എഴുപതിലേറെ വര്‍ഷങ്ങള്‍ ലോകത്തെ കരുതലോടെ സേവിച്ച തൂവല്‍സ്പര്‍ശമാണ് രണ്ടാം എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാല്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി അറിയിക്കുന്നതിനും ബക്കിങ്ങാം കൊട്ടാരത്തിലും ഭരണസംവിധാനത്തിലും വിവരക്കൈമാറ്റത്തിനും മുന്‍കൂട്ടി തയ്യാറാക്കിയ കോഡുവാക്കുകളായിരുന്നു ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍ എന്നത്. ഇത്തരം കോഡുവാക്കുകള്‍ ഓരോ വര്‍ഷവും മാറ്റിക്കൊണ്ടിരിക്കും. ഡി.ഡി./ഡി 0 എന്ന കോഡിലായിരിക്കും മരണദിവസം അറിയപ്പെടുക. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ്, രാജ്ഞിയുടെ മരണാനന്തരച്ചടങ്ങുകള്‍ സംബന്ധിച്ച ഭരണപരമായ ചുമതലകള്‍ വഹിക്കും. 56 രാജ്യങ്ങളടങ്ങിയ കോമണ്‍വെല്‍ത്ത് സംഘടനയുടെ അധ്യക്ഷയും പതിന്നാലു രാജ്യങ്ങളിലെ രാജ്ഞിയുമായിരുന്നു അവര്‍. എഴുപതു വര്‍ഷവും 214 ദിവസങ്ങളും അവര്‍ അധികാരത്തിലിരുന്നു. ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലം അധികാരം വഹിച്ച റിക്കാര്‍ഡാണ് രാജ്ഞിയുടേത്.
അധികമാരും അറിയാത്ത ഒരു പട്ടാളസേവനചരിത്രവുംഅവര്‍ക്കുണ്ട്. ചെറുപ്പകാലത്ത് സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് എലിസബത്ത് തീരുമാനിച്ചു. മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി മാതാപിതാക്കള്‍ സൈനികസേവനത്തിന് അനുമതി നല്‍കി. ഗതാഗതവിഭാഗത്തില്‍ (ടെറിട്ടോറിയല്‍ ഓക്‌സിലറി) ഓഫീസറായിട്ടായിരുന്നു തുടക്കം.
1926 ഏപ്രില്‍ 21 ന് പുലര്‍ച്ചെ 2.40 ജനിച്ച രാജ്ഞിയുടെ പൂര്‍ണനാമം എലിസബത്ത് അലക്‌സാന്‍ഡ്രിയ മേരി വില്‍സണ്‍ എന്നായിരുന്നു. പിന്നീട് ബ്രിട്ടീഷ് രാജാവായിത്തീര്‍ന്ന ആല്‍ബര്‍ട്ട് രാജകുമാരന്‍ - എലിസബത്ത് രാജകുമാരി ദമ്പതികളുടെ ആദ്യജാതയായിട്ടായിരുന്നു ലിലിബൈറ്റ് എന്ന രാജകുമാരിയുടെ ജനനം. പത്താംവയസ്സില്‍ കിരീടാവകാശിയായി. രണ്ടാംലോകയുദ്ധകാലത്ത് ടെലിവിഷനിലൂടെ പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചു. യുദ്ധത്തിന്റെ ഭീകരതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയായിരുന്നു പ്രഭാഷണം. സൂര്യനസ്തമിക്കാത്ത വലിയ സാമ്രാജ്യത്തിന്റെ രാജ്ഞിയായിരുന്നപ്പോഴും പാരമ്പര്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ അവര്‍ ബന്ധിതയായിരുന്നു എന്നതു വിസ്മരിക്കാനാവില്ല.
1936 ജനുവരിയില്‍ ജോര്‍ജ് അഞ്ചാമന്റെ മരണത്തിനുശേഷം മൂത്ത മകന്‍ എഡ്വേര്‍ഡ് ആറാമന്‍ അധികാരത്തിലെത്തി. എന്നാല്‍, അമേരിക്കന്‍ പൗരത്വമുള്ള വാലിസ് സിംപ്‌സണുമായി വിവാഹത്തിനുള്ള തീരുമാനത്തോടെ കോമണ്‍വെല്‍ത്ത് രാജ്യകൂട്ടായ്മയും ബ്രിട്ടീഷ് സര്‍ക്കാരും എഡ്വേര്‍ഡിന്റെ തീരുമാനത്തിനെതിരായി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തലവന്‍കൂടിയായ എഡ്വേര്‍ഡ് രാജാവിനെതിരേ എതിര്‍പ്പുകള്‍ ശക്തമായി. മതപരമായും നിയമപരമായും അധികാരത്തില്‍ തുടരാന്‍ തടസ്സമുണ്ടായതോടെ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. അധികാരത്തിലെത്തി പതിനൊന്നാം മാസം 1936 ഡിസംബര്‍ 10 ന് എഡ്വേര്‍ഡ് ആറാമന്‍ സ്ഥാനമൊഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സഹോദരന്‍ ജോര്‍ജ് ആറാമന്‍ രാജാവായി. അതോടെ എലിസബത്ത് രാജകുമാരി കിരീടാവകാശിയായി.
