•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇരുമ്പുമറയ്ക്കുള്ളിലെ ഒറ്റയാന്‍ : ഷി ജിന്‍പിംഗ് മൂന്നാംവട്ടവും

ക്‌ടോബര്‍ 16 മുതല്‍ 22 വരെയുള്ള ഏഴു ദിവസം നീണ്ടുനിന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചപ്പോള്‍ ഷി ജിന്‍പിംഗ് മൂന്നാംവട്ടവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തിന്റെ സ്ഥാപകന്‍കൂടിയായ മാവോ സേതൂങ്ങിനുശേഷം ആദ്യമായാണ് ഒരാള്‍ പത്തുവര്‍ഷത്തിനുശേഷവും പരമാധികാരിയായിത്തുടരുന്നത്. മാവോ കഴിഞ്ഞാല്‍ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിന്‍പിംഗ് മാറിക്കഴിഞ്ഞു. ഏക പാര്‍ട്ടി റിപ്പബ്ലിക്കായ ചൈനയുടെ ഭരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന ചരിത്രസംഭവത്തിനാണു ലോകം സാക്ഷിയാകുന്നത്. ചൈനയിലെ വന്മതില്‍പോലെ തകരാത്ത ഒരു പ്രതിഭാസമായി ഷി വളര്‍ന്നിരിക്കുന്നു.
'ഒരു പുതുയുഗത്തിലേക്കുള്ള ചൈനീസ് സോഷ്യലിസം' എന്ന ഷി ജിന്‍പിംഗിന്റെ തിയറിക്ക് 2017 ല്‍ ചേര്‍ന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപംകൊടുക്കുകയും ഭരണഘടനാഭേദഗതികള്‍ വരുത്തുകയും ചെയ്യുകയുണ്ടായി. ഈ ഭേദഗതികളിലൂടെയാണ് രാജ്യത്തിന്റെ പരമാധികാരം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കാന്‍ വഴിയൊരുങ്ങി.
'ഷി ജിന്‍പിംഗിന്റെ പത്തു വര്‍ഷഭരണകാലം ഒരു പുതുയുഗം' ആയിരുന്നുവെന്നു സമര്‍ത്ഥിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ മാസം 22നു സമാപിച്ച ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏകപരിഹാരം പാര്‍ട്ടിയിലെ 'സ്വയംനവീകരണ'മാണെന്നും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനുപുറമേ സൈന്യത്തിന്റെ സമ്പൂര്‍ണനിയന്ത്രണം കൈയാളുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തേക്കും ഷീയെ തിരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഷിയോടു മത്സരിക്കാന്‍ ഒരാള്‍പോലും ഇല്ലാതിരുന്നത് ചൈനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതിന്റെ ഉത്തരവാദിത്വം തന്റെ മുന്‍ഗാമികളില്‍ ചാര്‍ത്തിയ ഷി ജിന്‍പിംഗ്, എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കിയാണ് അധികാരക്കസേരയില്‍ മൂന്നാംവട്ടവും ആസനസ്ഥനാകുന്നത്. പ്രതിയോഗികളാകുമെന്നു കരുതിയ പല പ്രമുഖനേതാക്കളെയും അഴിമതിക്കുറ്റം ചുമത്തി ജയിലിലടച്ചു. വിമര്‍ശകരെയെല്ലാം നിശ്ശബ്ദരാക്കി. പ്രധാനമന്ത്രിയായിരുന്ന ലി കെക്വിംഗിനെയും ഉപപ്രധാനമന്ത്രിയായിരുന്ന വിയാംഗ് യോംഗിനെയും പാര്‍ട്ടി കോണ്‍ഗ്രസിനുമുമ്പ് പിരിച്ചുവിട്ടു. ശത്രുരാജ്യങ്ങളെ, പ്രത്യേകിച്ചും യു എസിനെയും സഖ്യകക്ഷികളെയും നേരിടാന്‍ 'ശക്തമായ രാജ്യവും ശക്തമായ നേതൃത്വവവും' അനിവാര്യമാണെന്ന് അദ്ദേഹം പാര്‍ട്ടിയംഗങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നും രാജ്യത്തെ മുമ്പോട്ടു നയിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും സമാപനസമ്മേളനത്തില്‍ ഷി വ്യക്തമാക്കി. 
