•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനുഷ്യന്‍ നന്നായാല്‍ ലോകം നന്നാവും

രിക്കല്‍ ഒരാള്‍ തന്റെ  നാലു വയസ്സുള്ള കുട്ടിക്ക് ഭംഗിയേറിയ ഒരു ചിത്രം സമ്മാനിച്ചു. ഒരു ചിത്രം എന്നു പറഞ്ഞാല്‍ ശരിയല്ല. ഒരു കടലാസിന്റെ ഇരുവശത്തും ഓരോ ചിത്രം. ഒരു വശത്തു മന്ദസ്മിതം തൂകുന്ന ഒരു മനുഷ്യന്റെ മനോഹരമുഖം. മറുവശത്തു വൈവിധ്യമാര്‍ന്ന വര്‍ണങ്ങളോടുകൂടിയ ഭൂലോകത്തിന്റെ ആകര്‍ഷകമായ ചിത്രം.

കുട്ടി കൗതുകപൂര്‍വം ചിത്രം മറിച്ചും തിരിച്ചും നോക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ അതു നോക്കിയിരിക്കാനുള്ള രസംപോയി.  അല്പം കഴിഞ്ഞ് അവന്‍ ആ ചിത്രം ചീന്തിക്കളഞ്ഞു. നമുക്കറിയാം. കൊച്ചുകുട്ടികളുടെ കൈയില്‍കിട്ടുന്ന ചിത്രങ്ങളുടെ അനുഭവം. ഇവിടെയും അതുതന്നെ സംഭവിച്ചു. ചിത്രം ഏതാനും കഷണങ്ങളായി മാറി.
ഇതുകണ്ട പിതാവ് കുപിതനായില്ല. ചിത്രം ചീന്തിയതിന്റെ കാരണമന്വേഷിച്ചു. കുട്ടി കുറ്റബോധത്തോടെ മിഴിച്ചുനിന്നു.  അയാള്‍ കുഞ്ഞിനെ അരികെവിളിച്ച് ശാന്തമായ സ്വരത്തില്‍ പറഞ്ഞു:
''എന്തിനാ മോനേ, അതു ചീന്തിക്കളഞ്ഞത്. അങ്ങനെ ചെയ്യാന്‍ പാടുണ്ടോ? നല്ലൊരു പടമായിരുന്നല്ലോ. ഒരു കാര്യം ചെയ്യൂ. ആ കഷണങ്ങളെല്ലാം ചേര്‍ത്തുവച്ച് ചിത്രം ശരിയാക്കാന്‍ നോക്കൂ.''
കുട്ടി ഭൂപടത്തിന്റെ ഭാഗങ്ങള്‍ ഓരോന്നെടുത്തു നിരത്തിവച്ചു. ശരിപ്പെടുന്നില്ല. വിവിധ വര്‍ണങ്ങളുള്ള ആ തുണ്ടുകള്‍ എത്ര ശ്രമിച്ചിട്ടും യഥാസ്ഥാനങ്ങളില്‍ വയ്ക്കാന്‍ കുട്ടിക്കു കഴിഞ്ഞില്ല. ക്ഷമ കെട്ടു, നിരാശനായി, നിസ്സഹായതയോടെ പിതാവിനെ നോക്കി. അപ്പോള്‍ പിതാവിന്റെ നിര്‍ദേശം: ''അതു ശരിയാക്കാന്‍ നിനക്കു കഴിയുന്നില്ലെങ്കില്‍ അതിന്റെ മറുവശത്തുള്ള മനുഷ്യന്റെ മുഖം ശരിയാക്കാന്‍ നോക്കൂ!''
അതിനായി കുട്ടിയുടെ ശ്രമം. കഷണങ്ങളെല്ലാം മറിച്ചുവച്ചു. കണ്ണും മൂക്കും ചെവിയും തലയുമെല്ലാം കൃത്യസ്ഥാനങ്ങളില്‍ നിരത്താന്‍ പ്രയാസമുണ്ടായില്ല. അങ്ങനെ ചുരുങ്ങിയ സമയംകൊണ്ടു മനുഷ്യന്റെ മുഖം അവന്‍ ശരിയാക്കി. ഒരു വിജയിയെപ്പോലെ കുട്ടി സന്തോഷിച്ചു.  ഒപ്പം പിതാവും സന്തോഷിച്ചു. തുടര്‍ന്നു പിതാവ് കുട്ടിയോടു പറഞ്ഞു: ''ഇനി ആ കഷണങ്ങള്‍ ഓരോന്നും തെറ്റാതെ അതേപടി മറിച്ചുവച്ചു നോക്കൂ!''
കുട്ടി അനുസരിച്ചു. അപ്രകാരം ചെയ്തു. അപ്പോള്‍ ഭൂലോകത്തിന്റെ ചിത്രവും ശരിയായിക്കണ്ടു. അവന്‍ കൂടുതല്‍ സന്തോഷിച്ചു.
ഇതില്‍നിന്നു ഒരുപാടു മാനങ്ങളുള്ള വലിയൊരു സത്യം വെളിപ്പെടുന്നു. മനുഷ്യന്റെ മുഖം ശരിയായപ്പോള്‍ ഭൂലോകത്തിന്റെ മുഖവും ശരിയായി.
പരസ്പരവിദ്വേഷവും അക്രമവും അനീതിയും അത്യാഗ്രഹവും അധികാരമോഹവും കൊണ്ടു താറുമാറായിരിക്കുന്ന, ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഭൂമുഖത്തെ  വീണ്ടും യോജിപ്പിക്കാന്‍, വീണ്ടും ആകര്‍ഷകമാക്കാന്‍, കൂടുതല്‍ സന്തോഷസമൃദ്ധമാക്കാന്‍, സമാധാനസുന്ദരമാക്കാന്‍ ആ ഭൂമുഖത്തിനടിയിലുള്ള മനുഷ്യന്റെ മുഖത്തെ, ഇപ്പോള്‍ വികൃതമായി തകര്‍ന്നിരിക്കുന്ന മനുഷ്യന്റെ മുഖത്തെ ശരിയാക്കിയാല്‍ മതി. സത്യത്തില്‍ അതു മാത്രമാണ് എളുപ്പവും പ്രായോഗികവും.
ലോകം നന്നാവണം, എന്നു  മുറവിളി കൂട്ടുന്നവര്‍ മനുഷ്യന്‍ നന്നാവാന്‍ വേണ്ട തീവ്രയത്‌നങ്ങളാണു നടത്തേണ്ടത്. ചുരുക്കത്തില്‍, മനുഷ്യന്‍ നന്നായാല്‍ ലോകം നന്നാവും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)