റബ്ബര്‍കൃഷിക്കു പ്രത്യേക പരിരക്ഷ നല്‍കുന്നതിനുവേണ്ടി 1947ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ റബ്ബര്‍ ആക്ട് ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട് നിരവധി ഭേദഗതികളിലൂടെയാണ് ഇന്നു കാണുന്ന രൂപത്തിലെത്തിയത്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന റബര്‍കൃഷിയെയും അതില്‍ത്തന്നെ ഏറ്റവും പ്രമുഖ ഉത്പാദനസംസ്ഥാനമായ കേരളത്തിലെ പത്തരലക്ഷം വരുന്ന റബര്‍കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ റബ്ബര്‍നിയമഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായ മാധ്യമവാര്‍ത്തകള്‍ റബ്ബര്‍കൃഷിയെമാത്രം ആശ്രയിച്ചുജീവിക്കുന്ന കര്‍ഷകരുടെ മനസ്സില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
റബ്ബര്‍ആക്ട് റദ്ദാക്കുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത് കേരളത്തിലെ റബ്ബര്‍കര്‍ഷകരെയാണ്. ഇന്ത്യയുടെ 'റബ്ബര്‍ ക്യാപ്പിറ്റല്‍' എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ 80 ശതമാനത്തിലേറെയും കേരളത്തില്‍നിന്നു മാത്രമാണ്. പത്തുലക്ഷത്തിലേറെ ഉത്പാദകര്‍, അവരില്‍ 90 ശതമാനത്തിലേറെ ഒന്നോ രണേ്ടാ ഏക്കര്‍ മാത്രമുള്ള ചെറുകിടകര്‍ഷകര്‍. ഇതുകൂടാതെ, റബ്ബര്‍കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന അഞ്ചുലക്ഷത്തിലേറെ ടാപ്പിങ്‌തൊഴിലാളികള്‍, ചെറുകിടവ്യവസായികള്‍, വ്യാപാരികള്‍ അങ്ങനെ ദശലക്ഷക്കണക്കിനാളുകളെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഇതിനുമുമ്പേ രണ്ടു തവണ റബര്‍ ആക്ട് റദ്ദാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയപ്പോള്‍ അതിനെതിരേ ശക്തമായ പ്രതിഷേധമാണ് കര്‍ഷകസംഘടനകളുടെയും വിവിധ സംസ്ഥാനസര്‍ക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടായത്. റബ്ബര്‍ബോര്‍ഡും വിവിധ ജനപ്രതിനിധികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുമ്പു രണ്ടു തവണയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയാണുണ്ടായത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇത്തവണ കൊവിഡ് പ്രതിസന്ധികളുടെ മറവില്‍ കര്‍ഷകരോഷത്തെ അവഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ട സംസ്ഥാനസര്‍ക്കാരിന്റെയോ കൃഷിവകുപ്പിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ഒരു പ്രതികരണംപോലും ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നതു വളരെ ദുഃഖകരമാണ്.
റബ്ബര്‍ ആക്ടിന്റെയും
റബ്ബര്‍ബോര്‍ഡിന്റെയും ചരിത്രം
രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് റബ്ബര്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു ഭരണസംവിധാനം ആവശ്യമാണെന്ന ചിന്ത ശക്തമായത്. ഇത്തരം ഒരു ഭരണസംവിധാനത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി 1945 ല്‍ ഒരു സബ്കമ്മിറ്റിക്ക് ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ രൂപം നല്‍കുകയുണ്ടായി. സബ്കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ (ഉത്പാദനവും വിതരണവും) നിയമം 1947 ഏപ്രില്‍ 18 ന് പാര്‍ലമെന്റ് പാസ്സാക്കുകയുണ്ടായി. ഈ നിയമമാണ് റബ്ബര്‍ ആക്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ റബ്ബര്‍കൃഷിയും വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും റബ്ബര്‍ ബോര്‍ഡ് നിലവില്‍വന്നത്. റബ്ബര്‍ ഉത്പാദനത്തിനും വിതരണത്തിനും റബ്ബര്‍ ആക്ടില്‍ വിഭാവനം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള സ്റ്റാറ്റിയൂട്ടറി ഏജന്‍സിയായാണ് റബ്ബര്‍ ബോര്‍ഡിനെ വിഭാവനം ചെയ്തിരുന്നത്.
