''അപ്പാ പ്പേ; അപ്പാപ്പേ; വെല്യപ്പാപ്പ വരുന്നുണ്ട്.'' ഗേറ്റു കടന്നുവരുന്ന വെല്യപ്പാപ്പയെ കണ്ടതും പോര്‍ട്ടിക്കോയില്‍ നില്ക്കുകയായിരുന്ന അമിയക്കുട്ടി അകത്തേക്കു നോക്കി വിളിച്ചുപറഞ്ഞു.
അമിയക്കുട്ടിയുടെ അപ്പാപ്പനും വെല്യപ്പാപ്പനും സഹോദരന്മാരാണ്.
വെല്യപ്പാപ്പ പോര്‍ട്ടിക്കോയിലെത്തിയതും അമിയക്കുട്ടി ചാടിക്കേറി വെല്യപ്പാപ്പയോടൊരു ചോദ്യം: ''വെല്യപ്പാപ്പ വല്ലതും കേട്ടോ?''
വെല്യപ്പാപ്പ ആകെ ആകാംക്ഷയിലായി. എന്താണാവോ അമിയക്കുട്ടിയുടെ 'വല്ലതും കേട്ടോ?' താമസിച്ചില്ല; അമിയക്കുട്ടിതന്നെ ഉത്തരവും നല്കി:
''അതേയ്, ഇത്തവണ കാറ്റിക്കിസം പരീക്ഷയില്‍ ക്ലാസില്‍ രണ്ടാംസ്ഥാനം ഈ അമിയക്കുട്ടിക്കാണ്.'' അവള്‍ നെഞ്ചില്‍ കൈവച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു.
ഉടനെ വല്യപ്പാപ്പ തന്റെ വലതുകരം അമിയക്കുട്ടിയുടെ നേരേ നീട്ടിയിട്ടു പറഞ്ഞു:
''കൊടുകൈ; മിടുക്കി; മിടുമിടുക്കി''
അവള്‍ വെല്യപ്പാപ്പയുടെ കൈപിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു: ''താങ്ക് യൂ വെല്യപ്പാപ്പ'' പറഞ്ഞുകഴിഞ്ഞതും അവള്‍ ഓടി. മുറ്റത്തു കളിക്കൂട്ടുകാരുണ്ട്. അവരുടെ അടുത്തേക്ക്.
സാവധാനം വെല്യപ്പാപ്പയും അവരുടെ കൂടെക്കൂടി. വെല്യപ്പാപ്പ അവരുടെ അടുത്തുചെന്നുനോക്കി. അവര്‍ ഒരു കുരിശ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും വെല്യപ്പാപ്പ അവരോടു ചോദിച്ചു:
''മക്കളെന്തു കളിക്കാണ് ഒരുങ്ങുന്നത്?''
''ഞങ്ങള്‍ ഒരു കുരിശുണ്ടാക്കുകയാണ്. ദുഃഖവെള്ളി അടുത്തുവരികയല്ലേ. അന്നു ഞങ്ങള്‍ ഈ കുരിശ് ഈ തോട്ടത്തിന്റെ നടുക്കു നാട്ടും.''
വെല്യപ്പാപ്പനു കൗതുകമേറി. നോമ്പുകാലത്ത് കുട്ടികള്‍ കുരിശിനെപ്പറ്റി ചിന്തിക്കുന്നല്ലോ. വെല്യപ്പാപ്പന്‍ കുട്ടികളുമായി കുശലം പറയാന്‍ തുടങ്ങി.
''ആകട്ടെ കുട്ടികളേ; വെല്യപ്പാപ്പ ഒരു കഥ പറയട്ടെ; കുരിശിന്റെ കഥ!''
കുട്ടികള്‍ക്ക് ഉത്സാഹമായി.
''പറയൂ വെല്യപ്പാപ്പാ; പറയൂന്നേ.''
''കുരിശു കണ്ടപ്പോള്‍ ഒരു വലിയ പട്ടാളം തോറ്റോടിയ കഥയാണ്.'' കുട്ടികള്‍ക്കു കഥ കേള്‍ക്കാന്‍ തിരക്കായി. ''പറയൂ പറയൂ വേഗം, വേഗം''
കുട്ടികളില്‍ ആവേശമുണര്‍ത്താനായി വെല്യപ്പാപ്പന്‍ ഒരു ചോദ്യമെടുത്തിട്ടു: ''കുരിശ് കൊടിയടയാളമായി സ്വീകരിച്ച ആദ്യത്തെ രാജാവാരാണെന്നറിയാമോ?''
കുട്ടികള്‍ക്കറിയില്ല; ഒരു നിമിഷം അവര്‍ നിശ്ശബ്ദരായി. കുട്ടികളുടെ ഉത്സാഹം മങ്ങി. ഉടനെ വെല്യപ്പാപ്പ ഇടപെട്ടു:
''എന്തിനാ വിഷമിക്കുന്നത്? വെല്യപ്പാപ്പ പറഞ്ഞുതരാമല്ലോ, ദാ കേട്ടോളൂ. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി!''
