കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ശക്തമായിരുന്ന കേരളത്തില്‍പ്പോലും ജീവിതസാഹചര്യങ്ങള്‍ വളരെ വേഗത്തില്‍ മാറുകയാണ്. നിസ്സാരകാരണങ്ങളുടെ പേരിലുള്ള വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. കലഹിക്കുന്ന ദമ്പതികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും ആശ്രയമില്ലാതെയാകുന്ന വിവാഹമോചിതരും വര്‍ധിക്കുന്നതോടെ സമൂഹത്തിന്റെ ശാന്തത നഷ്ടമാകുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. മദ്യപാനവും മയക്കുമരുന്നും തകര്‍ക്കുന്ന കുടുംബബന്ധങ്ങളും നിരവധിയാണ്. പുതുതലമുറ വിവാഹത്തെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. കേവലകൂടിത്താമസങ്ങളുടെ എണ്ണം കൂടിവരുന്നു. വിവാഹപൂര്‍വബന്ധങ്ങളും വിവാഹേതരബന്ധങ്ങളും ലൈംഗികാതിക്രമങ്ങളും വിവാഹഭയവും ഇന്ന് സാമാന്യമാകുകയാണ്. മാനവസംസ്‌കാരത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങളെ ഇല്ലാതാക്കുന്ന വിവാഹവിരുദ്ധത ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍പോലുള്ള സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട് എന്നു പറയാതെവയ്യ. പ്രത്യേകിച്ച്, പൂര്‍വവിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍, പോണ്‍സൈറ്റുകള്‍, ന്യൂജെന്‍സിനിമകള്‍, പ്രൈംടൈം സീരിയലുകള്‍, ബിഗ്‌ബോസ്‌പോലുള്ള മെഗാ പ്രോഗ്രാമുകള്‍, കൂടിത്താമസത്തെ മഹത്ത്വവത്കരിക്കുന്ന സിനിമാതാരങ്ങള്‍ എന്നിവയൊക്കെ മേല്‍പ്പറഞ്ഞ സ്വതന്ത്രസംസ്‌കാരത്തെയും ലിബറല്‍ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നു.
'ദൈവത്തിന്റെ സ്വന്തം നാട്' എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ സമകാലികകുടുംബസംസ്‌കാരം ഇപ്പോള്‍ എത്തിനില്ക്കുന്ന അടിയന്തരാവസ്ഥയെക്കുറിച്ചു ബഹുമാനപ്പെട്ട കേരളഹൈക്കോടതി ഈയടുത്തനാളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യാധാരാമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഉപഭോഗസംസ്‌കാരം വിവാഹത്തെയും കുടുംബത്തെയും ഗൗരവമായി ബാധിച്ചുതുടങ്ങിയിരിക്കുന്നുവെന്നുള്ള കോടതിയുടെ നിരീക്ഷണം ഒരു മുന്നറിയിപ്പാണ്.
കണ്ണുതുറപ്പിക്കേണ്ട
കോടതി പരാമര്‍ശങ്ങള്‍
ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നാരോപിച്ച് മൂന്നു കുട്ടികളുടെ പിതാവായ ആലപ്പുഴ സ്വദേശിയായ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം. യുവാവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഭാര്യയുടെ വാദം അംഗീകരിച്ച ആലപ്പുഴ കുടുംബക്കോടതി ഈ വിവാഹമോചനഹര്‍ജി നേരത്തേ തള്ളിയിരുന്നു.
ഏതുനേരവും വേര്‍പിരിയാവുന്ന തരത്തിലുള്ള കൂടിത്താമസങ്ങള്‍ (ലിവിങ് ടുഗെതര്‍) കേരളത്തില്‍ വര്‍ധിച്ചുവരുന്നുവെന്നും സ്വതന്ത്രജീവിതം ആസ്വദിക്കാന്‍ തടസ്സമാകുന്ന ഒരു തിന്മയും ദുരാചാരവുമായിട്ടാണ് യുവതലമുറ വ്യവസ്ഥാപിതവിവാഹത്തെ കാണുന്നതെന്നും കോടതി വ്യക്തമാക്കി. ഭാര്യയെന്നാല്‍ ''എന്നേക്കുമുള്ള ബുദ്ധിപരമായ മുതല്‍ക്കൂട്ട്' (ണശളല = ണശലെ കി്‌ലേൊലി േഎീൃ ഋ്‌ലൃ) എന്ന പഴയസങ്കല്പത്തിനുപകരം 'അന്തമില്ലാത്ത ആശങ്ക' (ണശളല = ണീൃൃ്യ കി്‌ലേെലറ എീൃ ഋ്‌ലൃ) എന്ന പുതിയ നിര്‍വചനം വ്യാപകമാകുന്നു. വഴിവിട്ട ബന്ധത്തിനുവേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാന്‍ കോടതിയുടെ സഹായം തേടാനാവില്ല എന്നുപറഞ്ഞാണ് ഹൈക്കോടതി വിവാഹബന്ധങ്ങള്‍ ശിഥിലമാകുന്നതിലുള്ള ആശങ്ക പങ്കുവച്ചത്. ചെറിയ വഴക്കുകളും വൈകാരിക പ്രതികരണങ്ങളും വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി. സ്ത്രീ - പുരുഷബന്ധത്തെ ശാരീരിക - ലൈംഗികതയുടെ തലത്തില്‍ മാത്രം തളച്ചിടുന്ന പുത്തന്‍ ചിന്തയും കോടതി തള്ളിപ്പറയുന്നു. ലൈംഗികപ്രേരണകള്‍ക്കു സ്വാതന്ത്ര്യം നല്കുന്ന വെറും ആചാരമോ ശൂന്യമായ ആഘോഷമോ അല്ല വിവാഹമെന്നും കോടതി നിരീക്ഷിച്ചു.
