•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്ത്യന്‍ സാമ്പദ്‌വ്യവസ്ഥ ഇരുള്‍വഴിയില്‍

ക്കങ്ങളിലൂടെ സാമ്പത്തികകാര്യങ്ങള്‍ വിശദീകരിക്കുന്നതു പല രീതിയിലും സൗകര്യപ്രദമാണ്. അതേസമയം, അതു പല യാഥാര്‍ഥ്യങ്ങളും ശരിയായി മനസ്സിലാക്കുന്നതിനു തടസ്സമാകുകയും ചെയ്യുന്നു. ജി.ഡി.പി. അഥവാ മൊത്തആഭ്യന്തരോത്പാദനം സംബന്ധിച്ച കണക്കുകളും അങ്ങനെതന്നെ. സാമ്പത്തികത്തകര്‍ച്ചയുടെ യഥാര്‍ഥ ദൈന്യം അക്കങ്ങളിലും ശതമാനക്കണക്കുകളിലും തെളിയില്ല. കൊവിഡുകാലത്തും കഥയ്ക്കു മാറ്റമില്ല. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനം കുറഞ്ഞു. എന്താണു സംഭവിച്ചത്?രാജ്യത്ത് അത്രകണ്ട് തൊഴിലും വരുമാനവും കുറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വരുമാനം നാലിലൊന്നോളം കുറഞ്ഞു. 

ഒരുപോലെയല്ല
എല്ലാവര്‍ക്കും ഒരേ തോതിലല്ല വരുമാനം കുറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാരുടെയും സംഘടിതമേഖലയിലുള്ളവരുടെയുമൊന്നും വരുമാനം കുറഞ്ഞില്ല. എന്നാല്‍, അസംഘടിതവിഭാഗങ്ങള്‍ക്കുണ്ടായ നഷ്ടവും അവര്‍ക്കേറ്റ ആഘാതവും വളരെ വലുതായിരുന്നു. ദിവസക്കൂലിക്കാര്‍, കരാര്‍പണിക്കാര്‍, ചെറിയ സംരംഭകര്‍, ഇടത്തരം വ്യവസായികള്‍, അവയില്‍ ജോലിയെടുക്കുന്നവര്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് വലുതായ കഷ്ടനഷ്ടങ്ങള്‍ നേരിട്ടു.
കൊവിഡ്‌വ്യാപനം തടയാനെന്ന പേരില്‍ മാര്‍ച്ച് അവസാനം രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗണും അനുബന്ധ നടപടികളുമാണ് ഈ വന്‍തകര്‍ച്ചയ്ക്കു കാരണമെന്നാണ് സര്‍ക്കാര്‍പക്ഷത്തുനിന്നുള്ള വിശദീകരണം. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ അഭിമാനകരമായ വളര്‍ച്ച നേടുമായിരുന്നു എന്നു വ്യംഗ്യം. 
പക്ഷേ, സത്യമതല്ല. കുറെ വര്‍ഷങ്ങളായി ഇന്ത്യയുടെ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച താഴോട്ടായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ ജിഡിപി വളര്‍ച്ച, 2016-17 - 8.3 %, 2017-18 - 7 %, 2018-19 - 6.1 %, 2019-20 - 4.2% എന്നിങ്ങനെ ക്രമമായി താഴോട്ടുപോന്നു. 
ഇതു ത്രൈമാസക്കണക്കിലേക്കു മാറിയാല്‍ കൂടുതല്‍ വലിയ തകര്‍ച്ച കാണാം. 2018 ജനുവരി - മാര്‍ച്ചില്‍ 8.2 ശതമാനം വളര്‍ന്ന സ്ഥാനത്ത് 2020 ജനുവരി - മാര്‍ച്ചില്‍ 3.1 ശതമാനം വളര്‍ച്ചമാത്രം. കറന്‍സിറദ്ദാക്കലോടെ തുടങ്ങിയ തകര്‍ച്ച കൊവിഡിനെത്തുടര്‍ന്ന് കൂടുതല്‍ തീവ്രമായി എന്നുമാത്രം. തെറ്റായ നയങ്ങളും സമീപനങ്ങളും തളര്‍ച്ചയിലേക്കും ഒടുവില്‍ തകര്‍ച്ചയിലേക്കും നയിച്ചു.
ഇനിയോ?
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ജിഡിപി തകര്‍ച്ച ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു. 