''ആരാ? അപ്പാപ്പ ഒന്നുകൂടി പറയാം ശ്രദ്ധിച്ചു കേള്‍ക്കണം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി. കേട്ടില്ലേ, ഇനി നിങ്ങള്‍ ഒന്നുറക്കെപ്പറയൂ.''
''കോണ്‍സ്റ്റന്റൈന്‍'' കുട്ടികള്‍ ഉറക്കെ ആവര്‍ത്തിച്ചു.
''കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ കൊടിയില്‍ കുരിശു രേഖപ്പെടുത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്. അക്കഥകൂടി കേട്ടോളൂ.
ക്രിസ്തുവിന്റെ മരണശേഷം മൂന്നാം നൂറ്റാണ്ടിലാണ് ഇക്കഥ നടക്കുന്നത്. അന്നു റോമാസാമ്രാജ്യം രണ്ടു ചക്രവര്‍ത്തിമാരുടെ ഭരണത്തിലായിരുന്നു. റോം തലസ്ഥാനമായി ഭരണം നടത്തിയിരുന്നത് മാക് സെന്റിയൂസ് ചക്രവര്‍ത്തിയും, കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായി ഭരണം നടത്തിയിരുന്നത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും.'' ഇടയ്ക്ക് വെല്യപ്പാപ്പന്‍ ചോദിക്കും. ''ആരൊക്കെയാ ഭരിച്ചിരുന്നത്?''
''മാക്‌സെന്റിയൂസ്; കോണ്‍സ്റ്റന്റൈന്‍'' കുട്ടികള്‍ ഉറക്കെപ്പറഞ്ഞു. വല്യപ്പാപ്പന്‍ കഥ തുടര്‍ന്നു:
''മാക്‌സെന്റിയൂസ് ചക്രവര്‍ത്തി ഒരു യുദ്ധക്കൊതിയനായിരുന്നു. അടുത്തുകിടക്കുന്ന രാജ്യങ്ങളൊക്കെ വെട്ടിപ്പിടിക്കണം! അടുത്തുകിടക്കുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍തന്നെയാകട്ടെ ആദ്യം. അദ്ദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുമായി യുദ്ധം പ്രഖ്യാപിച്ചു. എന്തു ചെയ്യും? പേടിച്ചോടാനൊക്കുമോ? കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും യുദ്ധത്തിനൊരുങ്ങി.
''യുദ്ധം തുടങ്ങി. പടയാളികള്‍ മുഖാമുഖം നിരന്നു. പടക്കോപ്പുകളണിഞ്ഞ് യുദ്ധസന്നദ്ധരായി തങ്ങള്‍ക്കെതിരേ നില്ക്കുന്ന സൈന്യത്തെ കണ്ടപ്പോഴേ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിരണ്ടു. എണ്ണത്തിലും ആയുധശേഷിയിലും താരതമ്യേന വളരെ ചെറുതായ തന്റെ സൈന്യം പരാജയപ്പെടുമെന്നുറപ്പായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സംഭീതനായി നില്ക്കുമ്പോള്‍ ആരോ തന്നെ വിളിക്കുന്നതായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു തോന്നി. അദ്ദേഹം കാതുവട്ടം പിടിച്ച് ശബ്ദം കേട്ട ഭാഗത്തേക്കു ശ്രദ്ധിച്ചു.
''കോണ്‍സ്റ്റന്റൈന്‍; ശിരസ്സുയര്‍ത്തി ആകാശത്തേക്കു നോക്കുക. അവിടെ കാണുന്ന ചിഹ്നം താങ്കളുടെ കൊടിയില്‍ രേഖപ്പെടുത്തിയിട്ടു യുദ്ധം തുടരുക. താങ്കള്‍ ജയിക്കും.''
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി. അവിടെയതാ മേഘങ്ങള്‍ക്കു മദ്ധ്യേ ഒരു കുരിശ് മിന്നിത്തെളിഞ്ഞുനില്ക്കുന്നു.
തന്റെ വിജയത്തിനനിവാര്യമായത് എന്താണെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു ബോധ്യമായി. അദ്ദേഹം തന്റെ കൊടിയില്‍ കുരിശു രേഖപ്പെടുത്തി; തന്റെ കൊടിയടയാളമായി സ്വീകരിച്ചു; വിജയം വരിക്കുകയും ചെയ്തു.
പിന്നെ നടന്നത് മഹാദ്ഭുതങ്ങളായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തുമതത്തെ തന്റെ സാമ്രാജ്യത്തിലെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും ചെയ്തു.