കുടുംബം സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടില്‍
കുടുംബമാണ് ഏതൊരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും എക്കാലത്തെയും ഉറപ്പുള്ള അടിത്തറ. കുടുംബത്തിന്റെ ധാര്‍മികച്യുതിയും അപജയങ്ങളും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ഗൗരവമായി ബാധിക്കുന്നുവെന്നു ചരിത്രപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബജീവിതം ശിഥിലമായ സംസ്‌കാരങ്ങളൊന്നും ലോകത്തില്‍ നിലനിന്നിട്ടില്ല. ശിഥിലമായ ബന്ധങ്ങളുള്ള കുടുംബങ്ങളില്‍നിന്നാണ് സാമൂഹികവിരുദ്ധരും കുറ്റവാളികളുമൊക്കെ ഉണ്ടാകുന്നത്. കുടുംബങ്ങള്‍ സുരക്ഷിതമായി നിലനില്‌ക്കേണ്ടത് രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാവിക്ക് അത്യന്താപേക്ഷിതമാണ്.
കുടുംബം തിരുസ്സഭയുടെയും അടിത്തറയാണ്. 'ഗാര്‍ഹികസഭ' എന്നാണ് കുടുംബത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കുന്നത്. ''കുടുംബത്തിന്റെ സന്തോഷം സഭയുടെ സന്തോഷമാണ്'' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായും ഓര്‍മിപ്പിക്കുന്നു.
വിവാഹവും കുടുംബവും ദൈവസ്ഥാപിതം
എല്ലാ വിശ്വാസസങ്കല്പങ്ങളിലും കുടുംബം ദൈവികമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാക്കുന്നു ക്രൈസ്തവപൈതൃകത്തില്‍. ആദ്യപുരുഷനെയും ആദ്യസ്ത്രീയെയും അനുഗ്രഹിച്ചുകൊണ്ട് ദൈവം പറഞ്ഞു: ''സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍'' (ഉത്പ. 1:28). അങ്ങനെ ദൈവം കുടുംബം സ്ഥാപിക്കുകയും അതിനു മൗലികമായ ഒരു ഘടന നല്കുകയും ചെയ്തു. ദൈവംതന്നെ ആദ്യവിവാഹവും ആദ്യകുടുംബവും ആശീര്‍വദിച്ചനുഗ്രഹിക്കുകയായിരുന്നു ഇവിടെ. ദൈവമായ കര്‍ത്താവ് ഏകനായിരുന്ന പുരുഷനു ചേര്‍ന്ന ഇണയെ അവന്റെ വാരിയെല്ലില്‍നിന്നു രൂപപ്പെടുത്തി അവന്റെ മുമ്പില്‍ കൊണ്ടുവന്നപ്പോള്‍ അവന്‍ പറഞ്ഞു: ''ഒടുവില്‍ ഇതാ, എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരി എന്ന് അവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കന്മാരെ വിട്ടു ഭാര്യയോടു ചേരും. പിന്നീട് അവര്‍ ഒറ്റ ശരീരമായി ത്തീരും'' (ഉത്പ. 2: 23,24). പിന്നീട് പുതിയനിയമത്തില്‍ ഈശോമിശിഹാ ഇതേ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു വിവാഹത്തിന്റെ ദൈവികപദ്ധതിയും അഭേദ്യതയും വിശദീകരിക്കുന്നുണ്ട് (മത്താ. 19:1-11). വി. പൗലോസ് ശ്ലീഹായും വിവാഹത്തിന്റെയും കുടുംബത്തിന്റെയും ദൈവികസ്ഥാപനവും കൗദാശികസ്വഭാവവും പരസ്പരസമര്‍പ്പണവും വ്യക്തമാക്കുന്നു (എഫേ. 5:22-33).
വിവാഹത്തിന്റെ ദൈവികാടിത്തറയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ''സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുത്തെ നിയമങ്ങളില്‍ അധിഷ്ഠിതവുമായ വൈവാഹികജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും ബലവത്തായ ആ പരസ്പരൈക്യം അലംഘനീയവും വ്യക്തിപരവുമായ സമ്മതത്താല്‍ അഥവാ ദാമ്പത്യ ഉടമ്പടിയാല്‍ സ്ഥിരീകൃതവുമാണ്. ഈ പരിശുദ്ധ ബന്ധം മാനുഷികനിശ്ചയങ്ങളെ മാത്രം ആശ്രയിച്ചുനില്ക്കുന്ന ഒന്നല്ല. കാരണം, ദൈവംതന്നെയാണ് വൈവാഹികബന്ധത്തിന്റെ സ്ഥാപകന്‍ (സഭ ആധുനികലോകത്തില്‍, 48).
