•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

താരതമ്യമില്ലാത്ത രാഷ്ട്രീയപ്രതിഭാസം

രാഷ്ട്രീയത്തിലിറങ്ങിയിട്ട് അറുപതു വര്‍ഷം. നിയമസഭയിലായിട്ട് അന്‍പതു വര്‍ഷം. രണ്ടുതവണ മന്ത്രി. രണ്ടുപ്രാവശ്യം മുഖ്യമന്ത്രി. ഒരിക്കല്‍ പ്രതിപക്ഷനേതാവ്. മറ്റൊരിക്കല്‍ യു.ഡി.എഫ്. കണ്‍വീനര്‍. ഇപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി.
സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും കുടുംബപശ്ചാത്തലവും ഉമ്മന്‍ചാണ്ടിക്കു സ്വന്തം. രാഷ്ട്രീയവേരുകള്‍ പാരമ്പര്യപ്രകാരവും കോണ്‍ഗ്രസിലെന്നു സാരം. പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം മലയാളമനോരമ ബാലജനസഖ്യത്തില്‍. മനോരമയുടെ മാനസപുത്രനെന്ന് എന്നും എതിര്‍ചേരിയില്‍നിന്ന് ഒളിയമ്പും. കൂടുതല്‍ നേതൃത്വപാഠങ്ങളും തന്ത്രങ്ങളും പഠിച്ചതു യൂത്ത് കോണ്‍ഗ്രസ് കാലത്താവണം.
ഒരിക്കല്‍പോലും കഠാര കൈകൊണെ്ടടുത്തിട്ടില്ലെങ്കിലും കഠാരമുനകള്‍ക്കുമുന്നിലും പതറാതെനിന്ന ഒരു കാലവും കടന്നാണ് നേതൃത്വപദവികളുടെ പടവുകള്‍ കയറിയത്. ഉമ്മന്‍ ചാണ്ടിയുടേതു രാഷ്ട്രീയത്തുടര്‍ച്ചയുടെ മുറിഞ്ഞുപോകാത്ത ചരിത്രമാണ്. സ്വന്തം നിലപാടുകളോടും നയങ്ങളോടും വിയോജിപ്പുള്ളവര്‍ക്കുനേരേയും എന്നും എപ്പോഴും സൗഹൃദത്തിന്റെ കൈ നീട്ടുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ വിജയരഹസ്യം. അന്നും ഇന്നും ഈ നയത്തില്‍ വ്യതിയാനമുണ്ടായിട്ടുമില്ല.
ഉമ്മന്‍ ചാണ്ടി മനോരമ ബാലജനസഖ്യത്തിന്റെ തലപ്പത്തു വരുമ്പോഴാണ് ഞാനും ദീപിക ബാലസഖ്യത്തിന്റെ നേതൃനിരയില്‍ എത്തുന്നത്. അന്ന് മനോരമ ബാലജനസഖ്യത്തിന്റെ 'ശങ്കരച്ചേട്ടന്‍' പാലാ കെ.എം. മാത്യു സാറും ദീപിക ബാലസഖ്യത്തിന്റെ 'കൊച്ചേട്ടന്‍' ആബേലച്ചനുമായിരുന്നു. ഒ.സി.യും ഞാനും ഒരേ പ്രായവുമാണ്. 1943 ഒക്‌ടോബര്‍. എനിക്ക് ഏഴുദിവസത്തെ മൂപ്പാണ്. ഒക്‌ടോബര്‍ 24. ഉമ്മന്‍ ചാണ്ടി ഒക്‌ടോബര്‍ 31. അതിന്റെ പരിഗണന അദ്ദേഹം എന്നും തന്നിട്ടുണ്ട്. എന്നെ സിറിയക് തോമസ് എന്നു മുഴുവനായേ വിളിക്കൂ. അന്നും ഇന്നും. എന്നാല്‍, എനിക്ക് അദ്ദേഹത്തെ ഒ.സി. എന്നു വിളിക്കുവാനുള്ള സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. സീനിയോറിറ്റി പരിഗണിച്ചാവണമത്.