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് എന്നപേരില്‍ ആദ്യം അറിയപ്പെട്ട ബോര്‍ഡിന്റെ പേര് 1954 ലെ റബ്ബര്‍ ഉത്പാദനവിതരണഭേദഗതിനിയമത്തിന്റെ അടിസ്ഥാനത്തില്‍ റബ്ബര്‍ ബോര്‍ഡ് എന്നു പുനര്‍നാമകരണം ചെയ്യുകയാണുണ്ടായത്. 1954 ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന ഭേദഗതിയിലൂടെ റബ്ബര്‍ ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വളരെ കൃത്യമായി നിര്‍വചിക്കപ്പെട്ടു. റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചട്ടങ്ങള്‍ 1955 ല്‍ നിലവില്‍ വന്നു. 1947 ലെ റബ്ബര്‍ (ഉത്പാദനവും വിതരണവും) നിയമം 1960, 1982, 1994 വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്യുകയുണ്ടായി. ഈ ഭേദഗതികളില്‍ ഏറിയപങ്കും ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു.
റബ്ബര്‍ ആക്ട് റദ്ദുചെയ്യുന്നതിനുള്ള നീക്കങ്ങള്‍
എന്നാല്‍, ഇത്തവണ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം റബ്ബര്‍ ആക്ട് ഭേദഗതി ചെയ്യുന്നതിനല്ല, മറിച്ച് ആക്ടുതന്നെ പിന്‍വലിക്കുന്നതിനുവേണ്ടിയാണ് എന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കത്തില്‍നിന്നു മനസ്സിലാകുന്നത്.
റബര്‍ ബോര്‍ഡുതന്നെ വേണെ്ടന്നുവയ്ക്കാനോ മറ്റു സമാനമായ കാര്‍ഷികബോര്‍ഡുകളുമായി ലയിപ്പിക്കാനോ ഉള്ള സാധ്യതകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്രവാണിജ്യ മന്ത്രാലയം രണ്ടാഴ്ച മുന്‍പ് കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്കയയ്ക്കുകയായിരുന്നു. ഇന്ത്യന്‍ റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ എന്തെങ്കിലും ബോധ്യപ്പെടുത്താനുണേ്ടായെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍നിന്നു റബ്ബര്‍ ബോര്‍ഡിനു കത്തു ലഭിച്ചത്. ഇത്തരത്തിലുള്ള നിര്‍ദേശം പത്തരലക്ഷംവരുന്ന റബര്‍കര്‍ഷകരുടെ ജീവിതവും 12 സംസ്ഥാനങ്ങളിലെ റബര്‍കൃഷിയും ഇല്ലാതാക്കുമെന്നു വ്യക്തമാക്കി റബര്‍ബോര്‍ഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു തൊട്ടടുത്ത ദിവസംതന്നെ മറുപടിയും നല്‍കിയിരുന്നു. റബ്ബര്‍ ആക്ട് ഇല്ലാതാകുന്നതോടെ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന റബ്ബര്‍ ബോര്‍ഡും ഇല്ലാതാവുകയാണ്. റബ്ബര്‍ ബോര്‍ഡിനെ പൂട്ടിക്കെട്ടാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന നീക്കങ്ങളുടെ പരിസമാപ്തിയാവും റബ്ബര്‍ ആക്ട് പിന്‍വലിക്കുന്നതോടെ സംഭവിക്കുക. പല്ലും നഖവും നഷ്ടപ്പെട്ട് മൃതപ്രായമാണെങ്കിലും ഇപ്പോഴും റബ്ബര്‍ കര്‍ഷകരുടെ വലിയ പ്രതീക്ഷയാണ് റബ്ബര്‍ബോര്‍ഡ്. റബ്ബര്‍കര്‍ഷകര്‍ക്കു താങ്ങും തണലുമായ റബ്ബര്‍ ബോര്‍ഡ് ഇല്ലാതാകുന്നതോടെ റബ്ബര്‍കൃഷിക്കുതന്നെ മരണമണി മുഴങ്ങുകയാണ്.