ധാര്‍മികാടിത്തറയില്‍
പണിയപ്പെടുന്ന വിവാഹവും
കുടുംബവും
വിവാഹവും കുടുംബവും പണിതുയര്‍ത്തേണ്ട ഉറച്ച അടിത്തറ അവയുടെ ധാര്‍മികാടിത്തറതന്നെയാണ്. ഇങ്ങനെയുള്ള കുടുംബജീവിതങ്ങളാണ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്നത്. ഓരോ ദിവസവും ദമ്പതികള്‍ ദാമ്പത്യവിശ്വസ്തതയിലും പരസ്പരസമര്‍പ്പണത്തിലും വളരണം. ചാരിത്ര്യശുദ്ധിയും പാതിവ്രത്യവും വിവാഹബന്ധങ്ങളില്‍ പത്തരമാറ്റു തിളക്കം നഷ്ടപ്പെടാത്ത സനാതനമൂല്യങ്ങളായിരിക്കട്ടെ. സമ്പൂര്‍ണവും സമഗ്രവുമായ ആത്മദാനമാണ് ഭാര്യാഭര്‍ത്താക്കന്മാരില്‍ ഓരോ ദിവസവും വളരേണ്ടത്.
സ്ത്രീ - പുരുഷ ലൈംഗികതയും അതിന്റെ പരസ്പരപൂരകത്വവും ദൈവത്തിന്റെ അനന്തമായ പരിപാലനയുടെ ഭാഗവും ദൈവദാനവുമാണെന്നുള്ള ചിന്ത ആഴപ്പെടണം. മനുഷ്യലൈംഗികതയുടെ ദൈവസ്ഥാപിതമായ നിയോഗങ്ങള്‍ സ്‌നേഹം പങ്കുവയ്ക്കുക, ജീവന്‍ പകരുക എന്നിവയാണ്. ഇവ രണ്ടും അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവത്കരിക്കപ്പെടുന്നത് വിവാഹത്തിലും ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലുമാണ്. ദാമ്പത്യസ്‌നേഹം നിരന്തരം വളരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പരസ്പരമുള്ള സ്‌നേഹവും പ്രണയവും കരുതലും ബഹുമാനവും സമര്‍പ്പണവും തുല്യതയും പൂരകത്വവും ആത്മീയതയും നന്ദിയും അദ്ഭുതവുമെല്ലാം കൂടിച്ചേരുന്ന, അനേക ദളങ്ങളുള്ള ഒരു പുഷ്പംപോലെയാണ് ദാമ്പത്യസ്‌നേഹം. ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കുന്നു: ഒരു കുടുംബവും എല്ലാം തികഞ്ഞതായി ആകാശത്തുനിന്നു പൊട്ടിവീഴുന്നില്ല. ഓരോ കുടുംബവും സ്‌നേഹിക്കാനുള്ള അവരുടെ കഴിവില്‍ ഓരോ ദിവസവും നിരന്തരമായി വളരണം.
ആത്മീയതയും ദൈവാരാധനയും കുടുംബജീവിതത്തെ കൂടുതല്‍ പ്രശോഭിതമാക്കുന്നു. ദൈവസാന്നിധ്യമുള്ള കുടുംബങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കുന്നു. ദൈവാലയംപോലെ പവിത്രമാണ് വിവാഹവും ദാമ്പത്യവും കുടുംബജീവിതവും.
വിവാഹത്തെ തള്ളിപ്പറയുന്ന പുതുസംസ്‌കാരത്തിന്റെ മുമ്പിലും വിവാഹത്തെയും കുടുംബത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇതുപോലെയുള്ള കോടതിവിധികള്‍ സ്വാഗതാര്‍ഹങ്ങളാണ്. നീതിന്യായസംവിധാനങ്ങള്‍ വിവാഹത്തെ പരിരക്ഷിക്കാന്‍ നടത്തുന്ന ഇതുപോലത്തെ ശ്രമങ്ങള്‍ ശുഭോദര്‍ക്കവുമാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയ-സാമൂഹിക - ആത്മീയ നേതൃത്വങ്ങളും ഏറ്റെടുക്കണം. നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയായും വിവാഹസംസ്‌കാരത്തെ പിന്തുണയ്ക്കണം. യുവതയും കൗമാരപ്രായക്കാരും വിവാഹത്തെയും കുടുംബത്തെയും നെഞ്ചിലേറ്റുന്നവരാകണം. വിവാഹത്തിന്റെ പവിത്രമായ വേദിയില്‍ സമ്പൂര്‍ണമായ പരസ്പരസമര്‍പ്പണത്തിലൂടെ കുടുംബത്തെയും സമൂഹത്തെയും സഭയെയും എന്നും വളര്‍ത്തുന്ന നല്ലവരും വിശുദ്ധരുമായ മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും പ്രണാമം! ഒരു ബിഗ് സല്യൂട്ട്.