല്‍ 100 കി.മീ. നീളം 1 കി.മീ. വീതി 100 അടി താഴ്ചയിലുള്ള വെള്ളമാണ്. ഇത്രയും വെള്ളം 850 മീറ്റര്‍ ഉയരത്തില്‍നിന്ന് അറബിക്കടലില്‍ പതിച്ചാല്‍ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിര്‍ദിശയിലേക്കു മാറിക്കൊടുക്കേണ്ടതായി വരും. പിന്നീട് ബാലന്‍സ് ചെയ്യാന്‍വേണ്ടി ഒരു സുനാമിപോലെ തിരിച്ചുവന്ന് ലക്ഷദ്വീപും മാലിദ്വീപുകളും കേരളം മുഴുവനായും കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങളും, ഗോവയും മുംബൈയും നശിപ്പിക്കാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. ഈ വിഷയം ഞാന്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രഹരശേഷി, അമേരിക്ക ഹിരോഷിമയിലിട്ട ബോംബിന്റെ 180 ഇരട്ടിയാണെന്നു നാം മനസ്സിലാക്കണം. ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്ത ഇടുക്കിഡാമിന്റെ ഔട്ട്‌ലെറ്റായ കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു റോഡു മാത്രമാണെന്ന് നാം ഞെട്ടലോടെ ഓര്‍ക്കണം.
നാം അനിവാര്യമായ ഒരു മഹാദുരന്തത്തിന്റെ വക്കിലാണ്. നിസ്സാരവും അബദ്ധജടിലവും യാതൊരു പ്രയോജനവുമില്ലാത്തതുമായ കാര്യങ്ങളുമായി തിരക്കിലാണ്, ചര്‍ച്ചയിലാണ് നാം. മുല്ലപ്പെരിയാര്‍ ഡാം ഇടുക്കി ഡാമുമായി ചേര്‍ന്ന് ഒരു അശനിപാതമായി നമ്മുടെമേല്‍, നമ്മുടെ മക്കളുടെമേല്‍ പതിക്കുന്നതിനു മുമ്പ് നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.