•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇവിടെയുണ്ട് ഉത്ഥിതന്‍

ന്നത്തെ സമൂഹത്തില്‍നിന്ന് യേശുവിന്റെ ചിത്രം വരയ്ക്കുന്നതിനാവശ്യമായ ചായക്കൂട്ടുകള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കണം ചരിത്രത്തിലെ യേശുവിന്റെ ഉത്ഥാനം മനസ്സിലാക്കേണ്ടത്. ഇവിടെ യേശുവിന്റെ ജീവന്‍ സ്പന്ദിക്കുന്നുവെങ്കില്‍ അതായിരിക്കും ഉത്ഥാനത്തിന്റെ ശക്തമായ തെളിവ്.
ദൈവശാസ്ത്രത്തിന് രണ്ടു കണ്ണുണ്ടായിരിക്കണമെന്ന് ലെയനാര്‍ഡോ ബോഫ് അഭിപ്രായപ്പെടുന്നു. ''ഒന്ന് ഭൂതകാലത്തെ നോക്കുന്നു. അവിടെ രക്ഷ ആരംഭിച്ചു. അടുത്തത് വര്‍ത്തമാനകാലത്തേക്കു നോക്കുന്നു. രക്ഷ യാഥാര്‍ത്ഥ്യമായിത്തീരുന്നു.'' സ്വന്തം കണ്ണുകള്‍കൊണ്ടു കാണുകയും കരങ്ങള്‍കൊണ്ടു സ്പര്‍ശിക്കുകയും കാതുകള്‍കൊണ്ടു കേള്‍ക്കുകയും ചെയ്ത കാര്യങ്ങളാണ് അപ്പസ്‌തോലന്മാര്‍ രേഖപ്പെടുത്തിയത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന് അപ്പസ്‌തോലന്മാരെ ശക്തിപ്പെടുത്തിയത് ഉത്ഥാനാനുഭവമായിരുന്നു. യേശുവിന്റെ ശാരീരിക ഉയിര്‍ത്തെഴുന്നേല്പു കൂടാതെ ഈ അനുഭവം അസാധ്യമാണെന്ന് ഷില്ലബെക്‌സ് അഭിപ്രായപ്പെട്ടു.
യേശുവിനെ സംസ്‌കരിച്ച കല്ലറയുടെ സമീപത്ത് മഗ്ദലനമറിയം കരഞ്ഞുകൊണ്ടിരുന്നു. അതുകണ്ട് മാലാഖ പറഞ്ഞു: ''ജീവിക്കുന്നവനെ എന്തിനാണ് നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത്? അദ്ദേഹം ഇവിടെയില്ല. ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കാ 24: 5, 6).
ജീവന്റെ പൂര്‍ണതയിലേക്ക് യേശു പ്രവേശിച്ചു. അതോടെ നമ്മുടെ പ്രതീക്ഷയുടെ അര്‍ത്ഥവും നീതിയുടെ സ്വഭാവവും ദൈവം ആരുടെ പക്ഷത്താണെന്നുള്ള വസ്തുതയും വ്യക്തമായി. നിര്‍ദോഷിയായ യേശു ചിന്തിയ രക്തത്തില്‍ ഒരു തുള്ളിപോലും വ്യര്‍ത്ഥമായിപ്പോയില്ല. നീതിയും നന്മയുമായ ദൈവരാജ്യം ഉത്ഥാനത്തില്‍ ലളിതവും അക്ലിഷ്ടവുമായ മൂര്‍ത്തരൂപം കൈക്കൊണ്ടു.
ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ പുതിയൊരു സൃഷ്ടിയായിരിക്കും. അന്നു ശവകുടീരത്തിനുവെളിയില്‍ കരഞ്ഞുകൊണ്ടുനിന്ന മഗ്ദലനയ്ക്കും യൂദന്മാരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യര്‍ക്കും ഉത്ഥാനത്തെ സംശയിച്ച തോമായ്ക്കും അപ്പത്തിനുവേണ്ടി രാവുമുഴുവന്‍ അധ്വാനിച്ച പത്രോസിനും ദുഃഖിതരായി, എല്ലാ പ്രതീക്ഷയും തകര്‍ന്നവരായി നടന്നുപോയ ക്ലെയോഫാസിനും കൂട്ടര്‍ക്കും ഉത്ഥാനത്തിന്റെ അനുഭവം നല്കിയവന്‍, മായിച്ചുകളയാന്‍ വയ്യാത്തവിധം ഇന്നത്തെ ലോകത്തില്‍ സന്നിഹിതനാണ്. ഓരോ വ്യക്തിയിലും  സാമൂഹികപ്രക്രിയയിലും അവിടുന്നുണ്ട്, സജീവനായിട്ടുണ്ട്.