ഒരിക്കല്‍മാത്രം ഞാന്‍ ഒന്നു പതിവു തെറ്റിച്ചു. അന്നദ്ദേഹം മുഖ്യമന്ത്രിയാണ്. ഞാന്‍ എം.ജി.യില്‍ വൈസ് ചാന്‍സലറും. ഒന്നിച്ചൊരു ചടങ്ങിനെത്തിയതാണ്. ആളുകള്‍ നില്‌ക്കെ ഒ.സി. എന്നു വിളിക്കുന്നതിലെ അനൗചിത്യമോര്‍ത്തു ഞാന്‍ സി.എം. എന്നു വിളിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്റെ നേര്‍ക്കു നോക്കി. എന്നിട്ടൊന്നു ചിരിച്ചു. അപ്പോള്‍ത്തന്നെ എന്നെ വി.സി. എന്നു വിളിച്ചു 'പ്രതികാരം' ചെയ്യുകയും ചെയ്തു. പിന്നീടൊരിക്കലും അത്തരമൊരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നിട്ടില്ല. ഇപ്പോഴും എനിക്കദ്ദേഹം ഒ.സി. ആണ്. ഞാന്‍ അദ്ദേഹത്തിനു സിറിയക് തോമസും. അരനൂറ്റാണ്ടിന്റെ ഒരു ഇക്വേഷന്‍!
1969 ലെ ആദ്യമാസങ്ങളിലെന്നോ ആണ്, ഒ.സി.യും ഞാനും എറണാകുളം ഗസ്റ്റ് ഹൗസിലെ വി.ഐ.പി. മുറിക്കുമുമ്പില്‍ അടുത്തടുത്ത കസേരകളില്‍ കാത്തിരിക്കുകയാണ്. അന്നു കേന്ദ്രമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോനെ കാണുകയാണു കാര്യം. ഞാന്‍ അന്ന് പാലാ കോളജില്‍ അധ്യാപകനാണ്, ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും. ഉമ്മന്‍ചാണ്ടി അന്ന് യൂത്തു കോണ്‍ഗ്രസിന്റെ പ്രസിഡന്റും. ഗാന്ധി ജന്മശതാബ്ദിപ്രഭാഷണത്തിന് പനമ്പള്ളിയെ വിളിക്കാന്‍ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ കത്തുമായാണ് ഞാന്‍ ഊഴംകാത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി അവരുടെ ഒരു യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലേക്കു പനമ്പള്ളിയെ ക്ഷണിക്കുന്നതിനും. ഞങ്ങള്‍ രാവിലെ ഏഴരയ്ക്ക് എത്തിയതാണ്. എട്ടരയായിട്ടും മന്ത്രി പ്രഭാതഭക്ഷണം കഴിഞ്ഞിട്ടില്ല. ഭക്ഷണം മുറിയിലേക്കു കൊണ്ടുപോകുന്നതേയുള്ളു. പുട്ടും പഴവുമാണത്രേ പനമ്പള്ളിക്കു പഥ്യം. ഒ.സി.യും ഞാനും ഞങ്ങള്‍ക്കറിയാവുന്ന നേതാക്കളുടെ ഇഷ്ടഭക്ഷണത്തെക്കുറിച്ചായി ചര്‍ച്ച. ഒ.സി.ക്കു നല്ല നര്‍മ്മമുണ്ട്. കുറച്ചുകഴിഞ്ഞ് ഒരാള്‍ വന്ന് അകത്തോട്ടു ചെല്ലാന്‍ പറഞ്ഞു. ഒ.സി. എന്നോട് ആദ്യം പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു മര്യാദ കാണിച്ചു. ഞാന്‍ തിരിച്ചും. ഒ.സി. സമ്മതിച്ചില്ല.
പതിവുപോലെ പനമ്പള്ളി ആദ്യം ഇരിക്കാനൊന്നും പറഞ്ഞില്ല. കൊട്ടുകാപ്പള്ളിയുടെ കത്തു വായിച്ചതോടെ ആര്‍.വി.യുടെ മകനാണെന്ന് ആദ്യം പറയാതിരുന്നതെന്താണെന്ന് വക്കീല്‍രീതിയില്‍ ക്രോസ് വിസ്താരം ചെയ്തുകൊണ്ട് ചിരിച്ചു. ഇരിക്കാന്‍ പറഞ്ഞിട്ട് കോളേജില്‍ മാഷ് ആണ് അല്ലേ എന്നും ചോദിച്ചു. കൊട്ടുകാപ്പള്ളിയുടെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചു. പ്രഭാഷണത്തിനു വരാമെന്നു സമ്മതിക്കുകയും ചെയ്തു.
