•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കണക്കു ബോധിപ്പിക്കേണ്ട കാര്യസ്ഥന്‍

ര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം

IX

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ''നിങ്ങള്‍ക്കു ഞാന്‍ ഇടയന്മാരെ നല്കും'' ( pastores dabo vobis) എന്ന അപ്പസ്‌തോലിക പ്രബോധനത്തിലെ മൂന്നാം അധ്യായം 27 മുതല്‍ 30 വരെയുള്ള ഖണ്ഡികകളാണ് ഈ അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നത്.
കര്‍ത്താവീശോമിശിഹായെ അനുഗമിക്കാനും അനുകരിക്കാനുമുള്ള ആഹ്വാനം ഓരോ ക്രൈസ്തവനും ഏറ്റെടുക്കണം. സുവിശേഷാധിഷ്ഠിതമായ സമൂലപരിവര്‍ത്തനത്തിന്റെ ഈ ആഹ്വാനം ഏറ്റെടുക്കാന്‍ പുരോഹിതന്മാര്‍ മറ്റാരെയുംകാള്‍ കടപ്പെട്ടിരിക്കുന്നു. അജപാലകനായ പുരോഹിതന്റെ ആധ്യാത്മികജീവിതം വിശ്വാസം, വിനയം, കാരുണ്യം, വിവേകം തുടങ്ങിയ പുണ്യങ്ങളാല്‍ പുഷ്പിതമായിരിക്കണം. മലയിലെ പ്രസംഗത്തില്‍ നമ്മുടെ കര്‍ത്താവ് മുന്നോട്ടുവയ്ക്കുന്ന അനുസരണം, ദാരിദ്ര്യം, ബ്രഹ്‌മചര്യം എന്നീ സുവിശേഷോപദേശങ്ങള്‍ ജീവിക്കാന്‍ വൈദികന്‍ തയ്യാറാകണം. അവ പരസ്പരപൂരകങ്ങളാണ്.
അനുസരണം
തന്നെ അയച്ചവന്റെ ഹിതം നിറവേറ്റുന്ന ഈശോമിശിഹായുടെ അതേ മനോഭാവമാണ് പുരോഹിതന് ഉണ്ടായിരിക്കേണ്ടത്. സഭയുടെ അധികാരശ്രേണിയില്‍ അനുസരണത്തോടെ ശുശ്രൂഷ ചെയ്യേണ്ടവനാണ് പുരോഹിതന്‍. തിരുപ്പട്ടത്തിന്റെ അവസരത്തില്‍ മെത്രാനോട് ഈ അനുസരണം വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതുകൊണ്ട് മെത്രാനെയും മെത്രാന്‍സംഘത്തെയും പരിശുദ്ധ മാര്‍പാപ്പായെയും മാറ്റിനിറുത്തിക്കൊണ്ടുള്ള ഒരു പൗരോഹിത്യശുശ്രൂഷ സാധ്യമല്ല. ഐക്യത്തോടെ നിത്യരക്ഷ ലക്ഷ്യംവച്ചു നീങ്ങുന്ന സഭാസമൂഹത്തില്‍ അനുസരണയോടെ ശുശ്രൂഷ ചെയ്യുന്നതില്‍ അപകര്‍ഷതതോന്നേണ്ട കാര്യമില്ല. യഥാര്‍ത്ഥമായ ക്രിസ്ത്യന്‍ അനുസരണം ഒരിക്കലും ദാസ്യമനോഭാവത്തോടെയുള്ള കീഴ്‌പ്പെടലല്ല. മിശിഹായിലുള്ള അനുസരണം പാലിക്കുന്ന വൈദികനുമാത്രമേ ദൈവജനത്തോട് സുവിശേഷചൈതന്യത്തില്‍ അനുസരണം ആവശ്യപ്പെടാന്‍ സാധിക്കൂ.  ദൈവത്തിന്റെ സഭയില്‍ ഭരണച്ചുമതല വഹിക്കുന്ന അധികാരികളുടെ തീരുമാനത്തിനു വിധേയരാകാന്‍ വൈദികര്‍ എപ്പോഴും സന്നദ്ധരായിരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ വൈദികരെ സംബന്ധിച്ചുള്ള ഡിക്രിയില്‍ പ്രസ്താവിക്കുന്നുണ്ട് (നമ്പര്‍ 15).
സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം സഭാസമൂഹത്തിന്റെ പൊതുനന്മയെ ലാക്കാക്കി അസൂയയോ കിടമത്സരമോ സ്ഥാനമോഹമോ കൂടാതെ വൈദികക്കൂട്ടായ്മയില്‍ ആദ്ധ്യാത്മികാച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ അനുസരണം എന്ന സുവിശേഷോപദേശം പുരോഹിതനെ പ്രാപ്തനാക്കുന്നു.
