യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് മാനവചരിത്രത്തിന്റെ ഗതിമാറ്റിയ ഒറ്റപ്പെട്ടതും ശാസ്ത്രസാങ്കേതികജ്ഞാനത്തിന് അതീതവുമായ സംഭവമാണ്. ഇതിന്റെ ചരിത്രസാധുതയെ പ്രഖ്യാപിക്കുന്ന നിരവധി മൂല്യവത്തായ തെളിവുകള്‍ വി. സുവിശേഷങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സംശയാലുവായ വി. തോമസ് എന്നറിയപ്പെട്ട അപ്പസ്‌തോലനായ വി. തോമാശ്ലീഹായുടെ സാക്ഷ്യമാണ്. ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിനെ തങ്ങള്‍ കണ്ടുവെന്ന് സഹശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍, ''അവന്റെ ആണിപ്പാടുകളില്‍ എന്റെ വിരലുകളിടുകയും അവന്റെ വിലാപ്പുറത്ത് എന്റെ കരം വയ്ക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കയില്ല'' എന്ന കടുത്ത നിലപാടിലായിരുന്നു വി. തോമസ്.
മാനവബോധത്തിനതീതമായ സത്യത്തെ യുക്തിഭദ്രതയില്‍ത്തന്നെ ഉള്‍ക്കൊള്ളുന്ന സംഭവമാണ് വി. തോമസിനുണ്ടായ ക്രിസ്തുദര്‍ശനം. ഇതിനെ ഉയിര്‍പ്പിന്റെ ചരിത്രസാധുതയെ ഏറെ മിഴിവോടെ വെളിവാക്കുന്ന ദൃഷ്ടാന്തമായി ക്രിസ്തീയദൈവശാസ്ത്രം സൂചിപ്പിക്കുന്നു. യേശുവിന്റെ ജനനത്തെപ്പറ്റിതന്നെ അറിയിച്ച ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം ചോദിച്ചത് തികച്ചും യുക്തിസഹമായ ചോദ്യമാണ്: ''ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും?'' മാലാഖ മറുപടി നല്‍കി: ''പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ നിഴലിടും; ആകയാല്‍, ഉദ്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും!'' (വി. ലൂക്കോസ് 1:35).
ദൈവത്തിന്റെ അരുള്‍പ്പാട് സമ്പൂര്‍ണമായി വിശ്വസിച്ച് മറിയം അതിനെ സ്വീകരിക്കുന്നു. വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധമാണെന്നുള്ളതാണ് യുക്തിവാദികളുടെ നിലപാട്. വിശ്വാസത്തില്‍ യുക്തിക്കു സ്ഥാനമില്ലെന്ന് ചില വിശ്വാസികളും ധരിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വാസവും യുക്തിയും സമ്മിശ്രമായി സമ്മേളിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഈ രണ്ടു സംഭവങ്ങളിലും ദര്‍ശിക്കുന്നത്. യുക്തിസഹമായതും ന്യായത്തിലധിഷ്ഠിതവുമായ മനുഷ്യന്റെ നിലപാടുകളും അതിനു ദൈവം നല്‍കുന്ന ആനുഭവികമായ വെളിപ്പെടുത്തലുകളും പരിശുദ്ധ മറിയത്തിന്റെയും വി. തോമസിന്റെയും സംഭവകഥകള്‍ നമുക്കു വ്യക്തമാക്കിത്തരുന്നു. ദൈവം മനുഷ്യനു നല്‍കിയിട്ടുള്ള യുക്തിബോധം ദൈവത്തെ വെല്ലുവിളിക്കാനുള്ളതല്ല; മറിച്ച്, ദൈവം നല്‍കുന്ന കൃപയിലൂടെ അവിടുത്തെ അനുഭവിച്ചറിയാനുള്ളതാണ്.
അപ്പോഴാണ് യഥാര്‍ത്ഥ ഭക്തി പ്രകടമാകുന്നത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ""Religion and faith is not to be argued or criticized; it is to be felt and experienced' (മതവും വിശ്വാസവും ചോദ്യം ചെയ്യപ്പെടാനോ വിമര്‍ശിക്കപ്പെടാനോ ഉള്ളതല്ല; അത് വൈകാരികമായും ആനുഭവികമായും ഉള്‍ക്കൊള്ളാനുള്ളതാണ്.) സംശയാലുവായ വി. തോമസ് ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ സാമീപ്യത്തില്‍ ഭക്തിപാരമ്യതയുടെ അനന്തകോടിയില്‍ സര്‍വതും മറന്ന് ഇങ്ങനെ മന്ത്രിക്കുന്നു. ''എന്റെ കര്‍ത്താവും എന്റെ ദൈവവുമേ.'' ദൈവം സ്വയം വെളിപ്പെടുത്തുന്നതിലൂടെ മാത്രമാണ് അവിടുത്തെ നാമറിയുക. ദൈവവെളിപ്പെടലിന്റെയും അതിനുവേണ്ടിയുള്ള മനുഷ്യ അഭിവാഞ്ഛയുടെയും സംയുക്തമായ രംഗവേദിയായിരുന്നു വി. തോമസിന്റെ ക്രിസ്തുദര്‍ശനം. ഈശ്വരദര്‍ശനം സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കുന്ന ഏതൊരു സാധകന്റെയും ലക്ഷ്യം ഇതുതന്നെയാണ്.
ഉയിര്‍പ്പിന്റെ പ്രധാനചിന്തകളിലൊന്ന് അതു മരണത്തിനു നല്‍കുന്ന പുതിയ നിര്‍വചനമാണ്. മരണത്തിനപ്പുറം നിലനില്‍ക്കുന്ന മറ്റൊരു ജീവിതാവസ്ഥയെ ഉയിര്‍പ്പ് അനാവരണം ചെയ്യുന്നു. മനുഷ്യന്‍ മരണത്തെ അഭിമുഖീകരിക്കേണ്ടത് നിരാശയോടും ഭയത്തോടും കടിയല്ല. തികഞ്ഞ പ്രത്യാശയോടും ആത്മവിശ്വാസത്തോടുമായിരിക്കണമെന്നുള്ളതാണ് ഉയിര്‍പ്പിന്റെ സന്ദേശം. ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തുവിലുള്ള വിശ്വാസം മരണത്തെ ധൈര്യത്തോടെ നേരിടാന്‍ വിശ്വാസിസമൂഹത്തെ സജ്ജമാക്കുന്നു.
ക്രിസ്തീയചിന്തയില്‍ മരണം തോല്പിക്കപ്പെടുവാനുള്ള ശത്രുവാണ്. വി. പൗലോസ് മരണത്തെ വെല്ലുവിളിക്കുന്നതു ശ്രദ്ധിക്കുക: ''ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?'' (1 കോറി. 15:55). യേശുവിന്റെ ഉയിര്‍പ്പ് മരണത്തെ മഹത്തരമാക്കുന്നു, പ്രത്യാശാനിര്‍ഭരമാക്കുന്നു.
മനുഷ്യവര്‍ഗത്തെ മരണത്തിന് അധീനമാക്കുന്ന എല്ലാ തിന്മകളില്‍നിന്നും അധര്‍മങ്ങളില്‍നിന്നുമുള്ള നിത്യവിമോചനമാണ് യേശുവിന്റെ ഉയിര്‍പ്പിന്റെ മഹത്തായ സന്ദേശം.