ത്രൈമാസക്കണക്കുകള്‍ തയ്യാറാക്കിത്തുടങ്ങിയശേഷം ഇത്രവലിയ തകര്‍ച്ച ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷമുള്ള 73 വര്‍ഷത്തിലൊരിക്കല്‍പോലും ഇതിനു സമാനമായ തകര്‍ച്ച സാമ്പത്തികരംഗത്തു സംഭവിച്ചിട്ടില്ല.

2020-21 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലെ ഈ തകര്‍ച്ച വരുംപാദങ്ങളിലും തുടരുമെന്നതാണു ദയനീയമായ കാര്യം. ജൂലൈ-സെപ്റ്റംബറിലും ഒക്‌ടോബര്‍-ഡിസംബറിലും ജിഡിപി ചുരുങ്ങുമെന്നാണ് ഈ രംഗത്തു കാര്യവിവരമുള്ള ഗവേഷകരും ഏജന്‍സികളും പറയുന്നത്. അടുത്ത ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ജിഡിപി ചെറിയ തോതിലെങ്കിലും വളരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഈ സാമ്പത്തികവര്‍ഷം മൊത്തമെടുത്താല്‍ വളരെ കടുത്ത തകര്‍ച്ചയാണു പ്രതീക്ഷിക്കാനുള്ളതെന്നാണ് പ്രവചനങ്ങള്‍. ആദ്യമൊക്കെ നേരിയ ഉയര്‍ച്ച പ്രവചിച്ചവര്‍പോലും ഇപ്പോള്‍ വലിയ തളര്‍ച്ചയിലേക്കാണു യാത്ര എന്നു പറയുന്നു. ചില ധനകാര്യഗവേഷണസ്ഥാപനങ്ങളുടെ വാര്‍ഷിക ജിഡിപി പ്രവചനം ഇങ്ങനെ: 
ഗോള്‍ഡ്മാന്‍ സാക്‌സ് (-) 14.8%, ഫിച്ച് റേറ്റിംഗ്‌സ് (-) 10.5%, ഇന്ത്യ റേറ്റിംഗ്‌സ് (-) 11.8%, മൂഡീസ് (-) 11.5%, എസ് ബി ഐ (-) 10.9%
ഇങ്ങനെ പോയാല്‍?
സ്വാതന്ത്ര്യലബ്ധിക്കുശേഷം നാലു തവണയേ ഇന്ത്യയുടെ വാര്‍ഷിക ജിഡിപി ചുരുങ്ങിയിട്ടുള്ളൂ. 1957-58 (–1.8%), 1965-66 (–3.66%), 1972-73 (–0.32%), 1979-80 (–5.2%) എന്നീ വര്‍ഷങ്ങളിലാണ് അത്. നാലു തവണയും വരള്‍ച്ചയായിരുന്നു വില്ലന്‍. വരള്‍ച്ച കാര്‍ഷികോത്പാദനം കുറച്ചു; ഭക്ഷ്യക്ഷാമവും ഉണ്ടായി.
ജിഡിപി ചുരുങ്ങുകയെന്നാല്‍ രാജ്യത്തെ സമ്പത്ത് ഉത്പാദനം തലേവര്‍ഷത്തെക്കാള്‍ കുറവാകുക എന്നാണര്‍ത്ഥം. കാര്‍ഷിക, വ്യവസായ, സേവനമേഖലകളിലെല്ലാംകൂടി നടക്കുന്ന ഉത്പാദനം തലേവര്‍ഷത്തെക്കാള്‍ കുറയുന്നു.
ഓരോ വര്‍ഷവും ജനസംഖ്യ ഒന്നര ശതമാനം കൂടുന്നു. നാലോ അഞ്ചോ ശതമാനം വിലക്കയറ്റവും ഉണ്ടാകുന്നു. അതായത്, തലേവര്‍ഷത്തെക്കാള്‍ ആറേഴു ശതമാനം അധികം സമ്പത്ത് (ജിഡിപി) ഉണ്ടായാലേ തലേവര്‍ഷത്തെ ജീവിതനിലവാരം സാധ്യമാകൂ. സ്റ്റാറ്റസ്‌ക്വോ തുടരണമെങ്കില്‍ വേണ്ട ചുരുങ്ങിയ വളര്‍ച്ചയാണത്.
