•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഈ ദുരന്ത-ഹാസ്യ-ചരിത്രനാടകം ഇനിയെത്രനാള്‍?

Romans, Country men and lovers!  ഷെക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ നാടകത്തിലെ ബ്രൂട്ടസിന്റെ അഭിസംബോധനയാണു മേലുദ്ധരിച്ചത്. ബ്രൂട്ടസ് പ്രസംഗം തുടര്‍ന്നു..Not that I loved Caeser less, but that I loved Rome more..”  അതുകൊണ്ടാണ് സീസറിനെ വധിച്ചത് എന്നു പറഞ്ഞു നിറുത്തി. ജനം ഇളകിവശായി....! സീസറിനെ പണ്ടേ തട്ടേണ്ടതായിരുന്നുവെന്ന് അവര്‍ക്കു തോന്നിപ്പോയി...! അപ്പോഴിതാ മാര്‍ക്ക് ആന്റണി കടന്നുവരുന്നു....“I came not to praise Caesar but to bury  him.” ആന്റണി പ്രസംഗം അവസാനിപ്പിച്ചതും കോപാകുലരായ ജനങ്ങള്‍ ബ്രൂട്ടസിന്റെയും കൂട്ടരുടെയും പിറകേ പായുന്നതുമാണു നാടകം...! 
ഷെക്‌സ്‌സ്പിയര്‍ നാടകങ്ങളെ പ്രധാനമായും ട്രാജഡി, കോമഡി, ചരിത്രം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഈ നാടകത്തില്‍ ഇവ മൂന്നുമുണ്ട്: സീസറിന്റെ ജീവിതം ചരിത്രമാണ്, അദ്ദേഹത്തിന്റെ വധം ട്രാജഡിയും, മരണാനന്തരസംഭവങ്ങള്‍ കോമഡിയും; ജനങ്ങളെ വിഡ്ഢികളാക്കുന്ന കോമഡി!  
വാസ്തവത്തില്‍, നമ്മുടെ നിയമസഭാസമ്മേളനവും ഒരു നാടകമല്ലേ? അവിടെ ട്രാജഡിയും കോമഡിയും ചരിത്രവുമുണ്ട്. ചിലപ്പോഴെങ്കിലും ഇവ ഇടകലര്‍ന്നും കൂടിക്കലര്‍ന്നും വരാറുണ്ട്. നിത്യേന നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഈ നാടകമായതിനാല്‍ വിശകലനത്തിലേക്കു കടക്കുന്നില്ല. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിലും ഈ ട്രാജഡി-കോമഡി-ചരിത്ര ദ്യശ്യങ്ങള്‍ പ്രകടമായി കാണാം. തീരദേശവാസികളുടെ ദുരിതവും വിഴിഞ്ഞം സമരവും, ദേശീയപാതയും സില്‍വര്‍ലൈന്‍പദ്ധതിയും, ബഫര്‍സോണും മലയോരമേഖലയും, തെരുവുനായ്ക്കളും പേവിഷബാധയും, ബന്ധുനിയമനവും സര്‍ക്കാര്‍ - ഗവര്‍ണര്‍ ഏറ്റുമുട്ടലുമെല്ലാം ഒരുവിധത്തില്‍ പറഞ്ഞാല്‍ ചരിത്രവും ഒപ്പം ട്രാജഡിയുമാണ്; അനുബന്ധമായി നടന്ന നിയമസഭാസമ്മേളനം കോമഡിയും! ഇതെല്ലാംചേര്‍ന്ന് ഇത്തവണത്തെ അസംബ്ലിസമ്മേളനത്തില്‍ സര്‍വകലാശാലാബില്‍ അവതരണത്തോടെ ഒരു ആന്റി ക്ലൈമാക്‌സുണ്ടായി. സഭാബഹിഷ്‌കരണത്തോടെ അതു പൂര്‍ത്തിയായി. 
