•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രതിസന്ധികളിലെ ധീരത

മടിച്ചുമടിച്ചു നില്ക്കുന്നിടത്തു വിജയമില്ല. മുഴുമനസ്സോടും അതിലുപരി നിശ്ചയദാര്‍ഢ്യത്തോടുംകൂടെ മുന്നോട്ടിറങ്ങിയെങ്കില്‍മാത്രമേ വിജയം കരഗതമാവുകയുള്ളൂ. 

1841-1992 വരെ ഇംഗ്ലണ്ടില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വാരികയാണ് ജൗിരവ. വില്യം താക്കറേ, ജോണ്‍ ടെന്നിയേല്‍ തുടങ്ങിയ പ്രഗല്ഭരായിരുന്നു അതിന്റെ പ്രസാധകര്‍. (1996 മുതല്‍ അതിന്റെ രൂപഭാവങ്ങളില്‍ ഭേദഗതി വന്നു). ഒന്നാം ലോകമഹായുദ്ധകാലത്ത് അതില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണാണ് നമ്മുടെ പരിചിന്തനവിഷയം.
വില്യം കൈസര്‍ കക തികഞ്ഞ സൈനികശക്തിയോടും പ്രതാപത്തോടുംകൂടി ജര്‍മനി ഭരിച്ചിരുന്ന കാലം! ഫ്രാന്‍സ് ആക്രമിച്ചു കീഴടക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യപദ്ധതി. അതിനുള്ള കുറുക്കുവഴി ചെറുരാജ്യമായ ബെല്‍ജിയത്തിലൂടെ കടന്നുപോവുകയായിരുന്നു. തികച്ചും നിഷ്പക്ഷത പുലര്‍ത്തിയ ബല്‍ജിയന്‍ രാജാവ് ആല്‍ബര്‍ട്ട് ഒന്നാമന്‍ അതിനെ ധൈര്യപൂര്‍വം നിരസിച്ചു. അതുകൊണ്ട്, 1914 ഓഗസ്റ്റ് 2-ാം തീയതി  ആല്‍ബര്‍ട്ടിന് വില്യം അന്ത്യശാസനം നല്കുകയാണ്:
''ആല്‍ബര്‍ട്ട്, ഇതു നിരസിക്കുന്ന പക്ഷം, നിങ്ങള്‍ക്ക് എല്ലാം നഷ്ടമാവുകയാണ്.''
അതിന് ആല്‍ബര്‍ട്ട് കൊടുത്ത ഉത്തരമാണ് ചരിത്രത്തിന്റെ സുവര്‍ണത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്:
''നിങ്ങള്‍ക്ക് എന്റെ ആത്മാവിനെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല - എനിക്കതു മതി.'' 
യാതൊരു കൂസലും കൂടാതെ, ജര്‍മന്‍സൈന്യം ബല്‍ജിയത്തിലൂടെ ഫ്രാന്‍സിലേക്കു കടന്നുപോയി - ഒരു ചെറുരാജ്യമായ ബല്‍ജിയത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും, യൂറോപ്പിനെ വിറപ്പിച്ചുകൊണ്ടിരുന്ന വില്യം എന്ന അതികായന് ആല്‍ബര്‍ട്ട് എന്ന കൊച്ചുരാജാവു കൊടുത്ത മറുപടിക്കാണു മാര്‍ക്ക്.
കരുത്തനെങ്കിലും ദൈവത്തിനെതിരായി പാപം ചെയ്ത ആഹാബുരാജാവിനെക്കുറിച്ച് രാജാക്കന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. അയാളുടെ മൂക്കത്തു വിരല്‍ ചൂണ്ടിക്കൊണ്ട് സംസാരിക്കുന്ന ഏലിയാ ഇതിലും വലിയ ധീരതയാണ് പ്രകടമാക്കുക. ''ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ സത്യം, ഞാന്‍ പറഞ്ഞാലല്ലാതെ ഇനി നിന്റെ രാജ്യത്തു മഞ്ഞോ മഴയോ പെയ്യുകയില്ല.'' എന്തൊരു ചങ്കൂറ്റം? ആഹാബ് കരമുയര്‍ത്തിയാല്‍ ഏലിയായുടെ പൊടിപോലും കാണുകയില്ല..! പുതിയ നിയമത്തിലും ഇതുപോലൊരു വ്യക്തിയെ നാം കണ്ടുമുട്ടുന്നുണ്ട് - യോഹന്നാന്‍. വാളും പരിചയും കുന്തവുമുള്ള ഹേറോദേസ് രാജാവിന്റെ മുമ്പില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്: ''നിന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിക്കുന്നതു ശരിയല്ല.'' ആ നിര്‍ഭയത്വത്തിന്റെ മുമ്പിലാണ് നാം ശിരസ്സു നമിക്കേണ്ടത്.
സ്‌കോട്ടിഷ് എഴുത്തുകാരനായ തോമസ് കാര്‍ലൈല്‍ നമുക്കൊക്കെ സുപരിചിതനാണല്ലോ. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായൊരു ഗ്രന്ഥമാണ് ''The courage we desire and price is not the courage to die decently but to live manfully.''
ജീവിതം അവസാനിപ്പിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. അതിന് ഒരു നിമിഷം മതി. പക്ഷേ, മനുഷ്യോചിതമായി ജീവിച്ചു വിജയിക്കുക ഒരു വെല്ലുവിളിതന്നെയാണ്.  അതിനുള്ള ധൈര്യമാണ് നമുക്കു വേണ്ടത്.
ആത്മഹത്യ നിത്യേന പെരുകിവരുന്ന കാലമാണല്ലോ. പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍. എന്താണു കാര്യം? ജീവിക്കാനുള്ള ധൈര്യം പലര്‍ക്കുമില്ല. പ്രതിസന്ധികളില്‍ പിടിച്ചുനില്ക്കാന്‍ കഴിയുന്നില്ല. താത്കാലികമായ ഉപശാന്തിയാണ് പെട്ടെന്നു തോന്നുന്ന പോംവഴി. പക്ഷേ, അതെന്തുമാത്രം വിദൂരമായ പ്രത്യാഘാതങ്ങളുളവാക്കുമെന്ന്, സ്വന്തപ്പെട്ടവരെയും ബന്ധപ്പെട്ടവരെയും എന്തുമാത്രം ദുരിതത്തിലാഴ്ത്തുമെന്ന് അധികമാരും ചിന്തിക്കുന്നില്ല. അതൊരു പരിഹാരമാര്‍ഗമല്ല - തീരാത്ത പ്രശ്‌നങ്ങളുടെ തുടക്കമാണ്.
അജയ്യനായ നെപ്പോളിയന്‍ അവസാനം വാട്ടര്‍ലൂവില്‍വച്ച് പരാജയപ്പെട്ടു, സെന്റ് ഹെലീനാ ദ്വീപിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. അന്ന് ഒരു ഇംഗ്ലീഷ് പത്രം ഇംഗ്ലണ്ടില്‍നിന്ന് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തു: ''നെപ്പോളിയന്‍ ഇനി ജീവിച്ചിരിക്കാനിടയില്ല, മിക്കവാറും ആത്മഹത്യ ചെയ്‌തേക്കും.'' അതിനു നെപ്പോളിയന്‍ പ്രതികരിച്ചതിങ്ങനെയാണ്:''Suicide is a coward's crime.''  അതൊരു ഭീരുവിന്റെ കുറ്റകൃത്യമാണ്. പാതകളിലൊക്കെ അതിധീരതയോടെ പട നയിച്ച നെപ്പോളിയന്‍ അവസാനത്തെ പ്രതിസന്ധിയെയും അങ്ങനെതന്നെ നേരിട്ടു.
മടിച്ചുമടിച്ചു നില്ക്കുന്നിടത്തു വിജയമില്ല. മുഴുമനസ്സോടും അതിലുപരി നിശ്ചയദാര്‍ഢ്യത്തോടുംകൂടെ മുന്നോട്ടിറങ്ങിയെങ്കില്‍മാത്രമേ വിജയം കരഗതമാവുകയുള്ളൂ. 1918 വരെ ഇംഗ്ലണ്ടിനെ നയിച്ച, പാരീസ് പീസ് ട്രീറ്റിയിലും നിര്‍ണായകപങ്കുവഹിച്ച സര്‍ ഡേവിഡ് ലോയിഡ് ജോര്‍ജിന് (Sir David Llyod George 1863-1945) പറയാനുണ്ടായിരുന്നത് ഒരേയൊരു കാര്യമാണ്:''Don't be afraid to take a big step if one is indicated. You can not cross a chasm in two small jumbs.''സാഹസികമായ ഒരു സ്റ്റെപ്പെടുക്കേണ്ട സാഹചര്യം വരുമ്പോള്‍ മിഴിച്ചുനില്ക്കരുത്. രണ്ട് അരച്ചാട്ടത്തിന് ആര്‍ക്കും ഒരു കിടങ്ങു കടക്കാന്‍ സാധ്യമല്ലല്ലോ. ഒറ്റച്ചാട്ടത്തിനേ അതു നേടാനാവൂ. മുഴുവന്‍ ശക്തിയും സംഭരിച്ചുതന്നെ അതു സാധിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)