പനമ്പള്ളിയെക്കാണാന്‍ കാത്തിരുന്ന സമയത്ത് ഒ.സി.യും ഞാനും അക്കാലത്തെ ചില മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാക്കളുടെ പെരുമാറ്റശൈലികളെക്കുറിച്ചു താരതമ്യചര്‍ച്ച നടത്തിയതും ഞാനോര്‍മ്മിക്കുന്നു. ചിലര്‍ എത്ര അയത്‌നലളിതമായിട്ടാണ് പ്രവര്‍ത്തകരോടിടപെടുന്നതെന്നും മറ്റുചിലര്‍ പദവികളിലെത്തിയാല്‍ മനഃപൂര്‍വ്വം മസില്‍പിടിക്കുന്നതുമൊക്കെ ഞങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കിയതോര്‍ക്കുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തോന്നുന്നത് ഇന്നേവരെ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അദ്ദേഹം ആരോടെങ്കിലും മര്യാദവിട്ടു പെരുമാറിയതായി അദ്ദേഹത്തിന്റെ എതിര്‍ചേരിയില്‍പെട്ടവര്‍പോലും ആക്ഷേപം പറഞ്ഞിട്ടില്ല എന്നതിലാണ്. എന്നു മാത്രവുമല്ല, ഉപചാരമര്യാദകളുടെ പാഠങ്ങള്‍ ഹൃദിസ്ഥമാക്കുവാനുള്ള ഒരു നല്ല പാഠപുസ്തകമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളും സമ്മതിക്കാതിരിക്കുകയുമില്ലല്ലോ.
ആരോടിടപെടുമ്പോഴും ഉമ്മന്‍ ചാണ്ടി ക്ഷോഭിക്കുന്നില്ല. കയര്‍ത്തുസംസാരിക്കുന്നില്ല. നിയമസഭയില്‍പ്പോലും തന്നെ നിശിതമായി വിമര്‍ശിക്കുന്നവരോടും സൗമ്യമായി ഇടപെടുന്നുവെന്നതാണ് ഒ.സി.യുടെ നയതന്ത്രം. 'ഭൂമിയോളം ക്ഷമ' എന്ന പ്രയോഗത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഉമ്മന്‍ ചാണ്ടിയെന്നു പറഞ്ഞാലും അതില്‍ അതിശയോക്തിമില്ല. 
ഒരിക്കല്‍ - അന്നു ഞാന്‍ കോട്ടയത്ത് വൈസ്ചാന്‍സലര്‍ ചുമതലയിലാണ്; ഒ.സി. അന്നു യു.ഡി.എഫ്. കണ്‍വീനറും- യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തില്‍ ഞാനെടുത്ത നിലപാടിനെതിരേ അദ്ദേഹത്തിന്റെ പക്ഷത്തെ സര്‍വ്വീസ് സംഘടന ശക്തമായ മറുനിലപാടിലായി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് എനിക്കു മാറാനാവുമായിരുന്നില്ല. സര്‍വ്വകലാശാലയിലെ കെട്ടിടംപണി കേന്ദ്ര പി.ഡബ്ല്യു.ഡി.ക്കു കൊടുക്കണമെന്നതായിരുന്നു എന്റെ നിലപാട്. അവര്‍ അത് യൂണിവേഴ്‌സിറ്റിയിലെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരില്‍ ഒരാള്‍ക്കുതന്നെ നല്‍കണമെന്ന മറുവാദത്തിലും. അപ്പോഴാണ് ഒരു മുതിര്‍ന്ന സിന്‍ഡിക്കേറ്റു മെമ്പര്‍ വി.സി., ഒ.സി.യുമായി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് എന്നോടു പറഞ്ഞത്. എനിക്കതിനു യാതൊരു തടസ്സവുമില്ലെന്നും കൂടിക്കാഴ്ച നാട്ടകം ഗസ്റ്റ് ഹൗസിലാകാമെന്നും ഞാനും നിലപാടു പറഞ്ഞു. അപ്പോഴാണ് ഒ.സി.യുടെ നന്മയുടെ ആഴം ഞാന്‍ കണ്ടത്. രാത്രി അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. സിറിയക് തോമസ് ഗസ്റ്റ് ഹൗസിലേക്കു വരേണ്ട. അതുപിന്നെ വാര്‍ത്തയായാല്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടാകും. ഞാന്‍ യൂണിവേഴ്‌സിറ്റിയിലേക്കു വരാമെന്നായി ഒ.സി. അപ്പോള്‍ ഞാന്‍ പറഞ്ഞു, വി.സി.യെ കാണാന്‍ യു.ഡി.എഫ്. കണ്‍വീനര്‍ യൂണിവേഴ്‌സിറ്റിയില്‍ വരുന്നതിലും ഒരഭംഗിയുണ്ടല്ലോ. അതുകൊണ്ട് വീട്ടിലേക്കു വന്നാല്‍ മതി. ഉച്ചഭക്ഷണവും അവിടെ കഴിക്കണം. ഇത് ഒ.സി.യും സിറിയക് തോമസും തമ്മിലുള്ള സ്വകാര്യ സൗഹൃദസന്ദര്‍ശനമാണ്. ''അങ്ങനെതന്നെയാവട്ടെ, നാളെ 12 മണി'' അപ്പോള്‍ത്തന്നെ കാര്യം തീരുമാനമായി.