ഈ ആന്റിക്ലൈമാക്‌സ് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം 'ഒരു വെടിക്കു രണ്ടുപക്ഷി' എന്ന പോലായി. പ്രശ്‌നകലുഷിതമായ ചരിത്രപശ്ചാത്തലത്തില്‍ ഏറെ പിരിമുറുക്കമുള്ള വിഷയമായിരുന്നല്ലോ ഉന്നതവിദ്യാഭ്യാസമേഖലയിലെ ക്രമക്കേടുകള്‍. അതു മുതലാക്കാന്‍ പ്രതിപക്ഷം തക്കം നോക്കിയിരിക്കുമ്പോഴാണല്ലോ സര്‍വകലാശാലകളില്‍ വി.സി.മാരെ നിയമിക്കുന്നതില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചു നിയമഭേദഗതിവരുത്തുന്ന ബില്ലവതരണം. ഈ ബില്‍ പാസാകുന്നതോടെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാകുമെന്നും അത് ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നും അതിനു പ്രതിപക്ഷം കൂട്ടുനില്ക്കുകയില്ലായെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബഹിഷ്‌കരണം നടത്തിയത്. ഇതിനു കൈയടി കിട്ടുക സ്വാഭാവികംമാത്രം. അങ്ങനെ, പ്രതിപക്ഷം ഒരു പ്ലസ്‌പോയിന്റ് നേടി. എന്നാല്‍, ഉള്ളിന്റെയുള്ളില്‍ അവര്‍ ഈ ബില്ലിന് അനുകൂലമാണെന്നതാണു സത്യം. കാരണം, പ്രതിപക്ഷം ഒരിക്കല്‍ ഭരണപക്ഷമാകുമല്ലോ. അപ്പോള്‍, സൊളുവില്‍ ഈ നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കാം. അതാണ്, 'ഒരു വെടിക്കു രണ്ടു പക്ഷി' എന്നു പറഞ്ഞതിന്റെ പൊരുള്‍. പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍, ഓട്ടോമാറ്റിക്കായി ഭരണപക്ഷത്തിനു പ്ലസ്‌പോയിന്റാകും. അപ്പോള്‍, ഇരുകൂട്ടര്‍ക്കും കിട്ടുന്നതില്‍ പാതി...!
ഇനി, ക്ലൈമാക്‌സിലേക്കു കടക്കാം. ആന്റിക്ലൈമാക്‌സിന്റെ മികവ് ക്ലൈമാക്‌സിന്റെ 'ശോഭ' വര്‍ധിപ്പിച്ചു. പ്രതിപക്ഷത്തുനിന്നു ശ്രീ. പി.സി. വിഷ്ണുനാഥ് മയക്കുമരുന്നുവിഷയം അവതരിപ്പിച്ചതോടെയാണ് അതിന്റെ തുടക്കം. സ്ഥിതിവിവരണക്കണക്കുകള്‍ ഉദ്ധരിച്ചു സമര്‍ത്ഥമായിത്തന്നെ അദ്ദേഹം വിഷയം അവതരിപ്പിച്ചു. ലഹരിമോചനകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 21 വയസുതികയാത്തവരുടെ എണ്ണം 3,933 ആണെന്നും 40 ശതമാനം പേര്‍ 18 വയസ്സുതികയാത്തവരാണെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അതിസമര്‍ത്ഥനായ പുത്രനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും ബന്ധവുമെല്ലാം ആര്‍ദ്രതയോടെയും അവന്റെ കദനകഥ വികാരാവേശപരവേശവിവശതയോടെയുമാണ് അവതരിപ്പിച്ചത്. ആ ഓമനമകന്‍ പി.ടി. തോമസിന്റെ പുത്രനാണെന്ന ആരോപണവും അവന്റെ അമ്മയായ ഉമാ തോമസിന്റെ വിലാപവും വൈറലായ വിവരമൊന്നും ഞാന്‍ വിശകലനം ചെയ്യുന്നില്ല. പ്രതിപക്ഷത്തിന്റെ അഭിനയപാടവമികവിനെ ഒറ്റവാക്കില്‍ അഭിനന്ദിച്ചുകൊണ്ട്, മുഖ്യമന്ത്രിയുടെ പ്രസംഗത്തിലേക്കു കടക്കാം. അദ്ദേഹവും കണക്കുകള്‍ അക്കമിട്ടു നിരത്തി. കഴിഞ്ഞ വര്‍ഷം 5,334 കേസുകളും 2020-ല്‍ 4650 കേസുകളുമാണു രജിസ്റ്റര്‍ ചെയ്തതെങ്കില്‍, ഈ വര്‍ഷം ഇതുവരെ 16,128 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്! 2020 ല്‍ 5674 പേരെയും 2021 ല്‍ 6704 പേരെയും അറസ്റ്റു ചെയ്തിടത്ത് ഈ വര്‍ഷം 17,834 പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 29 വരെ 1340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എ.യും 23.4 കിലോഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ ഇടയില്‍ ഇതിന്റെ ഉപയോഗവും വ്യാപനവും ഭീതിപ്പെടുത്തുന്നതരത്തില്‍ വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. 