പോളിറ്റ് ബ്യൂറോയും 
സ്ഥിരം സമിതിയംഗങ്ങളും
പാര്‍ട്ടികോണ്‍ഗ്രസിനുശേഷം വിളിച്ചുകൂട്ടിയ കേന്ദ്രകമ്മിറ്റി  24 പേരുള്ള പോളിറ്റ്ബ്യൂറോയ്ക്കും അതില്‍നിന്ന് ഏഴംഗങ്ങളുള്ള സ്ഥിരം സമിതിക്കും രൂപം നല്‍കി. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും സമ്പൂര്‍ണനിയന്ത്രണം സ്ഥിരംസമിതിയില്‍ നിക്ഷിപ്തമാണ്. ഷി ജിന്‍പിംഗിനെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത് സ്ഥിരം സമിതിയാണ്. പാര്‍ട്ടിയില്‍ ഏതൊക്കെ സമിതികളുണ്ടോ അവയിലെല്ലാം ഷിക്ക് സമ്പൂര്‍ണാധിപത്യമുണ്ട്. വിദേശകാര്യമന്ത്രിയും കേന്ദ്രകമ്മിറ്റിയില്‍ ഡയറക്ടറുമായ വാംഗ് യി പോളിറ്റ്ബ്യൂറോയിലേക്കു സ്ഥാനക്കയറ്റം കിട്ടിയവരില്‍ പ്രമുഖനാണ്. ഷിയെക്കൂടാതെയുള്ള സ്ഥിരം സമിതിയിലെ ആറംഗങ്ങള്‍ ഇവരാണ്;
ലി ക്വിയാംഗ് : 63 - ഷാങ്ങ്ഹായിലെ പാര്‍ട്ടിത്തലവന്‍, അഴിമതിവിരുദ്ധവിഭാഗം മേധാവി.
ഷാവോ ലെഗി : 62 - കേന്ദ്ര അച്ചടക്കസമിതിയുടെ മുന്‍തലവന്‍.
വാംഗ് ഹൂനിംഗ് : 67 -
ഷി ജിന്‍പിംഗിന്റെ പ്രചാരണവിഭാഗം മേധാവി.
കായ് ക്വി : 67 - ബെയ്ജിംഗിലെ പാര്‍ട്ടിത്തലവന്‍, പൊതുസുരക്ഷാ ഡയറക്ടര്‍.
ഡിംഗ്  സിയൂഷിയാംഗ് : 61 - ഷി ജിന്‍പിംഗിന്റെ പ്രധാന ഉപദേശകന്‍, കേന്ദ്രകമ്മിറ്റി ഓഫീസ് ഡയറക്ടര്‍.
ലി ഷി : 66 - ഗ്വാംഗ് ഡോംഗ് പ്രവിശ്യയിലെ പാര്‍ട്ടിത്തലവന്‍.
ഇവരില്‍ ഷാവോ ലെഗിയും വാംഗ് ഹൂനിംഗും ഒഴികെയുള്ള നാലുപേരും പുതുമുഖങ്ങളും ഷിയുടെ വിശ്വസ്തരുമാണ്. ഷി കഴിഞ്ഞാല്‍ ലി ക്വിയാംഗാണ് സ്ഥിരം സമിതിയിലെ  രണ്ടാമന്‍. ലി കെക്വിംഗ് അടുത്ത മാര്‍ച്ചില്‍ സ്ഥാനമൊഴിയുമ്പോള്‍ ലി ക്വിയാംഗ് പ്രധാനമന്ത്രിയാകുമെന്നാണു കരുതപ്പെടുന്നത്. റിട്ടയര്‍മെന്റുപ്രായം കഴിഞ്ഞിട്ടും വാംഗ് ഹൂനിംഗും, കായ് ക്വിയും, ലി ഷിയും സ്ഥിരം സമിതിയില്‍ കയറിക്കൂടിയത് ഷിയുടെ വിശ്വസ്തരായ അനുയായികളെന്ന നിലയിലാണ്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ മുതിര്‍ന്ന മൂന്നു കമാന്‍ഡര്‍മാര്‍ 24 അംഗ പോളിറ്റ്ബ്യൂറോയില്‍ ഇടംപിടിച്ചത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സൈന്യത്തിന്റെ പശ്ചിമമേഖലാകമാന്‍ഡറായിരുന്ന ജനറല്‍ വെയ്‌ഡോംഗ്, ജനറല്‍ യാംഗ് യൗഷിയ, ജനറല്‍ ഷൂ ക്വിലിംഗ് എന്നിവര്‍ ഇന്ത്യനതിര്‍ത്തിയില്‍ സേനയെ നയിച്ചിട്ടുള്ളവരാണ്. 2017 ലെ ധോക്‌ലാം സംഘര്‍ഷത്തിലും 2020 ഏപ്രില്‍മുതലുള്ള ലഡാക്കിലെ ഏറ്റുമുട്ടലുകളിലും ജനറല്‍ വെയ്‌ഡോംഗായിരുന്നു ശത്രുസൈന്യത്തെ നയിച്ചത്. ലോകത്തെ ഏറ്റവും അധികം അംഗബലമുള്ള സൈനികവ്യൂഹത്തെ കൈപ്പിടിയിലൊതുക്കാനുള്ള ഷിയുടെ തന്ത്രമായി മൂവരുടെയും സ്ഥാനക്കയറ്റത്തെ കാണുന്നുവരുണ്ട്. ഏറ്റവുമൊടുവിലത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കര, നാവിക, വായുസേനകളിലായി 20 ലക്ഷം പേര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാണ്. 1927 ല്‍ രൂപവത്കരിച്ച പി എല്‍ എയുടെ സ്ഥാപകനും മാവോ സേതൂങ്ങാണ്.
