പരമ്പരാഗതമായി മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ തെക്കന്‍തീരദേശവാസികള്‍ അവരുടെ ജീവിതവും തൊഴിലും പ്രതിസന്ധിയിലാക്കുന്ന ഒരു തീരാവ്യഥയില്‍ എത്തിനില്‍ക്കുന്നു. അവര്‍ ഇന്ന് സമരത്തിന്റെ പാതയിലാണ്. എന്തിനുവേണ്ടി? ഒന്നും വെട്ടിപ്പിടിക്കാനല്ല; പിന്നെയോ, സ്വന്തം നിലനില്പിനുവേണ്ടിമാത്രമാണവര്‍ കേഴുന്നതും പോരാടുന്നതും. കടല്‍നികത്തലും കടലിന്റെതന്നെ അടിത്തറ ഇളക്കുന്നതുമായ യന്ത്രവത്കൃതഡ്രഡ്ജിങ് ഒരു കാളകൂടസര്‍പ്പത്തെപ്പോലെ അവരുടെ ജീവിതങ്ങളെ വരിഞ്ഞുമുറുക്കുകയാണ്. വലിയവെളിവരെ വന്‍തോതില്‍ തീരശോഷണം സംഭവിച്ചിരിക്കുന്നു, ധാരാളം വീടുകള്‍ നിലംപരിശായിരിക്കുന്നു, മത്സ്യബന്ധനം തടസ്സപ്പെടുന്നു. അങ്ങനെ ജീവിതമാര്‍ഗംതന്നെ വഴിയടഞ്ഞിരിക്കുന്നു. കൊല്ലംകോട് പരുത്തിയൂരിലെ ധാരാളം വീടുകള്‍ കടല്‍ സ്വന്തം മടിയിലേക്കെടുത്തു. തഴമ്പിള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി ഇവിടെയെല്ലാം വീടുകള്‍ കടലെടുത്തു.
ഇതെല്ലാം സംഭവിച്ചാലും എല്ലാം മൗനമായി നോക്കി നില്‍ക്കണം തീരദേശവാസികള്‍ എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? അവിടത്തെ പള്ളികളിലുള്ള വൈദികര്‍ അതുകൊണ്ടാണ് ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍ മുമ്പോട്ടുവന്നിട്ടുള്ളത്.
ഗോത്രനേതാക്കന്മാരുടെ ഇടപെടല്‍
മണ്ണിന്റെ മക്കള്‍ക്ക്, പരമ്പരാഗത തൊഴില്‍ ചെയ്തു ജീവിക്കുന്ന പ്രദേശവാസികള്‍ക്ക് എന്നും ജീവല്‍പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങളുടെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം. ഉദാഹരണത്തിന്, ചൈനയിലെ സ്‌കിന്‍ജിയാങ് പ്രദേശത്ത് ഒരു കോടിയോളം വരുന്ന ഉയിഗുര്‍സ് ഗോത്രത്തില്‍പ്പെട്ട പ്രത്യേക വംശജര്‍ വസിക്കുന്നു. അവര്‍ ചൈനാഗവണ്‍മെന്റിന്റെ ഒട്ടേറെ സാമൂഹികവും മതപരവുമായ വിവേചനനയങ്ങള്‍ക്ക് അടിമകളാണ്. രാഷ്ട്രീയ പുനര്‍വിദ്യാഭ്യാസക്യാമ്പുകളിലേക്ക് അവരെ നിര്‍ബന്ധമായി തള്ളിവിടുന്നു എന്നാണ് യുഎന്‍ നിരീക്ഷകരുടെ അഭിപ്രായം. 71 വര്‍ഷമായി അവര്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഇവരില്‍ പലരും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ജയിലറകളിലും ലേബര്‍ ക്യാമ്പുകളിലുമാണ്.