ഇതിനോടു ചേര്‍ത്തുവായിക്കേണ്ട ഒരു സ്ഥിതിവിവരക്കണക്കുകൂടിയുണ്ട്. സംസ്ഥാനപോലീസിലെ 60,129 ഉദ്യോഗസ്ഥരും എക്‌സൈസ്‌വകുപ്പിലെ 5,427 പേരും മോട്ടോര്‍ വാഹനവകുപ്പിലെ 2,618 പേരും അടങ്ങുന്ന 68,174 അംഗസംവിധാനവും കേരളത്തിലുണ്ട്. ഈ സംവിധാനത്തിന്റെയെല്ലാം കണ്ണുവെട്ടിച്ചാണ് ലഹരിമാഫിയ ഇത്രമാത്രം ശക്തിയാര്‍ജ്ജിച്ചിട്ടുള്ളത് എന്നോര്‍ക്കണം! ഭരണസംവിധാനവിശ്വാസ്യത എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ലേ? 
2020 മുതലുള്ള സ്ഥിതിവിവരക്കണക്കുകള്‍ അക്കമിട്ടു നിരത്തിയ മുഖ്യമന്ത്രിയോടും നിജസ്ഥിതി അവതരിപ്പിച്ച പ്രതിപക്ഷത്തോടും ഒരു ചോദ്യം: നിങ്ങള്‍ ഇപ്പോഴാണോ ഈ വിവരങ്ങള്‍ അറിയുന്നത്? അസംബ്ലിയില്‍ പൊടുന്നനേ ഉണ്ടായ ഭൂതോദയമാണോ ഇത്? 
ക്ലൈമാക്‌സ് അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു 'ഫ്‌ളാഷ്ബാക്ക്' ആവശ്യമായി വരുന്നു. സുമാര്‍ ഒരുവര്‍ഷംമുമ്പ് പാലാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാടു പള്ളിയില്‍ തിരുക്കര്‍മമധ്യേ തന്റെ അജഗണങ്ങളോട് തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ''സൂക്ഷിക്കണേ മക്കളേ'' എന്നു പറഞ്ഞതിന്റെ പേരില്‍ (നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് പരാമര്‍ശം) ഉണ്ടായ വാദവിവാദകോലാഹലങ്ങള്‍ നിങ്ങള്‍ മറന്നുപോയോ? 'ഉത്തരവാദിത്വപ്പെട്ടവര്‍ സൂക്ഷിച്ചു സംസാരിക്കണം' എന്നായിരുന്നു ബഹു. മുഖ്യമന്ത്രി ബിഷപ്പിനുകൊടുത്ത ഉപദേശം! ഭരണ - പ്രതിപക്ഷങ്ങള്‍ ഒന്നിച്ചൊന്നായൊറ്റക്കെട്ടായി മയക്കുമരുന്നുമാഫിയയ്‌ക്കെതിരേ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍, 'മാപ്പ്' എന്നു പറഞ്ഞില്ലെങ്കിലും അന്നു പാലാമെത്രാന്‍ പറഞ്ഞതായിരുന്നു ശരി എന്ന് ഒരു വാക്കു പറയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...! ഭരണ-പ്രതിപക്ഷങ്ങള്‍ യോജിച്ച് തൊണ്ണതൊടാതെ എല്ലാം വിഴുങ്ങിക്കളഞ്ഞല്ലോ...! പ്രഖ്യാപനം അനുസരിച്ചു പ്രവര്‍ത്തിക്കുകയുംകൂടി ചെയ്തിരുന്നെങ്കില്‍...!