പകരം, പത്തോ പതിനഞ്ചോ ശതമാനം കുറയുകയെന്നാല്‍ ജനങ്ങളുടെ ജീവിതനിലവാരം തലേവര്‍ഷത്തെക്കാള്‍ വളരെ മോശമാകുക എന്നാണര്‍ത്ഥം. തൊഴിലും വരുമാനവും കുറയും. അസംഘടിതവിഭാഗങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം സഹിക്കേണ്ടിവരുന്നത്.
നഷ്ടക്കണക്ക്
2019-20ല്‍ ഇന്ത്യയുടെ ജിഡിപി 204 ലക്ഷം കോടി രൂപ ആയിരുന്നെന്നാണു കണക്കാക്കിയത്. ഈ വര്‍ഷം അതു പത്തുശതമാനം വര്‍ധിച്ച് 224.89 ലക്ഷം കോടി ആകുമെന്നായിരുന്നു പ്രതീക്ഷ.
അതിന്റെ സ്ഥാനത്ത് 15 ശതമാനത്തോളം കുറവുവരുമ്പോഴത്തെ നിലനോക്കുക. ജി.ഡി.പിയില്‍ 30.6 ലക്ഷം കോടി രൂപ കുറയും. 225 ലക്ഷം കോടി രൂപയോളം പ്രതീക്ഷിച്ചിട്ട് 174 ലക്ഷം കോടിയിലേക്കു താഴും ജി.ഡി.പി. മൂന്നു വര്‍ഷം മുമ്പത്തെ നിലയിലേക്കു താഴും ജീവിതനിലവാരം. അത്രകണ്ടു തൊഴിലും കുറയും.
കോടിക്കണക്കിനു തൊഴിലുകളാണ് ലോക്ഡൗണ്‍ കാലത്തു നഷ്ടമായത്. ലോക്ഡൗണ്‍ മാറ്റിയെങ്കിലും ഒരു മേഖലപോലും പഴയ രീതിയില്‍ എത്തിയിട്ടില്ല. തൊഴിലും വരുമാനവും എല്ലാം കുറഞ്ഞു.
ആശ്വാസം, ഉത്തേജനം
ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും കൊവിഡ് എല്ലാ കണക്കുകൂട്ടലും മാറികടന്ന് വ്യാപിക്കുകയും ചെയ്തപ്പോള്‍ എല്ലാ വിദഗ്ധരും ഉപദേശിച്ച ഒരു കാര്യമുണ്ട്. സര്‍ക്കാര്‍ ബൃഹത്തായ ഉത്തേജനപദ്ധതിയും സമഗ്രമായ ആശ്വാസപദ്ധതിയും പ്രഖ്യാപിക്കണം. കേന്ദ്രസര്‍ക്കാര്‍ ചില ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചു. ഉത്തേജനം എന്നപേരില്‍ മറ്റുചിലതും. വലിയ തുകകള്‍ പറഞ്ഞു. പക്ഷേ, ചെയ്യുന്ന കാര്യങ്ങള്‍ കുറവായിരുന്നു. കുറച്ചു സൗജന്യറേഷന്‍ മാത്രമാണ് അധികച്ചെലവായി വന്നത്. ബാക്കി നിലവിലുള്ള പദ്ധതികള്‍ ആവര്‍ത്തിച്ചതുമാത്രം. വ്യവസായങ്ങള്‍ക്കും മറ്റും പ്രഖ്യാപിച്ച പല പരിപാടികളും വായ്പാസഹായം മാത്രമായിരുന്നു.
വ്യക്തികളും കുടുംബങ്ങളും വ്യാപാര-വ്യവസായ സംരംഭങ്ങളും നേരിട്ടത് വലിയ വരുമാനനഷ്ടമാണ്. ധാരാളം പേരുടെ തൊഴില്‍ നഷ്ടമായി. സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. അവര്‍ക്കെല്ലാം വേണ്ടിയിരുന്നത് വരുമാനമാണ്. അതായത്, പണം.
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിമുതല്‍ നിരവധിപേര്‍ ജനങ്ങളുടെ കൈയില്‍ നേരിട്ടു പണം എത്തിക്കുന്ന ആശ്വാസനടപടികള്‍ വേണമെന്നു നിര്‍ദ്ദേശിച്ചു. പട്ടിണിയും ദാരിദ്ര്യവും ഒഴിവാക്കാനും രാജ്യത്തു സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യം കൂട്ടാനും അതു വേണ്ടിയിരുന്നു.