പക്ഷേ, ഒ.സി. എത്തിയപ്പോള്‍ രണ്ടു മണിയായി. ഉച്ചഭക്ഷണം കഴിഞ്ഞു ചര്‍ച്ചയാവാമെന്ന എന്റെ നിര്‍ദ്ദേശത്തിനു പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ചര്‍ച്ചകഴിഞ്ഞ് ഊണെന്ന ബദല്‍ നിര്‍ദ്ദേശം വച്ചു. ഞാനും സമ്മതിച്ചു. പ്രശ്‌നത്തില്‍ എനിക്കുള്ള ബുദ്ധിമുട്ടുകള്‍, ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിയമോപദേശം ഉള്‍പ്പെടെ എല്ലാം ഞാന്‍ ഒ.സി.യോടു തുറന്നുപറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ടു. എന്നിട്ടെന്നോടു ചോദിച്ചു. കാറില്‍ കോണ്‍ഗ്രസ് യൂണിയന്റെ രണ്ടു നേതാക്കളുണ്ട്. അവര്‍ക്കുകൂടി ഊണുണ്ടാകുമോ? വി.സി.യുടെ വീട്ടില്‍ അതവരുടെ അവകാശമല്ലേ എന്നുള്ള എന്റെ മറുപടി കേട്ട് ഉമ്മന്‍ ചാണ്ടി ചിരിച്ചു. കാര്യങ്ങള്‍ ഞാന്‍ അവരോടു പറഞ്ഞുകൊള്ളാമെന്നും എനിക്ക് ഒ.സി.യുടെ ഉറപ്പ്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് ഊണുകഴിഞ്ഞതോടെ പ്രശ്‌നത്തില്‍ മഞ്ഞുരുകി. യൂണിയന്‍ നേതാക്കള്‍ ഒ.സി.യുടെ ഉപദേശപ്രകാരം അവരുടെ നിലപാടു മയപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ നന്മയുടെ ഒരുവശം അനുഭവത്തില്‍നിന്ന് ഓര്‍ത്തെടുത്തുവെന്നുമാത്രം.
വര്‍ഷങ്ങള്‍ക്കുശേഷം 2008 ല്‍ അല്‍ഫോന്‍സാമ്മയുടെ നാമകരണച്ചടങ്ങിന് റോമിലേക്ക് ഇന്ത്യയുടെ ഔദ്യോഗികപ്രതിനിധിസംഘത്തെ അയയ്ക്കുന്ന സമയം. കേന്ദ്രഗവണ്മെന്റിലേക്കുള്ള ലിസ്റ്റ് കൊടുക്കുവാന്‍ ഉമ്മന്‍ചാണ്ടി പാലാ ബിഷപ്പിനോടാണാവശ്യപ്പെട്ടത്. അന്ന് ഒ.സി. ഇവിടെ പ്രതിപക്ഷനേതാവാണ്. കേന്ദ്രത്തില്‍ യു.പി.എ. ഭരണവും. ബിഷപ് നല്‍കിയ ലിസ്റ്റില്‍നിന്ന് എന്റെ പേര് ഒഴിവാക്കുന്നതിനു യു.ഡി.എഫിലെ അന്നത്തെ ഒരു ഘടകകക്ഷിനേതാവില്‍നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായത്രേ. പക്ഷേ, ബിഷപ്പിന്റെ ലിസ്റ്റില്‍ മാറ്റം വേണെ്ടന്ന നിലപാടില്‍ അന്ന് ഒ.സി. ഉറച്ചുനിന്നു. ഞാന്‍ പ്രതിനിധിസംഘാംഗമെന്ന നിലയില്‍ത്തന്നെ റോമിനു പോവുകയും ചെയ്തു.