ബ്രഹ്‌മചര്യം
ദൈവരാജ്യത്തെപ്രതി ദൈവത്തിന് അവിഭജിതഹൃദയത്തോടെ പൂര്‍ണമായി സമര്‍പ്പിക്കുന്ന പൗരോഹിത്യബ്രഹ്‌മചര്യത്തെ മനസ്സിലാക്കാന്‍ ആധുനികലോകത്തിന് എളുപ്പമല്ല. എങ്കിലും, സഭ തുടര്‍ന്നും ഈ സിദ്ധിയുള്ളവര്‍ക്കുമാത്രം പൗരോഹിത്യം നല്കുക എന്ന പാരമ്പര്യം നിലനിര്‍ത്താന്‍ തീരുമാനിക്കുന്നു. സഭയുടെ ശിരസ്സും മണവാളനുമായ ഈശോമിശിഹായോടാണ് തിരുപ്പട്ടംവഴി പുരോഹിതന്‍ താദാത്മ്യപ്പെടുന്നത്. മിശിഹാ സഭയെ സ്‌നേഹിക്കുന്നതുപോലെ പുരോഹിതനും സഭയെ സ്‌നേഹിക്കണം. സമ്പൂര്‍ണ ബ്രഹ്‌മചര്യം ഇന്നത്തെ ലോകത്തില്‍ അസാധ്യമാണെന്നു പല മനുഷ്യരും കൂടുതല്‍ ചിന്തിക്കുന്നതിനനുസരിച്ച് അത്രയും കൂടുതല്‍ വിനയത്തോടും സ്ഥൈര്യത്തോടുംകൂടി വൈദികര്‍, അപേക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും നിഷേധിക്കപ്പെടാത്ത വിശ്വസ്തതയ്ക്കുള്ള വരം, സഭയോടു ചേര്‍ന്നു യാചിക്കണം. (രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ വൈദികരെ സംബന്ധിച്ച ഡിക്രി നമ്പര്‍ 16).
ദാരിദ്ര്യം
സുവിശേഷാത്മകദാരിദ്ര്യം, ദൈവത്തിനും ദൈവരാജ്യത്തിനുംവേണ്ടി ഭൗതികവസ്തുക്കള്‍ സ്വതന്ത്രമനസ്സോടെ ത്യജിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ഇവിടെ മിശിഹായെയാണ് പുരോഹിതന്‍ മാതൃകയാക്കുന്നത് (2 കൊറി. 8:9). സഭാശുശ്രൂഷ ഒരു ധനാഗമമാര്‍ഗമായി മാറരുത്. സഭാസമൂഹത്തിന്റെ സമ്പത്തിന്റെ വിനിയോഗത്തില്‍ സുതാര്യത പാലിക്കാന്‍ പുരോഹിതന് ഉത്തരവാദിത്വമുണ്ട്. സ്വന്തമെന്നപോലെ സഭാസമൂഹത്തിന്റെ സമ്പത്ത് വൈദികന്‍ ഉപയോഗിക്കരുത്. ദൈവത്തിനും, സഭാസമൂഹത്തിലെ സഹോദരങ്ങള്‍ക്കും, പ്രത്യേകമായി, പാവപ്പെട്ടവര്‍ക്കും കണക്കു ബോധിപ്പിക്കേണ്ട കാര്യസ്ഥനാണു പുരോഹിതന്‍.
സമ്പല്‍സമൃദ്ധിയുടെയും അതിരുകടന്ന ഉപഭോഗത്തിന്റെയും നടുവില്‍ യഥാര്‍ത്ഥമായ ദാരിദ്ര്യാരൂപിയില്‍ ജീവിക്കുന്ന വൈദികന്‍, ധനത്തിലും ഭൗതികവസ്തുക്കളിലും സുരക്ഷിതത്വം തേടുന്ന ലോകത്തിന് ഒരു വെല്ലുവിളിയാണ്.
അനുസരണത്തിനും ബ്രഹ്‌മചര്യത്തിനും ദാരിദ്ര്യത്തിനും ഈശോമിശിഹാതന്നെയാണ് പുരോഹിതനു മാതൃക.
1992 മാര്‍ച്ച് 25-ാം തീയതി വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഒപ്പുവച്ച സിനഡനന്തര അപ്പസ്‌തോലികപ്രബോധനത്തിലെ ഈ ചിന്തകളെ അധികരിച്ചു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ നല്കുന്ന വിചിന്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ഈ സുവിശേഷോപദേശങ്ങള്‍ ജീവിക്കുന്നതില്‍ വന്നിരിക്കുന്ന അപചയങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം ആദ്യമേ ഏറ്റുപറയുന്നു.