കനല്‍വഴികള്‍ താണ്ടി 
ഉയരങ്ങളിലേക്ക്
ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളര്‍ന്ന ചൈനയുടെ ഭരണാധികാരിയായ ഷി ജിന്‍പിംഗ് കനല്‍വഴികള്‍ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്. മാവോയുടെ കമ്യൂണിസ്റ്റുവിപ്ലവത്തില്‍ പങ്കാളിത്തം വഹിച്ചിട്ടുള്ള ഷി ഷോംഗ്ചുനിന്റെയും കി ചിനിന്റെയും ആദ്യസന്താനമായി ബെയ്ജിംഗില്‍ 1953 ജൂണ്‍ 15നായിരുന്നു ഷിയുടെ ജനനം. പിതാവായ ഷി ഷോംഗ്ചുന്‍ കുറച്ചുകാലം ഉപപ്രധാനമന്ത്രിയായിരുന്നതിനാല്‍ ഒരു നേതാവിന്റെ മകനു കിട്ടുമായിരുന്ന ആദരവും അവകാശങ്ങളും നിര്‍ലോപം കിട്ടി. എന്നാല്‍, പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനമാരോപിക്കപ്പെട്ട് അധികാരം ഒഴിയേണ്ടിവന്ന പിതാവ് ജയിലില്‍ അടയ്ക്കപ്പെട്ടതോടെ ഷിയുടെ കഷ്ടകാലവും തുടങ്ങി. അനുജന്‍  യുവാന്‍ പിംഗിനോടും ഇളയ സഹോദരി ക്വിയാവോയോടുമൊപ്പം രാജ്യത്തിന്റെ ഉള്‍പ്രദേശത്തുള്ള ഗ്രാമങ്ങളിലേക്കു നാടുകടത്തപ്പെടുകയായിരുന്നു. യാത്രാസൗകര്യങ്ങളില്ലാത്ത നാട്ടിന്‍പുറങ്ങളിലുള്ള ഊടുവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്നും വൈദ്യുതിയില്ലാത്തതിനാല്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ പുസ്തകങ്ങള്‍ വായിച്ചും സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി. പാര്‍ട്ടിയുടെ അനഭിമതനായ നേതാവിന്റെ മകന്‍  എന്ന ദുഷ്‌പ്പേര് കൂടെയുണ്ടായിരുന്നതിനാല്‍ യുവജനസംഘടനയിലേക്കുള്ള അപേക്ഷയും നിരസിക്കപ്പെട്ടു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 21-ാം വയസ്സിലാണ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. നേതൃമാറ്റം വന്നതോടെ ജയില്‍മോചിതനായ പിതാവ് പ്രവിശ്യാതലവനായി നിയമിക്കപ്പെടുംവരെ ഷിയുടെ കഷ്ടകാലം പിന്നാലെയുണ്ടായിരുന്നു.  സിന്‍ഹുവാ സര്‍വകലാശാലയില്‍നിന്ന് മാര്‍ക്‌സിയന്‍ തിയറിയില്‍ ബിരുദമെടുത്തശേഷം നിയമപഠനത്തില്‍ ഡോക്ടറേറ്റും നേടി. കെമിക്കല്‍ എന്‍ജിനീയറും നാടോടിഗായികയെന്ന നിലയില്‍ പ്രശസ്തയുമായിരുന്ന പെംഗ് ലിയുവാനുമായി ഷിയുടെ വിവാഹം 34-ാം വയസില്‍ 1987ലായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദമെടുത്ത് യു എസില്‍ സ്ഥിരതാമസമാക്കിയ ഷി മിംഗ്‌സെയാണ് ഏകമകള്‍.