അവിടെനിന്ന് ഭാഗ്യത്തിനു മോചിതരായി വരുന്നവര്‍ക്ക് ധാരാളം കദനകഥകള്‍ പറയാനുണ്ട്. കഠിനമായി പീഡിപ്പിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും കൊന്ന് അവയവങ്ങള്‍ മോഷ്ടിക്കുന്നതും നിര്‍ബന്ധിതവന്ധീകരണം നടത്തുന്നതുമായ ക്രൂരകഥകള്‍! ചൈന പതിവുപോലെ ഇതെല്ലം പാടേ നിരസിക്കുന്നു. ഞങ്ങള്‍ അവര്‍ക്കു തൊഴില്‍പരിശീലനമാണു നല്‍കുന്നതെന്നാണ് അവരുടെ ഭാഷ്യം.
ക്യാമ്പുകളില്‍ പോയവര്‍ പറയുന്നത്, പാര്‍ട്ടിതത്ത്വങ്ങള്‍ അടികൊടുത്തും പീഡിപ്പിച്ചും നിര്‍ബന്ധിച്ചു പഠിപ്പിക്കുകയും മരുന്നും വെള്ളവുംപോലും കൊടുക്കാതെ അവരെ കഷ്ടപ്പെടുത്തുകയുമായിരുന്നുവെന്നാണ്. അവര്‍ക്കു മതാനുഷ്ഠാനങ്ങള്‍ നടത്താനോ സ്വന്തം ഭാഷ സംസാരിക്കാനോപോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഉയിഗുര്‍സ് ഗോത്രനേതാക്കന്മാര്‍ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അവരുടെ സ്വരം ഉച്ചത്തില്‍ കേള്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താനായി അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.
വൈദികന്‍ സൃഷ്ടിച്ച അദ്ഭുതം
കാനഡയിലെ ക്യുബെക് എന്ന ടൗണിനടുത്തു വസിക്കുന്ന മറ്റൊരു സമുദായക്കാരാണ് മോഹവക്. അവര്‍ക്ക് അവിടെ കത്തോലിക്കാദൈവാലയമുണ്ട്. മോണ്‍ട്രിയോളില്‍നിന്ന് ഒരു നാലു മണിക്കൂര്‍ പ്ലെയിന്‍യാത്ര മതി ഇവിടെ എത്തിച്ചേരാന്‍. അവര്‍ ജീവിക്കാന്‍ ആശ്രയിച്ചിരുന്നത് വനവിഭവങ്ങളെയായിരുന്നു.
വ്യവസായാവശ്യങ്ങള്‍ക്കും മറ്റുമായി പുറത്തുനിന്നു വന്ന ആളുകള്‍ വനങ്ങള്‍ വെട്ടി തീയിട്ടു നശിപ്പിച്ചു. വന്‍കിടകൃഷിക്കു സ്ഥലം സൃഷ്ടിക്കാനായി യൂറോപ്പില്‍നിന്നു കാനഡയില്‍ കുടിയേറിയവരാണ് ഇതു ചെയ്തത്. അതോടെ മോഹവക്കുകള്‍ താമസിച്ചിരുന്ന വനപ്രദേശമെല്ലാം മരുഭൂമിയായി മാറി. അവരെല്ലാം ആ ഊഷരഭൂമിയില്‍ ജീവിതമാര്‍ഗമില്ലാതെ വിഷമിച്ചു.