വൈദികജീവിതത്തിന്റെ ഭൗതികവത്കരണമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് കര്‍ദിനാള്‍ സറാ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നു: ''വൈദികന്‍ ദൈവത്തിനും സഭയ്ക്കും ശുശ്രൂഷ ചെയ്യാനായി വേര്‍തിരിക്കപ്പെട്ടവനാണ്. അവന്‍ അതിനായി കൂദാശ ചെയ്യപ്പെട്ടവനാണ്.'' പക്ഷേ, അവന്റെ ജീവിതത്തിന്റെ ദൈവികതയും പരിശുദ്ധിയും നിസാരവത്കരിക്കാനും അപ്രകാരം പുരോഹിതനെ ലൗകികകാഴ്ചപ്പാടോടെ കാണാനും തുടങ്ങിയതാണ് ഈ അപചയത്തിനു കാരണമെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.
ദൈവംമാത്രമാണ് തന്റെ ഏകാശ്രയമെന്നു വൈദികപരിശീലനകാലത്തുതന്നെ അര്‍ത്ഥി തിരിച്ചറിയണം. ദൈവത്താലും ദൈവത്തിനുവേണ്ടിയുമുള്ള ജീവിതത്തിനേ അര്‍ത്ഥമുള്ളൂ എന്ന് വൈദികപരിശീലനകാലത്തുതന്നെ അനുഭവിച്ചറിയണം എന്നും കര്‍ദിനാള്‍ സറാ അനുസ്മരിപ്പിക്കുന്നു.
സ്വന്തം കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രവുമല്ല വൈദികന്‍ പ്രഘോഷിക്കേണ്ടത്. മായം ചേര്‍ക്കാതെയും പാശ്ചാത്യമനോഭാവങ്ങള്‍ക്കനുസൃതം മയപ്പെടുത്താതെയുമാണ് ദൈവവചനം പ്രഘോഷിക്കേണ്ടത്. വൈദികന്‍ മിശിഹായോടാണ് താദാത്മ്യപ്പെടേണ്ടത്, ലോകത്തോടല്ല.
മാറ്റം വരാത്ത അടിസ്ഥാനപ്രമാണങ്ങള്‍ സഭയിലുണ്ടെന്ന കാര്യം അംഗീകരിക്കാന്‍ ആപേക്ഷികതയുടെ കടന്നുകയറ്റം വൈദികരെപ്പോലും വിമുഖരാക്കുന്നുവെന്നും കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു.
വൈദികന്‍ മറ്റൊരു മിശിഹാ യാണെങ്കില്‍ ദരിദ്രനായേ തീരൂ; അതേപ്പറ്റി തര്‍ക്കിച്ചിട്ടു കാര്യമില്ല. 'ഞങ്ങളുടെ ആഴത്തില്‍നിന്ന്' എന്ന ഗ്രന്ഥത്തില്‍ എമരിറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമന്‍ 'അവര്‍ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു' (ലൂക്കാ 5,11) എന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട് പഴയനിയമത്തില്‍ പുരോഹിതവംശമായ ലേവ്യര്‍ക്ക് ഭൂസ്വത്തവകാശം ഇല്ലായിരുന്നു എന്ന കാര്യവും ഓര്‍മിപ്പിക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ സറാ ഓര്‍മിപ്പിക്കുന്നു.
ബനഡിക്ട് പാപ്പായുടെ വാക്കുകളോടെയാണ് കര്‍ദിനാള്‍ സറാ തന്റെ പരിചിന്തനം സമാപിപ്പിക്കുന്നത്: ''ദൈവതിരുമുമ്പിലുള്ള പൗരോഹിത്യജീവിതം അസ്തിത്വത്തെ മുഴുവനും ഉള്‍ക്കൊള്ളുംവിധം സാര്‍ത്ഥകമാകുന്നത് വിശുദ്ധ കുര്‍ബാനയാകുന്ന ദിവ്യരഹസ്യത്തിലൂടെയാണ്. വിശുദ്ധ കുര്‍ബാനയെ ആഴത്തില്‍ ഗ്രഹിക്കുമ്പോള്‍ അതു നമ്മുടെ ഓഹരിയും അവകാശവുമായി ഭവിക്കുന്നു. 'അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു'(സങ്കീ. 16,6) എന്ന് വൈദികനു പറയാന്‍ സാധിക്കും. ('ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തില്‍നിന്ന് - പേജ് 38).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)