മറ്റു പല നേതാക്കളില്‍നിന്നും വ്യത്യസ്തനായി മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളിലും നിയമത്തിലുമുള്ള പാണ്ഡിത്യം പാര്‍ട്ടിയിലുള്ള ഷിയുടെ ഉയര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി. ഹൂ ജിന്റാവോ പ്രസിഡന്റും ഷി ജിന്‍പിംഗ് വൈസ് പ്രസിഡന്റുമായിരിക്കേ  നടന്ന 2012 ലെ 18-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ലി കെക്യാംഗിനെ തന്റെ പിന്‍ഗാമിയാക്കണമെന്ന ജിന്റാവോയുടെ ആഗ്രഹം അധികാരവടംവലിയിലേക്കു നീണ്ടു. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയിലാണ് ഷിയെ പ്രസിഡന്റും കെക്യാംഗിനെ പ്രധാനമന്ത്രിയുമായി തിരഞ്ഞെടുത്തത്. പത്തു വര്‍ഷം മുമ്പു നടന്ന ആ സംഭവത്തിന്റെ ചൊരുക്ക് മനസ്സില്‍ വച്ചുകൊണ്ട് കെക്യാംഗിനെ കേന്ദ്രകമ്മിറ്റിയില്‍നിന്നൊഴിവാക്കിയും ഹൂജിന്റാവോയെ നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പിനുമുമ്പേ വേദിയില്‍നിന്നു പുറത്താക്കുകയും ചെയ്ത് ഷി പകരം വീട്ടി. ബലംപ്രയോഗിച്ച് സമാപനവേദിയില്‍നിന്ന് ജിന്റാവോയെ ഇറക്കിവിടുന്ന വീഡിയോദൃശ്യങ്ങള്‍ ലോകമാകെ പ്രചരിച്ചത് പലവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കി. അനാരോഗ്യംമൂലമാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന ഔദ്യോഗികഭാഷ്യം വിശ്വസനീയമല്ലെന്ന് രാഷ്ട്രീയനിരീക്ഷകരും പ്രതികരിച്ചു.
2012 ല്‍ അധികാരമേറ്റ ആദ്യഊഴത്തില്‍ത്തന്നെ അഴിമതിക്കെതിരേ സ്വീകരിച്ച ശക്തമായ നടപടികള്‍വഴി ജനഹൃദയങ്ങളില്‍ ഇടംനേടാന്‍ കഴിഞ്ഞതാണ് ഷീയുടെ ആദ്യവിജയം. താഴേത്തട്ടുമുതല്‍ മുകളറ്റംവരെയുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങിയ 50 ലക്ഷം പേരെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അന്വേഷണം നേരിടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വിദേശനയത്തില്‍ കാര്‍ക്കശ്യസ്വഭാവം സ്വീകരിക്കുന്ന അദ്ദേഹം തയ്‌വാന്‍ ദ്വീപിനെ ചൈനാവന്‍കരയോടു ചേര്‍ക്കാന്‍ താന്‍ പ്രതിജ്ഞബദ്ധനാണെന്ന പ്രഖ്യാപനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചു. തയ്‌വാന്‍ പ്രശ്‌നത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധങ്ങള്‍, ഹോങ്കോങ്ങിലെ ജനകീയപ്രക്ഷോഭം, സിന്‍ജിയാംഗ് പ്രവിശ്യയിലെ ന്യൂനപക്ഷമുസ്ലീംവംശജരായ ഉയ്ഗൂറുകളുടെമേലുള്ള കടുത്ത നടപടികള്‍, ടിബറ്റ് അധിനിവേശത്തെത്തുടര്‍ന്നുള്ള എതിര്‍പ്പുകള്‍, ജപ്പാനും ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്‌നങ്ങള്‍ തുടങ്ങി സങ്കീര്‍ണമായ ഒട്ടേറെക്കാര്യങ്ങളാണ് പരിഹരിക്കപ്പെടാനായി ഷിയുടെ മുന്‍പിലുള്ളത്. ലോകരാജ്യങ്ങളെ മുഴുവന്‍ ഭീതിയിലാക്കിയ കൊവിഡ് 19 ന്റെ ഉറവിടം തന്റെ രാജ്യമാണെന്ന പഴി കേള്‍ക്കേണ്ടിവന്നപ്പോഴും അടിപതറാതെനിന്ന് വിശാലമായ രാജ്യത്തെ മുന്നോട്ടു നയിച്ചതിന്റെ ക്രെഡിറ്റ് ഷി ജിന്‍പിംഗിനുമാത്രം അവകാശപ്പെട്ടതാണ്. 145 കോടിയിലേറെ ജനസംഖ്യയും 96 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുമുള്ള രാജ്യം (ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പം) നേരിടുന്ന നിരവധിയായ പ്രതിസന്ധികളെ ചെറുത്തുനിന്നു പോരാടി ജയിക്കാനുള്ള മനക്കരുത്തും നേതൃപാടവവും ഷി ജിന്‍പിംഗിനുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ. രാജ്യത്തിന്റെ പുനരുജ്ജീവനം എന്ന സ്വപ്നത്തിന് ചിറകുകള്‍ നല്‍കാന്‍ അടുത്ത അഞ്ചുവര്‍ഷവും ഒരുപക്ഷേ, അതിനപ്പുറവും ഷി എന്ന കരുത്തനായ രാഷ്ട്രീയക്കാരനു കഴിയുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)