റബ്ബര്‍ ബോര്‍ഡിന് ആവശ്യമായ സാമ്പത്തികസൗകര്യങ്ങള്‍ നല്‍കാതെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതിനാല്‍ ഇപ്പോള്‍ ബോര്‍ഡിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലായെങ്കിലും മുന്‍കാലങ്ങളില്‍ റബ്ബര്‍കര്‍ഷകര്‍ക്കു സഹായകരമായി പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട് എന്നതു വസ്തുതയാണ്. റബ്ബര്‍ ബോര്‍ഡില്‍നിന്നു ലഭിച്ചിരുന്ന ധനസഹായപദ്ധതികള്‍ കര്‍ഷകര്‍ക്കും റബ്ബറുത്പാദകസംഘങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു. പുതുക്കൃഷി, ആവര്‍ത്തനക്കൃഷി തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നല്‍കിയിരുന്ന സബ്‌സിഡി, തൊഴിലാളിക്ഷേമാനുകൂല്യങ്ങള്‍ തുടങ്ങിയവ റബ്ബര്‍കൃഷിയെ പിടിച്ചുനിര്‍ത്തുന്നതില്‍ കര്‍ഷകര്‍ക്കു വലിയ സഹായമായിരുന്നു. കൂടാതെ, റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള റബ്ബറുത്പാദനവിഭാഗം, റബ്ബര്‍ ഗവേഷണവിഭാഗം, റബ്ബര്‍സംസ്‌കരണ ഉത്പന്നവികസനവിഭാഗം, പരിശീലനവിഭാഗം, സ്ഥിതിവിവരആസൂത്രണവിഭാഗം, വിപണനതന്ത്രവിഭാഗം തുടങ്ങിയവയുടെയൊക്കെ ഇടപെടലുകള്‍ റബ്ബര്‍ കൃഷിയിലും വിപണിയിലും ആസൂത്രണത്തിലും ഗവേഷണത്തിലുമെല്ലാം റബ്ബര്‍ മേഖലയ്ക്കു വലിയ സഹായമായിരുന്നു. റബ്ബര്‍ ബോര്‍ഡ് പരാജയമാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ പ്രചാരണങ്ങള്‍ നടത്തുന്ന പലരും റബ്ബര്‍ബോര്‍ഡിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മനയത്തെ കണ്ടില്ല എന്നു നടിക്കുകയാണ്. റബ്ബര്‍ബോര്‍ഡിനുള്ള കേന്ദ്രവിഹിതം ഇരുപതു വര്‍ഷം മുമ്പുള്ളതുപോലും ഇപ്പോഴില്ല എന്നതാണു സത്യം. ഈ സാമ്പത്തികവര്‍ഷം റബ്ബര്‍ ബോര്‍ഡിന് കേന്ദ്രബജറ്റില്‍ നീക്കിവച്ച തുക 221 കോടി രൂപ മാത്രമാണ്. ഇതു ബോര്‍ഡിന്റെ ഓഫീസ് ചെലവുകള്‍ക്കുപോലും തികയില്ല എന്നതാണു സത്യം.