അധികാരത്തില്‍ മാത്രമല്ല, ഫിലിപ്പ് രാജകുമാരനുമായുള്ള നീണ്ടകാല ദാമ്പത്യവും റിക്കാര്‍ഡാണ്. 1947 നവംബര്‍ 20 ന് ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തു. വിവാഹത്തിനുശേഷം വൈകാതെ ബ്രിട്ടീഷ് രാജ്ഞിയായി എലിസബത്ത് അവരോധിക്കപ്പെട്ടു. വെസ്റ്റ് മിനിസ്റ്റര്‍ ആബേയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. കെനിയയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനുമായി സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു പിതാവു മരണമടയുന്നതും എലിസബത്ത് രാജ്ഞിയായി മാറുന്നതും. ഇതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. എലിസബത്തിന്റെ ആഗ്രഹപ്രകാരം ദമ്പതികള്‍ ഒരു ഏറുമാടത്തില്‍ രാത്രി താമസിക്കാന്‍ തീരുമാനിച്ചു. നൂലേണിവഴി രണ്ടുപേരും മരത്തിനുമുകളില്‍ ഏറുമാടത്തിലേക്കു കയറി. അന്നു രാത്രിയാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ അന്തരിക്കുന്നത്. അതോടെ കിരീടാവകാശിയായ എലിസബത്ത് നൂലേണിവഴി താഴേക്കിറങ്ങിയത് ബ്രിട്ടന്റെ അധികാരകേന്ദ്രമായ രാജ്ഞിയായിട്ടായിരുന്നു. ബാല്യ-കൗമാരകാലഘട്ടത്തില്‍ എലിസബത്ത് വളരെ ചിട്ടയായ പഠനവും പരിശീലനവും നേടിയിരുന്നു. കൗമാരത്തില്‍ത്തന്നെ ബൈബിള്‍ കാണാപ്പാഠം പഠിക്കാന്‍ അമ്മ പ്രേരിപ്പിച്ചു. അതുവഴി, ക്രിസ്തുവിലും ക്രൈസ്തവവിശ്വാസത്തിലും ആഴമായ അറിവും ദൃഢതയും ലഭിക്കാന്‍ കാരണമായി. ജീവിതകാലം മുഴുവന്‍ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ബൈബിള്‍പഠനം സഹായിച്ചു.
ലോകത്തെ ഏറ്റവും ശക്തയായ ഭരണാധികാരിയായിരിക്കേ, ബൈബിള്‍പാരായണവും പ്രാര്‍ത്ഥനയുമുള്ള കടുത്ത ദിനചര്യയായിരുന്നു അവരുടേത്. 28-ാം വയസ്സില്‍ സ്ഥാനമേറ്റ രാജ്ഞി വൈകാതെ ഒട്ടുമിക്ക കോമണ്‍വെല്‍ത്ത് രാജ്യങ്ങളും സന്ദര്‍ശിച്ചു. കിരീടധാരണത്തിന്റെ 70-ാം വാര്‍ഷികമാകുമ്പോഴേക്ക് നൂറിലധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നാലായിരത്തോളം നിയമങ്ങളില്‍ രാജ്ഞി ഒപ്പുവച്ചു. 28 രാജ്യങ്ങളില്‍ രാജ്ഞിയുടെ മുഖമുള്ള നാണയങ്ങളുണ്ട്.
പ്രധാനമന്ത്രിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ രാജ്ഞിയുടെ മുമ്പിലെത്തി ഭരണകാര്യങ്ങള്‍ വിശദീകരിക്കണം, ചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കണം. ഈ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി രാജ്ഞിക്കുമുമ്പില്‍ നിന്നുകൊണ്ടുവേണം സംസാരിക്കാന്‍. ഇതിനു മാറ്റം വരുത്തിയ സംഭവമായി ചൂണ്ടിക്കാട്ടുന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രധാനമന്ത്രിയായിരിക്കേ, നടത്തിയ ഒരു സന്ദര്‍ശനത്തില്‍ അദ്ദേഹം രോഗിയും ക്ഷീണിതനുമാണെന്നു മനസ്സിലാക്കി തന്റെയടുത്ത് ഇരിക്കാന്‍ രാജ്ഞി ക്ഷണിക്കുകയും അദ്ദേഹം ഇരുന്നുകൊണ്ട് സംസാരിച്ചതുമാണ്. പുതിയ പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ല. പ്രധാനമന്ത്രിയായി അവര്‍ സ്ഥാനമേറ്റ് വൈകാതെയാണ് രാജ്ഞിയുടെ വിയോഗം.