ആരാലും അറിയപ്പെടാതെ, ആരുടെയും അംഗീകാരമില്ലാതെ, തെറ്റിദ്ധരിക്കപ്പെട്ടവരായി, മനസ്സിലാക്കപ്പെടാത്തവരായി നുകത്തിന്‍കീഴ് അമര്‍ന്നവരായി, തകര്‍ന്നവരായി, അവഗണിക്കപ്പെട്ടവരായി എത്രയെത്ര നിര്‍ദോഷികളുടെ രക്തമാണ് ഇന്ന് ചിന്തപ്പെടുക! പേരില്ലാത്തവരായി, താങ്ങില്ലാത്തവരായി, ഏകാന്തപഥികരായി, ആദിവാസികളായി; അധഃകൃതരായി; തൊഴിലാളികളായി, കര്‍ഷകരായി എത്രയേറെ മനുഷ്യരാണ് സമൂഹത്തില്‍ കഴിഞ്ഞുകൂടുക! അവരുടെയൊക്കെ വേദനയ്ക്കും മരണത്തിനും അര്‍ത്ഥം നല്കാന്‍ കഴിയുന്നതാണ് യേശുവിന്റെ ഉത്ഥാനം.
സുവിശേഷം മുറുകെപ്പിടിച്ചുകൊണ്ട്, മര്‍ദിതരുടെയും പാവങ്ങളുടെയും പങ്കുചേര്‍ന്ന് സ്‌നേഹസമൂഹത്തിനായി കഠിനാധ്വാനം ചെയ്യുന്ന ക്രൈസ്തവസമൂഹങ്ങള്‍ ഉയിര്‍ന്നുവരുന്നു. എന്നതാണ് യേശുവിന്റെ ഉത്ഥാനത്തിന്റെ ഏറ്റവും വ്യക്തമായ ഇന്നത്തെ തെളിവ്. രക്ഷയ്ക്കുവേണ്ടിയുള്ള അധ്വാനത്തിന്റെ പ്രതിഫലം കണ്ണുനീരും പീഡനങ്ങളും മരണംതന്നെയും ആയിരിക്കുമെങ്കിലും ആ പ്രേഷിതര്‍ക്ക്  ദുഃഖമോ നിരാശയോ ഇല്ല.
ഗറില്ലാ യുദ്ധത്തില്‍ മരിച്ചവരെ അനുസ്മരിച്ചുകൊണ്ടു നടത്തിയ വി. ബലിയില്‍ ആര്‍ച്ചുബിഷപ് റൊമേരോ പറഞ്ഞു: ''നിരാശയോ ഭീരുത്വമോ അല്ല ഈ ദേവാലയത്തെ ജനനിബിഡമാക്കിയിരിക്കുന്നത്, ഉത്ഥാനം ചെയ്ത യേശുവിലുള്ള വിശ്വാസമാണ്. ജീവന്റെ തികവിലേക്കു സാല്‍വദോര്‍ ജനതയെ കൊണ്ടുവരുന്നതിന് ഉരുക്കുമുഷ്ടിയെയും കല്‍ത്തുറുങ്കിനെയും പീരങ്കിയെയും ഭയപ്പെടാതെ മുന്നേറാനുള്ള ശക്തി ഈ ദിവ്യബലിവേദിയില്‍നിന്നു നാം ആര്‍ജിക്കുന്നു.''
വ്യക്തിയിലോ സമൂഹത്തിലോ എവിടെയായാലും ജീവന്‍ മൊട്ടിടുന്നിടത്ത്, കിരാതത്വത്തിനെതിരേ സ്വാതന്ത്ര്യഭേരി മുഴക്കുന്നിടത്ത്, സാഹോദര്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുഷ്പിക്കുന്നിടത്ത്, കരുണയും സ്‌നേഹവും വഴിഞ്ഞൊഴുകുന്നിടത്ത്, പ്രതീക്ഷ വളരുന്നിടത്ത്, സ്വന്തം ഭാഗധേയം നിര്‍വഹിക്കാന്‍ പക്വതയാര്‍ന്ന മനുഷ്യന്‍ കടന്നുവരുന്നിടത്ത്, കുരിശിന്റെ പാതയെ പുണരുന്നിടത്ത്, മനുഷ്യമഹത്ത്വത്തെ പ്രഘോഷിക്കുന്നിടത്ത്, ഉത്ഥിതന്‍ കടന്നുവരുന്നു, സമാധാനദൂതുമായി. ഉത്ഥാനം ഇവിടെ യാഥാര്‍ത്ഥ്യമായിത്തീരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)