2013 ല്‍ അമ്മയുടെ (മിസ്സിസ് ആര്‍.വി. തോമസ്) ജന്മശതാബ്ദി വന്നപ്പോള്‍ ഒ.സി. മുഖ്യമന്ത്രിയാണ്. അമ്മയുടെ ജന്മദേശമായ കോട്ടയത്തുവച്ചു നടന്ന ജന്മശതാബ്ദിയാഘോഷസമ്മേളനം തിരക്കുകള്‍ക്കിടയിലും അതിനായിത്തന്നെ തിരുവനന്തപുരത്തുനിന്നു വന്ന് ഉദ്ഘാടനം ചെയ്തുവെന്നതിനുപുറമേ സ്മരണികയിലേക്ക് അമ്മയെക്കുറിച്ചുള്ള ഒ.സി.യുടെ ഹൃദ്യമായ ഓര്‍മ്മകള്‍ പങ്കുവച്ച ലേഖനവും തരികയുണ്ടായി. 
അമ്മ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന കാലത്ത് ജസ്റ്റീസ് കെ.ടി. തോമസും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ അമ്മയുടെ ഇഷ്ടപുത്രന്മാരായിരുന്നല്ലോ. കേരളം കണ്ട ജനപ്രിയരായ മുഖ്യമന്ത്രിമാരുടെയും മുന്‍നിരയിലാണ് ഉമ്മന്‍ചാണ്ടി എന്നതിലും തര്‍ക്കമില്ല. അതില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പൊതുനിഗമനം. ഇ.കെ. നായനാര്‍. അദ്ദേഹം നിഷ്‌കളങ്കമായ നര്‍മ്മംകൊണ്ടാണ് ജനങ്ങളെ ഒപ്പം നിര്‍ത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി രാപകല്‍ഭേദമെന്യേ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടാണ് തന്റെ ജനസമ്മതിയുടെ ഗ്രാഫുയര്‍ത്തിയത്. നായനാരും ഉമ്മന്‍ ചാണ്ടിയും ജനങ്ങളുടെ വിലയിരുത്തലില്‍ നല്ല ലീഡര്‍ മെറ്റീരിയല്‍സ് മാത്രമല്ല, നല്ല ചീഫ് മിനിസ്റ്റര്‍ മെറ്റീരിയല്‍സുമാണ്. ഇവര്‍ രണ്ടുപേരേക്കാളും പ്രതാപികളും ബുദ്ധിശാലികളും തന്ത്രശാലികളും കര്‍ക്കശക്കാരും ആദര്‍ശവാദികളും മാത്രമല്ല, താത്ത്വികരും സാത്വികരും പണ്ഡിതരും പ്രഭാഷകരും ഭരണനൈപുണ്യമുള്ളവരുമായ മുഖ്യമന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ടാവാം. പക്ഷേ, ജനങ്ങളെ അവരുടെ ഹൃദയങ്ങളോടു ചേര്‍ത്തുപിടിച്ചവരും ജനങ്ങള്‍ അവരുടെ ഹൃദയങ്ങളോടു ചേര്‍ത്തുവച്ചവരുമായ മുഖ്യമന്ത്രിമാര്‍ ഇവര്‍ രണ്ടുപേരുമാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നുവെന്നതാണ് ശരി.
ഉമ്മന്‍ ചാണ്ടിയുടെ ഒരു സവിശേഷത ഒരിക്കല്‍പോലും പറഞ്ഞവാക്കു തിരിച്ചെടുക്കേണ്ടിവന്നിട്ടില്ല എന്നതാണ്. എതിരാളികളെപ്പറ്റിപ്പോലും മര്യാദയില്ലാത്ത ഭാഷ ഇന്നേവരെ ഉപയോഗിച്ചിട്ടുമില്ല. തന്ത്രങ്ങള്‍ പഠിക്കേണ്ടതും ഉമ്മന്‍ ചാണ്ടിയില്‍നിന്നുതന്നെ. 