ഔദ്യോഗികഫയലുകള്‍, വിദേശബന്ധങ്ങള്‍, കോമണ്‍വെല്‍ത്ത് ഓഫീസ് കാര്യങ്ങള്‍, താന്‍ രാജ്ഞിയായി അധികാരം വഹിക്കുന്ന 14 വിദേശരാജ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളുമടങ്ങിയ ഫയലുകളും പരിശോധനയ്ക്കും അംഗീകാരത്തിനുമായി എത്തിച്ചിരുന്നു. സുപ്രധാന ഫയലുകള്‍ വിശദമായി പഠിച്ച് വിദഗ്ധരുടെ അനുമതിയോടെയായിരുന്നു രാജ്ഞി ഒപ്പിട്ടു നല്‍കിയിരുന്നത്. ഇത്തരം ദിനചര്യയ്ക്കു മാറ്റമുള്ളത് വര്‍ഷത്തില്‍ രണ്ടു ദിവസങ്ങളില്‍ മാത്രമായിരുന്നു, ക്രിസ്മസ് ദിനത്തിലും ഈസ്റ്റര്‍ ഞായറാഴ്ചയും. രാജ്ഞി ഒപ്പിടുന്നതിലൂടെ നിയമമായും കല്പനയായും മാറുന്നവയായിരുന്നു ഫയലുകളിലേറെയും എന്നതിനാല്‍ ഓരോ കാര്യത്തിലും സൂക്ഷ്മമായ പരിശോധന വേണ്ടിയിരുന്നു.
രാജ്ഞിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മൂത്ത മകന്‍ ചാള്‍സ് രാജാവായി ചുമതലയേറ്റു. ചാള്‍സ് മൂന്നാമന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. രാജ്ഞിയുടെ മരണശേഷം 24 മണിക്കൂറിനകം പിന്തുടര്‍ച്ചക്കാരനെ പ്രഖ്യാപിക്കുകയാണു പതിവ്. മക്കളായ വില്യമും ഹാരിയും സമ്മാനിച്ച വെള്ളിമഷിക്കുപ്പിയില്‍നിന്നു നിറച്ച പേനകൊണ്ട് ആദ്യത്തെ ഒപ്പ് ചാള്‍സ് രാജാവ് രേഖപ്പെടുത്തി. സ്ഥാനാരോഹണ കൗണ്‍സിലിന്റെ ഔദ്യോഗികപ്രഖ്യാപനരേഖയുടെ രണ്ടു പകര്‍പ്പുകളില്‍ കറുത്ത മഷിയുപയോഗിച്ച് ചാള്‍സ് ഒപ്പിട്ടു. ഭാര്യ കാമിലയും വെയില്‍സ് രാജകുമാരനായ മകന്‍ വില്യമും രേഖകളില്‍ ഇതേ മഷിയുപയോഗിച്ചാണ് ഒപ്പുവച്ചത്. ആര്‍ഭാടപൂര്‍ണമായ ഔദ്യോഗികസ്ഥാനാരോഹണം പിന്നീടു നടക്കും.
ചാള്‍സ് മൂന്നാമന്‍ രാജാവായി അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി ലിസ് ട്രസും മുതിര്‍ന്ന അംഗങ്ങളും പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ സത്യപ്രതിജ്ഞ പുതുക്കി. സ്പീക്കര്‍ ലിന്‍ഡ്‌സെഹോയില്‍ ആദ്യം രാജാവിനുമുമ്പില്‍ കൂറുപ്രഖ്യാപിച്ചു സത്യപ്രതിജ്ഞ നടത്തി. നിലവിലെ ജനപ്രതിനിധികള്‍ രാജ്ഞിയുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തി അധികാരത്തിലെത്തിയവരാണ്. രാജാവു മരിച്ചാല്‍ സത്യപ്രതിജ്ഞ പുതുക്കണമെന്നു നിയമപരമായ നിഷ്‌കര്‍ഷയില്ല. എങ്കിലും, താത്പര്യമുണ്ടെങ്കില്‍ 650 പാര്‍ലമെന്റംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ പുതുക്കാം.