അതേപോലെ അടിസ്ഥാനസൗകര്യമേഖലയിലടക്കം വലിയ പദ്ധതികള്‍ നടപ്പാക്കുന്ന ഉത്തേജക പദ്ധതി വേണമെന്ന് എല്ലാവരും നിര്‍ദ്ദേശിച്ചു. അതുവഴിമാത്രമേ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ പറ്റൂ.
ഒന്നും ചെയ്തില്ല; എന്നിട്ടും...
പക്ഷേ, ചില വാചകമടികള്‍ കഴിഞ്ഞാല്‍, പണം ജനങ്ങളിലേക്കും വിപണിയിലേക്കും ഒഴുകുന്നതരത്തില്‍ ഒന്നുംതന്നെ ചെയ്തില്ല. കമ്മി വര്‍ധിക്കുമെന്ന ഭയമാണു കാരണം. കമ്മികൂടിയാല്‍ രാജ്യത്തിന്റെ റേറ്റിംഗ് പോകുമെന്നു ഭയപ്പെട്ടു.
വേണ്ടതു ചെയ്തില്ല എന്നതുകൊണ്ട് കമ്മി കൂടാതിരിക്കുന്നില്ല. 3.5 ശതമാനം കമ്മി പ്രതീക്ഷിച്ചത് 8 ശതമാനത്തിനു മുകളിലേക്കാണു നീങ്ങുന്നത്. സര്‍ക്കാരിന്റെ കടം ജി.ഡി.പിയുടെ 72 ശതമാനത്തില്‍നിന്ന് 90 ശതമാനത്തിലേക്കു കുതിച്ചുകയറുന്ന സ്ഥിതി. വളര്‍ച്ചയാകട്ടെ കൂപ്പുകുത്തുന്നു.
സങ്കീര്‍ണം, ഭീതിജനകം
സ്ഥിതിവിശേഷം സങ്കീര്‍ണമാക്കുന്ന വേറൊരു സംഗതിയുണ്ട്: വിലക്കയറ്റം. വളര്‍ച്ച ഇടിയുമ്പോള്‍ വിലക്കയറ്റം കുതിക്കുന്ന ഇന്ത്യന്‍ വൈരുധ്യം. ജൂലൈയില്‍ 6.93 ശതമാനമാണ് ചില്ലറ വിലക്കയറ്റം. കര്‍ഷകര്‍ തീരെക്കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വില്‌ക്കേണ്ട ദുരവസ്ഥയിലായി. അതേസമയം ഉപഭോക്താക്കള്‍ വളരെ കൂടിയ വിലയ്ക്ക് ധാന്യങ്ങളും പയറുവര്‍ഗങ്ങളും പച്ചക്കറികളും വാങ്ങേണ്ടിവന്നു.
ഇങ്ങനെ ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യത്തെ കൂടുതല്‍ ഭീതിദമാക്കുന്നതാണ് അതിര്‍ത്തിയിലെ സംഘര്‍ഷം. ഒരു യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും അപ്രതീക്ഷിതമായി വലിയ ചെലവ് അതിര്‍ത്തിയിലേക്കു വേണ്ടിവരുന്നു. സൈനികവിഭാഗങ്ങള്‍ക്ക് അടിയന്തരമായി ധാരാളം ആയുധങ്ങളും സാമഗ്രികളും വാങ്ങേണ്ടിവന്നിരിക്കുന്നു. പതിനായിരക്കണക്കിനു ഭടന്മാരെ ശീതകാലത്തും ഹിമാലയശൃംഗങ്ങളില്‍ നിര്‍ത്തണം.
ഒന്നാംപാദത്തിലെ സാമ്പത്തികത്തകര്‍ച്ച പെട്ടെന്ന് അവസാനിക്കുന്നില്ല. ഇംഗ്ലീഷിലെ വി (v) ആകൃതിയില്‍ തളര്‍ച്ചയും തുടര്‍ന്നു തിരിച്ചുകയറ്റവും എന്ന സര്‍ക്കാര്‍ മോഹം സഫലമായില്ല. നീണ്ട ദുരിത നാളുകളാണു മുന്നിലുള്ളത്. ചെറുപ്പക്കാര്‍ക്കു തൊഴില്‍ കിട്ടുന്നതു മാത്രമല്ല തൊഴിലുള്ളവര്‍ക്ക് അതു നിലനിര്‍ത്തുന്നതുതന്നെ അസാധ്യമാകുന്ന അവസ്ഥ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)