അവിടെ ഫാദര്‍ ജോസഫ് ദാനിയേല്‍ എന്നൊരു വൈദികന്‍ വലിയൊരദ്ഭുതം സൃഷ്ടിച്ചു. അദ്ദേഹം മോഹവക്കുകളെ സംഘടിപ്പിച്ചുകൊണ്ട് ഒരു ബൃഹത്തായ പദ്ധതി നടപ്പാക്കി. 1822 മുതല്‍ 1920 വരെ ഇടവകക്കാര്‍ ഒത്തുചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. അതിനു വെള്ളമൊഴിച്ചു പരിരക്ഷിച്ചു. പരിണതഫലം ആനന്ദകരമായിരുന്നു; സ്വപ്‌നതുല്യമായിരുന്നു. ആ മണലാരണ്യം അതോടെ വീണ്ടും പച്ചപിടിച്ചു. വീണ്ടും ഹരിതാഭയാര്‍ന്ന ഒരു കാനനം അവര്‍ക്കു സൃഷ്ടിക്കാനായി. അതൊരു വലിയ വനമായി വളര്‍ന്നു. പലതരം പക്ഷിമൃഗാദികള്‍ അവിടേക്കു പാര്‍ക്കാനെത്തി. അവിടെ അന്നു സംഭവിച്ചത് വലിയൊരു തുടക്കമായിരുന്നു. കത്തോലിക്കാസഭയുടെ വനപരിപാലനത്തിന്റെ, റീപ്ലാന്റേഷന്റെ ഒരു വലിയ മാതൃകയായി അതു മാറി. ആ ഭൂഖണ്ഡത്തില്‍ ആകമാനമുള്ള വനപുനര്‍നിര്‍മാണത്തിന്റെ, വനസംരക്ഷണത്തിന്റെ ഒരു വലിയ സന്ദേശം ലോകമൊട്ടാകെ എത്തിക്കാന്‍ അവിടത്തെ വൈദികര്‍ക്കു കഴിഞ്ഞു.
വിഴിഞ്ഞം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍
വിഴിഞ്ഞത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടലൊഴുക്കിന്റെ ദിശകള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കടലാക്രമണം ആ പ്രദേശത്തെയാകെ തകരാറിലാക്കി. പ്രോജക്ടിന്റെ പാരിസ്ഥിതികമായ സമ്മര്‍ദങ്ങളോ ആഘാതങ്ങളോ ഫലപ്രദമായി പഠിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അതിനെ ശരിവയ്ക്കുന്നുമുണ്ട്. തിരുവനന്തപുരം ബീച്ചിന്റെ തൊടുകുറിയായി വിളങ്ങിയിരുന്ന ശംഖുമുഖം ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഇല്ലാതായിരിക്കുന്നു. വലിയതുറയിലെയും മുട്ടത്തറയിലെയും നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് ഇന്നു ഭവനമില്ല. അവരെ റിലീഫ് ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചെങ്കിലും അവര്‍ക്കു മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മുക്കുവര്‍ക്കു കടല്‍ത്തീരത്തെത്താനാവാതെ അവരുടെ വരുമാനമാര്‍ഗം നിലച്ച അവസ്ഥയുണ്ട്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതുവഴി അവര്‍ക്കു യാനങ്ങള്‍ ഇറക്കാന്‍ ആവുന്നില്ല. അപകടങ്ങള്‍ നിത്യസംഭവങ്ങള്‍ എന്നോണമായിരിക്കുന്നു.
ജീവിതം വഴിമുട്ടിയപ്പോള്‍ പോരാട്ടത്തിനിറങ്ങിയ മൂന്നു ജനസമൂഹത്തിന്റെ ജീവിതാനുഭവങ്ങള്‍ നാം കണ്ടു. വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാകുമെന്നു തീര്‍ച്ച. പക്ഷേ, അവിടെ മുട്ടുമടക്കണോ അതോ ചെറുത്തുനില്‍ക്കണോ എന്നു തീരുമാനിക്കേണ്ടത് അവരവര്‍തന്നെയാണ്. ഓരോ പ്രതിസന്ധിഘട്ടവും നമ്മെ ഉറക്കത്തില്‍നിന്നുണര്‍ത്തും. പ്രതിസന്ധികള്‍ വരുമ്പോള്‍ അവരെ നയിക്കുന്നവര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതും മാറ്റങ്ങളുടെ കൊമ്പുവാദ്യം മുഴക്കുന്നതും നാം കണ്ടു.
ഇത്തരം ഒരു സാഹചര്യത്തിലാണ് ക്യുബെക്കിലെ വൈദികരെപ്പോലെ നമ്മുടെ വൈദികരും അവരെ നയിക്കാന്‍ സധൈര്യം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അവരെ നമുക്ക് അത്യാദരവോടെ അനുമോദിക്കാം, ഒപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലമണിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യാം.