ഈ ദുരന്ത-ഹാസ്യ-ചരിത്ര നാടകം കണ്ട് അന്തം വിട്ടുനില്ക്കുന്ന പൊതുജനത്തോടു പറയട്ടെ: കള്ളന്‍ കപ്പലില്‍ത്തന്നെയുണ്ട്. രാഷ്ട്രീയമാഫിയ, ചാനല്‍മാഫിയ, ഉദ്യോഗസ്ഥമാഫിയ എല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണികളാണ്. ഇവരൊക്കെ ചേര്‍ന്നുള്ള ഒരു അധോലോകമാഫിയാ ടീമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനം തിരിച്ചറിയണം. അസംബ്ലിയില്‍ നിരത്തിയ സ്ഥിതിവിവരക്കണക്കുകള്‍ക്കൊക്കെ അപ്പുറമാണു യഥാര്‍ത്ഥ അവസ്ഥ! ടണ്‍ കണക്കിനാണ് വിവിധരൂപത്തിലും പേരിലും മയക്കുമരുന്നുകള്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നത്. പിടിക്കപ്പെട്ടു എന്ന് ഇവര്‍ പറയുന്നത് 'വെറും ചില്ലറ'! പിടിക്കപ്പെട്ടവര്‍ കേവലം ഞാഞ്ഞൂലുകള്‍! അണലിയും മൂര്‍ഖനുമൊക്കെ കാണാമറയത്ത് മാളത്തിനുള്ളിലാണ്. അതുകൊണ്ട്, ഇക്കാര്യത്തിലുള്ള ഭരണ-പ്രതിപക്ഷ ഐക്യം ഒരു കോമഡി എന്നല്ലാതെ എന്തുപറയേണ്ടു...! 
പ്രിയപ്പെട്ട മാതാപിതാക്കളേ, മക്കള്‍ നിങ്ങളുടേതാണ്. അവരെ സൂക്ഷിക്കാനും രക്ഷിക്കാനും നിങ്ങള്‍ക്കേ കഴിയൂ. കതിരേല്‍ വളം വച്ചിട്ടു കാര്യമില്ല. ''അടയ്ക്ക മടിയില്‍ വയ്ക്കാം; കമുക് പറ്റില്ല.'' ''ചൊട്ടയിലെ ശീലം ചുടലവരെ.'' ''സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ.'' ''മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക, മുമ്പേ കയിക്കും പിന്നെ മധുരിക്കും.'' അതുകൊണ്ട്, നല്ലതു പറഞ്ഞുകൊടുക്കുക; നല്ലതു കാണിച്ചുകൊടുക്കുക; നല്ലതു ജീവിച്ചു കാണിക്കുക. അതിരുകളും അരുതുകളും, ചിട്ടയും നിഷ്ഠയുമൊക്കെ വീട്ടിലുണ്ടാവണം. ഈശ്വരചിന്ത കൈവിടാതെ നോക്കുക. ആദരണീയരായ അധ്യാപകരേ, ''മാതാപിതാഗുരുദൈവം.'' മാതാപിതാക്കള്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളാണു ഇളംതലമുറയുടെ കാവല്‍ക്കാര്‍. അവര്‍ക്കു താങ്ങും തണലുമാകേണ്ടതു നിങ്ങളാണ്. അവസാനമായി, കുട്ടികളുടെ പരിരക്ഷയില്‍ സമൂഹത്തിനും നിര്‍ണായകമായ പങ്കുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയും തന്റെ നന്മയിലൂടെ അയല്‍ക്കാരനെ സഹായിക്കണം. കുഞ്ഞുങ്ങളേ, നല്ലതുമാത്രം കാണാനും കേള്‍ക്കാനും പറയാനും പ്രവര്‍ത്തിക്കാനും നിഷ്ഠവയ്ക്കുക. കൂട്ടുകാരെ സൂക്ഷിക്കുക. നല്ലവരെ മാത്രം ചേര്‍ത്തുനിര്‍ത്തുക. അല്ലാത്തവരെ അകറ്റി നിര്‍ത്തുക. പൊടിയും പുകയും മിഠായിയും ഗുളികയും സ്റ്റാമ്പുമൊക്കെയായി കൂട്ടുകാര്‍ അടുക്കുമ്പോള്‍ 'നോ' പറയാന്‍ നിങ്ങള്‍ക്കു കഴിയണം. ഈശ്വരചിന്ത സദാ ഉണ്ടായിരിക്കട്ടെ! 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)