മുഖ്യമന്ത്രിയായിരിക്കേ, ഒരുദിവസം ഡല്‍ഹിയില്‍നിന്ന് അതിരാവിലെ വിമാനത്തില്‍ കൊച്ചിയിലെത്തിയ ഉമ്മന്‍ചാണ്ടിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. തലേന്ന് കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിനെതിരേ അല്പം കടുത്ത ഭാഷ ഉപയോഗിച്ച് എന്തോ പറഞ്ഞതിനെപ്പറ്റിയായിരുന്നു ചോദ്യങ്ങള്‍. താന്‍ അതു കേട്ടില്ലെന്നായി മുഖ്യമന്ത്രി. എല്ലാ പത്രങ്ങളും ചാനലുകളും അതു റിപ്പോര്‍ട്ടുചെയ്തിട്ടുണെ്ടന്നു മാധ്യമസുഹൃത്തുക്കള്‍. താനതു വായിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി. അങ്ങനെ കോടിയേരി പറഞ്ഞതാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ തറപ്പിച്ചുപറഞ്ഞതോടെ ഉമ്മന്‍ ചാണ്ടി അടവു മാറ്റി. തനിക്ക് കോടിയേരിയെ വര്‍ഷങ്ങളായി അറിയാമെന്നും കോടിയേരി ഒരിക്കലും തന്നെപ്പറ്റി അങ്ങനെ ഒരു പരാമര്‍ശം നടത്തുകയില്ലെന്നും താന്‍ കോടിയേരിയെ വിളിച്ചു സംസാരിക്കാമെന്നും അതുകഴിഞ്ഞു മാധ്യമങ്ങളെക്കാണാമെന്നും ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്.
ഉച്ചയായതോടെ കോടിയേരി മാധ്യമങ്ങളെ കണ്ടു. താന്‍ ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതെന്നു നിലപാടു മയപ്പെടുത്തി. തന്നെപ്പോലെ ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയെപ്പറ്റി അങ്ങനെയെന്തെങ്കിലും പറയുമോ എന്ന് കോടിയേരി മറുചോദ്യമുയര്‍ത്തിയതോടെ വിവാദം കെട്ടടങ്ങുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ നയതന്ത്രത്തിന്റെ ഒരു സാമ്പിള്‍ ഓര്‍ത്തുപോയതാണ്. കോടിയേരിയുടെ മറുതന്ത്രത്തിന്റെയും.
ദേശീയ ന്യൂനപക്ഷകമ്മീഷനിലേക്കും എന്റെ പേര് എ.കെ. ആന്റണിയോടും മന്ത്രി കപില്‍ സിബലിനോടും നിര്‍ദ്ദേശിച്ചതും ഉമ്മന്‍ ചാണ്ടിയും പ്രൊഫ. പി.ജെ. കുര്യനും ചേര്‍ന്നാണ്. അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശും അനുകൂലനിലപാടെടുത്തു. വ്യത്യസ്ത സഭാവിഭാഗങ്ങളുടെ തലവന്മാരും അക്കാര്യത്തില്‍ ഉറച്ച നിലപാടു സ്വീകരിച്ചുവെന്നും ഞാനോര്‍ക്കുന്നു. പിന്നീട് കമ്മീഷന്‍ കാലാവധി തീര്‍ന്നു നാട്ടിലെത്തുമ്പോള്‍ ഒ.സി.യാണു മുഖ്യമന്ത്രി. എന്റെ സതീര്‍ത്ഥ്യനായിരുന്ന മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും. കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ സാധ്യതാപഠനത്തിനുള്ള കമ്മീഷന്റെ ചെയര്‍മാനായി നിയോഗിച്ചതും എന്നെയാണ്. സുതാര്യമായ മാനദണ്ഡങ്ങളോടെ സ്വകാര്യ സര്‍വ്വകലാശാലകളുടെ സാധ്യത പരീക്ഷിക്കാമെന്നുതന്നെയായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ഇപ്പോള്‍ ദേശീയവിദ്യാഭ്യാസനയത്തിലും സമാനമായ നിര്‍ദ്ദേശങ്ങളുണ്ട്. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പി.ജെ. ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണല്ലോ സ്വാശ്രയ കോളജുകള്‍ക്കും സ്വയംഭരണകോളജുകള്‍ക്കും (ഓട്ടോണമസ്) അനുകൂലനിലപാടുണ്ടായത്. മാറുന്ന കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളിലും സമീപനങ്ങളിലും മാറ്റങ്ങളുണ്ടായേ പറ്റൂ. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറം കാണുന്ന ഭരണാധികാരികളെയാണല്ലോ നാം ക്രാന്തദര്‍ശികള്‍ എന്നു പറയുക. ഉമ്മന്‍ ചാണ്ടിയും ആ ഗണത്തില്‍ വരുമെന്നതാണ് അദ്ദേഹത്തിന്റെ നിയമസഭാ ജൂബിലിവേളയില്‍ ജനങ്ങള്‍ തിരിച്ചറിയുന്ന സുവര്‍ണരേഖ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)