റബ്ബര്‍ കര്‍ഷകരുടെ മുന്‍പിലെ വെല്ലുവിളികള്‍
റബ്ബര്‍ ആകട് റദ്ദാക്കുന്നതിന്റെ അനന്തരഫലമായി റബ്ബര്‍ ബോര്‍ഡുതന്നെ ഇല്ലാതായാല്‍ റബ്ബര്‍കൃഷിയും കര്‍ഷകരും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ വലുതാണ്. ഇപ്പോള്‍ത്തന്നെ നഷ്ടത്തിലായ റബ്ബര്‍കൃഷിയുടെ സ്വാഭാവികഅന്ത്യത്തിലേക്കായിരിക്കും കാര്യങ്ങള്‍ ചെന്നെത്തുക. നഷ്ടം സഹിച്ചും കര്‍ഷകര്‍ ഇനിയും റബ്ബര്‍കൃഷിയുമായി മുന്നോട്ടുപോകണോ എന്ന ചോദ്യം ഉയരുമ്പോള്‍ത്തന്നെ ഇതല്ലാതെ കര്‍ഷകനു പകരമെന്ത് എന്ന മറുചോദ്യവും ഉയരും. റബ്ബര്‍കൃഷിചെയ്യുന്ന ഭൂരിഭാഗംതോട്ടങ്ങളും ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ റബ്ബര്‍ അല്ലാതെ മറ്റൊരു കൃഷിയും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. സ്വന്തമായുള്ള മൂന്നു സെന്റ് ഭൂമിപോലും റവന്യുരേഖകളില്‍ തോട്ടം എന്നു രേഖപ്പെടുത്തിയതിനാല്‍ ലൈഫ് പദ്ധതിയില്‍പ്പെടുത്തി കിടപ്പാടംപോലും സ്വന്തമാക്കാന്‍ പറ്റാത്ത പാവപ്പെട്ടവരുള്ള നാട്ടില്‍ ഭൂപരിഷ്‌കരണനിയമത്തിലെ സങ്കീര്‍ണ്ണതകള്‍ കാരണം എങ്ങനെ ഇതര കൃഷികളിലേക്കു കര്‍ഷകര്‍ തിരിയും? ഭൂപരിഷ്‌കരണനിയമപ്രകാരം മിച്ചഭൂമിയായി ഏറ്റെടുക്കുന്നതില്‍ ഇളവുകള്‍ ലഭിച്ച ഭൂമി ഇനംമാറ്റിയാല്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നാണു പറയുന്നത്. കൂടാതെ, തോട്ടഭൂമികളില്‍ നിയന്ത്രിതമായ രീതിയില്‍ ഇതരകൃഷികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2001ലെയും 2011ലെയും യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ പിന്നീടുവന്ന സര്‍ക്കാരുകള്‍ തിരുത്തുകയാണുണ്ടായത്.
ഭൂപരിഷ്‌കരണനിയമത്തില്‍ വെള്ളംചേര്‍ക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ഇത്തരം ഇളവുകള്‍ക്കെതിരേ അന്നത്തെ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്. അമ്പതാണ്ടു പിന്നിട്ട കേരളത്തിലെ ഭൂപരിഷ്‌കരണനിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണം എന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. എങ്കിലും, തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയഇച്ഛാശക്തിയുടെ അഭാവം കാര്‍ഷികമേഖലയുടെ, പ്രത്യേകിച്ചും തോട്ടമേഖലയുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുകയാണ് .
റബ്ബര്‍ ആക്ട് റദ്ദാകുന്നതോടെ റബ്ബര്‍മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം (1) റബ്ബര്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന റബ്ബര്‍ ബോര്‍ഡുതന്നെ ആക്ട് പിന്‍വലിക്കുന്നതിലൂടെ, ഇല്ലാതാകുന്നതോടെ റബര്‍മേഖലയുമായി ബന്ധപ്പെട്ട ഗവേഷണം, സബ്‌സിഡി, കൃഷിവ്യാപനം, സാങ്കേതികസഹായം തുടങ്ങിയവയൊക്കെ അന്യമാകുന്നു. (2) റബ്ബര്‍വില, വാണിജ്യം, കയറ്റുമതി-ഇറക്കുമതി എന്നിവയ്‌ക്കൊക്കെ ഭാവിയില്‍ യാതൊരു നിയന്ത്രണമോ മേല്‍നോട്ടമോ ഉണ്ടാവുകയില്ല. (3) ഓരോ ദിവസത്തെയും റബ്ബര്‍വില, വാര്‍ഷികോത്പാദനം, ഇറക്കുമതി, കയറ്റുമതി തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ല. (4) അടിയന്തരഘട്ടങ്ങളില്‍ റബ്ബറിനു തറവിലയോ താങ്ങുവിലയോ നിശ്ചയിക്കാനുള്ള സാധ്യതയും ഭാവിയില്‍ ഇല്ലാതാകും. ചുരുക്കിപ്പറഞ്ഞാല്‍ റബ്ബര്‍കൃഷിയുടെയും റബ്ബര്‍ ബോര്‍ഡിന്റെയും അന്ത്യംകുറിക്കുന്ന നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു.